എന്താണ് സി.പി.െഎയുടെ സാധ്യതകൾ?

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് നൂറു വയസ്സാകുന്നു. സി.പി.െഎയുടെ പാർട്ടി കോൺഗ്രസ് വൈകാതെ നടക്കും. എന്താണ് സി.പി.െഎയുടെ ചരിത്രം? എവിടെയാണ് പാളിച്ചകളും തിരിച്ചടികളുമുണ്ടായത്? എന്താണ് ഇനി മുന്നിലുള്ള വഴികൾ? –ചരിത്രം പരിശോധിച്ച് വിശകലനം ചെയ്യുകയാണ് ലേഖകൻ.1885ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ രൂപവത്കരണത്തോടെ ഇന്ത്യയിൽ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾ സംഘടിതരൂപം കൈക്കൊണ്ടു. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം ബ്രിട്ടീഷ് കൊളോണിയൽ...
Your Subscription Supports Independent Journalism
View Plansഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് നൂറു വയസ്സാകുന്നു. സി.പി.െഎയുടെ പാർട്ടി കോൺഗ്രസ് വൈകാതെ നടക്കും. എന്താണ് സി.പി.െഎയുടെ ചരിത്രം? എവിടെയാണ് പാളിച്ചകളും തിരിച്ചടികളുമുണ്ടായത്? എന്താണ് ഇനി മുന്നിലുള്ള വഴികൾ? –ചരിത്രം പരിശോധിച്ച് വിശകലനം ചെയ്യുകയാണ് ലേഖകൻ.
1885ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ രൂപവത്കരണത്തോടെ ഇന്ത്യയിൽ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾ സംഘടിതരൂപം കൈക്കൊണ്ടു. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യത്തിനെതിരായ ആദ്യത്തെ ഏകോപിത ചെറുത്തുനിൽപിനുള്ള ഉദാഹരണമായിരുന്നെങ്കിൽ, ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ രൂപവത്കരണം കൊളോണിയൽ ആധിപത്യത്തിനെതിരായ ഒന്നാമത്തെ ലക്ഷ്യബോധമുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉദയം കുറിച്ചു. ഇന്ത്യൻ വിമോചനസമരം മനുഷ്യരാശി കണ്ട ഏറ്റവും ബൃഹത്തായ വിപ്ലവമുന്നേറ്റങ്ങളിൽ ഒന്നായിരുന്നു. അതേസമയം, അത് ഏകശിലാരൂപമായിരുന്നുവെന്ന വാദങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ല. വ്യത്യസ്ത കൈവഴികളിലൂടെ ശക്തിപ്രാപിച്ച ഇന്ത്യൻ ദേശീയ വിപ്ലവം 1947ൽ മുഖ്യധാരാ പ്രസ്ഥാനമായ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ അതിന്റെ ഫലപ്രാപ്തിയിൽ എത്തുമ്പോൾ ചെറുതും വലുതുമായ നൂറുകണക്കിന് ചെറുത്തുനിൽപ് സമരങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ജീവിതത്തെയും സ്വാതന്ത്ര്യത്തെയും ഒരുപോലെ സ്നേഹിച്ച മനുഷ്യരുടെ കഥ പറയുന്ന മഹത്തായ ഇന്ത്യൻ വിപ്ലവഗാഥ പൂർണമാകണമെങ്കിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ഉൾെപ്പടെയുള്ള പ്രസ്ഥാനങ്ങളുടെ ചരിത്രംകൂടി എഴുതപ്പെടേണ്ടതുണ്ട്.
പക്ഷേ, വർത്തമാനകാല ഇന്ത്യൻ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ ഏറ്റവും എടുത്തുപറയേണ്ടുന്ന വിരോധാഭാസമെന്ന് പറയട്ടെ, ഇന്ത്യയിലെ സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തെ വിപ്ലവീകരിക്കാൻ പിറന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം നൂറിന്റെ കിതപ്പിൽ ഊർധശ്വാസം വലിക്കുമ്പോൾ സി.പി.ഐ പിറന്ന അതേവർഷം, 1925ൽ രൂപവത്കൃതമായ, ഫാഷിസത്തിന്റെ ഇന്ത്യൻ പ്രതിരൂപവും ഇന്ത്യൻ ‘പ്രതിവിപ്ലവ-മുന്നേറ്റ’ങ്ങളുടെ കുന്തമുനയുമായ ആർ.എസ്.എസ്, അതിന്റെ യൗവനം കൈവിടാതെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ തങ്ങളുടെ സമഗ്രാധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങളിൽ എത്തിനിൽക്കുകയുംചെയ്യുന്നു എന്നതാണ്. അതുകൊണ്ടുതന്നെ സി.പി.ഐയുടെ നൂറാം വാർഷികത്തിൽ എഴുതപ്പെടുന്ന ഈ ലേഖനം ഒരേസമയം വിമർശനാത്മകവും ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം പിന്നിട്ട നിർണായക ചരിത്രഘട്ടങ്ങളിലേക്കുള്ള സത്യസന്ധവും വസ്തുനിഷ്ഠവുമായ തിരിഞ്ഞുനോട്ടവുമാണ്.
സി.പി.ഐയുടെ പിറവി
1920 ഒക്ടോബർ മാസം പഴയകാല സോവിയറ്റ് യൂനിയനിൽപെട്ട താഷ്കെന്റിൽ മെക്സിക്കൻ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകൻകൂടിയായിരുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് എം.എൻ. റോയിയുടെയും മറ്റൊരു ബംഗാളി വിപ്ലവകാരി അബനി മുഖർജിയുടെയും നേതൃത്വത്തിൽ ഒരു ചെറുസംഘം യോഗം ചേർന്നാണ് ഒരു ഇന്ത്യൻ കമ്യൂണിസ്റ്റ് ഗ്രൂപ് ആദ്യമായി രൂപവത്കരിക്കുന്നത്. ഇതടിസ്ഥാനമാക്കിയാണ് സി.പി.എം 2020ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം ആഘോഷിച്ചത്. എന്നാൽ, ഇന്ത്യൻ മണ്ണിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ഔദ്യോഗികമായി രൂപവത്കൃതമാകുന്നത് 1925 ഡിസംബർ മാസം 25ന് കാൺപൂരിൽ െവച്ചാണ്. സി.പി.എം സി.പി.ഐയിൽനിന്നും വേറിട്ട ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന് തെളിയിക്കാനായിരിക്കും 1920 ശതാബ്ദി വർഷമായി സി.പി.എം തിരഞ്ഞെടുത്തത്! കേരളത്തിലും 1939 ഡിസംബർ മാസത്തിൽ നടന്ന പിണറായി പാറപ്പുറം സമ്മേളനത്തിനു മുമ്പ് തന്നെ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ രൂപവത്കരണം നെയ്യാറ്റിൻകരയിലും കോഴിക്കോടിനടുത്തുള്ള ഫറോക്കിലും നടന്നിരുന്നുവെന്ന വസ്തുത സി.പി.എം സൗകര്യപൂർവം മറന്നതായിരിക്കും!
