കശ്മീർ വിനോദം

മലയാളത്തിന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ഇ.പി. ശ്രീകുമാർ തന്റെ കഥകളിലേക്ക് പിൻനടക്കുകയാണ്. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു. ‘‘വിനോദയാത്രക്ക് സംഘാംഗങ്ങൾ നിർദേശിച്ചത് കശ്മീർ ആയിരുന്നു. രണ്ടു മൂന്നു വർഷം കൂടുമ്പോളാണ് ഞങ്ങൾ ഒരു ദീർഘയാത്രക്ക് പോകാറ്.’’ രസാലനോടും എന്നോടുമായി രാധാകൃഷ്ണ ഷേണായി പറഞ്ഞു. ഞങ്ങൾ മൂന്ന് അയൽവാസികൾ ഒരു പൊതുപ്രശ്നത്തിന്‍റെ പരിഹാരം തേടിയുള്ള സഞ്ചാരത്തിലായിരുന്നു. കാർ ഓടിക്കുന്നതിനിടക്കാണ് രാധാകൃഷ്ണൻ ആ അനുഭവം പറഞ്ഞത്. വിനോദത്തിനായുള്ള യാത്ര വിഷാദത്തിലേക്കും,...
Your Subscription Supports Independent Journalism
View Plansമലയാളത്തിന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ഇ.പി. ശ്രീകുമാർ തന്റെ കഥകളിലേക്ക് പിൻനടക്കുകയാണ്. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു.
‘‘വിനോദയാത്രക്ക് സംഘാംഗങ്ങൾ നിർദേശിച്ചത് കശ്മീർ ആയിരുന്നു. രണ്ടു മൂന്നു വർഷം കൂടുമ്പോളാണ് ഞങ്ങൾ ഒരു ദീർഘയാത്രക്ക് പോകാറ്.’’
രസാലനോടും എന്നോടുമായി രാധാകൃഷ്ണ ഷേണായി പറഞ്ഞു. ഞങ്ങൾ മൂന്ന് അയൽവാസികൾ ഒരു പൊതുപ്രശ്നത്തിന്‍റെ പരിഹാരം തേടിയുള്ള സഞ്ചാരത്തിലായിരുന്നു. കാർ ഓടിക്കുന്നതിനിടക്കാണ് രാധാകൃഷ്ണൻ ആ അനുഭവം പറഞ്ഞത്. വിനോദത്തിനായുള്ള യാത്ര വിഷാദത്തിലേക്കും, ജീവിതത്തിനും മരണത്തിനുമിടക്കുള്ള അവസ്ഥയിലേക്കും എത്ര വേഗത്തിലാണ് വഴിമാറിയതെന്നത് അമ്പരപ്പിക്കുന്നതായിരുന്നു. ആ സാഹസികമായ യാത്രാനുഭവം പറഞ്ഞ് അവസാനിപ്പിക്കും മുമ്പ് ഞങ്ങൾ വീടുകളിൽ തിരിച്ചെത്തിയപ്പോൾ എനിക്ക് നഷ്ടബോധം തോന്നി. ആ അനുഭവപ്പറച്ചിലിൽ അസാധാരണവും ശക്തവുമായൊരു കഥാബീജം ഒളിഞ്ഞിരിപ്പുണ്ടെന്ന് എനിക്കു തോന്നി. ഞാൻ ചോദിച്ചു: ‘‘രാധാകൃഷ്ണാ, ഒഴിവുള്ള ദിവസം
നമുക്കൊന്ന് ഇരുന്നാലോ?’’
ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുള്ള രസാലന് കാര്യം പെട്ടെന്നു പിടികിട്ടി.
‘‘വേണം. സാറിന് കഥക്ക് പറ്റുന്ന പ്രമേയമാണ്. വിശദമായി പറയണം രാധാകൃഷ്ണാ.’’
