കാലവര്‍ഷത്തില്‍ സജീവമായി പാലരുവി-കുംഭാവുരുട്ടി-മണലാര്‍ വെള്ളച്ചാട്ടങ്ങള്‍
text_fieldsകൊല്ലം ജില്ലയിലെ മൂന്ന് പ്രധാന ജലപാതങ്ങളെക്കുറിച്ച്
സഹ്യനൊരുക്കും നീരരുവികളില്‍ മനംകുളിര്‍ക്കെ നീരാടി കാനനഭംഗി ആവോളം ആസ്വദിക്കണമെങ്കില്‍ പാലരുവി, കുംഭാവുരുട്ടി, മണലാര്‍ വെള്ളച്ചാട്ടങ്ങളിലേക്ക് വരിക. കിഴക്ക് കേരള-തമിഴ്‌നാട് അതിര്‍ത്തി തീര്‍ക്കുന്ന മാമലകളുടെ നെറുകയില്‍ നിന്നും നീര്‍ച്ചാലായി പൊട്ടിയൊലിച്ച് മാനംമുട്ടെയുള്ള പാറക്കെട്ടുകളെ തലോടി ആര്‍ത്തുലച്ച് നുരഞ്ഞ്പതഞ്ഞ് താഴേക്ക് പതിക്കുന്ന ഈ അരുവികള്‍ തീര്‍ക്കുന്നത് സുന്ദരകാഴ്ചകളാണ്.
മനുഷ്യന്റെ കാലടികള്‍ പതിക്കാത്ത നിത്യഹരിത കാടുകളിലെ അത്യപൂര്‍വ്വ ഓഷധ സസ്യങ്ങളെ തഴുകി ഒഴുകിയെത്തുന്ന ഈ നീരിടങ്ങളിലെ നീരാട്ട് മനസിനും ദേഹത്തിനും ആനന്ദവും ഉന്മേഷവും നല്‍കും. ജില്ലയിലെ കിഴക്കന്‍ അതിര്‍ത്തി മലയോരത്തെ ആര്യങ്കാവ് പഞ്ചായത്തിലാണ് അനുഗ്രഹീതമായ ഈ മുന്നു വെള്ളച്ചാട്ടങ്ങളും. കാലവര്‍ഷം കനത്തതോടെ പശ്ചിമഘട്ടത്തിന്റെ വരദാനമായ ഈ വെള്ളച്ചാട്ടങ്ങള്‍ കാണാനും കുളിക്കാനും എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.
പാലരുവി
തിരുവിതാംകൂര്‍ രാജക്കന്മാര്‍ ഒഴിവുകാലം ചെലവിടാനും നീരാട്ടിനും നായട്ടിനും പതിവായി എത്തിയിരുന്ന പാലരുവി ഇന്ന് മലയാളിക്കും തമിഴനും അറിയപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രമാണ്. പേര് സൂചിപ്പിക്കുംപോലെ 300 അടിയോളം ഉയരത്തിലുള്ള പാറയിടുക്കില്‍ നിന്നും പതഞ്ഞ് പാല്‍ നിറത്തില്‍ താഴേക്ക് പതിക്കുന്ന അരുവി കാഴ്ചക്കാരില്‍ പാലരുവിയായി തീരുന്നു. റോസ്മല, രാജാക്കൂപ്പ് കാടുകളില്‍ നിന്നാണ് പാലരുവിയുടെ തുടക്കം. രാജക്കാന്‍മാര്‍ ഓഴിവുകാല ഉല്ലാസത്തിനെത്തിയപ്പോള്‍ താമസിക്കാന്‍ നിര്‍മ്മിച്ച വിശ്രമകേന്ദ്രങ്ങളുടേയും കുതിരാലയങ്ങളുടേയും അവശിഷ്ടം ഇപ്പോഴും അരുവിയുടെ മുന്നിലുണ്ട്. ഉയരത്തില്‍ നിന്നുള്ള ജാലപാതം അടുത്തിരുന്ന് വീക്ഷിക്കാന്‍ അരുവിയുടെ വശത്തായി അമ്പതടിയോളം ഉരത്തിലുള്ള പാറമുകളില്‍ നിര്‍മ്മിച്ച കല്‍മണ്ഡപവും ഇതിലെത്താനുളള കല്‍പ്പടവുകളും കാലമേറിയിട്ടും സന്ദര്‍ശകര്‍ക്കായി ശേഷിക്കുന്നു.
