Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightതുഷാരഗിരി: ഒരു...

തുഷാരഗിരി: ഒരു മണ്‍സൂണ്‍ (മഴ) യാത്ര

text_fields
bookmark_border
തുഷാരഗിരി: ഒരു മണ്‍സൂണ്‍ (മഴ) യാത്ര
cancel

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ ചിറകിലേറി വരുന്ന കാലവര്‍ഷമേഘങ്ങള്‍ ശക്തിപ്രാപിക്കുന്നത് ഗ്രീഷ്മ ഋതുവിലാണ്. ഇടവപ്പാതിയില്‍ തുടങ്ങി, മിഥുനവും കര്‍ക്കടകവും മഴ ആടിത്തിമിര്‍ക്കുന്നു. കേരളത്തെ കുളിരണിയിപ്പിക്കുന്ന കാലം. ഈറനണിഞ്ഞ പ്രകൃതി, പൊടിപടലങ്ങളില്ലാത്ത അന്തരീക്ഷം, പച്ചിലകളില്‍ ചാറിവീഴുന്ന മഴത്തുള്ളികള്‍ ഉതിര്‍ക്കുന്ന സംഗീതം, അവ മണ്ണിനെ ചുംബിക്കുമ്പോള്‍ പരക്കുന്ന ഗന്ധം, മരച്ചില്ലകള്‍ക്കിടയില്‍ മറഞ്ഞിരുന്ന് മഴയുടെ താളത്തിന് ശ്രുതിമീട്ടുന്ന പക്ഷികള്‍. ഓരോ നേരത്തും മഴക്ക് ഓരോരോ ഭാവങ്ങളും നിറങ്ങളും. മഴക്കാലം പ്രകൃതിയെ ഉല്ലാസവതിയായ ഒരു ഋതുമതിയാക്കുന്നു.

ഒക്ടോബര്‍ മുതല്‍ ഏപ്രില്‍-മേയ് വരെയാണ് കേരളത്തിലെ വിനോദസഞ്ചാര സീസണ്‍. അതു കഴിഞ്ഞാല്‍ മഴക്കാലം അഥവാ മണ്‍സൂണ്‍ ആയി. മഴപെയ്താല്‍ ടൂറിസം സീസണ്‍ തീര്‍ന്നു എന്നാണ് പൊതുവെയുള്ള സങ്കല്‍പം. മണ്‍സൂണിനെ (മഴക്കാലത്തെ) ആരും വലുതായി ഗൗനിക്കാറില്ല. എന്നാല്‍, മഴക്കാലം പ്രകൃതിയില്‍ പ്രത്യേക മൂഡുള്ള കാഴ്ചകളാണ് സമ്മാനിക്കുന്നത്. ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തേക്കാളും കേരളത്തിലെ മണ്‍സൂണിന് പ്രത്യേക കാല്‍പനിക സൗന്ദര്യമുണ്ട്. കേരളത്തിന്റെ മണ്‍സൂണിനെ പ്രണയിച്ചെത്തിയ വിദേശസഞ്ചാരികള്‍ നിരവധിയാണ്. ബ്രിട്ടീഷ് എഴുത്തുകാരനായ അലക്സാണ്ടര്‍ ഫ്രേറ്റര്‍ ‘ചേസിങ് ദ മണ്‍സൂണ്‍’ എന്ന തന്റെ അതിപ്രശസ്ത മഴപ്പുസ്തകത്തില്‍ കേരളത്തിലെ മണ്‍സൂണിനെക്കുറിച്ച് മനോഹരമായാണ് വിവരിച്ചിട്ടുള്ളത്. അദ്ദേഹം മണ്‍സൂണിനെ അനുഗമിച്ച് യാത്രതുടങ്ങിയത് കേരളത്തില്‍നിന്നായിരുന്നു.
എ.ഡി 45ല്‍ ഏഡന്‍ ദ്വീപില്‍നിന്ന് യാത്ര ആരംഭിച്ച് അറബിക്കടലിലൂടെ കേരളക്കരയിലെത്തിയ റോമന്‍-ഗ്രീക് നാവികനായ ഹിപ്പാലസാണ് കേരളത്തിലെ മണ്‍സൂണ്‍ എന്ന വിസ്മയത്തെ കണ്ടെത്തിയത്.

