അപ്പീലുകൾ കോടതിയിൽ

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണേക്കസുമായി ബന്ധപ്പെട്ട് കണ്ടെത്തിയ രേഖകളുടെ കഴിഞ്ഞ ലക്കങ്ങളുടെ തുടർച്ചയാണ് ഇൗ ലക്കം. കേസിൽ ഹൈകോടതി, സുപ്രീംകോടതി ഉത്തരവുകളുടെ രേഖകളാണ് ഇത്തവണ ചരിത്രകാരനും ഗ്രന്ഥകർത്താവുമായ ലേഖകൻ വിശദമാക്കുന്നത്.
അന്ന ചാണ്ടിയുടെ അഞ്ചിക്കൈമൾ (എറണാകുളം) സെഷൻസ് കോടതി വിധിയെ (Case No. 15 of 1951) വലിയതോതിൽ തിരുത്തുകയാണ് അപ്പീലിൽ തിരു-കൊച്ചി ഹൈകോടതി (തിരുവനന്തപുരം). പ്രതികളിൽപ്പെട്ട ആനന്ദൻ [എം.എ.] അരവിന്ദാക്ഷനാണ് അപ്പീൽവാദി. ‘‘പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാറും അപ്പീൽ നൽകി. ഞങ്ങളുടെ അപ്പീൽ തള്ളി. സർക്കാറിന്റേത് അംഗീകരിച്ചു. എല്ലാവർക്കും ജീവപര്യന്തം കഠിനതടവ് നൽകി ഹൈകോടതി ഉത്തരവായി’’ (ലോറൻസ്, പേ. 111). ജസ്റ്റിസ് ശങ്കരനും ജസ്റ്റിസ് കുമാരപിള്ളയും ഉൾപ്പെട്ട ക്രിമിനൽ അപ്പീൽ െബഞ്ചാണ് കേസ് പരിഗണിച്ച് 15-6.1953ന് വിധിപറഞ്ഞത് (Indian Law Reports - Travancore Cochin Series -1953, pp. 784-807, Kerala High Court Library):-
[സെഷൻസ് കോടതി വിധിക്കെതിരെ പ്രതികൾ ഹൈകോടതിയിൽ നൽകിയ അപ്പീലിനുവേണ്ടി ഹാജരായ അഭിഭാഷകർ:
എൻ.എൻ. നാരായണ പിള്ള (for appellants in Crl. Appeals Nos. 54, 55, 56 of 1951).
കെ.ജി. കുഞ്ഞുകൃഷ്ണ പിള്ളയും പി. ജാനകി അമ്മയും (for appellants in Crl. Appeal No. 58/1951).
എല്ലാ അപ്പീലുകളിലും സർക്കാറിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ: എൻ. കുമാരൻ അച്ചൻ]
*Penal Code (XLV of 1860) -S.149– പൊതുലക്ഷ്യത്തിന് ഉണ്ടാക്കിയ ഒരു കൂട്ടായ്മയിലെ ചിലർക്ക്, ആ സംഘത്തിലെ മറ്റുള്ളവരുടെ കുറ്റകൃത്യങ്ങളിലുള്ള പരോക്ഷ ഉത്തരവാദിത്തം –ബാധകമായ തത്ത്വങ്ങൾ–
1 തൊട്ട് 29 വരെ പ്രതികൾ ഒന്നിച്ചു ഗൂഢാലോചന നടത്തി, അറസ്റ്റ് ചെയ്തു സ്റ്റേഷൻ ലോക്കപ്പിൽ പാർപ്പിച്ചിരുന്ന 30, 31 നമ്പർ പ്രതികളെ മോചിപ്പിക്കുക എന്ന പൊതുലക്ഷ്യത്തോടെ, മാരകായുധങ്ങളുമായി പാതിരാത്രി ഇടപ്പള്ളി പോലീസ് സ്റ്റേഷനിൽ അപ്രതീക്ഷിത ആക്രമണം നടത്തി; ഒരു കോൺസ്റ്റബിളിനെ കൊല്ലുകയും, പലരെയും മുറിവേൽപിക്കുകയുംചെയ്തു. അവർക്കെതിരെ 302, 149 തുടങ്ങിയ സെക്ഷനുകൾ പ്രകാരമാണ് കേസ് ചാർജ്ചെയ്തത്. 30, 31 നമ്പർ പ്രതികളെ ബലപ്രയോഗത്തിലൂടെ മോചിപ്പിക്കുക മാത്രമായിരുന്നു അക്രമികളുടെ പൊതുലക്ഷ്യമെന്നും, പോലീസുകാരെ കൊല്ലുകയോ, അവർക്കെതിരെ ബലപ്രയോഗം നടത്തുകയോ അക്രമികളുടെ പൊതുലക്ഷ്യമായിരുന്നുവെന്ന് കരുതാനാവില്ലെന്നുമാണ് സെഷൻസ് ജഡ്ജി നിരീക്ഷിക്കുന്നത്. പോലീസുകാർക്ക് വ്യക്തിപരമായ മുറിവുകളൊന്നും വരുത്താതെ തന്നെ, ഒരു ബലപ്രയോഗ പ്രകടനത്തിലൂടെയോ, പോലീസുകാരെ തൽക്കാലത്തേക്ക് തടഞ്ഞുനിർത്തിയോ തങ്ങളുടെ സഖാക്കളെ രക്ഷിക്കുക എന്ന പൊതുലക്ഷ്യം നേടാനാവുമായിരുന്നു എന്നാണ് പ്രതികൾ ചിന്തിച്ചിരിക്കാനിടയുള്ളത് എന്നും, കൊലയും അക്രമവും നടത്തിയത് ഒരു പൊതുലക്ഷ്യത്തിനു സഹായകമായാണെന്നോ, അങ്ങനെ ചെയ്യേണ്ടിവരുമെന്ന് പ്രതികൾ അറിഞ്ഞിരുന്നെന്നോ പറയാനാവില്ലെന്നുമുള്ള നിലപാടിലാണ് സെഷൻസ് ജഡ്ജി പ്രതികളെ 149, 302 എന്നീ സെക്ഷനുകൾ പ്രകാരമുള്ള കുറ്റാരോപണത്തിൽനിന്ന് ഒഴിവാക്കിയത്.
[ഹൈകോടതി നിലപാട്:] ഒരു പ്രത്യേക കുറ്റകൃത്യം നടപ്പാക്കിയത്, ഒരു കൂട്ടായ്മയുടെ പൊതുലക്ഷ്യ സാക്ഷാത്കാരത്തിനായിരുന്നോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത്, ഓരോ കേസിന്റെയും വസ്തുതകളും സാഹചര്യങ്ങളും നോക്കിയാണ്. കീഴടക്കാൻ ഒട്ടേറെപ്പേരുണ്ടായിരിക്കുകയും, സ്വയം പ്രതിരോധിക്കാൻ അവരുടെ കൈയിൽ തോക്കുകളും വെടിത്തിരകളും ഉണ്ടായിരിക്കുകയും ചെയ്യുമ്പോൾ, ആ ഗാർഡിനെ കീഴടക്കുന്നത് അവരിൽ ചിലരുടെയെങ്കിലും മരണത്തിനു കാരണമായേക്കാം.
