Begin typing your search above and press return to search.
proflie-avatar
Login

പൗരത്വ ദുഃഖം

പൗരത്വ ദുഃഖം
cancel

മലയാളത്തി​ന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്​റ്റുമായ ഇ.പി. ശ്രീകുമാർ ത​ന്റെ കഥകളിലേക്ക്​ പിൻനടക്കുകയാണ്​. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു. എന്‍റെ വീടിനു മുന്നിൽ നിന്നാൽ നാലു പറമ്പുകൾക്കപ്പുറമുള്ള മനോജിന്‍റെ വീടു കാണാം. അയാൾ കോളജിൽ പോയതും എം.എസ്.ഡബ്ല്യൂ യോഗ്യത നേടി പ്രായോഗിക പരിശീലനത്തിനായി പല നാടുകളിൽ ഓടിനടന്നതും പിന്നീട് തൊഴിൽരഹിതനായി അലഞ്ഞതും തുടർന്ന് ആസ്​േട്രലിയയിൽ ജോലി തേടി പോയതും വിവാഹം കഴിച്ചതുമെല്ലാം എന്‍റെ കൺമുന്നിലായിരുന്നു. ആ മനോജിന്‍റെ കഥയാണ് ‘ദേശീയം’ എന്ന പേരിൽ ഞാനെഴുതി കലാകൗമുദി വാരികയിൽ 2013...

Your Subscription Supports Independent Journalism

View Plans
മലയാളത്തി​ന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്​റ്റുമായ ഇ.പി. ശ്രീകുമാർ ത​ന്റെ കഥകളിലേക്ക്​ പിൻനടക്കുകയാണ്​. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു.

എന്‍റെ വീടിനു മുന്നിൽ നിന്നാൽ നാലു പറമ്പുകൾക്കപ്പുറമുള്ള മനോജിന്‍റെ വീടു കാണാം. അയാൾ കോളജിൽ പോയതും എം.എസ്.ഡബ്ല്യൂ യോഗ്യത നേടി പ്രായോഗിക പരിശീലനത്തിനായി പല നാടുകളിൽ ഓടിനടന്നതും പിന്നീട് തൊഴിൽരഹിതനായി അലഞ്ഞതും തുടർന്ന് ആസ്​േട്രലിയയിൽ ജോലി തേടി പോയതും വിവാഹം കഴിച്ചതുമെല്ലാം എന്‍റെ കൺമുന്നിലായിരുന്നു. ആ മനോജിന്‍റെ കഥയാണ് ‘ദേശീയം’ എന്ന പേരിൽ ഞാനെഴുതി കലാകൗമുദി വാരികയിൽ 2013 ജൂണിൽ പ്രസിദ്ധീകരിച്ചത്.

അസുഖം ബാധിച്ച പിതാവിനെ കാണുവാനായി നാട്ടിൽ വന്നപ്പോഴാണ് മനോജ് എന്നോട് തന്‍റെ ആസ്​േട്രലിയൻ ജീവിതത്തെക്കുറിച്ച് പറഞ്ഞത്. അയാൾക്കും ഭാര്യക്കും സർക്കാർ സർവിസിൽ ജോലിയുണ്ടായിരുന്നു. ഉയർന്ന തസ്​തികയിലെത്തണമെങ്കിൽ ആസ്​േട്രലിയൻ പൗരത്വം നിർബന്ധമാണ്. ഉൽപതിഷ്ണുക്കളായിരുന്ന ആ ചെറുപ്പക്കാർ കഠിന പരിശ്രമത്തിലൂടെ പടവുകൾ ഒന്നൊന്നായി കയറി. ‘സ്കിൽഡ് മൈഗ്രന്റ്’ എന്ന വിഭാഗത്തിലായിരുന്നു ജോലിയിൽ ചേർന്നത്. പിന്നീട് വോട്ടവകാശമില്ലാത്ത പി.ആർ വിസ സമ്പാദിക്കാനായി. നാലു വർഷം കാത്തിരുന്നശേഷം പൂർണ പൗരത്വത്തിനുള്ള പരീക്ഷയെഴുതി പാസായി. ഒടുവിൽ ഔദ്യോഗിക ചടങ്ങിൽവെച്ച് പൗരത്വം ലഭിച്ചു.

