നീലച്ചാർത്തണിഞ്ഞ് മൂന്നാർ; 12 വർഷത്തിലൊരിക്കൽ വിരിയുന്ന കുറിഞ്ഞിവസന്തം കാണാൻ പോകാം: യാത്ര, ടിക്കറ്റ്, സ്ഥലങ്ങൾ, നിയമങ്ങൾ അറിയാം
text_fields"മൂന്നാറിലെ മൂവന്തിയിൽ മുത്താരമായ് മാറാം മുല്ലനിലാവത്ത് മിന്നുമരുവിയാൽ".... സ്പോട്ടിഫൈയിൽ പാട്ട് തകർക്കുകയാണ്. ഇത്രയും യോജിച്ച പാട്ടൊക്കെ കൃത്യമായി പ്ലേ ആകുന്നത് എങ്ങനെയാണോ ആവോ ? എല്ലാം കലികാലം ! ച്ഛെ! തെറ്റി! എല്ലാം എ.ഐ കാലം തന്നെ!
മൂന്നാർ എന്ന പേര് യാത്രാ പ്രേമികൾക്ക് എന്നും ത്രില്ലടിപ്പിക്കുന്ന റൈഡാണ്. ഏതൊരാൾക്കും ഈ സ്വർഗഭൂമിയിലേക്കുള്ള യാത്രയിൽ ഒരു പാട്ടെങ്കിലും മൂളാതിരിക്കില്ല. അതങ്ങനെയാണ്, ചില യാത്രകൾക്കുള്ള പ്രത്യേകത തിരിച്ചു വന്നാലും വിട്ടുമാറില്ല എന്നതാണ്. ഇവിടുത്തെ തണുപ്പും കോടമഞ്ഞും നനഞ്ഞ്, അലഞ്ഞു നടന്ന് ഒടുവിൽ തിരിച്ച് വീടെത്തുമ്പോൾ പനിയും ചുമയും വിട്ടുമാറില്ല എന്നല്ല ഉദ്ദേശിച്ചത് എന്ന് ആദ്യമേ തന്നെ പറയട്ടെ. ഇനി പനി പിടിച്ചാലും വീണ്ടും വീണ്ടും വരാൻ തോന്നിപ്പിക്കുന്ന മാജിക്കൽ ഫ്രെയിമാണ് മൂന്നാറിൻ്റെ സൗന്ദര്യം.
തണുത്തുറഞ്ഞ മൂന്നാറിലെ പുൽമേടുകളിലൂടെ തഴുകിയെത്തുന്ന തണുത്ത കാറ്റിൽ ഇപ്പോൾ നീലച്ചാർത്തിന്റെ സുഗന്ധം കൂടിയുണ്ട്. കോടമഞ്ഞിന്റെ വെള്ളിത്തിര മാറ്റിവെച്ച് സൂര്യപ്രകാശം പതിക്കുമ്പോൾ, കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മലനിരകൾ ഒരു നീലപ്പട്ട് പുതച്ചുനിൽക്കുന്നതുപോലെ തോന്നിക്കും. മൂന്നാറിലെ തണുപ്പും കോടമഞ്ഞും അറിഞ്ഞ്, ആ നീല വസന്തത്തിന്റെ ഭംഗി നേരിട്ടു കാണുന്നത് വാക്കുകൾക്ക് അതീതമായ അനുഭവമാണ്.
എവിടെയെല്ലാം കാണാം കുറിഞ്ഞി വസന്തം?
ഇത്തവണ മൂന്നാറിലെ വിവിധ മലനിരകളിൽ നീലക്കുറിഞ്ഞികൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്:
ചൊക്രമുടി: കുറിഞ്ഞി കാഴ്ചകൾക്ക് ഇത്തവണ ഏറ്റവും പ്രധാന കേന്ദ്രം ചൊക്ര മുടിയാണ്. കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ–ബോഡിമെട്ട് റോഡിൽ ദേവികുളം വനം വകുപ്പ് റേഞ്ച് ഓഫീസിന് സമീപമാണ് പ്രവേശന കവാടം.
പ്രവേശന സമയം, ഫീസ്
(ചൊക്രമുടി): ആഗസ്റ്റ് 24 മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ച് തുടങ്ങും. രാവിലെ 07:00 മുതൽ വൈകീട്ട് 04:00 വരെയാണ് സന്ദർശന സമയം. മുതിർന്നവർക്ക് 200-ഉം 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്. വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉടൻ ഓൺലൈൻ ബുക്കിങ്ങ് സൗകര്യം ലഭ്യമാകും.