ഗാർഡ് ചെറുത്തുനിൽക്കുകയും തങ്ങൾക്കുനേരെ വെടിവെക്കുകയും ചെയ്യാനുള്ള സാധ്യത കാണാതിരിക്കാൻ കൂട്ടായ്മയിലെ അംഗങ്ങൾക്ക് കഴിയുമായിരുന്നില്ല. ലോക്കപ്പിൽനിന്ന് 30, 31 പ്രതികളെ ബലപ്രയോഗത്തിലൂടെ മോചിപ്പിക്കാൻ, സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ കൊല്ലുക എന്ന പൊതുലക്ഷ്യം ഈ കേസിലെ നിയമവിരുദ്ധ കൂട്ടായ്മയിലെ അംഗങ്ങൾക്ക് ഉണ്ടായിരുന്നു. ആ പൊതുലക്ഷ്യ സാക്ഷാത്കാരത്തിനിടക്ക് മാത്യൂവിന്റെയും വേലായുധന്റെയും മരണവും സംഭവിച്ചു. തങ്ങളുടെ പൊതുലക്ഷ്യം നേടുന്നതിനിടക്ക് പോലീസ് കോൺസ്റ്റബിൾമാർ കൊല്ലപ്പെടാനിടയുെണ്ടന്ന്, കൂട്ടായ്മയിലെ ഓരോ അംഗത്തിനും അറിയാമായിരുന്നു. 30, 301 പ്രതികളെ ബലപ്രയോഗത്തിലൂടെ ലോക്കപ്പിൽനിന്നും രക്ഷിക്കുക മാത്രമായിരുന്നു നിയമവിരുദ്ധ കൂട്ടായ്മയുടെ പൊതുലക്ഷ്യം എന്നാണെങ്കിൽേപ്പാലും ഡ്യൂട്ടിയിലുള്ള പോലീസ് കോൺസ്റ്റബിൾമാരെ കൊല്ലുക എന്ന പൊതുലക്ഷ്യം അവർക്കില്ലായിരുന്നു എന്നാണെങ്കിൽപ്പോലും, േവലായുധന്റെയും മാത്യുവിന്റെയും മരണം സംഭവിച്ചത്, ബലപ്രയോഗത്തിലൂടെ 30, 31 പ്രതികളെ രക്ഷിക്കുക എന്ന പൊതുലക്ഷ്യം നേടുന്നതിനിടക്കായതിനാൽ, കൂട്ടായ്മയിലെ ഓരോ അംഗത്തിനും ആ മരണത്തിൽ ഉത്തരവാദിത്തമുണ്ട്. തങ്ങളുടെ പൊതുലക്ഷ്യം നേടാനുള്ള ശ്രമത്തിൽ കൊലനടക്കാൻ സാധ്യതയുണ്ടെന്ന് കൂട്ടായ്മ അംഗങ്ങൾക്ക് അറിയാമായിരുന്നു. [മറ്റ് നാല് കേസുകളുടെ വിവരങ്ങൾ കോടതി ഇവിടെ താരതമ്യം ചെയ്യുന്നതിന്റെ സൂചനകൾ: Mansha Singh V. Emperor, A.I.R 1925 Lah. 371; Faiz Bakhsh V. Emperor, A.I.R 1947 Lah. 188; Rahman Samil V. Emperor, A.I.R 1939 Lah. 245; Ram Charan Rai V. Emperor, A.I.R 1946 Pal. 242].
പബ്ലിക് പ്രോസിക്യൂട്ടർ –തെറ്റായി നൽകിയ സൗജന്യം– അപ്പീൽ കോടതി അവഗണിക്കണം.
പ്രതിഭാഗം വക്കീലിന്റെ എതിർവാദം ഇതാണ്: സെഷൻസ് കോടതിയിൽ കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടർ സമ്മതിച്ചത്, 30, 31 പ്രതികളെ ബലപ്രയോഗത്തിലൂടെ രക്ഷിക്കുക മാത്രമായിരുന്നു നിയമവിരുദ്ധ കൂട്ടായ്മയുടെ പൊതുലക്ഷ്യം എന്നാണ്. ആ കൂട്ടായ്മക്ക് പോലീസ് കോൺസ്റ്റബിൾമാരെ കൊല്ലുക എന്ന പൊതുലക്ഷ്യം ഇല്ലായിരുന്നു എന്ന വാദത്തെയോ, പൊതുലക്ഷ്യം നേടാനുള്ള ശ്രമത്തിനിടയിലല്ലായിരുന്നു ആ മരണം എന്നതിനെയോ പബ്ലിക് പ്രോസിക്യൂട്ടർ എതിർത്തില്ല. അങ്ങനെയുള്ള ഇളവുകൾ നൽകാൻ സർക്കാർ ബാധ്യസ്ഥരാണ്. അപ്പീൽ കോടതിക്ക് അതിനപ്പുറം പോകാനാവില്ല.
[ഹൈേകാടതി നിലപാട്:] പ്രതികളോട് നീതിപുലർത്തുമ്പോൾ തന്നെ, കുറ്റാരോപണത്തെ തുണക്കുന്ന എല്ലാ തെളിവുകളും കോടതിക്കു മുന്നിൽ െവക്കുകയും, സ്വന്തമായ നിഗമനത്തിലെത്താൻ കോടതിക്ക് അവസരം നൽകുകയുമാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ കടമ. തെളിവുകൾ പ്രകാരമല്ലാതെ തെറ്റായി ഒരു ഇളവ് പബ്ലിക് പ്രോസിക്യൂട്ടർ വിചാരണ കോടതിയിൽ സമ്മതിച്ചിട്ടുണ്ടെങ്കിൽ, പ്രതികളെ കുറ്റവിമുക്തരാക്കിയ ആ നടപടിക്കെതിരെ സർക്കാർ അപ്പീൽ നൽകുമ്പോൾ അത് [ആ ഇളവ്] നടപ്പാക്കാനാവില്ല. അദ്ദേഹം നൽകിയ ഇളവുകൾക്ക് അർഹിക്കുന്ന പരിഗണന നൽകണമെന്നതിൽ സംശയമില്ല. പക്ഷേ, ആ ഇളവുകൾ തെളിവുകൾ പ്രകാരമല്ലെങ്കിൽ അത് അവഗണിക്കപ്പെടേണ്ടതാണ്.
[മറ്റ് രണ്ട് കേസുകളുടെ വിവരങ്ങൾ കോടതി ഇവിടെ താരതമ്യം ചെയ്യുന്നതിന്റെ സൂചനകൾ:
In re. Karuppayya Thevar, A.I.R. 1942 Mad. 227; Public prosecutor v. Subbanna, A.I.R 1947 Mad. 239]
വിധി
ജസ്റ്റിസ് കുമാരപിള്ള കോടതിവിധി പ്രഖ്യാപിച്ചു:– അഞ്ചിക്കൈമൾ സെഷൻസ് കോടതിയിലെ കേസ് നമ്പർ 15 0f 1951ൽ നിന്നാണ് ഈ അപ്പീലുകൾ ഉയർന്നുവന്നത്. പ്രോസിക്യൂഷൻ വാദമനുസരിച്ച് ആ കേസ്, ഒരുകൂട്ടം കമ്യൂണിസ്റ്റ് പാർട്ടിക്കാർ ഇടപ്പള്ളി പോലീസ് സ്റ്റേഷനിൽ പാതിരാത്രി നടത്തിയ ആക്രമണം, അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ കൊന്നത്, ആയുധങ്ങളും വെടിക്കോപ്പുകളും കൊള്ളചെയ്തത്, സ്റ്റേഷനിലെ ചില രേഖകൾ മോഷ്ടിച്ചത്, ലോക്കപ്പിലുണ്ടായിരുന്ന രണ്ട് കമ്യൂണിസ്റ്റ് തടവുകാരെ മോചിപ്പിക്കാൻ ശ്രമിച്ചത് എന്നിവയെക്കുറിച്ചുള്ളതാണ്. 31 പേരെ വിചാരണക്കായി സെഷൻസ് ജഡ്ജിക്കു മുന്നിൽ ഹാജരാക്കി. പണ്ഡിതയായ ജഡ്ജി 21 പേരെ കുറ്റമുക്തരാക്കുകയും, ശേഷിച്ച 10 പേർക്ക് തിരുവിതാംകൂർ ശിക്ഷാനിയമത്തിലെ [T.P.C] വിവിധ സെക്ഷനുകൾ പ്രകാരം ശിക്ഷ വിധിക്കുകയും ചെയ്തു.
ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ
ശിക്ഷിക്കപ്പെട്ടത് 1, 2, 4, 5, 6, 7, 8, 18, 21, 22 എന്നീ നമ്പർ പ്രതികളാണ്. ഇവർക്കെതിരെയും, വെറുതെ വിട്ട 21ൽ 19 പേർക്കെതിരെയും കുറ്റാരോപണം നടത്തിയത് ടി.പി.സിയിലെ 112, 301, 333, 132, 395, 396, 452, 222, 140, 141 എന്നീ സെക്ഷനുകൾ പ്രകാരമാണ്. 21ൽപെട്ട ബാക്കി 2 പേർ, മറ്റ് പ്രതികൾ മോചിപ്പിക്കാൻ യത്നിച്ച കമ്യൂണിസ്റ്റുകളാണ്. അവർ 30ഉം, 31ഉം പ്രതികളാണ്. അവർക്കെതിരെ ടി.പി.സി സെക്ഷൻ 104നോടൊപ്പം 301, 333, 332, 395, 396, 222 സെക്ഷനുകളും (സമാനമായ ഐ.പി.സി സെക്ഷനുകൾ 114-ഉം 302, 333, 332, 395, 396, 225 ഇവയും ചേർന്നത്) ചേർത്താണ് കുറ്റാരോപണം ഉന്നയിച്ചത്. പണ്ഡിതയായ സെഷൻസ് ജഡ്ജി 3ഉം, 9 മുതൽ 17 വരെയും, 19ഉം, 20ഉം, 23 മുതൽ 31 വരെയും പ്രതികളെ കുറ്റവിമുക്തരാക്കി. 1ഉം, 2ഉം പ്രതികളെ ടി.പി.സി 140, 333, 392 സെക്ഷനുകൾ പ്രകാരവും, 4ാം പ്രതിയെ ടി.പി.സി 140ഉം, 392ഉം സെക്ഷനുകൾ പ്രകാരവും, 5, 6, 7, 8, 18 പ്രതികളെ ടി.പി.സി സെക്ഷൻ 140 പ്രകാരവും 21ഉം, 22ഉം പ്രതികളെ ടി.പി.സി സെക്ഷനുകൾ 140ഉം, 332ഉം പ്രകാരവുമാണ് ശിക്ഷിച്ചത്. 1, 2, 4, 5, 6, 7, 8, 18, 21, 22 പ്രതികളെ മറ്റ് കുറ്റാരോപണങ്ങളിൽനിന്നും മുക്തരാക്കി. ടി.പി.സി സെക്ഷൻ 140 പ്രകാരം ശിക്ഷിക്കപ്പെട്ട 10 പ്രതികൾക്ക് 2 കൊല്ലം വീതം കഠിനതടവ് വിധിച്ചു. [ഈ ഭാഗത്തിന്റെ ഉള്ളടക്കം സെഷൻസ് കോടതി വിധിയിലുണ്ട്].