ആസ്​േട്രലിയൻ പതാകക്കു കീഴെ, ആസ്​േട്രലിയൻ വേഷത്തിൽ മനോജും ഭാര്യയും ഇരുന്നു. രാജ്യത്തോടു പുലർത്തേണ്ട പ്രതിബദ്ധതയും കൂറും വിശ്വാസവും അരക്കിട്ടുറപ്പിക്കുന്നതായിരുന്നു പൗരത്വ ഉദ്ബോധന ചടങ്ങ്. അവിടെവെച്ചു നൽകിയ ചെറിയ പതാക ഹൃദയത്തോടു ചേർത്തുവെക്കാൻ വേദിയിൽനിന്നും നിർദേശമുണ്ടായി. ആ സമയത്ത് തന്‍റെ ഹൃദയമിടിപ്പ് വർധിച്ച അനുഭവം മനോജ് എന്നോടു പറഞ്ഞു. ഫ്ലാഗ് കോട്ടിൽ പിടിപ്പിക്കുമ്പോൾ കൈകൾ വിറച്ചു. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന തന്‍റെ പിതാവ് ദേശീയ പതാക കിട്ടാതെ വന്നപ്പോൾ അമ്മയുടെ സാരി കീറി മൂവർണക്കൊടി തുന്നിയുണ്ടാക്കിയ കാര്യവും അയാളപ്പോൾ ഓർത്തുവ​െത്ര! സത്യപ്രതിജ്ഞ ചൊല്ലുമ്പോൾ മനോജിന്‍റെ മനസ്സ് മന്ത്രിച്ചത്, ‘എല്ലാ ഭാരതീയരും എന്‍റെ സഹോദരീ സഹോദരന്മാരാണ്’ എന്ന് ചൊല്ലിപ്പഠിച്ച പാഠമായിരുന്നു. അയാളുടെ സഹധർമിണിയുടെയും ചിന്താഗതി മറ്റൊന്നായിരുന്നില്ല. അവളപ്പോൾ ചോദിച്ചുവ​െത്ര, ‘‘നമ്മളിപ്പൊ ഇന്ത്യക്കാരല്ലാതായി അല്ലേ മനോജ്? നമ്മുടെ അച്ഛനമ്മമാരും സഹോദരങ്ങളും വിദേശികളും.’’ അതുകേട്ട് താൻ ഒന്നു ഞെട്ടിയെന്ന് മനോജ് പറഞ്ഞു.

മനോജിന്‍റെ പിതാവിന് കാൻസറായിരുന്നു. ശ്വാസകോശങ്ങളിൽ കോശങ്ങൾ തിങ്ങി അദ്ദേഹത്തെ ശ്വാസംമുട്ടിച്ചു. കിടക്കാൻ വയ്യ. അൽപംപോലും ചരിഞ്ഞുപോകാതെ നിവർന്നു തന്നെ ഇരിക്കണമെപ്പോഴും. ആ നേർ ഇരിപ്പിൽത്തന്നെ മയങ്ങാൻ ശ്രമിക്കുകമാത്രം. എന്നാൽ, ശ്വാസതടസ്സം ഉറങ്ങാൻ അനുവദിച്ചില്ല. കൺപോളകളിൽ ഭാരം തൂക്കിക്കൊണ്ട് ഉറക്കം കണ്ണുകളിൽ മുറ്റിനിൽക്കുമ്പോഴും ഉറങ്ങാൻ കഴിയാത്ത അവസ്​ഥ. ആ വിമ്മിട്ടത്തിന്‍റെ അസ്വസ്​ഥത കണ്ടുനിൽക്കുക പ്രയാസം. മനോജ് വീട്ടിലെത്തിയ നാൾ അത്ഭുതകരമായി അച്ഛൻ ഉറങ്ങി. മനോജ് അച്ഛന്‍റെ തോളിൽ തട്ടി ഉറക്കുകയായിരുന്നു, പണ്ട് മകനെ അച്ഛൻ ഉറക്കിയിരുന്നപോലെ. അയാൾ അച്ഛന്‍റെ മുഖം ഷേവ് ചെയ്തു. തല ഇളകാതെ ഇരുന്നുറങ്ങാൻ പാകത്തിൽ ഒരു കസേര പണിയിപ്പിച്ചെടുത്തു. അതുപോലെ അച്ഛനു വേണ്ടി അനേകം സൗകര്യങ്ങൾചെയ്തു. ‘‘കുറച്ചു നാളേയ്ക്കായി എന്തിനിങ്ങനെ പണം പാഴാക്കുന്നു?’’ അച്ഛനിനി ദീർഘകാലം ആയുസ്സില്ല എന്നറിയുന്ന അടുത്ത ബന്ധുക്കൾ പലരും രഹസ്യമായി ചോദിച്ചു.

