Begin typing your search above and press return to search.
proflie-avatar
Login

ട്രംപിന്റെ ചുങ്കപ്പോരും പൊലിയുന്ന ജനാധിപത്യ വ്യാമോഹങ്ങളും

ട്രംപിന്റെ ചുങ്കപ്പോരും പൊലിയുന്ന   ജനാധിപത്യ വ്യാമോഹങ്ങളും
cancel

അമേരിക്കൻ പ്രസിഡന്റ്​ ട്രംപ്​ ആഗോള സാമ്പത്തിക വ്യവസ്ഥയെതന്നെ ബാധിക്കുന്ന സാമ്പത്തിക നയങ്ങൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ചുങ്കം ഏർപ്പെടുത്തിയതിലെ രീതികൾ പലതരത്തിൽ വിമർശനം ഉയർത്തിയിട്ടുണ്ട്. എന്താണ്​ ട്രംപി​ന്റെ സാമ്പത്തിക നയങ്ങളുടെ താൽപര്യം? ചുങ്കപ്പേര്​ എങ്ങോട്ട്​ നയിക്കും? പ്രത്യക്ഷത്തിൽ ലക്കും ലഗാനുമില്ലാത്ത ട്രംപിന്റെ ചുങ്കപ്പോരിന് ഒരു യുക്തിയുണ്ട്. ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ സമിതി തലവനായ സ്റ്റീഫൻ മീരനാണ് അതിന് മാർഗനിർദേശം നൽകുന്നത്. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ‘ആഗോള വ്യാപാരവ്യവസ്ഥയെ പുനഃസംഘടിപ്പിക്കാനുള്ള മാർഗരേഖ’യിൽ മീരൻ ഇതിനുള്ള ന്യായങ്ങൾ നിരത്തി. ...

Your Subscription Supports Independent Journalism

View Plans
അമേരിക്കൻ പ്രസിഡന്റ്​ ട്രംപ്​ ആഗോള സാമ്പത്തിക വ്യവസ്ഥയെതന്നെ ബാധിക്കുന്ന സാമ്പത്തിക നയങ്ങൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ചുങ്കം ഏർപ്പെടുത്തിയതിലെ രീതികൾ പലതരത്തിൽ വിമർശനം ഉയർത്തിയിട്ടുണ്ട്. എന്താണ്​ ട്രംപി​ന്റെ സാമ്പത്തിക നയങ്ങളുടെ താൽപര്യം? ചുങ്കപ്പേര്​ എങ്ങോട്ട്​ നയിക്കും?

പ്രത്യക്ഷത്തിൽ ലക്കും ലഗാനുമില്ലാത്ത ട്രംപിന്റെ ചുങ്കപ്പോരിന് ഒരു യുക്തിയുണ്ട്. ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ സമിതി തലവനായ സ്റ്റീഫൻ മീരനാണ് അതിന് മാർഗനിർദേശം നൽകുന്നത്. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ‘ആഗോള വ്യാപാരവ്യവസ്ഥയെ പുനഃസംഘടിപ്പിക്കാനുള്ള മാർഗരേഖ’യിൽ മീരൻ ഇതിനുള്ള ന്യായങ്ങൾ നിരത്തി. അമേരിക്ക പ്രതിഫലം പറ്റാതെ ലോകത്തിനായി രണ്ട് സേവനങ്ങൾ നൽകുന്നുണ്ട്. ഒന്നാമത്, ഡോളറിനെ കരുതൽ നാണ്യമായി നിലനിർത്തുന്നു. രണ്ടാമത്, ആഗോള സൈനിക സാന്നിധ്യത്തിലൂടെ ലോകത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നു. ഇതിനു വേണ്ട ഭീമമായ ചെലവ് സ്വയം വഹിക്കുന്നു. ഇതാണ് മീരൻ ചൂണ്ടിക്കാട്ടിയത്.

ആഗോള വ്യാപാരത്തിൽ അധികവും ഡോളറിൽ നടക്കുന്നതുകൊണ്ട് അത് വർധിക്കുന്ന തോതിൽ ഡോളറിനുള്ള ആവശ്യവും വർധിക്കുന്നു. ഡോളറിന്റെ മൂല്യവും കൂടിക്കൊണ്ടിരിക്കും. ഒരു രാജ്യത്തിന്റെ വ്യാപാര കമ്മി കൂടുമ്പോൾ അതിന്റെ നാണ്യത്തിന്റെ മൂല്യം കുറയുകയാണ് പതിവ്. ഡോളർ കരുതൽ നാണ്യമായതുകൊണ്ട് ഇതിനു വിപരീതമായിട്ടാണ് ഇപ്പോൾ സംഭവിക്കുന്നത്. ‍തന്മൂലം അവിടെ നിർമിക്കുന്ന ചരക്കുകൾക്ക് വില കൂടും. ഇത് അമേരിക്കയുടെ കയറ്റുമതിയെ ബാധിക്കുന്നു. വ്യാപാര കമ്മി കുത്തനെ കൂടുന്നു. ഇതാണ് മീരൻ പറഞ്ഞത്.

ഇതിനുള്ള പരിഹാരമാണ് ചുങ്ക വർധന. അമേരിക്കയുമായുള്ള വ്യാപാര കരാറുകൾ പുതുക്കി എഴുതാൻ മറ്റ് രാജ്യങ്ങൾക്കുമേൽ ഇതിലൂടെ സമ്മർദം ചെലുത്താം. അമേരിക്കൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് അനുകൂലമായ നടപടികൾ എടുപ്പിക്കണം. അതായത് അവരുടെ ഇറക്കുമതി ചുങ്കം കുറപ്പിക്കണം. അമേരിക്കയുടെ കയറ്റുമതി ഇതിലൂടെ വർധിപ്പിക്കാനാകും. കമ്മി കുറക്കാനും കഴിയും.

മിക്ക ബഹുരാഷ്ട്ര ഭീമന്മാരും വിദേശ രാജ്യങ്ങളിൽ പോയി ഉൽപാദനം നടത്തി ആ ചരക്കുകൾ അമേരിക്കയിൽ കൊണ്ടുവന്നു വിൽക്കുകയാണ്. ഉയർന്ന ചുങ്കം ഏർ​െപ്പടുത്തുക വഴി അമേരിക്കയിലേക്ക് മടങ്ങിവരാൻ അവരെ നിർബന്ധിക്കാനാകും എന്ന കണക്കുകൂട്ടലും മീരനുണ്ട്. കുറഞ്ഞ കൂലി കൊടുത്ത് അവിടെ നടത്തുന്ന ഉൽപാദനത്തിൽനിന്ന് അധികലാഭം കിട്ടുന്നതുകൊണ്ടാണല്ലോ അവ പുറത്തേക്കു പോയത്. പക്ഷേ ചുങ്കം കുത്തനെ കൂട്ടുമ്പോൾ അവിടെനിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കിന്റെ വില കൂടും. വിൽപന കുറയും. ലാഭത്തിനു പകരം നഷ്ടമായെന്നും വരും. അപ്പോൾ അവിടെനിന്ന് കുറ്റിപറിച്ച് മടങ്ങിവരേണ്ടി വരും.

