ജഡങ്ങളുടെ സൂക്ഷിപ്പുകാരി

മലയാളത്തിന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ഇ.പി. ശ്രീകുമാർ തന്‍റെ കഥകളിലേക്ക് പിൻനടക്കുകയാണ്. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു. പള്ളിയും വൈദികരും പെരുന്നാളും സെമിത്തേരിയും ശവക്കല്ലറകളും ഭൂമികയാകുന്ന ‘കുഴിമാടം’ എന്ന കഥ എഴുതിയപ്പോൾ എനിക്ക് നൊസ്റ്റാൾജിയ അനുഭവപ്പെട്ടിരുന്നു. കാരണം, അത് എന്‍റെ ജന്മനാടിന്‍റെ കഥയായിരുന്നു. 2019ൽ ‘ഭാഷാപോഷിണി’യിലാണ് ആ കഥ പ്രസിദ്ധീകരിച്ചത്. ജോസ് പനച്ചിപ്പുറം ‘ഭാഷാപോഷിണി’യുടെ ചുമതലകൂടി ഏറ്റെടുത്ത് ആദ്യമിറക്കിയ പതിപ്പിൽ പ്രസിദ്ധീകരിക്കുകയായിരുന്നു അത്. ‘ഖലാസി’...
Your Subscription Supports Independent Journalism
View Plansമലയാളത്തിന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ഇ.പി. ശ്രീകുമാർ തന്‍റെ കഥകളിലേക്ക് പിൻനടക്കുകയാണ്. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു.
പള്ളിയും വൈദികരും പെരുന്നാളും സെമിത്തേരിയും ശവക്കല്ലറകളും ഭൂമികയാകുന്ന ‘കുഴിമാടം’ എന്ന കഥ എഴുതിയപ്പോൾ എനിക്ക് നൊസ്റ്റാൾജിയ അനുഭവപ്പെട്ടിരുന്നു. കാരണം, അത് എന്‍റെ ജന്മനാടിന്‍റെ കഥയായിരുന്നു. 2019ൽ ‘ഭാഷാപോഷിണി’യിലാണ് ആ കഥ പ്രസിദ്ധീകരിച്ചത്. ജോസ് പനച്ചിപ്പുറം ‘ഭാഷാപോഷിണി’യുടെ ചുമതലകൂടി ഏറ്റെടുത്ത് ആദ്യമിറക്കിയ പതിപ്പിൽ പ്രസിദ്ധീകരിക്കുകയായിരുന്നു അത്. ‘ഖലാസി’ എന്ന കഥാസമാഹാരത്തിലാണ് ആ കഥ ഉൾപ്പെടുത്തിയത്.
ഞാൻ ജനിച്ചതും ബാല്യ-കൗമാരങ്ങൾ കഴിഞ്ഞതും വൈപ്പിൻ ദ്വീപിന്‍റെ വടക്കേ അറ്റത്തുള്ള പള്ളിപ്പുറം ഗ്രാമത്തിലായിരുന്നു. പിന്നീട് അവിടെനിന്നും ഞങ്ങൾ നഗരത്തിലേക്ക് ചേക്കേറി. ഗ്രാമത്തിലെ മഞ്ഞുമാതാ പള്ളി സെമിത്തേരിയിൽ അന്നും ഇന്നും ശവക്കുഴി വെട്ടുന്ന തൊഴിലിൽ ഏർപ്പെട്ടിട്ടുള്ള േഗ്രസിയെക്കുറിച്ച് (പേര് യഥാർഥമല്ല) അന്ന് എനിക്കറിയില്ലായിരുന്നു. ആ അറിവ് എനിക്കുണ്ടായത് വർഷങ്ങൾക്കുശേഷം ഒരു പത്രവാർത്തയിൽനിന്നാണ്.
അമ്പത്തഞ്ചു വർഷത്തിലേറെക്കാലം ശവക്കുഴികൾ തോണ്ടിയും ശവങ്ങളുമായി സഹവസിച്ചും കഴിഞ്ഞ, നാട്ടുവിശേഷങ്ങളിൽനിന്ന് അകറ്റി നിർത്തപ്പെട്ട, േപ്രതവും പിശാചുമൊക്കെയായി ദീർഘകാലം സഹവസിച്ച് പേടിയും അറപ്പും മറ്റു വികാരങ്ങളും മരവിച്ചുപോയ ‘കുഴിവെട്ടി’യുടെ ജീവിതകഥ അറിയാനും എഴുതാനും ഞാൻ ആഗ്രഹിച്ചു. അത് എന്‍റെ ജന്മനാടുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്നിൽ പ്രത്യേക താൽപര്യമുണ്ടാക്കിയിരുന്നു. അതിനെക്കുറിച്ച് േഗ്രസിയോട് ചോദിച്ചറിയാൻ എനിക്ക് മടിയും അതിലേറെ പേടിയുമായിരുന്നു. ദീർഘകാലം സമൂഹത്തിൽനിന്ന് ഒറ്റപ്പെട്ട് സെമിത്തേരിയും ശവങ്ങളുമായി കഴിയാൻ വിധിക്കപ്പെട്ട ആൾ ക്ഷുബ്ധയും പരുക്കനുമായിക്കാണുമെന്ന തോന്നലായിരുന്നു കാരണം. അതുകൊണ്ട് ഞാൻ, അന്നാട്ടുകാരനും എന്‍റെ പ്രിയപ്പെട്ട അധ്യാപകനും എഴുത്തുകാരനുമായ ജോസഫ് പനക്കൽ സാറിന്‍റെ സഹായം തേടി. സാറ് പറഞ്ഞതുകൊണ്ടാവണം, താൽപര്യക്കുറവോടെയെങ്കിലും േഗ്രസി നിർവികാരമായി എനിക്കാവശ്യമായ വിവരങ്ങൾ പറയാൻ തയാറായി. അങ്ങനെയാണ് ‘കുഴിമാടം’ എന്ന കഥക്കുള്ള കരുക്കൾ ലഭിക്കുന്നത്.
