Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightപശ്ചിമഘട്ട നിരകളില്‍...

പശ്ചിമഘട്ട നിരകളില്‍ ഒളിഞ്ഞിരിക്കുന്ന ടിപ്പുവിന്റെ കാവല്‍ കോട്ട കാണാം

text_fields
bookmark_border
പശ്ചിമഘട്ട നിരകളില്‍ ഒളിഞ്ഞിരിക്കുന്ന ടിപ്പുവിന്റെ കാവല്‍ കോട്ട കാണാം
cancel

ബംഗളൂരു നഗരത്തിന്റെ മടുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ വരാന്ത്യങ്ങളിലെ യാത്രകളെയാണ് ആശ്രയിക്കുന്നത്. യാത്രികരെ സംബന്ധിച്ചിടത്തോളം ഒട്ടേറേ അറിയപ്പെടാത്തതും എന്നാല്‍ വളരെ ആവേശം ജനിപ്പിക്കുന്നതുമായ ഇടങ്ങള്‍ കര്‍ണാടകയില്‍ കാണാന്‍ സാധിക്കും. പശ്ചിമഘട്ട നിരകളുടെ സമൃദ്ധിയിലുള്ള കര്‍ണാടക പ്രദേശങ്ങള്‍ അതിഗംഭീരമായ അനുഭവങ്ങളാകും നമ്മുക്ക് സമ്മാനിക്കുക. ഒരിക്കല്‍ ഒരു വാരാന്ത്യത്തില്‍ സൃഹൃത്തിനൊപ്പം യാത്രപോയത് കര്‍ണാടകയിലെ അത്തരമൊരു മലമ്പ്രദേശത്തേക്കായിരുന്നു.

പശ്ചിമഘട്ട നിരകളില്‍ ഒളിഞ്ഞിരിക്കുന്ന ഫ്രഞ്ച് വാസ്തുശൈലിയിലുള്ള ഒരു കാവല്‍ കോട്ട തേടിയായിരുന്നു ആ യാത്ര. ഈ കോട്ടയുടെ ചരിത്രമാണ് ഇവിടേക്ക് ആകര്‍ഷിക്കാനിടയാക്കിയത്. ശൈത്യകാലത്തിന്റെ തുടക്കമായിരുന്നെങ്കില്‍ പോലും ബംഗളൂരു നഗരത്തില്‍ തണുപ്പിന് ഒരു മയവും ഇല്ലായിരുന്നു.

ജസ്റ്റിക്കില്‍ നിന്ന് കര്‍ണാടക ആര്‍.ടി.സി.യുടെ ഒരു ചുവന്ന ബസിലായിരുന്നു യാത്ര. ടിക്കറ്റ് ഒന്നും മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നില്ല. അതിനാല്‍ മജസ്റ്റിക്ക് സ്റ്റാന്‍ഡില്‍ നിന്ന് കിട്ടിയ ബസിന് അങ്ങ് കയറി. അത്യാവശ്യം പൊക്കവും തടിയുമുള്ള ഞങ്ങള്‍ക്ക് ആ ബസിലെ ഇരിപ്പ് ഒരു എട്ടിന്റെ പണിയായിരുന്നു. എങ്ങനെയൊക്കെയോ വളഞ്ഞുകൂടിയാണ് സീറ്റിലിരുന്നത്.

ബംഗളൂരു-മംഗളൂരു ഹൈവേയിലൂടെയാണ് യാത്ര എങ്കില്‍ എകദേശം 220 കി.മീ ദൂരമുണ്ട് കോട്ടയിലേക്ക്. ഇപ്പോഴും സ്ഥലം പറഞ്ഞില്ലല്ലോ അല്ലേ? സകലേഷ്പുരയിലേക്കാണ് യാത്ര, ലക്ഷ്യം മഞ്ചരാബാദ് കോട്ടയാണ്. 1792ല്‍ ടിപ്പു സുല്‍ത്താന്റെ നിർദേശപ്രകാരം പണിത ഈ കോട്ട ഗംഭീരമായ ഒരു നിര്‍മ്മിതിയാണ്. അതിപുലര്‍ച്ചെ മജസ്റ്റിക്കില്‍ നിന്ന് എടുത്ത ബസ് നെല്ലമംഗല നഗരം, ഹാച്ചിപുര, സൊള്ളൂര്‍, നരസാന്ദ്രാ, ഹനുമംപുര, മഗധിപാളയ, ഹസന്‍ ഒക്കെ വഴി ഉച്ചക്കു മുമ്പ് തന്നെ സകലേഷ്പുര ബസ് സ്റ്റാന്‍ഡില്‍ എത്തി. പശ്ചിമഘട്ടത്തിന്റെ പച്ചപ്പിലും തേയിലത്തോട്ടങ്ങളുടെ പ്രകൃതിഭംഗിയിലും മയങ്ങിയിരുന്നതിനാല്‍ ബസ് യാത്രയുടെ ക്ഷീണം അറിഞ്ഞില്ല.

