വസ്ത്രങ്ങളുടെ രണ്ടാം വിപണി

മലയാളത്തിന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ഇ.പി. ശ്രീകുമാർ തന്റെ കഥകളിലേക്ക് പിൻനടക്കുകയാണ്. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു. ‘‘ശവവസ്ത്രങ്ങളുടെ വിൽപനക്കായി ഒരു കടയുണ്ടായിരുന്നു അയാൾക്ക്’’ – ‘ശവവസ്ത്രക്കച്ചവടം’ എന്ന കഥ തുടങ്ങുന്നതങ്ങനെയാണ്. വാണിജ്യ നഷ്ടങ്ങൾ തുടർസംഭവമായിരുന്ന കഥാനായകന് പുതിയ പരീക്ഷണത്തിന്റെ ആശയം ലഭിക്കുന്നത് ലണ്ടനിൽ നിന്ന് ലീവിൽ നാട്ടിലെത്തിയ പഴയ...
Your Subscription Supports Independent Journalism
View Plansമലയാളത്തിന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ഇ.പി. ശ്രീകുമാർ തന്റെ കഥകളിലേക്ക് പിൻനടക്കുകയാണ്. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു.
‘‘ശവവസ്ത്രങ്ങളുടെ വിൽപനക്കായി ഒരു കടയുണ്ടായിരുന്നു അയാൾക്ക്’’ – ‘ശവവസ്ത്രക്കച്ചവടം’ എന്ന കഥ തുടങ്ങുന്നതങ്ങനെയാണ്.
വാണിജ്യ നഷ്ടങ്ങൾ തുടർസംഭവമായിരുന്ന കഥാനായകന് പുതിയ പരീക്ഷണത്തിന്റെ ആശയം ലഭിക്കുന്നത് ലണ്ടനിൽ നിന്ന് ലീവിൽ നാട്ടിലെത്തിയ പഴയ സഹപാഠിയിൽനിന്നാണ്.
മരിച്ചവരുടെ വസ്ത്രങ്ങൾ വാങ്ങി വിൽപന നടത്തുന്ന വാണിജ്യരീതിയെക്കുറിച്ച് ഞാൻ അറിയുന്നത് അനൂപ് ഗോപിനാഥ് എന്ന എന്റെ അടുത്ത ബന്ധുവായ ചെറുപ്പക്കാരനിൽനിന്നാണ്. സെക്കൻഡ് ഹാൻഡ് വിപണിയുടെ സാധ്യതകളെക്കുറിച്ച് പറഞ്ഞുവന്നപ്പോഴാണ് അയാൾ ഇക്കാര്യം സൂചിപ്പിച്ചത്.
ബിരുദം നേടിയശേഷം കുറച്ചുനാൾ അനൂപ് തൊഴിലന്വേഷിച്ചു നടന്നു. കിട്ടാതെ വന്നപ്പോൾ നിരാശനായ അയാൾ വിഷാദവാനായിത്തീർന്നു. അയാളുടെ വിഷമം കണ്ടപ്പോൾ മാതാപിതാക്കളാണ് പി.ജി പഠിക്കാൻ നിർദേശിച്ചത്. അങ്ങനെയാണ് അനൂപ് മൂന്നു കൂട്ടുകാരോടൊപ്പം ഉത്സാഹത്തോടെ യു.കെയിൽ എം.ബി.എ പഠിക്കാൻ പോയത്. ഗോപിനാഥിന്റെ കുടുംബത്തിന് കാര്യമായ സാമ്പത്തികഭദ്രത ഉണ്ടായിരുന്നില്ല. എന്നിട്ടും മകന്റെ ഉയർച്ചയും അതിലൂടെ കുടുംബത്തിന്റെ അഭ്യുദയവും പ്രതീക്ഷിച്ച് അയാൾ ബാങ്കിൽനിന്നും വിദ്യാഭ്യാസ ലോണും വ്യക്തികളിൽനിന്ന് കൈവായ്പകളും സംഘടിപ്പിച്ചു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ വലിയ തുകയുടെ ബാങ്ക് ബാലൻസ് കാണിച്ച് വിസയും സമ്പാദിച്ചു. കനത്ത ഫീസ് ആദ്യംതന്നെ ഒരുമിച്ച് അടക്കണം. കൂടാതെ പഠനച്ചെലവ്, യാത്രച്ചെലവ്, ഭക്ഷണം, താമസം, വസ്ത്രം തുടങ്ങി പഠനകാലം മുഴുവൻ വേണ്ടിവരുന്ന പണമാവശ്യങ്ങളും നടത്തണം.
