ശുഭപന്തുവരാളി

ചിത്രീകരണം: തോലിൽ സുരേഷ്
മലയാളത്തിന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ഇ.പി. ശ്രീകുമാർ തന്റെ കഥകളിലേക്ക് പിൻനടക്കുകയാണ്. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു.
പൂർണമായി സംഗീതത്തെ ആധാരമാക്കി ഒരു കഥ എഴുതുക എന്നത് എക്കാലത്തെയും എന്റെ മോഹമായിരുന്നു. ഒരിക്കൽ, ഒരു വെളിപാടുപോലെ തിരുവയ്യാറിലെ ത്യാഗരാജ സംഗീതോത്സവം മനസ്സിൽ വന്നുതട്ടി ഓർമയെ ഉണർത്തുകയായിരുന്നു. തൃപ്പൂണിത്തുറ സംഗീതസഭയുടെ ഭാരവാഹി എന്ന നിലയിൽ ഓരോ വർഷവും സഭ നടത്താറുള്ള ത്യാഗരാജ ആരാധന എന്റെ മനസ്സിലുണ്ടായിരുന്നു. പരമാചാര്യന്റെ സ്മരണക്ക് ആദരം അർപ്പിച്ചുകൊണ്ടുള്ള സംഗീതജ്ഞരുടെയും വാദ്യോപകരണ വിദ്വാന്മാരുടെയും സംഗമവേദിയായിരുന്നു അത്. ഒരിക്കലും പുതുമ നഷ്ടപ്പെടാത്തതും ഓരോ കേൾവിയിലും പുതിയ അർഥങ്ങളും ആസ്വാദനാനുഭവങ്ങളും സൃഷ്ടിക്കുന്നതുമായിരുന്നു അഞ്ച് മഹൽകീർത്തനങ്ങളുടെ സംഘാലാപനം. ആ സവിശേഷ സന്ദർഭങ്ങളിലൊക്കെയും ആരഭിയും നാട്ടയും വരാളിയും ശ്രീരാഗവും ആഭേരിയും വ്യത്യസ്തങ്ങളായ രൂപങ്ങളിലും ഭാവങ്ങളിലും അവയുടെ തേജസ്സും വീര്യവും ബോധ്യപ്പെടുത്തിയിരുന്നു.
അപ്പോഴൊന്നും അതൊരു കഥയുടെ പശ്ചാത്തലമാക്കാൻ എനിക്കു തോന്നിയിരുന്നില്ല. ഓരോ കഥക്കും പിറക്കാൻ നിശ്ചിത സമയമുണ്ടെന്ന വിശ്വാസം സർഗാത്മകതയുടെ പരിസരത്തെ അനേകം ദുരൂഹതകളിൽ ഒന്നാകാം. പിന്നീട് ‘രക്ഷ’ എന്ന കഥ എഴുതാനാലോചിച്ച നേരത്താണ് തിരുവയ്യാറിലെ ത്യാഗരാജ ആരാധനോത്സവം പശ്ചാത്തലമാക്കി ഒരു കഥ മലയാളത്തിൽ ഉണ്ടായിട്ടില്ലല്ലോ എന്ന് എനിക്ക് ഉൾവിളി ഉണ്ടാകുന്നത്. അങ്ങനെയാണ് ത്യാഗരാജ ക്ഷേത്രവും, സംഗീത കുലപതിയുടെ കരിങ്കൽ വിഗ്രഹവും വാല്മീകി മണ്ഡപവും കാവേരി നദിയും തിരുമഞ്ചന വീഥിയിലെ അഗ്രഹാരവും, ത്യാഗരാജ കൃതികൾ ആലേഖനംചെയ്ത ചുമരുകളുമെല്ലാം പശ്ചാത്തലം തീർത്ത കഥ ഞാനെഴുതുന്നത്.