ബസ് സ്റ്റാന്‍ഡിന് അടുത്തുള്ള റെസ്‌റ്റോറന്റ് ചെയിനായ സുരഭിയില്‍ നിന്ന് ഭക്ഷണവും കഴിച്ച് ഒരു ഓട്ടോയില്‍ കോട്ടക്കു മുന്നിലെത്തി. ബസ് സ്റ്റാന്‍ഡില്‍ നിന്ന് കോട്ടയിലേക്ക് നാലഞ്ച് കി.മീ ദൂരമുണ്ട്. ബെംഗളൂരു-മംഗളൂരു ഹൈവേയുടെ അരികില്‍ തന്നെയാണ് കോട്ട സ്ഥിതി ചെയ്യുന്നത്. ഒരു തകര്‍പ്പന്‍ മഴ കഴിഞ്ഞ് നില്‍ക്കുന്നതിനാലും കോടമഞ്ഞില്‍ പുതഞ്ഞിരിക്കുന്നതിനാലും സകലേഷ്പുരയുടെ പ്രകൃതിയ്ക്ക് ഒരു വല്ലാത്ത വശ്യഭംഗിയുണ്ടായിരുന്നു. നമ്മുടെ മൂന്നാറിന്റെ ചെറിയൊരു പതിപ്പാണ് സകലേഷ്പുര എന്ന് പറയാം. കാലാവസ്ഥയും പ്രകൃതിഭംഗിയും സമാനമാണ്.

കര്‍ണ്ണാടകയിലെ ഹാസന്‍ ജില്ലയിലുള്‍പ്പെടുന്ന പ്രദേശമാണ് സകലേഷ്പുര. പ്രദേശത്തിന്റെ പടിഞ്ഞാറന്‍ ഭാഗം ഏതാണ്ട് പൂര്‍ണമായും രാജ്യത്തെ 18 ജൈവവൈവിധ്യകേന്ദ്രങ്ങളിലൊന്നായ ബിസ്ലെ റിസര്‍വ് ഫോറസ്റ്റാല്‍ ചുറ്റപ്പെട്ടുകിടക്കുവാണ്. കേരളത്തിലെ മലമ്പ്രദേശങ്ങളതിലെപ്പോലെയുള്ള കാഴ്ചകള്‍ ഇവിടെയും കാണാന്‍ സാധിക്കും. തേയില, കാപ്പി, ഏലക്ക, കുരുമുളക്, അടക്ക എന്നിവയാല്‍ സമൃദ്ധമാണിവിടം. നേത്രാവതി നദിയുടെ പോഷക നദികളായ കെമ്പുഹോളെ നദിയുടെയും കുമാരധാര നദിയുടെയും ഉത്ഭവ സ്ഥാനം സകലേഷ്പുരയാണ്. ഇവിടെ ഒട്ടേറേ മലയാളികള്‍ താമസിക്കുന്നുണ്ട്. അവരില്‍ പലരും കേരളത്തില്‍ നിന്നു വന്നവരുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറകളാണ്.

മഞ്ചരാബാദ് കോട്ടയിലേക്ക് കടക്കണമെങ്കില്‍ ചെറിയൊരു ഫീസ് നല്‍കി ടിക്കറ്റ് എടുക്കണം. ഹൈവേയുടെ അരികിലുള്ള പടിക്കെട്ടിലൂടെ കോട്ടയിലേക്ക് കടക്കാനുള്ള പ്രധാന മാര്‍ഗ്ഗത്തിലേക്ക് എത്താവുന്നതാണ്. അവിടെ എത്തിയാല്‍ പ്രധാന കവാടം കാണാന്‍ സാധിക്കും. ആ കവാടത്തില്‍ നിന്ന് മുകളിലേക്ക് പടിക്കെട്ടുകളും ചരിച്ചുപണിത പാതകളുമുണ്ട്. കഷ്ടി അരകിലോമീറ്ററോളം മാത്രമേയുള്ളു. ചെറിയ മഴചാറ്റലും കോടമഞ്ഞും മുകളിലേക്കുള്ള നടത്തതിന് കൂട്ടുവന്നിരുന്നു. ഇടയ്ക്ക് ഒന്നുരണ്ടു തവണ കോടമഞ്ഞ് കാരണം തൊട്ട് മുമ്പിലുള്ളവരെപ്പോലും കാണാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായി.