മഴക്കാലത്തായിരുന്നു തുഷാരഗിരി വെള്ളച്ചാട്ടത്തിലേക്കൊരു യാത്ര തെരഞ്ഞെടുത്തത്. കോഴിക്കോട് ജില്ലയുടെ കിഴക്കേ അറ്റത്ത് വയനാടിനോട് ചേര്‍ന്ന് പശ്ചിമഘട്ട മലനിരയിലാണ് തുഷാരഗിരി. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ട പ്രദേശമാണിത്. എന്നാല്‍, ഒരു ഭാഗം ജീരകപ്പാറ വനമേഖലയില്‍ ഉള്‍പ്പെട്ടതാണ്. ഏകദേശം 300 ഏക്കര്‍ സ്ഥലത്ത് ആദിവാസി കുടികളുമുണ്ട്. സഹ്യനും മഞ്ഞുകോടയും അനുരാഗികളായി ആലിംഗനം ചെയ്തുനില്‍ക്കുന്ന കാഴ്ചയാണ് ഒരുപക്ഷേ, പ്രാദേശികമായി തുഷാരഗിരി എന്ന പേരിനാധാരം. മാത്രവുമല്ല, വനഗര്‍ഭത്തില്‍നിന്ന് വെള്ളച്ചാട്ടത്തിന്റെ കുതിച്ചുള്ള പതനം വിദൂര കാഴ്ചയില്‍ ഹിമമലയില്‍നിന്ന് ഹിമപാളി അടര്‍ന്നുവീഴും പോലെയാണ്.

ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു കോടഞ്ചേരിയിലെത്തിയത്. തുഷാരഗിരിക്കടുത്തുള്ള ചെറിയ ടൗണാണ് കോടഞ്ചേരി. ഇവിടെനിന്ന് ഏകദേശം 11 കിലോമീറ്റര്‍ ദൂരം; ബസില്‍ അരമണിക്കൂറിലേറെ യാത്രയുണ്ട്. ഒന്നോ രണ്ടോ മണിക്കൂര്‍കൊണ്ട് വെള്ളച്ചാട്ടങ്ങള്‍ കണ്ട് മടങ്ങാമെന്നുദ്ദേശിച്ചായിരുന്നു ഉച്ചകഴിഞ്ഞുള്ള യാത്ര തെരഞ്ഞെടുത്തത്.

കോടഞ്ചേരിയിലെ ബസ് കാത്തുനില്‍പ് ഒന്നര മണിക്കൂറിലേറെ നീണ്ടുപോയിരുന്നു. ബോറടിക്കാന്‍ തുടങ്ങിയപ്പോള്‍, ബസ് വൈകുന്നതെന്തെന്ന് തിരക്കാമെന്ന് കരുതി. സമീപംകണ്ട മധ്യവയസ്കനോട് വിവരം അന്വേഷിച്ചു. പരിഭവിച്ചുള്ള നോട്ടത്തോടെയായിരുന്നു ആളുടെ മറുപടി. ഈ സമയത്ത് പോയിട്ട് എങ്ങനെയാണ് മടങ്ങിവരുക; അടുത്ത ബസ് 4.30ന്, ചെമ്പുകടവ് വരെയാണ് ഈ ബസ് പോവുക; അര മണിക്കൂര്‍ കഴിഞ്ഞ് തിരിച്ചുപോകും. കോടഞ്ചേരി വഴി വരുന്ന അടുത്ത ബസ് ഏഴു മണിക്കാണ്. അടുത്ത ദിവസം രാവിലെ ഏഴുമണിയോടെയാണ് ഈ ബസിന്റെ മടങ്ങിപ്പോക്ക്. ചെമ്പുകടവില്‍നിന്ന് ഏകദേശം നാലര കിലോമീറ്റര്‍ ദൂരമുണ്ട് തുഷാരഗിരിക്ക്, നടന്നോ ജീപ്പിലോ പോകാം. കോഴിക്കോട്ടേക്ക് തിരിച്ചു മടങ്ങണമെങ്കില്‍ ചെമ്പുകടവില്‍നിന്ന് കോടഞ്ചേരിവരെയെങ്കിലും ജീപ്പെടുക്കേണ്ടിവരുമെന്നും ഇന്നേ ദിവസം ഇനി പോകാതിരിക്കുന്നതാണ് ബുദ്ധിയെന്നും ഉപദേശിച്ചു. വെറുതേ പറഞ്ഞതാണോയെന്ന് ഉറപ്പിക്കണമല്ലോ, അതിനായി ഒന്നുരണ്ട് പേരോടുകൂടി അന്വേഷിച്ചു. അവരുടെ ഉപദേശവും സമാനമായിരുന്നു. ബസ് കാത്തുനിന്ന് സമയം നഷ്ടപ്പെട്ടത് കാരണം എന്തായാലും അവരുടെ ഉപദേശംതന്നെ സ്വീകരിക്കാമെന്ന് തീരുമാനിച്ചു.