അച്ഛന്റെ കഷ്ടപ്പാടുകളും മാനസിക സമ്മർദവും അറിയുന്ന മകനായിരുന്നു അനൂപ്. അവൻ പറഞ്ഞു –‘‘അവിടെ ചെന്നാലുടനെ എന്തെങ്കിലും ചെറിയൊരു ജോലി സംഘടിപ്പിക്കാൻ കഴിയും. അച്ഛനെ കഴിയുന്നത്ര ബുദ്ധിമുട്ടിക്കാതെ എന്റെ ചെലവിനുള്ളത് അവിടന്നുതന്നെ നേടാൻ ഞാൻ ശ്രമിക്കും.’’
പറഞ്ഞപോലെ തന്നെ അനൂപ് പ്രവർത്തിച്ചു. ഹോട്ടൽ പണിയാണ് ആദ്യം കിട്ടിയത്. പിന്നീട് സൂപ്പർമാർക്കറ്റിൽ രാത്രി റാക്കുകളിൽ വസ്തുക്കൾ അടുക്കുന്ന പണിയായി. ഇലേക്ട്രാണിക് ചെയിനിലും പ്രവർത്തിച്ചു. പിന്നീട് ഷോറൂമുകളിലെ രാത്രി സെക്യൂരിറ്റി പണി. അതിനുശേഷം പെേട്രാൾ പമ്പിലെ കാഷ്യർ ആയി. പലപ്പോഴും വരുമാനം കുറവായിരുന്നതിനാൽ വളരെ അരിഷ്ടിച്ചാണ് അയാളും കൂട്ടുകാരും കഴിഞ്ഞിരുന്നത്. ചില ദിവസങ്ങളിൽ െബ്രഡും പച്ചവെള്ളവും മാത്രം ഭക്ഷണം. കഴിയുന്നത്ര കാൽനട യാത്ര. വാടകച്ചെലവ് കുറയ്ക്കാനായി നഗരത്തിലെ തിരക്കിൽനിന്ന് മാറി അൽപം ഉൾപ്രദേശത്തുള്ള പഴയ രണ്ട് കൊച്ചു മുറികളിലാണ് അവർ കഴിഞ്ഞിരുന്നത്.
പിന്നീട് നാട്ടിൽ വന്നപ്പോൾ വിദേശവാസത്തെ അനുഭവങ്ങൾ അവതരിപ്പിക്കുന്നതിനിടക്കാണ് അനൂപ് ആ കടയെക്കുറിച്ച് പറഞ്ഞത്.
അയാളും കൂട്ടുകാരും താമസിച്ചിരുന്ന ലൈൻമുറി കെട്ടിടത്തിന്റെ അറ്റത്തുള്ള ജീർണിച്ച ഒരു കൊച്ചുമുറിയിലായിരുന്നു ബോർഡോ പരസ്യമോ ഇല്ലാതെ ആ കട പ്രവർത്തിച്ചിരുന്നത്. പകലുകളിൽ ആ ഷോപ്പ് തുറക്കാറില്ല. സന്ധ്യ കഴിഞ്ഞാൽ കടയ്ക്കു മുന്നിലുള്ള റോഡ് മിക്കവാറും വിജനമായിരിക്കും. അസമയങ്ങളിൽ തുറന്നു പ്രവർത്തിക്കാറുള്ള, മരിച്ചവരുടെ വസ്ത്രങ്ങൾ മാത്രം വിൽക്കുന്ന ഒരു കച്ചവടശാലയായിരുന്നു അത്. അവിടെ വസ്ത്രങ്ങൾക്ക് കുറഞ്ഞ വിലയേ ഈടാക്കിയിരുന്നുള്ളൂ. ഒരിക്കലും ചിരിക്കാത്ത, േപ്രതമുഖമുള്ള ഒരു മധ്യവയസ്കനായിരുന്നു കച്ചവടക്കാരൻ. രാത്രി വൈകി ജോലികഴിഞ്ഞ് മുറികളിലേക്ക് മടങ്ങുമ്പോൾ അനൂപും കൂട്ടുകാരും അയാളെ കാണാറുണ്ടായിരുന്നു. അങ്ങനെയുണ്ടായ പരിചയം വളർന്നതോടെ അവർ കച്ചവടക്കാരന്റെ സങ്കീർണമായ ജീവിതം അറിഞ്ഞു. ആ അറിവായിരുന്നു എന്നെ സംബന്ധിച്ച് പ്രധാനം. ആ വിവരങ്ങൾ അനൂപ് പറഞ്ഞപ്പോൾ ഞാൻ മനസ്സിൽ കഥ ഉറപ്പിക്കുകയായിരുന്നു.