ബഹുവർണ സ്വപ്നങ്ങൾ കണ്ട് പാറിപ്പറന്നു നടക്കേണ്ട കൗമാരകാലത്ത് സ്കൂൾ വിദ്യാഭ്യാസംപോലും ഉപേക്ഷിച്ച് കുടുംബം പോറ്റാനായി ‘കുഴിവെട്ടി’യായിത്തീർന്നവളായിരുന്നു േഗ്രസി. സ്വന്തം അമ്മയുടെയും ഭർത്താവിന്‍റെയും ശവമടക്കിന് കുഴിയെടുക്കേണ്ടി വന്നവൾ. ശവങ്ങൾ സെമിത്തേരിയുടെ മുതലാണെന്ന് വിശ്വസിച്ചിരുന്നവൾ. കൂട്ടുകാരില്ലാതിരുന്നവൾ, ജഡമുഖവും ശവഗന്ധവുമുള്ളവൾ, ശവവിളിക്കായി കാത്തിരിക്കുന്ന പെൺനാണം വറ്റിപ്പോയവൾ. ‘കുഴിവെട്ടിയെ’ നാട്ടിലുള്ളവർ അധഃകൃതയെപ്പോലെ അകറ്റിനിർത്തി. സ്ത്രീയായിപ്പോലും പരിഗണിച്ചില്ല. അതുകൊണ്ടുതന്നെ വിവാഹമെന്നത് അവളുടെ സ്വപ്നപരിധിക്ക് അപ്പുറമായിരുന്നു. എന്നാൽ, അരക്ഷിതവും അശുഭകരവുമായ വിധിയെ സ്വയം അംഗീകരിച്ചിട്ടുപോലും ജീവിതമെന്ന പ്രവചനാതീതമായ നാടകം അവൾക്കായി ഒരു നാഥനെ ഇറക്കി. അത് ടോമിയായിരുന്നു.
പള്ളി ജെട്ടിയിൽ ചേർത്ത് അടുപ്പിച്ച ബോട്ടിൽനിന്നും ഇറങ്ങിവന്ന ഉറച്ച ശരീരമുള്ള സുമുഖന് ആദ്യ കാഴ്ചയിൽതന്നെ േഗ്രസിയെ ഇഷ്ടമായി. ‘‘തന്നെ ഞാൻ കല്യാണം കഴിച്ചോട്ടേ’’ എന്ന് മടി കൂടാതെ ചോദിച്ചു അവൻ. ചിരി വരാത്ത ഒരു തമാശ കേട്ടപോലെ േഗ്രസി അത് അവഗണിച്ചു. എന്നാൽ, കാര്യങ്ങൾ വളരെ വേഗം ഗൗരവകരമായ നടപടികളിലേക്ക് നീങ്ങുകയായിരുന്നു. ഒരുനാൾ, ഹിന്ദുവായ അയാൾ പള്ളി അൾത്താരയിൽ വികാരിയച്ചനു മുന്നിൽനിന്ന് മാമോദീസാ ജലം ഏറ്റുവാങ്ങുന്നത് അവൾ കണ്ടു.
സവർണ ഹിന്ദുകുലത്തിൽ ജനിച്ച അയാൾ, ടോമി (യഥാർഥ പേരല്ല), അച്ഛനുമായി വഴക്കിട്ട് വീട്ടുകാരുമായി അകന്നു കഴിയുമ്പോഴാണ് േഗ്രസിയെ വിവാഹം കഴിക്കാനായി ക്രിസ്ത്യാനിയായത്. അത് വീട്ടുകാരോടുള്ള പ്രതികാരത്തിന്‍റെ കൂടി ഭാഗമായിരുന്നിരിക്കാം. എന്തായാലും പള്ളി നിർദേശപ്രകാരം ടോമി ധ്യാനം കൂടി. തുടർന്ന് വിവാഹം നടന്നു. അവർക്ക് ഒരു മകൻ ജനിച്ചു. എല്ലാം ഒരു സ്വപ്നം പോലെ അവിശ്വസനീയമായിരുന്നു േഗ്രസിക്ക്.