മീശപ്പുലിമല: പശ്ചിമഘട്ടത്തിലെ ഉയർന്ന കൊടുമുടിയായ മീശപ്പുലിമലയിലും ഇഢലിമേട്ടിലും കുറിഞ്ഞികൾ പൂത്തുതുടങ്ങിയിട്ടുണ്ട്. എന്നാൽ കേരള വനം വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള മീശപ്പുലിമലയിൽ പൂക്കൾ പൂർണ്ണമായി വിരിഞ്ഞ ശേഷമേ സന്ദർശകരെ അനുവദിക്കൂ. പ്രതിദിനം 750 പേർക്ക് മാത്രമായിരിക്കും പ്രവേശനം (യാത്രയും ഭക്ഷണവും ഉൾപ്പെടെ ഒരാൾക്ക് 1200 രൂപയാകും ടിക്കറ്റ് നിരക്ക്).
മറ്റ് സ്ഥലങ്ങൾ: ഇഡലിമേട്, സെവൻമല, കുണ്ടുമല, മാട്ടുപ്പെട്ടി, ഗാപ് റോഡ് എന്നിവിടങ്ങളിലും ഇത്തവണ കുറിഞ്ഞികൾ കണ്ടുതുടങ്ങിയിട്ടുണ്ട്.
കണ്ടാൽ മതി, പൂ പറിക്കരുത്! പുലിവാല് പിടിക്കരുത് !
നീലക്കുറിഞ്ഞി അഥവാ Strobilanthes kunthianus വന്യജീവി സംരക്ഷണ നിയമം, 1972-ലെ ഷെഡ്യൂൾ III-ൽ പ്രത്യേകമായി സംരക്ഷിക്കപ്പെടുന്ന സസ്യമായാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
പൂക്കൾ പറിക്കുകയോ ചെടികൾ വേരോടെ നശിപ്പിക്കുകയോ ചെയ്യുന്നത് 25,000 രൂപ വരെ പിഴയും 3 വർഷം വരെ തടവും ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ്.
ഫോട്ടോയോ സെൽഫിയോ എടുക്കാൻ വേണ്ടി ചെടികൾക്കിടയിലൂടെ കയറുന്നതും ചെടികൾ ചവിട്ടി മെതിക്കുന്നതും പൂർണ്ണമായും ഒഴിവാക്കുക.
നീലക്കുറിഞ്ഞി: അറിയേണ്ട അപൂർവ സവിശേഷതകൾ:
നീലക്കുറിഞ്ഞിയുടെ ഏറ്റവും വലിയ പ്രത്യേകത 12 വർഷത്തിലൊരിക്കൽ കൂട്ടത്തോടെ പൂക്കുന്നതാണ്. പൂക്കലിനും വിത്തുണ്ടാകലിനും ശേഷം പഴയ ചെടി ഉണങ്ങിപ്പോകുകയും വിത്തുകളിൽനിന്ന് അടുത്ത തലമുറ വളരുകയും ചെയ്യും. എന്തുകൊണ്ടാണ് 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്നതെന്ന് ചോദിച്ചാൽ
നീലക്കുറിഞ്ഞിയുടെ സ്വാഭാവിക ജീവിതചക്രമാണ് ഇതിന് കാരണം. ചിലയിനങ്ങൾ എല്ലാ വർഷവും പൂക്കുമെന്ന കാര്യവും ഓർമയിലിരിക്കട്ടെ. വർഷങ്ങളോളം വളർന്ന ശേഷം ഒരിക്കൽ കൂട്ടത്തോടെ പൂത്ത് വിത്തുണ്ടാക്കുകയും തുടർന്ന് ചെടി ഉണങ്ങിപ്പോകുകയും ചെയ്യും. ആ വിത്തുകളിൽനിന്ന് പുതിയ തലമുറ വളർന്ന് ഏകദേശം 12 വർഷത്തിന് ശേഷം വീണ്ടും പൂക്കുന്നു.
പശ്ചിമഘട്ടത്തിലെ ഉയർന്ന മലനിരകളിൽ മാത്രം
Strobilanthes kunthiana എന്ന ശാസ്ത്രീയ നാമമുള്ള നീലക്കുറിഞ്ഞി പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിലെ ഷോല–പുൽമേട് ആവാസവ്യവസ്ഥയിലാണ് പ്രധാനമായും കാണപ്പെടുന്നത്. മൂന്നാർ, ഇരവികുളം, മീശപ്പുലിമല തുടങ്ങിയ പ്രദേശങ്ങൾ ഇതിന്റെ പ്രധാന ആവാസകേന്ദ്രങ്ങളാണ്.