രാവിലെതന്നെ കച്ചവടക്കാരൻ മരണവീടുകൾ അന്വേഷിച്ച് യാത്ര തുടങ്ങും. ശവവസ്ത്രങ്ങൾ സൗജന്യമായോ നിസ്സാര വിലക്കോ ലഭിക്കുക എന്ന ലക്ഷ്യമായിരുന്നു അയാൾക്ക്. പരേതരുടെ വസ്ത്രശേഷിപ്പുകൾ ഉപയോഗിക്കാതെ പാടേ ഉപേക്ഷിച്ചിരുന്ന വലിയ വിഭാഗം ജനങ്ങളുണ്ടായിരുന്നു. അവരെയായിരുന്നു കച്ചവടക്കാരൻ സമീപിച്ചിരുന്നത്. പാഴാകുന്ന വസ്ത്രങ്ങളെ ഉപയോഗയോഗ്യമാക്കി ചുരുങ്ങിയ വിലക്ക് ആവശ്യക്കാർക്ക് എത്തിക്കുകയാണ് ശവവസ്ത്ര കച്ചവടത്തിലൂടെ അനുഷ്ഠിക്കപ്പെടുന്ന കർമം. കച്ചവടക്കാരൻ പറയുമ്പോൾ അതിനൊരു സേവനസ്വഭാവം കൈവരുമായിരുന്നു. പിന്നീട്, ശേഖരിച്ച കുപ്പായങ്ങൾ അലക്കിത്തേച്ചെടുത്ത്, തരംതിരിച്ചിരുന്നതും അയാൾ തന്നെയായിരുന്നു. വൈകീട്ട് കടയിലെത്തുന്ന കച്ചവടക്കാരൻ അവ തരംതിരിച്ച് അടുക്കിവെക്കും.
ഇരുളിന്റെ മറപറ്റിയാണ് തൽപരരായവർ വാങ്ങുവാൻ എത്തുക. വിലക്കുറവുള്ളതും മരിച്ചുപോയവരുടെ വസ്ത്രങ്ങൾ എന്ന് തിരിച്ചറിയപ്പെടാത്തതും ആയിരുന്നു ആകർഷണം. അവർ പലപ്പോഴും സ്വന്തം ഉപയോഗത്തിനായിരുന്നില്ല വാങ്ങിയിരുന്നത്, മറ്റുള്ളവർക്ക് സമ്മാനിക്കാൻ വേണ്ടിയായിരുന്നു. വൃദ്ധസദനം, അനാഥാലയം, ദുർഗുണ പാഠശാല തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഈ കടയോട് താൽപര്യമായിരുന്നു. കൂടാതെ നിർധനർക്കും വിദ്യാർഥികൾക്കും വസ്ത്രങ്ങൾ സ്പോൺസർചെയ്തു നൽകുന്ന മുതലാളിമാർക്കും.
