മഴയെ തൊട്ടറിയാന്‍ മണ്‍സൂണ്‍ ടൂറിസം
text_fieldsകോരിച്ചൊരിയുന്ന മഴയില്‍ ഗ്രാമീണ കനാലുകളിലൂടെ മെല്ലെ നീങ്ങുന്ന ഹൗസ്ബോട്ടുകള്‍. മഴത്തുള്ളികളെ തൊട്ടും മീന്‍പിടിത്തക്കാരോട് ഹായ് പറഞ്ഞും അതിനുള്ളില്‍ വിനോദസഞ്ചാരികള്‍. മഴക്കാല ടൂറിസത്തെ മുന്‍നിര്‍ത്തി സംസ്ഥാന ടൂറിസം വകുപ്പ് തുടക്കമിട്ട പ്രചാരണങ്ങള്‍ വിജയിക്കുന്ന കാഴ്ചകളാണ് വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്ത് നിറയുന്നത്. റിസോര്‍ട്ടുകളിലെ കല്‍ക്കെട്ടിനരികില്‍ കുത്തിയിരുന്ന് ചൂണ്ടയിടുന്ന വിദേശികള്‍ കൗതുകക്കാഴ്ചയല്ലാതായി മാറി ഇവിടത്തുകാര്‍ക്ക്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ച മഴക്കാല ടൂറിസമെന്ന ആശയത്തിന് വര്‍ഷന്തോറും സ്വീകാര്യത കൂടുന്നതായി ടൂറിസം മേഖലയിലുള്ളവര്‍ പറയുന്നു. മണ്‍സൂണ്‍ പാക്കേജുകള്‍ തന്നെ അവതരിപ്പിച്ചാണ് സംസ്ഥാന ടൂറിസം വികസന കോര്‍പറേഷനും സ്വകാര്യ വിനോദ സഞ്ചാര സംരംഭകരും മഴക്കാലത്തെ വരവേല്‍ക്കുന്നത്. കൊച്ചി,മൂന്നാര്‍,കുമരകം,തേക്കടി, കോവളം കേന്ദ്രങ്ങളെ സ്പര്‍ശിക്കുന്ന പാക്കേജുകളാണ് കെ.ടി.ഡി.സിയുടേത്.
മഴക്കാലത്തിന്‍െറ ഗ്രാമീണ ജീവിതം കാണാനാണ് ഇക്കാലത്ത് വിനോദസഞ്ചാരികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് കെ.ടി.ഡി.സിയുടെ കുമരകത്തെ റിസോര്‍ട്ടായ വാട്ടര്‍ സ്കേപ്സ് ജനറല്‍ മാനേജര്‍ സുജില്‍ മാത്യൂസ് പറയുന്നു. മഴ നനഞ്ഞ് ചൂണ്ടയിടുന്നവരും വലയെറിയുന്നവരും വിദേശസഞ്ചാരികള്‍ക്ക് കൗതുക കാഴ്ചയാണ്. പ്രജനന കാലമായതിനാല്‍ കുമരകം പക്ഷി സങ്കേതത്തിലെ ദേശാടനപ്പക്ഷികളും കാഴ്ചക്ക് വിരുന്നേകുന്നു -അദ്ദേഹം പറഞ്ഞു.
2012ല്‍ 7.94 ലക്ഷം വിദേശ വിനോദ സഞ്ചാരികളും 1.01 കോടി ആഭ്യന്തര സഞ്ചാരികളും കേരളം സന്ദര്‍ശിച്ചെന്നാണ് കണക്ക്. 2011ല്‍ 19,037 കോടി വരുമാനം നേടിയ സംസ്ഥാന വിനോദസഞ്ചാര മേഖല 2012ല്‍ 21,125 കോടി നേട്ടമുണ്ടാക്കി. ടൂറിസം പ്രചാരണം ഫേസ്ബുക്കിലും ട്വിറ്ററിലും ഊര്‍ജിതമാക്കിയതാണ് ഇക്കുറി കൂടുതല്‍ പേരെ ഇവിടെയെത്തിച്ചത്.
അതേസമയം,ആയിരത്തിലേറെ ഹൗസ്ബോട്ടുകള്‍ വേമ്പനാട് കായലില്‍ മാത്രം ചുറ്റുന്നത് ടൂറിസം മേഖലക്ക് വരും വര്‍ഷങ്ങളില്‍ തിരിച്ചടിയാകുമെന്ന് ആശങ്കയുണ്ട്. കായലിന്‍െറ സൗന്ദര്യം കാണാനെത്തുന്നവര്‍ക്ക് കായല്‍ പരപ്പില്‍ നിറഞ്ഞ ഹൗസ് ബോട്ടുകള്‍ കണ്ട് മടങ്ങേണ്ടിവരുന്നു. ഇതിന് പരിഹാരമായി ഹൗസ് ബോട്ട് ടൂറിസം മറ്റ് ഉള്‍നാടന്‍ ജലാശയങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നാണ് സംസ്ഥാന ടൂറിസം നയം നിര്‍ദേശിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.