വലിയതോതിലുള്ള ദുരന്തവും സൗഭാഗ്യവും അപ്രതീക്ഷിതമായ ഇടവേളകളിൽ മാറിമാറി സംഭവിച്ച് േഗ്രസിയുടെ ജീവിതം നാടകീയമായിക്കൊണ്ടിരുന്നു. ശാന്തമായൊഴുകിയ വേമ്പനാട്ടുകായൽപ്പരപ്പിനോട് അരികു പങ്കിട്ടുകൊണ്ടായിരുന്നു േഗ്രസിയുടെ ജീവിതത്തിന്‍റെ നിർണായക ഭാഗമായ മഞ്ഞുമാതാ പള്ളി സ്ഥിതിചെയ്തിരുന്നത്. കായൽത്തീരത്തോടു ചേർന്ന പുൽത്തകിടിയിൽ എത്രയോ സായാഹ്നങ്ങളിൽ കായൽക്കാറ്റേറ്റ് കൂട്ടുകാരുമൊത്ത് ഞാൻ സംസാരിച്ചിരുന്നിട്ടുണ്ട്! അരികെയുള്ള മാളികയിൽനിന്നും കപ്യാർ മണി മുഴക്കും. കണ്ണെത്താ ദൂരത്ത് മുനമ്പം അഴിമുഖം മതിവരാത്ത കാഴ്ചയാകും.
അവിടെവെച്ച് കായൽ അറബിക്കടലിൽ ചേരുന്നു. അവിടെയിരുന്നാൽ, ഉപജീവനത്തിനായി കായലിൽ ചെറുവഞ്ചികളിൽ ശാന്തരായി ഇരുന്ന് മത്സ്യംപിടിക്കുന്ന നിരവധിപേരെ കാണാം. മറുകരയിലേക്ക് ആളുകളെ എത്തിക്കുന്ന കടത്തുവഞ്ചിയിൽ വിശ്രമമില്ലാതെ ഒരു യന്ത്രം കണക്കെ പ്രവർത്തിക്കുന്ന തോണിക്കാരൻ. അതിരാവിലെ കടലിൽ മത്സ്യബന്ധനത്തിനു പോയ നൂറുകണക്കിന് ഫിഷിങ് ബോട്ടുകൾ സായന്തനത്തിൽ പിടക്കുന്ന ചെമ്മീൻ നിറച്ച് കടവിലേക്ക് കുതിച്ചെത്തുന്ന കാഴ്ചക്കായിട്ടാണ് ഗ്രാമം കാത്തിരിക്കുന്നത്. അതോടെ രാത്രി പകലാക്കി സജീവമാവുകയാണ് തീരം. തീരത്തുള്ള അസംഖ്യം ‘പീലിങ് ഷെഡുകൾ’ മുഖരിതമാകുമ്പോൾ നീണ്ട ഹോൺ മുഴക്കിക്കൊണ്ട് ഐസ് വണ്ടികൾ ഓടിയെത്തും. അതൊരറിയിപ്പാണ്. സമീപ പ്രദേശത്ത് പെൺകുട്ടികൾ കൂട്ടത്തോടെ ചെമ്മീൻ കിള്ളുന്ന തൊഴിലിനായി ഓടിയെത്തും. അപ്പോൾ വലിയ ഐസ് കട്ടകൾ വണ്ടികളിൽനിന്നിറക്കി ഷെഡുകളിലേക്ക് വലിച്ചുകൊണ്ടുപോകുന്നത് കാണാം.
വീട്ടിലേക്ക് മടങ്ങുമ്പോൾ സെമിത്തേരിയിലേക്ക് ഞാനൊന്നു പാളിനോക്കും. കല്ലറകളിൽ എന്തെങ്കിലും സവിശേഷ കാഴ്ചകളുണ്ടോ? അന്നൊക്കെ അവിടം വിജനമായേ കണ്ടിട്ടുള്ളൂ. സന്ധ്യ കഴിഞ്ഞുള്ള യാത്രയാണെങ്കിൽ മനസ്സിൽ ചെറിയൊരു ഭയം പിടികൂടുന്നത് ഞാനനുഭവിച്ചറിയും. അന്നേ േഗ്രസി എന്ന യുവതി ആ സെമിത്തേരിയിൽ നിശ്ശബ്ദമായി ശവക്കുഴികൾ തോണ്ടി തുടങ്ങിയിരുന്നു! ചുറ്റുവട്ടത്തിനപ്പുറമുള്ള പുറംലോകത്ത് അന്ന് അക്കാര്യം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