അപ്പോൾ എന്റെ മനസ്സിൽ, അനൂപ് അറിഞ്ഞതിനപ്പുറത്തേക്ക് ശവവസ്ത്രക്കച്ചവടക്കാരൻ എന്ന അസാധാരണ കഥാപാത്രം വളർന്നുവരികയായിരുന്നു. ഒപ്പം ഭാവനയിൽ ഉയർന്നുവന്ന അയാളുടെ ഭാര്യയും മകളുമടങ്ങുന്ന കുടുംബവും.
പരീക്ഷ പാസായശേഷം തൊഴിൽസാധ്യത തേടി അനൂപും സ്നേഹിതന്മാരും അന്യദേശത്ത് അലയാൻ തുടങ്ങി. ഇന്റർവ്യൂകളിൽ പങ്കെടുക്കേണ്ടിവന്നപ്പോഴാണ് അവർക്ക് പുതിയ വസ്ത്രത്തിന്റെ ആവശ്യകത ബോധ്യപ്പെട്ടത്. യു.കെയിലേക്ക് എത്തിയത് വളരെ കുറച്ച് ഡ്രസുകളുമായിട്ടായിരുന്നു. ശവവസ്ത്രക്കടയിൽനിന്നും ഡ്രസുകൾ വാങ്ങുന്നതിനെപ്പറ്റി അവർ ഭിന്ന അഭിപ്രായക്കാരായിരുന്നു. കുപ്പായങ്ങൾ മരിച്ചുപോയയാൾ ധരിച്ചതായിരിക്കുമല്ലോ എന്ന ചിന്തയായിരുന്നു പൊതുവെ വൈമുഖ്യമുണ്ടാക്കിയത്. േപ്രതഭയവും കാരണമായി. വസ്ത്രത്തിന്റെ ഉടമയായിരുന്നയാൾക്ക് എന്തെങ്കിലും ത്വക് രോഗം ഉണ്ടായിരുന്നു കാണുമോ എന്ന് ഒരാൾ സംശയിച്ചു. ഇടക്ക്, അന്തരിച്ചയാൾ ഒരിക്കൽപോലും ധരിക്കാത്ത ഡ്രസുകളും ഇക്കൂട്ടത്തിൽ ഉണ്ടെന്ന് വാണിഭക്കാരൻ പറഞ്ഞത് അവർ ശ്രദ്ധിച്ചിരുന്നു. അപ്പോഴും കുറഞ്ഞ വില അവരെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. ഒടുവിൽ നാലുപേരും ഓരോ വസ്ത്രം വാങ്ങി. ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ ഇടാൻ അവർക്ക് ഒരു കോട്ട് വേണമായിരുന്നു. അത് വാടകക്ക് കിട്ടുന്ന സ്ഥലത്തെക്കുറിച്ച് അവർ അന്വേഷിച്ചു. അപ്പോൾ ശവവസ്ത്ര വിൽപനക്കാരൻ പറഞ്ഞു: ‘‘നിങ്ങൾ നാലുപേർക്കും ഓരോ പ്രാവശ്യം വേണ്ടിവരുന്ന വാടകസംഖ്യയേക്കാൾ കുറവായിരിക്കും ഇവിടത്തെ കോട്ടിന്റെ വില. നാലുപേർക്കുമായി ഒരു കോട്ട് വാങ്ങുന്നതായിരിക്കും ലാഭം.’’
അനൂപ് പല ഘട്ടങ്ങളിലായി അനുഭവങ്ങൾ വിവരിച്ചുകൊണ്ടിരുന്നു. അവയത്രയും എന്റെ കഥക്ക് മുതൽക്കൂട്ടായി. അയാൾ പറഞ്ഞു:
‘‘ആദ്യമായി ശവക്കോട്ട് ധരിച്ചുകൊണ്ട് ഇന്റർവ്യൂവിന് പോയപ്പോൾ ആ വേഷത്തിലെ അദൃശ്യമായ മുള്ളുകൾ എന്റെ മേൽ കുത്തിക്കൊണ്ടിരുന്നു. വസ്ത്രങ്ങൾക്ക് ജീവൻ വെക്കുന്നതിനെക്കുറിച്ച് നാട്ടിലുണ്ടായിരുന്ന വിശ്വാസം എന്നോട് പറഞ്ഞത് സ്നേഹിതനാണ്.’’