എം.എൻ. റോയിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വ്യത്യസ്ത സ്ഥലങ്ങളിൽ കമ്യൂണിസ്റ്റ് അനുഭാവികളായി പ്രവർത്തിച്ചിരുന്ന എസ്.എ. ഡാങ്കെ (ബോംബെ), മുസഫർ അഹമ്മദ് (കൽക്കത്ത), ശിങ്കാരവേലു ചെട്ടിയാർ (മദ്രാസ്), ഗുലാം ഹുസൈൻ (ലാഹോർ) ഇവരൊക്കെ നേതൃത്വം നൽകിയ കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ ഒത്തുചേർന്നാണ് 1925 ഡിസംബർ മാസം കാൺപൂരിൽ െവച്ച് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഔദ്യോഗികമായി ജന്മം നൽകിയത്. ബോംബെ ആസ്ഥാനമായി പ്രവർത്തിക്കാനായിരുന്നു തീരുമാനം.
രൂപവത്കരണ കാലത്ത് ഇതര രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികളെ പോലെ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയും ഏറ്റവുമധികം പ്രചോദിതമായത് 1917ലെ റഷ്യൻ വിപ്ലവത്താലാണ്. മുതലാളിത്തത്തിന്റെ അന്തിമഘട്ടമായ സാമ്രാജ്യത്വത്തെ തകർത്ത് തൊഴിലാളിവർഗ ഭരണകൂടങ്ങൾ സ്ഥാപിച്ച് ലോകം മുഴുവൻ സോഷ്യലിസത്തിന്റെ കുടക്കീഴിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള, ക്ലാസിക്കൽ മാർക്സിസ്റ്റ് വീക്ഷണത്തിൽ അധിഷ്ഠിതമായ സമൂഹനിർമിതി തന്നെയായിരുന്നു ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെയും ലക്ഷ്യം. അതുകൊണ്ടുതന്നെ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവിഭാജ്യഘടകമെന്ന് സി.പി.ഐ തുടക്കം മുതലേ ഊറ്റംകൊണ്ടു.
അന്നത്തെ ലോകസാഹചര്യം വിലയിരുത്തിയാൽ മേൽസൂചിപ്പിച്ച കമ്യൂണിസ്റ്റ് നയസമീപനങ്ങളിൽ ഒരു തെറ്റും പറയാനില്ല. കാരണം, ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കൾ ആത്മാർഥമായി വിശ്വസിച്ചിരുന്നത് സാമ്രാജ്യത്വത്തിൽനിന്നുള്ള ഇന്ത്യയുടെ മോചനവും അതുവഴി സൃഷ്ടിക്കപ്പെടുന്ന രാഷ്ട്രീയ ശൂന്യതയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സോഷ്യലിസത്തിന്റെ സ്ഥാപനവും സാധ്യമാണ് എന്നുതന്നെയായിരുന്നു.
സാർവദേശീയ വീക്ഷണം ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കൾക്ക് ഒരിക്കലും കറകളഞ്ഞ ദേശസ്നേഹികളാകുന്നതിന് തടസ്സമായിരുന്നില്ല. നിസ്വാർഥരും ത്യാഗികളുമായിരുന്ന അവരുടെ പ്രവൃത്തി അടിസ്ഥാന വർഗങ്ങളിലും ബുദ്ധിജീവികൾക്കിടയിലും പെട്ടെന്ന് സ്വീകാര്യതയുണ്ടാക്കി. കമ്യൂണിസം അക്കാലത്ത് യുവതലമുറക്കിടയിൽ ആവേശമായി മാറിയതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. ഇവരുടെയെല്ലാം സ്വപ്നം വിലങ്ങുകളേതുമില്ലാത്ത പുതിയൊരു ലോകസൃഷ്ടിയിൽ തന്നെയായിരുന്നു. പ്രപഞ്ചത്തെ വ്യാഖ്യാനിക്കലല്ല മറിച്ച് മാറ്റിമറിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന മാർക്സിയൻ വചനം റഷ്യൻ വിപ്ലവം കഴിഞ്ഞുള്ള ദശാബ്ദങ്ങളിൽ ലോകമെമ്പാടുമുള്ള യുവജനങ്ങളെ വിസ്മയിപ്പിച്ചിെല്ലങ്കിലല്ലേ ആശ്ചര്യമുള്ളൂ? ഇന്ത്യൻ സാഹചര്യവും വിഭിന്നമായിരുന്നില്ല.
1920കളുടെ അവസാനം മുതൽതന്നെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ രാജ്യത്തെ പ്രകമ്പനം കൊള്ളിച്ച തൊഴിലാളി സമരങ്ങൾ ഭാരതത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ അരങ്ങേറി. ബോംബെയിലെ ടെക്സ്റ്റൈൽ തൊഴിലാളികളുടെയും കൽക്കത്തയിലെ റെയിൽവേ തൊഴിലാളികളുടെയും വമ്പിച്ച സമരങ്ങൾ കമ്യൂണിസ്റ്റ് ട്രേഡ് യൂനിയൻ മുന്നേറ്റങ്ങൾക്കു നാന്ദികുറിച്ചു. ബ്രിട്ടനെ കെട്ടുകെട്ടിക്കുന്നതിനൊപ്പം മാതൃരാജ്യം മനുഷ്യൻ മനുഷ്യനെ ചൂഷണംചെയ്യുന്ന വ്യവസ്ഥിതി ഇല്ലാത്ത ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമാകണമെന്ന ലക്ഷ്യബോധ്യമായിരുന്നു ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയെ തുടക്കം മുതൽ നയിച്ചത്.
