സൗദി ദേശീയ നഗര പൈതൃക രജിസ്റ്ററിൽ 2,748 പൈതൃക സ്ഥലങ്ങൾ കൂടി ചേർത്തു
text_fieldsയാംബു: സൗദിയിൽ 2,748 പുരാവസ്തു ചരിത്ര കേന്ദ്രങ്ങളെ കൂടി ദേശീയ പൈതൃക രജിസ്റ്ററിൽ ഉൾപ്പെടുത്തിയതായി സൗദി ഹെറിറ്റേജ് കമീഷൻ പ്രഖ്യാപിച്ചു. ദേശീയ പുരാവസ്തു രജിസ്റ്ററിൽ ഇതുവരെയായി രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നിന്നും രേഖപ്പെടുത്തിയ മൊത്തം സൈറ്റുകളുടെ എണ്ണം ഇതോടെ 36,919 ആയി ഉയർന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള ചരിത്ര ഇടങ്ങൾ വാസ്തുവിദ്യ പൈതൃകത്തിന്റെ സമ്പന്നതയും വൈവിധ്യവും പ്രതിഫലിപ്പിക്കുന്നു. പുതുതായി ഉൾപ്പെടുത്തിയ സ്മാരകങ്ങളിൽ അസീർ മേഖലയിൽ നിന്നാണ് ഏറ്റവും കൂടുതൽ. 1,729 കേന്ദ്രങ്ങൾ ആണ് ഇവിടെ നിന്നുള്ളത്. മക്കയിൽ 635, അൽബഹയിൽ 340, വടക്കൻ അതിർത്തികളിൽ 35, കിഴക്കൻ പ്രവിശ്യയിൽ എട്ട്, ഹാഇലിൽ ഒന്ന് എന്നിവ ഉൾപ്പെടുന്നതായി സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് (എസ്.സി.ടി.എച്ച്) അതോറിറ്റി അറിയിച്ചു.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും പുതുതായി കണ്ടെത്തുന്ന പൈതൃക സ്ഥലങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ തുടരുകയാണെന്നും ചരിത്ര സ്മരണകൾ സന്ദർശകർക്ക് പകർന്നു നൽകാൻ ഇവ ഏറെ ഉപകരിക്കുമെന്നും കമീഷൻ പറഞ്ഞു. പൈതൃക ചട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ളതും കമീഷന്റെ സി.ഇ.ഒ സൈറ്റുകൾ സന്ദർശിച്ച് ദേശീയ നഗര പൈതൃക രജിസ്റ്ററിൽ ഉൾപ്പെടുത്താൻ കഴിയുന്നതാണോ എന്ന് വിലയിരുത്തി അധികാരപ്പെടുത്തുന്ന ബോർഡ് എടുക്കുന്ന തീരുമാനപ്രകാരമാണ് നടപടികൾ പൂർത്തിയാക്കുനന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പൈതൃക സ്ഥലങ്ങളെ കൈയേറ്റങ്ങളിൽ നിന്നും അവഗണനയിൽ നിന്നും സംരക്ഷിക്കുകയും ഭാവിതലമുറകൾക്കായി അവയുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. സാംസ്കാരിക സ്ഥലങ്ങളെ തിരിച്ചറിയുന്നതിനും രേഖപ്പെടുത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് പുതിയ സ്ഥലങ്ങൾ രജിസ്റ്റർ ചെയ്യുന്നത്. പൈതൃക സംരക്ഷണത്തിനായി കണ്ടെത്തുന്ന സൈറ്റുകൾ ഡിജിറ്റൽ മാപ്പുകളിൽ ചേർക്കുന്നു. ഡോക്യുമെന്റേഷൻ, ഫോട്ടോഗ്രാഫിക് ആർക്കൈവുകൾ എന്നിവയുൾപ്പെടെ ഒരു സമഗ്ര ഡേറ്റാബേസ് നിർമിക്കാനും അധികൃതർ നടപടികൾ പൂർത്തിയാക്കും.
രാജ്യത്തെ പൈതൃക കേന്ദ്രങ്ങളും പുരാവസ്തു പ്രദേശങ്ങളും ചരിത്രശേഷിപ്പുകളും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് എസ്.സി.ടി.എച്ച് ദേശീയ രജിസ്റ്റർ ആരംഭിച്ചത്. ചരിത്ര പഠനത്തിനും പുരാവസ്തു ഗവേഷണത്തിനും ശാസ്ത്രീയ സൗകര്യങ്ങളും സംവിധാനങ്ങളുമൊരുക്കി സമഗ്ര വികസന പദ്ധതിയാണ് ഹെറിറ്റേജ് അതോറിറ്റി നടപ്പാക്കുന്നത്. സൗദിയിലെ പുരാവസ്തു, ചരിത്ര സ്ഥലങ്ങളും കേന്ദ്രങ്ങളും കണ്ടെത്താനും അവ രേഖപ്പെടുത്താനും രജിസ്റ്റർ ചെയ്യാനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന പദ്ധതികളാണിപ്പോൾ പൂർത്തിയാക്കി വരുന്നത്. സൗദിയുടെ സാംസ്കാരിക പൈതൃകത്തെ സേവിക്കുന്ന ഒരു ആധുനിക ഡിജിറ്റൽ റെക്കോഡിൽ ഇവ ഉൾപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ പുരാവസ്തു ശേഷിപ്പുകളും, ചരിത്ര സ്ഥലങ്ങളും കേന്ദ്രങ്ങളും കണ്ടെത്താനും അവ സംരക്ഷിക്കുവാനും റിപ്പോർട്ട് ചെയ്യാനും രാജ്യത്തെ പൗരന്മാരോട് ഹെറിറ്റേജ് അതോറിറ്റി സഹകരണം അഭ്യർഥിച്ചു ശ്രദ്ധയിൽ പെട്ടതും പര്യവേക്ഷണം ചെയ്തതുമായ പ്രധാന പുരാവസ്തു സ്ഥലങ്ങൾ https://contactcenter.moc.gov.sa എന്ന 'ബലാഗ് ' പ്ലാറ്റ് ഫോമിലൂടെ റിപ്പോർട്ട് ചെയ്യാൻ അതോറിറ്റി ആഹ്വാനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.