പൊതുഗതാഗതം അതിജീവനത്തിന് ഡബിൾ ബെൽ

എത്രതന്നെ യാത്രാസൗകര്യങ്ങളുണ്ടായാലും ശരാശരി മലയാളിയുടെ യാത്രാവശ്യകത നിറവേറ്റുന്നതിൽ ഒന്നാം പരിഗണന ആനവണ്ടി എന്ന് സ്നേഹത്തോടെ വിളിക്കുന്ന കെ.എസ്.ആർ.ടി.സിക്ക് തന്നെയാണ്. കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തുകളിലില്ലാത്ത ഒരു ദിവസം സാധാരണക്കാരന് ചിന്തിക്കാൻപോലുമാകാത്ത വിധം അസാധ്യമാണ്. പ്രതിസന്ധികളുണ്ടെങ്കിലും സൂചികുത്താനിടമില്ലാതെ നിറഞ്ഞു കവിഞ്ഞെത്തുന്ന ബസ്, കാത്ത് നിൽക്കുന്ന തങ്ങൾക്കു മുന്നിൽ നിർത്തി വാതിൽ തുറക്കുമെന്നത് സാധാരണക്കാരനെ സംബന്ധിച്ച് ഒരിക്കലും തെറ്റാത്ത പ്രതീക്ഷ തന്നെയാണ്. പുതിയ കാലത്തെ വെല്ലുവിളികൾ വകഞ്ഞുമാറ്റിയും കാലത്തിനൊത്ത പരിഷ്കാരങ്ങളോടെയും പ്രതിസന്ധികളെ...
Your Subscription Supports Independent Journalism
View Plansഎത്രതന്നെ യാത്രാസൗകര്യങ്ങളുണ്ടായാലും ശരാശരി മലയാളിയുടെ യാത്രാവശ്യകത നിറവേറ്റുന്നതിൽ ഒന്നാം പരിഗണന ആനവണ്ടി എന്ന് സ്നേഹത്തോടെ വിളിക്കുന്ന കെ.എസ്.ആർ.ടി.സിക്ക് തന്നെയാണ്. കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തുകളിലില്ലാത്ത ഒരു ദിവസം സാധാരണക്കാരന് ചിന്തിക്കാൻപോലുമാകാത്ത വിധം അസാധ്യമാണ്. പ്രതിസന്ധികളുണ്ടെങ്കിലും സൂചികുത്താനിടമില്ലാതെ നിറഞ്ഞു കവിഞ്ഞെത്തുന്ന ബസ്, കാത്ത് നിൽക്കുന്ന തങ്ങൾക്കു മുന്നിൽ നിർത്തി വാതിൽ തുറക്കുമെന്നത് സാധാരണക്കാരനെ സംബന്ധിച്ച് ഒരിക്കലും തെറ്റാത്ത പ്രതീക്ഷ തന്നെയാണ്. പുതിയ കാലത്തെ വെല്ലുവിളികൾ വകഞ്ഞുമാറ്റിയും കാലത്തിനൊത്ത പരിഷ്കാരങ്ങളോടെയും പ്രതിസന്ധികളെ തരണംചെയ്ത് അതിജീവന പാതയിൽ കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ കെ.എസ്.ആര്‍.ടി.സി മുന്നേറുകയാണ്. പൊതുജനത്തിന്‍റെ യാത്രാവശ്യങ്ങൾക്കൊപ്പം ജീവനക്കാരുടെകൂടി ക്ഷേമം ഉറപ്പാക്കിയാണ് കോർപറേഷന്‍റെ മുന്നോട്ടുപോക്ക്.