ഗൂഢാലോചന കേസുകൾ
ഇന്ത്യൻ ദേശവിമോചന സമരങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സാന്നിധ്യംകൂടി അറിയിക്കപ്പെട്ടതോടെ ബ്രിട്ടീഷ് സർക്കാർ ആ ഭീഷണി മുളയിലേ നുള്ളാനുള്ള തന്ത്രങ്ങൾ മെനഞ്ഞു. 1921ലെ അഹ്മദാബാദ് എ.ഐ.സി.സി സമ്മേളനത്തിൽ എം.എൻ. റോയിയുടെ അനുയായികളായിരുന്ന യുവ കമ്യൂണിസ്റ്റുകൾ, മൗലാന ഹസ്റത് മൊഹാനിയും സ്വാമി കുമാരാനന്ദയും ചേർന്ന് പൂർണസ്വരാജ് പ്രമേയം അവതരിപ്പിച്ചതടക്കമുള്ള കമ്യൂണിസ്റ്റ് മുൻകൈ ബ്രിട്ടീഷ് സർക്കാറിന്റെ ശ്രദ്ധ ആകർഷിക്കുക സ്വാഭാവികം. അന്ന് പൂർണസ്വരാജ് പ്രമേയം അഹ്മദാബാദിൽ തള്ളപ്പെട്ടുവെങ്കിലും 1929ൽ ലാഹോർ എ.ഐ.സി.സി സമ്മേളനം പൂർണസ്വരാജ് പ്രമേയം അംഗീകരിച്ചു.
ബ്രിട്ടീഷ് വിരുദ്ധ സമരരംഗത്ത് സാന്നിധ്യം അറിയിക്കപ്പെട്ടതോടെ കമ്യൂണിസ്റ്റുകളെ കാത്തുനിന്നത് സർക്കാർ തീരുമാനിച്ചുറച്ച ഒരുപിടി ഗൂഢാലോചന കേസുകളായിരുന്നു. ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് എസ്.എ. ഡാങ്കെയും മുസഫർ അഹമ്മദും പ്രതികളായ മീററ്റ് ഗൂഢാലോചന കേസായിരുന്നു. തുടർന്ന് 1934ൽ ബ്രിട്ടീഷ് സർക്കാർ കമ്യൂണിസ്റ്റ് പാർട്ടിയെയും അനുബന്ധ സംഘടനകളെയും നിരോധിച്ചു. കമ്യൂണിസ്റ്റ് പാർട്ടി അംഗമാകുന്നത് ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കപ്പെട്ടു.
കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടെങ്കിലും 1930കളിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയും ഇതര ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളിലൂടെയും കമ്യൂണിസ്റ്റ് നേതാക്കൾ മുന്നോട്ടുപോയി. 1929ൽ ആരംഭിച്ച ലോക സാമ്പത്തിക മാന്ദ്യത്തിന്റെ കാലഘട്ടത്തിലും സോവിയറ്റ് യൂനിയൻ കൈവരിച്ച നേട്ടങ്ങൾ ലോകത്തിന്റെ ശ്രദ്ധ, പ്രത്യേകിച്ച് യുവജനങ്ങളുടെ, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിച്ചു. ഇന്ത്യയിൽ കോൺഗ്രസിലും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും പ്രവർത്തിച്ചിരുന്ന അനേകം നേതാക്കൾ ക്രമേണ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളായി വളർന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസിനകത്ത് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ആവിർഭാവം വർഗബഹുജന സംഘടനകളുടെ പിറവിക്കുള്ള സാഹചര്യം സൃഷ്ടിച്ചു.
കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടിരുന്ന 1930കളിൽ യുവ കമ്യൂണിസ്റ്റുകൾക്ക് കർഷകരുടേയും തൊഴിലാളികളുടെയും ഇടയിൽ പ്രവർത്തിക്കാൻ വർഗ ബഹുജന സംഘടനകളുടെ വളർച്ച വൻതോതിൽ സഹായിച്ചു. വർഗരാഷ്ട്രീയം പ്രചരിപ്പിക്കുന്നതിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്കകത്തെ യുവ കമ്യൂണിസ്റ്റുകളുടെ സാന്നിധ്യം പ്രധാനമായിരുന്നു. തൊഴിലാളികൾക്കിടയിൽ എ.ഐ.ടി.യു.സി (AITUC), കർഷകർക്കിടയിൽ അഖിലേന്ത്യാ കിസാൻ സഭ (AIKS) തുടങ്ങി വിദ്യാർഥി പ്രസ്ഥാനമായ എ.ഐ.എസ്.എഫ് (AISF) എന്നീ സംഘടനകളുടെ രൂപവത്കരണത്തിൽ കമ്യൂണിസ്റ്റുകളുടെ പങ്ക് അവിതർക്കിതമാണ്. 1943ൽ ബോംബെ കേന്ദ്രീകരിച്ച് എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും സംഘടനയായി ‘ഇപ്റ്റ’യും (IPTA) നിലവിൽ വന്നു. കാലക്രമത്തിൽ മേൽ പരാമർശിക്കപ്പെട്ട വർഗ ബഹുജന സംഘടനകൾ എല്ലാംതന്നെ സി.പി.ഐയുടെ നേതൃത്വം സ്വീകരിച്ചതും ചരിത്രം.
കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ
1920കളിലും ’30കളുടെ തുടക്കത്തിലും അഖിലേന്ത്യാതലത്തിൽ സംഭവിച്ച കമ്യൂണിസ്റ്റ് വ്യാപനം കേരളത്തിൽ സംഭവിക്കാൻ 1930കളുടെ രണ്ടാം പകുതിവരെ കാത്തിരിക്കേണ്ടിവന്നു. 1934ൽ കോൺഗ്രസിനകത്തെ ഇടതുപക്ഷ ഗ്രൂപ്പായി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ദേശീയതലത്തിൽ രൂപവത്കൃതമായപ്പോൾ ഇ.എം.എസ് അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിമാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.
ഇടത് ആശയം കേരളത്തിൽ ആദ്യം എത്തുന്നത് 1930കളുടെ ആരംഭത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞ, വടക്കേ ഇന്ത്യയിൽ നടന്ന ഭീകര പ്രവർത്തനങ്ങളുടെ പേരിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന വിപ്ലവകാരികളിലൂടെയായിരുന്നു. കെ. കേളപ്പനും പി. കൃഷ്ണപിള്ളയും അടക്കമുള്ള കേരള നേതാക്കൾ അന്നവിടെ ഉപ്പ് സത്യഗ്രഹത്തെ തുടർന്ന് തടവിലായിരുന്നു. കൃഷ്ണപിള്ളയാണ് ഈ തടവുകാരിൽനിന്ന് മാർക്സിസം-ലെനിനിസത്തിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കുന്നതും ലെനിനിന്റെ ‘ഏപ്രിൽ തീസിസ്’, ജയപ്രകാശ് നാരായണന്റെ ‘വൈ സോഷ്യലിസം?’, രജനി പാംദത്തിന്റെ ‘ഇന്ത്യ ടുഡേ’ തുടങ്ങിയ പുസ്തകങ്ങൾ വായിക്കുന്നതും. കേരളം കണ്ട ആദ്യ സഖാവായ പി. കൃഷ്ണപിള്ളയുടെ കമ്യൂണിസ്റ്റ് ബന്ധം ആരംഭിക്കുന്നത് 1930-31 കാലഘട്ടത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ െവച്ചാണ്.