പള്ളിക്ക് അൽപം വടക്കു മാറി പോർചുഗീസ് കോട്ടയുണ്ടായിരുന്നു. അതിന്‍റെ നാലുവശങ്ങളിലും വലിയ പീരങ്കികൾ വെക്കാനുള്ള ഇടങ്ങളുണ്ടായിരുന്നു. കോട്ടയുടെ മുകളിൽനിന്ന് ലഭിക്കുന്ന ദൂരക്കാഴ്ചയിലൂടെ കരയിലൂടെയും കായലിലൂടെയുമുള്ള ശത്രു സേനയുടെ നീക്കങ്ങൾ മുന്നേ അറിയാൻ കഴിഞ്ഞിരുന്നു. അടിയന്തര ഘട്ടത്തിൽ പട്ടാളക്കാർക്ക് മറുകരയിലേക്ക് രക്ഷപ്പെടാൻ കോട്ടക്ക് കീഴെ കൂടി നീണ്ടൊരു തുരങ്കമുണ്ടെന്ന് പരക്കെ പറയപ്പെട്ടിരുന്നു. എന്‍റെ ബാല്യകാലത്ത് തികച്ചും അനാകർഷകമായി ചുറ്റും കാടുപിടിച്ച് തുറന്നു കിടന്നിരുന്നു കോട്ട. പിൽക്കാലത്താണ് അത് താഴിട്ട് പൂട്ടി സംരക്ഷിച്ചതും ചുമതല തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനെ ഏൽപിച്ചതും. പിന്നീട് ഏറെ കാലത്തിനു ശേഷമാണ് ടൂറിസ്റ്റുകൾ അവിടെ എത്താൻ തുടങ്ങിയതും ഗൈഡുകൾ പ്രത്യക്ഷപ്പെട്ടതും. പണ്ട് കുട്ടിക്കാലത്ത് അച്ഛനാണ് എന്നെ കോട്ടയുടെയും കായലിന്‍റെയും അരികിൽ കാട്ടുചെടിപ്പടർപ്പിൽപെട്ട് മറഞ്ഞുകിടന്നിരുന്ന ‘കൊതിക്കല്ല്’ കാണിച്ചുതന്നത്. പച്ചച്ചെടികൾ പറിച്ചെടുത്ത് കല്ലിൽ അൽപനേരം ഉരച്ച് വൃത്തിയാക്കിയപ്പോൾ ഒരുവശത്ത് ‘കൊ’ എന്നും മറുവശത്ത് ‘തി’ എന്നും എഴുതിയത് തെളിഞ്ഞുവന്നു. ‘‘കൊച്ചിയുടെയും തിരുവിതാംകൂറിന്‍റെയും അതിർത്തിയാണീ കല്ല്.’’ അബൻ പറഞ്ഞു. പണ്ട് രാജഭരണകാലത്ത് ക്രിമിനലുകൾ പൊലീസ് പിടിയിൽപെടാതെ ഈ അതിർത്തിക്കല്ല് കടന്ന് രക്ഷപ്പെടുമായിരുന്നത്രേ!
കഥയിൽ സ്വാഭാവികമായും, യഥാർഥത്തിൽ നടന്ന കാര്യങ്ങളോ ടൊപ്പം എഴുത്തുകാരന്‍റെ ഭാവനയും കൂടിച്ചേരും. അത് കഥയെ കൊഴുപ്പിക്കാനും തീവ്രമാക്കാനും നാടകീയത സൃഷ്ടിക്കാനുമൊക്കെ ഉദ്ദേശിച്ചാണ്. കഥയിൽ പറയുന്ന, ‘‘സാരിയുടുത്ത് തനിക്കെങ്ങും പോകാനില്ലെന്നും സൂര്യൻ അസ്തമിക്കുംവരെ മരണവിളി കാത്തുള്ള ഇരിപ്പിലും കുഴിവെട്ടിലും നൈറ്റി വേഷമാണ് സൗകര്യമെന്നും അത് കുഴിവെട്ടിപ്പെണ്ണിന്‍റെ യൂനിഫോമാണെന്നും’’ േഗ്രസി വരനോട് യഥാർഥ ജീവിതത്തിൽ പറഞ്ഞതാണ്. അതേസമയം, ആദ്യ ദാമ്പത്യമുദ്ര കവിളിൽ പതിഞ്ഞപ്പോൾ തന്നിൽ പെൺനാണം വറ്റിപ്പോയിരിക്കുന്നുവെന്നും ആദ്യമായി ജീവനുള്ള പുരുഷ ഉടലിനെ സ്പർശിച്ചപ്പോൾ ജഡമരവിപ്പ് തന്നിലേക്ക് പടർന്നിരിക്കുന്നുവെന്നും മണവാട്ടി സംശയിച്ചത് കഥയിലെ കൂട്ടിച്ചേർക്കലാണ്. അതുപോലെ, ആദ്യരാത്രിയിൽ വാതിലിൽ മുട്ടിക്കൊണ്ട് ശവവിളി എത്തിയതും അതോടെ ആദ്യരാവ് നഷ്ടപ്പെട്ടുപോയതും കഥാകൃത്തിന്‍റെ ഭാവനയാണ്.
