വൈബാണ് ചുരത്തിന് മുകളിൽ
text_fieldsകോടമഞ്ഞും മഴയും പെയ്തിറങ്ങുന്ന അതിമനോഹരമായ ഭൂപ്രദേശങ്ങൾ കാണാനും നാടിന്റെ തനിമയുള്ള വിഭവങ്ങൾ ആസ്വദിക്കാനും ചുരംകയറുന്ന വിനോദസഞ്ചാരികളുടെ വലിയൊരു ഹബ്ബായി വയനാട് മാറിയത് അടുത്ത കാലത്താണ്. 2131 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള, ഒമ്പതു ലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്ന വയനാട് രാജ്യത്തെ ടൂറിസത്തിന്റെ ഏറ്റവും മനോഹരമായ 10 ഇടങ്ങളിൽ ഒന്നായി, വരുമാനത്തിന്റെ 25 ശതമാനവും ടൂറിസം മേഖലയിൽ നിന്നാകാൻ തുടങ്ങിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല.
ഈ മേഖലയെ പ്രധാന വരുമാനമായും ഉപജീവനമായും കണ്ടെത്തുന്ന പതിനായിരങ്ങളാണ് ജില്ലയിൽ ഇന്നുള്ളത്. ഹരിത മനോഹരമായ മലകളും അരുവികളും വെള്ളച്ചാട്ടങ്ങളും ഡാമുകളും തീംപാർക്കുകളുമെല്ലാം അടങ്ങിയ നാടിന്റെ ദൃശ്യവിസ്മയങ്ങളെ കണ്ണീരണിയിച്ച ഒരു മാഹാദുരന്തം വേട്ടയാടിയിട്ട് ഒരു വർഷം പിന്നിട്ടിരിക്കുന്നു. വയനാടിന്റെ മൊത്തം വിസ്തൃതിയുടെ ആറു ശതമാനത്തിൽ (125.96 ചതുരശ്ര കിലോമീറ്റർ) മാത്രമാണ് ഉരുൾപൊട്ടലിന്റെ ആഘാതമുണ്ടായതെങ്കിലും വയനാട് പൂർണമായും തകർന്നുവെന്ന പ്രചാരണം അന്ന് ടൂറിസത്തെ കാര്യമായി ബാധിച്ചു.
ഒരു പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ മാത്രം ഉരുൾ നാശം വിതച്ചപ്പോൾ തെറ്റായ പ്രചാരണം വിദേശ, ആഭ്യന്തര സഞ്ചാരികളെയെല്ലാം വയനാട്ടിലേക്ക് വരുന്നതിൽ പിറകോട്ടടിപ്പിച്ചു. ദുരന്തമുണ്ടായതിന് ശേഷം മൂന്നാഴ്ചക്കുള്ളിൽ 20 കോടിയലധികം രൂപയുടെ നഷ്ടമാണ് ടൂറിസത്തിനും അനുബന്ധ മേഖലകള്ക്കും അന്നുണ്ടായത്. ടൂറിസത്തെ ആശ്രയിച്ച് കഴിയുന്ന ആയിരങ്ങൾ പട്ടിണിയിലേക്കും ദുരിതത്തിലേക്കും കൂപ്പുകുത്തി. നാലായിരത്തോളം റിസോര്ട്ടുകളും ഹോട്ടലുകളും ഹോം സ്റ്റേകളുമെല്ലാം അടച്ചിടേണ്ടിവന്നു. ആ ദുരന്ത ഓർമകളെ പതിയെ വകഞ്ഞുമാറ്റി മാനസികമായി തകർന്നുപോയൊരു ജനതയെ കൈപിടിച്ചുയർത്തുന്നതോടൊപ്പം വയനാടിന്റെ വിനോദസഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് നാടും നാട്ടുകാരും ഭരണകൂടവുമെല്ലാം.
