Begin typing your search above and press return to search.
proflie-avatar
Login

അജ്ഞാത അധിനിവേശങ്ങളിൽപെട്ട ബാങ്ക് അക്കൗണ്ടുകൾ

അജ്ഞാത അധിനിവേശങ്ങളിൽപെട്ട ബാങ്ക് അക്കൗണ്ടുകൾ
cancel

മലയാളത്തി​ന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്​റ്റുമായ ഇ.പി. ശ്രീകുമാർ ത​ന്റെ കഥകളിലേക്ക്​ പിൻനടക്കുകയാണ്​. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു.ബാങ്കിൽ എന്‍റെ സഹപ്രവർത്തകനായിരുന്ന പ്രവീൺ (യഥാർഥ പേരല്ല) ഒരുദിവസം രാവിലെ എന്‍റെ ഓഫിസ്​ മുറിയിലേക്കു കടന്നുവന്നു. ആ ചെറുപ്പക്കാരന്‍റെ മുഖത്ത് അൽപം പരിഭ്രമമുണ്ടായിരുന്നു. ‘‘എന്താ പ്രവീൺ?’’ ഞാൻ ചോദിച്ചു. ‘‘സാർ ക്ഷമിക്കണം. രാവിലെ തിരക്കായിരിക്കുമെന്നറിയാം. ഉത്കണ്ഠ അടക്കാൻ പറ്റാത്തതുകൊണ്ടാണ്...’’ പ്രവീൺ വിനയ ത്തോടെ പറഞ്ഞു. ‘‘പറഞ്ഞോളൂ പ്രവീൺ.’’ അയാൾ പോക്കറ്റിൽനിന്നും ‘പി’...

Your Subscription Supports Independent Journalism

View Plans
മലയാളത്തി​ന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്​റ്റുമായ ഇ.പി. ശ്രീകുമാർ ത​ന്റെ കഥകളിലേക്ക്​ പിൻനടക്കുകയാണ്​. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു.

ബാങ്കിൽ എന്‍റെ സഹപ്രവർത്തകനായിരുന്ന പ്രവീൺ (യഥാർഥ പേരല്ല) ഒരുദിവസം രാവിലെ എന്‍റെ ഓഫിസ്​ മുറിയിലേക്കു കടന്നുവന്നു. ആ ചെറുപ്പക്കാരന്‍റെ മുഖത്ത് അൽപം പരിഭ്രമമുണ്ടായിരുന്നു.

‘‘എന്താ പ്രവീൺ?’’ ഞാൻ ചോദിച്ചു.

‘‘സാർ ക്ഷമിക്കണം. രാവിലെ തിരക്കായിരിക്കുമെന്നറിയാം. ഉത്കണ്ഠ അടക്കാൻ പറ്റാത്തതുകൊണ്ടാണ്...’’ പ്രവീൺ വിനയ

ത്തോടെ പറഞ്ഞു.

‘‘പറഞ്ഞോളൂ പ്രവീൺ.’’

അയാൾ പോക്കറ്റിൽനിന്നും ‘പി’ ബാങ്കിന്‍റെ ഒരു കത്ത് എന്‍റെ മുന്നിലേക്ക് വെച്ചു. ‘‘ബഹുമാന്യനായ പ്ലാറ്റിനം കസ്റ്റമർക്ക് ദീപാവലി സ്വീറ്റ്സ്​ അയയ്ക്കുന്നു’’ എന്ന അറിയിപ്പായിരുന്നു അത്.

ഞെരുങ്ങി ജീവിക്കുന്ന ഒരു കുടുംബമാണ് പ്രവീണിേന്റത് എന്നറിയാവുന്ന എനിക്ക് ആശ്ചര്യമായത് അയാൾ എങ്ങനെ പി ബാങ്കിന്‍റെ പ്ലാറ്റിനം േഗ്രഡ് ഇടപാടുകാരനായി എന്നതാണ്. എന്നാൽ, അതു പ്രകടിപ്പിക്കാതെ സന്തോഷത്തോടെ ഞാനയാളോടു പറഞ്ഞു:

‘‘പ്രവീൺ കോളടിച്ച​ല്ലോ. സ്വീറ്റ്സ്​ എവിടെ?’’

എന്നാൽ അതിനു മറുപടി പറയാതെ ഗൗരവത്തോടെ അയാൾ മറ്റൊരു കത്തെടുത്ത് എന്‍റെ മുന്നിൽവെച്ചു. ഏതാനും മാസങ്ങൾക്കു മുമ്പ് പി ബാങ്ക് ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്ന ചടങ്ങിലേക്ക് പ്രവീണിനെ ക്ഷണിച്ചുകൊണ്ടുള്ള കത്തായിരുന്നു അത്. കത്ത് വായിച്ചശേഷം ഞാൻ പ്രവീണിനെ നോക്കി. അയാൾ പറഞ്ഞു:

‘‘എനിക്കാ ബാങ്കിൽ അക്കൗണ്ടോ ഇടപാടോ ഒന്നുമില്ല സർ. ആകെ ഒരു അക്കൗണ്ടുള്ളത് ഈ ബാങ്കിൽ മാത്രാണ്. പി ബാങ്കുമായി എനിക്കൊരു ബന്ധവുമില്ല...’’

‘‘പക്ഷേ, പ്രവീണിന്‍റെ അഡ്രസ് കൃത്യമായി രണ്ടു കത്തുകളിലും എഴുതിയിട്ടുണ്ട​േല്ലാ.’’