ഇതൊക്കെയാണ് ട്രംപിന്റെ ചുങ്കയുദ്ധത്തിന് ദിശ നൽകുന്ന ധാരണകൾ. അവ ഒട്ടും യുക്തിഭദ്രമല്ല. അമേരിക്കയിൽ വിൽക്കുന്ന ആപ്പിളിന്റെ ഐ ഫോണുകളിൽ 90 ശതമാനവും ചൈനയിലാണ് നിർമിക്കുന്നത്. ട്രംപ് കൽപിച്ച ചുങ്കം നടപ്പാക്കിയാൽ അതിന്റെ വില ഇരട്ടിയിലധികമായേനെ. വിൽപന ഇടിയും. ഇപ്പോൾ ഏതാണ്ട് 60 ശതമാനം മാർജിൻ കിട്ടുന്ന ആപ്പിൾ കമ്പനിക്ക് അത് നഷ്ടക്കച്ചവടമാകും. മറ്റു പല ഇലക്ട്രോണിക് ഉപകരണങ്ങളുടെയും കാര്യം ഇതുപോലെയാണ്.

ചുങ്കം കുത്തനെ കൂട്ടിയതിനുശേഷം സ്മാർട്ഫോൺ, ലാപ്ടോപ് മുതലായ പലതിന്റെയും കാര്യത്തിൽ അത് ഉടനെ മരവിപ്പിക്കാൻ അതുകൊണ്ടുതന്നെ ട്രംപ് ഭരണം നിർബന്ധിതമായി. ഫലത്തിൽ ചൈനയിൽനിന്നുള്ള ഇറക്കുമതികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.

ഇന്നത്തെ ലോകത്ത് പല ചരക്കുകളുടെയും ഉൽപാദനവും വ്യാപാരവും ആഗോള ശൃംഖലകളുടെ ഭാഗമായിട്ടാണ് നടക്കുന്നത്. പലയിടത്തുംനിന്ന് വരുന്ന അസംസ്കൃത വസ്തുക്കൾ. പലയിടത്തുമായി അവയെ പ്രാഥമികമായി സംസ്കരിക്കുന്നു. അതെല്ലാം സംയോജിപ്പിച്ച് വിൽക്കാനുള്ള ചരക്കാക്കുന്നത് മറ്റൊരിടത്ത്. അത് വാങ്ങുന്ന ഉപഭോക്താവ് വേറൊരു രാജ്യത്ത്. ഇതാണ് ഈ ചരക്ക്-മൂല്യ ശൃംഖലകളുടെ സ്വഭാവം. ഇതിൽ ഒരിടത്തെ കയറ്റുമതി ഞെരുക്കിയാൽ അത് മുഴുവൻ ശൃംഖലയെയും ബാധിക്കും. അതുകൊണ്ട് ഇന്നത്തെ ലോകത്ത് കയറ്റിറക്ക് വ്യാപാരം നിയന്ത്രിക്കാനുള്ള ആയുധമായി ചുങ്കത്തെ പ്രയോഗിക്കാനുള്ള സാധ്യത പരിമിതമാണ്.

ട്രംപിന്റെ നീക്കങ്ങൾ പ്രധാനമായും ലക്ഷ്യംവെക്കുന്നത് ചൈനയെയാണ്. ചൈനയുമായുള്ള കച്ചവടത്തിൽ അമേരിക്കക്ക് അതിഭീമമായ വ്യാപാര കമ്മിയുണ്ട്. ഇത് കുറക്കണം. അമേരിക്കയെ സാമ്പത്തികവും സാങ്കേതികവുമായ എല്ലാ രംഗങ്ങളിലും വെല്ലുന്ന ശക്തിയായുള്ള ചൈനയുടെ വളർച്ച തടയുന്നതാണ് അതിലേറെ പ്രധാനം. എന്നാൽ, ചുങ്കമത്സരം ചൈനയെക്കാൾ കൂടുതലായി ബാധിക്കുക അമേരിക്കയെയാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അമേരിക്കയിൽനിന്നുള്ള ഇറക്കുമതിക്കു പകരം അത് മറ്റ് രാജ്യങ്ങളിൽനിന്നാക്കാൻ ചൈനക്കാകും. അത്തരം ഉൽപന്നങ്ങളാണ് ഇറക്കുമതിയിൽ കൂടുതലും. അമേരിക്കക്കാകട്ടെ ഇത് അത്ര എളുപ്പമാകില്ല. അവിടത്തെ ഉൽപാദനത്തിനുവേണ്ട അവശ്യസാമഗ്രികളാണ് ചൈനയിൽനിന്ന് വാങ്ങുന്നതിൽ വലിയൊരു പങ്ക്.

ട്രംപിന്റെ ആദ്യ ഊഴത്തിൽ ഇത് കണ്ടതാണ്. ചൈനയിൽ നിന്നുള്ള ഉരുക്കിന്റെ ചുങ്കം വർധിപ്പിച്ചതുകൊണ്ട് അമേരിക്കയിലെ ഉരുക്കുനിർമാണരംഗത്ത് ശ്രദ്ധേയമായ വളർച്ചയൊന്നും ഉണ്ടായില്ല. എതിർനടപടിയായി അമേരിക്കയിൽനിന്നുള്ള കാർഷികോൽപന്നങ്ങളുടെ ഇറക്കുമതിയിൽ ചൈന പിടിമുറുക്കിയപ്പോൾ അവിടത്തെ കാർഷിക മേഖലയെ അത് സാരമായി ബാധിച്ചു. കാർഷികമേഖലയിലെ കുത്തകമുതലാളിമാർ എതിർപ്പുമായി വന്നു. ചുങ്കം വഴി ലഭിച്ച അധിക വരുമാനത്തിൽനിന്ന് കാർഷിക മേഖലക്ക് സബ്സിഡി നൽകാൻ ട്രംപ് നിർബന്ധിതനായി.

