
ഒരുക്കം 2025
text_fields200 അധ്യയന ദിനങ്ങള്‍ - 1200 മണിക്കൂറുകള്‍ - 1600 പീരിയഡുകള്‍ - ഹെഡ്മാസ്റ്റര്‍/മിസ്ട്രസ് - അധ്യാപകര്‍ - സുഹൃത്തുകള്‍... നിരവധി കാര്യങ്ങളാണ് സ്‌കൂളിലെത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത്. രണ്ടു മാസത്തോളമായി കളിച്ചും ചിരിച്ചും ചാടിയും ഓടിയും നടന്നതിനുശേഷമാണ് സ്കൂളിലേക്ക് എത്തുന്നത്. പാഠപുസ്തകങ്ങൾ പൂർണമായും മാറുന്ന വർഷം കൂടിയാണിത്. പുതിയ അധ്യയനവർഷത്തിന്റെ തുടക്കത്തിൽ പാഠപുസ്‌തകങ്ങൾക്കൊപ്പം നല്ല ശീലങ്ങളും ചിന്തകളും കൂടി പരിശീലിപ്പിക്കാനുള്ള പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ് തയാറായിക്കഴിഞ്ഞു. 10ാം ക്ലാസ് വരെയുള്ളവർക്ക് സ്‌കൂൾ തുറക്കുന്ന ജൂൺ 03 മുതൽ 13 വരെ ഒരു മണിക്കൂർ വീതമാണ് പരിശീലനം. ഹയർസെക്കൻഡറിയിൽ പരിശീലനം ലഹരിവിരുദ്ധ ദിനമായ 21 വരെയായിരിക്കും.
RACE
RACE എന്ന വാക്ക് മനസ്സില്‍ ഇടക്കിടെ ഓര്‍ക്കുക - R എന്നത് സ്വന്തമായും മറ്റുളളവരെയും Respect (ബഹുമാനം) എന്നതാണ്. A എന്നത് Attitude (മനോഭാവം), C എന്നത് Cooperate (സഹകരിക്കുക), E എന്നത് Excellence (മികവ്) എന്നതുമാണ്. എപ്പോഴും പോസിറ്റിവ് മനോഭാവം ഉണ്ടാകാന്‍ ശ്രമിക്കുക. മറ്റുളളവരോടുളള പെരുമാറ്റത്തിലും ചിന്തയിലും പോസിറ്റിവ് ആകുക. മറ്റുളളവരോട് നല്ല രീതിയില്‍ സഹകരണമുണ്ടാക്കാൻ ശ്രമിക്കുക. മികവ് എന്നത് വിജയത്തിന്റെ മുന്നോടിയാണ്.
തയാറെടുപ്പുകള്‍
• കളികള്‍ക്ക് അൽപവിരാമം നൽകുക. ഇനി സ്‌കൂള്‍ ദിനങ്ങളാണ്.
• നിങ്ങളുടെ മുറി വൃത്തിയില്ലാതെ കിടക്കുകയാണെങ്കില്‍ അതു വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പഠനത്തിന് വൃത്തിയുമായി നല്ല ബന്ധമുണ്ട്.
• പഠിക്കാനുളള സ്ഥലവും അതിനുളള അന്തരീക്ഷവും തെരഞ്ഞെടുക്കുക. രക്ഷിതാക്കള്‍ ടി.വി കാണുന്ന സ്ഥലം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്വസ്ഥമായി ഇരുന്ന് പഠിക്കാനുള്ള സൗകര്യം ഉണ്ടാക്കുക.
• സ്‌കൂള്‍ യൂനിഫോം തയ്ച്ചു കിട്ടിയെങ്കില്‍ എടുത്ത് ട്രയലായി ഇട്ടുനോക്കുക. പഴയ യൂനിഫോം തുടരുകയാണെങ്കില്‍ അത് നനച്ചു/തേയ്ച്ചു എന്ന് ഉറപ്പുവരുത്തുക.