കോഴിക്കോട്ടേക്ക് മടങ്ങാന്‍ നില്‍ക്കുമ്പോഴാണ് 10 പേരടങ്ങുന്ന ഉത്തരേന്ത്യന്‍ യുവതീയുവാക്കളുടെ ഒരു സംഘം സമീപിച്ചത്. തുഷാരഗിരിയിലേക്കുള്ള ബസ് വിവരം അന്വേഷിച്ചാണ് അവരുമെത്തിയത്. ലഭ്യമായിരുന്ന വിവരങ്ങള്‍ പങ്കുവെച്ചപ്പോള്‍ കോഴിക്കോട്ടേക്ക് മടങ്ങിപ്പോകാമെന്ന് ആ സംഘവും തീരുമാനമെടുത്തു. തൊട്ടടുത്ത ദിവസം വയനാടിന് പോകേണ്ടതാണിവര്‍ക്ക്. ഉത്തരേന്ത്യയില്‍നിന്ന് കിലോമീറ്ററുകള്‍ താണ്ടി ഇവിടെയെത്തിയിട്ട് തുഷാരഗിരി കാണാനുള്ള അവരുടെ മോഹം, ബസ് സൗകര്യക്കുറവുകാരണം ഉപേക്ഷിക്കേണ്ടിവന്നു. കേരളത്തിലെ ഒരു സ്ഥലമായതിനാല്‍, പ്രത്യേകിച്ച് ഒരു ടൂറിസ്റ്റ് കേന്ദ്രംകൂടിയാണല്ലോ എന്ന് കരുതിയാണ് തുഷാരഗിരിയിലേക്കുള്ള ബസ് സമയങ്ങളെക്കുറിച്ച് നേരത്തേ മനസ്സിലാക്കിവെക്കാതിരുന്നത്. വികസനം എത്തിനോക്കിയിട്ടില്ലാത്ത ഇന്ത്യയിലെ മറ്റ് ദരിദ്ര ഗ്രാമങ്ങളേക്കാള്‍ എന്തുകൊണ്ടും മെച്ചമായിരിക്കുമല്ലോ നമ്മുടെ നാട് എന്ന മുന്‍വിധിയാണ് എല്ലാം തെറ്റിച്ചത്. ഒരു ടൂറിസ്റ്റ് കേന്ദ്രത്തെ വേണ്ടരീതിയില്‍ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തികമായി പ്രയോജനപ്പെടുത്തുന്നതിനും ബന്ധപ്പെട്ട അധികൃതര്‍ കാട്ടുന്ന ഉത്തരവാദിത്തമില്ലായ്മയെക്കുറിച്ച് പരിഭവിച്ച് അഭിപ്രായപ്പെട്ടുകൊണ്ടായിരുന്നു ആ സംഘം മടങ്ങിയത്.

