Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ക്രിയേറ്റിവ് ആക്കാം ഈ അവധിക്കാലം...
cancel

അവധിക്കാലം തുടങ്ങുകയാണ്. ഒഴിവുസമയം എങ്ങനെ ഉപയോഗിക്കും? കുറെനേരം കളിക്കാം, പിന്നെ വെറുതെ ഇരിക്കാം. എന്നാൽ, ഏറെനേരം വെറുതെ ഇരുന്നാലോ? ബോറടിക്കില്ലേ... ബോറടി മാറ്റാൻ, വേനലവധി ആഘോഷിക്കാൻ ചിലതൊക്കെ ചെയ്യേണ്ടേ? സ്റ്റാമ്പും തൂവലും നാണയവും ഒക്കെ ശേഖരിച്ചുവെച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ ഡിജിറ്റൽ യുഗമാണ്. കാലത്തിനനുസരിച്ചുള്ള മാറ്റം എല്ലാത്തിലുമുണ്ടാവും.

കാലം മാറിയതോടെ അവധിക്കാലം വീടകങ്ങളിൽ ഒതുങ്ങി. മുമ്പ് കൂട്ടുകാർക്കൊപ്പം കളിച്ചും ഓടിനടന്നും ചെലവഴിച്ച അവധിക്കാലം ഇപ്പോൾ വീടിനകത്ത് മൊബൈലിലോ, വിഡിയോ ഗെയിമിലോ സമയം ചെലവിടുന്ന അവസ്ഥയിലേക്കെത്തി. കുട്ടികളുടെ സോഷ്യൽ മീഡിയ അഡിക്‌ഷൻ, കളിക്കളങ്ങളുടെ അഭാവം, മാതാപിതാക്കളുടെ മനോഭാവം എന്നിങ്ങനെ പല കാരണങ്ങൾ ഉണ്ടാവാം. എന്തായാലും കുട്ടികളെ അത് മാനസികമായും ശാരീരികമായും ബാധിക്കുമെന്ന് ഉറപ്പാണ്.

കുട്ടികൾക്ക് കളിക്കാനും മറ്റു കുട്ടികൾക്കൊപ്പം സമയം ചെലവിടാനും ആവശ്യമായ സാഹചര്യം മാതാപിതാക്കൾ ഒരുക്കേണ്ടതുണ്ട്. അവരുടെ കൂടെ ചേർന്ന് സംസാരിക്കാനും മാതാപിതാക്കൾ തയാറാകണം. നമ്മുടെ ജീവിതശൈലിയിൽ ഇന്ന് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ ആധിപത്യം എല്ലാത്തിലും വ്യാപിച്ചിട്ടുണ്ട്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളിലൂടെ മാതാപിതാക്കളും കടന്നുപോകേണ്ടതുണ്ട്. കുട്ടികൾക്കായി മനോഹരമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അവരുടെ കടമയാണ്.

ആക്ടിവാകാം, ആഘോഷമാക്കാം

വേനൽക്കാല അവധി ദിനങ്ങളാണ് കുട്ടികൾക്ക് ഏറ്റവും നല്ല വിശ്രമ കാലയളവ്. വീട്ടിൽതന്നെ ഇരിക്കുമ്പോൾ അനിയന്ത്രിതമായി ഭക്ഷണം കഴിക്കാനും ഉറങ്ങാനുമുള്ള സാധ്യത കൂടുതലാണ്. ഇത് പിന്നീട് അമിതവണ്ണത്തിനും കാരണമായേക്കാം. വെക്കേഷൻ ക്ലാസുകളും പരിശീലന പരിപാടികളും കുട്ടികൾക്ക് അവരുടെ സമയം കൂടുതൽ ഉൽപാദനക്ഷമമാക്കാൻ സഹായിക്കുന്നവയാണ്. കുട്ടികൾക്ക് താൽപര്യമില്ലാത്ത കായിക വിനോദമോ പ്രവർത്തനങ്ങളോ ചെയ്യാൻ അവരെ നിർബന്ധിക്കരുത്. അത് കുട്ടികളിൽ സമ്മർദമുണ്ടാക്കും. പിന്നെ ചെയ്യുന്നതൊക്കെ ജോലിയായി മാറും. കുട്ടികൾ ആസ്വദിച്ച് കാര്യങ്ങൾ ചെയ്യുമ്പോഴാണ് ഓരോ അവധിക്കാലവും ആസ്വാദ്യകരമാകുന്നത്.

