കുദ്രെമുഖ് -ട്രെക്കിങ് പ്രേമികളുടെ സ്വര്‍ഗം
text_fieldsകര്‍ണാടകത്തില്‍ ചിക്കമഗളൂര്‍ ജില്ലയിലെ മലമ്പ്രദേശത്തെ ചെറിയ പട്ടണമാണ് കുദ്രെമുഖ്. പക്ഷേ ശരിയായ കുദ്രെമുഖ് ഈ ചെറുപട്ടണമല്ല, മലകളും നിത്യഹരിത വനപ്രദേശവും പുല്‍മേടുകളും ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങളുമൊക്കെയായി വ്യാപിച്ചു കിടക്കുകയാണത്. കന്നഡ ഭാഷയില്‍ കുദ്രെമുഖ് എന്നാല്‍ ‘കുതിരയുടെ മുഖം’ എന്നാണര്‍ഥം. കുതിരയുടെ മുഖത്തിന് സമാനമായ രൂപത്തിലാണ് പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ (1892 മീറ്റര്‍) കുദ്രെമുഖ് പീക്കിന്റെ കിടപ്പ്. ഈ പീക്കിലേക്ക് ഒരു വശത്തുനിന്നും നോക്കിയാല്‍ ഇങ്ങനെ കാണപ്പെടുന്നതിനാലാണ് കുദ്രെമുഖ് എന്ന പേരു വന്നത്.
പശ്ചിമഘട്ടത്തില്‍ ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായ കുദ്രെമുഖ് ഹില്‍സ്റ്റേഷന്‍ സംരക്ഷിക്കപ്പെടാന്‍ 1987ലാണ് ഇവിടം ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. 600 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന കുദ്രെമുഖ് നാഷണല്‍ പാര്‍ക്ക് പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വന്യജീവി സംരക്ഷിത മേഖലയാണ്. പുലി, കരടി, കാട്ടുപോത്ത്, മാന്‍, കാട്ടുനായ, കാട്ടുപന്നി, വെരുക്, സിംഹവാലന്‍ കുരങ്ങ് തുടങ്ങിയ ജന്തുവര്‍ഗങ്ങളും ഇവിടെയുണ്ട്. വിവിധയിനം ചിത്രശലഭങ്ങളെയും വ്യത്യസ്ത ഗണത്തില്‍പെട്ട പക്ഷികളെയും ഇവിടെ കാണാം.
സമുദ്രനിരപ്പില്‍ നിന്നും 1894 മീറ്റര്‍ ഉയരത്തിലാണ് കുദ്രെമുഖ് ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. കേരള അതിര്‍ത്തിയില്‍ നിന്നും 48. കി.മീ.ഉം കര്‍ണാടകയിലെ കളസയില്‍ നിന്നും 20 കി.മീ.ഉം ആണ് ഇങ്ങോട്ടേക്കുള്ള ദൂരം. ചിക്കമഗളൂര്‍ കൂടാതെ ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലും പാര്‍ക്കിന്റെ ഭാഗങ്ങളുണ്ട്.
കുദ്രെമുഖിലെ ട്രെക്കിങ്
നിബിഡ വനത്തിലൂടെ അരുവികള്‍ മുറിച്ചു കടന്ന്, പാറക്കെട്ടുകള്‍ കയറിയിറങ്ങി, പുല്‍മേടുകള്‍ താണ്ടിയുള്ള യാത്ര....! കുദ്രെമുഖിലെ ട്രെക്കിങ് സഞ്ചാരിക്ക് നല്‍കുന്നത് മനംമയക്കുന്ന പ്രകൃതിയുടെ പച്ചയായ കാഴ്ചകളാണ്. പ്രകൃതിയുടെ വന്യമായ ശാന്തത കുദ്രെമുഖില്‍ ആസ്വദിക്കാം.
