കൗതുകം പകര്‍ന്ന് പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ കടുവ കുടുംബം
text_fieldsപെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ പട്രോളിങ് നടത്തുകയായിരുന്ന വനപാലകര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി കടുവ കുടുംബത്തിന്റെ വെള്ളത്തിലെ കളി കൗതുകം പകര്‍ന്നു. വന്യജീവി സങ്കേതത്തിനുള്ളിലെ പച്ചക്കാട് ഭാഗത്താണ് അമ്മയും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്ന കടുവ കുടുംബത്തെ വനപാലകര്‍ കണ്ടെത്തിയത്.
കാട്ടുപോത്തിനെ ആഹാരമാക്കിയ ശേഷം തടാകത്തില്‍ ‘നീരാട്ടിനിറങ്ങി’യതായിരുന്നു കടുവ കുടുംബം. രാജ്യത്തെ പ്രമുഖ കടുവ സങ്കേതങ്ങളിലൊന്നായ പെരിയാര്‍ കടുവ സങ്കേതത്തില്‍ കടുവകളെ കാണാന്‍ കഴിയുന്നത് ഏറെ അപൂര്‍വമായി മാത്രമാണ്. കടുവകളെ കാണാനുള്ള മോഹവുമായി തേക്കടി തടാകത്തില്‍ ബോട്ടുസവാരി നടത്തുന്ന വിനോദസഞ്ചാരികള്‍ക്കും നിരാശ മാത്രമാണ് ബാക്കിയാകുന്നത്.
കാട്ടിനുള്ളില്‍ കടുവകളെ വനസംരക്ഷണപ്രവര്‍ത്തകര്‍ കാണാറുണ്ടെങ്കിലും ഇതും ഏറെ അപൂര്‍വമായി മാത്രമാണ്. പെരിയാര്‍ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ സഞ്ജയന്‍കുമാര്‍, റേഞ്ച് ഓഫിസര്‍ മനു സത്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന സംരക്ഷണപ്രവര്‍ത്തകര്‍ വനത്തിനുള്ളിലൂടെ കടന്നുപോകുമ്പോഴാണ് കുട്ടികള്‍ക്കൊപ്പം തടാകത്തിലും കരയിലുമായി വിലസുന്ന തള്ളക്കടുവയെ കണ്ടത്.
വനമേഖലക്കുള്ളില്‍ കടുവ കുടുംബത്തെ കണ്ടെത്തിയത് വനസംരക്ഷണപ്രവര്‍ത്തകരെ ആവേശത്തിലാക്കുന്നതിനൊപ്പം തേക്കടി ഉള്‍പ്പെടുന്ന വിനോദസഞ്ചാര മേഖലക്കും ഉണര്‍വ് പകരുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.