അടുത്ത ദിവസത്തെ യാത്ര എന്തായാലും ബസ് സമയങ്ങളെക്കുറിച്ച് കൃത്യമായി അന്വേഷിച്ചേ ഉള്ളൂ എന്നുറപ്പിച്ചു. പാളയം സ്റ്റാന്‍ഡിലാണ് തുഷാരഗിരിക്കുള്ള ബസിനെക്കുറിച്ച് ആദ്യം അന്വേഷണം നടത്തിയത്. ഏതാനും ബസ്ജീവനക്കാരോട് അന്വേഷിച്ചെങ്കിലും ആര്‍ക്കും കൃത്യമായ വിവരം ഉണ്ടായിരുന്നില്ല. സ്റ്റാന്‍ഡിലെ ഒരു പഴയ ബുക്സ്റ്റാളില്‍ അന്വേഷിക്കാനാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. ബുക്സ്റ്റാള്‍ ഉടമക്കും കൃത്യമായ വിവരം ഉണ്ടായിരുന്നില്ല. കോഴിക്കോട്, താമരശ്ശേരി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ ഓഫിസില്‍ അന്വേഷിച്ചപ്പോഴും കൃത്യമായ വിവരം ലഭ്യമായില്ല. പക്ഷേ, മാനാഞ്ചിറ സ്റ്റേഷന്‍ മാസ്റ്ററോട് അന്വേഷിക്കാനായി മൊബൈല്‍ നമ്പര്‍ തന്ന് സഹായിച്ചു. മാനാഞ്ചിറ സ്റ്റേഷന്‍ മാസ്റ്റര്‍ പ്രേമന്‍, തുഷാരഗിരി ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ മാനേജര്‍ ഷൈബി എന്നിവരോട് നടത്തിയ തുടരന്വേഷണത്തില്‍ ലഭ്യമായ വിവരങ്ങള്‍ ഇതാണ്:
കെ.എസ്.ആര്‍.ടി.സി ബസ് സമയങ്ങള്‍
1. രാവിലെ 8.50ന് താമരശ്ശേരി-തുഷാരഗിരി, 9.50ഓടെ തുഷാരഗിരിയിലെത്തുന്നു. അരമണിക്കൂര്‍ കഴിഞ്ഞ് ബസ് മടങ്ങും.
2. രാവിലെ 9.20ന് മാനാഞ്ചിറ സ്റ്റാന്‍ഡില്‍ (കോഴിക്കോട്) നിന്ന് അടിവാരം വഴി തുഷാരഗിരി (വട്ടച്ചിറ), 11.30ന് തുഷാരഗിരി (വട്ടച്ചിറ)യിലെത്തുന്നു. 12ന് ബസ് മടങ്ങിപ്പോകും.
3. ഉച്ചക്ക് 2.20ന് മാനാഞ്ചിറ-തുഷാരഗിരി (വട്ടച്ചിറ), വൈകീട്ട് അഞ്ചിന് തുഷാരഗിരിയില്‍നിന്ന് ഈ ബസ് തിരിച്ചുപോകും. അടിവാരം വരെയാണ് സര്‍വീസുള്ളത്. വട്ടച്ചിറയില്‍നിന്ന് ഏകദേശം രണ്ടര കിലോമീറ്റര്‍ ദൂരമുണ്ട് മറ്റു വെള്ളച്ചാട്ടങ്ങളിലേക്ക്. വട്ടച്ചിറക്ക് മറുകരയിലാണവ.

പ്രൈവറ്റ് ബസ് സമയങ്ങള്‍
1.45 pm, 3.45 pm, 8.00 pm- തുഷാരഗിരിയില്‍ ബസുകള്‍ എത്തുന്ന സമയമാണിത്. കോടഞ്ചേരി ചെമ്പുകടവ് വഴിയുള്ളതാണ് ഈ ബസുകള്‍. എട്ടു മണിക്ക് ഒഴികെയുള്ള ബസുകള്‍ തുഷാരഗിരിയില്‍ അര മണിക്കൂര്‍ ഹാള്‍ട്ട് കഴിഞ്ഞ ശേഷം മടങ്ങും. എട്ടു മണിയുടേത് അടുത്ത ദിവസം ഏഴു മണിയോടെയാണ് തിരിച്ചു മടങ്ങുക.
കോടഞ്ചേരി വഴി ചെമ്പുകടവുവരെ ഏതാനും ബസുകള്‍ വൈകീട്ട് മൂന്നുമണിവരെ രണ്ടോ മൂന്നോ സര്‍വീസ് നടത്തുന്നുണ്ട് (ബസ് സമയങ്ങള്‍ കൃത്യമല്ല). മൂന്നു മണി കഴിഞ്ഞാല്‍ കോടഞ്ചേരി വഴി 4.30നും ഏഴിനുമാണ് ബസ്.

