ജാതി സെൻസസ് സാമൂഹികനീതിയിലേക്കുള്ള മാന്ത്രികവടിയോ?

ജാതി സെൻസസ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ പ്രക്ഷോഭം ആരംഭിച്ചപ്പോൾ, ആദ്യം സെൻസസ് നടത്തുന്നതിൽ വിമുഖത കാണിച്ച കേന്ദ്രസർക്കാർ പിന്നീട് രംഗത്തുവന്നതിന്റെ ഉദ്ദേശ്യലക്ഷ്യമെന്തായിരിക്കും? ജാതി സെൻസസ് ശരിക്കും പ്രതിവിധിയാണോ? ഹിന്ദുത്വക്കെതിരെ ദേശീയതലത്തിൽ വികസിപ്പിച്ചു വരേണ്ട പോരാട്ടങ്ങളിൽ കാര്യമായ ഒരു പങ്കുവഹിക്കാൻ ജാതി സെൻസസിന് കഴിയുമോ? -വേറിട്ട ചില വാദങ്ങൾ സംവാദത്തിനായി മുന്നോട്ടു വെക്കുകയാണ് ലേഖകൻ. ജാതി സെൻസസിനുവേണ്ടി രാജ്യവ്യാപകമായി വലിയ പ്രക്ഷോഭങ്ങൾ നടന്നുവരുന്നതിനിടയിലാണ് മോദിയുടെ നേതൃത്വത്തിൽ 2025 ഏപ്രിൽ 30ന് ചേർന്ന കാബിനറ്റ് കമ്മിറ്റി ഓഫ്...
Your Subscription Supports Independent Journalism
View Plansജാതി സെൻസസ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ പ്രക്ഷോഭം ആരംഭിച്ചപ്പോൾ, ആദ്യം സെൻസസ് നടത്തുന്നതിൽ വിമുഖത കാണിച്ച കേന്ദ്രസർക്കാർ പിന്നീട് രംഗത്തുവന്നതിന്റെ ഉദ്ദേശ്യലക്ഷ്യമെന്തായിരിക്കും? ജാതി സെൻസസ് ശരിക്കും പ്രതിവിധിയാണോ? ഹിന്ദുത്വക്കെതിരെ ദേശീയതലത്തിൽ വികസിപ്പിച്ചു വരേണ്ട പോരാട്ടങ്ങളിൽ കാര്യമായ ഒരു പങ്കുവഹിക്കാൻ ജാതി സെൻസസിന് കഴിയുമോ? -വേറിട്ട ചില വാദങ്ങൾ സംവാദത്തിനായി മുന്നോട്ടു വെക്കുകയാണ് ലേഖകൻ.
ജാതി സെൻസസിനുവേണ്ടി രാജ്യവ്യാപകമായി വലിയ പ്രക്ഷോഭങ്ങൾ നടന്നുവരുന്നതിനിടയിലാണ് മോദിയുടെ നേതൃത്വത്തിൽ 2025 ഏപ്രിൽ 30ന് ചേർന്ന കാബിനറ്റ് കമ്മിറ്റി ഓഫ് പൊളിറ്റിക്കൽ അഫയേഴ്‌സ് (Cabinet Committee on Political Affairs-CCPA) നിർദിഷ്ട ജാതി സെൻസസ് നടത്താൻ തീരുമാനിച്ചതും പ്രഖ്യാപിച്ചതും. വരാനിരിക്കുന്ന സെൻസസിൽ ജാതി കണക്കെടുപ്പ് ഉൾപ്പെടുത്തുമെന്നാണ് തീരുമാനം. 2027 മാർച്ചിൽ സെൻസസ് ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ജാതി സെൻസസ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ ഉൾപ്പെടെ വർഗ ബഹുജന സംഘടനകൾ ദേശീയതലത്തിൽ പ്രക്ഷോഭം ആരംഭിച്ചപ്പോൾ, ആദ്യം സെൻസസ് നടത്തുന്നതിൽ വിമുഖത കാണിച്ച കേന്ദ്രസർക്കാർ പിന്നീട് രംഗത്തുവന്നതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ കൃത്യമായി ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ‘ചരിത്രപരമായ തീരുമാനം’, ‘സാമൂഹിക നീതിക്ക് പ്രതിജ്ഞാബദ്ധം’ എന്നൊക്കെ അമിത് ഷാ പോലും വിശേഷിപ്പിക്കുന്ന തരത്തിൽ വലിയ പ്രചണ്ഡമായ പ്രചാരണത്തോടെയാണ് മോദിസർക്കാർ പ്രഖ്യാപനം നടത്തിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഈ തീരുമാനത്തെ സ്വാഗതംചെയ്തു. ‘‘നമുക്ക് സർക്കാറിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് തെളിയിച്ചു’’ എന്നാണ് അദ്ദേഹം ഈ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്.
നമുക്കിടയിലെ ഭരണഘടനാ വിദഗ്ധരും പ്രാതിനിധ്യ സംവരണ നിയമ വിദഗ്ധരും ഇപ്പോഴും അവകാശപ്പെടുന്നത് ‘ആഴത്തിലുള്ള സാമൂഹിക പരിഷ്കരണത്തിലേക്കുള്ള ആദ്യപടി’ ആണ് ജാതി സെൻസസ് എന്നാണ്. മറ്റു ചില നിരീക്ഷകർ അൽപംകൂടി ഭാവന ചേർത്ത് കൽപനാത്മകമായി പറയുന്നത് ആനുപാതിക പ്രാതിനിധ്യത്തിന്റെയും അവസര നിഷേധങ്ങളുടെയും യാഥാർഥ്യം തുറന്നുകാണിക്കുന്നതിലൂടെ ‘ഹിന്ദു ഐക്യം’ എന്ന സംഘ്പരിവാറിന്റെ വ്യാജ പരിപ്രേക്ഷ്യത്തെ പുറത്തു ചാടിക്കാനും തകർക്കാനും കഴിയുമെന്നാണ്. ശാസ്ത്രീയമായ അവലോകനത്തിന്റെ ഭാഗമായി ജാതി സെൻസസ് തീർച്ചയായും നടപ്പാക്കപ്പെടേണ്ടതാണ് എന്ന് അംഗീകരിക്കുമ്പോൾതന്നെ, നാം ഇവിടെ പരിശോധിക്കേണ്ടത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യപരമായ ആനുകൂല്യങ്ങളും അവകാശങ്ങളും നിലവിൽ ലഭ്യമല്ലാതിരിക്കുന്നത് ജാതി സെൻസസിന്റെയോ, മറ്റ് സ്ഥിതിവിവര കണക്കുകളുടെയോ അഭാവംകൊണ്ടാണോ എന്നാണ്.