ക്രിമിനൽ അപ്പീൽ No. 58 of 1952 ഫയൽ ചെയ്തത്, 1. 2, 4, 5, 6, 8, 18 പ്രതികളും, No. 54 of 1952 സമർപ്പിച്ചത് 7ാം പ്രതിയുമാണ്; No. 55 of 1952 21ാം പ്രതിയും No. 56 of 1952 22ാം പ്രതിയും സമർപ്പിച്ചു. 1ഉം, 2ഉം, 4 തൊട്ട് 8 വരെയും 18ഉം, 21 ഉം 22ഉം പ്രതികളെ ടി.പി.സി സെക്ഷൻ 301 പ്രകാരമുള്ള കുറ്റത്തിൽനിന്നും വിടുതൽ ചെയ്തതിനെതിരെ സർക്കാർ അപ്പീൽ നമ്പർ 79 of 1952 ഫയൽ ചെയ്തു. അതിൽ സർക്കാർ ആവശ്യപ്പെടുന്നത് ഈ 10 പ്രതികളെയും ഐ.പി.സി 302നു തുല്യമായ ടി.പി.സി സെക്ഷൻ 301 പ്രകാരമോ, ഐ.പി.സി സെക്ഷനുകൾ 302നും 149നും തുല്യമായ ടി.പി.സി സെക്ഷനുകൾ 301ഉം 141 ഉം ചേർത്തോ ശിക്ഷിക്കണമെന്നാണ്.
2. [പേജ്. 788-9ലെ ഭാഗത്തിന്റെ ഉള്ളടക്കം സെഷൻസ് വിധിയിലുണ്ട്]
വേറെ ചില കേസുകളിൽ ആലുവ പോലീസ് തേടിയിരുന്ന പ്രമുഖ കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായ പ്രതികൾ 30ഉം 31ഉം, 2.1.1950ന് കമ്യൂണിസ്റ്റ് പാർട്ടിയെ തിരു-കൊച്ചി സർക്കാർ, വിധ്വംസക പ്രവൃത്തികളുടെ പേരിൽ നിയമ വിരുദ്ധമാക്കിയതിനെ തുടർന്ന് ഒളിവിൽ പോയി. [പേജ് 789-93ലേതിന്റെ ഉള്ളടക്കം സെഷൻസ് വിധിയിലെ തുടർസംഭവ വിവരണങ്ങളാണ്].
16. മേൽ ചർച്ചകളുടെ ഫലമായി ഞങ്ങൾ കരുതുന്നത്, പണ്ഡിതയായ സെഷൻസ് ജഡ്ജി അംഗീകരിക്കുകയും ആശ്രയിക്കുകയും ചെയ്ത തെളിവ് ആക്ഷേപരഹിതമാണ് എന്നാണ്. 1, 2, 4, 5, 6, 7, 8, 18, 21, 22 പ്രതികൾക്കെതിരായ വസ്തുതകൾ സംബന്ധിച്ച് സെഷൻസ് ജഡ്ജി രേഖപ്പെടുത്തിയ എല്ലാ കണ്ടെത്തലുകളെയും (കൂട്ടായ്മയുടെ പൊതുലക്ഷ്യത്തെക്കുറിച്ചുള്ളത് ഒഴികെ) തെളിവുകൾ പിന്തുണക്കുന്നുണ്ട്.
സെഷൻസ് ജഡ്ജി തള്ളിക്കളഞ്ഞ PW-1, 6, 27 എന്നിവരുടെ തെളിവുകളും, PW-4ന്റെയും 8 തൊട്ട് 10 വരെയുള്ളവരുടെയും തെളിവുകളുടെ ഭാഗങ്ങളും, ഞങ്ങൾ ഇതിനകം പറഞ്ഞ കാരണങ്ങളാൽ വിശ്വസനീയമാണ്, അംഗീകരിക്കേണ്ടതാണ്. കൂടാതെ, മുകളിൽ പാര 8ൽ [പാര 3 മുതൽ 15 വരെ, നമ്പറോടുകൂടി പ്രിന്റിൽ കാണുന്നില്ല] ഞങ്ങൾ പറഞ്ഞ പരിധിവരെ PW -26ന്റെ തെളിവ് ഞങ്ങൾ അംഗീകരിക്കുന്നു. സെഷൻസ് ജഡ്ജി വിശ്വസിച്ച തെളിവും കൂടുതലായി ഞങ്ങൾ അംഗീകരിച്ച തെളിവും സംശയലേശമന്യേ സ്ഥാപിക്കുന്ന വസ്തുതകൾ: 30, 31 പ്രതികളെ 27-02-1950ന് അറസ്റ്റ് ചെയ്യുകയും, ആ രാത്രി ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ലോക്കപ്പിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു. ഒരുകൂട്ടം പേർ രാത്രി കാടിപ്പറമ്പിൽ സമ്മേളിച്ച് ഗൂഢാലോചന നടത്തുകയും, ഒരു ആക്രമണത്തിനു തയാറെടുക്കുകയും ചെയ്തു. കാടിപ്പറമ്പിൽ സമ്മേളിച്ചവരിൽ 1, 4, 7, 8, 18 പ്രതികളെ പ്രത്യേകമായി PW-14 ഉം, 7, 8 പ്രതികളെ PW-26ഉം, 7, 21, 22 പ്രതികളെ PW-27ഉം ശ്രദ്ധിച്ചു.
കാടിപ്പറമ്പിൽനിന്ന് ആ കൂട്ടായ്മക്കാർ രാത്രി 2ന് ഇടപ്പള്ളി പോലീസ് സ്റ്റേഷനിലേക്കു മാർച്ച് ചെയ്യുകയും, അവിടെ ഓർക്കാപ്പുറത്ത് ഒരു ആക്രമണം [a Surprise attack] നടത്തുകയുംചെയ്തു. [തുടർന്നുള്ള പേജ് 793-4ന്റേതിലെ ഉള്ളടക്കം സെഷൻസ് വിധിയിലെ വിവരണം.] നിയമവിരുദ്ധ കൂട്ടായ്മയുടെ പൊതുലക്ഷ്യം എന്ന പ്രശ്നം മാറ്റിനിർത്തിയാൽ, ഞങ്ങൾ പണ്ഡിത സെഷൻസ് ജഡ്ജിയുമായി കാര്യമായി യോജിക്കാത്ത ഏക പോയന്റ്, 1ഉം, 2ഉം പ്രതികൾക്ക് മാത്യുവിനെയും വേലായുധനെയും അടിക്കുന്നതിലും വെട്ടുന്നതിലുമുള്ള പങ്കാണ്. അക്കാര്യത്തിൽ സെഷൻസ് ജഡ്ജി കരുതുന്നത്, സംഭവത്തിന്റെ തുടക്കത്തിൽ 2ാം പ്രതി മാത്യൂവിന്റെ മുഖത്ത് അടിച്ചെന്നും അതിൽക്കൂടുതൽ ഒന്നുമില്ലെന്നും മാത്രമാണ് പ്രോസിക്യൂഷൻ തെളിയിച്ചതെന്നാണ്. [എന്നാൽ,] അതുകൂടാതെ, 1ഉം 2ഉം പ്രതികൾ മറ്റുള്ളവരോടൊപ്പം പിന്നെയും മാത്യൂവിനെയും വേലായുധനെയും അടിക്കുകയും വെട്ടുകയും ചെയ്തെന്നും, അതിന്റെ ഫലമായാണ് മാത്യൂവും വേലായുധനും മരിച്ചതെന്നും സ്ഥാപിക്കുന്ന മികച്ചതും വിശ്വസനീയവുമായ തെളിവുെണ്ടന്നതിൽ ഞങ്ങൾ തൃപ്തരാണ്. താൻ കണ്ടെത്തിയ വസ്തുതകൾവെച്ച് സെഷൻസ് ജഡ്ജി വിലയിരുത്തുന്നത്, പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തവർ (1, 2, 4, 5, 6, 7, 8, 18, 21, 22 പ്രതികൾ ഉൾപ്പെടെയുള്ളവർ) 30, 31 പ്രതികളെ പോലീസ് സ്റ്റേഷൻ കസ്റ്റഡിയിൽനിന്നു ബലപ്രയോഗത്തിലൂടെ മോചിപ്പിക്കുക എന്ന പൊതുലക്ഷ്യത്തിനായി ഒരു നിയമവിരുദ്ധ കൂട്ടായ്മയുണ്ടാക്കിയെന്നാണ്. കണ്ടെത്തിയ വസ്തുതകൾവെച്ച് അക്രമികളുടെ പൊതുലക്ഷ്യം 30, 31 പ്രതികളെ ബലപ്രയോഗത്തിലൂടെ മോചിപ്പിക്കുക എന്നതുമാത്രമായിരുന്നു എന്നാണ് കാണുന്നതെന്നും, പോലീസുകാരെ കൊല്ലുകയോ ആക്രമിക്കുകയോ ചെയ്യുക എന്ന പൊതുലക്ഷ്യം അവർക്കുണ്ടായിരുന്നതായി കരുതാനാവില്ല എന്നുമാണ് പണ്ഡിത ജഡ്ജി വിലയിരുത്തുന്നത് [........] ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കൊലയും നിയമവിരുദ്ധ കൂട്ടായ്മയുടെ പൊതുലക്ഷ്യത്തിൽ ഉൾപ്പെട്ടിരുന്നു എന്നാണ്, യുക്തിസഹമായ എല്ലാ സംശയങ്ങൾക്കുമപ്പുറം പ്രോസിക്യൂഷൻ സ്ഥാപിച്ചിരിക്കുന്നത് എന്ന് ഞങ്ങൾ കരുതുന്നു [.......]
