സഞ്ചാരികൾക്ക് കുളിരായി ശ്രീനാരായണപുരം വെള്ളച്ചാട്ടം
text_fieldsഇടുക്കി: വിനോദസഞ്ചാരികളെ മാടിവിളിച്ച് ശ്രീനാരായണപുരം വെള്ളച്ചാട്ടം. രാജാക്കാട് പഞ്ചായത്തിലെ ശ്രീനാരായണപുരം റിപ്പിള് വെള്ളച്ചാട്ടമാണ് വിനോദസഞ്ചാരികൾക്ക് കുളിർമയേകുന്നത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ കുഞ്ചിത്തണ്ണി വഴി രാജാക്കാട്ടേക്കുള്ള വഴിയിലാണ് ശ്രീനാരായണപുരം വെള്ളച്ചാട്ടം. തകര്‍ത്തു പെയ്യുന്ന മഴയോടൊപ്പമുള്ള വെള്ളച്ചാട്ടത്തിന്റെ മനോഹരദൃശ്യം ആസ്വദിക്കാൻ 500ലധികം പേരാണ് ദിവസേന എത്തുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിലായി 30,000 ത്തിലധികം സഞ്ചാരികളാണ് വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയത്. ടിക്കറ്റ് ഇനത്തില്‍ ഈ സീസണില്‍ ഇതിനകം ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന് (ഡി.ടി.പി.സി) എട്ട് ലക്ഷം രൂപ ലഭിച്ചു.
സൗകര്യമൊരുക്കി ഡി.ടി.പി.സി
വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്കായി ഡി.ടി.പി.സി പവിലിയൻ നിർമിച്ചിട്ടുണ്ട്. ഇതോടൊപ്പം ശുചിമുറി സൗകര്യവും വിശ്രമകേന്ദ്രവും സംരക്ഷണ വലയങ്ങളും ഒരുക്കിയിട്ടുണ്ട്. റിപ്പിള് വെള്ളച്ചാട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 1,49,59,910 രൂപയാണ് ഇതുവരെ ഡി.ടി.പി.സി വിനിയോഗിച്ചിരിക്കുന്നത്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളെ ആകര്‍ഷിക്കാൻ നടപ്പാക്കിയ ഇന്സ്റ്റലേഷന് ഓഫ് ഫോട്ടോഫ്രെയിംസ് അറ്റ് 7 ലൊക്കേഷന്‍സ് പദ്ധതിയുടെ ഭാഗമായി ഇവിടെയും ഫ്രെയിംസ് സ്ഥാപിച്ചിട്ടുണ്ട്.
സഞ്ചാരികള്‍ക്ക് സുഗമമായി വെള്ളച്ചാട്ടം ആസ്വദിക്കുന്നതിന് സൗകര്യമൊരുക്കാന്‍ 11 ജീവനക്കാരുമുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറുവരെയാണ് പ്രവര്‍ത്തന സമയം. അഞ്ച് മുതല്‍ 12വരെ പ്രായമുള്ള കുട്ടികള്‍ക്ക് 15 രൂപയും മുതിര്‍ന്നവര്‍ക്ക് 25 രൂപയുമാണ് പ്രവേശന ഫീസ്. പന്നിയാര്‍കുട്ടിയില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരാം. അടിമാലി-കല്ലാര്‍കുട്ടി വഴിയും എത്താം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.