അശ്രദ്ധമായൊന്നമർത്തി തൊട്ടാൽ പൊട്ടിപ്പോകാവുന്ന രണ്ടു മനസ്സുകളെ തമ്മിൽ ബന്ധിപ്പിച്ച അതിലോല സ്നേഹഞരമ്പുകളുടെ സവിശേഷ തലത്തിൽനിന്നുകൊണ്ടുള്ള ആ കഥക്ക് സംഗീതോപാസനയുടെ മേൽപറഞ്ഞ പരിസരം ഏറെ ഇണങ്ങുമെന്ന് എനിക്കു തോന്നി. ശുദ്ധസംഗീതത്തിന്റെ, പഞ്ചരത്ന കീർത്തനങ്ങളുടെ, േശ്രഷ്ഠങ്ങളായ രാഗവിസ്മയങ്ങളുടെ ലാളന ആസ്വാദനതലത്തിൽ ഈ കഥക്ക് പുതിയൊരു മാനം നൽകിയിട്ടുണ്ടാവാം എന്നെനിക്ക് തോന്നലുണ്ടായത്, ‘‘യാഥാസ്ഥിതിക പരിണയങ്ങളെ വെല്ലുന്ന ഒരു സഹയാത്രികത്വം ‘എന്നും’ സ്നേഹം പ്രശാന്തമായ ഒരു കരുതൽ ബോധമാണെന്ന നിനവ് മനോഹരമായി സംക്രമിപ്പിക്കാൻ ഈ കഥക്ക് കഴിയുന്നു’’ എന്നും പ്രശസ്ത നിരൂപകൻ ആഷാ മേനോൻ അവതാരികയിൽ വിശേഷിപ്പിച്ചപ്പോഴാണ്.
മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ‘രക്ഷ’ പ്രസിദ്ധീകരിച്ചത്. പരസ്യശരീരം എന്ന കഥാസമാഹാരത്തിൽ ഇത് ഉൾക്കൊള്ളിക്കുകയുംചെയ്തു. അധികം വൈകാതെയാണ് സിനിമാ സംവിധായകൻ ശ്യാമപ്രസാദ് ബന്ധപ്പെട്ടത്. തിരുവനന്തപുരത്ത് തന്റെ ഫ്ലാറ്റിനടുത്തുള്ള തിരക്കില്ലാത്ത ഒരു റെസ്റ്റാറന്റിൽ അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടുപോയി. ചായ കുടിച്ചുകൊണ്ടിരിക്കെ, ‘രക്ഷ’ എന്ന കഥ താൻ പലവട്ടം വായിച്ചതിനെക്കുറിച്ചു പറഞ്ഞു. യാതൊരു മുൻപരിചയവുമില്ലാത്ത എന്നെ കേവലം ഒരു കഥ വായിച്ച് ഇഷ്ടപ്പെട്ടതിന്റെ പേരിൽ അന്വേഷിച്ചറിയുകയും തമ്മിൽ കാണാൻ അവസരമൊരുക്കുകയുംചെയ്തത് എന്നെ ആശ്ചര്യപ്പെടുത്തി. ‘രക്ഷ’ എന്ന കഥ എന്തുകൊണ്ട് തന്നെ ആകർഷിച്ചുവെന്ന് ശ്യാം പറഞ്ഞില്ല. എന്നാൽ സംഭാഷണത്തിനിടയിൽ പറയാതെ പറഞ്ഞ ചിലതുണ്ടായിരുന്നു.
‘‘ഏറ്റവും തീവ്രമായി ദുഃഖഭാവം തീർക്കാനാവുന്ന രാഗമേതാവും?’’ രക്ഷ മനസ്സിൽ വെച്ചുകൊണ്ടായിരുന്നു എന്നോടുള്ള ശ്യാമപ്രസാദിന്റെ ചോദ്യം.
‘‘ശുഭപന്തുവരാളി’’,
സംശയലേശമന്യെ ഞാൻ പറഞ്ഞു.
‘‘എന്തുകൊണ്ടാണ് അത്തരമൊരു നിഗമനത്തിലെത്തിയത്?’’
മറ്റു ചില ദുഃഖരാഗങ്ങളെ സൂചിപ്പിച്ചുകൊണ്ട് ശ്യാം വീണ്ടും ചോദിച്ചു. ശുഭപന്തുവരാളിയുടെ സങ്കടം പ്രസരിപ്പിക്കാനുള്ള വിശേഷസ്വഭാവത്തെ ഒരു ആസ്വാദകന്റെ ദീർഘകാലത്തെ കേൾവി സാധകത്തിന്റെ നിഗമനത്തിൽ ഞാൻ വിശദീകരിക്കാൻ ശ്രമിച്ചു. അത് അദ്ദേഹത്തിന് ബോധ്യമായിക്കാണണം.