അങ്ങനെ ഞങ്ങൾ മൂന്നുപേർ എന്‍റെ വീട്ടിൽ ഒത്തുകൂടി. സ്വന്തം അനുഭവം പറയാൻ താൽപര്യമായിരുന്നു ഷേണായിക്ക്. കഥ പറയുന്നതിൽ പ്രത്യേക ചാതുരിയുണ്ട് അയാൾക്ക്. ശ്രദ്ധയോടെ കേട്ടിരുന്നുപോകും ആരും. അങ്ങനെ രാധാകൃഷ്ണൻ പറഞ്ഞുതുടങ്ങി, അവിചാരിതമായി ഉയർന്നുപൊങ്ങിയ നദീജലത്തിന്‍റെ മഹാപ്രവാഹത്തിൽ ജീവൻ കൈയിൽ പിടിച്ച് യാത്രാ സംഘത്തെ നയിച്ചതിന്‍റെ അതിസാഹസികവും ഭീതിദവുമായ അനുഭവം. ആർ. രാധാകൃഷ്ണ ഷേണായിയും സഹധർമിണി ജയശ്രീ ഷേണായിയും സുനിൽ, മുരുകൻ, ഉണ്ണി, രവി എന്നീ സ്നേഹിതരും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് മൊത്തം പതിനെട്ടുപേരുണ്ടായിരുന്നു കശ്മീർ യാത്രക്ക്. ബുക്ക് ചെയ്തിരുന്ന ഹോട്ടലുകാർതന്നെയാണ് സന്ദർശന പരിപാടികൾ ഏർപ്പെടുത്തിയതും.
ശ്രീനഗറിലെ ഹോട്ടൽ സുൽത്താനിൽ വൈകിട്ട് എത്തിച്ചേർന്നതോടെ മഴ തുടങ്ങി. കശ്മീർ കാഴ്ചകൾക്ക് ആരംഭം കുറിക്കാനുള്ള വെമ്പലോടെ അതിരാവിലെ ഉണർന്നപ്പോൾ പത്തടിയിലേറെ വെള്ളം കയറിയ കാഴ്ചയായിരുന്നു! റോഡ് പുഴയായി മാറിയിരുന്നു. സഞ്ചാരം മുടങ്ങുമെന്ന് ഉറപ്പായതോടെ എല്ലാവരും നിരാശരായി. ജലനിരപ്പ് വർധിച്ചുവന്നു. വെള്ളം ഹോട്ടലിന്‍റെ താഴെനിന്നും അതിവേഗം കോണിപ്പടികൾ കയറി. റോഡ് ഗതാഗതം പൂർണമായും നിലച്ചു. കറന്റില്ല. ഫോണും ടെലിവിഷനും നിശ്ചലമായി. പത്രങ്ങൾ എത്തിയില്ല. വാർത്താവിനിമയം ഇല്ലാതായി. എവിടെയും വെള്ളം മാത്രം. ഹോട്ടലിൽ പറഞ്ഞുകേട്ട വിവരങ്ങളും രാധാകൃഷ്ണൻ പങ്കുവെച്ചു. കടകൾ പലതും ഒലിച്ചുപോവുകയോ അവകളിൽ വെള്ളം കയറി സാധനങ്ങൾ നഷ്ടമാവുകേയാ ചെയ്തു. ശിക്കാര തുഴയാൻ പോയ യുവമിഥുനങ്ങളിൽ പലരെയും കാണാതായി. ഹൗസ് ബോട്ടിൽ പോയ ചിലരും മടങ്ങിവന്നില്ല...
