Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightNaturechevron_rightഅതിരപ്പിള്ളി...

അതിരപ്പിള്ളി വാല്‍പ്പാറ വഴി പൊള്ളാച്ചിയിലേക്കൊരു വണ്‍ഡേ...

text_fields
bookmark_border
അതിരപ്പിള്ളി വാല്‍പ്പാറ വഴി പൊള്ളാച്ചിയിലേക്കൊരു വണ്‍ഡേ...
cancel

അതിരപ്പിള്ളി വാല്‍പ്പാറ വഴി പൊള്ളാച്ചിയിലേക്കൊരു വണ്‍ ഡേ ടൂര്‍ പോയാലോ   എന്നചോദ്യത്തില്‍ നിന്നാണ് അതിരപ്പിള്ളി, വാല്‍പ്പാറ, പൊള്ളാച്ചി ട്രിപ്പിന്‍െറ ഉടലെടുപ്പ്. രാവിലെ 6.45 ന് എറണാകുളത്ത് നിന്ന് ട്രിപ്പായി.  എന്‍ഫീല്‍ഡ് ക്ളാസിക് 350 ലാണെപോക്ക്. 35- 45 കി.മീ സ്പീഡില്‍. 8.40 ആയപ്പോഴേക്കും അതിരപ്പിള്ളി, വാഴച്ചാല്‍ എത്തി. ചെക്ക്പോസ്റ്റിലെ പോസ്റ്റിങ് കഴിഞ്ഞ് നേരെവിട്ടു. ഇരുവശവും കാടാണ്. മൃഗങ്ങള്‍ക്ക് ക്രോസ് ചെയ്യാന്‍ പറ്റിയ റോഡ്.  ആനയെകാണുന്നുണ്ടോ... കാണുന്നുണ്ടോ... എന്നും നോക്കി . അങ്ങിങ്ങ് കടകളും നമ്മുടെ ആനവണ്ടിയും സ്ഥലത്തുണ്ട്. വയറ്റില്‍ നിന്ന് ആരുടേയോ നിലവിളികേട്ടാണ് അടുത്തുകണ്ട കടയില്‍ കയറിയത്. അവിടുന്ന് ഫുഡ് അടിച്ച്നേരെവിട്ടു, വാല്‍പ്പാറ ലക്ഷ്യമാക്കി.


ആനയുടെ ‘കലിപ്പ്സീനാണോ’ അതോകാറ്റിന്‍െറ ‘കലിപ്പാണോ’ പോകുന്നവഴി അവിടെ ഇവിടെ മരങ്ങളുടെ ശിഖിരങ്ങള്‍ റോഡിലേക്ക് ഒടിഞ്ഞ് കിടപ്പുണ്ട്. ഒരു വളവ് തിരിഞ്ഞപ്പഴതാ തേടിയവള്ളികാലില്‍. ദേ നില്‍ക്കുന്നു നമ്മുടെ സംസ്ഥാന മൃഗം ആന... വഴിയില്‍ നിന്ന് മാറി കാടിനുള്ളിലായിട്ടാണ്  നില്‍പ്പ്. ഞങ്ങള്‍ വണ്ടിനിറുത്തിയില്ല. കുളിരുകോരുന്ന തണുപ്പിലൂടെ ഇല്ലിയും ഈറ്റയും ഇടതൂര്‍ന്ന് നില്‍ക്കുന്ന കാടിനുള്ളിലൂടെ ഞങ്ങള്‍ റോയലായി പോകുമ്പോ ദാണ്ടേ... മൃഗങ്ങളൊക്കെവന്ന് കുടിയും കുളിയും നടത്തുന്ന ഒരുതടാകം. അവിടെ കുറച്ച് സമയം ചെലവഴിച്ചു. മൃഗങ്ങളൊന്നുംവരാത്തതുകൊണ്ട് ‘പട’മായില്ല. വീണ്ടും യാത്ര തുടര്‍ന്നു. അങ്ങനെ കാടുകളൊക്കെ കണ്ട് പോകുമ്പോഴാണ് , മുന്നില്‍ ആരൊക്കെയോ നടന്നുപോകുന്നു. ഫാമിലിയായിട്ടാണ്പോക്ക്. ഇവരെന്ത നടന്നുപോകുന്നത് വല്ല കാറൊക്കെ വിളിച്ച് പോകാമായിരുന്നില്ളേ.... അടുത്തത്തെിയപ്പോഴാണ് മനസിലായത് അവര്‍ കാടിന്‍െറ മക്കളാണെന്ന്. രണ്ട് ആണും രണ്ട് പെണ്ണും കൂടെ ഒരുചെറിയ കുട്ടിയും രണ്ട് പട്ടിയും. അവരും യാത്രയിലാണെന്ന് തോന്നുന്നു. വീണ്ടും കാടിനുള്ളിലൂടെ കുന്നും വളവുകളും വകഞ്ഞ്മാറ്റി മുന്നോട്ടുതന്നെ.