അങ്ങനെ പരിശോധിക്കുമ്പോൾ ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട അവകാശങ്ങൾ വലിയ ഭൂരിപക്ഷത്തിന് നിഷേധിക്കപ്പെടുന്നതിന്റെ നിരവധി കണക്കുകൾ, ഡേറ്റകൾ സർക്കാറിന്റെ കൈവശം, പൊതുമണ്ഡലത്തിൽ, നിലവിൽ ഉള്ളപ്പോഴാണ് സമ്പൂർണമായ അവസര നിഷേധങ്ങൾ തുടരുന്നത് എന്ന് കാണാൻ കഴിയും.
ഒറ്റനോട്ടത്തിൽ അറിയാനും മനസ്സിലാക്കാനും കഴിയുന്ന, ഓരോ ജാതി വിഭാഗങ്ങളും കൈയടക്കിെവച്ചിരിക്കുന്ന അധികാരങ്ങളുടെയും വിഭവങ്ങളുടെയും ഈ കണക്കുകളും വളരെ നിർണായകമായ ഡേറ്റകളും അനുസരിച്ച് പ്രാതിനിധ്യവും സംവരണവും ലഭ്യമാക്കാതെ അട്ടിമറിച്ചുകൊണ്ടിരിക്കുമ്പോൾ, നിർദിഷ്ട ജാതി സെൻസസ് നടത്തുമെന്ന പ്രഖ്യാപനത്തിലൂടെ എന്ത് സവിശേഷതയാണ് ഈ ഫാഷിസ്റ്റ് ഭരണകൂടത്തിൽനിന്ന് പ്രതീക്ഷിക്കാനാവുക എന്ന് ചിന്തിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ജാതി സെൻസസിന് വേണ്ടിയാണോ അതോ നിലവിൽ അട്ടിമറിക്കപ്പെടുന്ന വസ്തുനിഷ്ഠ യാഥാർഥ്യങ്ങൾക്ക് എതിരെയാണോ അടിയന്തരമായ പ്രക്ഷോഭപരമായ ഇടപെടലുകൾ വേണ്ടത് എന്ന തീരുമാനം നിർണായകമാണ്.
ജാതി സെൻസസ് വിവിധ ജാതി വിഭാഗങ്ങളുടെ പ്രത്യേകിച്ച് ഒ.ബി.സിയുടെ സാമൂഹിക സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നതിന് അനുഭവപരമായ അടിത്തറ നൽകുമെന്നാണ് നാം പൊതുവെ വിശ്വസിക്കുന്നത്. സർവേകളുടെയും കമീഷൻ റിപ്പോർട്ടുകളുടെയും വിശ്വാസ്യതയെ ചിലപ്പോൾ ചോദ്യംചെയ്യുന്ന ജുഡീഷ്യറിയുടെ നിരീക്ഷണങ്ങളിൽ ക്ഷേമ പരിപാടികൾ നിയമവിധേയമാക്കാൻ ജാതി സെൻസസ് ഡേറ്റ കൂടുതൽ പ്രാപ്തമാകുമെന്നും വിശ്വസിക്കുന്നുണ്ട്.
ഒ.ബി.സി വിഭാഗത്തിനുള്ളിലെ അവഗണിക്കപ്പെടുന്നവരുടെ ഡേറ്റകൾ ശേഖരിച്ചാൽ അതിന്റെതന്നെ ഉള്ളിലെ ഉപവിഭാഗങ്ങളിലെ (intra-group) സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾ തിരിച്ചറിയാൻ സഹായിക്കും, അതുവഴി ഒ.ബി.സികളിലെ അത്യധികം പിന്നാക്ക വിഭാഗങ്ങൾക്കായി പുതിയ നയങ്ങൾ നിർമിക്കാൻ കഴിയും എന്നും നമ്മളിൽ പലരും വിശ്വസിക്കുന്നുണ്ട്. ഈ വാദങ്ങൾ തീർച്ചയായും വളരെ പ്രാധാന്യമർഹിക്കുന്നതാകുമ്പോൾ തന്നെ, നിലവിലുള്ള വിപുലമായ ഡേറ്റകൾ അനുസരിച്ച് ഒരു നീതിയും നടപ്പാക്കാത്ത ഭരണകൂടത്തിൽനിന്നും ജാതി സെൻസസിനുശേഷം, പ്രത്യേകിച്ച് എന്തെങ്കിലും പ്രതീക്ഷിക്കുന്നത് അമിതമായ വിലയിരുത്തലാകും.