പ്രവാസികളുടെ പ്രിയപ്പെട്ട ഇടം
ഒരു കാലത്ത് വയനാട്ടിലെ റിസോട്ടുകളിൽ നോർത്ത് ഇന്ത്യൻ - വിദേശ സഞ്ചാരികളായിരുന്നു കൂടുതൽ. കോവിഡാനന്തര കാലത്ത് പ്രവാസികളുടെ പ്രിയപ്പെട്ട ഇടം കൂടിയായി വയനാട് മാറി. ഗൾഫിലും യൂറോപ്പിലുമുൾപ്പടെയുള്ള രാജ്യങ്ങളിലെ മലയാളികൾ അവധിക്കാലം ആഘോഷിക്കാൻ ആദ്യം തെരഞ്ഞെടുക്കുന്ന ഇടം വയനാടായി മാറിയിട്ട് അധിക കാലം ആയിട്ടില്ല. മരുഭൂമിയിൽ നിന്നും കൂട്ടത്തോടെ കുടുംബവുമായി വയനാടിന്റെ ഹരിത ഭൂമിയിലേക്കെത്തുന്ന പ്രവാസികൾ ഇന്ന് വയനാടിനെ ഹൃദയത്തോട് ചേർക്കുന്നുണ്ട്.
അഴിയണം ചുരത്തിലെ ഊരാക്കുടുക്ക്
ചുരങ്ങളാൽ ചുറ്റപ്പെട്ട വയനാട്ടിലേക്ക് സഞ്ചാരികൾക്ക് എത്താനുള്ള വഴി വലിയ തിരിച്ചടിയാണ്. മൂന്ന് ചുരങ്ങളിലുമുള്ള ഗതാഗതക്കുരുക്കും കർണാടകയിൽ നിന്ന് വയനാട്ടിലേക്ക് എത്താനുള്ള ദേശീയ പാതയിലെ രാത്രിയാത്രാ നിരോധനവും സഞ്ചാരികളെ കുറച്ചൊന്നുമല്ല ദുരിതത്തിലാക്കുന്നത്. വയനാടിന്റെ കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതയിലേക്ക് സർക്കാറും ടൂറിസം വകുപ്പുമെല്ലാം സഞ്ചാരികളെ മാടിവിളിക്കുമ്പോഴും ട്രെയിനും വിമാനവുമില്ലാത്ത നാട്ടിലേക്ക് റോഡ് മാത്രമാണ് ആശ്രയമെന്ന സത്യം പലപ്പോഴും മറന്നുപോകുന്നു.
കഴിഞ്ഞ ദിവസം വയനാട്-താമരശ്ശേരി ചുരത്തിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് രണ്ടുദിവസമാണ് ദേശീയപാത അടച്ചിട്ടത്. ബദൽ റോഡുകളുടെ കുറിച്ചുള്ള ചർച്ചകൾക്ക് പതിറ്റാണ്ടുകളുടെ പഴക്കവും തഴക്കവുമുണ്ടെങ്കിലും എല്ലാം ചുവപ്പുനാടയിൽ വിശ്രമത്തിലാണ്. യാത്രാദുരിതം പരിഹരിക്കാൻ ഇനിയെങ്കിലും ബദൽ മാർഗങ്ങൾ യാഥാർഥ്യമാക്കിയില്ലെങ്കിൽ വയനാടൻ ജനതയോടും സഞ്ചാരികളോടും കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാവും അത്.
സഞ്ചാരികളേ ഇതിലെ...
ലക്കിടി മുതലങ്ങോട്ടുള്ള ദേശീയ പാതയോരം പോലും ആയിരക്കണക്കിന് മനുഷ്യരെ കൊണ്ടു സജീവമാണിന്ന്. ഉപ്പിലിട്ടത് വിൽക്കുന്ന ഉന്തുവണ്ടിക്കാരൻ മുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ വരെ സഞ്ചാരികളെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്ന് കണക്കുകൾ പറയുന്നു.
ദുരന്തം വിതച്ച ആഘാതത്തിൽനിന്ന് പൂർണമായും മുക്തമാകാനുള്ള ശ്രമത്തിലാണ് ഈ നാട്. സഞ്ചാരികളെ കാത്ത് അണിഞ്ഞൊരുങ്ങി തന്നെയാണ് ഈ ഹരിതഭൂമി ഇപ്പോഴുമുള്ളത്. കൺനിറയെ വയനാട് കണ്ടാസ്വദിച്ച് ചുരമിറങ്ങുന്ന ഓരോരുത്തരോടും ഈ നാട് പറയുന്നതും വീണ്ടും കാണാം എന്നു തന്നെയാണ്.