മനോജിനു പിറകെ മറ്റു സഹോദരങ്ങളും വന്നു. വർഷങ്ങൾക്കുശേഷം അവർ ഒരുമിക്കുകയായിരുന്നു. തുടർന്നുള്ള നാളുകൾ ആഹ്ലാദാരവങ്ങളുടേതായിരുന്നു. ശുശ്രൂഷ, സ്​നേഹം, ഉല്ലാസം, പൊട്ടിച്ചിരികൾ... അച്ഛൻ എല്ലാം മറന്ന് അതിലെല്ലാം പങ്കു ചേർന്നു. അതിനിടയിൽ ശ്വാസംമുട്ടലിന്‍റെ വിഷമം അച്ഛൻ അറിഞ്ഞില്ല. ഈ ഒരു രംഗം, മുമ്പേ ഞാൻ ‘ദേശീയം’ കഥയിൽ എഴുതിവെച്ചതുതന്നെയെന്ന് മനോജ് തിരിച്ചറിഞ്ഞു.

ടൂറിസ്റ്റ് വിസയിലാണ് മനോജ് വന്നത്. രണ്ടാഴ്ചക്കു ശേഷം മടങ്ങണം. മകൻ പോകുന്നതിനു തലേന്ന് അച്ഛന് ശ്വാസംമുട്ടൽ കൂടി. സംസാരിക്കാൻ വയ്യാതിരുന്ന അവസ്​ഥയിലും അച്ഛൻ മുറിഞ്ഞ വാക്കുകളിൽ ചോദിച്ചിരുന്നു – ‘‘നിനക്ക് നാളെത്തന്നെ പോണോ? കുറച്ചുദിവസം കൂടി...’’ മകന് അതിനു കഴിയില്ലെന്ന് അച്ഛന് കൃത്യമായി അറിയാമായിരുന്നു എന്ന് മനോജിനു ധാരണയുണ്ട്. ആസ്​േട്രലിയൻ സർക്കാർ ഉദ്യോഗസ്​ഥന്‍റെ പരിമിതികളെക്കുറിച്ച് ബോധ്യമുണ്ടാവുമല്ലോ അച്ഛന്, അന്യനാട്ടിലുള്ള കുടുംബവും കുട്ടികളും ക്ലിപ്തപ്പെടുത്തുന്ന പരിധികളെക്കുറിച്ചും. ‘ദേശീയം’ കഥ എഴുതിയത് മനോജിന്‍റെ ജീവിതത്തിലെ അതുവരെയുള്ള സംഭവങ്ങൾ വെച്ചാണ്. കഥക്കുശേഷമുള്ള മനോജിന്‍റെ ജീവിതം കഥാസന്ദർഭങ്ങളോടെ ഏറെ ഇണങ്ങിയും ചേർന്നും പോകുന്നതറിഞ്ഞ് എന്നിലെ എഴുത്തുകാരൻ ഉണർന്നു. ഞാനതിനെ പിന്തുടർന്നു.