അതായിരുന്നു പ്രശ്നം. എങ്ങനെയോ സംഭവിച്ചുപോയൊരു പിഴവ് എന്നു വിശ്വസിക്കാൻ ഞങ്ങളിരുവരും ശ്രമിച്ചു. എന്നാൽ അത് ഒരു കരടായി മനസ്സിൽ തങ്ങിനിന്നു. ദീപാവലി സ്വീറ്റ്സ്​ അയച്ച് മേൽവിലാസം ഉറപ്പിച്ചപ്പോൾ അതിനു പിന്നിലെ ദുരൂഹത ഞങ്ങളെ അലട്ടി. ജോലിയിൽനിന്നുള്ള വരുമാനം ഒന്നുകൊണ്ടു മാത്രം കുടുംബച്ചെലവുകൾ ഒരുവിധം നടത്തിക്കൊണ്ടുപോയിരുന്ന പ്രവീണിന് സമ്പാദ്യം സ്വപ്നം മാത്രമായിരുന്നു. അതുകൊണ്ടുതന്നെ പി ബാങ്കിന്‍റെ പ്ലാറ്റിനം നിലവാരത്തിലുള്ളൊരു അക്കൗണ്ട് നിലനിർത്താൻ അയാൾക്ക് കഴിയുമായിരുന്നില്ല. പി ബാങ്കിൽനിന്നും ലഭിച്ച കത്തുകൾ അയാളിൽ ആശങ്കയുണ്ടാക്കി. അസുഖകരമായ എന്തോ ചിലത് സംഭവിക്കാൻ പോകുന്നു എന്ന തോന്നലിലാണ് അയാൾ എന്നെ കാണാനെത്തിയത്.

ഏറെ ചിന്തിച്ചും ചർച്ചചെയ്തും കഴിഞ്ഞശേഷം, മേലുദ്യോഗസ്​ഥനായ എന്‍റെ ഉപദേശം പ്രതീക്ഷിച്ചു നിൽക്കുന്ന പ്രവീണിനു മുന്നിലെ കുരുക്കഴിക്കാൻ ഞാൻ ചില വഴികൾ കണ്ടെത്തി. അതിനായി എന്‍റെ പരിചയക്കാരനായ പി ബാങ്കിലെ തങ്കച്ചൻ എന്ന ഉദ്യോഗസ്​ഥന്‍റെ സഹായം തേടി. കോർ ബാങ്കിങ് സൗകര്യത്തിൽ മറ്റൊരു ബ്രാഞ്ചിലെ കമ്പ്യൂട്ടറിൽനിന്നാണെങ്കിലും അടിസ്​ഥാന അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാം.

പ്രവീണിന്‍റെ മേൽവിലാസത്തിൽ പി ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്ന് തങ്കച്ചൻ സ്​ഥിരീകരിച്ചു. ഹൈഡ് ചെയ്തുവെച്ചിരിക്കുന്നതുകൊണ്ട് ‘ഹൈ വാല്യു’ അക്കൗണ്ടാവണം. ഇത്തരം സീക്രട്ട് അക്കൗണ്ടുകൾ മാനേജരുടെ പാസ് വേഡിലേ തുറക്കാനാവൂ. അതുകൊണ്ട് അക്കൗണ്ടിൽ എത്ര തുകയുണ്ടെന്ന് അറിയാനാവില്ല.

എന്തായാലും തന്നെ നന്നായി മനസ്സിലാക്കിയിട്ടുള്ള സമർഥനായൊരു അജ്ഞാതൻ തന്‍റെ മേൽവിലാസവും സ്വത്വവും ഉപയോഗപ്പെടുത്തിക്കൊണ്ട് കപട അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ച് ബിസിനസ് നടത്തിക്കൊണ്ടിരിക്കുന്നു എന്ന സത്യമറിഞ്ഞ് പ്രവീൺ നടുങ്ങി. തന്‍റെ റിസ്​കിൽ അജ്ഞാതൻ സുരക്ഷിതനായി ഒളിഞ്ഞിരുന്ന് പണമിടപാട് നടത്തി സ്വന്തം ബിസിനസ് കൊഴുപ്പിക്കുന്നു.

ഈ ഘട്ടത്തിലാണ്, ഞാൻ എഴുതേണ്ടുന്ന കഥയാണ​ല്ലോ മുന്നിൽ തെളിഞ്ഞുവരുന്നത് എന്ന തോന്നലുണ്ടായത് എനിക്ക്. എഴുതിത്തുടങ്ങാനുള്ള സമയമായില്ലെന്നും വരുംനാളുകളിൽ സവിശേഷമായ സംഭവങ്ങൾ ഉരുത്തിരിയാനിരിക്കുന്നുണ്ടെന്നും അതോടെ കഥ താനേ വികസിക്കുമെന്നും കണക്കുകൂട്ടി ഞാൻ കാത്തിരുന്നു.