അൽപം ക്രിയേറ്റിവിറ്റി ആകാം

  • പെയിന്റിങ്, ഡ്രോയിങ്, സ്കൾപ്ച്ചറിങ്, കരകൗശല വിദ്യകൾ എന്നിവ പരിശീലിക്കുന്നത് ക്രിയാത്മകത വർധിപ്പിക്കും. എളുപ്പമല്ല ഇത്.
  • കൃത്യമായ നിരീക്ഷണവും പരിശീലനവും ആവശ്യമാണ്. കൈകളുടെ വഴക്കത്തിന് ഇത് സഹായിക്കും. തെർമോകോൾ, വൈക്കോൽ, കാർബോർഡ് പെട്ടി, കട്ടിക്കടലാസ്, തടി, കളിമണ്ണ് തുടങ്ങി എന്തുകൊണ്ടും കരകൗശല വസ്തുക്കൾ ഉണ്ടാക്കാം.

ജേണലിങ്: അനുയോജ്യമായ ചിത്രങ്ങൾ ചേർത്ത് വരയും എഴുത്തുമൊക്കെയുള്ള ജേണലിങ് ചെയ്യുന്നത് കുട്ടികളുടെ ക്രിയാത്മകത വർധിപ്പിക്കും. കഥകളും കവിതകളും കുറിപ്പുകളും ഓരോ ദിവസത്തെ ചിന്തകളും ജേണലിങ്ങിൽ ഉൾപ്പെടുത്താവുന്നതാണ്.

പുതിയ മ്യൂസിക് ഇൻസ്ട്രുമെന്റുകൾ പഠിക്കുന്നതും പാട്ട് എഴുതുന്നതും എന്തിന് പസിലുകൾ ക്രമീകരിക്കുന്നതു വരെ കുട്ടികളുടെ ചിന്താശേഷിയെ മെച്ചപ്പെടുത്തും. ഇതുവഴി കുട്ടികൾക്ക് ക്ഷമയോടെ ഒരു കാര്യത്തിൽ ഫോക്കസ് ചെയ്യാനും സാധിക്കും.

വായിക്കാം, പുതിയത് പഠിക്കാം

വായനശീലം വളർത്തിയെടുക്കാൻ പറ്റിയ സമയമാണ് അവധിക്കാലം. ലളിതമായ കുട്ടിക്കഥകൾ വായിച്ചുതുടങ്ങാം. തുടക്കത്തിൽ ചിത്രങ്ങൾ കൂടുതലുള്ള പുസ്തകങ്ങൾ എടുക്കുന്നതാണ് നല്ലത്. പുതിയ വാക്കുകൾ എഴുതി വെക്കാം. വീട്ടിൽ ഒരു ലൈബ്രറി ആയാലോ! ഒറ്റയടിക്ക് ഇത് ചെയ്യാനാവില്ല. കുറേശ്ശെയായി പുസ്തകങ്ങൾ ശേഖരിച്ചു തുടങ്ങാം. കിട്ടുന്ന പുസ്തകങ്ങളൊക്കെ തരംതിരിച്ചു സൂക്ഷിക്കാം. പുസ്തകങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കാം. കുട്ടികൾ കൂടുതൽ ഏകാഗ്രരാകാൻ പുസ്തക വായന സഹായിക്കും.

