ചരിത്രാതീതകാല പഠനങ്ങള്‍ക്ക് പുതിയ അധ്യായം തുറന്നയാൾ

അടുത്തിടെ വിടവാങ്ങിയ പുരാവസ്തു ശാസ്ത്രജ്ഞന്‍ ഡോ. പി. രാജേന്ദ്രനെയും അദ്ദേഹത്തിന്റെ സംഭാവനകളെയും ഓർമിക്കുന്നു. പരശുരാമൻ വീണ്ടെടുത്ത കേരളംപോലുള്ള വാദങ്ങളെ ശാസ്ത്രീയമായി ഖണ്ഡിച്ച വ്യക്തികൂടിയാണ് അദ്ദേഹമെന്ന് എഴുതുന്നു.എവിടെയും കൊട്ടിഗ്ഘോഷിക്കപ്പെടാതെ കേരളചരിത്ര നിര്‍മിതിക്ക് അനര്‍ഘ സംഭാവന നല്‍കിയ പുരാവസ്തു ശാസ്ത്രജ്ഞന്‍ ഡോ. പി. രാജേന്ദ്രന്‍ ഓര്‍മയായി. കേരളത്തിന്‍റെ പ്രാക്ചരിത്ര ഗവേഷണത്തിന് നിർദേശം നല്‍കാന്‍ ഒരു വിളിപ്പാടകലെ അദ്ദേഹം ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗത്തിലൂടെ കേരളത്തിന്‍റെ ചരിത്രാതീതകാല പഠനത്തിന്‍റെ നിലം കളമൊഴിഞ്ഞതുപോലെയായി. പുരാവസ്തു ഗവേഷണത്തിന്‍റെ...
Your Subscription Supports Independent Journalism
View Plansഅടുത്തിടെ വിടവാങ്ങിയ പുരാവസ്തു ശാസ്ത്രജ്ഞന്‍ ഡോ. പി. രാജേന്ദ്രനെയും അദ്ദേഹത്തിന്റെ സംഭാവനകളെയും ഓർമിക്കുന്നു. പരശുരാമൻ വീണ്ടെടുത്ത കേരളംപോലുള്ള വാദങ്ങളെ ശാസ്ത്രീയമായി ഖണ്ഡിച്ച വ്യക്തികൂടിയാണ് അദ്ദേഹമെന്ന് എഴുതുന്നു.
എവിടെയും കൊട്ടിഗ്ഘോഷിക്കപ്പെടാതെ കേരളചരിത്ര നിര്‍മിതിക്ക് അനര്‍ഘ സംഭാവന നല്‍കിയ പുരാവസ്തു ശാസ്ത്രജ്ഞന്‍ ഡോ. പി. രാജേന്ദ്രന്‍ ഓര്‍മയായി. കേരളത്തിന്‍റെ പ്രാക്ചരിത്ര ഗവേഷണത്തിന് നിർദേശം നല്‍കാന്‍ ഒരു വിളിപ്പാടകലെ അദ്ദേഹം ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗത്തിലൂടെ കേരളത്തിന്‍റെ ചരിത്രാതീതകാല പഠനത്തിന്‍റെ നിലം കളമൊഴിഞ്ഞതുപോലെയായി. പുരാവസ്തു ഗവേഷണത്തിന്‍റെ കാര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും പിന്നാക്കം നിന്ന കേരളത്തില്‍നിന്ന് ഈ മേഖലയില്‍ ഗവേഷണത്തിന് വേണ്ടി ഇറങ്ങിത്തിരിച്ച പണ്ഡിതനായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ചരിത്രാതീതകാല പഠനത്തിന്‍റെ സിരാകേന്ദ്രമായ പുണെയിലെ ഡെക്കാൻ കോളജ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് രാജേന്ദ്രന്‍ ട്രെയിന്‍ കയറി. ഡെക്കാൻ കോളജിലെ വിഖ്യാത പുരാവസ്തു ശാസ്ത്രജ്ഞന്‍ പ്രഫ. എച്ച്.ഡി. സങ്കാലിയ പ്രിയ ശിഷ്യനായ രാജേന്ദ്രനെ കേരളത്തിന്‍റെ ചരിത്രാതീതകാല ഗവേഷണത്തിന് തിരഞ്ഞെടുക്കുകയായിരുന്നു.
പ്രഫ. എച്ച്.ഡി. സങ്കാലിയ കേരളം സന്ദര്‍ശിച്ചിരുന്ന അവസരത്തില്‍ പൊന്നാനിയിലെ പ്രാചീന നദീതടം തിരിച്ചറിയുകയും വടക്കന്‍ കേരളത്തില്‍നിന്ന് വളരെക്കുറച്ച് ശിലായുധങ്ങള്‍ അദ്ദേഹം കണ്ടെത്തുകയുംചെയ്തിരുന്നു. ഈ മേഖലയില്‍ പഠനങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം കേരളത്തിലെ ആദിമ മനുഷ്യവാസം തേടിയുള്ള ഗവേഷണത്തിന് രാജേന്ദ്രനെ നിയോഗിക്കുകയാണുണ്ടായത്.
രാജേന്ദ്രന്‍റെ ചരിത്രാതീതകാല ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കാനും അദ്ദേഹത്തിന്‍റെ കൂടെ കേരളം സന്ദര്‍ശിക്കാനും ഡെക്കാൻ കോളജിലെ പ്രഫ. ഡോ. എസ്.എന്‍. രാജഗുരു, ഡോ. ആര്‍.വി. ജോഷി എന്നിവരെ പ്രഫ. സങ്കാലിയ ചുമതലപ്പെടുത്തി. 1981ല്‍ പ്രീഹിസ്റ്റോറിക് കള്‍ചര്‍ ആൻഡ് എന്‍വയണ്‍മെന്‍റ് (എ കേസ് സ്റ്റഡി ഓഫ് നോര്‍ത്ത് കേരള) എന്ന ശീര്‍ഷകത്തില്‍ ഡെക്കാൻ കോളജില്‍നിന്ന് രാജേന്ദ്രന്‍ പിഎച്ച്.ഡി ബിരുദം കരസ്ഥമാക്കി. അദ്ദേഹത്തിന്‍റെ പിഎച്ച്.ഡി പ്രബന്ധം പിന്നീട് ‘ദ പ്രീഹിസ്റ്റോറിക് കള്‍ചേഴ്സ് ആൻഡ് എന്‍വയണ്‍മെന്‍റ്’ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. ഈ ഗ്രന്ഥത്തിന് അവതാരിക എഴുതിയത് പ്രഫ. എച്ച്.ഡി. സങ്കാലിയയായിരുന്നു.