 

ആസ്​േട്രലിയയിലേക്കുള്ള മടക്കയാത്രയിൽ ഉടനീളം താൻ അനുഭവിച്ച മാനസിക പിരിമുറുക്കത്തെക്കുറിച്ച് മനോജ് പിന്നീട് വിശദീകരിച്ചിരുന്നു. സിംഗപ്പൂർ ഇടത്താവളത്തിൽ അടുത്ത ​ൈഫ്ലറ്റിനു കാത്തുകൊണ്ടുള്ള പത്തു മണിക്കൂറിന്‍റെ വിശ്രമവേളയിൽ അമ്മയെയും സഹോദരന്മാരെയും വിളിച്ചുകൊണ്ടേയിരുന്നു മനോജ്. ‘‘നീ പോയശേഷം അച്ഛന് ശ്വാസതടസ്സം കൂടി’’ – അമ്മ പറഞ്ഞു. ‘‘എനിക്കും പോകാനുള്ള നേരമായി’’, അച്ഛൻ നേരത്തേതന്നെ പറഞ്ഞിരുന്നു, ‘‘നീ ശനിയാഴ്ച പോകും.

ഞാൻ ഞായറാഴ്ചയും.’’ അഡ്ലെയ്ഡിലേക്കുള്ള ഫ്ലൈറ്റിലിരുന്ന ആറേഴു മണിക്കൂറിൽ ഒരു നിമിഷംപോലും തന്‍റെ മനസ്സ് സ്വസ്​ഥമായിരുന്നില്ലെന്ന് മനോജ് പറഞ്ഞിരുന്നു. അച്ഛന്‍റെ അവസ്​ഥയെക്കുറിച്ചുള്ള ഉത്കണ്ഠയായിരുന്നു എപ്പോഴും. ഫ്ലൈറ്റിൽ നിന്നിറങ്ങുമ്പോൾത്തന്നെ വിഷമിപ്പിക്കുന്ന ഒരു ഫോൺ സന്ദേശം അയാൾ പ്രതീക്ഷിച്ചു. ഒരു ബന്ധം മുറിഞ്ഞുപോയതിന്‍റെ അറിയിപ്പാകാമത്. അറ്റുപോകുന്ന പൊക്കിൾക്കൊടിബന്ധത്തെക്കുറിച്ച് ‘ദേശീയ’ത്തിൽ വായിച്ചത് മനോജ് അപ്പോൾ ഓർത്തുവ​െത്ര! ആ കഥ എത്രമാത്രം അയാളുടെ മനസ്സിനെ സ്വാധീനിച്ചിരുന്നുവെന്ന് അത്ഭുതത്തോടെ ഞാനപ്പോൾ അറിഞ്ഞു.

മനോജ് സന്ദേഹിച്ചപോലെ തന്നെ സംഭവിച്ചു. അഡ്ലെയ്ഡിലെ വീട്ടിൽ ചെന്നു കയറിയപ്പോൾതന്നെ ഫോൺ വന്നു – ‘‘അച്ഛൻ പോയി...’’ ‘‘മനോജിന് ഒരാഴ്ചകൂടി നാട്ടിൽ തുടർന്നിട്ട് മടങ്ങിയാൽ മതിയായിരുന്നു.’’ വന്നവരൊക്കെ പറഞ്ഞു. അവർക്കറിയില്ല​ല്ലോ, അച്ഛന്‍റെ അസുഖ കാരണത്തിൽ ലീവ് അനുവദിക്കപ്പെടുന്നതിന്‍റെ പരിമിതിയെക്കുറിച്ച്. മാത്രമല്ല, ജനുവരി 26ലെ ആസ്​േട്രലിയൻ ദേശീയദിന ചടങ്ങുകളിൽ പങ്കെടുക്കാതെ, അടുത്തിടെ പൗരത്വം നേടിയയാൾക്ക് മാറിനിൽക്കാനാവില്ലെന്നതിനെപ്പറ്റി. എന്തു ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിൽപെട്ട് താൻ നിഷ്ക്രിയനായിപ്പോയ അവസ്​ഥ മനോജ് പിന്നീടെന്നോടു പറഞ്ഞു. ദീർഘയാത്ര കഴിഞ്ഞെത്തിയതിന്‍റെ ശരീര ക്ഷീണം.