ഇതിനുശേഷമാണ് ദേഹങ്ങൾക്ക് യോജിക്കാത്ത ഉടുപ്പുകൾ ചുളിഞ്ഞു കിടക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നത്. അതിന്റെ പൊരുൾ തേടാൻ തുനിയുന്നത്. ഉടലുകളിൽ ധരിക്കുന്ന വസ്ത്രങ്ങൾ പ്രകടമാക്കുന്ന യോജിപ്പും വിയോജിപ്പും തിരിച്ചറിയുന്നത്. ഉടലുകൾക്കും വസ്ത്രങ്ങൾക്കും പരസ്പരം ഇഷ്ടങ്ങളും ഇഷ്ടക്കുറവുകളും ഉണ്ടെന്ന് മനസ്സിലാക്കുന്നത്. വാങ്ങിക്കൂട്ടുന്ന തുണിത്തരങ്ങൾ ഒരിക്കൽപോലും അണിയാൻ അവസരം കിട്ടാതിരിക്കുന്നവരെ അറിയുന്നത്. അപ്പോഴാണ് ഉടലിനെ കാത്തിരിക്കുന്ന വസ്ത്രങ്ങളുടെ മനസ്സിനെക്കുറിച്ച് സങ്കൽപം ഉണ്ടാകുന്നത്. വസ്ത്രങ്ങൾക്ക് ഇഷ്ടദേഹങ്ങളിൽ ധരിക്കപ്പെടാൻ കഴിയാതെ പോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്.
സമകാലിക സമൂഹത്തിലെ വസ്ത്രങ്ങളുടെ രൂപഭാവ മാറ്റങ്ങൾ സവിശേഷമായി പഠിക്കാവുന്ന ഒരു വിഷയമാണ്. ഉടലുകൾ സമാനരീതിയിൽ തുടരുമ്പോഴും അതിലണിയുന്ന വസ്ത്രങ്ങളുടെ രൂപങ്ങൾ മാറിമാറി വരുന്നതിന്റെ രസതന്ത്രം അനേകം ഘടകങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒടുവിൽ ഒക്കെയും വിപണിയുടെ കെണിയിലേക്ക് വഴുതിവീഴുന്നു. വ്യത്യസ്ത വേഷങ്ങൾ ഉടലുകൾക്ക് നൽകുന്ന സവിശേഷ ഭാവങ്ങൾ വിസ്മയം ജനിപ്പിക്കുന്നതാണ്. അത് വസ്ത്രവിപണിയെ ആകർഷകമാക്കി. വസ്ത്രക്കച്ചവടത്തിന് പ്രാധാന്യം കൈവന്നതോടെ വാണിജ്യ താൽപര്യങ്ങൾക്കനുസരണമായി തുണിത്തരങ്ങളിൽ ഭേദങ്ങളും പരിവർത്തനങ്ങളുമുണ്ടായി. അവ ഉടലുകളുടെ വ്യക്തിത്വങ്ങളെ വ്യത്യസ്തമാക്കി. കച്ചവട സംസ്കാരം വീണ്ടും വളർന്നു. വിപണികേന്ദ്രിതമായ ആഗോള സാമ്പത്തിക വ്യവസ്ഥ എല്ലാറ്റിനെയും കാൽക്കീഴിൽ കൊണ്ടുവന്നു. ജീവിതമൂല്യങ്ങളും മനുഷ്യബന്ധങ്ങളുടെ സ്നിഗ്ധതയും ആർദ്രതയുമെല്ലാം വസ്ത്രങ്ങളുമായി ഇഴുകിച്ചേർന്നെങ്കിലും ഒടുവിൽ എല്ലാം വിപണിയുടെ കുരുക്കിൽ അമർന്നുപോയി. ഈ വ്യവസ്ഥിതി മനുഷ്യാവസ്ഥയിൽ കനത്ത ആഘാതമേൽപിച്ച് മുേന്നറി. അങ്ങനെ വിപണി മനുഷ്യരെയും കടന്ന് മൃതരായവരെയും കൂടി കച്ചവടത്തിൽ പങ്കുചേർക്കാൻ തുടങ്ങി.