17. ചില അപ്പീൽവാദികൾക്കുവേണ്ടി ഉന്നയിച്ച തർക്കമെെന്തന്നാൽ, 30, 31 പ്രതികളെ തെറ്റായി അറസ്റ്റ്ചെയ്ത് നിയമവിരുദ്ധ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നും, അതിനാൽ അവരുടെ സ്നേഹിതർക്ക് അവരെ സ്റ്റേഷൻ ലോക്കപ്പിൽനിന്നും ബലപ്രയോഗത്തിലൂടെ മോചിപ്പിക്കാൻ അവകാശമുണ്ടെന്നുമാണ്. ഈ വാദം ഈ കോടതിയിൽ ഉന്നയിച്ചത് അവ്യക്തമായാണെങ്കിലും, കീഴ് കോടതിയിൽ ശക്തമായി അവതരിപ്പിക്കുകയും സെഷൻസ് ജഡ്ജി തന്റെ വിധിയിൽ പേജ് 6ലും 7ലുമായി അത് വിവരിക്കുകയും ചെയ്തു.
‘ജോർജ് ചടയംമുറി വേഴ്സസ് സ്റ്റേറ്റ്’ എന്ന കേസിലെ (I.L.R 1952 T-C.1) തീരുമാനത്തെ (Cochin Criminal Law –Amendment– Act XXVII of 1124-ഉം, അതനുസരിച്ച് 2-1-1950ന് കമ്യൂണിസ്റ്റ് പാർട്ടിയെ നിയമവിരുദ്ധമാക്കിയതും, 26-1-1950ന് ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിലായതോടെ റദ്ദായി എന്ന്.) അടിസ്ഥാനമാക്കി, EX. Ap വിജ്ഞാപനവും അതിനാധാരമായ Travancore Criminal Law (Amendment) Act 1 of 1114ഉം 26-1-1950 മുതൽ റദ്ദായി; അതിനാൽ 30, 31 പ്രതികളുടെ 27-2-1950ന്റെ അറസ്റ്റും തടവും നിയമവിരുദ്ധമായി; അതിനാൽ അവരുടെ സുഹൃത്തുക്കൾ (1, 2, 4-8, 18, 21, 22 പ്രതികൾ) അവരെ ബലപ്രയോഗത്തിലൂെട മോചിപ്പിക്കാൻ ശ്രമിച്ചത് ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു –ഇതാണ് വാദം [.....]
സെഷൻസ് ജഡ്ജി ശരിയായി വിലയിരുത്തിയപോലെ, ഈ എതിർവാദത്തിനുള്ള ചുരുങ്ങിയ മറുപടിയായ ടി.പി.സി സെക്ഷൻ 89നു സമാനമായ ഐ.പി.സി സെക്ഷൻ 99ലെ ക്ലോസ് 1 ഇങ്ങനെയാണ്:–
‘‘മരണത്തെയോ ഗുരുതരമായി മുറിവേൽക്കുന്നതിനെയോ പറ്റി ആശങ്കയില്ലാതെ, തന്റെ ഓഫീസ് നൽകുന്ന സുരക്ഷാബോധത്തോടെ ഒരു സർക്കാർ ജീവനക്കാരൻ ചെയ്യുന്ന പ്രവൃത്തിയോ അതിന് ശ്രമിക്കുന്നതിനേയോ (ആ പ്രവൃത്തിക്ക് കൃത്യമായ നിയമസാധുതയില്ലെങ്കിലും) ചെറുക്കാൻ സ്വകാര്യ വ്യക്തികൾക്ക് അവകാശമില്ല.’’ [.....]
ഈ കേസിൽ 26-1-1950ന് ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിലാകും മുമ്പ് നിലനിന്ന Criminal Law Amendment Actഉം അതുപ്രകാരം നടത്തിയ വിജ്ഞാപനവും അസാധുവല്ല. അത് അസാധുവായോ എന്ന പ്രശ്നം, സങ്കീർണവും ബുദ്ധിമുട്ടുള്ളതുമായതിനാൽ ൈഹകോടതിയുടെ ഒരു ഫുൾെബഞ്ച് വേണം തീരുമാനിക്കാൻ. ജോർജ് ചടയംമുറി കേസ് 10-12-1951ന് മാത്രമാണ് ഫുൾബെഞ്ച് തീരുമാനിച്ചത്. അതിനാൽ, 27-2-1950ന് പോലീസ് ഉദ്യോഗസ്ഥർ 30, 31 പ്രതികളെ അറസ്റ്റ് ചെയ്തു തടവിലാക്കിയത് ഉത്തമവിശ്വാസത്തോടെയല്ല എന്ന് പറയാനാവില്ല. നിലവിലുള്ള നിയമം അസാധുവായോ ഇല്ലയോ എന്നത്, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19ലെ ക്ലോസ് 4, 6 ഇവയുടെ പ്രയോഗക്ഷമതയെ ആശ്രയിച്ചിരിക്കും. നിയമനടത്തിപ്പ് എന്നത് തങ്ങളുടെ ഡ്യൂട്ടിയായ പോലീസ് ഉദ്യോഗസ്ഥർക്ക്, മുമ്പ് നിലനിന്നിരുന്ന ഒരു നിയമമനുസരിച്ച് നടപ്പാക്കിയ നിയന്ത്രണങ്ങൾ റദ്ദാക്കാൻ പോന്നവിധം അസാധുവാണോ എന്ന് തീരുമാനിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാനാവില്ല. [.....] അതിനാൽ, 30, 31 പ്രതികളുടെ സുഹൃത്തുക്കൾക്ക് അവരെ ബലപ്രയോഗത്തിലൂടെ ലോക്കപ്പിൽനിന്നും മോചിപ്പിക്കാൻ ഒരു അവകാശവുമില്ല. മാത്രമല്ല, ആ പ്രവൃത്തി വ്യക്തമായി കാണിക്കുന്നത്, [.....] അത് ഭരണഘടനാനുസൃതമായ അധികാരകേന്ദ്രത്തിനെതിരായ, കരുതിക്കൂട്ടിയുള്ള, ധിക്കാരപരമായ ആക്രമണമാണെന്നും ഭീകരത സൃഷ്ടിക്കാൻ കണക്കുകൂട്ടി ചെയ്തതാെണന്നുമാണ്. 30, 31 പ്രതികളെ തെറ്റായി അറസ്റ്റ് ചെയ്ത് തടവിലാക്കിയെന്നാണ് കരുതിയതെങ്കിൽ, അവരുടെ വിടുതലിനായി ഭരണാധികാരികളെയോ, ഉന്നത പോലീസ് ഉദ്യോഗസ്ഥരെയോ, നിയമ കോടതികളെയോ സമീപിക്കാൻ വേണ്ടത്ര സമയമുണ്ടായിരുന്നു. [പേജ് 798ൽ തുടർന്ന് വിവരിക്കുന്ന ഭാഗം സെഷൻസ് വിധിയിലുണ്ട്.]