ചുങ്കപ്പോരും അടിക്കടിയുള്ള ട്രംപിന്റെ നയമാറ്റങ്ങളും ആഗോളതലത്തിലുള്ള ചരക്ക് ശൃംഖലകളെയും വ്യാപാരത്തെയും അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. ഡോളറിന്റെ മൂല്യം ഇടിഞ്ഞു. അതോടൊപ്പം അമേരിക്കൻ സർക്കാറിന്റെ കടപ്പത്രങ്ങളുടെ മൂല്യവും ഇടിഞ്ഞു. നാണ്യത്തിന്റെ ഇടിവ് കയറ്റുമതിക്ക് ഗുണംചെയ്യും. പക്ഷേ കടപ്പത്രത്തിലെ ഇടിവ് അമേരിക്കൻ സർക്കാറിന്റെ ഇടപാടുകളെ ആകെ തകരാറിലാക്കിയേക്കാം. ഇതിന്റെ വിൽപനയിലൂടെ നേടുന്ന സമ്പാദ്യമാണ് ബജറ്റ് കമ്മി നികത്താനായി ഏറെക്കാലമായി അമേരിക്കൻ സർക്കാറുകൾ ആശ്രയിക്കുന്നത്.

ഉറപ്പുള്ള ഈടെന്ന നിലക്കാണ് വിദേശ രാജ്യങ്ങൾ ഈ കടപ്പത്രങ്ങൾ വാങ്ങുന്നത്. ട്രംപിന്റെ നയങ്ങൾ അതിന്റെ വിശ്വാസ്യതയെ ബാധിക്കുന്നു. വിറ്റൊഴിയാനുള്ള പ്രവണത ശക്തിപ്പെടുകയാണ്. മുമ്പത്തേതിൽനിന്ന് വ്യത്യസ്തമായി ഈ കടപ്പത്രങ്ങൾ ഇന്ന് കൂടുതലുമുള്ളത് വിദേശ സർക്കാറുകളുടെ കൈയിലല്ല. അമേരിക്കയുൾപ്പെടെയുള്ള സാമ്രാജ്യത്വ രാജ്യങ്ങളിലെ തന്നെ പെൻഷൻ ഫണ്ട് പോലുള്ള ധനകാര്യ കമ്പനികളുടെ പക്കലാണ്. അതിന്റെ മൂല്യം ഇടിഞ്ഞുകൊണ്ടിരുന്നാൽ വലിയൊരു ജനവിഭാഗത്തെ അത് ബാധിക്കും. ട്രംപിനുവേണ്ടി അണിനിരന്ന അമേരിക്കയിലെ ഇടത്തരക്കാരും തൊഴിലാളികളുമായ വെള്ളക്കാർ അതിൽ ഉൾപ്പെടും. ആത്യന്തികമായി ട്രംപിന്റെ പിന്തുണ ഇടിയാൻ അത് കാരണമാകും.

എല്ലാ രാജ്യങ്ങൾക്കും ചുങ്കം കുത്തനെ കൂട്ടിയശേഷം ഉടനെ തന്നെ അത് മൂന്നുമാസത്തേക്ക് മരവിപ്പിക്കാൻ ട്രംപ് നിർബന്ധിതനായതിന്റെ പശ്ചാത്തലം ഇതാണ്. ചുങ്കംകൊണ്ടുള്ള പയറ്റ് മാത്രമല്ല ട്രംപിന്റെ പദ്ധതി. പൊതുമേഖലയെ ചുരുക്കി കൊണ്ടുവന്ന് സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കാൻ സർക്കാറിന്റെ ഭരണച്ചെലവ് വെട്ടിക്കുറക്കുക, കോർപറേറ്റുകളുടെ നികുതി കുറച്ചുകൊടുക്കുക, സൈനികച്ചെലവ് കുത്തനെ കൂട്ടുക എന്നൊക്കെയാണ് അതിലെ മറ്റ് ഇനങ്ങൾ. ചെലവുചുരുക്കലിന്റെ ഭാഗമായി പലരെയും പിരിച്ചുവിടുകയാണ്. ധനസഹായം നിർത്തലാക്കുകയാണ്. ഇതിന് മറയൊരുക്കാൻ സങ്കുചിത ദേശീയബോധം ഉത്തേജിപ്പിച്ചുകൊണ്ട് കുടിയേറ്റക്കാരെ ബലമായി നാടുകടത്തുന്നു. മാധ്യമങ്ങളെയും സർവകലാശാലകളെയും വരുതിയിലാക്കുന്ന സമ്മർദ തന്ത്രങ്ങൾ പ്രയോഗിക്കുന്നു.

ഇതെല്ലാം ശക്തമായ എതിർപ്പിനും വഴി​െവച്ചിട്ടുണ്ട്. ‘‘ട്രംപ് ഭരണകൂടത്തിന്റെയും കോടീശ്വരന്മാരുടെയും കൈയടക്കലും വ്യാപകമായ അഴിമതിയും അവസാനിപ്പിക്കുക; മെഡികെയർ, സോഷ്യൽ സെക്യൂരിറ്റി, അധ്വാനിക്കുന്ന ജനങ്ങൾ ആശ്രയിക്കുന്ന മറ്റ് പദ്ധതികൾ എന്നിവക്കുള്ള ഫെഡറൽ ഫണ്ടുകൾ വെട്ടിക്കുറക്കുന്നത് അവസാനിപ്പിക്കുക; കുടിയേറ്റക്കാർക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും മറ്റ് സമൂഹിക വിഭാഗങ്ങൾക്കും എതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കുക’’ എന്നീ മുദ്രാവാക്യങ്ങളുമായി ഏതാണ്ട് 5 ലക്ഷം ജനങ്ങളാണ് ഏപ്രിൽ 5ന് അമേരിക്കയുടെ 1400 കേന്ദ്രങ്ങളിലായി ട്രംപ് ഭരണത്തിനെതിരെ അണിനിരന്നത്. വീണ്ടും ഏപ്രിൽ 19ന് രാജ്യവ്യാപകമായി പ്രതിഷേധപ്രകടനങ്ങൾ നടന്നിട്ടുണ്ട്. ഭരണകൂട സ്ഥാപനങ്ങൾക്കിടയിലും വൈരുധ്യം ശക്തിപ്പെടുകയാണ്. ട്രംപിന്റെ പല തീരുമാനങ്ങളെയും കോടതികൾ മരവിപ്പിച്ചു. അത് വക​െവച്ചുകൊടുക്കില്ലെന്ന് ട്രംപ് ഭരണം നടത്തുന്ന പരസ്യ പ്രസ്താവനകൾ അമേരിക്കൻ ഭരണവ്യവസ്ഥയെ തന്നെ ചോദ്യംചെയ്യുന്നതിലേക്കും ഭരണഘടനാപരമായ പ്രതിസന്ധിയിലേക്കും നയിക്കും.