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് കേരളത്തിലെ ഇടതുപക്ഷം ഇവിടെ ചുവടുറപ്പിച്ചത്. അഖിലേന്ത്യ തലത്തിലെ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ പാത പിന്തുടർന്ന് കേരളത്തിലും ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ കർഷക-തൊഴിലാളി മുന്നേറ്റങ്ങൾ 1930കളുടെ മധ്യത്തോടെ സജീവമായി. ദേശീയ സ്വാതന്ത്ര്യ സമരത്തെ വർഗസമരങ്ങളുമായി യോജിപ്പിക്കുവാൻ കഴിഞ്ഞു എന്നതാണ് കേരളത്തിലുൾെപ്പടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വിജയം. കേരളത്തിൽ മലബാറായിരുന്നു ഈ രാഷ്ട്രീയ മാറ്റങ്ങളുടെ കേന്ദ്രബിന്ദു. 1939ൽ പിണറായി പാറപ്പുറത്ത് ചേർന്ന കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്കാരായ കമ്യൂണിസ്റ്റുകാരുടെ യോഗം അന്ന് നിരോധിക്കപ്പെട്ടിരുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ കേരള സി.എസ്.പിയെ ലയിപ്പിക്കാൻ തീരുമാനമെടുത്തതോടെ കേരളത്തിലും സി.പി.ഐ സജീവമായി.
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക ചരിത്രം അങ്ങനെ 1939ൽ പിണറായി പാറപ്പുറത്ത് ആരംഭിച്ചു. 1940, സെപ്റ്റംബർ 15ന് നടന്ന ‘മൊറാഴ’ സംഭവത്തെ തുടർന്നാണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലായിരുന്ന കെ.പി.സി.സിയെ എ.ഐ.സി.സി പിരിച്ചുവിടുന്നതും കേരളത്തിലെ കമ്യൂണിസ്റ്റുകാർ അതുവരെ കൊണ്ടുനടന്ന കോൺഗ്രസ് ‘ഐഡന്റിറ്റി’ ഉപേക്ഷിച്ച് മുഴുസമയ കമ്യൂണിസ്റ്റ് പ്രവർത്തകരായി മാറുന്നതും. ഒരു പ്രദേശ് കോൺഗ്രസ് കമ്മിറ്റി അപ്പാടെ അന്ന് നിരോധിക്കപ്പെട്ടിരുന്ന സി.പി.ഐയിൽ ലയിച്ചു എന്നുള്ളത് ഇന്ത്യയിൽ നടാടെ സംഭവിച്ച ഒരു കാര്യമായിരുന്നു. സുപ്രധാനമായ ഇത്തരമൊരു രാഷ്ട്രീയ മാറ്റം കേരളത്തിൽ സംഭവിച്ചത് എ.ഐ.സി.സി നേതൃത്വംപോലും 1940ലെ മൊറാഴ സംഭവം നടക്കുന്നതുവരെ അറിഞ്ഞിരുന്നില്ല.
1939ലെ പിണറായി പാറപ്പുറം രഹസ്യയോഗത്തിലെ തീരുമാനത്തെ തുടർന്ന് പി. കൃഷ്ണപിള്ള സെക്രട്ടറിയായി സി.പി.ഐയുടെ കേരളഘടകം കോഴിക്കോട് ആസ്ഥാനമായി നിലവിൽവന്നു. തിരു-കൊച്ചി സംസ്ഥാനത്തിനും മലബാറിനും അന്ന് പ്രത്യേക കമ്മിറ്റികൾ ഉണ്ടായിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളെ അടിമുടി സ്വാധീനിക്കാനും മാറ്റിമറിക്കാനും കഴിവുള്ള കരുത്തുറ്റ ജനകീയ പ്രസ്ഥാനമായി സി.പി.ഐ വളർന്ന് പന്തലിക്കുകയുംചെയ്തു.

സി. അച്യുത മേനോൻ,എം.എൻ. റോയ്
‘ക്വിറ്റ് ഇന്ത്യ’യിലെ പാളിച്ച!
ഈ ലേഖനത്തിന്റെ ഫോക്കസ് ഭീതിദമായ വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തിൽ ഇടതുപക്ഷത്തിന്റെ ദയനീയാവസ്ഥയെ കുറിച്ചും, രാജ്യത്തിനകത്തെ ഫാഷിസ്റ്റ് പ്രതിരോധത്തിൽ ഇന്ത്യൻ ഇടതുപക്ഷം കാണിച്ചുകൊണ്ടിരിക്കുന്ന പൊറുക്കാനാകാത്ത തെറ്റുകളെയും പാളിച്ചകളെയും സംബന്ധിച്ചുമാണ്. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്നത് ഇന്ത്യൻ ഫാഷിസത്തിന്റെ ലക്ഷ്യബോധത്തോടുകൂടിയുള്ള ഫാഷിസ്റ്റ് മുദ്രാവാക്യമാണ്. എന്നാൽ, ഇതിനെ പ്രതിരോധിക്കാൻ ‘ഒരു രാജ്യം, ഒരു നയം’ എന്ന ദേശീയ നിലപാട് ഇടതുപക്ഷത്തെയും രാജ്യത്തെയും സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതവുമാണ്. ഒരു ദേശീയ നിലപാടില്ലാതെ ഇരുട്ടിൽ തപ്പുകയാണ് ഫലത്തിൽ ഇന്ത്യൻ ഇടതുപക്ഷം. രാജ്യം ഫാഷിസ്റ്റ് ഭീഷണി നേരിടുന്നുണ്ട് എന്ന് തറപ്പിച്ചു സി.പി.ഐ പറയുന്നുണ്ടെങ്കിലും എവിടെയാണ് ഇതിനെതിരെ പ്രതിരോധത്തിനായി ഒരു ദേശീയ നയം? സി.പി.എമ്മിന്റെ ഇക്കാര്യത്തിലെ നിലപാട് പരിഹാസ്യമാണ്.