19. ക്രിമിനൽ അപ്പീൽ No. 79 of 1952ൽ സർക്കാർ ഭാഗം നിർബന്ധിക്കുന്നത്, 1, 2, 4-8, 18, 21, 22 പ്രതികളെ ടി.പി.സി സെക്ഷൻ 301നോട് ചേർത്ത് സെക്ഷൻ 141 പ്രകാരം ശിക്ഷിക്കണമെന്നാണ്. [തുടർന്ന് പേജ് 799-800ൽ പ്രധാനമായി കാണുന്നത് സെഷൻസ് വിധിയിലുള്ളതാണ്.] ഒരു ബലപ്രയോഗ പ്രകടനത്തിലൂടെ പോലീസുകാരെ പേടിപ്പിച്ചു നിഷ്ക്രിയരാക്കുക മാത്രമായിരുന്നു പൊതുലക്ഷ്യമെങ്കിൽ, സെൻട്രിയെ കണ്ടമാത്രയിൽ വടികൊണ്ട് അടിക്കുക, ഉറങ്ങിക്കിടന്ന പോലീസുകാരനെ അടിക്കുകയും കുത്തുകയും ചെയ്യുക, മുറിവേറ്റ പോലീസുകാർ ജീവനുംകൊണ്ട് ഓടാൻ നോക്കിയപ്പോൾ പിന്തുടരുക ഇതൊക്കെ ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. വേണ്ടത്ര ശക്തിയോടെ സ്റ്റേഷനിലെത്തിയ അക്രമികൾ, പോലീസുകാരോട് ലോക്കപ്പ് തുറക്കാൻ ആവശ്യപ്പെടുകയും അതനുസരിച്ചില്ലെങ്കിൽ കഠിനമായി പ്രതികരിക്കുമെന്നു പറയുകയും ചെയ്യാമായിരുന്നു. [പേജ് 800–1ലെ തുടർവിവരണം സെഷൻസ് വിധിയുടെ അടിസ്ഥാനത്തിൽ.]
എല്ലാ വസ്തുതകളും സാഹചര്യങ്ങളും ശ്രദ്ധയോടെ പരിശോധിക്കുമ്പോൾ ഞങ്ങൾ, പണ്ഡിതയായ സെഷൻസ് ജഡ്ജിയുടെ വീക്ഷണത്തോട് വിയോജിക്കാൻ നിർബന്ധിതരാകുകയാണ്. നിയമവിരുദ്ധ കൂട്ടായ്മയുടെ പൊതുലക്ഷ്യം, സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിച്ച് കൊല്ലുകയും, 30, 31 പ്രതികളെ ലോക്കപ്പിൽനിന്ന് മോചിപ്പിക്കയുമായിരുന്നു എന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു.
[പേജ് 801-06ൽ നിയമവിരുദ്ധ കൂട്ടായ്മകളിലെ അംഗങ്ങളുടെ ഉത്തരവാദിത്തത്തെയും, പബ്ലിക് പ്രോസിക്യൂട്ടർ വരുത്തുന്ന തെറ്റുകളെയും വിശദമാക്കാൻ സമാനമായ കേസുകൾ ഉദ്ധരിച്ച് ചർച്ചചെയ്യുന്നു ഹൈകോടതി:–
*Mansha Singh V. Emperor (A.I.R. 1925 Lahore 371);
Faiz Bakhsh v. Emperor (A.I.R. 1947 Lahore 188);
Fatnaya Lal Khan v. Emperor (A.I.R. 1942 Lahore 89);
Rahman Samail v. Emperor (A.I.R. 1939 Lahore 245);
Ram Charan Rai v. Emperor (A.I.R. 1946 Pat. 242);
In re Karuppayya Thevar (A.I.R. 1942 Mad. 227), LR –57a;
Public prosecutor v. Subbanna (A.I.R. 1947 Mad. 239)]
21. തത്ഫലമായി 1, 2, 4-8, 18, 21, 22 എന്നീ പ്രതികൾക്കെതിരെ സെഷൻസ് ജഡ്ജി പാസാക്കിയ വിധികൾ അംഗീകരിക്കുകയും പ്രതികൾ സമർപ്പിച്ച ക്രിമിനൽ അപ്പീലുകൾ (Nos. 54, 55, 56, 58 of 1952) തള്ളുകയുംചെയ്തു; സർക്കാറിന്റെ ക്രിമിനൽ അപ്പീൽ No. 79 of 1952 അനുവദിച്ചു; 1, 2, 4-8, 18, 21, 22 എന്നീ പ്രതികൾക്കെതിരെ സെഷൻസ് ജഡ്ജി പ്രഖ്യാപിച്ച ശിക്ഷകൾക്കു പുറമേ, വേലായുധന്റെയും മാത്യുവിന്റെയും കൊലയുടെ പേരിൽ, ടി.പി.സി സെക്ഷൻ 141 ചേർത്തുള്ള സെക്ഷൻ 301 പ്രകാരവും അവർ ഓരോരുത്തർക്കും ശിക്ഷ (ജീവപര്യന്തം കഠിനതടവ്) വിധിച്ചു. ഓരോ പ്രതിയുടെ മേലും വിധിച്ച ശിക്ഷകൾ ഒന്നിച്ചാണ് (concurrently) അനുഭവിക്കേണ്ടത്. ജാമ്യത്തിലുള്ള പ്രതികളെ കസ്റ്റഡിയിലെടുക്കുകയും, അവരുടെ ജാമ്യവ്യവസ്ഥ റദ്ദാക്കുകയും ചെയ്യും.
1, 2, 4-8, 18, 21, 22 എന്നീ പ്രതികളുടെ അഭിഭാഷകർ, ഭരണഘടനയുടെ ആർട്ടിക്ൾ 134 (c) പ്രകാരം സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കാൻ അനുമതിക്ക് അപേക്ഷിക്കുന്നു. ഈ കേസ് അപ്പീലിന് അനുയോജ്യമാണെന്ന് ഞങ്ങൾ സാക്ഷ്യപ്പെടുത്തുന്നു; അനുമതി അനുവദിച്ചു.
C.P.S
അപ്പീൽ സുപ്രീംകോടതിയിൽ
തിരു-കൊച്ചി ഹൈകോടതി 15.6.1953-നാണ് ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണ കേസിന്റെ അപ്പീലിൽ വിധിപറഞ്ഞത്. അതിനെതിരെ പ്രതികളായ കെ.സി. മാത്യുവും കൂട്ടരും സമർപ്പിച്ച അപ്പീലിൽ സുപ്രീംകോടതി 15.12.1955ന് പറഞ്ഞ വിധിയിൽനിന്നുള്ള ഭാഗങ്ങളാണ് ചുവടെ പകർത്തുന്നത്. ‘K.C. Mathew And Others vs The State of Travancore -Cochin on 15 December, 1955’ എന്നപേരിൽ നിയമപഠന രംഗത്ത് പ്രശസ്തമാണ് ഈ വിധി (Respondent: The State of Travancore-Cochin; S.C. Bench: Vivian Bose, T.L. Venkatarama Aiyyar, N. Chandrasekhara Aiyyar; Citation: 1956 AIR 241,
1955 SCR (2) 1057–
http://indiankanoon.org/doc/1566447,downloaded on 1.1. 2025):–
ACT:
Sessions Trail-Charge-Different offences against different accused lumped together-Legality-Examination of the accused neither full nor-clear-Failure to raise objection at earlier stages- Withholding by the accused of facts within their special knowledge - Inference-code of Criminal Procedure (ACT V of 1898), SS. 225, 342, 537 - Indian penal code (XLV of 1860), ss. 302, 149.