 

മോദിയും ട്രംപും

ട്രംപും ഉപദേഷ്ടാക്കളും നടപ്പാക്കാൻ ശ്രമിക്കുന്ന നയങ്ങൾക്കപ്പുറം കടന്ന് ചിന്തിച്ചാൽ ലോക സാമ്രാജ്യത്വ വ്യവസ്ഥ അകപ്പെട്ടിരിക്കുന്ന വിഷമസന്ധിയാണ് തെളിഞ്ഞുവരുന്നത്. ലാഭത്തിനുള്ള അലച്ചിലാണ് മുതലാളിത്തത്തിന്റെ സവിശേഷത. ചരക്കു കയറ്റുമതിയിൽനിന്ന് മൂലധന കയറ്റുമതിയിലേക്ക് കടക്കാൻ അതിനെ നിർബന്ധിച്ചത് അതാണ്. അതോടെ സാമ്രാജ്യത്വവ്യവസ്ഥ രൂപംകൊണ്ടു എന്ന് ലെനിൻ ചൂണ്ടിക്കാട്ടി. ഈ കയറ്റുമതിയുടെ കൂടുതൽ ഉയർന്ന തലമാണ് ആഗോളീകരണത്തിൽ കണ്ടത്. സാമ്രാജ്യത്വ രാജ്യങ്ങളിലെ പല വ്യവസായങ്ങളും മൂന്നാം ലോക രാജ്യങ്ങളിലേക്ക് മാറ്റി. അസംസ്കൃത വസ്തു-സംസ്കരിച്ച വസ്തുക്കൾ-ഉൽപന്നം-വിപണി ശൃംഖലകൾ ആഗോളതലത്തിൽ രൂപംകൊണ്ടു. സാമ്രാജ്യത്വ രാജ്യങ്ങളിലെ ലാഭശതമാനത്തിലുണ്ടായ ഇടിവ് ഇതിന് ഉത്തേജനം നൽകി. സാങ്കേതികവിദ്യയുടെ ഉപയോഗം വർധിച്ചുവന്ന മുറക്ക് 1960കൾ മുതൽതന്നെ അമേരിക്കൻ ഫാക്ടറി ഉൽപാദനത്തിലെ ലാഭം കുറയാൻ തുടങ്ങിയിരുന്നു എന്ന് മൈക്കൽ റോബർട്സ് ചൂണ്ടിക്കാട്ടുന്നു. 1947ൽ ഫാക്ടറികളിലെ തൊഴിൽ മൊത്തത്തിലുള്ളതിന്റെ 35 ശതമാനമായിരുന്നത് 2015 ആയപ്പോഴേക്കും 10 ശതമാനത്തിൽ താഴെയായി. (https://thenextrecession.wordpress.com)

2007-08ലെ ധന പ്രതിസന്ധിയോടെ ആഗോളീകരണവും വഴിമുട്ടിത്തുടങ്ങി. ലോകവ്യാപാരത്തിലെ വളർച്ചനിരക്ക് ജി.ഡി.പി വളർച്ചനിരക്കിനേക്കാൾ മന്ദഗതിയിലായി. അതിനു മുമ്പുള്ള രണ്ട് ദശകങ്ങളിൽ ഇതിന് നേർവിപരീതമായിരുന്നു അവസ്ഥ. താന്താങ്ങളുടെ സമ്പദ്ഘടനകളെ സംരക്ഷിക്കുന്ന സമീപനങ്ങൾ പിന്തുടരാൻ സാമ്രാജ്യത്വ രാജ്യങ്ങൾ നിർബന്ധിതമായി. തടസ്സമില്ലാത്ത ആഗോളവ്യാപാരത്തിനുവേണ്ടി വാദിച്ചിരുന്ന ഈ രാജ്യങ്ങൾ ഒന്നൊന്നായി സംരക്ഷണവാദത്തിലേക്ക് നീങ്ങാൻ തുടങ്ങി. തങ്ങളുടെ രാജ്യത്തുനിന്നുള്ള കയറ്റുമതിക്ക് സ്വതന്ത്രവ്യാപാരത്തിന്റെ ആനുകൂല്യം വേണം. അതേസമയം, തങ്ങളുടെ രാജ്യങ്ങളിലേക്കുള്ള ഇറക്കുമതി നിയന്ത്രിക്കണം. അതാണ് സംരക്ഷണവാദം. അതോടെ ആഗോളീകരണത്തെ ഉറപ്പിച്ചുനിർത്താൻ രൂപംകൊടുത്ത ലോക വ്യാപാര സംഘടനയുടെ പ്രവർത്തനവും മന്ദഗതിയിലായി.

പൊതുകടത്തിന്റെ രൂപത്തിൽ അവികസിത (മർദിത) രാജ്യങ്ങളിൽ നടത്തുന്ന മൂലധനമുടക്ക് പുത്തൻ കൊളോണിയൽ ചൂഷണത്തിന്റെ ഒരു പ്രമുഖ സവിശേഷതയാണ്. 1970കളോടെ ഇത്തരം രാജ്യങ്ങളിൽ ഇതുമൂലം കടപ്രതിസന്ധി രൂപംകൊണ്ടു. 1980കളിൽ അത് തീവ്രമായി. ഇതിനുള്ള ആശ്വാസം എന്ന പേരിൽ ഐ.എം.എഫ്, ലോക ബാങ്ക് വായ്പകൾ കൊടുക്കാൻ തുടങ്ങി. അതിനുള്ള ഉപാധിയായി ഘടനാപരമായ മാറ്റങ്ങളും അടിച്ചേൽപിച്ചു. മൂന്നാം ലോക രാജ്യങ്ങളുടെ സമ്പദ്ഘടനകളെ സാമ്രാജ്യത്വ മൂലധനത്തിനും ചരക്കുകൾക്കും സേവനങ്ങൾക്കും തുറന്നിടാൻ നിർബന്ധിക്കുന്നവയായിരുന്നു അവ. പക്ഷേ ഇങ്ങനെയുള്ള ഘടനാപരമായ നടപടികൾ താൽക്കാലികമായിരുന്നു. കടപ്രതിസന്ധി മറികടന്ന് ഇത്തരം കടങ്ങൾ മടക്കിനൽകുന്നതോടെ അവ ഒഴിവാക്കാമായിരുന്നു. ഇത്തരം ഘടനാപരമായ പരിഷ്കാരങ്ങളെ സ്ഥിരപ്പെടുത്തുകയായിരുന്നു 1993ലെ പുതിയ ഗാട്ട് കരാർ. അതിനു മേൽനോട്ടം വഹിക്കാനാണ് ലോക വ്യാപാര സംഘടനക്ക് രൂപംകൊടുത്തത്.

