ആയുധങ്ങൾ മോഷ്ടിച്ച കേസ്; മൂന്ന് സൈനികരടക്കം ഏഴുപേർ അറസ്റ്റിൽ
text_fieldsഹൈദരാബാദ്: ഹൈദരാബാദിലെ സൈനിക കേന്ദ്രത്തിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും മോഷ്ടിച്ച കേസിൽ മൂന്ന് സൈനികരടക്കം ഏഴുപേർ അറസ്റ്റിൽ. തെലങ്കാനയിലെ നാഗർകർണൂൽ സ്വദേശിയും മുൻ ഹവിൽദാറുമായ ഉപ്പുത്തല മല്ലേഷ് (37) ആണ് കേസിലെ പ്രധാന പ്രതി. ആഗസ്റ്റ് 31ന് രാത്രിയിൽ ബൊല്ലാറത്തിലെ ‘കോട്ടെ ആൻഡ് ബറ്റാലിയൻ മാഗസിൻ’ കേന്ദ്രത്തിൽനിന്ന് എ.കെ-203 റൈഫിളുകളും വെടിക്കോപ്പുകളും മോഷ്ടിച്ച കേസിൽ സെപ്റ്റംബർ 11നാണ് ഇയാൾ അറസ്റ്റിലായത്. മല്ലേഷിന്റെ പിതാവിന്റെ വീട്ടിൽ ഒളിപ്പിച്ചിരുന്ന മുഴുവൻ ആയുധങ്ങളും വെടിക്കോപ്പുകളും പൊലീസ് കണ്ടെടുത്തു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് സൈനികർ, പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ടുപേർ, മല്ലേഷിന്റെ ബന്ധു, സുഹൃത്ത് എന്നിവരെ ശനിയാഴ്ച അറസ്റ്റ് ചെയ്തതെന്ന് മൽകാജ്ഗിരി പൊലീസ് കമീഷണർ ബി. സുമതി അറിയിച്ചു
20 ബറ്റാലിയൻ മദ്രാസ് റെജിമെന്റിൽ ഹവിൽദാറായിരുന്ന മല്ലേഷിനെ അച്ചടക്കലംഘനവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ഈ വർഷം ജൂണിൽ സർവിസിൽനിന്ന് പിരിച്ചുവിട്ടിരുന്നു. വീടുകളിൽ കവർച്ച നടത്തിയ കേസിൽ ഉൾപ്പെട്ടിരുന്ന മല്ലേഷ്, ബന്ധുവിനും സുഹൃത്തിനുമൊപ്പം ബാങ്കുകൾ, ജ്വല്ലറികൾ, സമ്പന്നരുടെ വീടുകൾ എന്നിവ കൊള്ളയടിച്ച് വൻതുക സമ്പാദിക്കാൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും പൊലീസ് വ്യക്തമാക്കി. പിന്നാലെ, റെജിമെന്റിലെ മൂന്ന് സൈനികരെ മല്ലേഷ് ബന്ധപ്പെട്ടു. ഇവരുടെ സഹായത്തോടെ ‘കോട്ടെ ആൻഡ് മാഗസിൻ’ കേന്ദ്രത്തിന്റെ പൂട്ടുകൾ തകർത്ത് ആയുധങ്ങളും വെടിക്കോപ്പുകളും മോഷ്ടിക്കുകയായിരുന്നു.പണം സമ്പാദിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും തീവ്രവാദ ബന്ധങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