കേട്ട വിവരങ്ങൾ വെച്ച് മനസ്സിൽ നാലു കഥാപാത്രങ്ങൾ രൂപം കൊണ്ടു. ശിക്കാര തുഴയാൻ പോയി കാണാതായ നജീമും നക്ഷത്രയും, ഹൗസ്ബോട്ടിൽ പോയ മജീദും ഫൈസയും. യഥാർഥത്തിൽ ഈ നാലുപേരെ കണ്ടെത്താനാവാതെ പോയത് കഥയിൽ മാത്രമാണ്. എന്തുചെയ്യണമെന്നറിയാതെ നിസ്സഹായരായി ഭയന്നു വിറച്ച് കഴിഞ്ഞ രണ്ടു രാത്രികളെക്കുറിച്ച് ഓർത്തെടുത്ത് ഷേണായി പറഞ്ഞു – ‘‘ഉറക്കം നഷ്ടപ്പെട്ട് ഇരുളിൽ കണ്ണുതുറന്ന് പതിനെട്ടുപേർ ഒരക്ഷരംപോലും സംസാരിക്കാനാവാതെ മഴയുടെയും ഇരച്ചുവരുന്ന വെള്ളത്തിന്‍റെയും ശബ്ദം ശ്രദ്ധിച്ച് കിടന്നു. അർധരാത്രി കഴിഞ്ഞപ്പോൾ വ്യക്തമല്ലാത്ത ഒരു മൈക്ക് അനൗൺസ്മെന്റ് കേട്ടു. അടുത്തെവിടെയോനിന്ന് കൂട്ടനിലവിളി ഉയർന്നു. മുകളിലെ നിലയിൽനിന്നും പുറത്തേക്ക് നോക്കിയപ്പോൾ നാട്ടുവെളിച്ചത്തിൽ സമീപത്തെ കെട്ടിടം തകർന്നുവീഴുന്നത് കണ്ടു. തുടർന്ന് അൽപമകലെയുള്ള കെട്ടിടത്തിന്‍റെ മട്ടുപ്പാവിൽനിന്ന് അലറിക്കരഞ്ഞ സ്ത്രീകളെയും കുട്ടികളെയും ഒരു ഹെലികോപ്ടറിൽ രക്ഷപ്പെടുത്തുന്ന അപൂർവ ദൃശ്യവും കാണായി. സൂര്യനുദിക്കാൻ പ്രാർഥിച്ചു കിടക്കുമ്പോളാണ് ഞങ്ങൾ താമസിക്കുന്ന ഹോട്ടലിന്‍റെ തന്നെ ഒരു ഭാഗം ഇടിഞ്ഞുവീഴുന്നത്.’’
‘‘അന്ന് ശ്രീനഗറിൽ കണ്ട കെട്ടിടങ്ങളിൽ ഭൂരിഭാഗവും പഴയതും ഉറപ്പില്ലാതെ പണിതവയുമായിരുന്നു. ബെൽറ്റ് വാർത്തും ബീം പണിതും നിർമിച്ചവയല്ല. വാർക്കാതെ മേൽത്തട്ട് ജി.ഐ ഷീറ്റിട്ട് പണിതവ. പരമാവധി കുറഞ്ഞ മുതൽമുടക്കിൽ നടത്തുന്ന ടൂറിസം ബിസിനസ്. എപ്പോഴാണ് ഞങ്ങൾ താമസിക്കുന്ന ഹോട്ടൽ ഇടിഞ്ഞുവീഴുക എന്ന ആശങ്കയായിരുന്നു എപ്പോഴും. പിന്നീടുണ്ടായത് അതിദുസ്സഹമായ ഒരു അവസ്ഥയാണ്. കക്കൂസുകൾ പ്രവർത്തനക്ഷമമല്ലാതായി. ക്ലോസറ്റുകളിൽ വെള്ളം നിറഞ്ഞ് മാലിന്യം പുറത്തേക്കൊഴുകി. ഞങ്ങൾ വിഷമിച്ചു.’’