• പഠനോപകരണങ്ങള്‍ - പേന, പെന്‍സില്‍, സ്‌കെയില്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, ബാഗ്, കുട, നോട്ട്ബുക്ക് തുടങ്ങിയവ തയാറാക്കി വെക്കുക.
• ആഹാരത്തിനുള്ള പാത്രവും വെള്ളം കൊണ്ടുപോകാനുളള കുപ്പിയും റെഡിയാക്കണം.
• പാഠപുസ്തകങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അവ പൊതിഞ്ഞു വെക്കുക. നോട്ടുബുക്കുകളും പൊതിയാന്‍ മറക്കരുത്.
• വീട്ടില്‍ രക്ഷിതാക്കളെയും സ്‌കൂളില്‍ അധ്യാപകരെയും ബഹുമാനിക്കാനും കൂട്ടുകാരെ സ്‌നേഹിക്കാനുമുളള മനസ്സുണ്ടാകാന്‍ തയാറെടുക്കുക.
സ്‌കൂള്‍ തുറന്നാല്‍
• അതിരാവിലെ ഉണരുക, സമയത്ത് ആഹാരം കഴിക്കുക, സമയത്ത് ഉറങ്ങുക തുടങ്ങിയ കാര്യങ്ങള്‍ ശീലിക്കുക.
• പഠിക്കാനുള്ള സമയം നിശ്ചയിക്കുക. കഴിയുമെങ്കില്‍ ഒരു ടൈംടേബിള്‍ തയാറാക്കി പഠിക്കുക.
• രാവിലെ 5 മുതല്‍ 8 വരെയും രാത്രി 7 മുതല്‍ 10 വരെയുമാണ് പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. (1 മുതല്‍ 4 വരെ ക്ലാസിലുള്ള കുട്ടികള്‍ക്ക് വൈകീട്ട് 6 മുതല്‍ രാത്രി 9 വരെയുളള സമയക്രമം മതിയാകും.)
• പഠിക്കുന്ന സമയം മൊബൈൽ ഫോൺ ഉപയോഗം പൂർണമായും ഒഴിവാക്കുക. മക്കളുടെ കൈയിലുളള മൊബൈൽ ഫോണുകൾ പഠിക്കുന്ന സമയത്ത് കുട്ടികളിൽനിന്നും വാങ്ങി വെക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുക.
• സംശയങ്ങള്‍ എന്തുണ്ടെങ്കിലും ടീച്ചറോടോ കൂട്ടുകാരോടോ രക്ഷിതാക്കളോടോ മറ്റ് അറിയുന്നവരോടോ ചോദിക്കാന്‍ മടിക്കരുത്.
• എല്ലാ ദിവസവും അന്നന്ന് പഠിപ്പിച്ച പാഠഭാഗങ്ങളിലൂടെ കടന്നുപോകുക. ഓരോ ദിവസവും പഠിപ്പിച്ചത് അന്നുതന്നെ പഠിക്കാനുളള ശീലമുണ്ടാക്കുക. ഇത് തുടക്കത്തിലേ ശീലിക്കൂക.
• കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന വിഷയങ്ങള്‍ കൂടുതല്‍ സമയം പഠിക്കുക.
• പാഠഭാഗങ്ങള്‍ മുഴുവനായും ഓര്‍ത്തുവെക്കേണ്ടതില്ല. പോയന്റുകളായി ഓര്‍ത്തുവെക്കുക. അവ ആവര്‍ത്തിച്ചു വായിക്കുക, അതു വികസിപ്പിച്ച് എഴുതാന്‍ പ്രാക്ടീസ് ചെയ്യുക.
• പഠിച്ച കാര്യങ്ങള്‍ മനസ്സില്‍ തങ്ങിനില്‍ക്കാന്‍ അവ ആവര്‍ത്തിക്കുക. മറ്റു ചിന്തകള്‍ കഴിവതും ഒഴിവാക്കുക.
• സ്വയം ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങള്‍ പറഞ്ഞു നോക്കുക.