രാജ്യം നവ ഫാഷിസത്തിലേക്കുള്ള യാത്രയിലാണ്, അത് എപ്പോൾ ഫലപ്രാപ്തിയിൽ എത്തുമെന്ന് പറയാൻ കഴിയില്ല! അത് സി.പി.എം കവടിനിരത്തി കണ്ടുപിടിക്കുമായിരിക്കും! ഉറങ്ങുന്നവനെയല്ലേ ഉണർത്താൻ പറ്റൂ? തുടർന്നെഴുതുന്ന ഖണ്ഡികകളെല്ലാം ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ പാളിച്ചകളുമായി ബന്ധപ്പെട്ടുള്ളതാണെന്ന് പ്രത്യേകം എടുത്തു പറയട്ടെ.
1964ൽ ‘ഉടൻ വിപ്ലവ’മെന്ന സ്വപ്നവുമായി സി.പി.എം ജനിച്ചു വീണതു തന്നെ കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിലേക്കാണെന്ന് സി.പി.ഐക്ക് അറിയാൻ പാടില്ലാത്തതാണോ? സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ബി.ജെ.പിയും കോൺഗ്രസും രാജ്യത്തെ ബാധിച്ച വൈറസുകളാണ് ഇന്നും! 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പു കാലത്ത് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് കേരളത്തിൽ പ്രസംഗിച്ചതാണിത്! അവരുടെ ഭർത്താവുകൂടിയായ പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരിക്ക് പകരക്കാരനായി വന്നതോടെ നരേന്ദ്ര മോദി ഫാഷിസ്റ്റ് ആണോ അല്ലയോ എന്ന കാര്യത്തിൽ തർക്കമുന്നയിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. കാരണം ഇവരൊക്കെ പിറന്നുവീണ രാഷ്ട്രീയം, ഇവരെ പഠിപ്പിച്ച രാഷ്ട്രീയത്തിന്റെ ബാലപാഠം, കോൺഗ്രസ് വിരുദ്ധതയിൽ അധിഷ്ഠിതമാണ്. എന്നു മുതൽക്കാണോ സി.പി.ഐ സി.പി.എമ്മിന്റെ മുന്നിൽ ഒരു നോക്കുകുത്തിയായി മാറിയത് അന്നു മുതൽക്കാരംഭിച്ചു സി.പി.ഐയുടെ മാത്രമല്ല, ഇന്ത്യൻ ഇടതുപക്ഷത്തിന്റെ മൊത്തം രാഷ്ട്രീയ അപചയം. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം ഒന്നോടിച്ചു നോക്കിയാൽ പ്രസ്ഥാനത്തെ ബാധിച്ച സെക്ടേറിയനിസത്തിന്റെ വേരുകൾ ചികഞ്ഞെടുക്കാൻ വലിയ ബുദ്ധിമുട്ടില്ല.
1925 മുതൽ ഏതാണ്ട് 1940 വരെ സി.പി.ഐയുടെ പ്രവർത്തനം ആ പ്രസ്ഥാനം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമെന്ന പ്രതീതി ജനിപ്പിക്കുന്ന തരത്തിൽ ആയിരുന്നു. വളർച്ചയുടെ ഈ ഘട്ടത്തിൽ നിഷേധാത്മക സമീപനം താരതമ്യേന കുറവായിരുന്നു എന്ന് പറയാം. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടിയുടെയും സോവിയറ്റ് പാർട്ടിയുടെയും സ്വാധീനം ഉണ്ടായിരുന്നുവെങ്കിലും ഗാന്ധിജിയെയും കോൺഗ്രസിനെയും പൂർണമായി ശത്രുപക്ഷത്തു നിർത്തിയിരുന്നില്ല. വടക്കേ ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി സമ്മേളന വേദികളിൽ ഗാന്ധിജിയുടെ ഫോട്ടോ ഈയൊരു ഘട്ടത്തിൽ, കമ്യൂണിസ്റ്റ് നേതാക്കളോടൊപ്പം സ്ഥാനംപിടിച്ചിരുന്നു.
1939ൽ രണ്ടാം ലോകയുദ്ധം ആരംഭിച്ചതോടെ ഇന്ത്യൻ രാഷ്ട്രീയ രംഗവും പ്രക്ഷുബ്ധമായി. കോൺഗ്രസിനോടൊപ്പം സി.പി.ഐയും ഇന്ത്യയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ച ബ്രിട്ടീഷ് നയത്തിനെതിരെ തുടക്കത്തിൽ പ്രക്ഷോഭത്തിനിറങ്ങി. സി.പി.ഐയുടെ നേതൃത്വത്തിൽ ആരംഭിച്ച തൊഴിലാളി-കർഷക സമരങ്ങൾ ബ്രിട്ടീഷ് സർക്കാറിനെ പ്രകോപിപ്പിച്ചു. എന്നാൽ, 1941ൽ സോവിയറ്റ് യൂനിയൻ സഖ്യകക്ഷികളോടൊത്ത് ജർമനിക്കെതിരെ യുദ്ധത്തിൽ അണിനിരക്കാൻ തീരുമാനിച്ചതോടെ സി.പി.ഐയെ സംബന്ധിച്ചിടത്തോളം സാമ്രാജ്യത്വയുദ്ധം ജനകീയ യുദ്ധമായി മാറി! റഷ്യയുടെ രക്ഷക്ക് പ്രാധാന്യം കൽപിച്ച് രാജ്യത്ത് യുദ്ധവിരുദ്ധ സമരങ്ങളെല്ലാം സി.പി.ഐ നിർത്തിവെച്ചു എന്ന് മാത്രമല്ല യുദ്ധത്തിൽ ബ്രിട്ടന് പിന്തുണ പ്രഖ്യാപിക്കുകയുംചെയ്തു. ജർമനിക്ക് എതിരെ പോരാടാൻ ഇന്ത്യക്കാരോട് ബ്രിട്ടീഷ് സേനയിൽ ചേരാനുള്ള ആഹ്വാനവും സി.പി.ഐ നടത്തി. ഈ നിലപാട് മാറ്റത്തിന്റെ വെളിച്ചത്തിൽ ബ്രിട്ടീഷ് സർക്കാർ സി.പി.ഐയുടെ നിരോധനം നീക്കുകയുംചെയ്തു.