‘‘ഹോട്ടൽ സുൽത്താനിൽ തുടരാനാവില്ല എന്ന് ഉറപ്പിച്ച് ഞങ്ങൾ ഹോട്ടലുകാരുമായി ചർച്ചചെയ്തു. സുൽത്താനോടു ചേർന്ന് അവരുടെ തന്നെ പുതിയ കെട്ടിടം ‘ഹിമാലയ’യുടെ പണി നടന്നുകൊണ്ടിരിക്കുകയായിരുന്നു. സ്ട്രക്ചർ മാത്രം പൂർത്തിയായ പുതിയ കെട്ടിടത്തിലേക്ക് മാറിയാൽ ജീവൻ ഉറപ്പാക്കാം. പക്ഷേ, മുറികൾ തിരിച്ചിട്ടില്ല. മറ്റ് സൗകര്യങ്ങൾ ആയിട്ടില്ല. മാത്രമല്ല, രണ്ടു കെട്ടിടങ്ങൾ തമ്മിൽ പതിനഞ്ച് അടിയുടെ ദൂരവുമുണ്ട്. ഹോട്ടലുകാരാവട്ടെ ഭക്ഷ്യവസ്തുക്കൾ തീർന്നുവരുന്നതിന്‍റെ അങ്കലാപ്പിലായിരുന്നു. പുറത്തിറങ്ങാൻ നിവൃത്തിയില്ല. വെള്ളംകയറിക്കൊണ്ടേയിരുന്നു...’’
‘‘എങ്ങനെ ഹോട്ടൽ ഹിമാലയയിലേക്ക് കടക്കും എന്ന ചിന്തയിലായി ഞങ്ങൾ’’, രാധാകൃഷ്ണ ഷേണായി പറഞ്ഞു. ‘‘അല്ലാത്തപക്ഷം പിറകിലുള്ള ഇപ്പോഴത്തെ ഹോട്ടലിൽ മറഞ്ഞുകിടന്ന് ആരുടെയും ശ്രദ്ധയിൽപെടാതെ ഞങ്ങളെല്ലാവരും അവസാനിച്ചുപോകും. ഹോട്ടലിന്‍റെ മട്ടുപ്പാവിൽ ഉപേക്ഷിച്ചിരുന്ന കെട്ടിടനിർമാണ സാമഗ്രികളിൽനിന്നും പൈപ്പുകളും പട്ടികക്കഷ്ണങ്ങളും കയറും ഉപയോഗിച്ച് ഒരു കോണിയുണ്ടാക്കി. ഞങ്ങൾ കഴിയുന്ന ഹോട്ടലിന്‍റെ മുകളിലെ നിലയിൽനിന്ന് ഹിമാലയയുടെ രണ്ടാം നിലയിലേക്ക് കോണി ചരിച്ചുവെച്ചു. അതിസാഹസികമായിട്ടാണ് മുരുകൻ, ഉണ്ണി എന്നീ സംഘാംഗങ്ങളുടെ എഴുപത്തിരണ്ടുകാരി അമ്മയടക്കം എല്ലാവരേയും സാധനസാമഗ്രികളോടെ ഏണിപ്പടികൾ ഇറക്കി താഴെ എത്തിച്ചത്. കോണി ഒടിഞ്ഞാൽ, കാലുതെറ്റിയാൽ വീഴ്ച രണ്ടു കെട്ടിടങ്ങൾക്കിടക്ക് ഇരുപത്തഞ്ചടിയിലേറെ ഉയർന്നുനിന്ന വെള്ളപ്പരപ്പിലേക്കായിരിക്കും. അമ്മയെ ഞങ്ങൾ ചെറുപ്പക്കാർ എടുത്തിറക്കുകയായിരുന്നു.’’
