തൃശൂരിലെ പാടങ്ങളില്‍ പശ്ചിമഘട്ടത്തിലെ അപൂര്‍വയിനം പൂക്കള്‍
text_fieldsകേരളത്തില്‍ പശ്ചിമഘട്ടത്തിലെ നിത്യഹരിത മേഖലയില്‍ മാത്രം കാണുന്ന അപൂര്‍വയിനം പൂക്കള്‍ തൃശൂരിലെ പാടങ്ങളില്‍ വിരിഞ്ഞു. തൃശൂരിലെ മറ്റത്തൂര്‍- കൊടകര പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള കനകമലയുടെ ചരുവിലെ വിസ്തൃതമായ ചാറ്റിലാംപാടത്ത് കണ്ണുകള്‍ക്ക് വര്‍ണവിരുന്നായി ലക്ഷക്കണക്കിന് പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്നത്.
ചാറ്റിലാംപാടത്തിന്റെ ഹരി തഭംഗിക്ക് ചുവപ്പിന്റെ ശോഭപകര്‍ന്ന് പാടവരമ്പിലും തോട്ടിറമ്പിലും പൂക്കള്‍ നിറഞ്ഞിരിക്കുകയാണ്. ഓണക്കാലത്ത് മാത്രം വിരിയുന്ന ഈ പൂക്കളുടെ പേര് നാട്ടുകാര്‍ക്കറിയില്ല. മഴ മാറി ചിങ്ങവെയില്‍ തെളിഞ്ഞാല്‍ പ്രദേശം പിങ്കുനിറത്തിലുള്ള പൂക്കളാല്‍ നിറയും. മഞ്ഞുകാലത്തിന്റെ ആരംഭത്തില്‍ നവംബറോടെ കൊഴിയുകയും ചെയ്യും. പാടത്തിന് നടുവിലൂടെ ഒഴുകുന്ന കൈത്തോടിന്റെ ഇരുവശത്തുമായാണ് പൂപ്പാടം ഒരുങ്ങിയിരിക്കുന്നത്. പാടവരമ്പത്തും സമീപത്തെ വെളിമ്പറമ്പുകളിലും വരെ പൂക്കള്‍ സമൃദ്ധമാണ്.
ഇടുക്കിയിലെ മൂന്നാര്‍, കാന്തല്ലൂര്‍ പ്രദേശങ്ങളില്‍ വ്യാപകമായി കാണപ്പെടുന്ന ഇമ്പേഷ്യന്‍സ് ചൈനെന്‍സിസ് വിഭാഗത്തില്‍പെട്ട കാട്ടുചെടികളാണ് ഇവിടെ വ്യാപകമായി വളരുന്നത്. ഇര്‍പ്പമുള്ള പ്രദേശങ്ങളില്‍ കൂട്ടമായി കാണപ്പെടുന്ന ഇവ ജില്ലയില്‍ അപൂര്‍വമായി കാണപ്പെടുന്നവയാണ്. വയലറ്റ് കലര്‍ന്ന നീളമേറിയ ഇലകളാണ് ഈ ചെടികള്‍ക്കുള്ളത്. പരമാവധി 40 സെന്‍റിമീറ്ററാണ് ഉയരം. ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയാണ് ഇവ പുഷ്പിക്കുന്നത്. പൂക്കള്‍ ആയിരക്കണക്കിന് ശലഭങ്ങളെയും ആകര്‍ഷിക്കുന്നുണ്ട്.
കനകമലയും ആറേശ്വരം കുന്നുകളും അതിരിടുന്ന ചാറ്റിലാംപാടത്തിന്റെ മൂന്നുവശവും മലകളാണ്. ഭൂമാഫിയയുടെ കഴുകന്‍ കണ്ണുകള്‍ പതിഞ്ഞിട്ടില്ലാത്ത ചാറ്റിലാംപാടം പാലക്കാടന്‍ ഗ്രാമങ്ങളെ ഓര്‍മിപ്പിക്കുന്ന ഗ്രാമഭംഗി തുളുമ്പുന്ന മനോഹരമായ പ്രദേശമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.