‘ലോകത്തിലെ ഏറ്റവും ഉയരംകൂടിയ തേയിലത്തോട്ടം!’
text_fieldsകൊളുക്കുമല ടീ ഫാക്ടറി
കൊളുക്കുമല ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തേയിലത്തോട്ടം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 8000 അടി ഉയരത്തിൽ 500 ഏക്കറോളം സ്ഥലത്ത് കീടനാശിനികൾക്കും രാസവളങ്ങൾക്കും വഴിപ്പെടാതെ ഇവിടെ തേയില വളരുന്നു. 1935ൽ ബ്രിട്ടീഷുകാരുടെ കാലത്താണ് മീശപ്പുലിമലയോട് ചേർന്നുകിടക്കുന്ന കൊളുക്കുമലയിൽ ടീ ഫാക്ടറി സ്ഥാപിക്കുന്നത്.
ഇന്നും പരമ്പരാഗത രീതിയിൽ തന്നെയാണ് തേയിലക്കൊളുന്തുകൾ ഉണക്കിയെടുക്കുന്നതും പൊടിച്ച് തേയിലയാക്കുന്നതും. അതുകൊണ്ടുതന്നെ ഇവിടത്തെ തേയിലക്ക് ഗുണവും രുചിയും കൂടുതലാണ്. കൊളുക്കുമല തേയിലത്തോട്ടവും ടീ ഫാക്ടറിയും സ്ഥിതിചെയ്യുന്നത് തമിഴ്നാട്ടിലെ തേനി ജില്ലയിലാണെങ്കിലും അവിടെയെത്താൻ കേരളത്തിൽനിന്ന് മാത്രമേ വഴിയുള്ളൂ.
മൂന്നാറിലെ സൂര്യനെല്ലിയിൽനിന്ന് 13 കിലോമീറ്ററാണ് കൊളുക്കുമലയിലേക്ക്. സൂര്യനെല്ലി വരെ നമ്മുടെ വാഹനത്തിൽ പോകാൻ പറ്റുമെങ്കിലും അവിടെനിന്ന് കാഴ്ചകളുടെ വസന്തം തീർക്കുന്ന കൊളുക്കുമലയുടെ മുകളിലെത്തണമെങ്കിൽ ഫോർവീൽ ഡ്രൈവ് ജീപ്പ് തന്നെ ശരണം. നമ്മുടെ വാഹനത്തിൽ പോകുകയാണെങ്കിൽ ‘വന്ദനം’ സിനിമയിൽ മോഹൻലാലിന് പിന്നാലെ ജഗദീഷ് ഓടിച്ചുപോയ സൈക്കിളിന്റെ അവസ്ഥയായിരിക്കും.
സാധാരണ ഗതിയിൽ 2000 മുതൽ 2500 രൂപ വരെയാണ് ജീപ്പ് സവാരിക്ക് ഇൗടാക്കാറുള്ളത്. ഇൗ 13 കിലോമീറ്റർ പിന്നിടാൻ ഒന്നരമണിക്കൂറെടുക്കും എന്നതിൽ നിന്നുതന്നെ റോഡിന്റെ അവസ്ഥ പറയേണ്ടതില്ലല്ലോ... ആ വഴിയെ റോഡെന്ന് വിളിക്കുന്നത് തെറ്റായിപ്പോകും; പാറക്കല്ലുകൾ അടുക്കിയടുക്കിവെച്ച ഒരു മൺപാത.
സൂര്യനെല്ലിയിലെ ഡ്രൈവർമാർ കൊളുക്കുമലയുടെ നെറുകയിലേക്ക് ജീപ്പോടിച്ച് കയറ്റുന്നത് ഒരിക്കൽ കണ്ടാൽമതി, വലിയ ഡ്രൈവറാണെന്നൊക്കെയുള്ള നമ്മുടെ അഹങ്കാരമൊക്കെ ഒന്ന് തീർന്നുകിട്ടാൻ. കുത്തനെയുള്ള പാതയുടെ പല വളവുകളിലും ഒന്നും രണ്ടും തവണ റിവേഴ്സെടുത്തും ഒടിച്ചും വളച്ചുമൊക്കെ മലയടിവാരത്തിലൂടെയുള്ള അവരുടെ പോക്ക് കണ്ടാൽ നമ്മുടെ നാട്ടിലെ ഏത് കൊലകൊമ്പൻ ഡ്രൈവറും അറിയാതെ പറഞ്ഞുപോകും; ‘പടച്ചോനേ കാത്തോളീൻ’...