നിത്യവും പ്രവീൺ എന്‍റെയടുത്തു വരും. പ്രത്യേകിച്ചൊന്നും പറയാതെ കുറച്ചുസമയം നിന്നിട്ട് തിരിച്ചുപോകും. അപ്പോൾ അയാളുടെ മനസ്സ് ഉത്കണ്ഠപ്പെടുന്നത് മുഖത്തുനിന്നും അറിയാമായിരുന്നു. ഒരുനാൾ ഞാൻ അയാളോടു പറഞ്ഞു:

‘‘ഇന്നു വൈകിട്ട് നമുക്കൊരു വക്കീലിനെ കാണാൻ പോണം.’’ ഹൈകോടതിയിലെ പ്രമുഖനായ വക്കീലായിരുന്നു എന്‍റെ സ്​നേഹിതൻ ലാൽ. കാര്യങ്ങളെല്ലാം സശ്രദ്ധം കേട്ടശേഷം വക്കീൽ പറഞ്ഞു:

‘‘എന്തായാലും ധനശേഷിയുള്ളൊരു ബിസിനസ് ടീമാണ് ഇതിനു പിന്നിൽ. വളരെക്കാലമായി അവർ ഈ ക്രിമിനൽ പ്രവർത്തനം നടത്തിവരുന്നുണ്ടാകണം. ഒന്നുകിൽ ഇക്കാര്യം അന്വേഷിച്ച് കണ്ടെത്തി അവസാനിപ്പിക്കണം. എതിർപ്പുകളുണ്ടാവും. എതിരാളി ശക്തനാവാനാണ് സാധ്യത... അല്ലെങ്കിൽ ഇപ്പോഴത്തെപ്പോലെ ഒന്നു മറിഞ്ഞിട്ടില്ല എന്ന മട്ടിൽ മുന്നോട്ടു പോവണം. അപ്പോൾ ഒരു പ്രശ്നം വന്നേക്കാം, ഇൻകം ടാക്സോ, സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന ഏജൻസികളോ ചോദ്യംചെയ്താൽ സമാധാനം പറയേണ്ടിവരും. നമ്മുടെ പേരിലുള്ള അക്കൗണ്ടിലാണ​​േല്ലാ അനധികൃത ഇടപാടുകൾ. അത്തരമൊരു സാഹചര്യം വന്നാൽ നമുക്കതിനെ നേരിടാം. എന്തുവേണമെന്നു നിങ്ങൾക്കു തീരുമാനിക്കാം.’’

പ്രവീണിന്‍റെ മുഖം പേടിച്ചരണ്ട് വിളറിയിരുന്നു. അയാൾ എന്തോ പറയാൻ ശ്രമിച്ചെങ്കിലും വാക്കുകൾ പുറത്തുവന്നില്ല. അയാളുടെ സാന്നിധ്യത്തിൽതന്നെ വക്കീലുമായി ഞാൻ വരുംവരായ്കകൾ ചർച്ചചെയ്തു. ഒടുവിൽ വക്കീൽ പറഞ്ഞു:

‘‘ആദ്യം നമുക്ക് അക്കൗണ്ടിൽ എത്രമാത്രം പണമിടപാട് നടത്തുന്നുണ്ടെന്ന് അറിയാൻ നോക്കാം. പ്രവീണിന്‍റെ മൊബൈൽ ഫോണിൽ അക്കൗണ്ടിൽ നടക്കുന്ന ഇടപാടുകളുടെ മെസേജ് ലഭിക്കാനും ബാലൻസ്​ സ്റ്റേറ്റ്മെന്റിനും ഒരു അപേക്ഷ കൊടുക്കണം.’’

താൻ തയാറാക്കിയ അപേക്ഷയുമായി ബാങ്കിൽച്ചെന്ന് എന്തൊക്കെയാണ് ചോദിക്കേണ്ടതും പറയേണ്ടതുമെന്ന് വക്കീൽ വിശദീകരിച്ചു. ഭയമുണ്ടായിരുന്നെങ്കിലും ലാൽ വക്കീലിന്‍റെ ഉപദേശത്തിന്‍റെ ധൈര്യത്തിൽ പ്രവീൺ ബാങ്കിലേക്കു ചെന്നു. മാനേജർ നല്ല തിരക്കിനിടയിലും പ്രവീണിന്‍റെ അ​േപക്ഷ വായിച്ച് സെക്ഷൻ കൈകാര്യം ചെയ്തിരുന്ന യുവതിക്ക് വേണ്ട നിർദേശങ്ങൾ നൽകി. അവർ പ്രവീണിനോട് ഫോൺനമ്പർ പലവട്ടം ചോദിച്ച് ഉറപ്പാക്കി. എന്നിട്ട് അത് ‘ട്രൂകോളറി’ലും മറ്റേതോ ആപ്പിലും പരിശോധിച്ച് പേരും വിലാസവും സ്​ഥിരീകരിച്ചു. തുടർന്ന് അവർ അപേക്ഷ മടക്കി നൽകിക്കൊണ്ട് പറഞ്ഞു:

‘‘ഈ അ​േപക്ഷ പറ്റില്ല. ഇത് പേപ്പർലെസ്​ ബ്രാഞ്ചാ. താങ്കളുടെ അക്കൗണ്ടിൽ ഇന്റർനെറ്റ് ബാങ്കിങ് സൗകര്യം അനുവദിച്ചിട്ടുണ്ടല്ലോ. എപ്പോൾ വേണമെങ്കിലും കമ്പ്യൂട്ടറിൽനിന്ന് അക്കൗണ്ട് വിവരങ്ങൾ അറിയാമല്ലോ. കൂടാതെ എന്തെങ്കിലും അധിക ഫെസിലിറ്റി ആവശ്യമാണെങ്കിൽ ഇ-മെയിലിൽ അപേക്ഷിക്കുക. ഇങ്ങോ ട്ടു വരേണ്ടതില്ല. പിന്നെ, താങ്കളുടെ പുതിയ ഫോൺനമ്പറിൽ ട്രാൻസാക്ഷൻ എസ്​.എം.എസ്​ ഇന്നുതന്നെ അയച്ചു തുടങ്ങാം.’’