ജാതി കണക്കെടുപ്പ് തീർച്ചയായും ഇന്ത്യയെപ്പോലുള്ള ഒരു വൈവിധ്യമാർന്ന സമൂഹത്തിൽ സ്ഥിരം സ്ഥാപനപരമായ സമ്പ്രദായമായിരിക്കണം. എന്നാൽ, സെൻസസ് ഡേറ്റകൾ കൊണ്ടുമാത്രമേ സാമൂഹികവും സാമ്പത്തികവുമായ നീതി നടപ്പാക്കാൻ കഴിയൂ എന്നതും, അതൊരു മുൻവിധിയായി ഉയർത്തുക അല്ലെങ്കിൽ നയരൂപവത്കരണത്തിന്റെ കേന്ദ്രരേഖയായി ഉയർത്തുക എന്നതും സാമൂഹിക നീതിയുടെ പ്രാതിനിധ്യപരവും അവകാശപരവും ചരിത്രപരവുമായ ഉദ്ദേശ്യത്തെ വളരെ തെറ്റായതും അപകടകരവുമായ വായനയിലേക്ക് നയിക്കും.
സെൻസസ് നടത്താൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (The Registrar General of India - RGI) ആണ്. ഇന്ത്യയുടെ രജിസ്ട്രാർ ജനറലിന്റെ പങ്ക് നിഷ്പക്ഷവും വസ്തുതാപരവുമായ ഡേറ്റ കൃത്യമായ കണക്കെടുപ്പിലൂടെ ശേഖരിക്കുകയും അവതരിപ്പിക്കുകയും ചെയ്യുക എന്നതു മാത്രമാണ്. അല്ലാതെ സാമൂഹിക ക്ഷേമ നയങ്ങൾ, അതീവ ഗൗരവമായ സംവരണവുമായി ബന്ധപ്പെട്ട പ്രാതിനിധ്യ വിഷയങ്ങൾ എന്നിവ രൂപപ്പെടുത്താൻ സർക്കാറിനെ നയിക്കുകയല്ല. രാഷ്ട്രീയ പരിഷ്കരണത്തിനുള്ള ഒരു ഉപകരണമായി സെൻസസ് ഉയർത്തുന്നത് സ്ഥാപനത്തെ അതിന്റെ ഉത്തരവാദിത്തത്തിനപ്പുറം ഭാരപ്പെടുത്തുകയും അതിന്റെ പ്രവർത്തനത്തെ രാഷ്ട്രീയവത്കരിക്കുകയും ചെയ്യും. പ്രത്യേകിച്ച് ഇന്ത്യൻ ഫാഷിസത്തിന്റെ ധ്രുവീകരിക്കപ്പെട്ട രാഷ്ട്രീയ അന്തരീക്ഷത്തിൽ സെൻസസ് പ്രവർത്തനങ്ങളുടെ വസ്തുനിഷ്ഠത നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. തെരഞ്ഞെടുപ്പ് കമീഷന്റെയും മറ്റും പ്രവർത്തനങ്ങൾ നാം നേരിൽ കണ്ടുകൊണ്ടിരിക്കുകയാണല്ലോ.

അതുകൊണ്ടുതന്നെ ഏറ്റവും അടിയന്തരമായി നിലവിൽ ലഭ്യമായ വിവരങ്ങളുടെയും അനുഭവപരമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ ദുർബലരായ സാമൂഹിക വിഭാഗങ്ങളുടെ ക്ഷേമത്തിനായി, മുഖ്യധാരയിൽനിന്ന് ചവിട്ടി അകറ്റപ്പെട്ട സാമൂഹിക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനും വിഭവാവകാശങ്ങൾക്കും വേണ്ടി പൊതുനയങ്ങൾ രൂപവത്കരിക്കേണ്ടത് ഭരണ-രാഷ്ട്രീയ ഉന്നത വർഗത്തിന്റെ ഉത്തരവാദിത്തമാണ്.
അതിനു പര്യാപ്തമായ ഡേറ്റകളും കണക്കുകളും ഇപ്പോൾ തന്നെ ഈ ഭരണകൂടത്തിന്റെ കൈവശമുണ്ട്. എന്നിട്ടും എല്ലാ മേഖലകളിലും കീഴാള ദുർബല വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കാത്ത സവർണ അധീശത്വ ഭരണം മുന്നോട്ടുപോകുന്നത് ആ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര നിലപാട് വ്യക്തമാക്കുന്നതാണ്.
ഏറ്റവും വലിയ തെളിവുകൾ അനുഭവങ്ങളാണ് ദുർബല വിഭാഗങ്ങളുടെ, ക്രൂരമായ അവകാശ നിഷേധ അനുഭവങ്ങളും ഒ.ബി.സി ഉൾപ്പെടെയുള്ളവരുടെ അവകാശം നിഷേധിക്കപ്പെടുന്നതും ഒരു കണക്കും ആവശ്യമില്ലാത്തവിധം നമ്മുടെ കൺമുന്നിൽ ഏറ്റവും സ്പർശവേദ്യമായ യാഥാർഥ്യമാണ്. കുറെക്കൂടി കൃത്യമായി പറഞ്ഞാൽ, നിർണായകമായ സാമൂഹികനീതിക്കുവേണ്ടിയുള്ള നയരൂപവത്കരണത്തിൽ ചരിത്രപരമായി തന്നെ ‘ഏറ്റവും തികഞ്ഞ’ ഡേറ്റകൾക്കുവേണ്ടി കാത്തിരിക്കേണ്ടതില്ല.