കേരളക്കരയില്‍നിന്ന് ഡോ. പി. രാജേന്ദ്രന്‍ കണ്ടെത്തിയ ചെറുശിലായുധങ്ങള്‍
വിസ്മയ ജീവിതം
ഏറെ സാഹസികത നിറഞ്ഞ പുരാവസ്തു പര്യവേക്ഷണങ്ങളിലൂടെയും ഉത്ഖനനങ്ങളിലൂടെയുമാണ് കേരളത്തിന്‍റെ പ്രാചീന ചരിത്രം ഡോ. പി. രാജേന്ദ്രന്‍ വെളിച്ചത്തു കൊണ്ടുവന്നത്. കാടുകളിലും ഗുഹകളിലും നദീതടങ്ങളിലും മാസങ്ങളും വര്‍ഷങ്ങളും നീണ്ടുനിന്ന ഗവേഷണങ്ങളിലൂടെ അദ്ദേഹം കേരളത്തിലെ ആദിമ മനുഷ്യവാസത്തിന്‍റെ തെളിവുകള്‍ കണ്ടെത്തി. കേരളത്തിലെ പ്രാചീനശിലായുഗത്തിന്‍റെ കണ്ടെത്തലുകള്‍ ഇന്ത്യയുടെ ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു.
പുരാവസ്തു കണ്ടെത്തലുകള്‍പോലെത്തന്നെ അദ്ദേഹത്തിന്‍റെ ജീവിതവും വിസ്മയം നിറഞ്ഞതായിരുന്നു. ആര്‍ക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയില്‍ അദ്ദേഹത്തിന് ജോലി ലഭിച്ചു. ജോലി ലഭിച്ച കാര്യം പ്രഫ. സങ്കാലിയയോട് അദ്ദേഹം പറഞ്ഞു. അൽപനേരം പ്രഫ. സങ്കാലിയ ഒന്നും മിണ്ടാതെ നിന്നു. ‘‘രാജേന്ദ്രാ പോവരുത്. ചിറക് അരിഞ്ഞ് കളയും. ഗവേഷകനായി തുടരണം –പ്രഫ. സങ്കാലിയ പറഞ്ഞു. രാജേന്ദ്രന്‍ എ.എസ്.ഐയില്‍ ലഭിച്ച ജോലിക്ക് പോകാതെ യു.ജി.സിയുടെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനായി തുടര്‍ന്നു. തന്‍റെ ഗുരുവിലുള്ള ശ്രദ്ധയും സമ്പൂര്‍ണതയും അര്‍പ്പിച്ച് ഗവേഷണം തുടര്‍ന്ന ഡോ. പി. രാജേന്ദ്രനെ പിന്നീട് കേരള സര്‍വകലാശാലയില്‍ ചരിത്രവകുപ്പില്‍ യു.ജി.സി റിസര്‍ച് സയന്‍റിസ്റ്റായി നിയമിച്ചു. കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ അദ്ദേഹം പുരാവസ്തുശാസ്ത്രം പഠിപ്പിക്കാന്‍ എത്തുമായിരുന്നു. വളരെ ലളിതമായി മണിക്കൂറുകളോളം ക്ലാസെടുക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്‍റേത്. ഓരോ ശിലായുധങ്ങളുടെയും രൂപവിജ്ഞാനം, പ്രരൂപം, സാങ്കേതികവിദ്യ, ശിലായുധങ്ങള്‍ ലഭിച്ച പരിസ്ഥിതി എന്നിവ ലളിതമായി പഠിപ്പിക്കുന്ന മറ്റൊരു അധ്യാപകനെ കാണാന്‍ പ്രയാസമാണ്.