തത്ത്വത്തിൽ എല്ലാ അംഗരാജ്യങ്ങൾക്കും തുല്യാവകാശമുണ്ട് ഈ സംഘടനയിൽ. തീരുമാനങ്ങൾ സർവസമ്മതത്തോടെ മാത്രമേ എടുക്കാവൂ. സാമ്രാജ്യത്വ ശക്തികളുടെ ഏകപക്ഷീയ വ്യാപാരനീക്കങ്ങളെ ചെറുക്കാൻ അവികസിത രാജ്യങ്ങൾക്ക് ഇത് ഉപകരിക്കും എന്നൊക്കയായിരുന്നു അന്ന് അവകാശപ്പെട്ടിരുന്നത്. ഫലത്തിൽ സംഭവിച്ചത് അതല്ല. സർവസമ്മതത്തോടെ തീരുമാനം എടുത്താലും ഏതു രാജ്യത്തിനും മറ്റൊന്നിന്റെ വ്യാപാരനയങ്ങൾക്കെതിരെ പരാതി നൽകാം. തങ്ങളുടെ കയറ്റുമതിയെ ബാധിക്കുമെന്ന് പറഞ്ഞ് മറ്റേതെങ്കിലും രാജ്യം നൽകുന്ന സബ്സിഡികൾക്കെതിരെയും പരാതിപ്പെടാം. കാർഷിക സബ്സിഡികളാണ് പലപ്പോഴും തർക്കവിഷയമായത്. അവികസിത രാജ്യങ്ങൾ സബ്സിഡികൾ നൽകി കാർഷികോൽപന്നങ്ങളുടെ വില നിയന്ത്രിച്ചുനിർത്തുന്നു. ഇത് തങ്ങളുടെ ഉൽപന്നങ്ങളുടെ കയറ്റുമതിയെ ബാധിക്കുന്നു. ഇതായിരുന്നു അമേരിക്ക, ജപ്പാൻ, യൂറോപ്യൻ യൂനിയൻ മുതലായ സാമ്രാജ്യത്വ രാജ്യങ്ങളുടെ പതിവ് പരാതി.

 

അമേരിക്കൻ പ്രസിഡന്റ്​ ട്രംപ്​ 26 ശതമാനം ചുങ്കം  ഏർപ്പെടുത്തിയതിനെ കുറിച്ച്​ വിശദീകരിക്കുന്നു

ഈ രാജ്യങ്ങൾ വർഷംതോറും മൊത്തത്തിൽ 26 ലക്ഷം കോടി രൂപ കാർഷിക സബ്സിഡി നൽകിക്കൊണ്ടിരുന്നപ്പോഴാണ് ഇങ്ങനെ പരാതിപ്പെട്ടത്! ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ മൊത്തം ജി.ഡി.പിക്ക് തുല്യമായ സംഖ്യയാണിത്. ലോക വ്യാപാര സംഘടനയിൽ പരാതികളുമായി എത്തിയതിൽ ബഹുഭൂരിപക്ഷവും സാമ്രാജ്യത്വ രാജ്യങ്ങളിൽനിന്നാണ്. മൂന്നാം ലോക രാജ്യങ്ങൾ നൽകിയ പരാതികളേക്കാൾ ഏതാണ്ട് രണ്ടിരട്ടി. അതേസമയം, തങ്ങൾക്കെതിരെയുള്ള പരാതികളെയും തീർപ്പുകളെയും ലോക വ്യാപാര സംഘടനയുടെ അപ്പീൽ സംവിധാനത്തിലെ സങ്കീർണ നടപടികളിൽ കുരുക്കിയിടാൻ വികസിത രാജ്യങ്ങൾക്ക് എളുപ്പത്തിൽതന്നെ കഴിഞ്ഞു. വേണ്ടത്ര വിദഗ്ധരോ വിഭവങ്ങളോ സാമ്പത്തികശേഷിയോ ഇല്ലാത്ത അവികസിത രാജ്യങ്ങൾക്ക് പലപ്പോഴും ഇതിനെ മറികടക്കാനായില്ല. അങ്ങനെ എല്ലാ രാജ്യങ്ങൾക്കും തുല്യസ്ഥാനമുണ്ടെന്ന് അവകാശപ്പെട്ട, സർവസമ്മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പ്രവർത്തിക്കൂ എന്ന് പ്രഖ്യാപിച്ച, ഈ സംഘടനയിലും ലോക യാഥാർഥ്യമായ സാമ്രാജ്യത്വ/ മർദിത രാജ്യ വിഭജനം നിലയുറപ്പിച്ചു.

ഈ സംഘടനയിലൂടെ മൂന്നാം ലോക രാജ്യങ്ങളിൽ ചിലതിനൊക്കെ, ചിലപ്പോഴൊക്കെ, നേട്ടങ്ങളുമുണ്ടായിട്ടുണ്ട്. ലോക വ്യാപാര സംഘടനയുടെ വിശ്വാസ്യത നിലനിർത്തുന്നതിന്റെ ഭാഗമായോ, സാമ്രാജ്യത്വശക്തികൾക്കിടയിലെ വൈരുധ്യങ്ങളുടെയോ ഈ രാജ്യങ്ങളുടെ ഭൗമരാഷ്ട്രീയ സ്ഥാനത്തിന്റെയോ ഫലമായോ, അവയുടെ ഉൽപന്നങ്ങൾക്കുള്ള സവിശേഷ ആവശ്യം മൂലമോ ആണ് ഇത് സാധ്യമായത്. അമേരിക്കയും മറ്റ് പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളും ഇത് വകവെച്ചുകൊടുത്തു എന്ന് പറയുന്നതാകും കൂടുതൽ ശരി. കാരണം, ചൈനീസ് സോഷ്യൽ സാമ്രാജ്യത്വം ശക്തിപ്പെടാൻ തുടങ്ങിയതോടെ ഈ ആനുകൂല്യവും കുറഞ്ഞുവന്ന് ഏതാണ്ട് ഇല്ലാതായ അവസ്ഥയിലാണ്. പുത്തൻ സാമ്രാജ്യത്വശക്തിയുടെ ഊർജത്തോടെ ചൈനീസ് ഉൽപന്നങ്ങൾ ലോകവിപണിയിൽ മുന്നേറാൻ തുടങ്ങി.