ബസ് മാര്‍ഗം തുഷാരഗിരിയിലേക്കുള്ള യാത്ര സൗകര്യപ്രദമല്ല. വെള്ളച്ചാട്ടങ്ങളെല്ലാം മതിയാവോളം ആസ്വദിക്കുന്നതിനും വനയാത്ര നടത്തുന്നതിനുമൊന്നും ഈ ബസ് സമയങ്ങള്‍ അഭികാമ്യമല്ല. പ്രൈവറ്റ് വാഹനങ്ങളില്‍ എത്തുന്നതാണ് നിലവില്‍ സഞ്ചാരികള്‍ ഏറെയും തെരഞ്ഞെടുക്കുന്ന മാര്‍ഗം. ഒരുപക്ഷേ, കൂടുതല്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ സാധാരണക്കാരായ തദ്ദേശ സഞ്ചാരികളും മറ്റ് അന്യദേശ സഞ്ചാരികളും ഇവിടെ കൂടുതലെത്താന്‍ സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നത്.

മാനാഞ്ചിറയില്‍നിന്ന് 9.30ന് പുറപ്പെടുന്ന അടിവാരം വഴിയുള്ള ബസില്‍ (കെ.എസ്.ആര്‍.ടി.സി) 11.30ഓടെ തുഷാരഗിരി (വട്ടച്ചിറ)യിലെത്തി. അവിടുന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ നടക്കണം പ്രധാന വെള്ളച്ചാട്ടത്തിലെത്താന്‍. കാട്ടുപാതയിലൂടെയാണ് യാത്ര. ബസിറങ്ങി അടുത്ത് കണ്ട ഒരു തദ്ദേശീയനോട് വഴി ചോദിച്ച് മുന്നോട്ടു നടന്നു. വന്‍ മരങ്ങളും കാട്ടുവള്ളികളും കുറ്റിച്ചെടികളും നിറഞ്ഞ വനവീഥി. വഴിത്താരയില്‍ ചില മരങ്ങള്‍ കടപുഴകി കിടപ്പുണ്ടായിരുന്നു. എപ്പോഴോ പെയ്തമഴയില്‍ കുളിച്ച് മരങ്ങളും ചെടികളും ഈറനണിഞ്ഞ് നില്‍പുണ്ടായിരുന്നു. പുല്‍നാമ്പുകളെയും കുറ്റിച്ചെടികളെയും ചവിട്ടി കടന്ന് മുന്നോട്ടുപോകുമ്പോള്‍ അവയില്‍ ഒളിപ്പിച്ചിരുന്ന ജലകണികകളിലെ കുളിര് പാദങ്ങളെ സ്പര്‍ശിക്കുന്നുണ്ടായിരുന്നു. വനഗുഹയിലേക്ക് ഓരോ ചുവടുവെച്ച് കയറുമ്പോഴും കുളിര് കൂടിക്കൂടി വന്നു. പ്രകൃതിദത്തമായ ആ ശീതീകരണാവസ്ഥ ഒരു പ്രത്യേക അനുഭൂതി പകര്‍ന്നു. വെള്ളച്ചാട്ടത്തിനടുത്തുവരെയെത്തിയത് പിന്നീട് ആരോടും വഴിചോദിക്കാതെയായിരുന്നു.

ദൂരെനിന്നുതന്നെ കേള്‍ക്കാമായിരുന്ന വെള്ളച്ചാട്ടത്തിന്റെ ഇരമ്പലിന് ചുവടുപിടിച്ചായിരുന്നു നടത്തം. ആ മാസ്മരിക ശബ്ദം അങ്ങോട്ട് നയിക്കുകയായിരുന്നു. കാടിനുള്ളില്‍നിന്ന് പുറത്തേക്ക് മുഴങ്ങിക്കൊണ്ടിരുന്ന ഇരമ്പല്‍ ഒരു ആര്‍ദ്രനാദം പോലെയായിരുന്നു. മഴയാകുന്ന കാമുകന്‍ വരാന്‍ വൈകുന്നതിന്റെ പരിഭവം പാറകളില്‍ തല്ലിയലച്ച് തീര്‍ക്കുന്നതിന്റേതായിരുന്നു ആ ആര്‍ദ്രനാദം. വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തിയപ്പോഴേക്കും ശരീരം പൂര്‍ണമായും നനഞ്ഞിട്ടുണ്ടായിരുന്നു. കാറ്റിലൂടെ ഒഴുകിയെത്തിയ വെള്ളത്തിന്റെ ബാഷ്പകണങ്ങളാണ് ആ കുസൃതി ഒപ്പിച്ചത്. വള്ളികളില്‍ തൂങ്ങിനിന്ന വനപുഷ്പങ്ങളിലെ വാസനയും മഴ നനഞ്ഞ് കുതിര്‍ന്ന ചാമ്പ്രാണി മരത്തിന്റെയും വയണ മരത്തിന്റെയും മറ്റും മരപ്പട്ട (തൊലി) യില്‍നിന്ന് പരന്ന മണവും കൂടിക്കലര്‍ന്ന പ്രത്യേക സുഗന്ധം അന്തരീക്ഷത്തില്‍ തങ്ങിനില്‍പുണ്ടായിരുന്നു. കാമുകിയുടെ ആര്‍ദ്രനാഥം കേട്ടെന്നപോലെ ആകാശത്ത് കാര്‍മേഘങ്ങള്‍ വൈകാതെതന്നെ ഉരുണ്ടുകൂടി. അന്തരീക്ഷം ശ്യാമവര്‍ണമായി. കാടും മേടുമെല്ലാം പെട്ടെന്ന് ഇരുണ്ടു. ദൂരെനിന്ന് ആ കാമുകന്‍ കാട് മുഴക്കി വരുന്ന ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു.