ഉദാഹരണത്തിന് ഭരണഘടനയിലെ ചരിത്രപ്രധാനമായ സംവരണ നിയമം, ഭൂപരിഷ്‌കരണം, മണ്ഡൽ കമീഷൻ ശിപാർശകൾ നടപ്പാക്കൽ തുടങ്ങിയ രാജ്യത്തിന്റെ സാമൂഹിക പുരോഗതിയുടെ നാഴികക്കല്ലായ ചരിത്രസംഭവങ്ങളെ നയിച്ചത് സ്ഥിതിവിവരക്കണക്ക് വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അല്ല, മറിച്ച് രാഷ്ട്രീയ പോരാട്ടവും, ബഹുജന അഭിപ്രായ സമാഹരണവും ഭരണ-രാഷ്ട്രീയ വർഗത്തിന്റെ ധാർമിക പ്രതിബദ്ധതയുമാണ്.nകുറെ വിസ്തൃത പത്രികകൾ, കമ്പ്യൂട്ടർ അനാലിസിസ്, സർവേ ഗ്രാഫുകൾ എന്നിവയേക്കാൾ നീതി നടപ്പാക്കപ്പെടുന്നതിനുവേണ്ടി ഒരു ധാർമിക ഭരണകൂടത്തെ അധികാരത്തിലേറ്റാൻ വേണ്ട തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതുകൊണ്ടും, പ്രത്യയശാസ്‌ത്രപരമായ ചായ്‌വുകളും ശക്തമായ പൊതുസമൂഹ സമ്മർദവുംകൊണ്ടാണ് ഇന്ത്യയിലെ പൊതുനയം പലപ്പോഴും രൂപപ്പെട്ടിട്ടുള്ളത്.
ഭരണവർഗത്തിന്റെ താൽപര്യങ്ങളും നിലപാടുകളും നടപ്പാക്കാൻ ഒരു ഡേറ്റയുടെയും സർവേയുടെയും പിൻബലം ആവശ്യമിെല്ലന്ന് കൃത്യമായി ബോധ്യപ്പെടുത്തുന്നതായിരുന്നു ഇതൊന്നുമില്ലാതെ സവർണർക്കു മാത്രമായി ‘സാമ്പത്തിക’ സംവരണം (Economically Weak Section -EWS) നടപ്പാക്കാൻ ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടത്തിന് കഴിഞ്ഞത്. ഏതെങ്കിലും അടിസ്ഥാന സ്ഥിതിവിവര കണക്കുകളുടെയോ റിപ്പോർട്ടിന്റെയോ അടിസ്ഥാനത്തിൽ ആധികാരിക പഠനങ്ങൾ ഒന്നുമില്ലാതെ പ്രാതിനിധ്യ സംവരണം എന്ന ഭരണഘടനാ സങ്കൽപത്തെ തന്നെ അട്ടിമറിച്ച് മോദിസർക്കാർ ഇ.ഡബ്ല്യൂ.എസ് നടപ്പാക്കിയതിൽനിന്ന് നാം മനസ്സിലാക്കേണ്ടത് ഭരണകൂടത്തിന്റെ അധികാരത്തിലാണ്, അല്ലാതെ സർവേകളിലല്ല നയം രൂപംകൊള്ളുന്നത് എന്നാണ്.
നാം മനസ്സിലാക്കാതെ പോകുന്ന മറ്റൊരു പ്രധാന വിഷയം ജാതി അടിസ്ഥാനമാക്കിയുള്ള അസമത്വത്തെക്കുറിച്ചുള്ള വിപുലമായ വിവരങ്ങൾ ഇതിനകം നിലവിലുണ്ട് എന്നതാണ്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ രേഖപ്പെടുത്തപ്പെട്ടതു തന്നെ ദശാബ്ദക്കാലത്തെ സെൻസസിന്റെ ഭാഗമാണ്. എന്നാൽ, സെൻസസും കോംപ്ലിമെന്ററി ദേശീയ സർവേ (ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ ഓഫിസ്, നാഷനൽ ഫാമിലി ഹെൽത്ത് സർവേ പോലുള്ളവ) അവരുടെ നിരന്തരമായ വിദ്യാഭ്യാസ സാമ്പത്തിക സാമൂഹിക പിന്നാക്കാവസ്ഥ ഉയർത്തിക്കാട്ടുന്നത് തുടർന്നുപോരുന്നുണ്ട്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ (National Crime Records Bureau-NCRB) ഈ കമ്യൂണിറ്റികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ സ്ഥിരമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ലൈംഗിക അതിക്രമം മുതൽ എസ്.സി/ എസ്.ടി അതിക്രമങ്ങൾ തടയൽ (Atrocities Act) നിയമത്തിന്റെ പരിധിയിൽ വരുന്ന ഗുരുതരമായ പീഡനങ്ങൾ നേരിടുന്നത് ഔദ്യോഗികമായി തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനൊന്നും തന്നെ ശാശ്വതമായ പരിഹാരമോ കർശനമായ നിയമ നടപടികളോ ഉണ്ടാകാത്തതും കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ സംരക്ഷിക്കപ്പെടുന്നതും അതുമായി ബന്ധപ്പെട്ട ഡേറ്റകളുടെ അഭാവംകൊണ്ടോ കണക്കുകളുടെ അപര്യാപ്തതകൊണ്ടോ അല്ല. ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് ബിഹാറിൽ നടന്ന ജാതി സർവേയും അനുബന്ധ ഡേറ്റാ ശേഖരണവും.