ഒരു കുറ്റവാളിയുടെ പേടിയോടെയും പരിഭ്രമത്തോടെയും ഇരുന്ന തനിക്ക് അവിടെനിന്നും എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായി എന്നാണ് പ്രവീൺ മടങ്ങിവന്നപ്പോൾ പറഞ്ഞത്. അടുത്ത നിമിഷം മുതൽ പ്രവീണിന്‍റെ മൊബൈൽ ഫോണിൽ ബാങ്ക് മെസേജുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. അക്കൗണ്ടിൽ മുപ്പതു ലക്ഷം അടച്ച കണക്കാണ് ആദ്യം വന്നത്. പിന്നീട് ഇരുപത് പിൻവലിച്ചതും. വൈകിട്ടോടെ എഴുപത്തഞ്ചു ലക്ഷം നിക്ഷേപിച്ച അറിയിപ്പു കിട്ടി. പിന്നീടങ്ങോട്ട് വൻ തുകകളുടെ കണ്ണഞ്ചിപ്പിക്കുന്ന ക്രയവിക്രയങ്ങളുടെ പ്രകടനമായിരുന്നു!. ഇതെല്ലാം തന്‍റെ പേരിലുള്ള അക്കൗണ്ടിൽതന്നെയാണ് സംഭവിക്കുന്നതെന്ന് പ്രവീണിന് വിശ്വസിക്കാനായില്ല. അയാൾ എന്നോടു പറഞ്ഞു:

‘‘വക്കീൽ പറഞ്ഞതു ശരിയാവണം സാറേ. വമ്പന്മാരാവണം ഇതിനു പിന്നിൽ. അവരുമായി ഏറ്റുമുട്ടാനൊന്നും എനിക്ക് പ്രാപ്തിയില്ലല്ലോ. മിണ്ടാതിരിക്കുന്നതാവും ഉത്തമം. ആരായിരിക്കും എന്നെ ഇതിൽ കരുവാക്കിയത്?’’

എന്നാൽ, പിറ്റേന്ന് രാവിലെ ബാങ്കിലെത്തിയ പ്രവീൺ മറ്റൊരാളായിരുന്നു. അയാൾ ഏറെ ശങ്കയോടെയും ജാള്യതയോടെയും മടിച്ചുമടിച്ച് എന്നോട് ചിലത് പറയാൻ തുനിഞ്ഞു. അപ്പോൾ അയാളുടെ മൊബൈൽ ഫോണിലേക്ക് ഒരു എസ്​.എം.എസ്​ സന്ദേശം വന്നെത്തി. അയാൾ അത് എന്നെ കാണിച്ചു. ഒരു കോടി ഇരുപതു ലക്ഷം രൂപ അക്കൗണ്ടിൽ വന്നതിന്‍റെ അറിയിപ്പായിരുന്നു. അതോടെ, ഭയവും മോഹവും കലർന്നുള്ള ഒരു ചിന്തയും അതു തുറന്നു പറയാനുള്ള സങ്കോചവും അയാളിലുണ്ടായി. തന്‍റെ സ്വത്വത്തിൽ അധികാരപൂർവം കടന്നുകയറി നടത്തുന്ന അന്യായം താൻ മനസ്സിലാക്കിയതായി പ്രതിയെ അറിയിക്കണമെന്നും, ത​േന്റതായ ഒരു തിരിച്ചടി നൽകണമെന്നും അയാൾ പറഞ്ഞത് എന്നിൽ അത്ഭുതമുണ്ടാക്കി. തന്‍റെ പേരിനു കീഴെ വന്നു ചേരുന്ന ഭീമമായ സമ്പത്തിന്‍റെ ഉടമസ്​ഥാവകാശവും അർഹതയും സ്​ഥാപിച്ചെടുക്കാൻ ആരോ അയാളെ ഉപദേശിച്ചിട്ടുണ്ടെന്ന് എനിക്കു തോന്നി.

തന്‍റെ ഒരൊപ്പിൽ വൻതുക കൈവശമാക്കാമ​ല്ലോ എന്നും അതു തടയാൻ ആർക്കുമാവില്ലെന്നുമുള്ള ഒരു ധാരണ അയാളിൽ കടന്നുകയറിയിട്ടുണ്ടാവണം. അജ്ഞാത സമ്പത്തിന്‍റെ തിളക്കത്തിൽ അയാളുടെ കണ്ണുകൾ മഞ്ഞളിച്ചുപോയിക്കാണും. ബാങ്ക് വായ്പയും മറ്റ് ബാധ്യതകളും പെരുകിവരുന്ന കുടുംബാവശ്യങ്ങളും അവസാനിക്കാത്ത സാമ്പത്തിക ഞെരുക്കത്തിലാഴ്ത്തുമ്പോൾ മുന്നിൽ തെളിഞ്ഞ പരിഹാര സാധ്യതയെ ആശിച്ചുപോയതിൽ കുറ്റം പറഞ്ഞുകൂടാ. അപ്പോൾ അയാളിൽ അസ്വാഭാവികമായ ഒരു ഉത്സാഹവും ആവേശവും പ്രകടമായി. ധനാസക്തിയുടെ ലഹരി പ്രവീണിന്‍റെ തലക്കു പിടിച്ചുതുടങ്ങിയിരുന്നു. അയാൾ ഒരിക്കൽക്കൂടി വക്കീലിനെ കാണാൻ താൽപര്യം പ്രകടിപ്പിച്ചു. ബാങ്കിൽ പോയ കാര്യം പറയണം. മൊബൈൽ ഫോണിൽ ലഭിച്ചുവരുന്ന സന്ദേശങ്ങൾ കാണിക്കണം. തുടർന്ന് എന്തു വേണമെന്ന് നിയമോപദേശം തേടണം.