അപ്പോഴാണ് ശ്യാമപ്രസാദ് തന്റെ മനസ്സിലുള്ള പുതിയ സിനിമയുടെ തിരക്കഥാ രചനക്ക് എന്നെ ക്ഷണിക്കുന്നത്. തിരക്കഥാ രംഗത്ത് മുൻപരിചയമോ അറിവോ ഇല്ലാത്ത ഞാൻ അതിനു യോഗ്യനല്ലെന്ന് അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, താൻ അത്തരമൊരാളെയാണ് കാത്തിരുന്നത് എന്നാണ്. ‘‘െപ്രാഫഷനലല്ലാത്ത ഒരാൾ. വ്യവസ്ഥാപിത രീതിയിൽ അല്ലാതെ, പ്രത്യേക ഫോർമാറ്റിലല്ലാതെ എഴുത്തുകാരന്റെ മനസ്സിൽ രൂപപ്പെടുന്ന രീതിയിൽ എഴുതുന്ന ഒരു തിരക്കഥാരൂപമാണ് എനിക്കു വേണ്ടത്. ‘രക്ഷ’ എന്ന കഥപോലെ എഴുതപ്പെടുന്ന ഒരു തിരക്കഥയാണ് ഞാൻ ആഗ്രഹിക്കുന്നത്. അതെഴുതാൻ താങ്കൾക്ക് കഴിയും എന്ന വിശ്വാസം എന്നിൽ രൂപപ്പെട്ടത് താങ്കളുടെ കഥ വായിച്ചപ്പോഴാണ്.’’
തിരക്കഥാ രചനയോട് ഒരിക്കലും പ്രതിപത്തി കാണിച്ചിട്ടില്ലാത്ത ഞാൻ താൽപര്യക്കുറവ് പ്രകടിപ്പിച്ചിട്ടും ശ്യാം അതവഗണിച്ച് തിരക്കഥ എഴുതാൻ എന്നെ ഏൽപിക്കാൻ നിശ്ചയിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘തിരക്കഥ നമുക്കിരുവർക്കും ചേർന്നെഴുതാം. സിനിമയിൽ താങ്കളുടെ പേര് ആദ്യം കാണിക്കും. തക്കതായ പ്രതിഫലവും നൽകും.’’
ആദ്യത്തെ കൂടിക്കാഴ്ചയിൽത്തന്നെ ആ ഉന്നത കലാകാരൻ, എഴുത്തുകാരൻ എന്ന നിലയിൽ എനിക്കു തന്ന ബഹുമാനവും വിശ്വാസവും, അദ്ദേഹത്തോട് മറുത്തു പറയുന്നതിൽനിന്നും എന്നെ വിലക്കി. അപ്പോൾത്തന്നെ അദ്ദേഹം തന്റെ ഫ്ലാറ്റിൽനിന്നും ഒരു പുസ്തകം എടുത്തു കൊണ്ടുവന്നു. അത് സുനിൽ ഗംഗോപാധ്യായയുടെ ‘ഹീരക് ദീപ്തി’ എന്ന ബംഗാളി നോവലിന്റെ മലയാള പരിഭാഷയായിരുന്നു. മനസ്സില്ലാമനസ്സോടെ പുസ്തകം വാങ്ങി ഞാൻ മടങ്ങി.
ഇക്കാര്യത്തിൽ തുടർന്നുണ്ടായ കാര്യങ്ങൾ ‘രക്ഷ’ കഥയുമായി ബന്ധമില്ലാത്തവയാകയാൽ അവ ഇവിടെ പരാമർശിക്കുന്നില്ല. മാതാപിതാക്കളുടെ രോഗാവസ്ഥകളും ഔദ്യോഗികമായ ബദ്ധപ്പാടുകളും ഒന്നിച്ചുവന്ന് തിരക്കഥാ രചനയുമായി മുന്നോട്ടു പോകാൻ കഴിയാതാക്കിയ സാഹചര്യം ഞാൻ ശ്യാമിനെ അറിയിക്കുകയും അക്കാര്യത്തിൽനിന്നും പിൻവാങ്ങുകയുംചെയ്തു.