നട്ടുച്ചക്കുപോലും സൂര്യകിരണങ്ങള്‍ ഭുമിയില്‍ പതിക്കാത്തവിധം ആപൂര്‍വ്വയിനം കൂറ്റന്‍ മരങ്ങളും വള്ളിക്കെട്ടുകളും ഒറ്റമൂലികളുമായി ഹരിതനിബിഡമായ ചുറ്റുവട്ടം വേനല്‍കാലത്തും കുളിരേകും. സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് സുരക്ഷിതമായി കുളിക്കാനും വിശ്രമിക്കാനുമുള്ള പ്രത്യേക സൗകര്യങ്ങള്‍ വനംവികസന സമിതി ഒരുക്കിയിട്ടുണ്ട്. കലര്‍പ്പില്ലാത്ത വനവിഭവങ്ങള്‍ ന്യായവിലക്ക് വാങ്ങാനും വതിതകളുടെ ലഘുഭക്ഷണ ശാലയും വനിത ഗൈഡുകള്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനമുണ്ട്. പ്‌ളാസ്റ്റിക്, ലഹരി സാധനങ്ങള്‍ അനുവദിക്കില്ല. ട്രക്കിങ്ങ് സൗകര്യവുമുണ്ട്.
രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലു മണിവരെയാണ് പ്രവേശനം. ദേശീയപാത 744 ല്‍ ആര്യങ്കാവ് മോട്ടോര്‍ വെഹിക്കില്‍ ചെക്ക് പോസ്റ്റിന്റെ വലതുവശത്ത് നിന്ന് നാലു കിലോമീറ്ററോളം യാത്ര ചെയ്താല്‍ പാലരുവിയിലെത്താം. മാര്‍ഗമധ്യേ തേക്കുതോട്ടങ്ങളുടേയും വനത്തിന്റെയും സാന്നിധ്യവും പാലരുവിയുടെ താഴേക്കുള്ള ഒഴുക്കും പലയിടങ്ങളിലും ദൃശ്യവിരുന്നൊരുക്കുന്നു. അരുവിയുടെ അടുത്തുവരേയും ബസടക്കമുള്ള വാഹനങ്ങള്‍ എത്താനുള്ള കാനപാതയുണ്ട്. നടന്നുപോകാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതുമാകാം.
വെഹിക്കിള്‍ ചെക്ക്‌പോസ്റ്റിന് സമീപത്തുള്ള വനസംരക്ഷണ സമിതി ഓഫീസില്‍ നിന്നും ആളുകള്‍ക്കും വാഹനത്തിനും ടിക്കറ്റെടുക്കണം. മുതിര്‍ന്നവര്‍ക്ക് പത്തും കുട്ടികള്‍ക്ക് അഞ്ചുരൂപായുമാണ് പ്രവേശന ഫീസ്. വാഹനങ്ങള്‍ക്ക് ബൈക്കിന്10 കാര്‍, ജീപ്പ് 15, മിനിബസ് 25, ബസ്40 എന്നതാണ് നിരക്ക്. പുനലൂര്‍, കുളത്തുപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആര്യങ്കാവ്, ചെങ്കോട്ട, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസില്‍ പാലരുവി ജങ്ഷനിലെത്താം. പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും പരമാവധി അരമണിക്കൂറിനുള്ളില്‍ ആര്യങ്കാവിലേക്ക് ബസ് സര്‍വ്വീസുണ്ട്. രാത്രി താമസിക്കാനായി പാലരുവി ജങ്ഷിനില്‍ കെ.ടി.ഡി.സിയുടെ മോട്ടലും ആര്യങ്കാവില്‍ സ്വകാര്യ ലോഡ്ജുകളുമുണ്ട്.