കോട്ടയിലേക്കുള്ള നടത്തത്തില്‍ ഇതിന്റെ ശൈലിയും വലിപ്പവും ഒന്നും പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിക്കില്ല. ആകാശ കാഴ്ചകളാണ് അത് മനസ്സിലാക്കാന്‍ ഏറ്റവും നല്ലത്. കോട്ടയുടെ ഉദ്ദേശ്യവും അതുതന്നെയായിരുന്നു. അത്രപെട്ടെന്ന് മനസ്സിലാക്കാതിരിക്കാന്‍ തന്നെയാണ് ഈ കോട്ട ഇവിടെ പണിതത്. ശരിക്കും ഇത് ഒരു കാവല്‍ക്കോട്ടയാണ്. പ്രദേശത്തിന്റെ സ്വഭാവത്തെ പരമാവധി ചൂഷണം ചെയ്തുള്ള നിര്‍മ്മിതിയാണ് ഇതിനെ അന്ന് തന്ത്രപ്രധാനമാക്കി മാറ്റിയത്. സകലേഷ്പുരയിലൂടെ കടന്നുപോകുന്ന ഹേമാവതി നദിയുടെ കരയിലുള്ള ഈ കോട്ടയെ പശ്ചിമഘട്ടമലനിരകള്‍ സമര്‍ത്ഥമായി ഒളിപ്പിച്ചുവയ്ക്കുന്നു. പലപ്പോഴും കോടമഞ്ഞില്‍ മൂടി കിടക്കുന്ന ഈ കോട്ടയ്ക്ക് എപ്പോഴും ഒരു രഹസ്യ സ്വഭാവമുണ്ടായിരുന്നു.

ഫ്രഞ്ച് വാസ്തുശൈലിയില്‍ എട്ട് വാലുകളുള്ള നക്ഷത്ര രൂപത്തിലാണ് കോട്ട പണിതീര്‍ത്തിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ നിരന്തരമായി പോരാടികൊണ്ടിരുന്ന ടിപ്പു സുല്‍ത്താന് സഹായങ്ങള്‍ നല്‍കിയിരുന്ന വിദേശശക്തികളില്‍ ഒന്ന് ഫ്രഞ്ചുകാരായിരുന്നു. ഈ ബന്ധം അദ്ദേഹം പലതരത്തില്‍ വിനിയോഗിച്ചിരുന്നു. അതിന്റെ ഫലമാണ് ഫ്രഞ്ച് വാസ്തുശൈലിയിലുള്ള ഈ കോട്ട. ഫ്രഞ്ച് റോയല്‍ ആര്‍മി ഓഫീസറും എൻജിനീയറുമായ സെബാസ്റ്റ്യന്‍ ലെ പ്രെസ്‌ട്രെ ഡി വൗബന്‍ തയ്യാറാക്കിയ വാസ്തുശൈലിയിലാണ് ഈ കോട്ടയും പണിതീര്‍ത്തിരിക്കുന്നത്. സൈനിക ബാരക്കുകള്‍, ആയുധപ്പുര, കോട്ട സംരക്ഷിക്കാനുള്ള പീരങ്കികള്‍ ഒക്കെ ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

മംഗലാപുരത്തിനും (ഇന്നത്തെ മംഗളൂരു) കൂര്‍ഗിനും ഇടയിലുള്ള ഈ പ്രദേശത്തിലൂടെ കടന്നുപോകുന്ന പാത, പതിനെട്ടാം നൂറ്റാണ്ടില്‍ വ്യാപാര-സാമ്പത്തിക പ്രധാന്യമുള്ളതായിരുന്നു. ഈ പ്രദേശം സുരക്ഷിതമാക്കാനും വേണ്ടിവന്നാല്‍ യുദ്ധതന്ത്രപ്രധാന്യത്തോടെ നീക്കങ്ങള്‍ നടത്താനുമാണ് മൈസൂര്‍ സുല്‍ത്താനേറ്റ് ഈ കോട്ട പണിതീര്‍ത്തത്.