പിന്നീട് ശ്യാമപ്രസാദ്, ‘ഹീരക് ദീപ്തി’ നോവൽ ‘ഒരേ കടൽ’ എന്ന പേരിൽ ചലച്ചിത്രമാക്കി. ആ സിനിമ കണ്ടപ്പോൾ രണ്ട് കാര്യങ്ങൾ എന്നെ അത്ഭുതപ്പെടുത്തി. ഒന്ന്, കടപ്പാട് രേഖപ്പെടുത്തപ്പെട്ടവരുടെ കൂട്ടത്തിൽ എന്റെ പേരും ഉണ്ടായിരുന്നു എന്നത്. മറ്റൊന്ന്, ആ സിനിമയിലെ നാലു പാട്ടുകളും പശ്ചാത്തല സംഗീതവും പൂർണമായും ശുഭപന്തുവരാളി രാഗത്തിലായിരുന്നു എന്ന കാര്യം. സംഗീത സംവിധായകൻ ഔസേപ്പച്ചൻ പറഞ്ഞത്, അത് സംവിധായകന്റെ നിർബന്ധമായിരുന്നു എന്നാണ്. മനുഷ്യമനസ്സുകളെ ആഴങ്ങളിലേക്ക് വലിച്ചുകൊണ്ടു പോകുന്നതും പല ഭാവങ്ങളും വിരിയിക്കാൻ പ്രാപ്തമായതുമായ രാഗമാണ് ശുഭപന്തുവരാളി എന്നും.
പണ്ടെന്നോ പരിചയപ്പെട്ട, വിഷാദമുറ്റിനിന്ന കണ്ണുകളുള്ള യുവതിയുടെ അവ്യക്തമായ ഓർമകളാണ് ‘രക്ഷ’ എഴുതുമ്പോൾ എനിക്കു മുന്നിൽ ഉണ്ടായിരുന്നത്. തീവ്രവിഷാദത്തിന്റെ സമ്മർദം പങ്കുവെക്കാൻ വെമ്പിയ മനസ്സായിരുന്നെങ്കിലും മൂടിവെച്ച സ്വകാര്യതകൾ മറ്റൊരാളുടെ മുന്നിൽ തുറക്കാൻ അവൾ തുനിഞ്ഞില്ല. ആത്മഹത്യാ പ്രവണതകൾ ഉണരുന്നത് രാത്രിയുടെ ഏകാന്തതകളിലാണെന്ന് അവൾ എപ്പോഴോ പറഞ്ഞിരുന്നു.
അത്തരമൊരു വിഫല ശ്രമത്തിന്റെ അടയാളം കൈത്തണ്ടയിൽ കാണിച്ചപ്പോളുണ്ടായ നടുക്കത്തിനുശേഷം ചില രാത്രിയാമങ്ങളിൽ ഉറക്കത്തെ പിടിച്ചുനിർത്തി ഭയപ്പെടുത്തുന്ന ഒരു ഫോൺകാൾ ശബ്ദത്തെ ഉത്കണ്ഠയോടെ പ്രതീക്ഷിച്ചിരുന്നിട്ടുണ്ട് ഞാൻ. ‘രക്ഷ’യിലെ അനുജയാവട്ടെ, എന്തിനെന്നറിയാതെ കരച്ചിൽ വരുന്നവളായിരുന്നു. വിഷാദ ഈണങ്ങൾ കേൾക്കുമ്പോൾ ഇടനെഞ്ചിൽ സങ്കടം തിങ്ങിനിറഞ്ഞിട്ടും കരയാനാവാതെ വിമ്മിട്ടപ്പെട്ടവളായിരുന്നു. ബഗുളപഞ്ചമി നാളിൽ, ത്യാഗരാജ സ്വാമികളുടെ സമാധിദിനത്തിൽ, രാത്രി കാവേരി നദിക്കരയിലെ കൽപ്പടവിൽ വിനയനോടൊപ്പമിരുന്നപ്പോൾ അനുജ കേട്ടത് ത്യാഗരാജോത്സവ വേദിയിൽനിന്നും ഒഴുകിവന്ന ശുഭപന്തുവരാളി രാഗത്തിലെ കീർത്തനമായിരുന്നു. കുളിർകാറ്റിൽ നൊമ്പരം നിറച്ച ആ വിഷാദരാഗം അവളെ അസ്വസ്ഥയാക്കി. വിഷണ്ണതയിൽ മുറുകിവന്ന സമ്മർദം, മരണഗന്ധം പരത്തി വന്ന ആ രാത്രി തീരുംവരെ പൊട്ടാതെ പിടിച്ചുനിർത്താൻ ശ്വാസം പിടിച്ചിരുന്നു വിനയചന്ദ്രൻ...