അത് ആവശ്യമാണെന്ന് എനിക്കും തോന്നി. വക്കീലിന്‍റെ ഓഫിസിലേക്ക് പ്രവീണിനെ വിട്ടുകൊണ്ട് ഞാൻ മാറിനിന്നു. അയാളും അതാണ് ആഗ്രഹിച്ചിരുന്നത് എന്ന് എനിക്കു തോന്നി. തന്‍റെ പേരിലുള്ള അക്കൗണ്ടിൽ വന്നുവീഴുന്ന പണം തനിക്ക് നേരിട്ട് പിൻവലിച്ചെടുക്കാൻ കഴിയില്ലേ എന്ന് വക്കീലിനോട് ചോദിക്കണമെന്നും, എന്നാൽ തത്സമയത്ത് എന്‍റെ സാന്നിധ്യമുണ്ടായാൽ തന്‍റെ പണത്തോടുള്ള ആർത്തി വെളിവാകുമ​ല്ലോ എന്നും ഒരു വിഷമസന്ധിയിൽപെട്ടുപോയ അയാളെ അസാന്നിധ്യംകൊണ്ട് ഞാൻ സഹായിക്കുകയായിരുന്നു. വക്കീലിനെ കണ്ടു മടങ്ങിയെത്തിയ പ്രവീൺ സന്തോഷവാനായിരുന്നു അയാൾ പറഞ്ഞു:

‘‘ബാങ്കിന് നോട്ടീസയച്ച് അക്കൗണ്ട് മരവിപ്പിക്കാനാണ് വക്കീൽ ഉപദേശിച്ചത്. നോട്ടീസ്​ തയാറാക്കി തന്നിട്ടുണ്ട്.’’

പ്രവീൺ നോട്ടീസിലെ വിവരങ്ങൾ സംഗ്രഹിച്ചു പറഞ്ഞു:

‘‘എന്‍റെ പേരിലുള്ള അക്കൗണ്ടിലെ പണമിടപാടുകൾ ഇനിയൊരറിയിപ്പു വരെ നിർത്തിവെ​േക്കണ്ടതാണെന്നും ഈ അക്കൗണ്ടിൽ ഇഷ്യു ചെയ്തിട്ടുള്ള ചെക്കുകൾ ഒന്നും പാസാക്കാൻ പാടില്ലെന്നുമാണ് അറിയിപ്പ്. അപ്പോൾ ഒന്നുകിൽ മറവിൽനിന്ന് കളിക്കുന്നവൻ പുറത്തുവരും. കോംപ്രമൈസിന് തയാറായി നമ്മളെ സമീപിക്കും. അല്ലെങ്കിൽ ഉപേക്ഷിച്ചു പോകും.’’

‘‘അവർ അങ്ങനെയങ്ങ് കോടികൾ വിട്ടുകളഞ്ഞ് പോകുമോ?’’

ഞാൻ ചോദിച്ചു.

‘‘ഇതൊക്കെ പ്രതീക്ഷിച്ചുതന്നെയാവില്ലേ അവരിതിൽ ഇറങ്ങിയത്? നേരിടാൻ അവർ ശ്രമിക്കാതിരിക്കോ?’’

അതിന് പ്രവീണിന് കൃത്യമായ മറുപടിയുണ്ടായിരുന്നു-

‘‘പുറത്തു കാണിക്കാൻ പറ്റാത്ത കള്ളപ്പണമല്ലേ. പോയാലും അവർക്കു വലിയ പ്രശ്നമൊന്നുമുണ്ടാവില്ല. പിന്നെ, ക്ലെയിം ചെയ്യാനും കഴിയില്ല​ല്ലോ.’’

നോട്ടീസ്​ അയച്ചശേഷം കാത്തിരിപ്പായിരുന്നു. തൊട്ടടുത്ത നാളുകളിൽ ഗുണകരമായ ചിലത് സംഭവിക്കുമെന്ന വിശ്വാസമായിരുന്നു പ്രവീണിന്. എന്നാൽ, അയാളുടെ ധാരണകളെ പാടേ തകിടം മറിച്ച് മൊബൈൽ ഫോണിൽ വീണ്ടും ബാങ്ക് ഇടപാടുകൾ തെളിഞ്ഞുകൊണ്ടിരുന്നു. അവ, തുടർച്ചയായി വലിയ തുകകൾ പിൻവലിച്ചുകൊണ്ടുള്ളവയായിരുന്നു.