നീലക്കുറിഞ്ഞി എല്ലാ വർഷവും പൂക്കുന്നുണ്ടോ? ആശയക്കുഴപ്പത്തിന് കാരണം ഇതാണ്:
മൂന്നാറിലും പശ്ചിമഘട്ടത്തിലെ മറ്റ് മലനിരകളിലും പലതരം കുറിഞ്ഞിയിനങ്ങളുണ്ട്. Strobilanthes ജനുസ്സിലെ വിവിധ ഇനങ്ങൾക്ക് പൂക്കുന്ന ഇടവേളയും ഒരുപോലെയല്ല. ചില ഇനങ്ങൾ വർഷംതോറും പൂക്കുന്നവയാണ്. മറ്റു ചില ഇനങ്ങൾക്ക് 4, 7, 10 വർഷം തുടങ്ങി വ്യത്യസ്ത പൂക്കാല ചക്രങ്ങളുണ്ട്. വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ രേഖകളിലും ഈ വ്യത്യാസങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, നീലക്കുറിഞ്ഞി എന്നറിയപ്പെടുന്ന Strobilanthes kunthianaയുടെ പ്രധാന കൂട്ടപ്പൂക്കാലം 12 വർഷത്തെ ചക്രമനുസരിച്ചാണ്. മൂന്നാർ മേഖലയിലെ പ്രത്യേക S. kunthianaയുടെ പ്രധാന പൂക്കാലങ്ങൾ 1990, 2002, 2014 എന്നിങ്ങനെയായിരുന്നുവെന്നും അടുത്ത പ്രധാന പൂക്കാലം 2026-ലാണെന്നും കേരള ടൂറിസം രേഖകളിലും വ്യക്തമാകുന്നുണ്ട്.
ഇതിനിടയിൽ മൂന്നാറിന്റെ വിവിധ ഭാഗങ്ങളിൽ കുറിഞ്ഞിയുടെ മറ്റ് ഇനങ്ങൾ പൂക്കുകയോ, S. kunthianaയുടെ തന്നെ ചില ചെടികൾ ഒറ്റപ്പെട്ട രീതിയിൽ പൂക്കുകയോ ചെയ്യാം. അതുകൊണ്ടാണ് ഒരു വർഷം കുറിഞ്ഞിപ്പൂക്കൾ കണ്ടതിന് പിന്നാലെ “12 വർഷത്തിലൊരിക്കൽ മാത്രമല്ലേ നീലക്കുറിഞ്ഞി പൂക്കുന്നത്?” "ഇതൊക്കെ എല്ലാ വർഷവും പൂക്കാറുണ്ട്"എന്നിങ്ങനെയുള്ള സംശയം ഉണ്ടാകുന്നത്. ഒറ്റപ്പെട്ട പൂക്കലും 12 വർഷത്തിലൊരിക്കൽ നടക്കുന്ന വലിയ കൂട്ടപ്പൂക്കാലവും രണ്ടായി കാണണം. അതിനാൽ ഇപ്പോൾ മൂന്നാറിലെ ചൊക്രമുടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാണുന്ന 2026-ലെ പ്രധാന നീലക്കുറിഞ്ഞിപ്പൂക്കാലത്തെ, മറ്റ് കുറിഞ്ഞിയിനങ്ങളുടെ ഇടയ്ക്കിടെയുള്ള പൂക്കലുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. എല്ലാ വർഷവും പൂക്കുന്നതുമുണ്ട്, ഇടവേളകളിൽ പൂക്കുന്നതുമുണ്ട്, 12 വർഷത്തിലൊരിക്കൽ പൂക്കുന്നതുമുണ്ട് എന്നതാണ് യാഥാർഥ്യം.
ഭയങ്കര രസമാണ്, പൂക്കുന്ന സമയം മലനിര കാണാൻ !
നീലക്കുറിഞ്ഞി കൂട്ടത്തോടെ പൂക്കുന്ന സമയത്ത് വിശാലമായ മലഞ്ചെരിവുകൾ നീലയും വയലറ്റും നിറത്തിൽ കാണപ്പെടും. ‘നീലഗിരി’ എന്ന പേരിന്റെ ഉത്ഭവവുമായി ഈ പ്രകൃതിദൃശ്യത്തിന് ബന്ധമുണ്ടെന്നാണ് പൊതുവേ കരുതപ്പെടുന്നത്. നാക്കുളുക്കില്ലെങ്കിൽ ഈ ശാസ്‌ത്രീയ നാമം പറഞ്ഞു നോക്കൂ.