അതേസമയം, വെല്ലുവിളികൾക്ക് മുന്നിലും ദീർഘദൂര സർവിസുകൾക്കായി സ്വിഫ്റ്റും നഗരപാതകളിൽ സിറ്റി സർക്കുലറുകളും ബൈപാസുകളിൽ ബൈപാസ് ഫീഡറുകളുമായി നിരത്തുകളിൽ പുതിയ ഭാവത്തിൽ സ്വാധീനവും സാന്നിധ്യവും വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് മാനേജ്മെന്‍റ്. ഒപ്പം, റെയിൽവേയുടെ മാതൃകയിൽ ബസുകളുടെ സ്ഥിതിവിവരം യാത്രക്കാർക്ക് മുൻകൂട്ടി അറിയിക്കാനുള്ള ജി.പി.എസ് സൗകര്യവും കാശില്ലാതെ കാർഡ് പേമെന്റ് നടത്താനുള്ള അത്യാധുനിക ടിക്കറ്റ്മെഷീനുകൾ ഏർപ്പെടുത്താനുള്ള പരിശ്രമങ്ങളും തകൃതിയാണ്. കാലാനുസൃതമായ ആധുനീകരണത്തിനും ആർജവത്തോടെയുള്ള ചുവടുവെപ്പുകളും കെ.എസ്.ആർ.ടി.സി തുടക്കമിട്ടു. പൊതുഗതാഗതത്തിന് പുതുമുഖം എന്ന മുദ്രാവാക്യത്തോടെ തുടക്കമിട്ട സ്വിഫ്റ്റ് ആണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. കെ.എസ്.ആർ.ടി.സിക്ക് കീഴിലെ സൂപ്പർ ഫാസ്റ്റ് മുതൽ മുകളിലേക്കുള്ള സൂപ്പർക്ലാസ് സർവിസുകളാണ് പുതിയ മട്ടിലും ഭാവത്തിലും ആധുനിക മാനേജ്മെന്‍റ് സങ്കേതങ്ങൾ ഉപയോഗപ്പെടുത്തുന്ന ‘കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്’ എന്ന കമ്പനിയിലേക്ക് മാറിയത്.
പൊതുഗതാഗത രംഗത്തിന്‍റെ ഗുണമേന്മ വർധിപ്പിക്കുന്നതിലൂടെ യാത്രക്കാർക്ക് ഒരു പുതിയ യാത്രാനുഭവം പ്രദാനം ചെയ്താണ് സ്വിഫ്റ്റിന്റെ പ്രയാണം. സംസ്ഥാന സർക്കാർ ആദ്യമായി സ്ലീപ്പർ സംവിധാനമുള്ള ബസുകൾ പുറത്തിറക്കി എന്ന പ്രത്യേകതയും സ്വിഫ്റ്റിന് അവകാശപ്പെടാം. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രത്യേക സർവിസുകൾ, തലസ്ഥാനത്ത് മേൽക്കൂരയില്ലാത്ത ബസുകളിലിരുന്ന് നഗരക്കാഴ്ചകൾ ആസ്വദിക്കാനാകുന്ന സിറ്റി റൈഡ്, െബെപാസുകൾ വഴിയുള്ള ബൈപാസ് ഫീഡറുകൾ എന്നിവയും അതിജീവന വഴിയിലെ വേറിട്ട തുടക്കങ്ങളാണ്. കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനുള്ള പുനരുദ്ധാരണ പദ്ധതികളുടെ ഭാഗമായി ഓപറേഷന്‍സ് വിഭാഗത്തില്‍ നിരവധി പരിഷ്കാരങ്ങളാണ് ഇക്കാലയളവിൽ ഏർപ്പെടുത്തിയത്. നിലവില്‍ ഓപറേറ്റ് ചെയ്തുവരുന്ന പഴയ സൂപ്പര്‍ഫാസ്റ്റ് ബസുകള്‍, ലോ ഫ്ലോര്‍ എ.സി ബസുകള്‍ എന്നിവക്ക് പകരം ആകര്‍ഷകമായ ടിക്കറ്റ് നിരക്കില്‍ സ്റ്റോപ്പുകള്‍ കുറഞ്ഞതും എന്നാല്‍ ആധുനിക സൗകര്യങ്ങള്‍ ഉള്ളതുമായ എ.സി പ്രീമിയം സൂപ്പര്‍ഫാസ്റ്റ് എന്ന പുത്തൻ സർവിസുകൾക്ക് മികച്ച പ്രതികരണമാണ്. ലിമിറ്റഡ് സ്റ്റോപ് സൂപ്പര്‍ഫാസ്റ്റ് പാസഞ്ചര്‍ സർവിസുകളാണ് മറ്റൊന്ന്. കോണ്‍വോയ് ആയി സര്‍വിസ് നടത്തുന്നത് ഒഴിവാക്കാനും യാത്രക്കാരുടെ സൗകര്യാർഥവും നിലവില്‍ തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്കോ അതിനപ്പുറമോ സര്‍വിസ് നടത്തുന്ന എല്ലാ സൂപ്പര്‍ഫാസ്റ്റ് ബസുകളെയും സൂപ്പര്‍ഫാസ്റ്റ് ലിമിറ്റഡ് സ്റ്റോപ് സര്‍വിസുകളാക്കി മാറ്റിയാണ് ക്രമീകരണം.