വയനാടിന്റെ ടൂറിസത്തിന് മുന്തിയ പരിഗണന - ഡി.ആർ. മേഘശ്രീ കലക്ടർ, വയനാട്
വയനാട് ടൂറിസത്തിന്റെ പ്രോത്സാഹനത്തിനും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും ഡി.ടി.പി.സിയും ജില്ലാ ഭരണകൂടവും വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചുവരുന്നുണ്ട്. സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിക്കും. ചുരം അറ്റകുറ്റപ്പണികൾക്കായി കോഴിക്കോട് ജില്ല ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴ മാറുന്നതോടെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്സവങ്ങൾ ഉൾപ്പടെ നടത്താനാണ് ആലോചന.
സംഷാദ് മരക്കാർ -ജില്ല പഞ്ചായത്ത് പ്രസിഡന്റ്, വയനാട്.
ടൂറിസം കേന്ദ്രങ്ങളും ടൂറിസവുമായി ഇടപഴകിയുള്ള ജീവിതങ്ങളും വളരെ വലിയ രീതിയിൽ സ്വാധീനം ചെലുത്തുന്ന ജില്ലയാണ് വയനാട്. സഞ്ചാരികൾക്ക് എത്താനും ആസ്വദിക്കാനുമൊക്കെ കഴിയുന്ന രീതിയിലാണ് നിലവിൽ വയനാട് കടന്നു പോകുന്നത്. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും നിലവിൽ പ്രവർത്തിക്കുന്നുവെന്നത് എടുത്തുപറയേണ്ടതാണ്. നിലവിൽ യാതൊരു തരത്തിലുള്ള പ്രയാസങ്ങളും ഇല്ലാത്തതിനാൽ സഞ്ചാരികൾക്ക് നാടിന്റെ പ്രകൃതിയും സൗന്ദര്യവും ആസ്വദിക്കാൻ യാതൊരു പ്രയാസങ്ങളുമുണ്ടാകില്ല.
എൻ.കെ. മുഹമ്മദ് - ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, വൈത്തിരി വില്ലേജ് റിസോർട്ട്, വയനാട്
ഗതാഗത സംവിധാനം ശക്തിപ്പെടുത്തിയാൽ തന്നെ വയനാട്ടിലെ ടൂറിസം രംഗം കുത്തനെ വളരും. ലോകസഞ്ചാരികൾക്ക് അടക്കം വയനാട് ഇഷ്ടഭൂമിയാണ്. രാത്രിയാത്ര നിരോധനം നീക്കൽ, ചുരം ബദൽ പാതകൾ, വയനാട്ടിലേക്കുള്ള റെയിൽപാത, തുരങ്ക പാത എന്നിവയെല്ലാം കാലതാമസമില്ലാതെ നടപ്പാക്കിയാൽ വിദേശ രാജ്യങ്ങളെ വെല്ലുന്ന ടൂറിസം വരുമാനം നേടാൻ ഈ കൊച്ചു ജില്ലക്ക് കഴിയും.
നിഷിൻ തസ്ലീം - ചെയർമാൻ, മൊറിക്കാപ്പ് റിസോർട്സ്
എല്ലാ പ്രതിസന്ധികളും ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ അവസരങ്ങൾ കൂടി ആയിത്തീരാറുണ്ട് എന്നതാണ് അനുഭവം. കൊറോണക്കാലത്തു വീടകങ്ങളിൽ ഒതുക്കപ്പെട്ടവർ പിൽക്കാലത്ത് മികച്ച യാത്രാനുഭവങ്ങൾ തേടി നമ്മുടെ വയനാട്ടിലേക്കും ഇവിടുത്തെ റിസോർട്ടുകളിലേക്കും ഒഴുകിയ ഒരു കാലം ഉണ്ടായിരുന്നു. ഭീതിയുളവാക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് എതിരെ നല്ല പ്രവർത്തനങ്ങൾ അനിവാര്യമാണ്.