ഗുരുവിന്‍റെ തണലില്‍ ഒരു ഓര്‍മ
കണ്ണൂര്‍ സര്‍വകലാശാലയില്‍ എം.എ നരവംശ ശാസ്ത്രം വിദ്യാർഥിയായിരുന്ന അവസരത്തിലാണ് ഞാന്‍ ആദ്യമായി ഡോ. പി. രാജേന്ദ്രന്‍ സാറിന്‍റെ ക്ലാസ് പരിചയപ്പെടുന്നത്. ഞങ്ങളെ പുരാവസ്തുശാസ്ത്രം പഠിപ്പിച്ചിരുന്നത് അദ്ദേഹമായിരുന്നു. ക്ലാസ് കഴിഞ്ഞാല്‍ മിക്ക ദിവസങ്ങളിലും കേരളത്തിലെ ചരിത്രാതീതകാല സംസ്കാരത്തിന്‍റെ ഗവേഷണ കാര്യങ്ങള്‍ ദീര്‍ഘനേരം അദ്ദേഹവുമായി സംസാരിക്കുമായിരുന്നു. പുരാവസ്തുക്കള്‍ കണ്ടെത്തിയാല്‍ അതിന്‍റെ സാംസ്കാരിക പ്രാധാന്യം പത്രമാധ്യമങ്ങള്‍ക്ക് കൈമാറണമെന്ന് അദ്ദേഹം പറയുമായിരുന്നു. കാരണം പുരാവസ്തുക്കളെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും സാധാരണക്കാരാണ് ആദ്യം മനസ്സിലാക്കേണ്ടത്. എങ്കില്‍ മാത്രമേ അവ സംരക്ഷിക്കപ്പെടുകയുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
പത്രമാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയതിനുശേഷം മാത്രമേ ജേണലുകളിലേക്ക് ലേഖനമായി അദ്ദേഹം എഴുതാറുള്ളൂ. ഉത്തരകേരളത്തിലെ പല നദീതടങ്ങളിലും രാജേന്ദ്രന്‍ സാറിന്‍റെ കൂടെ ഞാന്‍ ശിലായുധങ്ങള്‍ തേടി പര്യവേക്ഷണം നടത്തിയിട്ടുണ്ട്. വിശാലമായ നദീതടങ്ങളില്‍ ശിലായുധങ്ങള്‍ കിടക്കുന്നുണ്ടെങ്കില്‍ ഒറ്റനോട്ടത്തില്‍ അദ്ദേഹത്തിന് കണ്ടെത്താന്‍ സാധിക്കുമായിരുന്നു. നല്ല പരിശീലനം ലഭിച്ച കണ്ണുകള്‍ക്ക് മാത്രമേ ശിലായുധങ്ങളിലേക്ക് കാഴ്ച പതിയുകയുള്ളൂവെന്ന് അദ്ദേഹം പറയുമായിരുന്നു. പുരാവസ്തു ശാസ്ത്രത്തിലെ മഹാരഥന്‍ ഡെക്കാൻ കോളജിലെ പ്രഫ. എച്ച്.ഡി. സങ്കാലിയയുടെ കൂടെ പുരാവസ്തു പര്യവേക്ഷണവും ഉത്ഖനനങ്ങളും നടത്തിയതിന്‍റെ അനുഭവവും അദ്ദേഹത്തിന്‍റെ കീഴില്‍ നേടിയ പരിശീലനവും ഡോ. പി. രാജേന്ദ്രനെ കഴിവുറ്റ പുരാവസ്തു ശാസ്ത്രജ്ഞനായി വാര്‍ത്തെടുത്തു. അദ്ദേഹം നേടിയ അറിവും അനുഭവവും ഞങ്ങള്‍ക്ക് പകര്‍ന്നുതരാന്‍ അദ്ദേഹം തയാറായി.
വ്യത്യസ്തനായ പുരാവസ്തു ശാസ്ത്രജ്ഞന്‍
കേരളത്തില്‍ പുരാവസ്തു ശാസ്ത്ര ഗവേഷണത്തിന്‍റെ തുടക്കവും ഒടുക്കവും മഹാശിലായുഗ (ഇരുമ്പുയുഗം) സംസ്കാരത്തിലാണ് അവസാനിക്കുന്നത്. ഇരുമ്പുയുഗം ഇന്നും ഗവേഷണ മേഖലയായി തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം തെളിവുകള്‍ ശേഖരിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടതില്ല എന്നതുതന്നെ. നാളിതുവരെയായുള്ള കേരളത്തിലെ പുരാവസ്തു ഗവേഷണങ്ങളെല്ലാംതന്നെ ഇരുമ്പുയുഗത്തെ ചുറ്റിപ്പറ്റിയാണ് നടന്നിട്ടുള്ളത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വേറിട്ട് സഞ്ചരിച്ച് കേരളത്തിന്‍റെ പ്രാക്ചരിത്രത്തില്‍ ഗവേഷണം നടത്താന്‍ ഡോ. പി. രാജേന്ദ്രന്‍ മുന്നോട്ടുവന്നു. ചരിത്രാതീതകാല പഠനങ്ങളുടെ രീതിശാസ്ത്രത്തിലുള്ള അഗാധമായ അറിവ് അദ്ദേഹത്തെ കരുത്തുള്ള ഗവേഷകനാക്കിത്തീര്‍ത്തു. അദ്ദേഹം കേരളത്തിന്‍റെ ചരിത്രാതീതകാല ഗവേഷണം തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഈ മേഖലയില്‍ ഗവേഷണം നടത്താന്‍ ആരും ഇന്നേവരെ തയാറായിട്ടില്ല എന്നതാണ് യാഥാർഥ്യം. കേരള സര്‍വകലാശാലയില്‍ ആര്‍ക്കിയോളജി വകുപ്പ് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത അദ്ദേഹത്തെ ആ വകുപ്പിലെ പ്രഫസറായി നിയമിക്കാന്‍ കേരള സര്‍വകലാശാല മറന്നു. അങ്ങനെ ഒരു അവസരം ഈ പുരാവസ്തു ശാസ്ത്രജ്ഞന് ലഭിച്ചിരുന്നുവെങ്കില്‍ കേരളത്തിന്‍റെ ചരിത്രാതീകാല പഠനത്തിന് അപചയം സംഭവിക്കില്ലായിരുന്നു.
പരശുരാമന്‍ വീണ്ടെടുക്കാത്ത കേരളം
ശാസ്ത്രീയ തെളിവുകള്‍
കേരളം പരശുരാമന്‍ മഴുവെറിഞ്ഞ് കടലില്‍നിന്ന് വീണ്ടെടുത്തതാണെന്നും, അതു പിന്നീട് ബ്രാഹ്മണര്‍ക്ക് ദാനംചെയ്തതാണെന്നുമുള്ള കേരള ചരിത്രത്തിലെ കെട്ടുകഥകളെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊളിച്ചെഴുതി ഡോ. പി. രാജേന്ദ്രന്‍. പരശുരാമ ഐതിഹ്യം തിരുത്തി എഴുതാനുള്ള ഉപദാനങ്ങള്‍ വളരെ വിരളമായിരുന്നു.