‘രക്ഷ’ എന്ന ചെറുകഥ, ശുഭപന്തുവരാളി എന്ന രാഗസ്വരൂപത്തെ തിരിച്ചറിയാൻ ഇടനൽകിയിട്ടുണ്ടെങ്കിൽ അത് ധന്യതയാണ്. ഒരു സംഗീതജ്ഞനെ ആരാധിക്കാൻ മാത്രമായി അദ്ദേഹത്തിന്റെ സമാധി മണ്ണിൽ ക്ഷേത്രം ഉണ്ടാവുന്നതും, അവിടെ പ്രതിഷ്ഠിച്ച ത്യാഗ ബ്ര ഹ്മ വിഗ്രഹത്തിൽ സംഗീതപൂജ ചെയ്യുന്നതും വർഷം തോറും അദ്ദേഹത്തിന്റെ സമാധിദിനത്തിൽ ഒരു ഗ്രാമം സമ്പൂർണമായി സ്വയം സമർപ്പിച്ച് രാപ്പകൽ നീണ്ട അഖണ്ഡ സംഗീതാർച്ചന അനുഷ്ഠിക്കുന്നതും, നാടിന്റെ നാനാ ഭാഗങ്ങളിൽനിന്ന് വലുപ്പച്ചെറുപ്പമില്ലാതെ വന്നെത്തുന്ന സംഗീതജ്ഞരും വാദ്യോപകരണ കലാകാരന്മാരും മുഖാമുഖമിരുന്ന് ഉപാസന നടത്തുന്നതും ലോകത്ത് ആദ്യമാണ്. ഇക്കാര്യങ്ങൾ രേഖപ്പെടുത്തിവെക്കണമെന്ന എന്റെ ആഗ്രഹവും സഫലമായി.
മുൻകാലങ്ങളിൽ ഏറെ േപ്രക്ഷകർ കേൾക്കുമായിരുന്ന അഖില കേരള റേഡിയോ നാടകോത്സവങ്ങൾ പ്രസിദ്ധങ്ങളായിരുന്നല്ലോ. അതിൽ, കേരളത്തിലെ എല്ലാ റേഡിയോ നിലയങ്ങളും പങ്കെടുക്കുകയും അവരവരുടേതായ പ്രത്യേകം നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഏറെ പരസ്യംചെയ്തും പ്രമുഖരായ കലാകാരന്മാരെ പങ്കെടുപ്പിച്ചും മത്സരബുദ്ധിയോടെ അവതരിപ്പിച്ചിരുന്ന ആ നാടകങ്ങൾ ഓരോ നിലയവും തങ്ങളുടെ അന്തസ്സിന്റെയും അഭിമാനത്തിന്റെയും കലാമികവിന്റെയും പ്രകടനമായി കണക്കാക്കിയിരുന്നു. അതവർക്ക് ആദരവും ബഹുമതിയും നേടിക്കൊടുത്ത പരിപാടിയുമായിരുന്നു. 2015ൽ ആകാശവാണി നാടകോത്സവങ്ങൾ നടത്താൻ നിശ്ചയിച്ചപ്പോൾ കൊച്ചി നിലയത്തിനുവേണ്ടി ഒരു മണിക്കൂർ നാടകം രചിക്കാൻ, മുൻ കാലങ്ങളിൽ ഇത്തരം സന്ദർഭങ്ങളിൽ നാടകങ്ങൾ രചിച്ചിട്ടുള്ള കാര്യം അറിയുന്ന സ്റ്റേഷൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാൽ എന്നോട് ആവശ്യപ്പെടുകയുണ്ടായി. ‘രക്ഷ’ എന്ന കഥ ഞാൻ ആകാശവാണി നാടക ടീമിന് വായിക്കാനായി നൽകി. അതവർക്ക് ഇഷ്ടപ്പെട്ടതോടെ അതിന്റെ റേഡിയോ രൂപാന്തരം തയാറാക്കാൻ എന്നെ ഏൽപിച്ചു. സിനിമാ നടൻ സിദ്ദീഖും നടി മുത്തുമണിയും എം. തങ്കമണിയും ഉൾെപ്പടെയുള്ള കലാകാരന്മാർ ശബ്ദം നൽകിയ ആ റേഡിയോ നാടകത്തിന്റെ സംവിധാനം അകാലത്തിൽ അന്തരിച്ച ജി. ഹിരണും ശ്രീകുമാർ മുഖത്തലയും ചേർന്നു നിർവഹിച്ചു. കൈതപ്രം വിശ്വനാഥനായിരുന്നു സംഗീത സംവിധായകൻ.