ഞൊടിയിടയില്‍തന്നെ ശക്തമായ പ്രണയം അറിയിച്ചുകൊണ്ട് മഴത്തുള്ളികള്‍ ചാറിവീഴാന്‍ തുടങ്ങി. മഴത്തുള്ളികള്‍ക്ക് ചരല്‍ വര്‍ഷിക്കുന്നത്ര ശക്തി ഉണ്ടായിരുന്നു. സമീപം കണ്ട കൂറ്റന്‍ പാറയുടെ അരികില്‍ കയറി അല്‍പസമയം ഒതുങ്ങി. വെള്ളച്ചാട്ടവും മഴയും തമ്മില്‍ പ്രണയം പങ്കിടുന്നത് ആഹ്ലാദത്തോടെ കണ്ടുനിന്നു. അല്‍പനേരം കഴിഞ്ഞപ്പോള്‍തന്നെ മഴ പൂര്‍ണമായി. അന്തരീക്ഷം വീണ്ടും തെളിഞ്ഞു. പക്ഷേ, വെള്ളച്ചാട്ടത്തിന്റെ രൂപവും ഭാവവും മാറിക്കഴിഞ്ഞിരുന്നു. വനനിഗൂഢതയില്‍നിന്ന് ഹുങ്കാരശബ്ദത്തോടെയായിരുന്നു പിന്നീട് ഒഴുക്ക്. പ്രണയസംതൃപ്തിയിലെ ആനന്ദനൃത്തമായിരുന്നു ആ കുതിപ്പിന്.

പാറകള്‍ക്ക് മുകളിലൂടെ പതഞ്ഞൊഴുകുന്ന കാഴ്ച അങ്ങേയറ്റം ഹരം പകരുന്നതാണ്. പതഞ്ഞൊഴുകുന്ന പാലാഴിയിലേക്കിറങ്ങി ഒന്ന് നീന്തിക്കുളിക്കാന്‍ കൊതിയുണ്ടായിരുന്നു. പക്ഷേ, ഒഴുക്കിന്റെ ശക്തിയും പാറയുടെ വഴുവഴുക്കലും കാരണം ആപത്താണെന്ന് മനസ്സിലാക്കി അത് ഒഴിവാക്കി. എങ്കിലും വെള്ളത്തിലിറങ്ങി കുറച്ചുനേരം ചെലവിടാതെ പോകാന്‍ തോന്നിയില്ല. അത്ര വഴുക്കില്ലാത്ത ഒരു പാറമേല്‍ പിടിച്ചുകൊണ്ട് മുട്ടോളം വെള്ളത്തിലിറങ്ങിനിന്നു. അവിശ്വസനീയമായിരുന്നു ആ തണുപ്പ്. തുഷാരഗിരി എന്ന പേരിന് പകരംവെക്കാനാകാത്ത മഞ്ഞിന്റെ തണുപ്പായിരുന്നു വെള്ളത്തിന്. വെള്ളത്തില്‍നിന്ന് ഒരു പ്രത്യേക ഉന്മേഷം ശരീരത്തില്‍ ഇരച്ചുകയറുന്നതുപോലെ അനുഭവപ്പെട്ടു. പലതരം ഔഷധഗുണങ്ങളുള്ള വേരുകളുടെയും സസ്യങ്ങളുടെയും ഇടയിലൂടെ ഒഴുകുന്നതുകൊണ്ടാകും വെള്ളത്തിനിത്രയും ഊര്‍ജം പകരാന്‍ കഴിയുന്നത്. എത്രനേരം ചെലവഴിച്ചാലും മതിവരാത്ത ആ വെള്ളച്ചാട്ടത്തില്‍നിന്ന് അധികം വൈകാതെതന്നെ കയറി. കാരണം മറ്റു വെള്ളച്ചാട്ടങ്ങള്‍കൂടി കാണാന്‍ പോകേണ്ടതുണ്ട്.