ബിഹാറിലെ ജാതി സർവേയും മുമ്പ് നടത്തിയ സാമൂഹിക-സാമ്പത്തിക ജാതി സെൻസസും (Socio- Economic and Caste Census -SECC) ഒ.ബി.സി വിഭാഗത്തിനുള്ളിലെ ആഴത്തിലുള്ള സാമ്പത്തിക പരാധീനതകളും വൈജാത്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഒ.ബി.സികളിൽ ബഹുഭൂരിപക്ഷവും നിയമസംരക്ഷണം ലഭിക്കാത്തവരും സുരക്ഷിതമല്ലാത്ത ഏറ്റവും താഴ്ന്ന വരുമാനമുള്ള തൊഴിലിൽ കുടുങ്ങിക്കിടക്കുന്നവരുമായും ഈ റിപ്പോർട്ടുകൾ വ്യക്തമായി കാണിക്കുന്നുണ്ട്. സാമൂഹിക സുരക്ഷയോ ഏതെങ്കിലും രീതിയിൽ മുന്നോട്ടുള്ള ചലനത്തിനോ പൂർണമായും അവസരം നിഷേധിക്കപ്പെട്ടവരാണ് എന്ന് പ്രസ്തുത റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഇത്രയധികം ഡേറ്റകൾ ഉണ്ടായിരുന്നിട്ടും, ഇതുവരെ അടിസ്ഥാനപരമായ മാറ്റങ്ങളോ, ഈ ദുർബല വിഭാഗത്തിന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്ന എന്തെങ്കിലും നയരൂപവത്കരണങ്ങളോ ഏതെങ്കിലും തരത്തിലുള്ള പരിഷ്കാരങ്ങളോ നടപ്പാക്കാൻ ഭരണകൂടം തയാറായിട്ടില്ല. പ്രത്യേകിച്ച് ഒ.ബി.സികൾ, ദേശീയതലത്തിൽ വ്യക്തമായ നയശൂന്യത നേരിടുമ്പോഴാണ്, അതുമായി ബന്ധപ്പെട്ട് ഇത്രയും കൃത്യമായ ഡേറ്റകൾ ഉണ്ടായിട്ടും ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടം ഒരു നടപടിയും സ്വീകരിക്കാൻ തയാറാകാത്തത്.

പട്നയിലെ ജാതി അടിസ്ഥാനമാക്കിയുള്ള സർവേയുടെ ഭാഗമായി എന്യൂമറേറ്റർ താമസക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നു(ഫയൽ ഫോട്ടോ -ഹിന്ദുസ്ഥാൻ ടൈംസ്)
കോർപറേറ്റ് ഓഫിസുകൾ, ഐ .ടി വ്യവസായ സ്ഥാപനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി സ്വകാര്യ സമ്പദ്‌വ്യവസ്ഥയുടെ സ്വാധീനമുള്ള മേഖലകളിൽ എസ്.സി, എസ്.ടി, ഒ.ബി.സി എന്നിവയുടെ പ്രാതിനിധ്യം നാമമാത്രമാണെന്ന് നിരവധി ഗവേഷണങ്ങളും അക്കാദമിക് റിപ്പോർട്ടുകളും തെളിയിച്ചിട്ടുണ്ട്. എന്നിട്ടും അധികാരത്തിന്റെയും പ്രത്യേകാവകാശങ്ങളുടെയും ഏറെ നിർണായകമായ അത്തരം സ്ഥാപനങ്ങളിൽ അവരുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിന് കാര്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. സർക്കാർ നടത്തുന്ന സ്ഥാപനങ്ങളിൽ, പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസത്തിലും ജുഡീഷ്യറിയിലും ഉന്നത ബ്യൂറോക്രസിയിലും അവർക്ക് പങ്കാളിത്തമില്ല. ഇതെല്ലാം ഒരു ഡേറ്റയുടെയും സഹായമില്ലാതെ ഒറ്റനോട്ടത്തിൽ മനസ്സിലാക്കാവുന്നതാണ്.
അതുകൊണ്ട് സാമൂഹിക നീതി ലഭ്യമാകണമെങ്കിൽ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും, പ്രത്യയശാസ്ത്ര സമീപനവും ആവശ്യമാണ്. എല്ലാ ഭരണകൂടങ്ങളും പ്രവർത്തിക്കുന്നത് അതിന്റെ പ്രത്യയശാസ്ത്ര അടിത്തറയിലാണ്. ജാതി സെൻസസ് ഉൾപ്പെടെ വിവിധ സർവേകൾ, റിപ്പോർട്ടുകൾ, ഗവേഷണങ്ങൾ എന്നിവ ഉപയോഗിച്ച് ലഭ്യമായ, അനുഭവപരമായ തെളിവുകൾ ഒരു അടിസ്ഥാന സത്യത്തെ എടുത്തുകാണിക്കുമ്പോൾതന്നെ, ഇത്തരം ഡേറ്റകൾ നീതിയുക്തമായ പൊതുനയത്തെ നയിക്കണമെന്നില്ല. അത് പൂർണമായും ഭരണവർഗത്തിന്റെ പ്രത്യയശാസ്ത്രത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
ഭരണവർഗത്തിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന്റെയും ജനങ്ങളുടെ ജനാധിപത്യ സമ്മർദത്തിന്റെയും ആകത്തുകയാണ് പൊതുനയം രൂപപ്പെടുത്തുന്നതിനെ നിർണയിക്കുക. അതുകൊണ്ട് ദലിത്-ബഹുജൻ-ജനാധിപത്യ-പിന്നാക്ക സമൂഹം ഇപ്പോൾ ശക്തമായി ആവശ്യപ്പെടുന്ന ജാതി സെൻസസ് പിന്നാക്കാവസ്ഥയുടെ സാമൂഹികവും ചരിത്രപരവുമായ ശാസ്ത്രീയ കാരണം കണ്ടെത്താൻ സഹായിച്ചേക്കാമെങ്കിലും, അത് ശാശ്വതമോ ഭാഗികമോ ആയ പരിഹാരം കണ്ടെത്താൻ ഉപയോഗിക്കപ്പെടില്ല എന്ന് ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.