മഹാത്മജിയുടെ നേതൃത്വത്തിൽ രാജ്യവും കോൺഗ്രസും ‘ക്വിറ്റ് ഇന്ത്യ’ സമരത്തിന് ഒരുങ്ങുമ്പോഴാണ് സി.പി.ഐ മേൽവിവരിച്ച രാഷ്ട്രീയ വങ്കത്തരങ്ങളൊക്കെയും കാണിച്ചതെന്നോർക്കണം. ഗാന്ധിജി ‘ക്വിറ്റ് ഇന്ത്യ’ സമരത്തിൽ കോൺഗ്രസിനോടൊപ്പം അണിനിരക്കാൻ ക്ഷണിച്ചപ്പോൾ സി.പി.ഐ അത് പരസ്യമായി തന്നെ നിരാകരിക്കുകയുംചെയ്തു. ഇതോടെ ദേശീയ മുഖ്യധാരയിൽനിന്ന് സി.പി.ഐ പൂർണമായും ഒറ്റപ്പെട്ടു. മറുഭാഗത്ത് ബ്രിട്ടീഷ് അനുകൂല നിലപാട് എടുത്തിട്ടും 1943, മാർച്ച് 29ന് കയ്യൂർ സഖാക്കളെ തൂക്കിലേറ്റുന്നതുപോലുള്ള കൃത്യങ്ങൾ ബ്രിട്ടീഷ് സർക്കാർ അലിവില്ലാതെ നടപ്പാക്കുകയുംചെയ്തു. 1940 സെപ്റ്റംബർ 15ന് മൊറാഴ സംഭവം നടന്നതും കെ.പി.ആർ. ഗോപാലന് വധശിക്ഷ ലഭിച്ചതും യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടായിരുന്നു എന്ന് ഓർക്കണം. കെ.പി.ആറിന്റെ ജീവൻ ഗാന്ധിജിയും നെഹ്റുവും എല്ലാം ഇടപെട്ട് രക്ഷപ്പെടുത്തി എന്നത് ചരിത്രം. അതേ കമ്യൂണിസ്റ്റ് പാർട്ടിയാണ് സോവിയറ്റ് യൂനിയൻ യുദ്ധത്തിൽ കക്ഷിയായതോടെ ഇന്ത്യയിൽ ബ്രിട്ടനെതിരെയുള്ള യുദ്ധവിരുദ്ധ നയം ഉപേക്ഷിച്ചത്. സോവിയറ്റ് യൂനിയന്റെ രക്ഷ അന്ന് ലോകത്തിനാവശ്യമായിരുന്നു എന്നതിൽ തർക്കമില്ല. പക്ഷേ, മാതൃരാജ്യത്തെ ദേശവിമോചന പ്രക്ഷോഭങ്ങളിൽനിന്നും മാറിനിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ചാൽ എങ്ങനെയിരിക്കും? രാഷ്ട്രീയമായി സി.പി.ഐ രാജ്യത്ത് ഒറ്റപ്പെട്ടതല്ലാതെ ഒന്നും നേടിയില്ല.

ഡി. രാജ,സി.കെ. ചന്ദ്രപ്പൻ
കൽക്കത്ത തീസിസ്
കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ വിധിനിർണായകമായിരുന്നു 1948ൽ നടന്ന പ്രഥമ ദേശീയ സമ്മേളനമായ കൽക്കത്ത പാർട്ടി കോൺഗ്രസ്. നെഹ്റു സർക്കാറിനോടുള്ള പാർട്ടിയുടെ സമീപനത്തിൽ അടിസ്ഥാനപരമായ മാറ്റം ആവശ്യപ്പെടുന്നതായിരുന്നു ബി.ടി. രണദിവെ അവതരിപ്പിച്ചതും പാർട്ടി കോൺഗ്രസിനാൽ അംഗീകരിക്കപ്പെട്ടതുമായ, പിന്നീട് കുപ്രസിദ്ധമായിത്തീർന്ന, കൽക്കത്ത തീസിസ്. 1947ലെ സ്വാതന്ത്ര്യലബ്ധി യഥാർഥമല്ലെന്നും മറിച്ച് അധികാര കൈമാറ്റം മാത്രമാണെന്നും പണ്ഡിറ്റ് നെഹ്റു ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഏജന്റാണെന്നുമുള്ള പ്രഖ്യാപനമായിരുന്നു കൽക്കത്ത തീസിസ്. വരട്ടുതത്ത്വവാദത്തിന് (Dogmatism) ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ ഇതിനേക്കാൾ വലിയ മറ്റൊരുദാഹരണമില്ല. ഇന്ത്യൻ ദേശീയ പ്രസ്ഥാനം എന്താണെന്നോ ഇന്ത്യയുടെ സവിശേഷ സാഹചര്യത്തിൽ ഗാന്ധിജിയും നെഹ്റുവും ഉൾെപ്പടെയുള്ള ദേശീയ നേതാക്കൾ ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ എങ്ങിനെ ഇന്ത്യൻ മണ്ണിൽ വേരോടിച്ചു എന്നുള്ളതിനെക്കുറിച്ചോ അടിസ്ഥാന ധാരണപോലും ഇല്ലാത്ത രീതിയിലായിരുന്നു കൽക്കത്ത തീസിസ് തയാറാക്കപ്പെട്ടതും പാർട്ടി കോൺഗ്രസിനാൽ അത് അംഗീകരിക്കപ്പെട്ടതും. ആയിരക്കണക്കിന് സാധാരണ സഖാക്കൾക്കും അപൂർവം നേതാക്കൾക്കും ജീവൻ നഷ്ടപ്പെടുകയും പതിനായിരക്കണക്കിന് പാർട്ടി സഖാക്കളെ വലിയ കഷ്ടപ്പാടുകളിലേക്കു തള്ളിയിടുകയുംചെയ്തു കൽക്കത്ത പാർട്ടി കോൺഗ്രസ് തീരുമാനം.