13 ട്രെക്കിങ് പാതകളാണ് കുദ്രെമുഖ് ദേശീയോദ്യാനത്തില്‍ ഉള്ളത്. എത്ര സമയം നിങ്ങള്‍ ട്രെക്കിങിനായി ചെലവിടുന്ന എന്നതിനെ ആശ്രയിച്ചാണ് ഒരോ പാതയും തെരഞ്ഞെടുക്കേണ്ടത്. അഞ്ചു പകലും നാലു രാത്രികളും നീളുന്ന ട്രെക്കിങ് പരിപാടികള്‍ വരെ ഇവിടെയുണ്ട്. ടെന്‍റുകള്‍ സ്ഥാപിച്ച് കാട്ടിനുള്ളില്‍ തങ്ങിയുള്ള യാത്ര ട്രെക്കിങ് പ്രിയരെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.
ദേശീയോദ്യാനത്തില്‍ പ്രവേശിക്കാനും ട്രെക്കിങിനും മുന്‍കൂട്ടി അനുമതി വാങ്ങണം. കുദ്രെമുഖ് ടൗണിലെ റിസര്‍വ് ഫോറസ്റ്റ് ഓഫീസില്‍ നിന്നും പാസുകള്‍ ലഭിക്കും. കുദ്രെമുഖ് ടൗണില്‍ നിന്നും ദേശീയോദ്യാനത്തിലേക്ക് ബസിലും ഓട്ടോയിലും എത്തിച്ചേരാം. ട്രെക്കിങിന് തയാറായി എത്തുന്നവര്‍ക്ക് ഗൈഡിനെയും ഫോറസ്റ്റ് ഓഫീസില്‍ നിന്നും കൂടെകൂട്ടാം. ട്രെക്കിങിനും മറ്റു സഹായങ്ങള്‍ക്കും കുദ്രെമുഖ് വാസികളെയും സമീപിക്കാം.
കുദ്രെമുഖ് പീക്ക്
കുതിരയുടെ മുഖമുള്ള പീക്കിലേക്കുള്ള യാത്ര തന്നെയാണ് കുദ്രെമുഖിലെ ട്രെക്കിങില്‍ പ്രധാനപ്പെട്ടത്. കുന്നിന്റെ പ്രൗഢമായ നില്‍പും ട്രെക്കിങ് പാതകളിലെ കാഴ്ചകളും അവിസ്മരണീയമാണ്. രാവിലെ 6 മുതല്‍ വൈകീട്ട് 5 വരെയാണ് പീക്കിലേക്ക് പ്രവേശം അനുവദിക്കുന്നത്. ട്രെക്കിങ് പാതകളില്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി തള്ളരുതെന്ന് കര്‍ശന നിബന്ധനയുണ്ട്. പീക്കിനു സമീപത്തെ കാട്ടിലേക്ക് ഗൈഡോ പ്രദേശവാസികളോ കൂടെയില്ലാതെ വൈകുന്നേരം 5 മണിക്കു ശേഷം ഇറങ്ങാന്‍ അധികൃതര്‍ സമ്മതിക്കില്ല. മറ്റൊരു ട്രെക്കിങ് കേന്ദ്രമായ കുറിനാഞല്‍ പീക്ക് കുദ്രെമുഖ് പീക്കിന് സമീപത്താണ്.