കുഴിമാടത്തിന്‍റെ എഴുത്തിൽ യാഥാർഥ്യവും ഭാവനയും ഇടകലർന്നു കിടന്നു. േഗ്രസി ആദ്യമായി കഥ പറഞ്ഞപ്പോൾ ഒരു സിനിമ പോലെ എന്‍റെ മനസ്സിൽ രൂപപ്പെട്ട ദൃശ്യ ചിത്രീകരണങ്ങളിൽ ഞാനറിയാതെ തന്നെ വളർന്ന ഭാവനകൾകൂടി യോജിച്ചു ചേർന്നു. അത് ബോധപൂർവം നിർവഹിച്ച ഒരു ഭാവന ചിത്രണം ആയിരുന്നില്ല. എഴുത്തിൽ പലപ്പോഴും അങ്ങനെ സംഭവിക്കും. യാഥാർഥ്യം ചിത്രീകരിക്കുമ്പോൾത്തന്നെ അതിനോടു പൊരുത്തപ്പെടുന്ന സങ്കൽപങ്ങൾ എവിടന്നോ ഓടിയെത്തി പറ്റിച്ചേരും. എഴുത്തു കഴിഞ്ഞാൽ വാസ്തവമേത്, സങ്കൽപനമേത് എന്ന് എഴുത്തുകാരനുപോലും തിരിച്ചറിയാനാവില്ല. അഞ്ചു വയസ്സുകാരന്‍റെ ശവക്കുഴി അഞ്ചു വർഷങ്ങൾക്കു ശേഷം തുറന്നപ്പോൾ അവൻ മാറ്റമേതുമില്ലാതെ കിടക്കുന്നതായി കണ്ടത് േഗ്രസി എന്നോട് പറഞ്ഞതുതന്നെയാണ്. ‘ഇൻഡാലിയ’ത്തിന്‍റെ പെട്ടിയിൽ ‘എംബാം’ ചെയ്തിരുന്നതുകൊണ്ടാവാം ബോഡി അതേപടി കിടന്നത് എന്നായിരുന്നു കുഴിവെട്ടിയുടെ ഭാഷ്യം. എന്നാൽ, ജഡം പുറത്തെടുത്ത് നിവർത്തിയപ്പോൾ നീളം കൂടിയിരുന്നുവത്രേ! താടിയും തലമുടിയും വളർന്നിരുന്നു! എന്നാൽ, േഗ്രസി പറയാത്തതും കഥയുടെ പിരിമുറുക്കത്തിനായി ഞാൻ കൂട്ടിച്ചേർത്തതുമായ പല സംഭവങ്ങളുമുണ്ട്.
പോസ്റ്റ്മോർട്ടത്തിന് കുഴിയിൽനിന്നെടുത്തപ്പോൾ ബോഡി മാറിയിരിക്കുന്നതായി കണ്ടതും, അമേരിക്കയിൽനിന്ന് കൊണ്ടുവന്ന വല്യമ്മച്ചിയുടെ ജഡം സെമിത്തേരിയിൽ എത്തിച്ചപ്പോൾ സ്വന്തക്കാർ കൈകളിൽനിന്നും വളകൾ ഒടിച്ചെടുത്തും മാല പൊട്ടിച്ചെടുത്തും വിരലുകളും കാതുകളും സ്വർണാഭരണത്തോടൊപ്പം അറുത്തെടുത്തും കാലിലെ ശസ്ത്രക്രിയ ചെയ്തുവെച്ച കമ്പി മുറിച്ച് സ്റ്റീലിൽ പൊതിഞ്ഞ പൊന്ന് കൈക്കലാക്കിയും പല്ലുകൾ അടിച്ചുകൊഴിച്ച് സ്വർണപ്പല്ലുകൾ പിടിച്ചെടുത്തും നീക്കംചെയ്ത ഇടതു മുലക്കു പകരമായ കൃത്രിമ അവയവത്തിനകത്ത് സൂക്ഷിച്ചിരുന്ന സ്വർണ നാണയങ്ങൾ പങ്കിട്ടെടുത്തും ജനനേന്ദ്രിയം കീറിമുറിച്ച് പ്ലാറ്റിനം മോതിരങ്ങളെടുത്തും ജഡഖനനം നടത്തിയതും എഴുത്തുകാരന്‍റെ ഭാവന തന്നെ. രഹസ്യമായി പിഞ്ചുകുഞ്ഞിന്‍റെ ശവം ‘കുഴിവെട്ടി’ മാറോടുചേർത്ത് മുലയൂട്ടുന്നത് കഥയിൽ കഥാകാരൻ ചേർത്തതാണ്. പ്രസിദ്ധീകരിച്ച കഥ ഞാൻ എത്തിച്ചുകൊടുത്തത് േഗ്രസി വായിച്ചിരുന്നോ എന്ന് എനിക്കറിയില്ല. എന്തായാലും അതിനെ പറ്റി പിന്നീട് േഗ്രസി ഒന്നും പറഞ്ഞില്ല. ഞാനത് പ്രതീക്ഷിച്ചിട്ടുമുണ്ടായിരുന്നില്ല.