ഡൊമിനിക് സാവിയോ - മാനേജർ, ഉപവൻ റിസോർട്ട്, ലക്കിടി
നികുതിയിനത്തിൽ കോടിക്കണക്കിന് രൂപയാണ് വയനാട്ടിലെ ടൂറിസത്തിലൂടെ സർക്കാർ ഖജനാവിലേക്കെത്തുന്നത്. സഞ്ചാരികൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ വേണ്ടത്ര ശുഷ്കാന്തി ഉണ്ടാവാറില്ല. താമരശ്ശേരി ചുരം റോഡിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ ഉണ്ടാവണം. ബദൽ റോഡ് യാഥാർഥ്യമാക്കണം. നിർമാണവസ്തുക്കൾ വയനാട്ടിൽതന്നെ ലഭ്യമാക്കണം.
ഡോ. താഹിർ കല്ലാട്ട് - ചെയർമാൻ, കല്ലാട്ട് റിസോർട്ട്
വയനാട് ഒരു പ്രധാന ടൂറിസം ഡെസ്റ്റിനേഷനായി ഉയർന്നുവരുന്ന സമയത്താണ് ഉരുൾദുരന്തം വലിയ വെല്ലുവിളി സൃഷ്ടിച്ചത്. എന്നാൽ പ്രദേശികമായിരുന്ന സംഭവത്തെ ചില മാധ്യമങ്ങൾ വയനാട് മുഴുവൻ തീർന്നുവെന്ന രീതിയിൽ അവതരിപ്പിച്ചതോടെ വലിയ ആഘാതമുണ്ടായി. ഇത്തരം സാഹചര്യത്തിലാണ് തുരങ്ക പാത പദ്ധതിക്ക് വലിയ പ്രസക്തി ലഭിക്കുന്നത്. രാത്രിയാത്രാ നിരോധനം കൂടി നീക്കിയാൽ വയനാട് ടൂറിസം ഹബ്ബായി മാറുമെന്ന് ഉറപ്പാണ്.
എം.ജെ. സുനിൽകുമാർ - സെക്രട്ടറി, വയനാട് ടൂറിസം ഓർഗനൈസേഷൻ
ഉരുൾപൊട്ടൽ വയനാടിനെ മൊത്തം ബാധിക്കുന്ന ഒരു പ്രശ്നമായി പർവതീകരിക്കപ്പെട്ടതോടെ സഞ്ചാരികളുടെ വയനാട്ടിലേക്കുള്ള വരവ് കുറയുകയും അത് ടൂറിസം മേഖലയെ ആശ്രയിച്ചിരുന്ന ആയിരങ്ങളെ ബാധിക്കുകയും ചെയ്തു. പ്രകൃതിദുരന്തങ്ങൾ ഇന്ത്യയിലെന്നല്ല ലോകത്തിന്റെ എല്ലാ ഇടങ്ങളിലും ഉണ്ടാകാറുള്ള പ്രതിഭാസം ആണെങ്കിലും കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ ഇത്തരം സംഭവങ്ങളെ പർവതീകരിച്ചു.
ഷാനവാസ് - ഡയറക്ടർ, വൈത്തിരി പാർക്ക്
പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാൻ കഴിയുന്ന ഇടമാണ് എന്റെ വയനാട്. വയനാടിന്റെ ഏറ്റവും വലിയ സമ്പത്തായ ടൂറിസം മേഖലയെ തളർത്തുന്ന വ്യാജ പ്രചാരണങ്ങൾ ഇല്ലാതായാൽ തന്നെ സഞ്ചാരികൾ ഒഴുകിയെത്തും. നിലവിൽ ചുരത്തിലോ മറ്റ് പ്രദേശങ്ങളിലോ പ്രശ്നങ്ങളില്ല. അതുകൊണ്ടുതന്നെ ഇപ്രാവശ്യത്തെ ഓണം ആഘോഷിക്കാൻ ഏവരെയും വയനാട്ടിലേക്ക് സ്വാഗതം ചെയ്യുന്നു.