Strobilanthes- പറയാൻ അത്ര പ്രയാസമൊന്നുമില്ലല്ലോ. ഈ ജനുസ്സിൽ നിരവധി കുറിഞ്ഞിയിനങ്ങളുണ്ട്. അവയെല്ലാം ഒരേ ഇടവേളയിൽ പൂക്കുന്നവയല്ല. വ്യത്യസ്ത ഇനങ്ങൾക്ക് വ്യത്യസ്ത പൂക്കാല ചക്രങ്ങളുണ്ട്. അപ്പോ ആവോളം കുറിഞ്ഞിപ്പൂക്കൾ ആസ്വദിക്കാം, ഫോട്ടോയെടുക്കാം. പക്ഷെ കാണാൻ എത്തുന്നവർ ചെടികൾക്ക് കേടുപാടുണ്ടാക്കാതെ അധികൃതർ നിർദേശിക്കുന്ന പാതയിലൂടെ മാത്രം സഞ്ചരിക്കണമെന്ന് മാത്രം. നല്ല തിരക്കുള്ള സമയത്ത് കൂട്ടം കൂടി നിന്ന് സെൽഫിയെടുക്കുമ്പോൾ മറ്റുള്ളവർക്ക് പ്രയാസമുണ്ടാക്കാതെ ശ്രദ്ധിക്കുക. എല്ലാവരും കാഴ്ച കാണാൻ വന്നവരാണെന്ന് അവനവനു തന്നെ തോന്നിയാൽ മതി, കാര്യങ്ങൾ ഭംഗിയായി എല്ലാവർക്കും ആസ്വദിക്കാൻ.
മൂന്നാറിൽ എത്തിയാൽ കണ്ടിരിക്കേണ്ട മറ്റ് പ്രധാന സ്ഥലങ്ങൾ:
ഇരവികുളം നാഷനൽ പാർക്ക് (രാജമല): വരയാടുകളുടെ കേന്ദ്രവും മനോഹര മലനിരകളും.
മാട്ടുപ്പെട്ടി ഡാം എക്കോ പോയന്റ്: ബോട്ടിങ്ങിനും പ്രകൃതിഭംഗിക്കും അനുയോജ്യമായ സ്ഥലം.
ഗാപ് റോഡ് ടോപ്പ് സ്റ്റേഷൻ: മേഘനിരകൾക്കിടയിലൂടെയുള്ള അവിസ്മരണീയ ഡ്രൈവ് അനുഭവം.
കൊളുക്കുമല: ലോകത്തിലെ ഏറ്റവും ഉയർന്ന തേയിലത്തോട്ടത്തിലെ ഓഫ്-റോഡ് ജീപ്പ് സഫാരിയും സൂര്യോദയ കാഴ്ചയും.
ഏറ്റവും വിചിത്രമായ കാര്യം പറഞ്ഞു കൊണ്ട് അവസാനിപ്പിക്കാം. ഗൂഗിൾ മാപ്പിലെ കി.മീറ്റർ അളന്നു കണക്കാക്കി പോകാവുന്ന ഒരു റൂട്ടല്ല മൂന്നാർ. നല്ല ക്ഷമ വേണം. മാപ്പിൽ ദൂരം കുറവാണെന്ന് ആശ്വസിക്കരുത്. ഒരു കി.മീറ്റർ താണ്ടാൻ പോലും തിരക്കേറിയ സമയത്ത് മണിക്കൂറെടുത്തേക്കാം. അതിനാൽ നല്ല ക്ഷമയുള്ളയാളായിരിക്കണം ഡ്രൈവർ ! വാഹനത്തിൽ ആവശ്യത്തിന് കുടിവെള്ളവും കഴിക്കാനുള്ള വഹയും കരുതുകയും വാഹനത്തിൽ ഇന്ധനം ആവശ്യത്തിനുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നത് ക്ഷമ കെടാതിരിക്കാനും ആരോഗ്യത്തിനും വളരെ നന്നായിരിക്കും!
കൊച്ചിയിൽ നിന്നും മൂന്നാറിലേക്ക് വഴി ഇങ്ങനെ:
ആലുവ -പെരുമ്പാവൂർ - കോതമംഗലം - നേര്യമംഗലം - അടിമാലി - മൂന്നാർ.
എറണാകുളത്തുനിന്ന് ഏകദേശം 126 കിലോമീറ്ററാണ് മൂന്നാറിലേക്കുള്ള ദൂരം (3.5 – 4 മണിക്കൂർ യാത്ര). ഈ സമയം ട്രാഫിക് ബ്ലോക്കനുസരിച്ച് നീളാൻ സാധ്യതയുണ്ട് എന്നതും ഓർമയിലിരിക്കട്ടെ!
ഗതാഗത നിയന്ത്രണം: തിരക്ക് ഒഴിവാക്കാൻ സ്വകാര്യ വാഹനങ്ങൾ മൂന്നാറിൽ പാർക്ക് ചെയ്ത ശേഷം ദേവികുളം/കുറിഞ്ഞി മേഖലകളിലേക്ക് കെ.എസ്.ആർ.ടി.സി ബസുകൾ ഉപയോഗിക്കാൻ നിർദ്ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