നരസിംഹ പര്‍വതം
കുദ്രെമുഖിലെ നരസിംഹ പര്‍വതത്തിലേക്കുള്ള ട്രെക്കിങ് സഞ്ചാരിക്ക് ഒഴിച്ചുകൂടാനാവില്ല. സാഹസികരായ സഞ്ചാരികള്‍ രണ്ടു ദിവസത്തെ ട്രെക്കിങിന് തയാറായാണ് ഇങ്ങോട്ടെത്തുന്നത്. ഒരു ഗൈഡിനെയും കൂടെ കൂട്ടുന്നത് നന്നായിരിക്കും.പര്‍വതത്തിലേക്കുള്ള വഴിയില്‍ താണ്ടിയ പുല്‍മേടുകളുടെയും നിരന്നുകിടക്കുന്ന എണ്ണമറ്റ കുന്നുകളുടെയും മലമുകളില്‍ നിന്നുള്ള കാഴ്ച മനോഹരമാണ്. ഇവിടേക്കുള്ള ട്രെക്കിങിനായ സഞ്ചാരികള്‍ പൊതുവെ തെരഞ്ഞെടുക്കുന്നത് ഷിമോഗ ജില്ലയിലെ അഗുംബെയില്‍ നിന്നുള്ള പാതയാണ്. അഗുംബെയില്‍ നിന്നും 6 കി.മീ. അകലെയുള്ള മലന്ദൂരില്‍ നിന്നാണ് പാത തുടങ്ങുന്നത്. ചിക്കമഗളൂരുവില്‍ നിന്നും 110 കി.മീ അകലെയാണ് അഗുംബെ. ചിക്കമഗളൂരിലെ ശൃംഗേരി പട്ടണത്തില്‍ നിന്നും 10 കി.മീ. അകലെയുള്ള കിഗ്ഗയില്‍ നിന്ന് മറ്റൊരു പാതയുമുണ്ട്. കുദ്രെമുഖില്‍ നിന്നും 51 കി.മീ. ആണ് ശൃംഗേരിയിലേക്കുള്ള ദൂരം. നരസിംഹ പര്‍വതം കയറുന്ന സഞ്ചാരികള്‍ നിശ്ചിത തുക പ്രവേശ ഫീസ് അടക്കണം.
ഗംഗമൂല ഹില്‍സ്
കുദ്രെമുഖ് ജൈവവൈവിധ്യ മേഖലയുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഹില്‍സ്റ്റേഷനാണിത്. നിബിഡ വനത്തിലൂടെ ഗംഗമൂല ഹില്‍സിലേക്കുള്ള ട്രെക്കിങ് മറക്കാനാവാത്ത അനുഭവമായിരിക്കും. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ഗംഗമൂല ഹില്‍സ് സമുദ്രനിരപ്പില്‍ നിന്നും 1458 മീറ്റര്‍ ഉയരത്തിലാണ്. വരാഹ പര്‍വത എന്നും അറിയപ്പെടുന്ന ഇവിടെ നിന്നാണ് തുംഗ, ഭദ്ര, നേത്രാവദി നദികളുടെ ഉദ്ഭവം. പക്ഷി നിരീക്ഷകരുടെ സ്വര്‍ഗമാണ് ഗംഗമൂല. 107ഓളം ഗണത്തില്‍പെട്ട പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. വനത്തിനുള്ളില്‍ ഭഗവതി ക്ഷേത്രവും ഒരു ഗുഹയുടെ അകത്തായി വരാഹ ക്ഷേത്രവും ഉണ്ട്. മഴക്കാലത്ത് ഗുഹക്കുള്ളില്‍ പ്രവേശിക്കാനാവില്ല. ട്രെക്കിങിന് വനംവകുപ്പിന്റെഅനുമതി ആവശ്യമാണ്.
സിരിമാനെ വെള്ളച്ചാട്ടം
അദൈ്വത സിദ്ധാന്തത്തിന്‍െറ ഭൂമികയായ ശൃംഗേരിയില്‍ നിന്നും 16 കി.മീ. അകലെയാണ് സിരിമാനെ വെള്ളച്ചാട്ടം. ശൃംഗേരിയില്‍ നിന്നും കിഗ്ഗ എന്ന സ്ഥലത്തേക്ക് ബസ് കിട്ടും. കിഗ്ഗയില്‍ നിന്നും 5 കി.മീ. മാത്രമാണ് സിരിമാനെ വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം. വെള്ളച്ചാട്ടത്തിനടുത്തേക്ക് റോഡ് മാര്‍ഗം സുഗമമായി എത്താനാകുമെന്നതിനാല്‍ എപ്പോഴും നിറയെ ആളുകളുണ്ടാകും ഇവിടെ. പശ്ചിമ ഘട്ടത്തിലെ മറ്റു വെള്ളച്ചാട്ടങ്ങളോട് താരതമ്യപ്പെടുത്തുമ്പോള്‍ ചെറുതാണ് സിരിമാനെ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന്റെ മടിയില്‍ നീന്താനും ഒഴുക്ക് അറിയാനുമെല്ലാം നല്ലത് മഴക്കാലത്തിനു തൊട്ടു ശേഷമുള്ള സമയമാണ്. വെള്ളച്ചാട്ടം കാണാന്‍ പ്രത്യേകം പ്രവേശ ഫീസ് നല്‍കണം. 9 മണി മുതല്‍ 6 മണി വരെയാണ് പ്രവേശം.
