തുരുത്തുകളില്‍ ‘നിധി ഉണ്ടാകുമോ..’
text_fieldsവര്‍ക്കലക്ക് അടുത്തുള്ള പണയില്‍കടവ് പാലത്തിന് സമീപത്തെ കായല്‍കാഴ്ച നയനാനന്ദകരമാണ്. നീണ്ട കായല്‍പ്പരപ്പും കാറ്റും തണുപ്പും ഒക്കെ ആസ്വാദിക്കാന്‍ പറ്റുന്നിടം.
സഞ്ചാരികളുടെ ആധ്യക്ക്യമില്ല. കച്ചവടക്കാരുടെ ആര്‍പ്പുവിളികളില്ല. തികച്ചും നിശബ്ദമായ പ്രദേശം. മലിനമാകാത്ത കായല്‍ ആണ് ഇവിടത്തെ പ്രത്യേകത. കടവത്തുളളള തെങ്ങിന്‍തണലിലൂടെ നടക്കുമ്പോള്‍ വെളളത്തില്‍ ഓളങ്ങള്‍ മുഴക്കികൊണ്ട് കരിമീനും കണമ്പും ഒക്കെ കടന്നുപോകുന്നത് കാണാം. വെള്ളം കണ്ണുനീരുപോലെ. ഉച്ചനേരം എത്തിയപ്പോള്‍ ഞങ്ങള്‍ കായലിന് അടുത്തുള്ള നാടന്‍ഭക്ഷണാലയത്തില്‍ നിന്ന് ഊണ് കഴിക്കാനത്തെി. ചോറും മീന്‍പൊരിച്ചതും ചെമ്മീന്‍ കറിയും വാഴക്കൂമ്പ് തോരനും ഒക്കെയായുള്ള മൃഷ്ടാന്ന ഭോജനത്തിന് 150 രൂപയാണ്. വയറുനിറഞ്ഞ ശേഷം വിശ്രമിക്കുമ്പോഴാണ് ദൂരത്തുള്ള തുരുത്ത് ശ്രദ്ധയില്‍പ്പെട്ടത്. അതിന്‍െറ പേര് പൊന്നുംതുരുത്ത് എന്നാണന്ന് ആരോ പറഞ്ഞുതന്നു. കായല്‍ത്തീരത്ത് നിന്ന് അല്‍പ്പം അകലെയായുള്ള ചെറിയൊരു തുരുത്താണിത്. തുരുത്തിലേക്ക് പോകാന്‍ തോണിക്കാരനെ തേടിയപ്പോള്‍ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും തുരുത്തിലേക്കുള്ള ക്ഷേത്രത്തിലേക്ക് പോകാന്‍ ഒരു തോണി പുറപ്പെടാറുണ്ടെന്ന് ആരോ പറഞ്ഞു. സൗജന്യമാണ് ആ സമയത്തെ തോണിയാത്ര. പത്ത് പതിനഞ്ചുപേര്‍ക്ക് ഒരേ സമയം അതില്‍ സഞ്ചരിക്കാം.