ഒരു ധനാഢ്യന്റെ വീട്ടിലെ മരണം ആഘോഷിക്കപ്പെടുന്നതിന് ദൃക്സാക്ഷിയാവാൻ അവസരമുണ്ടായതിന്റെ അനുഭവവും ഈ കഥയിൽ ചേർത്തുവെച്ചിട്ടുണ്ട്. വിഡിയോഗ്രാഫർ എത്തിയതോടെ വേഷവിധാനങ്ങളോടെ ഒരുങ്ങാനും ചമയങ്ങൾ അണിയാനുമായി കുടുംബാംഗങ്ങൾ തിരക്കുകൂട്ടി. ധരിക്കേണ്ട വർണവസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും തിരഞ്ഞെടുപ്പിൽ തർക്കങ്ങളുണ്ടായി. കുടുംബ ബ്യൂട്ടീഷ്യന്റെ സഹായം തേടിക്കൊണ്ട് ഗൃഹനാഥ ഒരുക്കം കുറ്റമറ്റതാക്കി. നിരവധിപേർ കാണേണ്ട, ഏറെക്കാലം സൂക്ഷിക്കേണ്ട, കടലു കടന്ന് പോകേണ്ട ചിത്രശേഖരത്തിൽ പകിട്ടും സൗന്ദര്യവും തെല്ലും കുറയാൻ ഇടവരരുത്. ശവമെടുപ്പുനേരത്ത് കൂട്ടക്കരച്ചിലുണ്ടാവണം. എണ്ണിപ്പെറുക്കി വലിയവായിൽ അലറണം. അതിന് ആസ്ഥാന വിലാപ കലാകാരികളുണ്ട്. അവരെ കൂലി കൊടുത്ത് കൊണ്ടുവരാനാകും.
മധ്യകാല യുഗത്തിൽ (Medieval Times) യൂറോപ്പിലാണ് ശവവസ്ത്രവുമായി ബന്ധപ്പെട്ട സംസ്കാരം വളർന്നുവന്നത്. ഈ കഥയുടെ മൂലം തേടിയുള്ള യാത്ര ഒരുപക്ഷേ അവിടെയാവും ചെന്നെത്തുക. അന്നത്തെ ജനങ്ങൾക്ക് മൃതദേഹങ്ങളെ ഭയമായിരുന്നു. ചേതനയറ്റ ശരീരങ്ങളുടെ പ്രതികരണമില്ലായ്മ അവരെ വല്ലാതെ പേടിപ്പിച്ചിരുന്നു. ആ ഭയം മറയ്ക്കാൻ അവർ ജഡത്തെ വസ്ത്രം പുതപ്പിക്കാൻ തുടങ്ങി. പിന്നീട് അതൊരു ആചാരമായി. തുണികൊണ്ടു മൂടിയ മൃതദേഹങ്ങൾ അവരുടെ ഭീതിയെ ഒരു പരിധിവരെ അകറ്റി. ഈ ആചാരം പിന്നീട് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടർന്നു. ജഡം നീക്കം ചെയ്യപ്പെട്ട ശേഷവും ഭീതി േപ്രതബാധയായി മനുഷ്യവിശ്വാസങ്ങളിൽ അവശേഷിച്ചു.