കോട്ടയുടെ പ്രദേശത്തിന്റെയും ഭംഗി കാരണമാണ് ‘മഞ്ചരാബാദ്’ എന്ന പേര് വന്നതെന്നാണ് പറയപ്പെടുന്നത്. പേര്‍ഷ്യന്‍ ഭാഷയില്‍ ‘സുന്ദരമായ കാഴ്ചകള്‍’ എന്ന അര്‍ത്ഥം വരുന്ന ‘മന്‍സാര്‍’ എന്ന പദവും നഗരം എന്ന അര്‍ത്ഥം വരുന്ന അബാദ് (പേര്‍ഷ്യന്‍) എന്ന പദവും ചേര്‍ത്തുള്ള ‘മന്‍സാര്‍ബാദ്’ (സുന്ദരമായ കാഴ്ചകളുടെ നഗരം എന്നര്‍ത്ഥം) എന്ന പേരാണ് ഈ കോട്ടക്ക് ഇട്ടത്. പിന്നീടത് മഞ്ചരാബാദ് ആയി പരിണമിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

കോട്ടക്കുള്ളിലൂടെ പല കവാടങ്ങള്‍ കടന്നാലാണ് പ്രധാന ഭാഗത്തേക്ക് എത്തുന്നത്. യഥാര്‍ത്ഥത്തില്‍ ഈ കോട്ട പണിതിരിക്കുന്നത് പശ്ചിമഘട്ടനിരകളിലെ ഒരു കുന്നിന് ചുറ്റുമായിട്ടാണ്. ഏതാണ്ട് 3200 അടി ഉയരത്തിലുള്ള ഈ കുന്നിന്റെ മുകളിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. പ്രകൃതിയെ കൂട്ടുപിടിച്ചുള്ള ഈ നിര്‍മ്മിതി നേരിട്ട് കണ്ടാലാണ് പൂര്‍ണ്ണമായിട്ടും മനസ്സിലാവുക. കോട്ടയ്ക്കുള്ളില്‍ ഏറ്റവും മുകളില്‍ എത്തിയാല്‍ വിശാലമായ മൈതാനം പോലുള്ള മതിലുകളാല്‍ ചുറ്റപ്പെട്ട ഇടമാണ് കാണാന്‍ സാധിക്കുക.

കോട്ടയ്ക്ക് ചരിഞ്ഞ മതിലുകളാണുള്ളത്. കോട്ടയുടെ ഈ പുറത്തെ ഭിത്തികള്‍ ഗ്രാനൈറ്റ് കല്ലുകളും കുമ്മായവും കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഉള്ളിലുള്ള സൈനിക ബാരക്കുകളും, ആയുധപ്പുരകളും മറ്റും ചുടുകട്ടകളാലാണ് തീര്‍ത്തിരിക്കുന്നത്.

കോട്ടയ്ക്കുള്ളില്‍ നല്ല ആഴത്തിലുള്ള ചെറിയ കുളം പോലെ തോന്നുന്ന ഒരു കിണറുണ്ട്. ഇത് ഒരിക്കലും വറ്റില്ലെന്നാണ് പ്രദേശവാസികള്‍ പറഞ്ഞത്. ഈ കിണറിനോട് ചേര്‍ന്ന് തന്നെ വെടിമരുന്നുകള്‍ സൂക്ഷിക്കാനായി നിലവറകളുണ്ട്. കോട്ടയുടെ ചുറ്റിനും പീരങ്കികള്‍ സ്ഥാപിക്കാനുള്ള കൃത്യമായ വിടവുകളും കാണാന്‍ സാധിക്കും.

തോക്കുകള്‍ കൊണ്ട് ആക്രമിക്കാനുള്ള ഇടങ്ങളും കാണാം. ശത്രുക്കളെയും അവരുടെ നീക്കങ്ങളും നീരിക്ഷിക്കാനും സാധിക്കുന്ന തരത്തിലാണ് കോട്ട പണിതീര്‍ത്തിരിക്കുന്നത്. കാടും മലയും കോടമഞ്ഞും ഒളിപ്പിച്ച് പിടിക്കുന്നതിനാല്‍ കോട്ടയില്‍ നിന്ന് നീരിക്ഷിക്കുന്നത് താഴെയുള്ളവര്‍ക്ക് മനസ്സിലാക്കാനും സാധിക്കില്ല. ഗംഭീരമായ ഒരു യുദ്ധതന്ത്രത്തിന്റെ ഭാഗമായി നിലനില്‍ക്കാന്‍ സാധിക്കുന്ന തരത്തിലാണ് കോട്ട പണി തീര്‍ത്തിരിക്കുന്നത്.