ഒപ്പം മാനസിക തളർച്ചയും. ഓഫിസിൽ ജോയിൻ ചെയ്യണം, കുട്ടികളുടെ കാര്യങ്ങളും കുടുംബ പ്രശ്നങ്ങളും അന്വേഷിക്കണം തുടങ്ങി ചെയ്യേണ്ട നിരവധി കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോൾ, അച്ഛൻ വീട്ടിൽ മരിച്ചുകിടക്കുകയാണെന്ന സത്യം മനസ്സിനെ ഞെട്ടിച്ചു. മൂത്തമകൻ വരുന്നതും നോക്കി എല്ലാവരും കാത്തിരിക്കുകയാണ്, ഏറെനേരം വെച്ചുകൊണ്ടിരിക്കാനാവാത്ത കാൻസർ ശരീരത്തിനരികെ. ലീവ് അനുവദിപ്പിക്കണം. ഫ്ലൈറ്റ് ടിക്കറ്റ് എടുക്കണം. ധൃതിപിടിച്ച് നടത്തിയെടുക്കാനാവാത്ത കാര്യങ്ങൾ. അപ്പോൾ അമ്മയുടെ ഫോൺ വന്നു – ‘‘നീയിപ്പോൾതന്നെ വരണ്ട. അച്ഛൻ പറഞ്ഞിരുന്നു, നിന്നെ ബുദ്ധിമുട്ടിക്കരുതെന്ന്.’’ ഇത്തരമൊരു സന്ദർഭം അച്ഛൻ മുൻകൂട്ടി മനസ്സിൽ കണ്ടിരുന്ന​െത്ര!

അന്ന് മനോജ് ഓഫിസിലോ കുട്ടികളുടെ സ്​കൂളിലോ പോയില്ല. ഭാര്യയെക്കൊണ്ട് ലീവെടുപ്പിച്ചു. അയാൾ അവിടെ വെറും നിലത്ത് കുത്തിയിരുന്നു. അയാളുടെ മനസ്സിൽ തന്‍റെ വീടായിരുന്നു. അവിടെ നടുത്തളത്തിൽ വെള്ള പുതപ്പിച്ചു കിടത്തിയ അച്ഛന്‍റെ മൃതശരീരമായിരുന്നു. അമ്മയെയും സഹോദരങ്ങളെയും അയാൾ മാറിമാറി ഫോണിൽ വിളിച്ചുകൊണ്ടിരുന്നു, വീട്ടിൽ നടക്കുന്ന ചടങ്ങുകളുടെ തത്സമയ വിവരമറിയാൻ. അന്ത്യകർമങ്ങൾ ചെയ്യേണ്ട മൂത്ത മകന്‍റെ അഭാവത്തിൽ രണ്ടാമൻ അതനുഷ്ഠിക്കുന്നു. മറ്റുള്ളവർ അവനെ തൊട്ടുനിൽക്കുന്നു. വായ്ക്കരിയിട്ട്, പിണ്ഡംവെച്ച് മൃതദേഹം പട്ടടയിലേക്കെടുക്കുന്നു... നിറഞ്ഞൊഴുകിയ കണ്ണീർ തുടക്കാതെ മനോജ് അച്ഛന് മനസ്സുകൊണ്ട് ബലിതർപ്പണംചെയ്തു... അന്ന് മനോജും കുടുംബവും ഭക്ഷണം കഴിക്കുക​യോ ഉറങ്ങുക​യോ ചെയ്തില്ല.

അഞ്ചാം നാളിലെ സഞ്ചയന കർമത്തിന് മനോജ് വീട്ടിലെത്തി. അച്ഛന്‍റെ കർമങ്ങളെല്ലാം ചെയ്തു തീർത്ത് ആസ്​േട്രലിയക്ക് മടങ്ങും മുമ്പ് എന്നെ കാണാൻ വന്നു. അപ്പോഴാണ് അയാൾ, ‘ദേശീയം’ കഥ അച്ചടിച്ചുവന്നതിനു ശേഷം അതുമായി ചേർന്നുപോകുന്ന അനുഭവങ്ങളുണ്ടായ കാര്യം വിശദീകരിച്ചത്. കഥ പ്രസിദ്ധീകരിച്ച കലാകൗമുദി വാരികക്ക് ഞാൻ, മനോജിന്‍റെ അനുഭവങ്ങളും കഥാസന്ദർഭങ്ങളും ഒത്തുസംഭവിച്ചത് വിവരിച്ചുകൊണ്ട് ഒരു ലേഖനമെഴുതി അയച്ചു. ‘കഥയ്ക്കു പിന്നിൽ’ എന്ന പേരിൽ ജീവിതാനുഭവക്കുറിപ്പായി, മനോജിന്‍റെയും പിതാവുൾപ്പെടെയുള്ള കുടുംബത്തിന്‍റെയും ചിത്രങ്ങൾ സഹിതം 2013 ആഗസ്റ്റ് 25ന് അത് പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരിച്ച വാരികയുടെ ഒരു കോപ്പി ഞാൻ മനോജിന് എത്തിച്ചുകൊടുത്തു. അയാൾ അത് ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചുവെച്ചിരിക്കുന്നു എന്നറിഞ്ഞത് ഈയിടെയാണ്.