ഈ കഥാബീജം എന്നിലുണർത്തിയത് ഭയമാണ്. ഏതു നിമിഷത്തിലാവും ജീവിതം അർഥമില്ലാതാവുന്നത്? വിലയേറിയതും പകിട്ടുള്ളതുമായൊരു പുതുവസ്ത്രം ഏതുനേരമാവും ഒരു ശവവസ്ത്രമായി മാറുക? പിൽക്കാലത്ത് ആ ജഡവസ്ത്രം അറിയാതെ ധരിക്കുവാൻ വിധിക്കപ്പെടുന്നവൻ ആരായിരിക്കും? അപ്പോൾ, ചേർച്ചകളും ചേർച്ചക്കുറവുകളുമായി എന്റെ ഇഷ്ട കുപ്പായങ്ങളുടെ മനോഭാവങ്ങൾ എന്തായിരിക്കും? വസ്ത്രങ്ങൾക്ക് മരണമുണ്ടോ? അണിഞ്ഞ ഉടമ മരിക്കുന്നതോടെ വസ്ത്രവും മരിക്കുമോ? എന്റെ മരണത്തിനായി മടുപ്പോടെ കാത്തിരിക്കുന്നവരുടെ പിറുപിറുപ്പുകൾ കേൾക്കേണ്ടിവരുമോ..? ഇത്തരം ചിന്തകളിലുണ്ടായ കുത്തിക്കുറിപ്പുകളിൽ ഭീതിയുടെ ഭാഷയാണ് എഴുതിവന്നത്. ശവങ്ങൾ ഭയചിഹ്നങ്ങളാണ്. പേടിയുടെ പരിസരത്തേ ശവവസ്ത്രക്കച്ചവടം നടത്താനാവൂ. ഓരോ മരണവസ്ത്രവും പേടിപ്പിക്കുന്ന നിരവധി ജഡകഥകൾ പറയുന്നുണ്ട്. അവക്കായി സസൂക്ഷ്മം കാതോർക്കുന്നവന് പേടിയുടെ ഭാഷയാകും കൈവരിക. ആ വാക്കുകളിൽനിന്ന് സമകാലിക ഭീതികളെയും വായിച്ചെടുക്കാം.
നാട്ടിൽ അറിയപ്പെട്ടിരുന്ന ഒരു പരോപകാരി ഉണ്ടായിരുന്നു. സഹായഹസ്തവുമായി ഏതു മരണവീട്ടിലും സ്വാതന്ത്ര്യത്തോടെ കടന്നു ചെല്ലുന്ന ഒരാൾ. ചിതയൊരുക്കുവാനും മരണാനന്തര കർമങ്ങൾക്കും പ്രാഗല്ഭ്യമുണ്ടായിരുന്നു അയാൾക്ക്. പിന്നെപ്പിന്നെ അയാൾ മരണദൂതനായി അറിയപ്പെട്ടു. അയാളുടെ സാന്നിധ്യം ഒരു മരണദൗത്യമായി കരുതപ്പെട്ടു. മരണം കാത്തു കിടന്നവരും, വേണ്ടപ്പെട്ടയാളുടെ മരണശേഷം എളുപ്പത്തിൽ ജോലിസ്ഥലേത്തക്കും മറ്റുമായി മടങ്ങിപ്പോകാൻ ധൃതിപൂണ്ട് അക്ഷമപ്പെട്ടവരും ഒരുപോലെ ആഗ്രഹിച്ച ഒന്നുണ്ട് –മരണദൂതൻ ഒന്ന് കടന്നുവന്നെങ്കിൽ... കഥ എഴുതുന്ന കാലത്ത് നാട്ടിലുണ്ടായിരുന്ന ഈ മരണദൂതൻ കഥാപാത്ര സൃഷ്ടിയിൽ കടന്നുകൂടിയിട്ടുണ്ടാവാം.