‘‘ഹിമാലയയുടെ രണ്ടാം നിലക്കൊപ്പം ഉയർന്ന വെള്ളത്തിലൂടെ ചില ചെറുപ്പക്കാർ ചെറുവഞ്ചികളിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ടായിരുന്നു. ഞങ്ങൾ അവരെ ഉറക്കെ വിളിച്ച് സഹായം അപേക്ഷിച്ചുകൊണ്ടിരുന്നു. മലകളും പാറകളും ഇടിഞ്ഞുവീണതിന്‍റെയും ഉരുൾപൊട്ടിയതിന്‍റെയും ലക്ഷണങ്ങൾ തണുത്തുറഞ്ഞ ഒഴുക്കുവെള്ളത്തിൽ കാണാമായിരുന്നു. ഒടുവിൽ ഒരു കൊതുമ്പുവള്ളം സഹായസന്നദ്ധമായി അടുത്തുവന്നു. അതിലെ യുവാവ് നിബന്ധനകൾ പറഞ്ഞു –ഒരു സമയം രണ്ടുപേർക്കേ കയറാനൊക്കൂ. ലഗേജ് പാടില്ല. ഈ ശക്തമായ ഒഴുക്കിൽ കരയോടു ചേർന്നുതന്നെ ഇറക്കാനാവുമെന്നു തോന്നുന്നില്ല. നിങ്ങളെയെല്ലാവരേയും ഒരേ ഇടത്തു തന്നെ എത്തിക്കാനാവുമെന്നും ഉറപ്പില്ല. ഏതു നിമിഷവും മറിഞ്ഞുപോകുമെന്നു തോന്നിച്ച നൗകയിൽ ജീവൻ കൈയിൽ പിടിച്ച് ഒമ്പതു പ്രാവശ്യംകൊണ്ടാണ് പതിനെട്ടുപേരെയും കരക്കടുത്ത് എത്തിച്ചത്. കുത്തിയൊഴുകുന്ന നദിയിൽ ജഡങ്ങളും വൻവൃക്ഷങ്ങളും പെട്ടിക്കടകളുമെല്ലാം ഒഴുകിനടക്കുന്നത് ഞങ്ങൾ കണ്ടു...’’
ഷേണായി പറഞ്ഞ അനുഭവം കഥയാവുകയായിരുന്നു. എന്നാൽ, സമാന്തരമായി എന്‍റെ മനസ്സിൽ ‘ഝലം’ എന്ന അതിശക്തമായ കഥാപാത്രം രൂപംെകാള്ളുകയുമായിരുന്നു. അതിന്‍റെ പശ്ചാത്തലം കശ്മീരിന്‍റെ രാഷ്ട്രീയമായിരുന്നു. ഭരണഘടനാ അനുച്ഛേദം 370 പിൻവലിച്ചതിനെ തുടർന്ന് കശ്മീർ ജനതയുടെ സ്വത്വനഷ്ടത്തിന്‍റെ നിശ്ശബ്ദ പ്രതിഷേധം രാധാകൃഷ്ണനിലൂടെ ഞാൻ കേട്ടു. ഭൂമി, വിദ്യാഭ്യാസം, തൊഴിൽ അവകാശങ്ങൾ തുടങ്ങിയവ ഇല്ലാതായ കശ്മീർ പൗരന്മാരുടെ അമർഷം ഞാൻ കണ്ടു. സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശം, സുരക്ഷ, യാത്രാ സ്വാതന്ത്ര്യം... നഷ്ടങ്ങളുടെ നീണ്ട പട്ടിക എനിക്ക് മുന്നിൽ തെളിഞ്ഞു. ഭീകരപ്രവർത്തനങ്ങളുടെ ആധിക്യം തടയാൻ ചുമതലപ്പെട്ട എന്‍റെ അമിതാധികാരം, കർഫ്യൂവും ലോക്ഡൗണും ബാരിക്കേഡുകളും മുള്ളുവേലികളും കവചിത പട്ടാള വണ്ടികളും റോഡിൽ നിറഞ്ഞ ഭടന്മാരുമായി പരന്നുകിടന്നു.
അക്രമം, ബലപ്രയോഗം, അന്യായമായി തടങ്കലിൽ പാർപ്പിക്കൽ, ചില പ്രത്യേക സമുദായക്കാരെ സംശയത്തോടെ സമീപിക്കുന്ന നയം... എല്ലാം ലോകമപ്പോൾ ചർച്ചചെയ്യുകയായിരുന്നു. ആ സാഹചര്യത്തിൽ, വിനോദയാത്രക്കെത്തിയ റാനെയും മുംതാസിനെയും തീവ്രവാദികളായി കണ്ട് ബി.എസ്.എഫ് ചോദ്യംചെയ്യുന്നത് കഥയിൽ എനിക്ക് എഴുതാതിരിക്കാനാവില്ലായിരുന്നു, റാനെ കാരണമില്ലാതെ പിടിച്ചുവെച്ചതും. അവർ, ആ അവസ്ഥ നേരിട്ട അനേകരുടെ പ്രതിനിധികളായിരുന്നു. അന്യായങ്ങൾ ചോദ്യംചെയ്യാൻ ശബ്ദമൊന്നുപോലും ഉയരാതെ വന്നപ്പോൾ ഝലം സ്വയം പോരാളിയാവുകയായിരുന്നു, എന്‍റെ മനസ്സിൽ. അതാണ് ജലത്തിന് ജീവനുണ്ടെന്ന കഥയുടെ തുടക്കം. പ്രവചനാതീതമായ ദിശാമാറ്റങ്ങളുടെ ഒളിപ്പിച്ചുവെച്ച പൊരുളുകൾ ഝലത്തിന്‍റെ ആയുധമായി.