കൽക്കത്ത തീസിസ് നെഹ്റുവിനെ സാമ്രാജ്യത്വത്തിന്റെ ഏജന്റാണെന്ന് ആക്ഷേപിക്കുകയും ശൈശവാവസ്ഥയിലായിരുന്ന ഇന്ത്യൻ ഭരണകൂടത്തിന് നേരെ സായുധ കലാപം പ്രഖ്യാപിക്കുകയും ചെയ്ത് വലിയ വെല്ലുവിളി ഉയർത്തിയപ്പോഴും കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള പണ്ഡിറ്റ് നെഹ്റുവിന്റെ പ്രതികരണം എന്തായിരുന്നെന്ന് അറിയുന്നത് ഒരേസമയം വിജ്ഞാനപ്രദവും കൗതുകകരവുമാണ്. നെഹ്റു ഫയലിൽ എഴുതി: ‘‘It must be remembered that the general principles underlying the communist doctrine, that is the economic principles of social organization have been accepted by some of the best minds of the age, and it does not help at all if second rate persons go about trying to combat them without even understanding them. This is not a policeman’s job, which normally is not acquainted with the intricacies of politics or economics. It must also be remembered that a very large part of the world today is definitely communistic’’ (Prime Minister Jawahar Lal Nehru's Statement on Communists, Prime Minister's Secretariat, Under Secretary's Secret Safe File, Govt. of Madras - 24/1949, T.N, Archives, Chennai). കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ അരങ്ങേറിയ സായുധ വിപ്ലവം കണ്ട് പകച്ചുപോയ നെഹ്റു സർക്കാറിന്റെ പൊലീസ് സംവിധാനം ഉൾെപ്പടെയുള്ള ബ്യൂറോക്രസിയുടെ അറിവിലേക്കായിട്ടാണ് നെഹ്റു പ്രധാനമന്ത്രി എന്ന നിലയിൽ ഫയലിൽ മേൽവരികൾ എഴുതിയതെങ്കിലും അദ്ദേഹത്തിന് കമ്യൂണിസ്റ്റ് ആശയത്തോടുണ്ടായിരുന്ന മമത വരികൾക്കിടയിൽ വായിക്കാൻ കഴിയുന്നതാണ്. ഇന്ത്യയിലെ ഇന്നത്തെ കമ്യൂണിസ്റ്റുകാർ ഇത് ഒരു നൂറാവർത്തി വായിക്കേണ്ടതുമാണ്. കൽക്കത്ത തീസിസ് ഒരു വമ്പൻ പരാജയമായിരുന്നു എന്ന് മാത്രമല്ല, ഇന്ത്യൻ യാഥാർഥ്യത്തിൽനിന്ന് കമ്യൂണിസ്റ്റ് പാർട്ടി എത്രത്തോളം അകലെയാണെന്ന് തെളിയിക്കപ്പെടുകകൂടി ചെയ്തു.
എന്താണ് ഇന്ത്യൻ യാഥാർഥ്യം?
കൽക്കത്ത തീസിസിനെ തുടർന്ന് നിരോധിക്കപ്പെട്ടിരുന്ന സി.പി.ഐ സായുധ വിപ്ലവം ഉപേക്ഷിച്ചു പാർലമെന്ററി പാത സ്വീകരിക്കാൻ ഒടുവിൽ തയാറായതോടെ, 1952ൽ നെഹ്റു സർക്കാർ പാർട്ടിയുടെ നിരോധനം നീക്കി. രക്തരൂഷിത വിപ്ലവത്തിൽ കൂടി മാത്രമേ തൊഴിലാളിവർഗ ഭരണകൂടം സ്ഥാപിക്കുക സാധ്യമാവുകയുള്ളൂ എന്ന ബോധ്യം ഇന്ത്യൻ കമ്യൂണിസ്റ്റ് നേതൃത്വത്തെ പിടികൂടിയതിന്റെ പരിണിത ഫലമായിരുന്നു സായുധ വിപ്ലവമെന്ന സ്വപ്നം. പക്ഷേ, ഇതിനു ഇന്ത്യൻ യാഥാർഥ്യവുമായി പുലബന്ധംപോലുമുണ്ടായിരുന്നില്ല. പി.സി. ജോഷിയെ പോലുള്ള അപൂർവം നേതാക്കൾ പക്ഷേ ഇത് തിരിച്ചറിഞ്ഞിരുന്നു. ക്വിറ്റ് ഇന്ത്യ സമരകാലത്തെ തിരിച്ചടിക്കുശേഷം 1942 മുതൽ 1948 വരെ സി.പി.ഐയെ നയിച്ച ജോഷിയുടെ കാലമായിരുന്നു ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പുഷ്കലകാലം. നാനാതുറകളിലും ദേശീയവീക്ഷണത്തോട് അടുത്തുനിൽക്കുന്ന കർമപരിപാടികൾ ജോഷിയുടെ നേതൃത്വം നടപ്പാക്കി.
അടിസ്ഥാനവർഗ മുന്നേറ്റം മാത്രമല്ല ഇടത്തരക്കാരും ബുദ്ധിജീവികളും കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്നിൽ അണിനിരന്നു. നെഹ്റുപോലും ഇന്ത്യൻ കമ്യൂണിസ്റ്റ് നേതൃത്വത്തെ ബഹുമാനിച്ചു. 1947ൽ സ്വാതന്ത്ര്യം യാഥാർഥ്യമായപ്പോൾ കോൺഗ്രസിനകത്തു പുരോഗമനാത്മകവും പിന്തിരിപ്പനുമായ രണ്ടു വിഭാഗങ്ങൾ ഉണ്ടെന്നും അതിനു നേതൃത്വം നൽകുന്നത് യഥാക്രമം നെഹ്റുവും സർദാർ പട്ടേലുമാണെന്നും സി.പി.ഐ നെഹ്റുവിന്റെ കരങ്ങൾക്ക് ശക്തി പകരണമെന്നും ജോഷി വാദിച്ചു. ജോഷി നയം നടപ്പിലായിരുന്നെങ്കിൽ സി.പി.ഐയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു. സംഭവിച്ചത് ജോഷിയെ ഒറ്റപ്പെടുത്തി, തിരുത്തൽ വാദിയെന്നു മുദ്രകുത്തി 1948ൽ കൽക്കത്തയിൽ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. ഒരുപാട് കെടുതികൾ ക്ഷണിച്ചു വരുത്തി ഒടുവിൽ 1952ൽ സായുധ സമരം ഉപേക്ഷിച്ചാണ് ഈ ഭ്രാന്തൻ നയത്തോട് സി.പി.ഐ വിടപറഞ്ഞത്.