ഡേറ്റ വിവരശേഖരണത്തിന്റെ ഒരു ഭൂപടം മാത്രമാണ്
ഇന്ത്യ കൂടുതൽ നീതിയുക്തവും ഉൾക്കൊള്ളലിന്റേതുമായ ഭാവിയിലേക്ക് നീങ്ങണമെങ്കിൽ, അതിന്റെ ഭരണവർഗത്തിന്റെ ധാർമികവും രാഷ്ട്രീയവുമായ നയരൂപവത്കരണത്തിൽ ശക്തമായ മാറ്റം ഉണ്ടാക്കാൻ ജനാധിപത്യ മുന്നേറ്റത്തിലൂടെ കഴിയണം. അനുഭവപരമായ തെളിവുകൾ നിഷ്ക്രിയമായി തുടരുന്നതാണ് നാം കാണുന്നത്. നിലവിലെ ദേശീയ ഗവൺമെന്റിന്റെ യഥാർഥ പരീക്ഷണം ജാതി അടിസ്ഥാനമാക്കിയുള്ള സാമൂഹിക സാമ്പത്തിക പരിഗണനകളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിലല്ല, മറിച്ച് ഏറ്റവും മോശമായ സാമൂഹിക ഗ്രൂപ്പുകളുടെ ക്ഷേമത്തിനായി പ്രതിബദ്ധതയോടെയും ഫലപ്രദമായും നടപടികൾ സ്വീകരിക്കുമെന്ന് പരസ്യങ്ങൾ കൊടുക്കാൻ വേണ്ടിമാത്രമാണ്.
ഒ.ബി.സികൾക്കിടയിൽ സംവരണ ആനുകൂല്യങ്ങളുടെ കൂടുതൽ തുല്യമായ വിതരണം ഉറപ്പാക്കാൻ 2017ൽ കേന്ദ്ര സർക്കാർ രൂപവത്കരിച്ച രോഹിണി കമീഷൻ, ഉപ-ജാതി ഗ്രൂപ്പുകൾക്കുള്ളിൽ നിലനിൽക്കുന്ന പ്രാതിനിധ്യ വിടവുകൾ വിലയിരുത്തുകയും സൂക്ഷ്മമായി ശേഖരിച്ച അനുഭവപരമായ ഡേറ്റകൾ സർക്കാറിന് കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. ഇനിയും ജാതി സെൻസസ് റിപ്പോർട്ടുകൂടി ഈ സർക്കാറിന് സമർപ്പിച്ചാൽ ഈ ഭരണകൂടം നടപടിയെടുക്കുമെന്ന് ചിന്തിക്കുന്നവർ ചരിത്രം പഠിക്കുകയാണ് വേണ്ടത്.
ക്രീമിലെയറിനെ സംവരണ ആനുകൂല്യങ്ങളിൽനിന്ന് ഒഴിവാക്കുന്നതിന് ഉപയോഗിക്കുന്ന സാമ്പത്തിക മാനദണ്ഡം ഏത് ജാതി സെൻസസിനെയും പഠനത്തെയും മുൻനിർത്തിയാണ് എന്ന് ചിന്തിക്കുമ്പോൾ നിയമങ്ങൾ നടപ്പാക്കുന്നത് ഡേറ്റയുടെയോ വിവരശേഖരണത്തിന്റെയോ അടിസ്ഥാനത്തിൽ അല്ല എന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയും. മറിച്ച് ഭരണകൂടത്തിന്റെ സ്ഥാപിത താൽപര്യങ്ങളും പ്രത്യയശാസ്ത്രങ്ങളുമാണ് നയരൂപവത്കരണത്തെ സ്വാധീനിക്കുന്നത് എന്ന് വ്യക്തമാകും. ഈ തിരിച്ചറിവാണ് തുല്യനീതിക്കുള്ള പ്രക്ഷോഭത്തിന്റെ ദിശയെ നിർണയിക്കേണ്ടത്.
ഒ.ബി.സികൾക്കുള്ളിലെ നാടോടികളും വിജ്ഞാപനം ചെയ്യപ്പെടാത്തവരുമായ സമൂഹങ്ങൾ അവരുടെ താൽപര്യം സംരക്ഷിക്കുന്നതിനായി പ്രത്യേക ഷെഡ്യൂളുകൾ ആവശ്യപ്പെടുന്നുണ്ട്. ദലിത്-ക്രിസ്ത്യാനികളും ദലിത്-മുസ്‍ലിംകളും പട്ടികജാതി പദവി ഹിന്ദു സമൂഹത്തിനപ്പുറത്തേക്ക് വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നുമുണ്ട്. വളരെ ന്യായമായ ഈ അവകാശങ്ങളെ മനസ്സിലാക്കാനും വ്യത്യസ്ത ഗ്രൂപ്പുകളുടെ പിന്നാക്കാവസ്ഥയുടെയും പാർശ്വവത്കരണത്തിന്റെയും വ്യാപ്തിയെക്കുറിച്ച് പഠിക്കാനും വേണ്ട അത്യാവശ്യം ഡേറ്റകൾ ഫ്രീസറിൽ െവച്ചാണ് കേന്ദ്ര ഭരണകൂടം ജാതി സെൻസസ് ‘ചരിത്രപരം’ എന്ന് വിശേഷിപ്പിച്ച് ഓരം ചേർക്കപ്പെട്ടവരെ മുഴുവൻ വലവീശിപ്പിടിച്ച് വഞ്ചിക്കുന്നത്.
പൊതുമേഖലയിലെ തൊഴിൽ കുറയുന്നതോടെ, ജാതി സെൻസസ് ഡേറ്റ സ്വകാര്യ മേഖലയിലെ ഉയർന്ന ജാതിക്കാരുടെ ആധിപത്യം വെളിപ്പെടുത്തുകയും അതുവഴി സ്വകാര്യ സർവകലാശാലകളിലും സ്വകാര്യ മേഖലയിലെ ജോലികളിലും സംവരണം വേണമെന്ന ആവശ്യങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്യുമെന്ന ഒരു വാദമുണ്ട്. സ്വകാര്യ മേഖലയിലെ പിന്നാക്ക വിഭാഗത്തിന്റെ പ്രാതിനിധ്യ രാഹിത്യത്തെ കുറിച്ച് ഒരു ഡേറ്റയും കണക്കും ഇല്ലാത്തതുകൊണ്ടാണോ ഏതെങ്കിലും തരത്തിലുള്ള സംവരണം സ്വകാര്യ മേഖലയിൽ നടപ്പാക്കപ്പെടാത്തത്? ഹിംസാത്മകവും മനുഷ്യത്വരഹിതവുമായി തരംതിരിക്കപ്പെട്ട ഇന്ത്യൻ സമൂഹത്തിന്റെ സാമൂഹിക ഘടന മനസ്സിലാക്കുന്നതിന് ജാതിയെ കുറിച്ചുള്ള പഠനങ്ങളും കണക്കുകളും വിവരങ്ങളും അടിസ്ഥാനപരമായ ഒന്നാണ്.