ഹനുമാന്‍ ഗുണ്ടി വെള്ളച്ചാട്ടം
കുദ്രെമുഖ്-ശൃംഗേരി പ്രധാന റോഡിന് സമീപത്താണ് ഹനുമാന്‍ ഗുണ്ടി വെള്ളച്ചാട്ടം. മെയിന്‍ റോഡില്‍ നിന്നും കുറച്ചു ദൂരം നടന്ന ശേഷം 300ഓളം പടികള്‍ കയറണം വെള്ളച്ചാട്ടത്തിനടുത്തെത്താന്‍. സുതനാബ്ബെ വെള്ളച്ചാട്ടമെന്നും അറിയപ്പെടുന്ന ഹനുമാന്‍ ഗുണ്ടി വെള്ളച്ചാട്ടം ഉഡുപ്പി ജില്ലയിലെ കാര്‍കളക്കും ലാക്യ അണക്കെട്ടിനും ഇടക്ക് സ്ഥിതി ചെയ്യുന്നു. 100 അടിയോളം ഉയരത്തിലുള്ള വെള്ളച്ചാട്ടവും പരിസരത്തെ കാഴ്ചകളും മനംകുളിര്‍പ്പിക്കുന്നതാണ്. വെള്ളച്ചാട്ടം കാണാന്‍ വനംവകുപ്പ് പ്രത്യേകം ഫീസ് വാങ്ങുന്നുണ്ട്. മഴക്കാലത്തിനു ശേഷം ഇവിടെ വന്നാല്‍ വെള്ളച്ചാട്ടത്തിനു താഴെ നിന്ന് കുളിക്കാം. പൊതുവെ തിരക്കില്ലാത്ത സ്ഥലമായതിനാല്‍ കാടിന്റെ ശാന്തത അനുഭവിക്കാം. 9 മുതല്‍ 5 വരെയാണ് പ്രവേശ സമയം. ശൃംഗേരിയില്‍ നിന്നും 26 കി.മീ. ആണ് ദൂരം.
കാദാംബി വെള്ളച്ചാട്ടം
ഹനുമാന്‍ ഗുണ്ടി വെള്ളച്ചാട്ടത്തില്‍ നിന്നും 5 കി.മീ. മാത്രം അകലെയാണ് കാദാംബി വെള്ളച്ചാട്ടം. കുദ്രെമുഖ് ദേശീയോദ്യാനത്തിലെ ഈ വെള്ളച്ചാട്ടവും വന്യമായ സൗന്ദര്യത്താല്‍ സഞ്ചാരിയെ മയക്കുന്നു. സിരിമാനെ-ഹനുമാന്‍ ഗുണ്ടി വെള്ളച്ചാട്ടങ്ങളെ പോലെയല്ല, മണ്‍സൂണ്‍ കാലത്തും ഇവിടെ സന്ദര്‍ശനത്തിന് അനുയോജ്യമാണ്. 30 അടി ഉയരത്തില്‍ നിന്നാണ് വെള്ളച്ചാട്ടം.
സിരിമാനെ, ഹനുമാന്‍ ഗുണ്ടി, കാദാംബി വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ നേരിട്ട് ശൃംഗേരിയിലെത്താം. ബംഗളൂരുവില്‍ നിന്നും ശൃംഗേരിയിലേക്ക് (325 കി.മീ) വോള്‍വോ, ഡീലക്സ് ബസ്സുകള്‍ ലഭ്യമാണ്. ഷിമോഗ, ഉഡുപ്പി റെയില്‍വേ സ്റ്റേഷനുകളാണ് ശൃംഗേരിയുടെ ഏറ്റവും അടുത്തുള്ളത്. മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും 98 കി.മീ.