കൊല്ലം ജില്ലയിലെ ഇടനാടിന്‍റെ ഭാഗമായ മാമൂടില്‍ ചെങ്കല്ലില്‍ അകപ്പെട്ട സസ്യജാല അശ്മകം (ഫ്ലോറല്‍ ഫോസില്‍) സ്തരീയസ്ഥാന നിര്‍ണയത്തിലൂടെ (സ്ട്രാറ്റിഗ്രഫി) കണ്ടെത്തുകയും ഇലക്ട്രോണ്‍ സ്പിന്‍ റെസൊണന്‍സ് (ഇ.എസ്.ആര്‍) രാസപരിശോധനക്ക് വിധേയമാക്കി 1.87 ദശലക്ഷം വര്‍ഷം പഴക്കം കണക്കാക്കിയിരിക്കുന്നു. കേരളത്തിന്‍റെ ഇന്നു കാണുന്ന ഭൂപ്രകൃതി കടലിനടിയിലായിരുന്നില്ലെന്ന് അദ്ദേഹം ശാസ്ത്രീയമായി തെളിയിച്ചു. പരശുരാമ കഥ വലിച്ചെറിയാന്‍ ഇന്നും കേരളത്തിലെ ചരിത്രകാരന്‍മാര്‍ തയാറായിട്ടില്ല എന്നതാണ് ചരിത്രസത്യം. പരശുരാമ െഎതിഹ്യത്തെ തിരുത്തിക്കൊണ്ടുള്ള –‘ജിയോമോര്‍ഫോളജിക്കല്‍ ഹിസ്റ്ററി ആൻഡ് ദ ലെജൻഡറി ബിലീഫ്സ് എബൗട്ട് ദ ഒറിജിന്‍ ഓഫ് കേരളം’ എന്ന ശീര്‍ഷകത്തില്‍ ആര്‍ക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയുടെ ജേണലായ ‘പുരാതത്വ’യില്‍ അദ്ദേഹത്തിന്‍റെ പ്രബന്ധം പ്രസിദ്ധീകരിച്ചു.

അരിപ്പയില്‍ ഡോ. പി. രാജേന്ദ്രന്‍ കണ്ടെത്തിയ കലപ്പനാക്ക്,കുന്നോനി ശവക്കല്ലറയിൽനിന്ന് ഉത്ഖനനം ചെയ്ത നാഗബിംബങ്ങൾ
കേരളത്തിലെ ആദിമ മനുഷ്യവാസം; ഫൂട്ടിന്‍റെ പരികൽപനയും രാജേന്ദ്രന്‍റെ കണ്ടുപിടിത്തവും
19ാം നൂറ്റാണ്ടിന്‍റെ ആദ്യഘട്ടം മുതല്‍ ഇന്ത്യയുടെ പലഭാഗങ്ങളില്‍നിന്നും ചരിത്രാതീതകാല മനുഷ്യസംസ്കാരത്തിന്‍റെ തെളിവുകള്‍ കണ്ടെടുക്കപ്പെട്ടു തുടങ്ങിയിരുന്നു. 1863ല്‍ തമിഴ്നാട്ടിലെ പല്ലാവരം എന്ന സ്ഥലത്തുനിന്നുമാണ് ഇന്ത്യയില്‍ ആദ്യമായി ആദി പുരാതനശിലായുഗ (lower paleolithic) സംസ്കാരത്തിന്‍റെ തെളിവുകള്‍ കണ്ടെടുക്കപ്പെട്ടത്. റോബര്‍ട്ട് ബ്രൂസ് ഫൂട്ട് എന്ന ഭൂഗര്‍ഭ ശാസ്ത്രജ്ഞന്‍റെ ഈ കണ്ടുപിടിത്തം ഇന്ത്യയില്‍ പുരാതന ശിലായുഗ ഗവേഷണത്തിന്‍റെ ആദ്യ നാഴികക്കല്ലായിരുന്നു. തുടര്‍ന്നുള്ള 40 വര്‍ഷം അദ്ദേഹം തമിഴ്നാട്, കേരളം, കര്‍ണാടകം, ആന്ധ്ര, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നടത്തിയ പര്യവേക്ഷണത്തിന്‍റെ ഫലമായി കേരളം ഒഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളില്‍നിന്നും പുരാതന ശിലായുഗ സംസ്കാരത്തിന്‍റെയും നവീന ശിലായുഗ സംസ്കാരത്തിന്‍റെയും അനേകം തെളിവുകള്‍ കണ്ടെടുക്കപ്പെട്ടു.
കേരളത്തില്‍ അങ്ങോളമിങ്ങോളം ഫൂട്ട് നടത്തിയ പര്യവേക്ഷണത്തിന്‍റെ വെളിച്ചത്തില്‍ അദ്ദേഹം ചില നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തിന്‍റെ ഭൂപ്രകൃതി, ആദികാലങ്ങളില്‍ മനുഷ്യവാസയോഗ്യമല്ലായിരുന്നു. അതിന് അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്ന കാരണങ്ങളില്‍ പ്രധാനമായവ കേരളത്തിലെ അതിവര്‍ഷം, സഞ്ചാരയോഗ്യമല്ലാത്ത വനപ്രദേശം, കുന്നും കുഴികളും നിറഞ്ഞ സമതലമല്ലാത്ത ഭൂപ്രകൃതി, ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ ആദിമ മനുഷ്യന്‍ ശിലായുധങ്ങള്‍ ഉണ്ടാക്കാന്‍ പ്രധാനമായും ഉപയോഗിച്ചിരുന്ന കോര്‍ട്ട്സൈറ്റ് (Quartzite) എന്ന കല്ലിന്‍റെ അഭാവം എന്നിവയായിരുന്നു. എന്നാല്‍ 1974 ഏപ്രില്‍ മുതൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍നിന്ന് നിരവധി പുരാതന ശിലായുധങ്ങള്‍ കണ്ടെത്തി.