എന്നാൽ, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, മാന്യമായ തൊഴിൽ എന്നിവയിലേക്ക് തുല്യമായ പ്രവേശനം ഉറപ്പാക്കുന്നതിനും ഫലപ്രദമായ സുസ്ഥിരീകരണ പ്രവർത്തനങ്ങളും ക്ഷേമനയങ്ങളും രൂപകൽപന ചെയ്യുന്നതിനുമുള്ള നിർണായകമായ നയരൂപവത്കരണം ഉണ്ടാകേണ്ടത് ഭരണകൂടത്തിന്റെ ധാർമിക നിലപാടിൽനിന്നും ഭരണഘടനയോടുള്ള പ്രതിജ്ഞാബദ്ധതയിൽനിന്നുമാണ്. എന്നാൽ, സമ്പൂർണമായ ദലിത്-പിന്നാക്ക വിരുദ്ധ പ്രത്യയശാസ്ത്രവും ഭരണനയങ്ങളും നിയമങ്ങളും നിരന്തരം ഉൽപാദിപ്പിച്ച് പുറത്തുവിടുന്ന ഇന്ത്യൻ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ തുല്യ നീതി നടപ്പാക്കാനുള്ള സമ്മർദ ഉപകരണമായി ജാതി സെൻസസ് മാറുകയില്ല എന്ന് ഉറപ്പിച്ചുപറയാൻ കഴിയും. രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ ഏതെങ്കിലും സെൻസസ് ഡേറ്റയിലൂടെ നീതിയും നിയമവും നടപ്പാക്കപ്പെടുമെന്ന് ഉറപ്പാക്കാൻ ഒരിക്കലും കഴിയില്ല. സാമൂഹികനീതിക്കും തുല്യനീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ ഈ നിരീക്ഷണം നിർണായകമായിരിക്കും.

തെരഞ്ഞെടുപ്പിൽ ജാതി ഉപകരണമാക്കുന്ന ബി.ജെ.പി
2024ൽ പ്രസിദ്ധീകരിച്ച വേൾഡ് ഇനീക്വാലിറ്റി ലാബിന്റെ (World Inequality Lab) ഒരു റിപ്പോർട്ടിൽ, ഇന്ത്യയിൽ ഏറ്റവും സമ്പന്നരായ 10 ശതമാനം പേർ കൈവശംവെച്ചിരിക്കുന്ന ദേശീയ വരുമാനത്തിന്റെ വിഹിതം, 2022-23ൽ 57.7 ശതമാനമാണ്. 1947ൽ മൊത്തം വരുമാനത്തിന്റെ 37 ശതമാനമായിരുന്നത് 1982ൽ 30 ശതമാനമായി കുറഞ്ഞതാണ് ഇപ്പോൾ 58 ശതമാനത്തിലേക്ക് കുതിച്ചുയർന്നത്. ഉപഭോഗ അളവുകളുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചതെന്ന് ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്.
മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി, സവർണ മധ്യവർഗ വോട്ടർമാരിൽനിന്ന് ദരിദ്ര-ദലിത് വോട്ടർമാരിലേക്ക് ബി.ജെ.പിയുടെ വർധിച്ചുവരുന്ന ആശ്രയത്വംകൊണ്ട് മാത്രമാണ്, ഹിന്ദു ഐക്യത്തെ തകർക്കുമെന്ന പേരിൽ ആദ്യം ജാതി സെൻസസിനെ എതിർത്ത സംഘ്പരിവാർ, ഇപ്പോൾ സമ്പൂർണമായി കീഴ് മേൽ മറിഞ്ഞ് തങ്ങൾ ജാതി സെൻസസ് നടപ്പാക്കാൻ പോകുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ബി.ജെ.പിയെ തെരഞ്ഞെടുത്ത ദരിദ്ര വോട്ടർമാർ 2009ൽ 16 ശതമാനത്തിൽ നിന്ന് 2014ൽ 24 ശതമാനം, 2019ൽ 36 ശതമാനം, 2024ൽ 37 ശതമാനം എന്നിങ്ങനെ ഉയർന്നതായി സി.എസ്.ഡിഎസ് -ലോക്നിതി (CSDS-Lokniti) പഠനം വ്യക്തമാക്കുന്നുണ്ട്. ഈ ദരിദ്ര വോട്ടർമാരിൽ വലിയൊരു വിഭാഗം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗമായിരിക്കുമെന്നത് വ്യക്തമാണല്ലോ. തൽഫലമായി, ബി.ജെ.പി വോട്ടർമാരിലെ രണ്ട് വിരുദ്ധ ഗ്രൂപ്പുകൾ (ദരിദ്ര പിന്നാക്കക്കാരും സവർണരും) തമ്മിലുള്ള അന്തരം നാലു ശതമാനമായി കുറഞ്ഞുവെന്ന് കാണാം. സമ്പന്നരിൽ 41 ശതമാനം പേർ ബി.ജെ.പിയെ പിന്തുണക്കുമ്പോൾ 35 ശതമാനം ഇടനില ഗ്രൂപ്പുകളാണ്. കൂടുതൽ ആളുകളെ പ്രതിനിധാനംചെയ്യുന്ന ദരിദ്രർ മോദിക്ക് പിന്നിലാണെങ്കിൽ തീർച്ചയായും അവരെ വീണ്ടും ജാതി സെൻസസ് എന്ന മാന്ത്രികവടി കാണിച്ച് കെണിയിലാക്കി വൻതോതിൽ വോട്ട് ശേഖരിക്കാൻ മോദിക്ക് കഴിയും. അവിടെ ദരിദ്ര-ദലിത്-പിന്നാക്ക ജനവിഭാഗങ്ങൾ അവരുടെ ചരിത്രപരമായ ശത്രുവിന്റെ പ്രത്യയശാസ്ത്രത്തിന് കീഴടങ്ങപ്പെടുകയാണ് ഉണ്ടാവുക. ബി.ജെ.പിയെ പിന്തുണക്കുന്ന കാര്യത്തിൽ ഹിന്ദു സവർണരും ഹിന്ദു കീഴാള ഒ.ബി.സികളും തമ്മിലുള്ള വ്യത്യാസം ഇപ്പോൾതന്നെ വളരെ കുറവാണ്. 2024ൽ പാർട്ടിക്ക് ലഭിച്ച സവർണ ഹിന്ദുത്വ വോട്ട് 53 ശതമാനമായിരുന്നെങ്കിൽ, പിന്നാക്ക ഒ.ബി.സി വിഭാഗത്തിൽനിന്ന് 49 ശതമാനം പേരും ബി.ജെ.പിക്ക് വോട്ട് ചെയ്തു. ഹിന്ദു ഭൂരിപക്ഷവാദത്തിന്റെ സ്വാധീനം കൃത്യമായി ഈ ഒത്തുചേരലിലൂടെ വ്യക്തമാകുന്നുണ്ട്.