മഞ്ഞുമാതാ പള്ളിയും ചുറ്റുവട്ടവും നാടിന്‍റെ ചരിത്രത്തിൽ ഉൾപ്പെടുത്തി രേഖപ്പെടുത്തിവെക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഒപ്പം േഗ്രസിയും ആ ചരിത്രത്തിന്‍റെ ഭാഗമാകേണ്ടതുണ്ട്. അതെന്‍റെ കടമയായി ഞാൻ കണക്കാക്കി. അങ്ങനെയാണ് പോർചുഗീസ് കോട്ടയും ടിപ്പു സുൽത്താന്‍റെ പടയോട്ടവും കഥയിൽ സൂചനകളായി വരുന്നത്. ടിപ്പുവിന്‍റെ സൈന്യം വേമ്പനാട്ടു കായലിന്‍റെ മറുകരയിൽ എത്തിയപ്പോൾ ഇരുൾ പരന്നിരുന്നു. അതുകൊണ്ട് അവർ അവിടെത്തന്നെ തമ്പടിക്കുകയും അക്കര കടന്ന് പള്ളി ആക്രമിക്കാനുള്ള പദ്ധതി പിറ്റേ ദിവസത്തേക്ക് മാറ്റുകയും ചെയ്തു. ഈ കരയിലാവട്ടെ, പടയോട്ടത്തെ ഭയന്ന് ജീവരക്ഷാർഥം പള്ളിയിൽ അഭയം തേടിയ നൂറുകണക്കിന് പരിസരവാസികൾ ഒന്നടങ്കം ഉള്ളുലഞ്ഞു പ്രാർഥിച്ചു. പതുക്കെ അന്തരീക്ഷത്തിൽ മഞ്ഞു പടർന്നു. ക്രമേണ മഞ്ഞിന്‍റെ കനത്ത പടലങ്ങൾ മൂടിയ പള്ളിയും പരിസരവും കാഴ്ചയിൽനിന്നും മറഞ്ഞുപോയി. കായലും കരയും പള്ളിയും സെമിത്തേരിയും അറബിക്കടലുമെല്ലാം കാണപ്പെടാതെ മഞ്ഞുപാളികൾക്കുള്ളിൽ ഒളിഞ്ഞു കിടന്നു. പ്രഭാതരശ്മികളെപ്പോലും കടന്നുകയറാൻ മൂടൽമഞ്ഞ് അനുവദിച്ചില്ല. ടിപ്പു സൈന്യത്തിന് ദിശയറിയാതായി. സമയം കളയാനില്ലാതെ പടയോട്ടം മറ്റൊരു ദിശയിലേക്ക് നീങ്ങിപ്പോയി. തുടർന്ന് ഹിമപാളികൾ അൽപാൽപമായി നീങ്ങുകയും അന്തരീക്ഷം തെളിയുകയുംചെയ്തു. അന്നുമുതൽ മഞ്ഞുമാതാ പള്ളി എന്ന് ദേവാലയം അറിയപ്പെടുകയും ചെയ്തു.

ഫാദർ ജോൺ കപ്പിസ്റ്റാൻ ലോപസ്
എന്‍റെ കുട്ടിക്കാലത്ത് വേമ്പനാട്ടു കായലിലൂടെ രണ്ട് യാത്രാ ബോട്ടുകൾ ദീർഘദൂര സർവിസ് നടത്തിയിരുന്നു. കേരളകുമാരിയും ചാമ്പച്ചനും. മുനമ്പത്തുനിന്നും എറണാകുളത്തേക്കുള്ള ആ ജലപാതയിലൂടെ വലിയതോതിൽ ചരക്കു ഗതാഗതം നടന്നിരുന്നു. റോഡ് മുഖേനയുള്ള യാത്രാക്ലേശം ഒഴിവാക്കാനും യാത്രാചെലവു കുറക്കാനും ജലയാത്രയിൽ കഴിഞ്ഞിരുന്നു. എന്‍റെ അച്ഛൻ, ജോലിചെയ്തിരുന്ന കൊച്ചിൻ പോർട്ടിലേക്ക് ബോട്ടിലാണ് പൊയ്ക്കൊണ്ടിരുന്നത്. മൂന്നു മണിക്കൂറായിരുന്നു യാത്രാസമയം.
നീണ്ട സമയം ചെലവഴിക്കാൻ യാത്രക്കാർ ചീട്ടു കളിക്കുമായിരുന്നു. സ്ഥിരം യാത്രക്കാരുടെ സംഘത്തിന് ചീട്ടുകളിക്കാൻ ബോട്ടുകാർതന്നെ മേശയും കസേരകളും ഒരുക്കിയിരുന്നു. വല്ലപ്പോഴുമൊരു സ്കൂൾ അവധിദിവസം അച്ഛൻ ഓഫിസിൽ പോകുമ്പോൾ എന്നെക്കൂടി കൂട്ടുമായിരുന്നു. മിക്കവാറും പോർട്ട് ആശുപത്രിയിൽ ഡോക്ടറെ കാണിക്കാനായിരിക്കുമത്. കോവിലകത്തുംകടവ് ജെട്ടിയിൽ സമയകൃത്യതയുള്ള ബോട്ട് കാത്തുനിൽക്കുമ്പോൾ അകലെ മുനമ്പത്തുനിന്നും പുറപ്പെട്ട ബോട്ട് കായൽ വളവു തിരിഞ്ഞ് കുതിച്ചുവരുന്നത് ഇന്നും ഓർമയിൽ തങ്ങിനിൽക്കുന്നുണ്ട്. പള്ളി ജെട്ടിയിൽ പലപ്പോഴും യാത്രക്കാർ കാത്തുനിൽക്കുന്നുണ്ടാവില്ല. മറ്റെങ്ങും അടുക്കാതെ ബോട്ട് നേർക്കുനേർ തലയെടുപ്പോടെ വരുന്ന കാഴ്ച ആസ്വദിച്ച് ഞാനങ്ങനെ നിൽക്കും.