വളരെ ചെറിയൊരു വാർത്തയായിട്ടാണ് അക്കാര്യം പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. നദിയുടെ ഒഴുക്ക് ബലമായി തടഞ്ഞ് അണകെട്ടി നദിയെ വഴിതിരിച്ചുവിട്ടത് അയൽക്കാരോടുള്ള ശത്രുതകൊണ്ടായിരുന്നു. നദിയുടെ മേലുള്ള ബലപ്രയോഗത്തിന് വലിയ വിലകൊടുക്കേണ്ടി വരും. പ്രകൃതിശക്തിയെ കുറച്ചു കണ്ടതുതന്നെ മടയത്തം. ശത്രുവിനായാലും കുടിവെള്ളം നിഷേധിക്കുന്നതിലും വലിയ പാതകമില്ല. പുഴയൊഴുക്കു ചാൽ വരണ്ടു കിടക്കുന്നതു നോക്കി ഒരു സമൂഹം ദാഹജലത്തിനായി കേണത് നദി കേട്ടിരിക്കും. കാലങ്ങളായി തുടരുന്ന മഹാനദിയുടെ യാത്രയെ തടഞ്ഞുനിർത്താനും വഴിമാറ്റി വിടാനും ആർക്കാണധികാരം? വെള്ളത്തിന്‍റെ ഉടമസ്ഥാവകാശി ആര്? കഥയിൽ ഝലം ഒഴുക്കുവഴിയിലെ തടഭിത്തി തകർത്തു. ദിശ മാറി, വിലക്കിയ പഴയ ചാലിലേക്ക് തിരിച്ചൊഴുകി.
തുടർന്ന് രാധാകൃഷ്ണൻ പറഞ്ഞത്, ‘‘അതിഥി ദേവോ ഭവഃ’’ എന്ന തത്ത്വത്തിൽ വിശ്വസിച്ചിരുന്ന കാർപറ്റ് കച്ചവടക്കാരൻ നഷാക്കിനെക്കുറിച്ചാണ്. നഷാക്ക് എന്ന് കഥയിൽ പറഞ്ഞത് അയാളുടെ ബിസിനസ് ‘േട്രഡ് നേം’ ആണെന്നും യഥാർഥ പേര് സമീർ എന്നാണെന്നും ഷേണായി പറഞ്ഞു. – ‘‘അതിഥികളെ തേടി ഇറങ്ങിയ സമീർ ഞങ്ങളെ അദ്ദേഹത്തിന്‍റെ കൊട്ടാരസമാനമായ വീട്ടിൽ സകലവിധ സൗകര്യങ്ങളോടെയും താമസിപ്പിച്ചു. വെള്ളപ്പൊക്കത്തിൽ ആശ്രയമില്ലാതായ അമ്പതോളം സ്ത്രീ-പുരുഷന്മാരും അടുത്തടുത്ത മുറികളിൽ സമീറിന്‍റെ അതിഥികളായി ഉണ്ടായിരുന്നു. ആപദ് ഘട്ടത്തിൽ രക്ഷകരാവാൻ കാത്തുനിന്ന കുടുംബം നമുക്കെല്ലാം അത്ഭുതമായിരിക്കും. ഈ മട്ടിൽ അതിഥിസൽക്കാര കർമാനുഷ്ഠാനത്തിന് വെമ്പിനിന്നിരുന്നത് നിരവധി സമീറുമാരാണ്. അതിഥികൾ വർധിക്കുന്നത് തങ്ങളുടെ പുണ്യമാണെന്നു വിശ്വസിച്ച അവർ പറഞ്ഞത്, അത്രയുംപേരെ സഹായിക്കാൻ തങ്ങൾക്കവസരം കിട്ടുകയാണല്ലോ എന്നാണ്.’’