കിടിലന്‍ കാലാവസ്ഥ. അങ്ങിങ്ങ് മലമടക്കുകള്‍ കാണാം. നട്ടുച്ചയാണെന്നുപോലും തോന്നുന്നില്ല. നല്ലതണുപ്പ്. അങ്ങനെ മലക്കപ്പാറ എത്തിയപ്പോ നമ്മുടെ പ്രകൃതിഭംഗിക്ക് ഒരുമാറ്റം. ഇത്രയും നേരംകണ്ട ‘ഘോരഘോര’ വനാന്തരങ്ങള്‍ മാറി പച്ചപ്പുള്ള തേയില തോട്ടങ്ങളും അവിടെ പണിയെടുക്കുന്ന തൊഴിലാളികളെയും ടീ ഫാക്ടറികളും കണ്ടുതുടങ്ങി. കിടിലം സ്ഥലം ‘അളിയാ... ഇത് തകര്‍ത്തു’ ഞാന്‍ പറഞ്ഞു. തേയിലതോട്ടങ്ങളും സില്‍വര്‍ ഓക്ക്മരങ്ങളും ഓറഞ്ച്മരങ്ങളും അവിടിവിടെ കാണുന്ന ചെറിയ വീടുകളും അമ്പലങ്ങളും കടന്ന് ഞങ്ങള്‍ എത്തിയത് ഷോളയാര്‍ ഡാമിലാണ്. സമയം ഒരുമണി. കാലാവസ്ഥ വ്യതിയാനം മൂലമാണോ അതോ ഞങ്ങള്‍ വരുന്നത് അറിഞ്ഞിട്ടാണോ എന്നറിയില്ല.

ഡാമില്‍ പകുതിയില്‍ അധികം വെള്ളം ഉണ്ടായിരുന്നില്ല. ഡാമില്‍ നിന്ന് നോക്കിയാല്‍ താഴെ തേയില തോട്ടങ്ങളും മുകളില്‍ പാറമടക്കുകളും. അവിടുന്ന് നേരെ വാല്‍പാറക്ക്. വാല്‍പാറക്ക് ഞങ്ങള്‍ പോകുമ്പോഴും നമ്മുടെ കൂടെ ഒരാളുകൂടി ഉണ്ടായിരുന്നു, നമ്മുടെ ഷോളയാര്‍ ഡാം. അതിങ്ങനെ വാല്‍പ്പാറ പോകുന്നവഴിയുടെ പകുതിയില്‍ കൂടുതലുണ്ട്. അത്രക്കുണ്ട് ഡാം. വാല്‍പാറയത്തെി  അവിടുത്തെ മാര്‍ക്കറ്റും പ്രദേശങ്ങളും നടന്നുകണ്ട്. നേരെ ഞങ്ങള്‍ പൊള്ളാച്ചിക്ക് പിടിപ്പിച്ചു. കയറ്റവും ഇറക്കവും ആയി വളഞ്ഞ് പുളഞ്ഞ് പോകുന്ന റോഡുകള്‍. റോഡിന്‍െറ കാര്യംപറയണ്ട ‘കിടിലം’. കുറച്ചങ്ങ് പോയപ്പോള്‍ ഹെയര്‍ പിന്നുകളുടെ പെരുന്നാള്‍. 40 ഹെയര്‍ പിന്‍ വളവുകള്‍. അതില്‍ കുറച്ച് കയറ്റവും പകുതിയില്‍ കൂടുതല്‍ ഇറക്കവുമാണ്. 