കഥ എഴുതുമ്പോൾ സെമിത്തേരിയുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളുണ്ടായി എനിക്ക്. അവ ശരിയായി വിശദീകരിച്ചു തരാൻ പറ്റിയ ആളെ ഞാൻ തിരഞ്ഞു. അപ്പോഴാണ് ഒരു സുഹൃത്ത്, സമീപത്തുള്ള പള്ളി വികാരി ചെറുപ്പക്കാരനായ ഫാദർ ജോൺ കപ്പിസ്റ്റാൻ ലോപസിനെക്കുറിച്ച് പറയുന്നത്. വിവരം അറിഞ്ഞ ഉടനെ ഒരു മടിയും കൂടാതെ അച്ചൻ സുഹൃത്തിനെ കൂട്ടി എന്‍റെ വീട്ടിലേക്ക് വരികയായിരുന്നു. പരന്ന വായനയും അറിവും പുരോഗമന ചിന്തയും സഹൃദയത്വവുമുണ്ടായിരുന്ന ജോൺ അച്ചൻ നല്ലൊരു പ്രഭാഷകനുമായിരുന്നു. േഗ്രസിയെ അച്ചന് അറിയാമായിരുന്നു. ‘‘അവരുടെ കൈയിൽ ദൈവം സ്പർശിച്ചിട്ടുണ്ട്’’ -അച്ചൻ പറഞ്ഞു.
എന്നെ ആകർഷിച്ച ആ വാക്യം കഥയിൽ ഞാൻ ഉപയോഗപ്പെടുത്തി. സംസാരമധ്യേ അച്ചൻ പറഞ്ഞ ദൈവ വചനങ്ങളിൽ ചിലതും ഞാൻ കഥയിൽ ചേർത്തുവെച്ചു: ‘‘അപ്പോൾ ദൈവത്തിന്‍റെ അരുളപ്പാടു കേട്ടു. ഭൂമിയിൽ മനുഷ്യരുടെ ദുഷ്ടത വർധിച്ചിരിക്കുന്നു. അവർ ദുർമാർഗികളായിരിക്കുന്നു. ഞാൻ അവരെ നശിപ്പിക്കും. നാമാവശേഷമാക്കും...’’ പള്ളിയും സെമിത്തേരിയും ശവസംസ്കാരവും സംബന്ധിച്ച ക്രിസ്തീയ രീതികളും വിശ്വാസങ്ങളും അദ്ദേഹം വിശദമായി എനിക്ക് പറഞ്ഞുതന്നു. ആ വിശദാംശങ്ങൾ ഔചിത്യപൂർവം ഉപയോഗപ്പെടുത്തിയപ്പോൾ അനുയോജ്യമായ കഥാ പശ്ചാത്തലം ഉരുത്തിരിഞ്ഞുവന്നു. കഥാഭാഗങ്ങൾ യഥാർഥമാക്കാനും അതുമൂലം കഴിഞ്ഞു. കഥ അച്ചടിച്ചുവന്ന ശേഷം കോപ്പി ഞാൻ ജോൺ അച്ചന് നൽകുകയും അദ്ദേഹമതു വായിച്ച് സംതൃപ്തി അറിയിക്കുകയുംചെയ്തു.
പിന്നീട്, വർഷങ്ങൾക്കു ശേഷമാണ് ഞാൻ ഇപ്പോഴത്തെ സ്ഥിതി അറിയാനായി േഗ്രസിയുമായി ബന്ധപ്പെടുന്നത്. ഏറെ സന്ദേഹത്തോടെ മടിച്ചു മടിച്ചാണ് ഞാൻ േഗ്രസിയെ വിളിച്ചത്. കഥ എഴുതാൻ തുടങ്ങിയ സമയത്ത് പലവട്ടം ഫോണിൽ സംസാരിച്ചത് ഓർമപ്പെടുത്തി മുൻപരിചയം പുതുക്കാൻ ശ്രമിച്ചെങ്കിലും എന്നെ ഓർക്കുന്നുണ്ടോ ഇല്ലയോ എന്ന് അവർ വ്യക്തമാക്കിയില്ല. വിളിച്ചപ്പോഴെല്ലാം തിരക്കു പറഞ്ഞ് മറ്റൊരു സമയത്ത് വിളിക്കാൻ അവർ നിർദേശിക്കുകയായിരുന്നു. ഒടുവിൽ, അവസാന ശ്രമമായി ഒരു ദിവസം ഞാൻ വിളിച്ചപ്പോൾ േഗ്രസി പരുക്കൻ മനോഭാവത്തിൽ അപരിചിതത്വത്തോടെ ചോദിച്ചു:
‘‘എന്താ അറിയേണ്ടത്?’’