‘‘ഉടുവസ്ത്രം ഒഴികെ മറ്റെല്ലാം ഹോട്ടലിൽ ഉപേക്ഷിച്ചാണ് ഞങ്ങൾ കൊതുമ്പുവഞ്ചിയിൽ കയറി രക്ഷപ്പെട്ടത്. ആ തിരക്കിലെ വെപ്രാളത്തിൽ മുരുകന്‍റെ ഭാര്യ പേഴ്സ് എടുക്കാൻ വിട്ടുപോയി. അതിൽ കാൽലക്ഷത്തിലേറെ സംഖ്യയുണ്ടായിരുന്നു. എ.ടി.എം കൗണ്ടറുകൾ വെള്ളത്തിൽ ഒലിച്ചുപോയിരുന്നു. വെള്ളം കയറിയ തുണിക്കടയിൽനിന്നും അത്യാവശ്യ തുണിത്തരങ്ങൾ വാങ്ങിയപ്പോൾ ഉടമ പണം വാങ്ങിയില്ല. ‘‘ഞങ്ങൾ ചെയ്ത ഏതോ തെറ്റിന് അല്ലാഹു നൽകിയ ശിക്ഷയാണിത്. അനുഭവിച്ചേ തീരൂ’’ എന്നാണ് കടയുടമ പറഞ്ഞത്.
‘‘സമീറിന്‍റെ ചെലവിൽ സുഭിക്ഷമായ വാസം തുടർന്നപ്പോൾ ഞങ്ങൾക്ക് ലജ്ജ തോന്നി. കുറച്ചു ദിവസങ്ങൾക്കുേശഷം ഞങ്ങൾ സമീറിനെ ഒരുവിധം സമ്മതിപ്പിച്ച് ഒരു ഹോട്ടലിലേക്ക് മാറി. ഹോട്ടലുകാരും ഞങ്ങളോട് പണം വാങ്ങിയില്ല. പള്ളികളിലും സ്കൂളുകളിലും സൗജന്യ ഭക്ഷണവിതരണമുണ്ടായിരുന്നു. ഭക്ഷണപ്പൊതികളുമായി നൗകകൾ ആവശ്യക്കാരെ തേടി നീങ്ങിപ്പോകുന്നതു കണ്ടു. ഒടുവിൽ, എയർപോർട്ട് പ്രവർത്തനക്ഷമമായപ്പോൾ, ലഗേജുകളൊന്നുമില്ലാതെ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ച ഞങ്ങളുടെ മുന്നിൽ കാലാവധി കഴിഞ്ഞുപോയ ടിക്കറ്റ് ഒരു പ്രശ്നമായി. പുതിയ ടിക്കറ്റെടുക്കാൻ പണവുമില്ല. ആ സമയത്ത് സമീർ എയർപോർട്ട് അധികാരികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പഴയ ടിക്കറ്റുതന്നെ യാത്രക്ക് ഉപയോഗിക്കാൻ അനുവാദം ലഭിച്ചത്.’’
‘‘ശ്രീനഗർ ടൗൺപോലും കാണാനാവാതെ നാട്ടിൽ തിരിച്ചെത്തിയ ഞങ്ങൾ ആദ്യം ചെയ്തത് സമീറിനെ വിളിച്ച് നന്ദിപറയുകയായിരുന്നു. അതോടൊപ്പം ഒരുലക്ഷം രൂപയുടെ ഡ്രാഫ്റ്റ് അയക്കുന്ന വിവരം പറഞ്ഞപ്പോൾ ആദ്യം അദ്ദേഹമത് നിരസിച്ചു. താങ്കളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഞങ്ങളുടെ എളിയ സംഭാവന എന്ന് പറഞ്ഞപ്പോഴാണ് മനസ്സില്ലാമനസ്സോടെ സമ്മതം മൂളിയത്. അധികം വൈകാതെ തന്നെ ഞങ്ങളുടെ സംഭാവനത്തുക ആർക്കെല്ലാംവേണ്ടി എങ്ങനെയെല്ലാം ചെലവഴിച്ചു എന്നതിന്‍റെ വിശദാംശങ്ങളും ബില്ലുകളും അദ്ദേഹം അയച്ചുതന്നു.’’