നാല് പ്രധാന വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരിയിലുള്ളത്. ഈരാറ്റുമുക്ക് വെള്ളച്ചാട്ടം, മഴവില്‍ വെള്ളച്ചാട്ടം, തുമ്പി തുള്ളുംപാറ, തേന്‍പാറ വെള്ളച്ചാട്ടം (അവിഞ്ഞിതോട്). പശ്ചിമഘട്ടത്തില്‍നിന്ന് ഉദ്ഭവിക്കുന്ന രണ്ട് കൈവഴികളിലാണ് ഈ വെള്ളച്ചാട്ടങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഈരാറ്റുമുക്ക്, മഴവില്‍ വെള്ളച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നിവ ഒരു കൈവഴിയിലാണ്. മറ്റൊരു കൈവഴിയിലാണ് തേന്‍പാറ വെള്ളച്ചാട്ടം. ഇവയില്‍ തേന്‍പാറ വെള്ളച്ചാട്ടത്തിനാണ് ഏറ്റവും ഉയരം കൂടുതല്‍- ഏകദേശം 240 അടി. മറ്റുള്ളവക്ക് ശരാശരി 100-125 അടിയേ ഉയരമുള്ളൂ. ഏകദേശം അഞ്ച് കി.മീ. കാടിനുള്ളിലേക്ക് പോകണം തേന്‍പാറ (അവിഞ്ഞിതോട്) വെള്ളച്ചാട്ടത്തിലെത്താന്‍. മഴക്കാലത്ത് അങ്ങോട്ടുള്ള പോക്ക് അത്ര എളുപ്പമല്ല. രണ്ടു കൈവഴികളിലെയും അരുവികള്‍ ഈരാറ്റുമുക്ക് എന്ന സ്ഥലത്ത് സംഗമിക്കുന്നു. അവിടന്നങ്ങോട്ട് ഇത് ചാലിപ്പുഴ എന്ന പേരിലാണ് ഒഴുകുന്നത്.

ബസില്‍ വട്ടച്ചിറയിലാണ് എത്തുന്നതെങ്കില്‍ ആദ്യം കാണാവുന്നത് ഈരാറ്റുമുക്ക് വെള്ളച്ചാട്ടമാണ്. മറുവശത്ത് ഒരു തൂക്കുപാലമുണ്ട്; മഴവില്‍ വെള്ളച്ചാട്ടവും. ഏകദേശം രണ്ടര കിലോമീറ്റര്‍ ദൂരമുണ്ട്. നടന്നോ വാഹനങ്ങളിലോ പോകാം. വേരുകള്‍ പടര്‍ന്ന് കുത്തനെയുള്ള കയറ്റമാണ് മഴവില്‍ വെള്ളച്ചാട്ടത്തിലേക്ക്. നല്ല വെയിലുള്ളപ്പോള്‍ ഈ വെള്ളച്ചാട്ടത്തിനു മുകളില്‍ കാന്തികവലയംപോലെ മഴവില്ല് വിരിയും. തൊട്ടുമുകളിലേക്ക് വീണ്ടും ചുവടുവെച്ചാല്‍ തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടമായി. വഴുക്കന്‍ പാറകളും ചെറിയ മുള്‍ച്ചെടികളും താണ്ടിവേണം അതിലേക്കെത്താന്‍. കാടിന് നടുവില്‍ അടുക്കിവെച്ച രണ്ട് കൂറ്റന്‍ കരിമ്പാറകള്‍ക്ക് മുകളിലൂടെയാണ് ഈ വെള്ളച്ചാട്ടത്തിന്റെ പതനം. ഒരു പാറയില്‍നിന്ന് മറ്റൊരു പാറയിലേക്ക് വീണ് ചിതറുന്നു. തുമ്പികളും പൂമ്പാറ്റകളും ഇവിടെ പാറിക്കളിക്കാറുണ്ടത്രെ. അതിനാലാണ് ഈ പേര്. മറ്റൊരു കാഴ്ച തോണിക്കയമാണ്. വിശാലമായ പാറകള്‍ക്ക് മുകളിലൂടെ സൗമ്യമായ പാല്‍പുഞ്ചിരി തൂകി ഒഴുകുന്ന പുഴയുടെ മധ്യത്തിലായാണ് തോണിക്കയം. തോണിയുടെ ആകൃതിയില്‍ ചെത്തിയെടുത്തതുപോലുള്ള ഗര്‍ത്തമാണിത്. ദൂരെനിന്ന് നോക്കിയാല്‍ ഒരു തോണി മുങ്ങിക്കിടപ്പുണ്ടെന്ന് തോന്നും. ഇത്രയും വെള്ളച്ചാട്ടങ്ങളുടെ കാഴ്ചകള്‍ക്കിടയില്‍ വനത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ ഏറെയുണ്ട്.