HEADNOTE:
അപ്പീൽ വാദികളെ മറ്റുള്ളവരോടൊപ്പം സെഷൻസ് കോടതിയിൽ വിചാരണചെയ്തു. അവർക്കെതിരായ ആരോപണത്തിൽനിന്നു വ്യക്തമായ വസ്തുതയെന്തെന്നാൽ, അവർ ഒരു നിയമവിരുദ്ധ കൂട്ടായ്മയുണ്ടാക്കി, അതിന്റെ പൊതുലക്ഷ്യവും അതിൽ ഓരോ പ്രതിയും വഹിച്ച പങ്കും വ്യക്തമായി; തിരുവിതാംകൂർ പീനൽ കോഡിന്റെ 10 സെക്ഷനുകളുടെ ലിസ്റ്റും (ഇന്ത്യൻ പീനൽ കോഡിന്റെ സെക്ഷൻ 149നോടു ചേർന്നുള്ള സെക്ഷൻ 302നു സമാനമായവ ഉൾപ്പെടെ) നൽകി. പ്രതികളെ, സെക്ഷൻ 149നോടു ചേർന്നുള്ള സെക്ഷൻ 302, പ്രകാരമുള്ള കുറ്റാരോപണത്തിൽനിന്ന് സെഷൻസ് ജഡ്ജി കുറ്റമുക്തരാക്കുകയും, താരതമ്യേന ചെറിയ കുറ്റാരോപണങ്ങളിൽ ശിക്ഷിക്കുകയുംചെയ്തു. പ്രതികൾ ശിക്ഷകൾക്കെതിരെ ഹൈകോടതിയിൽ അപ്പീൽ സമർപ്പിച്ചു; പ്രതികളെ 302, 149 സെക്ഷനുകൾ പ്രകാരമുള്ള കുറ്റാരോപണത്തിൽനിന്നും മുക്തരാക്കിയതിനെതിരെ സർക്കാറും അപ്പീൽ നൽകി. പ്രതികളുടെ അപ്പീൽ ഹൈകോടതി തള്ളുകയും, സർക്കാറിന്റെ അപ്പീൽ അനുവദിക്കുകയുംചെയ്തു; പ്രതികൾ ഓരോരുത്തർക്കും ജീവപര്യന്തം കഠിനതടവ് [Transportation for life, p.2; rigorous imprisonment for life, ഹൈകോടതി വിധി - p. 806] വിധിക്കുകയുംചെയ്തു. അതിനെതിരായി പ്രതികൾക്കുവേണ്ടി [സുപ്രീംകോടതിയിൽ] വാദിച്ചത്, ശിക്ഷ നിയമാനുസൃതമല്ലെന്നും, Criminal Procedure code സെക്ഷൻ 342 പ്രകാരം നടത്തിയ പരിശോധനകൾ വികലവും മുൻവിധിയോടെയുള്ളതുമായിരുന്നു എന്നുമാണ്.
കുറ്റം ചുമത്തിയത് നിയമപരമാണെന്നും, അത് കോഡിന്റെ സെക്ഷൻ 225 പ്രകാരമാണെന്നുമാണ് [ഞങ്ങളുടെ] നിലപാട്. തനിക്കെതിരെ ആരോപിക്കുന്ന കുറ്റമെന്തെന്ന് ഓരോ പ്രതിയെയും ബോധ്യപ്പെടുത്തിയിരുന്നു. തനിക്കെതിരെ ഉന്നയിക്കുന്ന പ്രസക്തമായ സെക്ഷനുകൾ ഏതെന്ന് അയാൾക്ക് എളുപ്പം മനസ്സിലാക്കാൻ കഴിയുകയും ചെയ്യുമായിരുന്നു. അതിനാൽ, അവരിൽപ്പെട്ട ആർക്കെതിരെയും ഒരു മുൻവിധിയുമുണ്ടാകില്ല. പ്രതികൾക്കുവേണ്ടി അഭിഭാഷകരുണ്ടായിരുന്നെങ്കിലും, ക്രിമിനൽ പ്രൊസീജിയർ കോഡിന്റെ സെക്ഷൻ 342 പ്രകാരമുള്ള വികല വിചാരണയെപ്പറ്റി ആദ്യമേ ഒരു എതിർപ്പും ഉയർന്നില്ലെന്നും കൂട്ടിച്ചേർക്കുന്നു. അപ്പീൽ പെറ്റീഷനിൽ, പ്രതികളോടു കോടതി ചോദിക്കേണ്ട ചോദ്യങ്ങളുടെയും അവർ നൽകുമായിരുന്ന ഉത്തരങ്ങളുടെയും സൂചനകൾ, അവരുടെ പ്രത്യേക അറിവിൽപ്പെട്ടതും കോടതിയിൽനിന്നു മറച്ചുവെച്ചതുമായ കാര്യങ്ങൾ ഇവ ഇല്ലാഞ്ഞതിനാൽ, അവർക്കെതിരെ, ഒരു പ്രതികൂല നിഗമനത്തിലെത്താൻ കോടതിക്ക് അവകാശമുണ്ട്. അവരോട് ഒരു മുൻവിധിയും കാണിച്ചിട്ടില്ലെന്ന് വിശ്വസിക്കുക.
തനിക്കെതിരായ തെളിവിന്റെ സാഹചര്യങ്ങൾ വിശദീകരിക്കാൻ അവസരം നൽകി ഒരു പ്രതിയെ സെക്ഷൻ 342 പ്രകാരം ശരിയായി ചോദ്യംചെയ്തിട്ടില്ലെങ്കിൽ സത്യത്തിന്റെ അവസാന കോടതിയായ അപ്പീൽ കോടതിയോട്, തനിക്ക് ആ വിശദീകരണത്തിന് അവസരം തരണമെന്ന് ആവശ്യപ്പെടാൻ പ്രതിക്ക് അവകാശമുണ്ട്.
തന്നെ ശരിയായി ചോദ്യം ചെയ്തിരുന്നെങ്കിൽ താൻ നൽകാനിടയുള്ള മറുപടി ആദ്യമേ കോടതിക്കു മുന്നിലുണ്ടായിരുന്നെങ്കിൽ കോടതി നൽകുമായിരുന്ന അതേ പരിഗണന, തെളിവ് വിലയിരുത്തുമ്പോൾ നൽകണമെന്നും ആവശ്യപ്പെടാം പ്രതിക്ക്.
എന്നാൽ, കോടതി ആദ്യമേ തന്നെ സ്വന്തം ചുമതല നിർവഹിച്ചിരുന്നെങ്കിൽ തനിക്കു കിട്ടുമായിരുന്നതിനെക്കാൾ മികച്ച സ്ഥാനം ചോദിക്കാൻ പ്രതിക്ക് അവകാശമില്ല. അതിനാൽ, മുൻവിധിയെപ്പറ്റി പരാതിപ്പെടുമ്പോൾ, തന്നോട് [കോടതി] ചോദിക്കേണ്ടിയിരുന്ന ചോദ്യങ്ങളും താൻ നൽകുമായിരുന്ന മറുപടികളും അയാൾ സൂചിപ്പിക്കേണ്ടതുണ്ട്.
JUDGEMENT:
Criminal Appellate Jurisdiction: Criminal Appeal No. 97 of 1953.
Appeal under Article 134 (1) (c) of the constitution from the judgement and order dated the 15th June 1953 of the Travancore-Cochin High Court in Criminal Appeal Nos. 54, 55, 56, 58 and 79 of 1952.
അപ്പീൽ വാദികളുടെ (പ്രതികളുടെ) അഭിഭാഷകർ: എസ്. മോഹൻ കുമാരമംഗലം [ഇന്ത്യൻ കമ്യൂ. പാർട്ടി കേന്ദ്രകമ്മിറ്റിയംഗമാണ് അന്ന്: പയ്യപ്പിള്ളി, പേജ് 225], എസ്. സുബ്രഹ്മണ്യം.
സർക്കാർ ഭാഗം അഭിഭാഷകൻ: സർദാർ ബഹാദൂർ.
1955 ഡിസംബർ15. കോടതിയുടെ വിധിന്യായം ജസ്റ്റിസ് ബോസ് പ്രഖ്യാപിച്ചു. 2 പോലീസ് കോൺസ്റ്റബിൾമാർ കൊല്ലപ്പെട്ട ഒരു ലഹളക്കേസ് ആണിത്. 31 പേരെ വിചാരണ ചെയ്തു. പണ്ഡിതയായ സെഷൻസ് ജഡ്ജി അവരിൽ 21 പേരെ പൂർണമായും കുറ്റമുക്തരാക്കി; ശേഷിച്ച 10 പേരെ ഏറ്റവും ഗുരുതരമായ കുറ്റാരോപണങ്ങളിൽ (ഐ.പി.സി സെക്ഷൻ 149നോടു ചേർന്നുള്ള സെക്ഷൻ 302നു സമാനമായ ടി.പി.സി സെക്ഷനുകൾ പ്രകാരമുള്ളത്) നിന്നു മുക്തരാക്കി; എന്നാൽ, സെഷൻസ് ജഡ്ജി അവരെ കുറെ ചെറിയ കുറ്റങ്ങളുടെ പേരിൽ ശിക്ഷിക്കുകയും, ഓരോ Countലും 2 മുതൽ 5 വരെ കൊല്ലങ്ങളുടെ ശിക്ഷ വിധിക്കുകയും [അതേസമയം, 1ഉം 2ഉം പ്രതികൾക്കു മൊത്തമായി വിധിച്ചത് 12 കൊല്ലം വീതം കഠിനതടവാണ്: സെഷൻസ് വിധി, പേജ് 25] ആ ശിക്ഷകൾ ഒന്നൊന്നായി (consecutively) അനുഭവിക്കാൻ (5 തൊട്ട് 8 വരെയും 18ഉം പ്രതികൾ ഒഴിച്ചുള്ളവർ) ഉത്തരവാകയുംചെയ്തു. She sentenced each of them only one count and so there was only one sentence [....] ശിക്ഷിക്കപ്പെട്ട 10 പ്രതികൾ നൽകിയ അപ്പീൽ നിരസിക്കുകയും പ്രതികളെ വെറുതെവിട്ടതിനും കൊല-കൊള്ള കുറ്റങ്ങളിൽനിന്നു മുക്തരാക്കിയതിനും എതിരായ സർക്കാർ അപ്പീൽ അനുവദിക്കുകയുംചെയ്തു ഹൈകോടതി; and imposed the lesser sentence of transportation in each case. ആ 10 പ്രതികളാണ് ഇപ്പോൾ ഇവിടെ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്.