വൈകുന്നേരം നാല് മണിയായപ്പോള്‍ അതാ തോണിയത്തെി. ഞങ്ങള്‍ അതില്‍ കയറുമ്പോള്‍ ഒന്നുരണ്ട് കുടുംബംഗങ്ങളും എത്തി. കൊച്ചുകുട്ടികളും വയസായവരും ഒക്കെയായുള്ള
യാത്രയില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിച്ചു. അപ്പോഴാകട്ടെ തോണിക്കാരന്‍ ചേട്ടന്‍ ചിരിച്ചു. പത്ത് നാല്‍പ്പത് വര്‍ഷമായി തോണി തുഴഞ്ഞിട്ടും യാതൊരു അപകടവും ഉണ്ടായിട്ടില്ളെന്ന് അദ്ദേഹം ഉറപ്പ് പറഞ്ഞിട്ടും പലരും ഭയന്നിരുന്നു. മെലിഞ്ഞുണങ്ങിയ ആ മനുഷ്യന്‍ വളരെ വേഗത്തില്‍ പങ്കായം ഊന്നിക്കൊണ്ടിരുന്നു. തോണിയാകട്ടെ അനുസരണയോടെ കായലിനെ മുറിച്ച് സഞ്ചരിച്ചുകൊണ്ടിരിക്കുകയും. തോണിയില്‍വെച്ച് ഞങ്ങള്‍ പലരും അന്യോന്യം പരിചയപ്പെട്ടു. കുട്ടികളെ ഓമനിച്ചു. നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. അതില്‍ ഉത്തരേന്ത്യക്കാരെന്ന് തോന്നിച്ച ദമ്പതികളും അവരുടെ കുട്ടികളും ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. ആ കുട്ടികളുടെ കൊഞ്ചലുകള്‍ തന്നെയായിരുന്നു അതിന്‍െറ കാരണം. യുവതി ഹിന്ദിയില്‍ തന്‍െറ ഭര്‍ത്താവിനോടും മലയാളത്തില്‍ തോണിക്കാരനോടും സംസാരിച്ചുകൊണ്ടിരുന്നു. അവരുടെ രൂപഭാവങ്ങള്‍ കണ്ട് ആള്‍ മലയാളിയാണോ അതോ ഇവിടെ വന്ന് മലയാളം പഠിച്ചതാണോയെന്ന ഞങ്ങളുടെ സംശയത്തിന് അവര്‍ തന്നെ മറുപടി തന്നു. ‘ഞാന്‍ മലയാളിയാണ്. ഭര്‍ത്താവ് ഗുജറാത്തിയും. ഞങ്ങള്‍ യു.എസില്‍ പ്രൊഫസര്‍മാരാണ്.’ കുറച്ച് കഴിഞ്ഞപ്പോള്‍ അവര്‍ തന്‍െറ ഭര്‍ത്താവിനോട് പൊന്നിന്‍ തുരുത്തിന്‍െറ ചരിത്ര പ്രാധാന്യം പറഞ്ഞുകൊടുക്കുന്നത് കേട്ടു.

രാജ കൊട്ടാരത്തില്‍ പണ്ടുകാലങ്ങളില്‍ ശത്രുക്കളില്‍ നിന്നും ഭീഷണി ഉണ്ടായപ്പോള്‍ സ്വര്‍ണവും നിധികളും ഇത്തരത്തിലുള്ള ജനവാസമില്ലാത്ത തുരുത്തുകളില്‍ കൊണ്ട് കുഴിച്ചിട്ടിട്ടുണ്ടത്രെ. പിന്നീട് കാലം കഴിഞ്ഞപ്പോള്‍ പലതും മണ്‍മറഞ്ഞ നിലയിലായിട്ടുണ്ടത്രെ. ഈ തുരുത്തിനും അത്തരത്തിലുള്ള കഥകള്‍ ഉണ്ടത്രെ. ആലോചിച്ചപ്പോള്‍ ‘പൊന്നിന്‍തുരുത്ത് ’ എന്ന പേര് വരാനുള്ള കാരണം അതായിരിക്കുമോ എന്ന് ചിന്തയുണ്ടായി. ഈ കഥ ശരിയാണോയെന്ന് തോണിയില്‍ ഉണ്ടായിരുന്ന പ്രായമായ ഒരാളോട് ചോദിച്ചു. ഇത്തരത്തിലുള്ള കഥ താന്‍ കേട്ടിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്‍െറ ഉത്തരം. അങ്ങനെയെങ്കില്‍ പൊന്നുംതുരുത്ത് എന്ന പേര് വരാനുള്ള കാരണം എന്തുകൊണ്ടാണ് എന്ന് ചോദിച്ചപ്പോഴും ‘അറിയില്ല’ എന്നായിരുന്നു മറുപടി. എന്തായാലും കൂടുതല്‍ ചോദ്യങ്ങള്‍ ഉടലെടുക്കുംമുമ്പ് തോണി തുരുത്തിലേക്ക് അടുക്കാന്‍ തുടങ്ങിയിരുന്നു. അപ്പോള്‍ അതാ പക്ഷികളുടെ സംഗീതം മുഴങ്ങിത്തുടങ്ങി. എത്രയെത്ര പക്ഷികള്‍. പലതും പറന്നുനടക്കുന്നു. കൃഷ്ണ പരുന്തുകളും പറന്ന് നടക്കുന്നു.