കേരളക്കരയില്‍നിന്ന് കണ്ടെത്തിയ പ്രാചീന ശിലായുധങ്ങള്‍ വലുപ്പംകൂടിയവയാണ്. വെട്ടുകത്തികള്‍, കന്മഴു, ഒരേസമയം തുരക്കാനും മുറിക്കാനും പറ്റുന്ന തരത്തിലുള്ള ശിലായുധമായ ബോറര്‍, ചുരണ്ടികള്‍ മുതലായവ കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. കണ്ടെടുത്ത പ്രാചീന ശിലായുധങ്ങളെല്ലാം വെള്ളാരംകല്ലിലാണ് നിര്‍മിച്ചിരിക്കുന്നത്. ഈ ശിലായുധങ്ങളെല്ലാം ലഭിച്ചത് മലനാട്ടില്‍നിന്നും ഇടനാട്ടില്‍നിന്നുമാണ്. ഉപരിതലത്തില്‍ കിടക്കുന്നവയും ഉത്ഖനനംചെയ്തെടുത്തവയും ഈ കൂട്ടത്തിലുള്‍പ്പെടുന്നു. പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ, തെങ്കര, മലപ്പുറത്തെ മങ്കര, മുക്കാളി, കുത്തുഭാലു, കരിംപുലാക്കല്‍, കളരിക്കോട്, വള്ളുവശ്ശേരി എന്നിവിടങ്ങളില്‍നിന്നെല്ലാം പ്രാചീനശിലായുധങ്ങള്‍ അദ്ദേഹം കണ്ടെത്തി റോബര്‍ട്ട് ബ്രൂസ് ഫൂട്ട് പരിശോധനക്ക് വിധേയമാക്കാതെ മുന്നോട്ടുവെച്ച പരികൽപനയെ ഡോ. രാജേന്ദ്രന്‍ തിരുത്തിക്കുറിക്കുകയുംചെയ്തു.

ഹോമോസാപ്പിയൻസ് മനുഷ്യക്കുഞ്ഞിന്റെ തലയോട്ടി കണ്ടെത്തിയ തമിഴ്നാട്ടിലെ ഓടൈ പുരാവസ്തു സൈറ്റ്
കേരളത്തിലെ ചരിത്രകാരന്മാര്‍ ഫൂട്ടിന്‍റെ നിഗമനങ്ങള്‍ കണ്ണടച്ച് വിശ്വസിക്കുകയും ചരിത്ര വിദ്യാര്‍ഥികളെ പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. 32ഓളം ചെറു ശിലായുഗ (Mesolithic) സ്ഥാനങ്ങള്‍ ഡോ. പി. രാജേന്ദ്രന്‍ കണ്ടെത്തിയിട്ടുണ്ട്. കണ്ടെടുത്ത ചെറുശിലായുധങ്ങള്‍ നിർമിച്ചിരിക്കുന്നത് നദീതടങ്ങളില്‍ കാണുന്ന വെള്ളാരംകല്ലുകളിലാണ്. വെള്ളാരംകല്ലുകളില്‍ ഇത്തരത്തിലുള്ള ശിലായുധങ്ങള്‍ നിര്‍മിക്കാന്‍ നൈപുണ്യം നേടിയവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് ഡോ. പി. രാജേന്ദ്രന്‍ അഭിപ്രായപ്പെടുന്നു. കോഴിക്കോട് ജില്ലയിലെ ചേവായൂരില്‍നിന്ന് കെ.ആര്‍. യൂ ടോഡ് എന്ന ബ്രിട്ടീഷ് ഗവേഷകന്‍ കണ്ടെത്തിയ സൂക്ഷ്മ ശിലായുധങ്ങള്‍ക്ക് സാദൃശ്യമുള്ള ചെറുശിലായുധങ്ങള്‍ പൊന്നാനി നദീതടങ്ങളില്‍നിന്ന് ഡോ. പി. രാജേന്ദ്രനും കണ്ടെത്താന്‍ കഴിഞ്ഞു. കേരളത്തില്‍ ചെറു ശിലായുഗ സംസ്കാരം ക്രിസ്തുവിനുമുമ്പ് 3000നും 10,000നും ഇടയില്‍ നിലനിന്നിരുന്നതായി കണക്കാക്കിയിരിക്കുന്നു. ഉത്തരേന്ത്യയില്‍നിന്ന് വ്യത്യസ്തമായി തെക്കെ ഇന്ത്യയിലെ ചെറു ശിലായുഗ സംസ്കാരം മണ്‍പാത്രമില്ലാത്തതും, ലോഹമില്ലാത്തതും, അജ്യാമിതീയവുമാണ് എന്ന് അദ്ദേഹം പറയുന്നു.
തെന്മലയിലെ ശിലാചിത്രം കണ്ടെത്തല്‍
കൊല്ലം ജില്ലയിലെ തെന്മല ഗുഹയില്‍ നടത്തിയ ഉത്ഖനനത്തില്‍നിന്നും ചെറുശിലായുധങ്ങളും ശിലാചിത്രങ്ങളും അദ്ദേഹം പുറത്തുകൊണ്ടുവന്നു. ഗുഹയില്‍ 32 സെ.മീ. താഴ്ചയില്‍ മണ്ണ് അരിഞ്ഞ് മാറ്റിയപ്പോൾ ലഭിച്ച കരിയുടെ തെളിവുകള്‍ ബീര്‍ബൽ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ ബോട്ടണിയില്‍ രാസപരിശോധനക്ക് വിധേയമാക്കിയപ്പോള്‍ 5210 ബി.പി വര്‍ഷത്തെ കാലപ്പഴക്കം നിര്‍ണയിച്ചിരിക്കുന്നു. കേരളത്തിലെ ചെറുശിലായുഗ സ്ഥാനങ്ങളില്‍നിന്നുള്ള ആദ്യത്തെ കണ്ടെത്തലുകളാണിത്. ഇവ കൂടാതെ തിരുവനന്തപുരം ജില്ലയിലെ ആങ്കോട് നിന്നും ശിലാചിത്രവും വട്ടെഴുത്തും അദ്ദേഹം കണ്ടെത്തിയിരുന്നു. ഇലകള്‍, പൂക്കള്‍, ചക്രം എന്നിവ കോറിയിട്ട് വരച്ചിരിക്കുകയാണ് ഈ ഗുഹാഭിത്തിയില്‍. തെക്കന്‍ കേരളത്തില്‍ നവീന ശിലായുഗ സംസ്കൃതി നിലനിന്നിരുന്നതിന്‍റെ തെളിവുകളും അദ്ദേഹം വെളിച്ചത്തു കൊണ്ടുവന്നു.