 

വ്യത്യസ്തമായൊരു കഥ, രചയിതാവിനെക്കൂടി പങ്കാളിയാക്കിക്കൊ ണ്ട് കൺമുന്നിൽ സംഭവിക്കുന്നത് എഴുതിവെക്കാൻ അവസരം ലഭിക്കുന്നത് അപൂർവവും ക്ലേശരഹിതവുമായൊരു അനുഭവമാണ്. അപ്രകാരം പ്രവീണിന്‍റെ കഥ അതേപടി ഈ ഘട്ടം വരെ എനിക്ക് എഴുതിവെക്കാനായി. എന്നാൽ, ഈ സന്ധിയിൽ കഥയും യാഥാർഥ്യവും തമ്മിൽ വഴിപിരിയുകയായിരുന്നു. ഇവിടം മുതൽ നാടകനടനായ ഭാഗ്യനാഥന്‍റെ ജീവിതത്തെ ഭാവനയിൽ വളർത്തിയെടുത്ത് കൽപിതകഥയെ വികസിപ്പിക്കാൻ ഞാൻ നിർബന്ധിതനായി. ആ കഥയിൽ മറ്റൊരു പ്രധാനവേഷത്തിൽ അവതരിപ്പിച്ച വനിതാ ബാങ്ക് മാനേജർ നിക്ഷേപ രഹസ്യം സൂക്ഷിക്കാൻ ബാധ്യസ്​ഥയായതിന്‍റെ പേരിൽ മാനസിക സമ്മർദത്തിലാകുന്നുണ്ട്. ഒരു ഘട്ടത്തിൽ അവർ പറയുന്നുമുണ്ട്, നാം രണ്ടുപേരും ഇരകളാണ് ഭാഗ്യൻ... ഒരുപോലെ നിസ്സഹായർ. നാടകീയ സംഭവങ്ങൾക്കൊടുവിൽ, ഭാഗ്യനാഥനോട് ചിലത് പറയാൻ ബാക്കിവെച്ച് അവർ ആത്മഹത്യ ചെയ്യുകയാണ്.

ഈ കഥ ‘പകർപ്പ്’ എന്ന പേരിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് (2012 മേയ്) പ്രസിദ്ധീകരിച്ചത്. തുടർന്ന്, അത് ‘കറൻസി’ എന്ന കഥാസമാഹാരത്തിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചു. അതിനിടയിൽ ബാങ്കിലെ ഉദ്യോഗസ്​ഥരുടെ വാർഷിക കുടുംബ സംഗമത്തിൽ ഈ കഥ ഒരു നാടകമായി അവതരിപ്പിക്കാൻ കലാകാരന്മാരായ ജീവനക്കാരുടെ സംഘം തീരുമാനിച്ചു. ബാങ്ക് കേന്ദ്രീകരിച്ചുള്ള കഥയായതാണ് അവരിൽ താൽപര്യമുണ്ടാക്കിയത്. കഥക്ക് നാടക രൂപാന്തരം എഴുതാൻ അവരെന്നെ ചുമതലപ്പെടുത്തി. അങ്ങനെ നല്ല തയാറെടുപ്പോടെ അവതരിപ്പിക്കാൻ ഒരുങ്ങിനിന്ന വേദിയിൽ രചയിതാവ് ഒരു പ്രഖ്യാപനം നടത്തി: ‘‘ഈ നാടകത്തിലെ സംഭവങ്ങൾ യഥാർഥത്തിൽ നമ്മുടെ ബാങ്കിലെ ഒരു ഉദ്യോഗസ്​ഥന്‍റെ ജീവിതത്തിൽ സംഭവിച്ചതാണ്. നാടകം അവതരിപ്പിച്ച് തീരുന്നതോടെ ആ ഉദ്യോഗസ്​ഥനെ കണ്ടെത്തി പേര് ശരിയായി എഴുതി അറിയിക്കുന്നവർക്ക് ഒരു സമ്മാനം നൽകുന്നതാണ്...’’ പ്രവീണിന് അത് തീരെ ഇഷ്ടപ്പെട്ടില്ല. തന്‍റെ ജീവിതം പരസ്യമാക്കാൻ അയാൾ തീരെ ആഗ്രഹിച്ചില്ല. അതു പ്രതീക്ഷിക്കാതെ ഞാൻ മത്സരം പ്രഖ്യാപിക്കുകയുംചെയ്തു. പിന്നീടുള്ള സമയത്ത് ഞാനും പ്രവീണും ശ്വാസംപിടിച്ചിരുന്നു. ആരെങ്കിലും പ്രവീണിനെ കണ്ടെത്തി പേരു പറയുമോ? എന്നാൽ, ഞങ്ങൾക്ക് ആശ്വാസം നൽകിക്കൊണ്ട് ആരും പ്രവീണിന്‍റെ പേര് ഉന്നയിച്ചില്ല.