‘ശവവസ്ത്രക്കച്ചവടം’ എന്ന കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് പ്രസിദ്ധീകരിച്ചത്. പിന്നീടത് ‘കറൻസി’ എന്ന കഥാസമാഹാരത്തിൽ ഉൾപ്പെടുത്തി പുസ്തകമായി. കഥ പ്രസിദ്ധീകൃതമായി ഏറെനാൾ കഴിഞ്ഞില്ല, അന്വേഷണങ്ങളുമായി ചിലർ വന്നു. ശവവസ്ത്ര വാണിഭത്തിന്റെ സാധ്യതകൾ തേടിയായിരുന്നു അവരുടെ വരവ്. കണ്ടു പഠിക്കാൻ മാതൃകയൊന്ന് എവിടെയുണ്ട്? ഈ കച്ചവടവിശേഷം എവിടെനിന്ന് ലഭിച്ചു? മൊത്തക്കച്ചവട സംരംഭമായിരുന്നു അവരുടെ ഉള്ളിൽ. മാർക്കറ്റിങ് സാധ്യതാ പഠനങ്ങളും സർവേകളും അവരുടെ പദ്ധതിയിലുണ്ടായിരുന്നു. മരണവസ്ത്രത്തെ ജഡത്തോടൊപ്പം ദഹിപ്പിച്ച് പരേതന്റെ അവശേഷിപ്പുകളെ തുടച്ചുനീക്കിയിരുന്ന അതിവിശ്വാസികൾപോലും പക്ഷേ, സ്വർണാഭരണങ്ങളെ ജഡമറുത്തും കരസ്ഥമാക്കിയിരുന്നല്ലോ. ധനസമ്പാദനത്തിന് ആർത്തിപൂണ്ട മനസ്സുകൾ ഉള്ളിടത്ത് മരണവസ്ത്ര വാണിജ്യം വിജയിക്കാതിരിക്കില്ല എന്നു ഞാനവരോടു പറഞ്ഞു. തങ്ങളുടെ വീടുകളിൽ ഉണ്ടാകുന്ന േപ്രതവസ്ത്രങ്ങൾ വിറ്റ് ഒഴിവാക്കാൻ മനുഷ്യർ വ്യഗ്രതപ്പെടും. അതേസമയം, മറ്റുള്ളവർക്ക് കൊടുക്കാനായി തുണിത്തരങ്ങൾ വാങ്ങുന്ന അനേകം പേർ ശവവസ്ത്രങ്ങൾ വാങ്ങുവാൻ എത്തുമെന്ന് പ്രതീക്ഷിക്കാനുമാവും. സെക്കൻഡ് ഹാൻഡ് വിപണിയുടെ മുഖ്യ ആകർഷണം വിലക്കുറവാണ്. ആകർഷകമായ പാക്കറ്റുകളിൽ ഉൽപന്നത്തിന്റെ ന്യൂനതകൾ തിരിച്ചറിയപ്പെടാതെ ഒളിച്ചുവെക്കുന്നതും പരസ്യങ്ങളിലൂടെയുള്ള സൂത്രവിദ്യകളുമാണ് അതിന്റെ കരുത്ത്. അത്തരം വിൽപന തന്ത്രങ്ങളിൽ ആകൃഷ്ടരായവർ തുറക്കുന്ന ആദ്യത്തെ ശവവസ്ത്രക്കടയെ നമുക്ക് വൈകാതെ പ്രതീക്ഷിക്കാം.
സ്കൂൾ വിദ്യാർഥികളുടെ പഠനം സ്പോൺസർ ചെയ്യാറുള്ള ചെമ്മീൻ കമ്പനി മുതലാളി മേൽപറഞ്ഞ രണ്ടാം വിപണിയിൽനിന്നുമാണ് വസ്ത്രങ്ങൾ വാങ്ങാറുണ്ടായിരുന്നത്. അതിലൊരു സെറ്റ് വസ്ത്രം ലഭിച്ചത് കഥയിലെ നായകന്റെ മകൾക്കായിരുന്നുവെന്നതും, മരണസമയത്ത് ആ ശവവസ്ത്രം ധരിച്ചിരുന്ന പെൺകുട്ടിക്ക് സാംക്രമികമായ ത്വക് രോഗമായിരുന്നുവെന്നും കഥയിൽ എഴുതിവെച്ചത് വേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. എന്നാൽ കഥയിലാവട്ടെ, ശവവസ്ത്രക്കച്ചവടക്കാരന്റെ മകളുടെ ശരീരത്തിൽ പടർന്നുകയറിയ രോഗം അവളെ വസ്ത്രങ്ങൾ ധരിക്കാനാവാത്ത അവസ്ഥയിൽ ആശുപത്രിക്കിടക്കയിൽ എത്തിക്കുകയായിരുന്നു. അവളെയും, കൂട്ടിരുന്ന അമ്മയെയും കാണാനാവാതെ വ്യഥപൂണ്ട അയാൾ ശവവസ്ത്രക്കച്ചവടത്തിലെ തന്റെ മഹാനഷ്ടത്തെ താങ്ങാൻ കെൽപില്ലാതെ തകർന്നുപോവുകയും അതിലൂടെ തന്റേതായ കഥാന്ത്യം സൃഷ്ടിക്കുകയുമായിരുന്നു.