പ്രാചീന ബ്രാഹ്മി ലിഖിതം നവീന ശിലായുധങ്ങളില്‍
എറണാകുളം ജില്ലയിലെ പെരിയാറിന്‍റെ തീരമായ കൊറ്റമംതോടില്‍നിന്ന് അലി കണ്ടെത്തിയ നവീന ശിലായുധങ്ങളില്‍ പ്രാചീന ബ്രാഹ്മി ലിഖിതം കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിച്ചു. തമിഴ്നാട്ടില്‍നിന്നും ശ്രീലങ്കയില്‍നിന്നും ലഭിച്ച മഹാശിലായുഗത്തിലെ മണ്‍പാത്രത്തിന് മുകളില്‍ ബ്രാഹ്മി ലിഖിതം കണ്ടെത്തിയിട്ടുണ്ടെങ്കിലും കേരളത്തില്‍ നിന്ന് നവീന ശിലായുധങ്ങളില്‍ പ്രാചീന ബ്രാഹ്മി ലിഖിതം ആദ്യമായി വെളിച്ചത്തുകൊണ്ടുവന്നത് അദ്ദേഹമാണ്. തഞ്ചാവൂര്‍ ജില്ലയിലെ കണ്ടിയൂരില്‍ കണ്ടെത്തിയ നവീന ശിലായുഗ കന്മഴുവിന് മുകളില്‍ സൈന്ധവ ലിഖിതം നേരത്തേ കണ്ടെത്തിയിരുന്നു.
ക്രിസ്തു ആറാം നൂറ്റാണ്ടില്‍ വികസിപ്പിച്ച, അശോകന്‍ ബ്രാഹ്മി ലിഖിതത്തേക്കാള്‍ പ്രാകൃതരൂപത്തിലുള്ള ബ്രാഹ്മി ലിഖിതമാണ് നവീന ശിലായുഗത്തിലെയും മഹാശിലായുഗത്തിലെയും സ്ഥാനങ്ങളില്‍നിന്ന് കണ്ടെത്തിയിരിക്കുന്നത് എന്ന് ഡോ. പി. രാജേന്ദ്രന്‍ അഭിപ്രായപ്പെടുന്നു. ഒന്നരലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ ആദിമ മനുഷ്യവാസമുണ്ടായിരുന്നെന്നും, മധ്യഭൗമയുഗത്തില്‍ തന്നെ കേരളം സുദൃഢമായ പരിസ്ഥിതിയായിരുന്നെന്നും അദ്ദേഹം ശാസ്ത്രീയമായി തെളിയിച്ചു.

മഹാശിലാ സ്മാരകങ്ങള്‍ തേടിയുള്ള പര്യവേക്ഷണം
ഇന്ത്യയില്‍ ആദ്യമായി മഹാശിലായുഗ സംസ്കാരത്തിന്‍റെ തെളിവുകള്‍ കണ്ടെത്തിയത് ബ്രിട്ടീഷ് ഗവേഷകനായ ബാബിങ്ടണ്‍ ആയിരുന്നു. 1823ല്‍ കോഴിക്കോട് ഫറോക്കിനടുത്ത ചത്തപറമ്പില്‍നിന്നായിരുന്നു അദ്ദേഹത്തിന്‍റെ മഹാശിലാ സംസ്കാരത്തെക്കുറിച്ച ആദ്യത്തെ കണ്ടെത്തല്‍ നടന്നത്. ബാബിങ്ടണിന്‍റെ ഈ കണ്ടുപിടിത്തത്തിന് 200 വയസ്സ് തികഞ്ഞിട്ടും ഈ സംസ്കൃതിയെക്കുറിച്ച് ഒരു ഏകീകൃത പഠനം നാളിതുവരെയായിട്ടും നടന്നിട്ടില്ലെന്ന കാര്യം നമുക്ക് നാണക്കേടായി തോന്നും. ഈയൊരു പശ്ചാത്തലത്തിലാണ് ഡോ. പി. രാജേന്ദ്രന്‍റെ ഈ മേഖലയിലുള്ള സംഭാവനയുടെ സാംഗത്യം നമുക്ക് ബോധ്യപ്പെടുന്നത്. കേരളത്തിലെ മഹാശിലായുഗ സ്ഥാനങ്ങളില്‍നിന്ന് ഉത്ഖനനംചെയ്തെടുത്ത പുരാവസ്തുക്കള്‍ രാസപരിശോധനക്ക് വിധേയമാക്കിയ അപൂര്‍വം പുരാവസ്തു ഗവേഷകരിലാണ് ഡോ. പി. രാജേന്ദ്രന്‍റെ സ്ഥാനം. പരേതന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ മറവുചെയ്തിരുന്ന സ്ഥാനങ്ങളാണ് മഹാശിലാ സ്മാരകങ്ങള്‍.
കുന്നോനിയിലെ ശവക്കല്ലറ
കോട്ടയം ജില്ലയിലെ കുന്നോനിക്കടുത്ത് ഒളിയാനിയില്‍ കണ്ടെത്തിയ മഹാശിലായുഗത്തിലെ ശവക്കല്ലറയില്‍ അദ്ദേഹം ഉത്ഖനനം നടത്തി. ചുവപ്പ് മണ്‍പാത്രങ്ങള്‍, കറുപ്പ് ചുവപ്പ് മണ്‍പാത്രങ്ങള്‍, കറുപ്പ് പൂശിയ പ്ലേറ്റുകള്‍, മൂടികള്‍ എന്നിവ കണ്ടെത്തി. അരിവാള്‍, വാള്‍, കുന്തം എന്നീ ഇരുമ്പായുധങ്ങളും പുറത്തുകൊണ്ടുവന്നു. ഇരുമ്പില്‍ നിര്‍മിച്ച മൂന്ന് നാഗബിംബങ്ങളും അദ്ദേഹം കണ്ടെത്തി. മഹാശിലാ മനുഷ്യര്‍ക്കിടയില്‍ നാഗാരാധകരും ഉണ്ടായിരുന്നതിന്‍റെ തെളിവുകളാണ് അദ്ദേഹത്തിന് ഉത്ഖനനംചെയ്തെടുക്കാന്‍ സാധിച്ചത്.