പ്രതികൾ കമ്യൂണിസ്റ്റുകളാണെന്ന് പറയപ്പെടുന്നു [....]
കുറ്റാരോപണം നിയമപ്രകാരമല്ലെന്നും, അപ്പീൽവാദികൾക്കെതിരെ മുൻവിധിയുണ്ടായെന്നുമാണ് ഞങ്ങൾക്കു മുന്നിലുള്ള ആദ്യ പോയന്റ്. [....]
ഈ കുറ്റാരോപണം മുൻവിധിയോടെയല്ല, മുൻവിധിക്കു കാരണമാകാനിടയുമില്ല. [....]
അടുത്ത വാദം, സി.പി.സി സെക്ഷൻ 342 പ്രകാരമുള്ള ഓരോ പ്രതിയുടെയും വിചാരണ വികലമായിരുന്നെന്നും, അത് മുൻവിധിക്കു കാരണമായെന്നുമാണ്. വേണ്ടത്ര പൂർണമോ വ്യക്തമോ അല്ലായിരുന്നു വിചാരണ എന്നത് ഞങ്ങൾ സമ്മതിക്കുന്നു.
ടി.കെ. രാമകൃഷ്ണൻ, എം.എം. ലോറൻസ്, വി. വിശ്വനാഥ മേനോൻ -പഴയ കൊച്ചിയിലെ കമ്യൂണിസ്റ്റ് നേതൃത്വം
എങ്കിലും, അവിടെ എന്തെങ്കിലും മുൻവിധിയില്ലായിരുന്നു എന്നതിൽ ഞങ്ങൾ തൃപ്തരാണ്. മുൻവിധിയുടെ പ്രശ്നം ഒരു കീഴ്കോടതിയിലും ഉന്നയിച്ചില്ലെന്നു മാത്രമല്ല, ഈ കോടതിയിൽ അവതരിപ്പിച്ച അപ്പീലിന്റെ പശ്ചാത്തല വിവരണത്തിലുമില്ലായിരുന്നു. [....] അതുകൊണ്ട്, ഒരു പ്രതിക്ക് അപ്പീലിൽ പറയാൻ അർഹതയുള്ളത് ഇതാണ്: ‘‘ഇക്കാര്യം വിശദീകരിക്കാൻ എന്നോട് ആവശ്യപ്പെട്ടിട്ടില്ല; ഇതാ എന്റെ വിശദീകരണം; ഇതാണ് ഞാൻ പറയുമായിരുന്നത്, ദയവായി ഇത് പരിഗണിക്കൂ.’’ എന്നാൽ, അപ്പീൽ കോടതിയിൽ അയാൾ ആ നിലപാട് സ്വീകരിക്കാതിരിക്കയും മുൻവിധിയെപ്പറ്റി ആദ്യമായി ഇവിടെ പരാതിപ്പെടുകയും ചെയ്യുമ്പോൾ ഇത് ഒരു പിൻചിന്തയാണെന്നും, യഥാർഥത്തിൽ ഒരു മുൻവിധിയുമില്ലായിരുന്നുവെന്നുമുള്ള അനുമാനം ശക്തമാകുന്നു.
എങ്കിലും codeലെ സെക്ഷൻ 537ലെയും മറ്റു സെക്ഷനുകളിലെയും ‘മുൻവിധി’ എന്നതിന്റെ ശരിയായ അർഥം വിവേചിച്ച് അറിഞ്ഞിട്ടില്ലാത്തതിനാൽ (ഈ കോടതി ആധികാരികമായ ഒരു തീരുമാനം എടുക്കാത്തതിനാലാവാം), തങ്ങളുടെ കക്ഷികളോട് എന്ത് ചോദ്യങ്ങളാണ് ചോദിക്കേണ്ടിയിരുന്നതെന്നും അവരുടെ മറുപടി എന്താകുമായിരുന്നുവെന്നും ഞങ്ങൾ പ്രതിഭാഗം വക്കീലിനോട് ചോദിച്ചു. അദ്ദേഹത്തിന്റെ പ്രധാന പരാതി, ഒരു അപ്പീൽവാദിയോടും പൊതു ലക്ഷ്യത്തെപ്പറ്റി ചോദിച്ചിട്ടില്ലെന്നാണ്. കാര്യം കൊലപാതകമാണെന്നോ, കൂട്ടായ്മയിലെ ആരുടെയെങ്കിലും കൈയിൽ മാരകായുധങ്ങൾ ഉണ്ടായിരുന്നെന്നോ തങ്ങൾക്കറിയില്ലായിരുന്നു എന്ന് അവരിൽ മിക്കവർക്കും യുക്തിസഹമായി പറയാനാകുമായിരുന്നു എന്നത് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ ഘട്ടത്തിൽ ഒന്ന് വിശദമാക്കേണ്ടതുണ്ട്; ഒരു നിയമവിരുദ്ധ കൂടിച്ചേരൽ ഉണ്ടായെന്നും, ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമിച്ചെന്നും, ആയുധങ്ങളും വെടിക്കോപ്പുകളും ചില സ്റ്റേഷൻ റെക്കോഡുകളും അക്രമികൾ കടത്തിക്കൊണ്ടുപോയെന്നും സെൻട്രി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസ് കോൺസ്റ്റബിൾമാർ കൊല്ലപ്പെട്ടെന്നും രണ്ട് കോടതികളും വിലയിരുത്തിയിട്ടുണ്ട്. പൊതു ലക്ഷ്യത്തെപ്പറ്റി മാത്രമാണ് അവർക്ക് ഭിന്നാഭിപ്രായങ്ങളുള്ളത്.