നാടകത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കുന്ന വേളയിലും സംവിധായകർ എന്നെ പങ്കെടുപ്പിച്ചു. അത് സംഗീത സംവിധായകൻ ദീപാങ്കുരന്റെ എറണാകുളത്തെ ഫ്ലാറ്റിലെ സ്റ്റുഡിയോയിലായിരുന്നു. പ്രക്ഷേപണം കഴിഞ്ഞതോടെ നാടകത്തിന് േശ്രാതാക്കളുടെ അഭൂതപൂർവമായ അഭിപ്രായം നേടിയെടുക്കാൻ കഴിഞ്ഞു. പ്രക്ഷേപണപ്പിറ്റേന്ന്, ‘രക്ഷ’ ഒരുക്കിയ കലാകാരന്മാരോട് നേരിട്ട് സംസാരിക്കാൻ േശ്രാതാക്കൾക്ക് അവസരമൊരുക്കി ആകാശവാണി. ഒട്ടേറെപ്പേർ പങ്കെടുത്ത ആ പരിപാടിയിൽ ആളുകളുടെ ബാഹുല്യം നിമിത്തം നിരവധിപേർക്ക് അഭിപ്രായപ്രകടനത്തിന് അവസരം കിട്ടാതെ പോയി. അന്നു വൈകീട്ട് സിദ്ദിഖ് പറഞ്ഞു, ഈ നിമിഷംവരെ എന്റെ ഫോണിന് വിശ്രമമുണ്ടായിട്ടില്ല. വേണ്ടപോലെ ഭക്ഷണം കഴിക്കാൻപോലും കഴിഞ്ഞിട്ടില്ല...
ഒന്നു രണ്ടു വർഷങ്ങൾ കഴിഞ്ഞുകാണും. ഒരുദിവസം ഞാനൊരു സാംസ്കാരിക സമ്മേളനത്തിൽ സംസാരിച്ച് വേദിയിൽനിന്നിറങ്ങിയപ്പോൾ രണ്ടു സ്ത്രീകൾ അടുത്തുവന്നു ചോദിച്ചു –‘രക്ഷ’ റേഡിയോ നാടകമെഴുതിയ ഇ.പി. ശ്രീകുമാർ ആണോ താങ്കൾ? ‘അതെ’ എന്നു പറഞ്ഞപ്പോൾ അവർ പരസ്പരം നോക്കി. വർഷങ്ങൾക്കുശേഷമുള്ള ആ തിരിച്ചറിയൽ ഒരു കഥയുടെ പേരിലല്ല, റേഡിയോ നാടകത്തിന്റെ പേരിലായിരുന്നു എന്നത് അത്ഭുതമുണ്ടാക്കി.
‘‘നാടകം കേട്ടിരുന്നോ?’’ ഔപചാരികതക്കുവേണ്ടി ഞാൻ ചോദിച്ചു.
‘‘ദിവസവും കേൾക്കുന്നുണ്ട്.’’ അവരിലൊരാൾ മറുപടി പറഞ്ഞു.
എനിക്കതു മനസ്സിലായില്ല. ‘‘ദിവസവും?’’
‘‘അതെ. ഒരു വർഷമായി കേൾക്കുന്നുണ്ട്. ആകാശവാണിയിൽ നിന്നെടുത്ത പകർപ്പ് ഫോണിലിട്ടു കേൾക്കുന്നു.’’
ഞാൻ ആശ്ചര്യപ്പെട്ടു നിൽക്കെ അവർ നടന്നു മറഞ്ഞു.