െഡക്കാൻ കോളജ്, പുണെ

െഡക്കാൻ കോളജ്, പുണെ
അരിപ്പയിലെ സമ്പന്ന ശവക്കല്ലറ
കൊല്ലം ജില്ലയിലെ അരിപ്പ എന്ന സ്ഥലത്ത് കണ്ടെത്തിയ മഹാശിലായുഗത്തിലെ ശവക്കല്ലറയില്‍ (cist burial) നടത്തിയ ഉത്ഖനനത്തില്‍നിന്നും ലഭിച്ച ചെമ്പിന്‍റെയും സ്വര്‍ണത്തകിടില്‍ പണിത കാതിലകളും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡറാഡൂണിലെ ലബോറട്ടറിയില്‍ രാസപരിശോധനക്ക് വിധേയമാക്കി ലോഹസംസ്കരണത്തിലെ ഇരുമ്പുയുഗ മനുഷ്യരുടെ സാങ്കേതിക മികവ് അദ്ദേഹം വെളിച്ചത്തു കൊണ്ടുവന്നു.
പ്രായമുള്ള മനുഷ്യന്‍റെ അസ്ഥികള്‍, ചെറിയ കുട്ടിയുടെ തലയോട്ടിയുടെ ഭാഗം, മൃഗത്തിന്‍റെ കുറച്ച് എല്ലുകള്‍, ആഹാര അവശിഷ്ടങ്ങള്‍ തുടങ്ങിയവ ശവക്കല്ലറയില്‍നിന്ന് അദ്ദേഹം ഉത്ഖനനംചെയ്തെടുത്തു. കറുപ്പ്, ചുവപ്പ് മണ്‍പാത്രത്തിലാണ് ചെറിയ കുട്ടിയുടെ തലയോട്ടിയുടെ ഭാഗം അടക്കിയിട്ടുള്ളത്. തലയോട്ടിയുടെ മുന്‍ഭാഗവും, പുരികവരമ്പ് അസ്ഥികളുമാണ് ലഭിച്ചത്. ഇവ കൂടാതെ ശവക്കല്ലറയില്‍നിന്ന് മണ്‍പാത്രങ്ങള്‍, മൂടികള്‍, കളിമണ്ണിന്‍റെ തെരുവകള്‍ തുടങ്ങിയവ കണ്ടെത്തി. ഇരുമ്പായുധങ്ങളായ അരിവാള്‍, കഠാര, വാള്‍, കലപ്പനാക്ക്, കത്തി എന്നിവ ലഭിച്ചു. മഹാശിലായുഗത്തിലെ സമ്പന്നമായ ദ്വിതീയ ശവസംസ്കാര രീതിയും മരണാനന്തര ജീവിതത്തിലെ വിശ്വാസത്തിന്‍റെ ശക്തമായ തെളിവുകളും ഡോ. പി. രാജേന്ദ്രന്‍ കണ്ടെത്തി. മഹാശിലായുഗ മനുഷ്യരുടെ വാസ്തുവിദ്യ, എന്‍ജിനീയറിങ് നൈപുണ്യം, മണ്‍പാത്ര നിര്‍മാണത്തിലെ വ്യത്യസ്ത സാങ്കേതികവിദ്യ, ലോഹസംസ്കരണം തുടങ്ങിയവയെക്കുറിച്ച് കേരളചരിത്ര നിര്‍മിതിക്കുവേണ്ടി ആദ്യമായി ശാസ്ത്രീയ പഠനം നടത്തിയത് അദ്ദേഹമായിരുന്നു.
മഹാശിലായുഗ സംസ്കാരത്തിന്‍റെ സാംസ്കാരിക ലക്ഷണങ്ങള്‍ പശ്ചിമഘട്ട മലനിരകളിലെ ഗോത്രസമൂഹങ്ങളില്‍ കാണാമെന്ന് അദ്ദേഹം സമർഥിക്കുന്നു. ഈ മേഖലയില്‍ വംശീയ പുരാതത്വ പഠനത്തിന്‍റെ സാധ്യതയെയാണ് അദ്ദേഹം വിലയിരുത്തിയത് –ലിവിങ് മെഗാലിത്തിസം അഥവാ മഹാശിലായുഗ ജീവനം എന്ന ആശയം അദ്ദേഹം മുന്നോട്ടുവെച്ചു.

ഡോ. പി. രാജേന്ദ്രൻ കണ്ടെത്തിയ ആങ്കോട് ശിലാചിത്രം,അരിപ്പയില്‍ ഡോ. പി. രാജേന്ദ്രന്‍ കണ്ടെത്തിയ ചുവപ്പ് മണ്‍പാത്രങ്ങള്‍
ഹോമോസാപ്പിയന്‍സ് (ആര്‍ക്കൈക്) മനുഷ്യക്കുഞ്ഞിന്‍റെ തലയോട്ടിയുടെ കണ്ടുപിടിത്തം
ചെങ്കല്ലില്‍ അകപ്പെട്ട ഹോമോസാപ്പിയന്‍സ് (ആര്‍ക്കൈക്) മനുഷ്യക്കുഞ്ഞിന്‍റെ തലയോട്ടിയുടെ കണ്ടുപിടിത്തത്തോടെ ഡോ. പി. രാജേന്ദ്രനെന്ന പുരാവസ്തു ശാസ്ത്രജ്ഞനെ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. 2001 ഒക്ടോബര്‍ 14ന് തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയില്‍ ഓടൈ എന്ന സ്ഥലത്ത് അദ്ദേഹം ഉത്ഖനനം നടത്തുകയായിരുന്നു. ഉത്ഖനനത്തില്‍നിന്നും ചെറുശിലായുധങ്ങളും ഉപരി പുരാതന ശിലായുധങ്ങളും ഉള്‍പ്പെടെ നിരവധി തെളിവുകള്‍ കണ്ടെടുക്കപ്പെട്ടു. ഉച്ചക്ക് 12.40ന് ഉത്ഖനന സൈറ്റില്‍നിന്ന് ചെങ്കല്ലില്‍ ഒരു ദ്വാരം രൂപപ്പെട്ടത് അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പതിഞ്ഞു. ഖനന ഉപകരണമുപയോഗിച്ച് ആ ദ്വാരം പരിശോധിച്ചു.