പാറക്കെട്ടുകള്‍ക്കിടയിലൂടെ കൊത്തിയെടുത്ത റോഡുകള്‍. ഇതിന് കൂട്ടായി വലതും ഇടതും ഭാഗത്തായി കുറേ ബോഡി ഗാര്‍ഡ് പാറകുന്നുകളും. മുകളില്‍ നിന്ന് വരുമ്പോള്‍ തന്നെ ആളിയാര്‍ ഡാം കാണാം. ഹെയര്‍ പിന്‍ റോഡുകളും ആളിയാര്‍ ഡാമിന്‍െറ വശ്യതയും മനംകുളിര്‍പ്പിക്കും. ശ്രദ്ധിച്ച് വണ്ടിയോടിക്കേണ്ട സ്ഥലങ്ങളാണ്. ശ്രദ്ധ ഒന്ന് തെറ്റിയാല്‍ പിന്നെ നാളത്തെ ചരമകോളത്തിലേകാണൂ.....

വൈകുന്നേരത്തോടെ ഹൈറേഞ്ച് പകുതിയും ഇറങ്ങിയിരുന്നു. ആളിയാര്‍ ഡാം എത്തുന്നതിന് തൊട്ട്മുമ്പായി ‘മങ്കി ഫാള്‍സ്’ ഉണ്ട്. അവിടെ കയറി കുറച്ചുനേരം വിശ്രമിച്ചു. പാറകെട്ടുകളില്‍ നിന്ന് ചാടുന്ന വെള്ളത്തില്‍ കുളിക്കാനുള്ളവരുടെ തിരക്കാണ്. ചിലരുടെ കാണിക്കല്‍ കാണുമ്പോള്‍ തോന്നും ആദ്യമായിട്ടാവും വെള്ളം കാണുന്നതെന്ന്. ഇവിടെ കുരങ്ങന്മാരുടെ സംസ്ഥാന സമ്മേളനമാണ്. നോക്കീം കണ്ടും നിന്നില്ളെങ്കില്‍ കൈയിലുള്ളതെല്ലാം അടിച്ചോണ്ടുപോകും. നേരെ ആളിയാര്‍ ഡാം ലക്ഷ്യമാക്കി ബുള്ളറ്റ് കുതിച്ചു. ആളിയാര്‍ ഡാം തമിഴ്നാട്ടിലെ ഒരുപ്രധാന ടൂറിസം കേന്ദ്രമാണെന്ന് തോന്നുന്നു.

നല്ല ജനത്തിരക്കുണ്ട്. കുട്ടികളുടെ പാര്‍ക്കും ഉണ്ട് അവിടെ. ഡാമിന്‍െറ മുകളില്‍ നിന്ന് നോക്കിയാല്‍ നമ്മള്‍ ഇറങ്ങിവന്ന മലകളും നീണ്ട് നിവര്‍ന്ന കുന്നുകളും കാണാം. മുകളില്‍ നിന്ന് കണ്ടപോലെയല്ല കണ്ണെത്താ ദൂരം പടര്‍ന്ന് കിടക്കുകയാണ് ഡാം. അവിടെ 40 രൂപക്ക് ഓരുബോട്ട് സവാരിയും നടത്തി യാത്ര തുടര്‍ന്നു. പൊള്ളാച്ചിയിലേക്ക്. ആളിയാറില്‍ നിന്ന്പൊള്ളാച്ചിക്ക് പോകുമ്പോള്‍ റോഡിന്‍െറ മേല്‍ക്കൂരയെന്നോണം പൂക്കള്‍ നിറഞ്ഞമരങ്ങളും തെങ്ങിന്‍ തോപ്പുകളും. തിരിഞ്ഞ് നോക്കിയാല്‍ മലനിരകള്‍ നമ്മേവിട്ട് അകന്നുപോകുന്നതും കാണാം. 6.30 ഓടെ പൊള്ളാച്ചി എത്തി. അവിടുന്ന് നേരെ എറണാകുളത്തേക്ക്. 60- 80 കി.മീ സ്പീഡില്‍ പിടിപ്പിച്ചു. ഒരു സ്ഥലത്തും നിറുത്തിയില്ല. മൂന്നരമണിക്കൂര്‍ ഒറ്റയിരിപ്പ്. എറണാകുളം പിടിച്ചു. നടുവിന് ഒരുപിടുത്തം ഉണ്ടോയെന്നൊരുസംശയം. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:valpprara
Next Story