ഒമ്പതു വർഷങ്ങൾക്കു ശേഷമാണ് മനോജ് വീണ്ടും നാട്ടിലെത്തിയത്. ഒറ്റക്കായ അമ്മയെ ആസ്​േട്രലിയയിലേക്ക് കൂട്ടിക്കൊണ്ടു പോകാനാണയാൾ വന്നത്. തമ്മിൽ കണ്ടപ്പോൾ പല വിഷയങ്ങളെക്കുറിച്ചും അയാൾ ദീർഘമായി സംസാരിച്ചു –ദേശീയത, സ്വാതന്ത്ര്യം, പൗരത്വം, സ്വത്വബോധം... ഒരു വിദേശ പൗരനായി ജനിച്ച നാട്ടിൽ വന്നുപോകുന്നതിന്‍റെ മനോവിഷമം മനോജിന്‍റെ ഉള്ളിൽ മാറാദുഃഖമായി കിടക്കുന്നുണ്ടായിരുന്നു. ഇന്ത്യൻ പാസ്​പോർട്ടിന് അർഹതയില്ലാത്ത ആസ്​േട്രലിയൻ പൗരനാണല്ലോ അയാൾ ഇപ്പോൾ. ‘‘യു.എസ്​, യു.കെ തുടങ്ങി നിരവധി രാജ്യങ്ങൾ ഇരട്ട പൗരത്വം അനുവദിക്കുമ്പോൾ എന്തുകൊണ്ട് ഇന്ത്യ അതിന് തയാറാവുന്നില്ല?’’ –അയാൾ ചോദിച്ചു.

സ്വന്തം മണ്ണിൽ സന്ദർശക വിസയിൽ വരേണ്ടിവരുന്നത് ഒരു ഗതികേട് തന്നെയാണ്. ‘എത്നിക്കൽ ഡൈലമ’ എന്നാണ് മനോജ് ആ അവസ്​ഥയെ വിശേഷിപ്പിച്ചത്. തൊഴിലും വരുമാനവും കുട്ടികളുടെ വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിതവും നേടുന്നതിനായി നഷ്ടപ്പെടേണ്ടി വരുന്നത് അവനവന്‍റെ സ്വത്വമാണ്, വേരുകളാണ്. പൊതുവെ പ്രവാസികൾ ജോലിയിൽനിന്നും വിരമിച്ചശേഷം ജീവിതസായാഹ്നം ജന്മനാട്ടിൽ കഴിച്ചുകൂട്ടാനാഗ്രഹിക്കുന്നവരാണ്. എന്നാൽ, തനിക്കതിനു കഴിയില്ല​ല്ലോ എന്ന് മനോജ് ദുഃഖിച്ചു. ഒരു പ്രവാസി എന്നനിലയിൽനിന്നും വിദേശിയായി മാറിപ്പോയ തന്‍റെ അന്ത്യം ഒരിക്കലും ഇവിടെയായിരിക്കില്ലല്ലോ എന്ന് വേദനയോടെ പറഞ്ഞ മനോജ് കൂട്ടിച്ചേർത്തു – ‘‘ജനിച്ച നാട്ടിൽ ഇപ്പോൾ എേന്റതായ ഒരടയാളവും അവശേഷിക്കുന്നില്ല. വോട്ടില്ല. സ്വന്തമായി ഒരു പിടി മണ്ണില്ല. പാസ്​പോർട്ട് പോലുമില്ല.’’