ഭാഷകൾ, കോഡിങ്

പുതിയ ഭാഷകളും കോഡിങ്ങും പഠിക്കാം. ഇംഗ്ലീഷ് പുസ്തകങ്ങളിൽനിന്നും മറ്റും ഓരോ ദിവസവും ഇംഗ്ലീഷ് വാക്കുകൾ എഴുതിവെച്ച് പഠിക്കുന്നതും പുതിയ ഭാഷ മെച്ചപ്പെടാൻ കുട്ടികളെ സഹായിക്കും. പല പരിശീലന ക്ലാസുകളിലും കളികളിലൂടെയും മറ്റും ഭാഷകൾ പഠിപ്പിക്കുമ്പോൾ കുട്ടികൾ കൂടുതൽ ഉത്സാഹത്തോടെ ആ ഭാഷ പഠിച്ചെടുക്കുന്നു. അത് അവർക്ക് ഭാവിയിലേക്ക് ഉപകരിക്കും.

ഭക്ഷണം നിർബന്ധം

ഭക്ഷണം ഉണ്ടാക്കാനും കുട്ടികളെ പഠിപ്പിക്കാം. അതിന് ആൺ, പെൺ വ്യത്യാസമൊന്നും ഉണ്ടാവരുത്. താൽപര്യമുണ്ടെങ്കിൽ ചെറിയ രീതിയിൽ കുട്ടികൾക്ക് എന്തെങ്കിലും കുക്ക് ചെയ്യാൻ കൊടുക്കാം. മുതിർന്നവരുടെ നിയന്ത്രണത്തിൽ മാത്രമേ കുക്കിങ് ആക്ടിവിറ്റികൾ ചെയ്യാൻ പാടുള്ളൂ.

ഒരു യാത്ര പോയാലോ

വീട്ടുകാരുമൊത്ത് രണ്ടോ മൂന്നോ ദിവസം നീണ്ടുനിൽക്കുന്ന യാത്രകൾ കുട്ടികൾക്കും ഇഷ്ടമാവും. സ്കൂളിൽ പോകേണ്ട, പഠന ഭാരമില്ല. ഇതിനായി ചരിത്ര സ്മാരകങ്ങൾ മുതൽ പ്രകൃതിരമണീയമായ സ്ഥലങ്ങൾ വരെ ഉൾപ്പെടുത്താം. പുതിയ സ്ഥലങ്ങൾ, പുതിയ കാഴ്ചകൾ കുട്ടികളിൽ ആകാംക്ഷ വർധിപ്പിക്കും. ഇതുവഴി കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് അറിയാനുള്ള ശ്രമങ്ങൾ അവർ നടത്തും. കാണുന്ന കാര്യങ്ങളൊക്കെ ഒരു ബുക്കിൽ കുറിച്ചുവെക്കുന്നതും, ചെറിയ യാത്രാവിവരണങ്ങൾ എഴുതുന്നതും കുട്ടികളുടെ മാനസിക വികാസത്തെ സഹായിക്കും. ഹൈക്കിങ്ങുകളും യാത്രയിലെ ഭക്ഷണം കഴിക്കലും കുട്ടികൾക്ക് മാനസിക ഉല്ലാസം പ്രദാനം ചെയ്യും.

പക്ഷിനിരീക്ഷണം: പക്ഷികളെ നിരീക്ഷിക്കാൻ പക്ഷി സങ്കേതങ്ങളിലോ കാട്ടിലോ പോകേണ്ട. സ്വന്തം വീട്ടുമുറ്റത്തുനിന്ന് തുടങ്ങാം. പക്ഷികളുടെ പ്രത്യേകതകൾ കുറിച്ചുവെക്കാം. അൽപം ക്ഷമ വേണം എന്നുമാത്രം. പക്ഷേ, നിരീക്ഷണത്തിന് മാതാപിതാക്കളും കുട്ടികളെ സഹായിക്കണം.