• വായനയോടൊപ്പം ലഭിക്കുന്ന വിവരങ്ങള്‍ കുറിപ്പായി വെക്കാന്‍ മറക്കരുത്. ബുദ്ധിമുട്ടുളള സൂത്രവാക്യങ്ങള്‍, നിർവചനങ്ങള്‍ എന്നിവ വലിയ പേപ്പറില്‍ എഴുതി കിടക്കുന്നതിന് അടുത്തുള്ള ചുവരിൽ ഒട്ടിക്കുക.
• സ്‌കൂളിലെ വിവിധ ക്ലബ് പ്രവര്‍ത്തനങ്ങളില്‍ തനിക്ക് കഴിയുമെന്ന് തോന്നുന്നത് തെരഞ്ഞെടുക്കുക. (സ്റ്റുഡന്റഡ് പൊലീസ്, എന്‍.സി.സി, സ്‌കൗട്സ് ആൻഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ്, സ്‌കൂള്‍ എത്തിക്‌സ് ക്ലബ്, കൂടാതെ കുട്ടികളെ പങ്കെടുപ്പിക്കുന്ന വിവിധ വിഷയ ക്ലബുകള്‍ സ്കൂളുകളിൽ പ്രവർത്തിക്കുന്നുണ്ട്.)
തെറ്റുകുറ്റങ്ങളില്‍ പെടാതിരിക്കുക
• കുട്ടികൾക്ക് നിരവധി അവകാശങ്ങള്‍ നിലവിലുണ്ട്. അവ കുട്ടികളുടെ സംരക്ഷണത്തിനാണ്. എന്നാല്‍, അത് എന്തും ചെയ്യാനുള്ള ലൈസന്‍സായി കാണരുത്.
• നല്ല കൂട്ടുകാരെ തെരഞ്ഞെടുക്കുക. തെറ്റായ കൂട്ടുകെട്ടുകളില്‍ പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
• ഇന്നു നാട്ടിലുളള മിക്ക കുറ്റകൃത്യങ്ങളിലും പെടുന്നത് കുട്ടികളാണ്. അറിഞ്ഞും അറിയാതെയും കുറ്റവാളികളാകുന്നവര്‍. അത്തരം സന്ദര്‍ഭങ്ങളുണ്ടാകുമ്പോള്‍ ഒഴിഞ്ഞുമാറാന്‍ ശീലിക്കുക.
• സൈബര്‍ കുറ്റങ്ങള്‍ പെരുകി വരുന്നതിനാല്‍ സ്‌കുളില്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാതിരിക്കുക. മൊബൈൽ ഉപയോഗിക്കുന്ന കുട്ടികൾ പഠനകാലത്തേക്ക് ഇൻസ്റ്റഗ്രാം പോലുള്ള ആപ്പുകൾ ഒഴിവാക്കുന്നതാണ് നല്ലത്.
• ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരും വിൽക്കുന്നവരുമായ നിരവധി വ്യക്തികൾ നമ്മുടെ നാട്ടിലുണ്ട്. അവരെ സൂക്ഷിക്കുക. അവരുമായുള്ള ചങ്ങാത്തം നമ്മെ അപകടപ്പെടുത്തും.
മാതാപിതാക്കളുടെ ശ്രദ്ധക്ക്
• നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിലെ നിര്‍ണായകമായ മറ്റൊരു വര്‍ഷമാണ് ആരംഭിക്കുന്നത്. അതു നല്ല രീതിയിൽ ആരംഭിക്കാൻ അവരെ സഹായിക്കുക.
• കുട്ടിക്ക് സ്വസ്ഥമായിരുന്ന് പഠിക്കാനുള്ള അവസരങ്ങളും സൗകര്യങ്ങളും നൽകുക.
• കുട്ടിയുടെ പഠനാവശ്യങ്ങള്‍ക്കായി ഈയാഴ്ച കുറച്ച് തുക മാറ്റിവെക്കണം.
• കുട്ടിക്ക് സ്‌കൂളില്‍ കൊണ്ടുപോകാനുളള എല്ലാ വസ്തുക്കളും വാങ്ങികൊടുക്കുക. ഏറ്റവും കൂടിയ ഇനം വാങ്ങിയില്ലെങ്കിലും ഏറ്റവും കുറഞ്ഞത് വാങ്ങാതിരിക്കുന്നതാണ് നല്ലത്.