ആദ്യം ഞാനൊന്നു പരുങ്ങി. എന്നാൽ, കിട്ടിയ അവസരം നഷ്ടപ്പെടുത്താതെ േഗ്രസിയുടെ സഹകരണക്കുറവിനെ അവഗണിച്ച് അറിയേണ്ടുന്ന കാര്യങ്ങൾ ഞാൻ ചോദിക്കുകയായിരുന്നു. ആദ്യവസാനം വിമുഖതയോടെയാണ് േഗ്രസി സംസാരിച്ചത്. എന്നാൽ, ഒന്നിനും മറുപടി പറയാതിരുന്നില്ല. എനിക്കതിൽ തെല്ലും വിഷമം തോന്നിയില്ല. ഏഴു പതിറ്റാണ്ടുകാലം പെട്ടിയിലടക്കിയ ജഡസമാനമായ ജീവിതം തീവ്രമായ സഹനത്തോടെ അനുഭവിച്ചുതീർത്ത ആൾക്ക് പരുക്കനാവാനല്ലേ കഴിയൂ എന്ന് എന്‍റെ മനസ്സ് പറഞ്ഞു.
ഭർത്താവിന്‍റെ മരണശേഷം േഗ്രസിയുടെ മകന് പിതാവിന്‍റെ ജോലി ലഭിച്ചത് അനുഗ്രഹമായി. കൊച്ചി ഹാർബറിൽ കയറ്റിറക്ക് ജോലിയായിരുന്നു, പിതാവിന്‍റെ മരണത്തിൽ പിന്തുടർച്ചയായി മകന് കിട്ടിയത്. അവസാന ഘട്ടത്തിൽ തന്‍റെ ജീവിതഭാരം ഒന്നിറക്കിവെക്കാൻ കഴിയുമെന്ന് േഗ്രസി അപ്പോൾ സ്വാഭാവികമായും ആശിച്ചുപോയിട്ടുണ്ടാവും. വൈകാതെ േഗ്രസി മകന്‍റെ വിവാഹം നടത്തി. ഒരു പേരക്കുട്ടി ജനിക്കാൻ േഗ്രസിക്ക് അധികം കാത്തിരിക്കേണ്ടി വന്നില്ല. വീട്ടിൽ അംഗസംഖ്യ വർധിച്ചെങ്കിലും മകന്‍റെ വരുമാനം നല്ലൊരാശ്വാസമായിരുന്നു. എന്നും ഒരാശ്വാസത്തോടൊപ്പം ഒരു ദുരന്തവും അനിവാര്യമായി സംഭവിക്കും േഗ്രസിയുടെ ജീവിതത്തിൽ.

േഗ്രസിയുടെ മകന് കയറ്റിറക്ക് ജോലി ചെയ്യുന്നതിനിടയിൽ മുകളിൽനിന്നും വീണ് നട്ടെല്ലിന് ഗുരുതരമായ ക്ഷതം സംഭവിച്ചു. ദീർഘകാലം ആശുപത്രിയിൽ കിടന്നു. ഡോക്ടർമാരുടെ റിപ്പോർട്ട് പ്രകാരം എന്നെങ്കിലും ഭേദപ്പെടുമെന്ന പ്രതീക്ഷയും നഷ്ടപ്പെട്ടു, ഉറ്റവർക്ക്. കിടന്ന കിടപ്പിൽനിന്നും അയാൾക്ക് എഴുന്നേൽക്കാനാവില്ലത്രേ! മകന്‍റെ ചികിത്സയും ശുശ്രൂഷയും ഏറ്റെടുക്കാതെ വയ്യ േഗ്രസിക്ക്. സ്കൂളിൽ ചേർത്ത കുട്ടിയുടെ പരിപാലനം വേറെയും. േഗ്രസിയുടെ ചുമതലകൾ കൂടിക്കൂടി വരികയായിരുന്നു, എന്നാൽ, വരുമാനം കുറഞ്ഞുപോവുകയുമായിരുന്നു. ചില സമയങ്ങളിൽ മരണങ്ങൾ തീരെ ഇല്ലാതാവും.
ശവങ്ങളായിരുന്നല്ലോ േഗ്രസിയുടെ വരുമാന മാർഗം. അതില്ലാതാവുമ്പോൾ കുടുംബമാകെ പട്ടിണിയിലാവുന്നത് ഒഴിവാക്കാൻ േഗ്രസി അയൽവീടുകളിൽ മുറ്റമടിക്കാനും പാത്രങ്ങൾ കഴുകാനും പോകുമായിരുന്നു. ‘കുഴിവെട്ടി’യെ കുടുംബങ്ങളിൽ കയറ്റാതെ അകറ്റിനിർത്തിയിരുന്ന ആദ്യകാലത്തെ സമൂഹത്തിന്‍റെ മനോഭാവത്തിൽ മാറ്റം വന്നതായി േഗ്രസി പറഞ്ഞു. എന്നാൽ, ദാരിദ്യ്രവും കഷ്ടപ്പാടും യാതനകളുമാവട്ടെ വർധിക്കുകയായിരുന്നു, ഒരു പ്രതീക്ഷക്കും ഇടനൽകാതെ. കൂടുതലൊന്നും സംസാരിക്കാതെ, ഇനിയൊന്നും തനിക്ക് പറയാനില്ലെന്ന് പറയാതെ പറഞ്ഞ് േഗ്രസി ഉപചാര വാക്കുകൾക്കു ശ്രമിക്കാതെ ഫോൺ കട്ട് ചെയ്തു.