അജിൻസ് ഏലിയാസ് - ഹെഡ്, സെയിൽസ് ആൻഡ് മാർക്കറ്റിങ്, മൗണ്ടൻ ഷാഡോസ് റിസോട്ട്, വയനാട്.
ഏറ്റവും വലിയ ടൂറിസം ഹബ്ബായ വയനാട്ടിലേക്കുള്ള പ്രവേശനം തന്നെയാണ് വലിയ വെല്ലുവിളി. ശരിയായ സംരംഭങ്ങളുമായി, ഇന്ത്യൻ ടൂറിസത്തിന്റെ ഒരു റോൾ മോഡലാകാൻ പ്രകൃതി അനുഗ്രഹിച്ച വയനാടിന് കഴിവുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്താൻ ബന്ധപ്പെട്ടവർ തയാറാകണം. വയനാടിന്റെ ജൈവവൈവിധ്യവുമായി ഇടപഴകാൻ സഞ്ചാരികൾക്ക് കൂടുതൽ അവസരങ്ങൾ തുറക്കുകയെന്നതും പ്രധാനമാണ്.
റഹാസ് - മാർക്കറ്റിങ് ഹെഡ്, വൈൽഡ് പ്ലാനറ്റ്
വയനാട് ടൂറിസത്തിന് ഏറ്റവും സാധ്യതയുള്ള മേഖലയാണ്. ടൂറിസത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടത്. വയനാട്ടിലെ ചെറിയ സംഭവങ്ങൾ പൊലും പർവതീകരിക്കപ്പെട്ടതോടെ സഞ്ചാരികൾ വരാൻ മടിക്കുന്നതാണ് ഇന്നത്തെ വലിയ പ്രതിസന്ധി. ഇവയെ തരണം ചെയ്യാൻ കൃത്യമായ ബോധവത്കരണം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്.
ജീവൻ അബ്രഹാം - ഫൗണ്ടർ ഡയറക്ടർ യുണീക് ഹോസ്പിറ്റാലിറ്റി (മഞ്ഞൂറ സാഡ്ലസ് റിസോർട്ട്)
ഇന്ത്യക്കകത്തും പുറത്തുമുള്ള സഞ്ചാരികളെ ആകർഷിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഇടമാണ് വയനാട്. അനാവശ്യ ഭീതി സൃഷ്ടിക്കാതെ വയനാടിന്റെ ടൂറിസം സാധ്യതകളെ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുകയാണ് വേണ്ടത്. ടൂറിസം രംഗത്തെ അനാവശ്യ നിയന്ത്രണങ്ങൾ ഈ മേഖലയെ ബാധിക്കും. ഊതിവീർപ്പിച്ച കുപ്രചാരണങ്ങൾക്ക് ഇടംകൊടുക്കാതെ സഞ്ചാരികളെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് വേണ്ടത്.
ഉസ്മാൻ മദാരി (ബീ ക്രാഫ്റ്റ് ഹണി മ്യൂസിയം -വൈത്തിരി)
കേരളത്തിന്റെ പൊതുകാലവസ്ഥയിൽ വയനാടിനെ മാത്രം പർവതീകരിച്ച് പ്രശ്നബാധിത മേഖലയെന്ന് പ്രചരിപ്പിക്കുകയാണിന്ന്. അതേസമയം, യഥാർഥ്യം അന്വേഷിച്ച് വയനാടിന്റെ ടൂറിസം ആസ്വദിക്കാൻ എത്തുന്നവരും ഏറെയാണ്. താമരശ്ശേരി ചുരമാണ് പലപ്പോഴും വയനാടിന്റെ പ്രതിസന്ധി. സമാന്തര ചുരങ്ങളായ കുറ്റ്യാടി, പേര്യ, വഴിക്കടവ് പാതകൾ കൂടുതൽ ഗതാഗതയോഗ്യമാക്കിയാൽ വളരെ പെെട്ടന്ന് പരിഹരമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.