ഡോളർ അടിസ്ഥാനമാക്കിയുള്ള കയറ്റുമതി ഇടപാടുകൾ കുറയാനും തുടങ്ങി. അതോടെ ലോക വ്യാപാര സംഘടന തങ്ങൾക്ക് ഇനി ഉപകാരപ്രദമാവില്ലെന്ന നിഗമനത്തിൽ അമേരിക്ക എത്തിച്ചേർന്നു. അപ്പീലുകൾ കേൾക്കാനുള്ള സംവിധാനത്തിലേക്ക് പുതിയ ജഡ്ജിമാരെ നിയമിക്കുന്നത് അത് തടഞ്ഞു​െവച്ചു. അമേരിക്കയുടെ പുതിയ നിലപാട് കണക്കിലെടുത്ത് തർക്കപരിഹാര സംവിധാനം പരിഷ്കരിക്കാനും പുതിയ നിയമനങ്ങൾക്ക് വഴിയൊരുക്കാനുമുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. 2019 ഡിസംബർ 10ന്, ശേഷിക്കുന്ന മൂന്ന് അംഗങ്ങളിൽ രണ്ട് പേരുടെ കാലാവധി അവസാനിച്ചതോടെ, അപ്പീലുകൾ കേൾക്കാൻ ആവശ്യമായ ​േക്വാറം ഇല്ലാതായി. അതോടെ ലോക വ്യാപാര സംഘടന ഫലത്തിൽ നോക്കുകുത്തിയായി. ചുങ്കപ്പോരിന്റെ സമ്മർദത്തിൽ വിവിധ രാജ്യങ്ങൾ അമേരിക്കയുമായി ഉഭയകക്ഷി വ്യാപാര കരാറുകൾ ഒപ്പിടുന്നതോടെ ഇന്നത്തെ രൂപത്തിൽ തുടരാൻ അതിന് കഴിയാത്ത അവസ്ഥ ഔപചാരികമായി തന്നെ സ്ഥാപിച്ചെടുക്കാനാണ് ട്രംപ് ഭരണം ലക്ഷ്യംവെക്കുന്നത്.

ഹ്രസ്വകാലാടിസ്ഥാനത്തിൽ, സാമ്രാജ്യത്വ ശക്തികളുടെ ബലാബലമാണ് ഇത് നിശ്ചയിക്കാൻ പോകുന്നത്. ഏകപക്ഷീയമായി തീർപ്പുകൾ അടിച്ചേൽപിക്കാവുന്ന അവസ്ഥയിലല്ല ഇന്ന് അമേരിക്ക. സൈനികമായി ഇന്നും അതാണ് ഒന്നാമൻ. പക്ഷേ ഈ സൈനികബലം നിലനിർത്താനും പ്രയോഗിക്കാനും അവശ്യമായ സാമ്പത്തികശേഷി പണ്ടത്തെയത്ര ഇല്ല. മുമ്പ് സൂചിപ്പിച്ചതുപോലെ, ഡോളറിലുള്ള സർക്കാർ കടപ്പത്രങ്ങളിലൂടെ നടത്തുന്ന ധനസമാഹരണമാണ് കുറെ വർഷങ്ങളായി അമേരിക്കൻ സർക്കാറുകളുടെ ചെലവുകൾക്കുള്ള മുഖ്യ ആശ്രയം. ഈ കടപ്പത്രങ്ങളിലെ നിക്ഷേപങ്ങളിലാണ് പല രാജ്യങ്ങളും തങ്ങളുടെ വിദേശനാണ്യ ശേഖരങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ, ഇതിന്റെ അനുപാതം ക്രമാനുഗതമായി കുറഞ്ഞുവരുകയാണ്. 1999ൽ ഉണ്ടായിരുന്ന 71 ശതമാനത്തിൽനിന്ന് 2024ൽ ഇത് 57 ശതമാനമായി കുറഞ്ഞു. ഡോളറിനെ ആശ്രയിക്കാതെ താന്താങ്ങളുടെ നാണ്യങ്ങളിൽ വ്യാപാര ഇടപാടുകൾ നടത്തുന്ന രാജ്യങ്ങളുടെ എണ്ണം കൂടിവരുന്നുണ്ട്. അങ്ങനെയുള്ള ഇടപാടുകളും കൂടിയിട്ടുണ്ട്. ഡോളറിന് പകരം തങ്ങളുടെ നാണ്യമായ യുവാനെ ഉയർത്തിക്കൊണ്ടുവരാൻ ചൈനീസ് സാമ്രാജ്യത്വം പരിശ്രമിക്കുന്നു. പല മൂന്നാം ലോക രാജ്യങ്ങളിലും ഇന്ന് ചൈനീസ് കുത്തക മൂലധനത്തിന് വിദേശ മുതൽമുടക്കിലും കടത്തിലും പ്രമുഖ സ്ഥാനമുണ്ട്.

ചുരുക്കത്തിൽ, ലോക വ്യാപാര ബന്ധങ്ങളോ ഉൽപാദന ശൃംഖലകളോ തോന്നുംപോലെ മാറ്റുക അമേരിക്കക്ക് എളുപ്പമല്ല. അത്തരം നീക്കങ്ങളെ ചെറുക്കാൻ ചൈന തയാറായിട്ടുണ്ട്. അമേരിക്കൻ സമ്മർദത്തിന് വഴങ്ങി തങ്ങളുടെ സാമ്പത്തിക താൽപര്യങ്ങളെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുന്ന രാജ്യങ്ങൾക്കെതിരെ നടപടിയെടുക്കും എന്ന് അത് വ്യക്തമാക്കി. ഈ പ്രഖ്യാപനത്തെ വെല്ലുവിളിച്ചല്ല, ചൈനയുമായി പുതിയ വ്യാപാര കരാറുണ്ടാക്കുന്നതിനെ കുറിച്ച് പറഞ്ഞാണ് ട്രംപ് ഭരണം പ്രതികരിച്ചത്. അതാണ് ആഗോള ശാക്തികബന്ധങ്ങളുടെ ഇന്നത്തെ നില. അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ ഒന്നുമുണ്ടാകില്ലെങ്കിൽ, കുറച്ചുകാലത്തേക്ക് അതായിരിക്കും അവസ്ഥ. അതങ്ങനെ തുടരില്ല. സാമ്രാജ്യത്വ മത്സരം അതിനനുവദിക്കില്ല.

മുതലാളിത്ത യുഗത്തിലെ ലോക വ്യാപാരത്തിന്റെ ചരിത്രത്തിൽ സ്വതന്ത്രവ്യാപാരത്തിന്റെ ഗതിവിഗതികൾ ശ്രദ്ധേയമാണ്. ഏതെങ്കിലും മുതലാളിത്ത (സാമ്രാജ്യത്വ) രാജ്യം ഉൽപാദനത്തിൽ മുന്നിട്ടു നിൽക്കുമ്പോൾ അതായിരിക്കും രാജ്യാന്തര വ്യാപാരത്തിൽ സ്വതന്ത്ര വ്യാപാരത്തിന്റെ ഉറച്ച വക്താവ്. ഇറക്കുമതിക്കു മേൽ മറ്റു രാജ്യങ്ങൾ നടപ്പാക്കുന്ന നിയന്ത്രണങ്ങളെ അത് ശക്തമായി എതിർക്കും. മറ്റു രാജ്യങ്ങളാകട്ടെ നേരെമറിച്ച് സംരക്ഷണവാദികളായിരിക്കും. തങ്ങളുടെ വിപണികളിലേക്കുള്ള വിദേശ ചരക്കുകളുടെ വരവ് നിയന്ത്രിച്ച് സ്വന്തം രാജ്യത്തെ ഉൽപാദനം പുഷ്ടിപ്പെടുത്താനായിരിക്കും അവ ശ്രമിക്കുക. അങ്ങനെ ഒരുകാലത്ത് ബ്രിട്ടനായിരുന്നു സ്വതന്ത്ര വ്യാപാരത്തിന്റെ ശക്തനായ വക്താവ്.