• കുട്ടി സ്‌കൂളിലേക്ക് പോകുമ്പോള്‍ വൃത്തിയുളള യൂനിഫോം/വസ്ത്രം ശരിയായ രീതിയില്‍ ധരിക്കുന്നു എന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം
• സ്‌കൂളിലെ ആദ്യ ദിവസം കുട്ടിയോടൊപ്പം സ്‌കൂളില്‍ പോകാന്‍ ശ്രമിക്കുക. കുട്ടിയുടെ അധ്യാപകരുമായി സൗഹൃദം സ്ഥാപിക്കാന്‍ മറക്കരുത്.
• സ്‌കൂളിലേക്ക് കുട്ടിയെ അയക്കുന്നതും തിരികെ കൊണ്ടുവരുന്നതും ഉത്തരവാദിത്തമുളള വാഹനങ്ങളിലായിരിക്കണം.
• ദിവസവും സ്‌കൂളില്‍നിന്നും തിരികെയെത്തുന്ന കുട്ടിയോട് അഞ്ച് മിനിറ്റ് സമയമെങ്കിലും അന്നേദിവസം സ്കൂളിൽ നടന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കുവാനായി ചെലവഴിക്കുക.
• റോഡ് മാര്‍ഗം നടന്നുപോകുന്നവരെ ഒന്നോ രണ്ടോ ദിവസം അതു കൃത്യമായി പരിശീലിപ്പിക്കണം. (വലതു വശത്തുകൂടി നടക്കുക, വാഹനങ്ങള്‍ ശ്രദ്ധിക്കുക, റോഡ് ക്രോസ് ചെയ്യുക, സീബ്രാ ലൈൻ ഉപയോഗിക്കുക)
• മറ്റു വാഹനത്തില്‍ വരുന്നവരെയും അപരിചിതരെയും ശ്രദ്ധിക്കാനും അവര്‍ ഓഫര്‍ ചെയ്യുന്ന ലിഫ്റ്റ് നിരസിക്കുവാൻ കുട്ടികളെ ഉപദേശിക്കുക.
• കുട്ടികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പലതരം ദുശ്ശീലങ്ങളുണ്ട്. അവയിലോ അവ പ്രോത്സാഹിപ്പിക്കുന്ന കൂട്ടുകെട്ടിലോ കുട്ടികള്‍ എത്തിപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിന് ദിവസവും കുട്ടിയുമായുള്ളസംഭാഷണത്തിലേർപ്പെടേണ്ടത് അത്യാവശ്യമാണ്.
• കുട്ടിയുടെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ എന്തെങ്കിലും മാറ്റങ്ങളുണ്ടായതായി കണ്ടാല്‍ ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കാന്‍ മടികാണിക്കരുത്.
• കുട്ടി സ്‌കൂളില്‍ പോകുമ്പോഴും സ്‌കൂളില്‍നിന്ന് തിരികെ വരുമ്പോഴും വീട്ടില്‍ ആരെങ്കിലും ഉണ്ടായിരുന്നാല്‍ നന്ന്.
ചില പ്രധാന ഫോണ്‍ നമ്പറുകള്‍
പൊലീസ് (കണ്‍ട്രോള്‍ റൂം) - 100, ഫയര്‍ഫോഴ്‌സ് - 101, ആംബുലന്‍സ് – 108, ട്രാഫിക് പോലീസ് 1099, ക്രൈം സ്റ്റോപ്പര്‍ - 1090, സൈബര്‍ സെല്‍ - 1930, ചൈല്‍ഡ് ഹെല്‍പ് ലൈന്‍ - 1098/ 1517, പൊലീസ് എസ്.എം.എസ് അലര്‍ട്ട് - 9497900000, വനിത ഹെല്‍പ് ലൈന്‍ - 1091/9947000100, ഹൈവേ പട്രോള്‍ - 9846100100

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.