30, 31 നമ്പർ പ്രതികളെ ബലപ്രയോഗത്തിലൂടെ മോചിപ്പിക്കുകയും, ഡ്യൂട്ടിയിലുള്ള പോലീസുകാരെ കൊല്ലുകയും ആയുധങ്ങളും വെടിക്കോപ്പുകളും റെക്കോഡുകളും കൊള്ളയടിക്കുകയും ചെയ്യും എന്നതായിരുന്നു പൊതു ലക്ഷ്യമെന്നാണ് കുറ്റാരോപണം. പണ്ഡിതയായ സെഷൻസ് ജഡ്ജി (പ്രധാനമായും പബ്ലിക് പ്രോസിക്യൂട്ടർ വരുത്തിയ ഇളവുമൂലം) വിലയിരുത്തിയത്, കൂട്ടായ്മയിലെ ചിലർ മാരകായുധങ്ങൾ കൈവശം വെച്ചിരുന്നെങ്കിലും കൂട്ടായ്മയുടെ പൊതുലക്ഷ്യത്തെ [രണ്ട് തടവുകാരെ] മോചിപ്പിക്കുക എന്നതിനെക്കാൾ ഉയരത്തിൽ സ്ഥാപിക്കാനാകില്ലെന്നാണ് അതനുസരിച്ച് അവർ (സെഷൻസ് ജഡ്ജി ഒരു സ്ത്രീയായിരുന്നു) എല്ലാ പ്രതികളെയും ഐ.പി.സി സെക്ഷൻ 149 ചേർത്തുള്ള സെക്ഷൻ 302 (അല്ലെങ്കിൽ സമാനമായ ടി.പി.സി വ്യവസ്ഥകൾ) പ്രകാരം ചുമത്തിയ കുറ്റങ്ങളിൽനിന്നു മുക്തരാക്കി. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകുകയും തുടർന്ന് ഹൈകോടതി കൊലപാതകം, ലഹള എന്നീ കുറ്റങ്ങൾ ചുമത്തുകയും താരതമ്യേന കുറഞ്ഞ ശിക്ഷ വിധിക്കയുംചെയ്തു. കുറ്റവാളികളും അപ്പീൽ സമർപ്പിച്ചെങ്കിലും അവ തള്ളപ്പെട്ടു. പബ്ലിക് പ്രോസിക്യൂട്ടറുടെ ഏറ്റുപറച്ചിലിന്റെ വെളിച്ചത്തിൽ പ്രതികളുടെ കൂട്ടായ്മക്ക് കൊലയെന്ന പൊതു ലക്ഷ്യമുണ്ടായിരുന്നു എന്നു വിലയിരുത്തിയ ഹൈകോടതി ന്യായീകരിക്കപ്പെട്ടെന്ന് ഞങ്ങൾ കരുതുന്നില്ല [?]. അത് ഫലത്തിൽ വല്ല വ്യത്യാസവുമുണ്ടാക്കുന്നുണ്ടെന്ന് ഞങ്ങൾ കരുതുന്നില്ല. ലോക്കപ്പിലുണ്ടായിരുന്ന രണ്ടുപേരെ മോചിപ്പിക്കൽ മാത്രമായിരുന്നു പൊതുലക്ഷ്യം എന്നു സങ്കൽപിച്ചാൽപോലും ആ പദ്ധതിയിൽ അക്രമം ഉൾച്ചേർന്നിട്ടുണ്ടെന്ന് വ്യക്തമാണ്. സായുധ പോലീസിന്റെ കാവലിലുള്ളവരെ മോചിപ്പിക്കാൻ പാതിരാത്രി പടക്കങ്ങളും വെട്ടുകത്തികളും വടികളുമായി കൂട്ടംചേർന്നു ചെല്ലുന്നവർ, ആ കാവൽക്കാരുടെ ചെറുത്തുനിൽപിനെ മറികടക്കാൻ അക്രമം നടത്തേണ്ടിവരുമെന്നു കരുതാതിരിക്കില്ല; തടവുകാരുടെ കാവലിന് ചുമതലപ്പെടുത്തിയിട്ടുള്ള സെൻട്രികൾ രാത്രി പൂർണമായി സായുധരായിരിക്കുമെന്നും ആവശ്യം വന്നാൽ അവരുടെ ആയുധങ്ങൾ പ്രയോഗിക്കുമെന്നും തിരിച്ചറിയാത്തയാൾ ഒരു പച്ചപ്പരമാർഥിയായിരിക്കും; സായുധ കാവൽക്കാർക്കെതിരെ അക്രമം നടത്തുന്നതിന്റെ അനന്തരഫലം അവരുടെ കൊലയായിരിക്കുമെന്ന് അറിയാത്തയാൾ ബുദ്ധിവികാസമില്ലാത്തയാളായിരിക്കും; കൊലക്ക് അനുയോജ്യമായത് പൊതുവെ കൊള്ളക്കും അനുയോജ്യമാണ്. [.....] കൊലപാതകത്തോളം ഉയരത്തിൽ പൊതുലക്ഷ്യത്തെ സ്ഥാപിക്കുന്നില്ലെങ്കിലും ലഹളയധിഷ്ഠിത കൊല എന്ന കുറ്റാരോപണം പൂർണമായി ന്യായീകരിക്കപ്പെടുന്നുണ്ട്. [.....]
അടുത്തതായി ഒന്നാം പ്രതിയിലേക്ക് തിരിഞ്ഞാൽ, അയാളുടെ വക്കീൽ പറഞ്ഞത്, സെക്ഷൻ 342 പ്രകാരമുള്ള വിചാരണയിൽ തിരിച്ചറിയലിനെപ്പറ്റി അയാളോടു ചോദിച്ചിെല്ലന്നാണ്. പക്ഷേ, അത് ശരിയല്ല; ഉന്നയിച്ച ചോദ്യമിതാണ്: ‘‘PW -1 ഉം 4ഉം പറയുന്നത്, നിങ്ങൾ കോൺസ്റ്റബിൾമാരായ മാത്യുവിനെയും വേലായുധനെയും അടിക്കുന്നത് അവർ കണ്ടെന്നാണ്.’’ തിരിച്ചറിയലിനെപ്പറ്റിയുള്ള പോയന്റ് ഈ ചോദ്യത്തിൽ ഉള്ളടങ്ങിയിട്ടുണ്ട്. ഈ അപ്പീൽ വാദിക്ക് ചോദ്യത്തിന്റെ ഉന്നം മനസ്സിലായെന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. [.....] ഒരു കൊള്ളെയപ്പറ്റിയും ഒന്നാംപ്രതിയോട് ചോദ്യം ചോദിച്ചിെല്ലന്ന് പറയുന്നു. പക്ഷേ, ഞങ്ങൾ ഇത് കൂടുതൽ പരിശോധിക്കേണ്ടതില്ല. കാരണം, കൊല-ലഹള സംബന്ധിച്ച ശിക്ഷാവിധി അംഗീകരിക്കപ്പെട്ടതിനാൽ ഇക്കാര്യം വെറും സൈദ്ധാന്തികമായിത്തീരുന്നു. ഇക്കാര്യങ്ങളിൽ ഏഴാം പ്രതി ഒഴികെയുള്ള അപ്പീൽവാദികളുടെ വാദങ്ങൾ ഒരേ രീതിയിലായിരുന്നു. അവ ഞങ്ങൾ പ്രത്യേകം പ്രത്യേകമായി പരിശോധിക്കേണ്ടതില്ല.
ഏഴാം പ്രതിയുടെ കാര്യത്തിൽ കഴമ്പുള്ള ഏക പോയന്റ് [തടവുകാരെ] മോചിപ്പിക്കുന്നതിന്റെ കരാറും പ്ലാനും തയാറാക്കിയെന്നു പറയുന്ന കാടിപ്പറമ്പിൽ അയാളുടെ സാന്നിധ്യത്തെപ്പറ്റി വിശദീകരിക്കാൻ ആവശ്യപ്പെട്ടില്ല എന്നതാണ്. ഈ പ്രതി അവിടെയാണ് താമസിക്കുന്നത് എന്നതിനാൽ, പകൽവെളിച്ചത്തിൽ അവിടെ കൂടിയ ഒരു ആൾക്കൂട്ടത്തിൽ അയാളെ കണ്ടു എന്നത് സംശയിക്കാനുള്ള സാഹചര്യമായി കണക്കാക്കാനാവില്ല എന്നാണ് വക്കീൽ പറഞ്ഞത്. വീണ്ടും, രാത്രി രണ്ടിന് അയാളെ പോലീസ് സ്റ്റേഷനിൽ കണ്ടില്ലായിരുന്നെങ്കിൽ, ലഹളക്കാരിലൊരാളായി അയാൾ അക്രമത്തിൽ സജീവമായി പങ്കെടുത്തെന്ന് തിരിച്ചറിഞ്ഞില്ലായിരുന്നെങ്കിൽ ആ വാദത്തിന് ശക്തിയുണ്ടാകുമായിരുന്നു. [.....]
പണ്ഡിതയായ സെഷൻസ് ജഡ്ജി പാസാക്കിയ വിധികളും ശിക്ഷകളും ഹൈകോടതി അംഗീകരിച്ചെങ്കിലും സർക്കാറിെന്റ അപ്പീൽ അനുവദിക്കയും [താരതമ്യേന] കുറഞ്ഞ ശിക്ഷ [പ്രതികൾക്ക്] നൽകുകയും ചെയ്തപ്പോൾ കോടതി പറഞ്ഞത്, ഓരോ പ്രതിയുടെയും മേൽ വിധിച്ച ശിക്ഷകൾ ഒന്നിച്ച് അനുഭവിക്കണമെന്നാണ്. തങ്ങൾ വിധിച്ച ശിക്ഷകൾ ഒന്നിച്ച് (concurrently) അനുഭവിക്കണമെന്നാണ്. തങ്ങൾ വിധിച്ച ശിക്ഷകൾ ഒന്നിച്ചനുഭവിക്കണമെന്നാണോ, അതല്ല, അപ്പീൽ ആ പരിധിവരെ അനുവദിക്കുന്നു എന്നാണോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല. എല്ലാ സംശയവും തീർക്കാൻ ഓരോ പ്രതിക്കുമേലും വിധിച്ച ശിക്ഷകൾ ഒന്നൊന്നായി (consecutively) അല്ല, ഒന്നിച്ചുതന്നെ (concurrently) അനുഭവിക്കണം എന്ന് നിർദേശിക്കുന്നിടം വരെ ഞങ്ങൾ അപ്പീൽ അനുവദിക്കുന്നു. ആ ഭാഗമൊഴിച്ചാൽ അപ്പീൽ തള്ളിയിരിക്കുന്നു.