ബി സ്ട്രോങ്

സ്ട്രോങ് ആകണം, മെന്റലിയും ഫിസിക്കലിയും. നീന്തൽ, സൈക്ലിങ്, കരാട്ടേ, കുങ്ഫു ഇതൊക്കെ പരിശീലിക്കുന്നത് കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കാൻ സഹായിക്കും. മാത്രമല്ല വളരെ ചെറുപ്പത്തിൽതന്നെ പ്രതിരോധിക്കാനുള്ള രീതികൾ സ്വായത്തമാക്കുന്നതിലൂടെ ഭാവിയിലേക്കും ഗുണം ചെയ്യും. ശാരീരിക പ്രവർത്തനങ്ങൾ അവരുടെ കുട്ടിയുടെ പ്രായത്തിന് യോജിച്ചതാണെന്ന് മാതാപിതാക്കൾ ഉറപ്പാക്കണം. ഒരേ പ്രായമുള്ള കുട്ടികളുമായി കളിക്കാൻ അവരെ പ്രേരിപ്പിക്കുക.

ചെറിയ യോഗ രീതികളും മെഡിറ്റേഷനും പരിശീലിക്കുന്നത് നല്ലതാണ്. എന്തിന്, പാട്ടും ഡാൻസും ചിത്രം വരയും അടക്കം മനസ്സിന് സന്തോഷം നൽകും. ഏത് തെരഞ്ഞെടുക്കണമെന്ന് കുട്ടികൾ തീരുമാനിക്കട്ടെ. അത് ഇഷ്ടപ്പെട്ടത് ഇഷ്ടത്തോടെ ചെയ്യാൻ അവരെ പ്രേരിപ്പിക്കും.

വെയിലേറ്റ് വാടല്ലേ

വേനൽക്കാലമാണ്. വേനല്‍ക്കാല രോഗങ്ങള്‍ ഏറ്റവും ബാധിക്കുന്നത് കുഞ്ഞുങ്ങളെയാണ്. അതിനാല്‍തന്നെ മാതാപിതാക്കള്‍ക്കൊക്കെ ആധിയാണ്. ചൂടിനെ പ്രതിരോധിക്കാൻ കുട്ടികളും മുതിർന്നവരും ഒരുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്. ചൂട് കൂടുമ്പോൾ ഉണ്ടാകുന്ന ചർമത്തിലെ പ്രശ്നങ്ങൾ, നേത്രരോ​ഗങ്ങൾ, ചിക്കൻപോക്സ് തുടങ്ങി ധാരാളം രോ​ഗങ്ങൾക്കുള്ള മുൻകരുതകലുകൾ എടുക്കേണ്ടത് ഏറെ പ്രധാനമാണ്. രാവിലെ 11 മുതൽ ഉച്ചക്ക് മൂന്ന് വരെയുള്ള വെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കുട്ടികളെ ഈ സമയങ്ങളിൽ അധികം പുറത്തു പോയി കളിക്കാൻ അനുവദിക്കരുത്.

ചൂടു കൂടുന്നതോടെ കുട്ടികളില്‍ വിയര്‍പ്പ് കൂടും. അമിത വിയര്‍പ്പുമൂലം ശരീരത്തിലെ ജലാംശം കുറഞ്ഞ് കുഞ്ഞുങ്ങളില്‍ നിർജലീകരണം ഉണ്ടാക്കാം. അതുപോലെത്തന്നെ ധാരാളം വിയര്‍ക്കുകയും വെള്ളം കുടിക്കുന്നത് കുറയുകയും ചെയ്യുന്ന കുട്ടികള്‍ക്ക് മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകാനും മൂത്രാശയക്കല്ല് വരാനുമുള്ള സാധ്യത കൂടും.

ദിവസവും ധാരാളം വെള്ളംകുടിക്കാനും പച്ചക്കറികളും പഴങ്ങളും മറ്റും കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും മാതാപിതാക്കൾ ശ്രദ്ധിക്കണം. വേനൽക്കാലത്ത് കഴിവതും ഇളംനിറമുള്ള അയവുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ കുട്ടികളെ ധരിപ്പിക്കുന്നതാണ് നല്ലത്. ക്രിയേറ്റിവായി ചിന്തിച്ച് കളിച്ചും പഠിച്ചും ഈ വേനലവധി കുട്ടികൾ ആസ്വദിക്കട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer vacationCreative thoughts
News Summary - let's make vacation creative
Next Story