തോണിയില്‍ നിന്ന് ഇറങ്ങുന്നവര്‍ ബാക്കിയുള്ളവരെ സഹായിച്ചു. കടവില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ക്ഷേത്രബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടു. ‘പൊന്നുംതുരുത്ത് ശിവ പാര്‍വതി വിഷ്ണു ക്ഷേത്രം ട്രസ്റ്റ് നെടുങ്കണ്ട’.
ഞങ്ങള്‍ തുരുത്തിനുള്ളിലേക്ക് പ്രവേശിച്ചു. കഥകളില്‍ ഒക്കെ വായിച്ചപോലെ ഒരു പ്രദേശം. അടുക്കും ചിട്ടയുമില്ലാതെ എന്നവണ്ണം വളര്‍ന്ന് തിങ്ങിയ വൃക്ഷങ്ങള്‍. അതില്‍ പലതും അക്കേഷ്യയാണ്. പക്ഷികള്‍ പറ്റിച്ച പണിയാണത്രെ. അക്കേഷ്യ കായകള്‍ തിന്നശേഷം പക്ഷികള്‍ തുരുത്തിലത്തെി കാഷ്ഠിച്ച വകയിലാണിവയും ഇവിടെ എത്തിയത്. കാലക്രമത്തില്‍ മറ്റുള്ള നാടന്‍ വൃക്ഷങ്ങളെ ഇവ വിഴുങ്ങി. അത്തരത്തില്‍ അധിനിവേശകരായ അക്കേഷ്യമരങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ നടന്നു. പലയിടത്തും പക്ഷികള്‍ പാറി നടക്കുന്നുണ്ട്.

ഇവിടെ എവിടെയാണ് നിധി കുഴിച്ചിട്ടിരിക്കുന്നത് എന്‍െറ സ്നേഹിതന്‍ തമാശക്ക് എന്നവണ്ണം ചോദിച്ചു. നിധി ഉണ്ടെങ്കില്‍ അതിന് കാവലായി പാമ്പുകളും ഉണ്ടാകും. പാമ്പ് എന്നുകേട്ടപ്പോള്‍ തന്നെ മറ്റൊരു സ്നേഹിതന്‍ ‘എവിടെ’ എന്ന ചോദ്യവുമായി ഒരു ചാട്ടം ചാടി. ഞങ്ങള്‍ ചിരിച്ചു. വര്‍ത്തമാനം അവസാനിപ്പിച്ച് പ്രകൃതി സൗന്ദര്യം ആസ്വാദിക്കാനായി ഞങ്ങളുടെ ശ്രമം. പെട്ടെന്ന് മഴ ചാറാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഓടി ഒരു മരത്തിന്‍െറ ചുവട്ടില്‍ അഭയം പ്രാപിച്ചു. മരക്കുടയില്‍ ഞങ്ങള്‍ സുരക്ഷിതരായിരുന്നു. തുരുത്തിലെ ക്ഷേത്രത്തില്‍ ഈ സമയം പൂജകള്‍ ആരംഭിച്ചിരുന്നു.

പത്ത് പതിനൊന്ന് ഏക്കര്‍ വിസ്തൃതി ഉണ്ടായിരുന്നു തുരുത്ത് ഇപ്പോള്‍ ഏഴോ എട്ടോ വിസ്തൃതി മാത്രമാണുള്ളത്. വെള്ളം കയറി അത് ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഇരുട്ട് വീഴും മുമ്പ് ഞങ്ങള്‍ മടങ്ങി. തോണിയില്‍ ഇരിക്കുമ്പോള്‍ പൊന്നുംതുരുത്തില്‍ നിന്നും ഒരു കാറ്റ് വന്നു തോണിയിലിരിക്കുന്ന ഞങ്ങളെ തഴുകി കടന്നുപോയി. വീണ്ടും വീണ്ടും ഞങ്ങള്‍ ആ തുരുത്തിലേക്ക് നോക്കികൊണ്ടിരുന്നു. നിഗൂഡമായ കഥകള്‍ ഉറങ്ങുന്ന തുരുത്തിലേക്ക്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.