ആന, കാട്ടുപോത്ത്, മാന്‍, കേഴ, കരിങ്കുരങ്ങ്, മലയണ്ണാന്‍ തുടങ്ങിയ മൃഗങ്ങളും മലമ്പ്രാവ്, ചെമ്പോത്ത്, കരിന്തലച്ചികിളി, കാട്ടുകോഴി, മൈന, മലമുഴക്കി വേഴാമ്പല്‍ തുടങ്ങിയ പക്ഷികളും പലതരം ചിത്രശലഭങ്ങളും വിവിധ ജാതി കാട്ടുമരങ്ങളും ഔഷധച്ചെടികളുംകൊണ്ട് സമ്പന്നമാണ് ഇവിടത്തെ വനമേഖല. രാജവെമ്പാല കൂടുകൂട്ടിയ കാടാണെന്നുകൂടി ഓര്‍ക്കണം. പക്ഷേ ഇവകളെ കാണണമെങ്കില്‍ ട്രക്കിങ് ആവശ്യമാണ്.

ഡി.ടി.പി.സിയും തുഷാരഗിരി വനസംരക്ഷണ സമിതിയും ചേര്‍ന്ന് ‘മഴയാത്ര’ എന്ന പരിപാടി അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. 220 രൂപയാണ് ഒരാള്‍ക്ക്. ഉച്ചഭക്ഷണം നല്‍കുന്നുണ്ട്. പക്ഷേ, ഈ യാത്രക്ക് എത്തണമെങ്കില്‍ നേരത്തേ ബുക് ചെയ്യുക മാത്രമല്ല, സ്വന്തം വാഹനത്തില്‍തന്നെ എത്തേണ്ടതുമുണ്ട്. ബസ് സമയങ്ങള്‍ അനുയോജ്യമല്ല.

കേരളത്തിലെ മഴക്കാല യാത്രകള്‍ സൗകര്യപ്രഥമായാല്‍ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ്. എന്നാല്‍, അത് വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ഇക്കോ ടൂറിസത്തിനും മഴ-വനയാത്രക്കും അപാര സാധ്യതകളാണ് തുഷാരഗിരി തുറന്നിട്ടിരിക്കുന്നത്. അതു വേണ്ടവിധം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. മഴക്കാലമായാല്‍ കേരളത്തിലെ സീസണ്‍ കഴിഞ്ഞു എന്ന സങ്കല്‍പത്തെ മറ്റിയെടുത്ത് മണ്‍സൂണിനെക്കൂടി വിനോദസഞ്ചാര സീസണായി മാറ്റാന്‍ ഇതുപോലെ കൂടുതല്‍ സ്ഥലങ്ങളെ ഇനി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ ടൂറിസംകൊണ്ട് ജീവിക്കുന്ന തൊഴിലാളികള്‍ക്കും സര്‍ക്കാറിനും ഏറെ ഗുണകരമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story