ലാക്യ ഡാം
കുദ്രെമുഖ് ഇരുമ്പയിര് കമ്പനി ഭദ്രയുടെ പോഷക നദിയില്‍ നിര്‍മിച്ച ചെക്ക് ഡാമാണ് ലാക്യ ഡാം. കുദ്രെമുഖ് ടൗണില്‍ നിന്നും 5 കി.മീ. അകലെയാണ് ലാക്യ ഡാം. 100 മീറ്റര്‍ ഉയരമുണ്ട് ഡാമിന്. ഇരുമ്പയിര് കമ്പനി ഖനനത്തിലെ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വേണ്ടി നിര്‍മിച്ച ഡാമില്‍ ഇപ്പോള്‍ ചെളിമണ്ണ് നിറഞ്ഞിരിക്കുകയാണ്. 2006 മുതല്‍ ഡാം പ്രവര്‍ത്തിക്കുന്നില്ല. എങ്കിലും ഡാമും പരിസരവും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
(ഇവിടെ പരാമര്‍ശിച്ചത് കൂടാതെ സഞ്ചാരികള്‍ എത്തിച്ചേരാറുള്ള നിരവധി കുന്നുകളും വെള്ളച്ചാട്ടങ്ങളും ചിക്കമഗളൂരില്‍ ഉണ്ട്).
how to reach
By Road: ബംഗളൂരുവില്‍ നിന്നും 340 കി.മീ., മംഗലാപുരത്തു നിന്നും 130 കി.മീ., മൈസൂരില്‍ നിന്നും 265 കി.മീ. എന്നിങ്ങനെയാണ് കുദ്രെമുഖിലേക്ക് റോഡ് വഴിയുള്ള ദൂരം. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ഇങ്ങോട്ടേക്ക് നേരിട്ട് ബസ് സര്‍വീസ് നടത്തുന്നില്ല. ബംഗളൂരു-മംഗലാപുരം-കുദ്രെമുഖ്, ബംഗളൂരു-കാര്‍കള-കുദ്രെമുക്, ബംഗളൂരു, കളസ-കുദ്രെമുഖ് എന്നിങ്ങനെയാണ് ബസ് റൂട്ട്.
By Rail: മംഗലാപുരം റെയില്‍വേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ളത് (58 കി.മീ)
By Air: മംഗലാപുരം ബാജ്പേ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ളത് (49 കി.മീ)
where to stay
കുദ്രെമുഖില്‍ താമസത്തിനായി വനംവകുപ്പിന്റെ കീഴിലുള്ള ഫോറസ്റ്റ് ഗസ്റ്റ് ഹൗസുകളെ സമീപിക്കാം. കൂടാതെ കളസയിലെ യാത്രിനിവാസിലും തങ്ങാം. നേരത്തെ അനുമതി വാങ്ങിയവര്‍ക്ക് കുദ്രെമുഖ് ദേശീയോദ്യാനത്തിനടുത്ത് തന്നെ വനംവകുപ്പ് താമസ സൗകര്യം ഒരുക്കും.
- കുദ്രെമുഖ് ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ്
ഫോണ്‍: 08263 354148
- കര്‍ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്‍റ് കോര്‍പറേഷന്‍:
ഫോണ്‍: 080-4334 4334, 4334 4337, 089706 50070 (6.00 am to 8.30pm)
ഇ-മെയില്‍: enquiry@karnatakaholidays.net
- ടൂറിസം ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ കോര്‍പറേറ്റ് ഓഫീസ്:
ഫോണ്‍: 080-2235 2901 / 02 / 03, 2235 2384 (10.00 am to 5.30pm)
ഇ-മെയില്‍: info@karnatakaholidays.net

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.