ഉടനെത്തന്നെ ആ ദ്വാരം മൂടപ്പെട്ടു. ചെങ്കല്ലില്‍ എന്തോ അകപ്പെട്ടിട്ടുണ്ടെന്ന് അവര്‍ക്ക് സംശയമായി. ചെങ്കല്ല് പൊട്ടിച്ചു നോക്കിയാലോ എന്ന് സഹഗവേഷകര്‍ പറഞ്ഞുവെങ്കിലും ഡോ. രാജേന്ദ്രന്‍ അതിന് തയാറായില്ല. അദ്ദേഹം പല മാര്‍ഗങ്ങളെക്കുറിച്ചും ആലോചിച്ചു. ഒടുവില്‍ ചെങ്കല്ല് എക്സ്റേ പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനിച്ചു. എക്സ്റേ പരിശോധനയില്‍ ചെങ്കല്ലില്‍ തലയോട്ടി അകപ്പെട്ടിരിക്കുന്നതിന്‍റെ രൂപചിത്രം തെളിഞ്ഞു. തുടര്‍ന്നുള്ള പരീക്ഷണങ്ങള്‍ക്ക് വൈദ്യശാസ്ത്രരംഗത്തെ സാങ്കേതികവിദ്യ തന്നെ ഉപയോഗപ്പെടുത്താന്‍ അദ്ദേഹം തീരുമാനിച്ചു. ചെങ്കല്ലില്‍ അകപ്പെട്ട മനുഷ്യക്കുഞ്ഞിന്‍റെ തലയോട്ടി 2D സ്കാനിങ്, 3D സ്കാനിങ്, 3D ഫോട്ടോ മൈക്രോസ്കോപ്പി, സ്കാനിങ് ഇലക്ട്രോണ്‍ മൈക്രോസ്കോപ്പി (SEM) എന്നീ പരിശോധനക്ക് വിധേയമാക്കി.
ചെങ്കല്ലില്‍ പൂര്‍ണമായും പ്രിസര്‍വ് ചെയ്യപ്പെട്ട തലയോട്ടി (Skull), അസ്ഥിഘടന (Bone Structure), രക്തധമനികള്‍ (Blood Vessels), മസ്തിഷ്ക കല (Brain Tissues), ആര്‍.ബി.സി, ദന്തനിര തുടങ്ങിയവ പരിശോധനയിലൂടെ തെളിഞ്ഞു. മധ്യഭൗമയുഗത്തില്‍ ചെങ്കല്ലില്‍ അകപ്പെട്ട് ഫോസിലായിത്തീര്‍ന്ന ഹോമോസാപ്പിയന്‍സ് (ആര്‍ക്കൈക്) മനുഷ്യക്കുഞ്ഞിെന്റ തലയോട്ടിയുടെ ഈ കണ്ടുപിടിത്തം –ലാറ്ററേറ്റ് ബേബി എന്ന പേരില്‍, പത്തോളം അന്തര്‍ ദേശീയ ജേണലുകളില്‍ പ്രസിദ്ധീകരിച്ചു. ലാറ്ററേറ്റ് ബേബി ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ അമൂല്യമായ പുരാവസ്തു കണ്ടെത്തലുകള്‍ -അണ്‍റാവലിങ് ദ പാസ്റ്റ് ആര്‍ക്കിയോളജി ഓഫ് കേരളം ആൻഡ് അഡ്ജസന്റ് റീജ്യൻസ് ഇന്‍ സൗത്ത് ഇന്ത്യ എന്ന ഗ്രന്ഥം മാതൃഭൂമിയുടെ കെ.പി. കേശവമേനോന്‍ ഹാളില്‍വെച്ച് ഡോ. എം.ജി.എസ്. നാരായണന്‍ പ്രകാശനംചെയ്തിരുന്നു.
ഡോ. പി. രാജേന്ദ്രന്‍റെ അനര്‍ഘമായ പുരാവസ്തു കണ്ടെത്തലുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു മ്യൂസിയം കേരള സര്‍വകലാശാലയില്‍ സ്ഥാപിക്കണമെന്നത് അദ്ദേഹത്തിന്‍റെ ആഗ്രഹമായിരുന്നു. ഇന്ത്യയില്‍ ആദ്യമായി ചെങ്കല്ലില്‍ റേഡിയോളജിക്കല്‍ രീതി പരീക്ഷിച്ച കണ്ടെത്തല്‍ ലാറ്ററേറ്റ് ബേബിയും ആ പരിശോധനയുടെ 2D, 3D സ്കാനിങ് ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് കാണാനുള്ള സാഹചര്യം എന്നെങ്കിലും ഇവിടെയുണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് പുരാവസ്തു ശാസ്ത്രത്തിലെ കർമയോഗി ഡോ. പി. രാജേന്ദ്രന്‍ എന്നേക്കുമായി വിടപറഞ്ഞത്. കേരളത്തിന്‍റെ ചരിത്രാതീതകാല പഠനങ്ങള്‍ക്ക് പുതിയ അധ്യായം തുറന്ന അദ്ദേഹത്തെ കേരളീയ ചരിത്ര-പുരാവസ്തു ഗവേഷക സമൂഹം എക്കാലത്തും മാതൃകയാക്കേണ്ടതാണ്.
-----------------------
ഗ്രന്ഥസൂചി
1. Unraveling The Past: Archaeology of keralam and the Adjacent Regions in South India Heritage Publication. New Delhi.
2. Rajendran, P. 1980. The Pre historic Culurtes and Environment, Classical Publishing Company. New Delhi.
3. എന്‍.കെ. രമേശ് 2024. വടക്കന്‍ കേരളം ചരിത്രാതീതകാലം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
4. രാജേന്ദ്രന്‍, പി. 1998. കേരളത്തിലെ പ്രാക് ചരിത്രം, വിജ്ഞാന കൈരളി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.