രണ്ടു പതിറ്റാണ്ടുകൾ മറ്റൊരു രാജ്യത്ത് കഴിഞ്ഞശേഷം ഇന്നു ചിന്തിക്കുമ്പോൾ പൗരത്വത്തെക്കുറിച്ച്, ദേശീയതയെക്കുറിച്ച്, സ്വാതന്ത്ര്യത്തെപ്പറ്റി, ജീവിതത്തിലെ ലാഭനഷ്ടങ്ങളെക്കുറിച്ച് എന്തു തോന്നുന്നു? –ഞാൻ മനോജിനോടു ചോദിച്ചു. അതിനു മറുപടിയായി അയാൾ, ആസ്​േട്രലിയൻ ജീവിതം തനിക്കുണ്ടാക്കിയ ഒട്ടേറെ ഭൗതിക നേട്ടങ്ങളെക്കുറിച്ചു പറഞ്ഞു. അതോടൊപ്പം സ്വാതന്ത്ര്യ, രാഷ്ട്രീയ സങ്കൽപങ്ങൾക്കു വന്ന മാറ്റത്തെക്കുറിച്ചും. പൗരന്‍റെ അവകാശങ്ങളെന്തെന്നും അതെങ്ങനെ നേടണമെന്നും പുതിയ അവബോധമുണ്ടായി. തെരഞ്ഞെടുക്കപ്പെടുന്ന ജനനേതാക്കളുടെ കടമകളും സേവനങ്ങളും കർമമണ്ഡലങ്ങളും എത്രമാത്രം വിശാലമാവണമെന്നും സുതാര്യമാവണമെന്നും ആത്മാർഥമായിരിക്കണമെന്നും അറിയാനായി. തന്‍റെ നാട്ടിലാവട്ടെ ഒരു പൗരന് അവകാശങ്ങൾ പിടിച്ചുവാങ്ങേണ്ടതുണ്ട്.

 

എന്നാൽ, ആസ്​േട്രലിയയിൽ സേവനം അക്ഷരാർഥത്തിൽ അവകാശമാക്കുന്ന കുറ്റമറ്റ ഭരണ സംവിധാനമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം വിലപ്പെട്ടതും വിലക്കുകളില്ലാത്തതുമാണ് അവിടെ. സ്വാതന്ത്ര്യത്തിന്‍റെ പരിധി വിശാലമാണ്. ഭരണാധികാരികളുടെ കുറവുകളും പൗരന്‍റെ പരാതികളും ആവശ്യങ്ങളും ഉന്നയിക്കുവാൻ അവിടെ തുറന്ന വേദികളുണ്ട് (Open Forums), തെരുവു യോഗങ്ങളുണ്ട് (Street meeting). രാജ്യത്തെ പ്രീമിയർ (ഉന്നത ഭരണാധികാരി) തെരുവിലൂടെ നടന്നുപോകുന്നതും ബസ്​ സ്റ്റോപ്പുകളിൽ നിൽക്കുന്നതും അവിടെ അപൂർവ കാഴ്ചയല്ല. ആരും അത് ശ്രദ്ധിക്കാറില്ല. ദേശീയ മൃഗത്തിനുപോലും അവർ പരിപാവനത കൽപിക്കുന്നില്ല. കങ്കാരുവിനെ കൊന്നുതിന്നുന്നതിനു വിലക്കില്ല. അതേസമയം, വർണവും ഭാഷയും വെച്ചുള്ള വിവേചനങ്ങളും തരംതാഴ്ത്തലുകളും ഏറെയാണ്. അവ നേരിടേണ്ടി വന്നതിന്‍റെ അനുഭവങ്ങളും മനോജ് പറഞ്ഞു.