അച്ചന്‍കോവില്‍ കുംഭാവുരുട്ടി, മണലാര്‍
തമിഴ്‌നാട് അതിര്‍ത്തിയിലുള്ള തൂവല്‍, കോട്ടവാസല്‍ മലനിരകളില്‍ നിന്നാണ് അച്ചന്‍കോവില്‍ കുംഭാവുരുട്ടി, മണലാര്‍ വെള്ളച്ചാട്ടങ്ങളുടെ പ്രയാണം ആരംഭിക്കുന്നത്. വനംവകുപ്പിന്റെ പ്രകൃതി സമ്പര്‍ക്ക കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ള ഈ രണ്ടു വെള്ളച്ചാട്ടങ്ങളും കൊടുംവനത്തിനുള്ളിലാണങ്കിലും യാത്ര സൗകര്യമുണ്ട്. ചെങ്കോട്ട അച്ചന്‍കോവില്‍ കാനനപാത കടന്നുപോകുന്നത് ഇതുവഴിയാണ്. മണലാര്‍ റോഡുവക്കിലും 400 മീറ്റര്‍ ഉള്ളിലായി കുംഭാവുരുട്ടിയും സ്ഥിതി ചെയ്യുന്നു.
400 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് കുംഭാവുരുട്ടിയിലെ വെള്ളം താഴേക്ക് പതിക്കുന്നത്. മണലാറിലാകട്ടെ വലിയ ഉയരമില്ലെങ്കിലും ആകര്‍ഷണീയമാണ്. നിത്യഹരിത വനത്തിലൂടെ അരദിവസം മുതല്‍ രണ്ടു ദിവസംവരെ നീളുന്ന ട്രക്കിങ്, ട്രീ ടോപ്പ് ഹട്ട്, മരവള്ളി ഊഞ്ഞാല്‍, കാന്റീന്‍ വനിത ഗൈഡുകളുടെ സേവനം തുടങ്ങിയ സൗകര്യങ്ങളുണ്ട്. മുതിര്‍ന്നവര്‍ക്ക് 20, കൂട്ടികള്‍ക്ക് 10 എന്നിങ്ങനെയാണ് രണ്ടിടത്തേക്കുമുള്ള പ്രവേശന നിരക്ക്. വാഹനങ്ങളുടെ വലിപ്പം അനുസരിച്ച് 15 മുതല്‍ 100 രൂപവരെ ഫീസ് നല്‍കണം.
രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെയാണ് പ്രവേശനം. യാത്രക്കാര്‍ക്ക് താമസിക്കാന്‍ അച്ചന്‍കോവില്‍ പൊതുമരാമത്ത് റെസ്റ്റ്ഹൗസുണ്ട്. അച്ചന്‍കേവില്‍ ജങ്ഷനില്‍ നിന്നും ആറു കിലോമീറ്ററും ചെങ്കോട്ടയില്‍ നിന്നാണങ്കില്‍ 22 കിലോമീറ്ററും യാത്ര ചെയ്യണം. പുനലൂരില്‍ നിന്നും അലിമുക്ക് വഴി 48 കിലോമീറ്ററും ചെങ്കോട്ട വഴി 65 കിലോമീറ്ററും ദൂരമുണ്ട്. പുനലൂര്‍ നിന്നും അലിമുക്ക്മുള്ളുമല വഴിയും തെന്മല, ആര്യങ്കാവ്, ചെങ്കോട്ട വഴിയും കെ.എസ്.ആര്‍.ടി.സി ബസുണ്ട്. അലിമുക്ക് വഴിയുള്ളത് രാവിലെ 6.15, ഉച്ചക്ക് 11.30, വൈകിട്ട് 4.30, രാത്രി 8. ചെങ്കോട്ട വഴിയുള്ളത് രാവിലെ 6.15, ഉച്ചക്ക് 1.45, വൈകിട്ട് 3.30.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.