മഞ്ചരാബാദ് കോട്ടക്കുള്ളില്‍ പല തുരങ്കപാതകളും കാണാന്‍ സാധിക്കും. പക്ഷെ പലതും ഇന്ന് നാശോന്മുഖമാണ്. അതില്‍ പലതും കുതിരപ്പുറത്ത് സഞ്ചരിക്കാവുന്ന തരത്തില്‍ വലിപ്പമുള്ള തുരങ്കളായിരുന്നുവെന്ന് പറയുന്നു. ഈ തുരങ്കകളില്‍ ചിലത് ഉള്‍ക്കാടുകളിലേക്കും ഹൈമവതി നദിയിലേക്കും അന്നത്തെ പ്രധാന പാതയിലേക്കും ഒക്കെ നയിക്കുന്ന രഹസ്യപാതകളായിരുന്നുവെന്നാണ് വിശ്വസിക്കുന്നത്. കൂടാതെ മൈസൂര്‍ സുല്‍ത്താനേറ്റിന്റെ പ്രധാന കേന്ദ്രമായിരുന്ന ശ്രീരംഗപട്ടണത്തിലേക്ക് ഈ കോട്ടയ്ക്കുള്ളില്‍ നിന്ന് ഒരു തുരങ്കമുണ്ടായിരുന്നുവെന്നും കഥകളുണ്ട്. അത് വിശ്വസിക്കാന്‍ അല്പം പ്രയാസമാണ്. കാരണം ശ്രീരംഗപട്ടണത്തിലേക്ക് സകലേഷ്പുരയില്‍ നിന്ന് ഏതാണ്ട് 140 കി.മീ ദൂരമുണ്ട്. ഇത്രയും ദൂരമൊക്കെ തുരങ്കം പണിയാന്‍ അന്നത്തെക്കാലത്ത് പലതുക്കൊണ്ടും ബുദ്ധിമുട്ടാണ്.

മഞ്ചരാബാദ് കോട്ടയെ ചുറ്റിപ്പറ്റി ഒട്ടേറേ കഥകളും കെട്ടുക്കഥകളും പ്രദേശത്ത് പ്രചാരത്തിലുണ്ട്. പലതും വളരെ രസകരമാണ്. യുദ്ധത്തില്‍ മരിച്ച ടിപ്പു സുല്‍ത്താന്റെ സൈനികരുടെ ആത്മാക്കള്‍ ഇപ്പോഴും കോട്ടയ്ക്കുള്ളില്‍ ചുറ്റിത്തിരിയുന്നുവെന്നാണ് അതിലൊന്ന്. രാത്രി കാലങ്ങളില്‍ കോട്ടയ്ക്കുള്ളില്‍ ഈര്‍പ്പം നിറഞ്ഞ സൈനിക ഷൂവിന്റെ കാല്‍പ്പാടുകളും, പിറുപിറുക്കലുക്കളും, വാളുകള്‍ക്കൊണ്ട് ഏറ്റുമുട്ടുന്ന ശബ്ദങ്ങളും കേട്ടതായി ചിലര്‍ പറയുന്നു. മറ്റൊരു കഥ, ടിപ്പു സുല്‍ത്താന്‍ കോട്ടയ്ക്കുള്ളില്‍ ഒരു വലിയ നിധി കുഴിച്ചിട്ടിട്ടുണ്ടെന്നും, അത് സംരക്ഷിക്കുന്നത് ടിപ്പുവിന്റെ പടയാളികളുടെ ആത്മക്കളാണെന്നുമാണ്. നിധി എടുക്കാനായി ശ്രമിച്ച പലരും അപകടത്തില്‍പ്പെടുകയോ അപ്രത്യക്ഷരാകുകയോ ചെയ്ത കഥകളുടെ നിരകളും ഒട്ടും കുറവല്ല.