നഗരം ചുറ്റാൻ ഇരുനില ബസ്
തിരുവനന്തപുരം നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് തുറന്ന ഇരുനില ബസിൽ ചുറ്റിക്കാണാൻ ഓപൺ ഡബിള്‍ ഡക്കര്‍ ബസുകള്‍ ശ്രദ്ധാകേന്ദ്രമാവുകയാണ്. കെ.എസ്.ആര്‍.ടി.സി വര്‍ക്ക്‍ഷോപ്പില്‍ രൂപമാറ്റം വരുത്തിയും ഗ്ലാസ് നിർമിതവുമായ ഡീസല്‍ ഡബിള്‍ഡക്കര്‍ ബസ് ‘റോയല്‍വ്യൂ ഡബിള്‍ഡക്കര്‍’ എന്ന ബ്രാൻഡ് നാമത്തില്‍ മൂന്നാറിലുമിറക്കി. കെ.എസ്.ആർ.ടി.സി സർവിസുകൾ പ്രയോജനപ്പെടുത്തിയുള്ള കൊറിയർ സംവിധാനവും വളരെ വേഗം ജനപ്രീതി നേടി. കേരളത്തിനകത്ത് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് 16 മണിക്കൂർ കൊണ്ട് സാധനങ്ങൾ എത്തിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. നിലവിൽ 47 ഡിപ്പോകളിൽ കൊറിയർ കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്.
കാർഡ് വഴി ടിക്കറ്റെടുക്കാം, സ്കാൻ ചെയ്തും...
കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റിങ് സംവിധാനം പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ആൻഡ്രോയ്ഡ് ബേസ്ഡ് ടിക്കറ്റിങ് മെഷീനുകൾ യാഥാർഥ്യമായിക്കഴിഞ്ഞു. കാർഡുകൾ നൽകിയും യു.പി.ഐ വഴിയും ഇപ്പോൾ ബസുകളിൽ ടിക്കറ്റെടുക്കാം. ചില്ലറത്തർക്കങ്ങൾക്കും ഇതോടെ പരിഹാരമാവുകയാണ്. കൂടാതെ, ട്രെയിനുകളുടെ മാതൃകയിൽ ബസുകളുടെ തത്സമയ ട്രാക്കിങ്, സീറ്റ് ഒഴിവുണ്ടോ എന്നു മുൻകൂട്ടി അറിയൽ, ലൈവ് പാസഞ്ചർ ഇൻഡിക്കേറ്റർ, നെറ്റ് ബാങ്കിങ് പേമെന്റ്, വാലറ്റ് പേമെന്റ്, ചലോ പേ തുടങ്ങിയ ഡിജിറ്റൽ പേമെന്റ് മോഡുകൾ തുടങ്ങിയ സൗകര്യങ്ങൾ മൊബൈൽ ടിക്കറ്റിങ് സൊലൂഷനിൽ ലഭ്യമാണ്.
‘ചലോ ആപ്’ വഴി യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ മുന്‍കൂറായി ടിക്കറ്റ് ബുക്ക് ചെയ്യാം. വിദ്യാർഥികൾക്കുള്ള കൺസഷൻ കാർഡിനായി ഡിപ്പോകളിൽ ക്യൂ നിൽക്കേണ്ട നിസ്സഹായാവസ്ഥക്ക് അറുതി വരുത്തിയെന്നതാണ് മറ്റൊരു മാതൃകാ ഇടപെടൽ.
ശമ്പളമെത്തുന്നു, ഒന്നാം തീയതി തന്നെ
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ സര്‍ക്കാര്‍ സഹായം ഒന്നുകൊണ്ട് മാത്രമാണ് കോർപറേഷന്‍ നിലനിന്നുപോരുന്നത്. കെ.എസ്.ആർ.ടി.സിയിലെ ശമ്പളവിതരണത്തിലെ അനിശ്ചിതത്വങ്ങളെല്ലാം മാറി ഒന്നാം തീയതി ശമ്പളമെത്തിത്തുടങ്ങി എന്നതാണ് ശുഭകരമായ കാര്യം. എസ്.ബി.ഐയിൽനിന്ന് 100 കോടി ഓവർഡ്രാഫ്റ്റ് എടുത്താണ് ശമ്പളത്തിനായി പണം കണ്ടെത്തുന്നത്. എസ്.ബി.ഐ അധികൃതരുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ നിരന്തരം നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം. 2025 മാർച്ച് മുതലാണ് ശമ്പളം ഒന്നാം തീയതി തന്നെ എത്തിത്തുടങ്ങിയത്.