ബ്രിട്ടീഷ് സാമ്രാജ്യത്വം ക്ഷയിക്കുകയും യു.എസ് സാമ്രാജ്യത്വം ആധിപത്യം ഉറപ്പിക്കുകയും ചെയ്തതോടെ അതായി സ്വതന്ത്ര വ്യാപാരത്തിന്റെ ഉസ്താദ്. ഇതേ നയം പിൻപറ്റാൻ, ചുരുങ്ങിയപക്ഷം അമേരിക്കൻ ഉൽപന്നങ്ങളുടെ കാര്യത്തിലെങ്കിലും അത് നടപ്പാക്കാൻ, അത് മറ്റ് സാമ്രാജ്യത്വ രാജ്യങ്ങളെ നിർബന്ധിച്ചു. അതിൽ കുറെയൊക്കെ വിജയിക്കുകയും ചെയ്തു. ചൈനീസ് സോഷ്യൽ സാമ്രാജ്യത്വത്തിന്റെ ശക്തമായ സാങ്കേതികവും സാമ്പത്തികവുമായ മുന്നേറ്റം ഇപ്പോൾ അമേരിക്കൻ സാമ്രാജ്യത്വത്തെയും മറ്റ് പാശ്ചാത്യ സാമ്രാജ്യത്വശക്തികളെയും സംരക്ഷണവാദത്തിലേക്ക് തിരിയാൻ നിർബന്ധിച്ചിരിക്കുകയാണ്. ലോക സാമ്രാജ്യത്വ വ്യവസ്ഥയുടെ ഇന്നത്തെ വിഷമസന്ധിയിൽ സംരക്ഷണവാദത്തിനാണ് പൊതുവിൽ മുൻതൂക്കം. ചൈനയാണ് ഇതിന് അപവാദം. മുമ്പ് ബ്രിട്ടനും അമേരിക്കയും ചെയ്തതുപോലെ ലോകതലത്തിൽ അതിന് മേൽക്കൈ നേടിയെടുക്കാൻ കഴിയുമോ?

ഹ്രസ്വകാല സംഭാവ്യത ഇതായിരിക്കെ, ദീർഘകാലാടിസ്ഥാനത്തിൽ സാമ്രാജ്യത്വവും മർദിത രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള വൈരുധ്യവും അതിന്റേതായ പങ്കുവഹിക്കും. 2007-08ലെ ധനകാര്യ പ്രതിസന്ധി വഴി ഉണ്ടായ മാന്ദ്യത്തെ മറികടക്കാൻ ആഗോള സാമ്രാജ്യത്വ വ്യവസ്ഥക്ക് ഇന്നേവരെ ആയിട്ടില്ല. ഞെരുങ്ങിയാണ് ജനങ്ങൾ കഴിയുന്നത്. ചുങ്കപ്പോര് ഇതിനെ കുറെക്കൂടി സങ്കീർണമാക്കും. സാമ്രാജ്യത്വ രാജ്യങ്ങളെ അപേക്ഷിച്ച് മൂന്നാം ലോക രാജ്യങ്ങളിലാണ് അത് കൂടുതലും സംഭവിക്കുക. ട്രംപിന്റെ സമ്മർദ തന്ത്രങ്ങൾക്ക് വഴങ്ങി ഏതെങ്കിലും രാജ്യങ്ങൾ അമേരിക്കൻ ചരക്കുകൾക്ക് വിപണി തുറന്നിടാം. അമേരിക്കയിലേക്കുള്ള കയറ്റുമതി മൂന്നാം ലോക രാജ്യങ്ങളിലേക്ക് ചൈന തിരിച്ചുവിട്ടേക്കാം.

ഇതിലേതു സംഭവിച്ചാലും അത് അവിടങ്ങളിലെ ആഭ്യന്തര ഉൽപാദനമേഖലകളെ ബാധിക്കും. അവിടെ പണിയെടുക്കുന്നവരെ ബാധിക്കും. ഉദാഹരണത്തിന്, ഇന്ത്യയിലെ പണിയെടുക്കുന്ന ജനസംഖ്യയിൽ ഏതാണ്ട് 46 ശതമാനവും ഉപജീവനത്തിനായി കൃഷിയെയാണ് ആശ്രയിക്കുന്നത്. കാർഷിക ഉൽപന്നങ്ങൾക്കുമേൽ ഇന്ത്യ ഇപ്പോൾ ചുമത്തുന്ന ഉയർന്ന ചുങ്കം കുറച്ചാൽ അവയുടെ ഇറക്കുമതി ആഭ്യന്തര ഉൽപാദനത്തെ നഷ്ടത്തിലാക്കും. സ്വാഭാവികമായും അതത് വിളകളുടെ ഉൽപാദനം ചുരുങ്ങുകയോ ഇല്ലാതാകുകയോ ചെയ്യും. ലക്ഷക്കണക്കിന് ആൾക്കാരുടെ ജീവിതങ്ങളാണ് തകരുക. സോയാബീൻസ്, ചോളം എന്നിവയുടെ ചുങ്കം വെട്ടിക്കുറക്കണമെന്ന ട്രംപിന്റെ നിർബന്ധത്തിന് മോദി വഴങ്ങിയാൽ ഇതായിരിക്കും നടക്കുക. പാലുൽപാദനം, കോഴിവളർത്തൽ മുതലായ മേഖലകളും ഈ ഭീഷണി നേരിടുന്നുണ്ട്.

വർധിച്ചുവരുന്ന സാമ്പത്തികദുരിതം അനിവാര്യമായും ഉയർത്തിവിടുന്ന ബഹുജന പ്രക്ഷോഭങ്ങളാണ് ഇതിന്റെ മറുവശം. സ്വയോത്ഭവമായി ഉയർന്നുവരുന്ന ബഹുജന മുന്നേറ്റങ്ങൾക്ക് ചുങ്കപ്പോര് ആക്കം നൽകും. സംഘടിത കമ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനങ്ങൾ അവക്ക് നേതൃത്വം നൽകിയില്ലെങ്കിലും അവഗണിക്കാനാവാത്ത രാഷ്ട്രീയ സാന്നിധ്യമായി അത്തരം മുന്നേറ്റങ്ങൾ മാറിയ അനുഭവങ്ങൾ ധാരാളമുണ്ട്. തങ്ങളുടെ ജനവിരുദ്ധനയങ്ങളെ റദ്ദാക്കാനോ, ചുരുങ്ങിയപക്ഷം മയപ്പെടുത്താനോ സാമ്രാജ്യത്വശക്തികളെ അത് നിർബന്ധിച്ച അനുഭവവുമുണ്ട്. ആഗോളീകരണ, നവ ഉദാരവാദ, സ്വകാര്യവത്കരണ നയങ്ങൾ നടപ്പാക്കിയപ്പോൾ ലോകം ഇത് കണ്ടു. ആദ്യത്തെ അന്ധാളിപ്പിനുശേഷം പല രാജ്യങ്ങളിലും ശക്തമായ ബഹുജനപ്രക്ഷോഭങ്ങൾ ഉയർന്നുവന്നു.