എന്നും സഞ്ചാരികളുടെ സ്വർഗീയ ഭൂമിയാണ് ഈ അനുഗ്രഹീത മലനിരകൾ. അത് സൂര്യോദയമാവട്ടേ, കാഴ്ചകളുടെ നീലവസന്തം തീർക്കുന്ന 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയാവട്ടേ, തൊട്ടടുത്ത് നിൽക്കുന്ന ആളെപ്പോലും ഒരു നിമിഷംകൊണ്ട് മറച്ചുകളയുന്ന കുളിരുകോരുന്ന കോടമഞ്ഞാവട്ടേ... മനസ്സിൽ എന്നും ഓർത്തുവെക്കാൻ കഴിയുന്ന എന്തെങ്കിലുമൊന്ന് സമ്മാനിക്കാതെ ഒരു സഞ്ചാരിയെയും ഈ മലനിരകൾ മടക്കി അയക്കാറില്ല.
സാധാരണ സൂര്യോദയം കാണാൻ ബീച്ചുകളെയാണല്ലോ നമ്മൾ ആശ്രയിക്കാറുള്ളത്. പക്ഷേ, ഒരിക്കലെങ്കിലും കൊളുക്കുമലയിൽ വന്ന്, പാലുപോലെ പരന്നുകിടക്കുന്ന മേഘങ്ങൾക്ക് മുകളിൽകൂടി പച്ചപുതച്ച് മഞ്ഞിലുറങ്ങിക്കിടക്കുന്ന മലനിരകളെ തട്ടിയുണർത്തി സൂര്യന്റെ പൊൻകിരണങ്ങൾ ഉദിച്ചുയരുന്നത് കാണുമ്പോൾ നിങ്ങളും അറിയാതെ പറഞ്ഞുപോകും; ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ സൂര്യോദയം ഇവിടെത്തന്നെയാണെന്ന്.
2018ലാണ് അവസാനമായി കൊളുക്കുമലയിൽ നീലക്കുറിഞ്ഞി പൂത്തത്. അന്ന് പ്രളയം തകർത്തെറിഞ്ഞ വഴികളിലൂടെ മലകയറി കൊളുക്കുമലയുടെ താഴ് വാരങ്ങളിൽ കണ്ട, മഞ്ഞിനൊപ്പം ആടിയുലയുന്ന നീലക്കുറിഞ്ഞിപ്പൂക്കളുടെ കാഴ്ചകൾ ഇന്നും സഞ്ചാരികളുടെ മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല. സാധാരണ മൂന്നാറിന്റെ ചുറ്റുവട്ടങ്ങളിലും കൊടൈക്കനാലിലുമാണ് നീലക്കുറിഞ്ഞി കൂടുതൽ പൂക്കാറുള്ളതെങ്കിലും ആ വർഷം കൂടുതൽ പൂത്തത് കൊളുക്കുമലയിലെ താഴ് വാരങ്ങളിലായിരുന്നു. ഇനി 2030 വരെ കാത്തിരിക്കണം; കാഴ്ചയുടെ നീലവസന്തത്തിനായി...
പറ്റുമെങ്കിൽ ഒരിക്കൽ നിങ്ങളും പോകണം കൊളുക്കുമലയിലേക്ക്. ജീവിതത്തിൽ മറക്കാനാവാത്ത ഒരനുഭവമായിരിക്കുമത്; തീർച്ച. കൊളക്കുമലയിൽ മഞ്ഞ് പെയ്യുന്നതും കണ്ട് തിരിച്ചിറങ്ങുംമുമ്പ് ടീ ഫാക്ടറിയി ഔട്ട്ലെറ്റിൽനിന്ന് ഓർഗാനിക് തേയില വാങ്ങാനും ആവിപറക്കുന്ന ചൂട് ചായ കുടിക്കാനും മറക്കരുത്; ലോകത്തിലെ ഏറ്റവും ഉയരംകൂടിയ തേയിലത്തോട്ടത്തിലെ ചായ...
NB: മലമുകളിലെ മഞ്ഞുപെയ്യുന്ന രാത്രിയിലെ കൊടുംതണുപ്പ് ആസ്വദിക്കാനും സൂര്യോദയം കാണാനാഗ്രഹിക്കുന്നവർക്കുമായി കൊളക്കുമലയിൽ ടീ ഫാക്ടറി അധികൃതർ, ടെന്റുകളും അടുത്തിടെയായി ഫാക്ടറിക്ക് തൊട്ടടുത്ത് മൂന്ന് ഗെസ്റ്റ് ഹൗസുകളും ഒരുക്കിയിട്ടുണ്ട്. തിരക്ക് കൂടുതലായതിനാൽ അധികൃതരെ ബന്ധപ്പെട്ടിട്ടുവേണം കൊളുക്കുമല യാത്ര പ്ലാൻ ചെയ്യാൻ (സ്റ്റേ ചെയ്യുന്നവർ മാത്രം).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.