പിന്നീടൊരിക്കൽ ആകാശവാണിയിലെ ശ്രീകുമാർ മുഖത്തലയോടു സംസാരിക്കാനിടവന്നപ്പോൾ ഞാൻ ഈ സംഭവം പറഞ്ഞു. അദ്ദേഹമാണ് മായയെ എനിക്ക് പരിചയപ്പെടുത്തിയത് – ‘‘മായ, ‘രക്ഷ’ നാടകത്തിന്റെ ഓഡിയോ പകർപ്പ് ആവശ്യപ്പെട്ട് നിരന്തരം ബന്ധപ്പെട്ടിരുന്നു. ആകാശവാണിയിൽ നിരവധിതവണ നേരിട്ടു വന്നു. അങ്ങനെ അവർ ആകാശവാണിയിലെ സ്റ്റാഫുമായി സൗഹൃദം സ്ഥാപിച്ചു. ഒടുവിൽ ഒരു േശ്രാതാവിന്റെ സോദ്ദേശ്യകരമായ ആവശ്യം എന്ന നിലയിൽ ഞങ്ങളത് അനുവദിച്ചു.’’ ഞാൻ പറഞ്ഞു – ‘‘നാടകം ഞാനും ആവശ്യപ്പെട്ടിരുന്നതാണ്. ‘രക്ഷ’ ഉൾപ്പെടുന്ന ‘പരസ്യശരീരം’ കഥാസമാഹാരത്തിന് അവതാരിക എഴുതിയ ആഷാമേനോൻ നാടകം കേൾക്കാൻ ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടിയാണ് ഞാൻ ചോദിച്ചത്.’’
തുടർന്ന് ശ്രീകുമാർ മുഖത്തല പറഞ്ഞതനുസരിച്ച് മായ റേഡിയോ നാടകം എനിക്ക് അയച്ചുതരികയായിരുന്നു. പിന്നീട് മായയുമായി സംസാരിക്കാൻ അവസരം കിട്ടിയപ്പോഴാണ് രചയിതാവ് എന്ന നിലയിൽ എന്നെ അത്ഭുതപ്പെടുത്തിയ വിവരങ്ങളറിയാൻ കഴിഞ്ഞത്. മായ പറഞ്ഞു–
‘രക്ഷ’ നാലുതവണ റേഡിയോവിൽ പുനഃപ്രക്ഷേപണംചെയ്തതു കേട്ടു മതിവരാതെയായിരുന്നു ഓഡിയോ കോപ്പിക്കായി ആകാശവാണിയെ സമീപിച്ചത്. ഒരു കൊല്ലം നിരന്തരമായി ആവശ്യപ്പെട്ടിട്ടാണ് അവസാനം എനിക്കതു ലഭ്യമായത്. പിന്നീട് എന്നും ഞാനാ നാടകം കേട്ടു. എനിക്കത് ഊർജ പ്രദായനിയായിരുന്നു. വല്ലാത്തൊരു മോട്ടിവേഷനായിരുന്നു അത് നൽകിയത്. രക്ഷയുടെ ഓരോ കേൾവിയിലും എന്നിൽ പോസിറ്റിവ് എനർജി ഇരച്ചുകയറി. അത് എന്നിൽ വളർന്നു വലുതായിക്കൊണ്ടിരുന്ന വിഷാദത്തെ അൽപാൽപമായി തുടച്ചുനീക്കി. ഓരോ കേൾവിയും റിലീഫ് ആയിരുന്നു. (Catharsis എന്ന വാക്കാണ് മായ ഉപയോഗിച്ചത്.) ഞാനത് സുഹൃത്തുക്കൾക്കൊക്കെ അയച്ചുകൊടുത്തു. അതിന്റെ, ‘‘സാന്ത്വന മന്ത്രം രക്ഷ... അതിജീവന മന്ത്രം രക്ഷ...’’ എന്ന ടൈറ്റിൽ സോങ് ഫോണിൽ കോളർ ട്യൂണാക്കി. വർഷങ്ങളിലെ തുടർച്ചയായ കേൾവിയിൽ എനിക്കാ നാടകം ഹൃദിസ്ഥമായി. ഒരിക്കൽപ്പോലും അത് മടുത്തില്ല. അതിന്നും പുതുമയോടെ ഞാനാസ്വദിക്കുന്നു.’’
ഇന്നും അവരത് കേൾക്കുന്നുണ്ടാകും.