അതോടെ, ‘മാനുഷികത്വമുള്ള ആഗോളീകരണം’ എന്നായി ഐ.എം.എഫിന്റെയും ലോകബാങ്കിന്റെയും നിലപാട്. അനിയന്ത്രിതമായ സ്വകാര്യവത്കരണത്തെ എതിർത്ത് അതിലെ ഉദ്യോഗസ്ഥർ ഉപന്യാസങ്ങൾ എഴുതാൻ തുടങ്ങി. 2000ത്തിന്റെ ആദ്യ ദശകത്തിൽ ശക്തിപ്രാപിച്ച മാവോവാദി പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും യുവജനങ്ങൾ അതിലേക്ക് ആകൃഷ്ടരാകുന്ന സാഹചര്യവും ഈ ചുവടുമാറ്റത്തിൽ തീർച്ചയായും പങ്കുവഹിച്ചിട്ടുണ്ട്. ഇന്ന് ആ സാന്നിധ്യം താരതമ്യേന ദുർബലമാണെങ്കിലും ബഹുജനങ്ങളുടെ സമരശേഷിയിലും ഉശിരിലും ഒട്ടും കുറവുണ്ടായിട്ടില്ലെന്ന് ശ്രീലങ്കയും ബംഗ്ലാദേശുമൊക്കെ കാട്ടിത്തന്നു. സാമ്രാജ്യത്വ മത്സരം തീവ്രമാക്കുന്ന ചുങ്കപ്പോര് ആത്യന്തികമായി ശക്തമായ സാമ്രാജ്യത്വവിരോധത്തിനും സാമ്രാജ്യത്വദാസരായ ഭരണാധികാരികളോടുള്ള എതിർപ്പിനും വഴിവെക്കും. ആഗോള വ്യാപാരബന്ധങ്ങളെ തങ്ങൾക്ക് അനുകൂലമായി പുനർക്രമീകരിക്കാൻ വിവിധ സാമ്രാജ്യത്വശക്തികൾ നടത്തുന്ന നീക്കങ്ങളിൽ അവഗണിക്കാനാവാത്ത ഘടകമായി ഇത് മാറുമെന്ന് ഉറപ്പാണ്.

 

അമേരിക്കൻ പ്രസിഡന്റ്​ ട്രംപും ചൈനീസ്​ പ്രസിഡന്റ്​ ഷി ജിൻ പിങ്ങും ഒര​ു ഉച്ചകോടിയിൽ  

ഇങ്ങനെ ലോകതലത്തിലും രാജ്യങ്ങൾക്കുള്ളിലും നിലനിൽക്കുന്ന വൈരുധ്യങ്ങളാണ് ലോക രാഷ്ട്രീയത്തിനും സാമ്പത്തികബന്ധങ്ങൾക്കും അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കും അവയുടെ പ്രവർത്തനരീതികൾക്കും അടിത്തറയിടുന്നത്. അവയുടെ സ്വാധീനത്തിലാണ് അവ രൂപംകൊള്ളുന്നതും നിലനിൽക്കുന്നതും മാറുന്നതും. ഈ ഭൗതിക യാഥാർഥ്യത്തെ മറന്നുകൊണ്ട് ലോക സംഭവവികാസങ്ങളെ വിലയിരുത്താനാവില്ല. ലോക വ്യാപാര സംഘടനയിലെ തീർപ്പാക്കലിന്റെ സർവസമ്മത രീതിയെ രാഷ്ട്രാന്തര ജനാധിപത്യത്തിന്റെ വികാസമായി ആഘോഷിച്ചവർ ഒരു മരീചികയിൽ വ്യാമോഹിക്കുകയായിരുന്നു. മുതലാളിത്ത വിപണിയുടെ സ്വതന്ത്ര വ്യാപാരം ജനാധിപത്യത്തിന് അടിത്തറ പാകുന്നതിന്റെ ഉദാഹരണമായിട്ടാണല്ലോ കെ. വേണു സമീപകാലത്തുപോലും അതിനെ വിശേഷിപ്പിച്ചത്. സാമ്രാജ്യത്വ ശാക്തികബന്ധങ്ങളാണ്, വിപണിയല്ല നയം തീരുമാനിക്കുന്നത് എന്ന ബാലപാഠം ട്രംപ് ഓർമിപ്പിച്ചു.

ദേശീയ സങ്കുചിതത്വങ്ങളെ മറികടക്കുന്ന പുതിയ രാഷ്ട്രാന്തരബോധത്തിന്റെ സമൂർത്തരൂപമായി യൂറോപ്യൻ യൂനിയനെ വേണു വിശേഷിപ്പിച്ചപ്പോഴും ഇതാണ് സംഭവിച്ചത്. 2008ലെ ധനകാര്യ പ്രതിസന്ധി അത് തുറന്നുകാട്ടി. പ്രതിസന്ധിയുടെ ഭാരം ഗ്രീസ്, പോർചുഗൽ പോലുള്ള യൂറോപ്പിലെ ‘ദരിദ്ര’ രാജ്യങ്ങൾക്കുമേൽ കെട്ടിയേൽപിക്കുകയായിരുന്നു ആ കൂട്ടായ്മ. ‍ജർമനിയും ഫ്രാൻസും അതാണ് കൽപിച്ചത്. യൂറോപ്യൻ യൂനിയനിലെ ഈ ‘ധനിക’ രാജ്യങ്ങളാണ് അതിന്റെ നയരൂപവത്കരണത്തിൽ നിർണായകം. ശാക്തികബന്ധങ്ങളുടെ ഈ ബലാബലമാണ്, അല്ലാതെ അമൂർത്തമായ എന്തെങ്കിലും ജനാധിപത്യബോധമോ, ദേശാന്തര സാഹോദര്യമോ അല്ല, ഇന്നത്തെ ലോകത്ത് രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളും ഇടപാടുകളും നിശ്ചയിക്കുന്നത്.

News Summary - America and imperial interests