ഖരീഫ് കാഴ്ചകൾ കാണാൻ ഓപൺ-ടോപ്പ് ബസ് ടൂർ സർവിസുമായി മുവാസലാത്ത്
text_fieldsഓപൺ-ടോപ്പ് ബസ് ടൂർ സർവിസ്
മസ്കത്ത്: ഖരീഫ് സീസണിൽ ദോഫാറിന്റെ മനോഹര കാഴ്ചകൾ സഞ്ചാരികൾക്ക് അനുഭവഭേദ്യമാകാൻ ഓപ്പൺ-ടോപ്പ് ബസ് ടൂർ സർവിസുമായി പൊതുഗതാഗത കമ്പനിയായ മുവാസലാത്ത്. ബ്രേക്ക് ദ ബാരിയർ കാമ്പയിനിന്റെ ഭാഗമായാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ദോഫാർ ഖരീഫ് സീസണിലെ കമ്മ്യൂണിറ്റി അനുഭവം മെച്ചപ്പെടുത്താൻ ഒമാൻടെലുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. ദോഫാർ ഗവർണറേറ്റിലേക്കുള്ള സന്ദർശകർക്ക് കമ്പനി വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ച സേവനങ്ങളെയും അതുല്യമായ ടൂറിസം അനുഭവങ്ങളെയും കുറിച്ച് ബസ് സന്ദർശിച്ച ദോഫാർ ഗവർണറോട് അധികൃതർ വിശദീകരിച്ചു.ടൂറിസം മേഖലയെ പിന്തുണക്കുന്നതിനും ആധുനിക ഗതാഗത മാർഗ്ഗങ്ങൾ വികസിപ്പിക്കുന്നതിനും സഹായിക്കുന്ന ഇത്തരം സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഗവർണർ എടുത്തു പറഞ്ഞു.
അതേസമയം, ഖരീഫ് സീസണിൽ ദോഫാറിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. ജൂൺ 21 മുതൽ ജൂലൈ 31വരെ ഏകദേശം 4,42,100 ആളുകളാണ് എത്തിയത്. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏഴ് ശതമാനം വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. അന്ന് 4,13,122 ആയിരുന്നു സന്ദർശകർ. ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. സന്ദർശകരിൽ 75.6ശതമാനവും ഒമാനികളാണ്.പ്രാഥമിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 3,34,399 സ്വദേശി പൗരൻമാരാണ് ഇക്കാലയളവിൽ എത്തിയത്. ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം 69,801 ഉം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവറ 37,900 ഉം ആയിരുന്നു.ജൂലൈ അവസാനത്തോടെ ദോഫാർ ഗവർണറേറ്റിൽ കരമാർഗ്ഗം ആകെ 334,846 സന്ദർശകർ എത്തി. അതേസമയം വിമാനമാർഗ്ഗം 107,254 സന്ദർശകരും വന്നു. 2024 ജൂലൈ അവസാനം വിമാനമാർഗ്ഗം എത്തിയവരെ അപേക്ഷിച്ച് 10.9 ശതമാനത്തന്റെ വർധനവാണുണ്ടായിരിക്കുന്നത്.
ഈ വർഷത്തെ ഖരീഫ് സീസണിൽ കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി പുതിയ പരിപാടികളും നവീകരിച്ച സൗകര്യങ്ങളും ആണ് ഒരുക്കിയിരിക്കുന്നത്. ഇത്തീൻ സ്‌ക്വയർ, അൽ സാദ ഏരിയ, ഔഖാദ് പാർക്ക്, ഇത്തീൻ പ്ലെയിൻ, സലാല പബ്ലിക് പാർക്ക് എന്നിങ്ങനെ അഞ്ച് പ്രധന സ്ഥലങ്ങളിലായാണ് പരിപാടികളും പ്രവർത്തനങ്ങളും പുരോഗമിക്കുന്നത്. പ്രദേശത്തിന്റെ പ്രകൃതിദത്തവും സാംസ്കാരികവുമായ വൈവിധ്യം പ്രതിഫലിപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത വ്യത്യസ്ത പരിപാടികൾ ആണ് ഓരോ വേദിയിലും നടക്കുന്നത്. ഉയർന്ന നിലവാരവും വൈവിധ്യമാർന്ന ഉള്ളടക്കവും ഉറപ്പാക്കാൻ പിന്തുണക്കുന്ന സ്ഥാപനങ്ങളുമായി സഹകരിച്ചാണ് വേദികൾ തയ്യാറാക്കിയിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ഫ്രാങ്കിൻസെൻസ് മാർക്കറ്റ്, സലാല ഫാമിലെ ‘അൽ ഗർഫ്’ പരിപാടി, റൈസ്യൂത്ത് ബീച്ചിലെ പരിപാടികൾ, ആധുനിക ദൃശ്യ പ്രദർശനങ്ങൾ ഉപയോഗിച്ചുള്ള അൽ നഹ്ദ ടവറിലെ കലാപരമായ ചുവർചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു.
താഖ, മിർബത്ത്, സാദ എന്നീ വിലായത്തുകളിലും സലാലയിലെ അൽ ഹഫ ബീച്ച് മാർക്കറ്റിലും സംഹാര വില്ലേജിലും മറ്റ് പരിപാടികളും അങ്ങേറുന്നുണ്ട്. ചന്നം പിന്നം പെയ്യുന്ന മഴയിൽ പ്രകൃതിക്കും മനസിനും കുളിര് പകരുന്ന ഖരീഫ് സീസൺ ജൂൺ 21മുതൽ സെപ്റ്റംബർ 21 വരെയാണ്. സുൽത്താനേറ്റിന്‍റെ മറ്റു ഭാഗങ്ങളും ഇതര ഗൾഫ് നാടുകളും വേനൽ ചൂടിൽ വെന്തുരുകുമ്പോഴാണ് പ്രകൃതിയുടെ വരദാനമെന്നവണ്ണം സലാലയിൽ കുളിരണിയിച്ച് മഴയെത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.