മുസ്‍ലിം വിരുദ്ധ കാവിതരംഗം
1990കൾ മുതൽ, രാമജന്മഭൂമി പ്രസ്ഥാനത്തോടെ, ജാതി സ്വത്വങ്ങളെ മുക്കിക്കളയാൻ സംഘ്പരിവാർ ഒരു കാവിതരംഗം തന്നെ തുറന്നുവിട്ടതിന്റെ വംശീയ മുതലെടുപ്പാണ് ഇപ്പോൾ നടത്തിവരുന്നത്. ജാതി രാഷ്ട്രീയത്തിന്റെ ചെലവിൽ സമൂഹത്തെ മതപരമായ രീതിയിൽ ധ്രുവീകരിക്കുക എന്ന ലക്ഷ്യത്തോടെ മുസ്‍ലിംകളെ നിരന്തരം വിമർശിച്ചും ഭീകരരായി ചിത്രീകരിച്ചുമാണ് പിന്നാക്ക വിഭാഗങ്ങളിൽ സ്വാധീനം ഉറപ്പിക്കുന്നത്. 2024ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സി.എസ്.ഡി.എസ് (Centre for the Study of Developing Societies -CSDS) നടത്തിയ ഒരു സർവേ കാണിക്കുന്നത് ‘താഴ്ന്ന’ ജാതി ഹിന്ദുക്കൾക്കിടയിലും ‘ഉയർന്ന’ ജാതി ഹിന്ദുക്കൾക്കിടയിലും മുസ്‍ലിം വിരുദ്ധ മുൻവിധി വ്യാപകമാക്കുന്ന തന്ത്രം വളരെ ഫലപ്രദമായി അവർക്ക് ഉപയോഗിക്കാൻ കഴിഞ്ഞുവെന്നാണ്.
ഉദാഹരണത്തിന്, സർവേ അഭിമുഖത്തിൽ പങ്കെടുത്ത ഹിന്ദുക്കളിൽ 27 ശതമാനം പേർ ‘പൂർണമായും’ അല്ലെങ്കിൽ ‘ഒരു പരിധിവരെ’ മുസ്ലിംകൾ ‘വിശ്വസനീയരല്ല’ എന്ന് പറയുമ്പോൾ, അവരിലെ 28.7 ശതമാനം കീഴാള-ദലിത് വിഭാഗങ്ങളിൽ മുസ്‍ലിംകളെക്കുറിച്ച് ഏറ്റവും നിഷേധാത്മകമായ വീക്ഷണങ്ങൾ നിലനിൽക്കുന്നതായി കാണുകയുണ്ടായി. പിന്നാക്ക ജാതി ഹിന്ദുക്കൾ ഇതിനകം കീഴടക്കപ്പെട്ടിട്ടുണ്ടെങ്കിൽ, ജാതി സെൻസസ് ഒരു ഉപകരണമാക്കി ബി.ജെ.പി ഈ നേട്ടങ്ങൾ സുസ്ഥിരമായി ഉറപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്.
മണ്ഡൽ മുന്നേറ്റത്തെ ‘ശൂദ്ര വിപ്ലവം’ (ആർ.എസ്.എസിന്റെ മുഖപത്രമായ ‘ഓർഗനൈസർ’) എന്ന് അപഹസിച്ച സംഘ്പരിവാർ ഭരണകൂടം നടപ്പാക്കുമെന്ന് ആഹ്വാനം ചെയ്യുന്ന ജാതി സെൻസസ്, അവശേഷിച്ച ദലിത് പിന്നാക്ക വിഭാഗങ്ങളെയും കൂടി ബി.ജെ.പിക്ക് അനുഗുണമാക്കി ആർ.എസ്.എസിന്റെ വംശീയ പ്രത്യയശാസ്ത്രത്തിലൂടെ ശാശ്വതമായ ഹിന്ദു രാഷ്ട്ര നിർമാണത്തിന് വേഗത വർധിപ്പിക്കും. അതുകൊണ്ടുതന്നെ ഹിന്ദുത്വ ഭീകരതക്കെതിരെ ദേശീയതലത്തിൽ വികസിപ്പിച്ചു വരേണ്ട പോരാട്ടങ്ങളിൽ കാര്യമായ ഒരു പങ്കുവഹിക്കാൻ ജാതി സെൻസസിന് കഴിയില്ല.