‘‘ഇടക്കൊരു നാൾ സമീർ വിളിച്ചു. കോവളത്ത് ഒരു ബിസിനസ് മീറ്റിങ്ങിനായി എത്തിയപ്പോൾ ഓർത്ത് വിളിക്കുകയായിരുന്നു. എന്നാൽ അദ്ദേഹത്തിന്‍റെ തിരക്കുമൂലം ഞങ്ങൾക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല.’’
‘‘മടങ്ങിയെത്തി നാൽപത്താറാം ദിവസം കശ്മീരിൽനിന്നും പാഴ്സൽ എത്തി. ഞങ്ങൾ പതിനെട്ടുപേരുടെ വസ്ത്രങ്ങളും മറ്റു വസ്തുക്കളും അടങ്ങുന്ന പെട്ടികളായിരുന്നു അത്. മുരുകന്‍റെ പെട്ടിയിൽ ഹോട്ടൽമുറിയിൽ മറന്നുവെച്ചിരുന്ന ഇരുപത്തയ്യായിരം രൂപ സൂക്ഷിച്ച പഴ്സ് അതേപടി ഉണ്ടായിരുന്നു!’’
അവസാനിപ്പിക്കും മുമ്പ് രാധാകൃഷ്ണ ഷേണായി ഒന്നുകൂടി പറഞ്ഞു:

‘‘വർഷങ്ങൾക്കു ശേഷം ഒരിക്കൽകൂടി ഞങ്ങൾ കശ്മീർ യാത്ര നടത്തി. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. മുൻകാലത്തെ ഭയാകുലമായ, രൗദ്രമായ അന്തരീക്ഷത്തിന്‍റെ ഒരടയാളംപോലും അവിടെ അവശേഷിച്ചിരുന്നില്ല. സമീറിനെ കാണാൻ ഞങ്ങൾ ശ്രമിച്ചെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല.’’
അങ്ങനെ രാധാകൃഷ്ണ ഷേണായിയുടെ വിനോദയാത്രാനുഭവം അറിയാതെ തന്നെ ഒരു രാഷ്ട്രീയ കഥയായി മാറുകയായിരുന്നു. അത് 2020ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലും തുടർന്ന് ‘ഖലാസി’ എന്ന കഥാസമാഹാരത്തിലും പ്രസിദ്ധീകരിച്ചു.
‘‘ഈ രണ്ടു യാത്രകളും ഞങ്ങളെ പഠിപ്പിച്ച ചില പാഠങ്ങളുണ്ട്. അതിലൊന്ന് സഹജീവികളോടുള്ള സമീപനം, പ്രത്യേകിച്ചും ഒരു ദുരന്തഭൂമിയിൽ എങ്ങനെയാവണമെന്നു സമീറും കശ്മീരി വ്യാപാരികളും കാണിച്ചുതന്ന പാഠം. മറ്റൊന്ന്, അന്യായങ്ങൾ പരിധിവിട്ട് പെരുകുമ്പോൾ പ്രകൃതിയുടെ ഇടപെടലുണ്ടാകുമെന്ന മുന്നറിയിപ്പ് ഝലം നദി പറഞ്ഞുതന്നത്. രണ്ടും ചിന്തിക്കാനും സ്വയം നവീകരണത്തിനും അവസരം തരുന്നതായിരുന്നു ഞങ്ങൾക്ക്.’’ രാധാകൃഷ്ണ ഷേണായി പറഞ്ഞു നിർത്തി.