യഥാർഥത്തിൽ പ്രവീണിന്‍റെ ജീവിതത്തിൽ സംഭവിച്ചത് തീരെ പ്രതീക്ഷിക്കാത്ത ചിലതായിരുന്നു. ഒരു ഒഴിവുദിവസം അതിരാവിലെ ഒട്ടും പ്രതീക്ഷിക്കാതെ പ്രവീണിന്‍റെ വീട്ടിൽ അയാളുടെ അങ്കിൾ കടന്നുചെന്നു. പണ്ടു കാലത്തുണ്ടായ വലിയൊരു കുടുംബവഴക്കിനെ തുടർന്ന് അവർ രണ്ടു വീട്ടുകാരും കാലങ്ങളായി പൂർണമായ അകൽച്ചയിലായിരുന്നു. ബിസിനസുകാരനും ധനാഢ്യനുമായ അങ്കിളിന് സാമ്പത്തിക ശേഷി കുറഞ്ഞ ബന്ധുക്കളോട് അടുപ്പമുണ്ടാക്കാൻ താൽപര്യമുണ്ടായിരുന്നില്ല. കാലങ്ങൾക്കു ശേഷമാണ് അവർ പരസ്​പരം കാണുന്നത്. അങ്കിളും പ്രവീണിന്‍റെ അമ്മയും പരസ്​പരം പരിഭവങ്ങൾ പറഞ്ഞും വൈകാരികമായി സംസാരിച്ചും സങ്കടങ്ങൾ പങ്കുവെച്ചും അകൽച്ചയെ ഒരു പരിധിവരെ കുറച്ചു. തുടർന്ന് അങ്കിൾ ഒരു പരാതി ഉന്നയിച്ചു:

‘‘ചേച്ചീ, എന്തു പറഞ്ഞിട്ടെന്താ, ചേച്ചിയുടെ മകൻ എന്നെ വെല്ലുവിളിക്കുന്നതുവരെ കാര്യങ്ങൾ എത്തിയിരിക്കുകയാണ്.’’

പ്രവീണും അമ്മയും ഒന്നും മനസ്സിലാവാതെ മിഴിച്ചിരുന്നു. അങ്കിൾ തുടർന്നു:

‘‘എന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ ഇവൻ കത്തു കൊടുത്തിരിക്കുകയാണ്.’’

ഒരു മടിയും കൂടാതെ പ്രവീണിനെ ചൂണ്ടിയാണ് അങ്കിൾ അതു പറഞ്ഞത്. പ്രവീൺ ഞെട്ടിപ്പോയി. മുന്നിൽ ദുരൂഹതകളുടെ കെട്ട് അഴിക്കപ്പെടുകയാണ്. അമ്മയോടെന്നോണം അങ്കിൾ തുടർന്നു:

‘‘ഇവന്‍റെ പേരിൽ ഞാനൊരു ബാങ്ക് അക്കൗണ്ട് തുടങ്ങിപ്പോയി എന്നതാണ് ഇവൻ എന്നെ നാണംകെടുത്താൻ തുനിഞ്ഞിറങ്ങിയതിനു കാരണം ചേച്ചീ.’’

അപ്പോൾ പ്രവീൺ ചോദിച്ചു:

‘‘ഞാനറിയാതെ അങ്കിൾ എന്‍റെ പേരിൽ അക്കൗണ്ട് തുടങ്ങി പണമിടപാട് നടത്തുന്നത് ശരിയാണോ?’’

‘‘അതിന് ഞാൻ നിന്‍റെ പണമൊന്നും എടുത്തുകൊണ്ടുപോയില്ലല്ലോ. ഞാൻ ഉണ്ടാക്കിയ പണമല്ലെ ഇട്ടതും എടുത്തതും. നിനക്കു വെല്ല നഷ്ടവുമുണ്ടായോ?’’

പ്രവീണിനു സംസാരിക്കാൻ അവസരം നൽകാതെ അയാൾ കത്തിക്കയറി.

‘‘ചേച്ചീ, ഇവന് പതിനെട്ടു വയസ്സ് തികഞ്ഞതു മുതൽ ഞാനീ അക്കൗണ്ട് നടത്തിക്കൊണ്ടുപോവുന്നതാ. ഇവനിത് ഇത്രയും നാൾ അറിഞ്ഞില്ല​ല്ലോ. എന്‍റെ എല്ലാ മക്കളുടെയും മരുമക്കളുടെയും പേരിൽ ഞാൻ ബാങ്കിടപാട് നടത്തുന്നുണ്ട്. ആരും ഇതുവരെ ചോദ്യംചെയ്തിട്ടില്ല. ചേച്ചിയുടെ പേരിലും അക്കൗണ്ട് ഉണ്ട്. ഇതൊക്കെ രക്തബന്ധം വെച്ചുള്ള സ്വാതന്ത്ര്യമെടുത്ത് ചെയ്യുന്നതാ. ഇനി ആർക്കെങ്കിലും ഒരു സാമ്പത്തിക പ്രതിസന്ധിയുണ്ടായാൽ അപ്പോൾ ഈ അക്കൗണ്ട് സഹായകമാകും, പണത്തിന് ആരുടെ മുന്നിലും കൈ നീട്ടേണ്ടിവരില്ല. സദുദ്ദേശ്യത്തോടെയാണ് ഇതു ചെയ്തത് ചേച്ചീ.’’

അതിസമർഥമായി പഴുതുകളടച്ച്, പ്രതിയെ വാദിയാക്കുന്ന സംസാരമായിരുന്നു വിദഗ്ധനായ ബിസിനസുകാരേന്റത്. അതിൽ വീണുപോയ പ്രവീണിന്‍റെ അമ്മ സഹോദരസ്​നേഹം പ്രകടിപ്പിക്കാൻ കിട്ടിയ അവസരം ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവീണിനെ കുറ്റപ്പെടുത്തി.

‘‘എന്‍റെ മകന്‍റെ വിവരക്കേട് ക്ഷമിക്കെടാ. നീ അതൊക്കെ വിട്ടേക്ക്. ഇനി അവൻ അങ്ങനെയൊന്നും പ്രവർത്തിക്കില്ല. ഞാൻ നോക്കിക്കോളാം.’’