ദേശീയപാതയുടെ അരികില്‍ തന്നെയാണെങ്കിലും പശ്ചിമഘട്ടനിരകള്‍ക്കിടയില്‍ കാടിനോട് ചേര്‍ന്നുള്ള കോട്ടയുടെ സ്ഥാനവും അതിന്റെ ചരിത്രപരമായ പ്രാധാന്യവും ഒപ്പം നിഗൂഢവും ഭയാനകവുമായ പ്രകൃതിയുടെ പശ്ചാത്തലവും കൂടി ചേരുമ്പോള്‍ കോട്ടയെ ചുറ്റിപ്പറ്റി കെട്ടുക്കഥകള്‍ പ്രചരിച്ചില്ലെങ്കിലെ അത്ഭുതപ്പെടേണ്ടതുള്ളൂ. നിലവില്‍ ഏതായാലും മഞ്ചരാബാദ് കോട്ടയില്‍ അമാനുഷിക പ്രവര്‍ത്തനങ്ങളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള കോട്ടയെ സംബന്ധിച്ച കെട്ടുക്കഥകളെ അധികൃതരും നിഷേധിക്കുന്നു. യാത്രികരെ സംബന്ധിച്ചിടത്തോളം ഇത്തരം കഥകള്‍ കൂടി അറിയുമ്പോഴാണ് ഒരു ആവേശം ഒക്കെ കിട്ടുന്നത്.

മഞ്ചരാബാദ് കോട്ട മുകളില്‍ നിന്ന് ഒരിക്കല്‍കൂടി സകലേഷ്പുരയും അടുത്തുള്ള പ്രദേശങ്ങളും ഒന്ന് നോക്കിയതിന് ശേഷം പതിയെ താഴേക്ക് ഇറങ്ങി. ഇനി മടക്കമാണ്. കാണാനാണെങ്കില്‍ ചെറിയ വെള്ളച്ചാട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ചെറിയ ട്രെക്കിങ്ങ് റൂട്ടുകളും ഒക്കെ ഇവിടെയുണ്ട്. കൂടാതെ സമുദ്രനിരപ്പില്‍ നിന്ന് 1,380 മീറ്റര്‍ സ്ഥിതി ചെയ്യുന്ന ജെനുക്കല്ലു ബെട്ട (ജെങ്കല്‍), ഹാസന്‍ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്.

സകലേഷ് പൂരില്‍ നിന്ന് 38 കി.മീ ദൂരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. പത്താം നൂറ്റാണ്ട് മുതല്‍ പതിനാലാം നൂറ്റാണ്ടുവരെ പ്രതാപത്തിലുണ്ടായിരുന്ന ഹൊയ്‌സല സമ്രാജ്യത്തിലെ പ്രധാന നിര്‍മ്മിതികളിലൊന്നായ ബെലൂരിലെ ചെന്നകേശവ ക്ഷേത്രത്തിലേക്ക് 36 കി.മീ ദൂരം മാത്രമെയുള്ളൂ.

ബെംഗളൂരുവിലേക്കുള്ള മടക്കവും അവിസ്മരണിയമായിരുന്നു. തിരിച്ചുള്ള യാത്ര ട്രെയിന്‍ വഴിയായതിനാല്‍ സകലേഷ്പുര റെയില്‍വേ സ്റ്റേഷനിലേക്കാണ് ആദ്യം പോയത്. കര്‍ണാടക ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഒന്നര കി.മീ ദൂരത്തിലാണ് റെയില്‍വേ സ്‌റ്റേഷന്‍. ഗുല്‍മോഹര്‍ പൂക്കള്‍ ചൂടി നില്‍കുന്ന മരങ്ങളാല്‍ സുന്ദരമായ ഒരു സ്‌റ്റേഷനാണിത്.

ആ സൗന്ദര്യം ആവോളം നുകര്‍ന്നതിന് ശേഷമാണ് ട്രെയിനില്‍ കയറിയത്. പശ്ചിമഘട്ട നിരകളുടെ താഴ്‌വാരങ്ങളിലൂടെയുള്ള ആ ട്രെയിന്‍ യാത്രയില്‍ മനോഹരമായ കാഴ്ചകളുണ്ട്. നദികളും അരുവികളും പച്ചപ്പുകളും ദൂരെയുള്ള മലനിരകളും ഒക്കെ മനസ്സ് നിറക്കുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traveloguetravel newsTippu fort
News Summary - Tipu's guard fort hidden in the Western Ghats can be seen.
Next Story