ഇന്ത്യ-ആസ്​േട്രലിയ ക്രിക്കറ്റ് കളിയിൽ ഇന്ത്യൻ പതാകക്കു കീഴിൽ നിരന്ന ഉത്സാഹക്കൂട്ടത്തിൽ ചേരാൻ മനസ്സ് ആവേശപ്പെട്ടെങ്കിലും പൗരത്വത്തിന്‍റെ വിലക്കുണ്ടായിരുന്നു. അന്നന്നത്തെ ഉല്ലാസത്തിനായി ജീവിക്കുക എന്ന സംസ്​കാരത്തിന്‍റെ ഭാഗമാവാതെ വയ്യായിരുന്നു. രണ്ടു വർഷത്തെ തൊഴിൽ വരുമാനം ഇഷ്ടമുള്ള പങ്കാളിയുമൊത്തുള്ള ഉല്ലാസ യാത്രക്ക് ചെലവഴിക്കുന്ന സന്തോഷ സങ്കൽപമായിരുന്നു അത്. കലോറി അളന്നുള്ള ഭക്ഷണ-വ്യായാമ ദിനചര്യകൾ.

കുട്ടികളുടെ അവകാശങ്ങളുടെ സംരക്ഷണം. കുട്ടികളെ നുള്ളുകപോലും ചെയ്താൽ ‘ചൈൽഡ് അബ്യൂസി’ന് മാതാപിതാക്കൾക്ക് ശിക്ഷ വിധിക്കുന്ന കോടതി. ‘സോഷ്യൽ ഡ്രിങ്കിങ്’ കസ്റ്റമാകുന്ന നാട്. ഭക്ഷണം പങ്കുവെക്കുന്നതും കുട്ടികൾ മുതിർന്നവരോടൊപ്പം കിടന്നുറങ്ങുന്നതും വിലക്കപ്പെട്ടിരിക്കുന്നു. സ്​നേഹ-വൈകാരിക ബന്ധങ്ങൾക്ക് പ്രാധാന്യം കുറഞ്ഞ സംസ്​കാരം. സ്വന്ത- ബന്ധങ്ങൾ സ്വാധീനിക്കുക​യോ ബന്ധനങ്ങളാവുക​യോ ചെയ്യുന്നില്ല അവിടെ. കുട്ടികൾ വളരുന്നതോടെ സ്വാർഥതയും പുഷ്ടി പ്രാപിക്കുന്ന സാമൂഹിക അന്തരീക്ഷം. ശരിതെറ്റുകളും ന്യായാന്യായങ്ങളും ദേശഭേദമനുസരിച്ച് വ്യത്യാസപ്പെടുന്നതായിട്ടാണ് മനോജ് കണ്ടത്. താൻ വളർന്ന സംസ്​കാരവും ജീവിക്കാൻ വേണ്ടി തെരഞ്ഞെടുത്ത പുതിയ സംസ്​കാരവും തമ്മിലുള്ള സംഘർഷം മനോജ് ഏറെ അനുഭവിച്ചിരുന്നു. ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു.

രണ്ട് ദേശീയതകളിൽപെട്ട് ഞെരുങ്ങുന്ന സ്വത്വമായിരുന്നു അയാളുടേത്. രണ്ടും അയാൾക്ക് വേണമായിരുന്നു. അതുകൊണ്ടു തന്നെ, ആത്മവഞ്ചനയുടെ കുറ്റബോധം അയാളെ അലട്ടുന്നുണ്ടോ എന്നു ഞാൻ സംശയിച്ചു. നിൽക്കുന്ന മണ്ണിൽ വേരുറപ്പിക്കാനുള്ള ശ്രമം മാത്രമേ പോംവഴിയായുള്ളൂ എന്ന് മനോജ് തിരിച്ചറിഞ്ഞു കാണും. ഒടുവിൽ, ദേശീയതയെക്കുറിച്ചുള്ള സന്ദേഹങ്ങളിലും വൈകാരികതകളിലും വ്യാകുലതകളിലുംപെട്ട് ജീവിതം മുന്നോട്ടുകൊണ്ടുപോവുക തന്നെ എന്നയാൾ നിശ്ചയിച്ചുകാണും. അപ്പോഴും ഒന്നയാൾ ഉറപ്പിച്ചുപറഞ്ഞു, ഒരാളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നഷ്ടം പിറന്ന മണ്ണിലെ പൗരത്വ നഷ്ടമാണെന്ന്.

(തുടരും)

News Summary - E.P. Sreekumar's story telling