മഞ്ഞുരുകാൻ തുടക്കമിടുകയായിരുന്നു അവർ. ആ സന്ദർഭം മുതലെടുത്ത് അങ്കിൾ പ്രവീണിനോട് പറഞ്ഞു:

‘‘കുഞ്ഞേ, കൊണ്ടും കൊടുത്തും ഒരുപാടു കാലം ഈ ഫീൽഡിൽ യുദ്ധംചെയ്ത് പയറ്റിത്തെളിഞ്ഞവനാണു ഞാൻ. വലിയ വമ്പമ്മാരുപോലും ഈ അങ്കിളിനോടേറ്റുമുട്ടി പിൻവാങ്ങി പോയിട്ടേയുള്ളൂ. അതുകൊണ്ട് നീ സാഹസത്തിനൊന്നും മുതിരണ്ട. നീ ബാങ്കിൽ കൊടുത്ത കത്ത് ഒന്ന് പിൻവലിച്ചേക്ക്. എന്നാലേ ഈ നാണക്കേടിൽനിന്ന് എനിക്ക് കരകേറാനൊക്കൂ.’’

‘‘അങ്കിൾ ആദ്യം എന്‍റെ പേരിലുള്ള അക്കൗണ്ട് അവസാനിപ്പിക്ക്. എന്നിട്ട് ഞാൻ കത്ത് പിൻവലിക്കാം.’’

ധൈര്യപൂർവം ഉറപ്പിച്ചാണ് പ്രവീൺ പറഞ്ഞത്. അങ്കിൾ ഒരിക്കലും അതു പ്രതീക്ഷിച്ചില്ല. അയാൾക്ക് കോപം വന്നു.

 

‘‘ശരി. പി ബാങ്കിലെ നിന്‍റെ അക്കൗണ്ട് ഞാൻ ക്ലോസ്​ ചെയ്തേക്കാം. വേറെ ഏതൊക്കെ ബാങ്കുകളിൽ നിന്‍റെ പേരിൽ അക്കൗണ്ടുകളുണ്ടെന്ന് നീ അറിഞ്ഞിട്ടില്ലല്ലോ? എടാ, നിന്‍റെ വീടിന്‍റെ ഒഴിഞ്ഞ ടെറസിൽ രാത്രിയിൽ ആരൊക്കെ കിടന്നുറങ്ങി വെളുപ്പിന് എഴുന്നേറ്റു പോകുന്നുണ്ടെന്നറിയോ നിനക്ക്? അറിഞ്ഞാലും നിനക്കതൊന്നും തടയാനാവില്ല. ചിലത് അറിഞ്ഞാലും അറിഞ്ഞില്ലെന്ന് വിശ്വസിക്കുന്നതാണ് നല്ലത്. ഇനി ഒന്നുകൂടി പറഞ്ഞേക്കാം. ഒരുദിവസം വൈകിട്ട് നീ ഫിഷിങ് ഹാർബറിൽ പോകണം. അവിടെ കാണുന്ന നൂറുകണക്കിന് ഫിഷിങ് ബോട്ടുകളിൽ ചിലതിനൊക്കെ ‘പ്രവീൺ’ എന്ന് പേരു കാണും. തൃശൂർ-കുന്നംകുളം റൂട്ടിൽ ഓടുന്ന ൈപ്രവറ്റ് ബസുകളിൽ ചിലതിനും ഈ പേരുണ്ട്. പിന്നെയുമുണ്ട് ചില സ്വകാര്യ കമ്പനികൾ, വ്യവസായ യൂനിറ്റുകൾ, തോട്ടങ്ങൾ, ടൂറിസ്റ്റ് ഹോമുകൾ... അവയുടെയൊക്കെ ഉടമസ്​ഥത തിരഞ്ഞ് കണ്ടെത്തണം നീ. രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ വിവിധ ഭാഷകളിൽ കാണാനാവുന്ന നിന്‍റെ പേരിന്‍റെ പിറകെ അലഞ്ഞ് അന്വേഷിച്ചറിഞ്ഞതിന്‍റെ ലിസ്റ്റുമായി എന്‍റെയടുത്തു വാ. അപ്പോൾ ഞാൻ അവയൊക്കെ ക്ലോസ്​ ചെയ്തുതരാം.

പ്രവീണിനെ ഇളിഭ്യനാക്കിക്കൊണ്ട്, മറുപടി പറയാനാവാത്ത വിധം നിശ്ശബ്ദനാക്കിക്കൊണ്ട് അങ്കിൾ പോയി. ഒട്ടും വൈകാതെ പ്രവീണിന്‍റെ പേരിലെ ബാങ്ക് അക്കൗണ്ട് ക്ലോസ്​ ചെയ്തതായി അറിയിപ്പു വന്നു. പിന്നീട് പ്രവീൺ ഇക്കാര്യത്തെക്കുറിച്ച് എന്നോട് സംസാരിച്ചില്ല. യഥാർഥ കഥ അവിടെ തീർന്നിരിക്കണം. എന്തായാലും പ്രവീണിന്‍റെ ഫോണിലേക്ക് ഒഴുകിക്കൊണ്ടിരുന്ന പണമിടപാട് അറിയിപ്പുകൾ അതോടെ അവസാനിച്ചു.

(തുടരും)

News Summary - ep sreekumar about story crafft