കൽക്കത്ത തീസിസിനെ തുടർന്നുണ്ടായ തിരിച്ചടികൾ ഏറെ നേരിട്ടിട്ടും 1952ലെ പ്രഥമ തെരഞ്ഞെടുപ്പിൽ സി.പി.ഐ 52 സീറ്റോടെ പാർലമെന്റിൽ മുഖ്യപ്രതിപക്ഷമായി. എ.കെ.ജി പ്രതിപക്ഷ നേതാവുമായി (’52ൽ എസ്.എ. ഡാങ്കെ പാർലമെന്റിൽ ഉണ്ടായിരുന്നില്ല എന്നുകൂടി ഓർക്കുക!). 1957ലെ പൊതു തെരഞ്ഞെടുപ്പിൽ സീറ്റ് 27 ആയി ചുരുങ്ങിയെങ്കിലും 8.92 ശതമാനം വോട്ട് സി.പി.ഐക്ക് ലഭിച്ചു. ജനസംഘത്തിന് അന്ന് കേവലം 4 സീറ്റും 5.97 ശതമാനം വോട്ടും! ബോംബെ, ഡൽഹി കോർപറേഷനുകൾ ഭരിച്ച പാർട്ടിയുമായിരുന്നു അക്കാലങ്ങളിൽ സി.പി.ഐ. ’57ൽ ബോംബെ സിറ്റി സെൻട്രൽ പാർലമെന്റ് സീറ്റിൽ എസ്.എ. ഡാങ്കെക്ക് പണ്ഡിറ്റ് നെഹ്റുവിനു സ്വന്തം മണ്ഡലത്തിൽ ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം ലഭിച്ചിരുന്നു! ഡാങ്കെ വിരൽ ചൂണ്ടിയാൽ ബോംബെ സ്തംഭിക്കുന്ന കാലം എന്നായിരുന്നു വിശേഷണം! എന്താണ് ഒരുകാലത്ത് ഡാങ്കെയുടെ പാർട്ടിയായിരുന്ന അതേ സി.പി.ഐയുടെ ഇന്നത്തെ അവസ്ഥ? ദേശീയ പാർട്ടി സ്ഥാനം എന്നേ നഷ്ടപ്പെട്ടു, ദേശീയതലത്തിൽ വോട്ട് ശതമാനം ഇന്ന് ഒരു ശതമാനത്തിലും താഴെ! ’64ൽ പാർട്ടി പിളർത്തിയ സി.പി.എമ്മിനാകട്ടെ പാർലമെന്റിൽ ആകെ 4 സീറ്റും (അതും നാലിൽ മൂന്ന് സീറ്റും കോൺഗ്രസിന്റെ പിന്തുണയോടെ), 2 ശതമാനത്തിൽ താഴെ വോട്ടും! എവിടെയാണ് പാളിയത് എന്ന ചോദ്യത്തിന് പൂർണ ഉത്തരം ലഭിക്കണമെങ്കിൽ ’64ലെ പിളർപ്പ് ഉൾെപ്പടെയുള്ള കാര്യങ്ങൾ ചുരുക്കിയാണെങ്കിലും വിശദീകരിക്കേണ്ടതുണ്ട്.

ശ്രീലങ്കയിൽ ഇൗ മേയ്ദിനത്തിൽ നടന്ന ആഘോഷ പരിപാടിയിൽ സി.പി.െഎ കേരള സെക്രട്ടറി ബിനോയ് വിശ്വം സംസാരിക്കുന്നു
എന്തിനു വേണ്ടി പിളർന്നു?
’64ലെ പിളർപ്പ് ഒരു പാവനമായ വിപ്ലവപ്രവൃത്തിയായിരുന്നു എന്ന് ഇന്നും വിശ്വസിക്കുന്നവരാണ് സി.പി.എമ്മുകാർ! പിളർപ്പിനാധാരമായിട്ടുള്ള കാര്യങ്ങൾ ഇവയൊക്കെയാണ്. 1. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്കകത്ത് ആരംഭകാലം തൊട്ട് ഒരു വിഭാഗത്തിനുണ്ടായിരുന്ന അന്ധമായ കോൺഗ്രസ് വിരോധം. 2. 1960ൽ മോസ്കോവിൽ സമ്മേളിച്ച 81 കമ്യൂണിസ്റ്റ് പാർട്ടികളുണ്ടാക്കിയ ധാരണക്ക് വിരുദ്ധമായ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നീക്കങ്ങളിൽ ഇന്ത്യൻ പാർട്ടിയിലെ മേൽസൂചിപ്പിച്ച വിഭാഗം ആകൃഷ്ടരായത്. 3. ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിൻ അമേരിക്കയിലെയും വമ്പിച്ച ഭൂഭാഗങ്ങളാണ് ലോകവിപ്ലവ കൊടുങ്കാറ്റിന്റെ പ്രഭവകേന്ദ്രങ്ങളെന്നും സാമ്രാജ്യത്വത്തിന്റെ മേൽ പ്രത്യക്ഷമായ പ്രഹരമേൽപിക്കാൻ കഴിവുള്ള ഈ രാജ്യങ്ങളിലെ വിപ്ലവപാർട്ടികൾ ആരംഭിക്കേണ്ടിയിരിക്കുന്ന ‘ഉടൻ വിപ്ലവ’ത്തിലാണ് ലോകവിപ്ലവ പ്രസ്ഥാനത്തിന്റെ ഭാവിയെന്നുമുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നിലപാട് സി.പി.ഐക്കകത്തെ കോൺഗ്രസ് വിരോധികളും ചൈനീസ് അനുകൂലികളുമായ ഒരു വിഭാഗം ശിരസ്സാവഹിച്ചത്! ഇതൊക്കെയല്ലാതെ മറ്റെന്ത് കാരണമാണ് പാർട്ടി പിളർത്തിയതിന് സി.പി.എമ്മിന് പറയാനുള്ളത്?
ചുരുക്കിപ്പറഞ്ഞാൽ ’48ൽ കൽക്കത്ത തീസിസിന്റെ കാലത്തുണ്ടായിരുന്ന വിശ്വാസംപോലെ ഒരു സായുധ വിപ്ലവത്തിലൂടെ ഇന്ത്യൻ ഭരണകൂടത്തെ അട്ടിമറിച്ച് സോഷ്യലിസം സ്ഥാപിക്കാമെന്ന് വ്യാമോഹിച്ചവരും അക്കാര്യത്തിൽ ചൈനീസ് ചെമ്പടയുടെ സഹായമുണ്ടാകുമെന്ന് ധരിച്ചവരുമാണ് ’64ൽ സി.പി.എമ്മിൽ നിലയുറപ്പിച്ചത്. എന്നാൽ ’47ലെ സ്വാതന്ത്ര്യലബ്ധിയോടെ പാർലമെന്ററി ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു ദേശരാഷ്ട്രമായി ഇന്ത്യ മാറിയെന്നും പാർലമെന്റിന് അകത്തും പുറത്തും നടത്തുന്ന ജനാധിപത്യ രീതിയിലുള്ള ബഹുജനപ്രക്ഷോഭം വളർത്തി കൊണ്ടുവരുന്നതിലൂടെ സോഷ്യലിസത്തിലേക്കുള്ള പരിവർത്തനം സാധ്യമാണെന്ന് വിശ്വസിച്ചവർ സി.പി.ഐയിൽ ഉറച്ചുനിന്നു. സി.പി.എം കേരളഘടകത്തിലെ നേതാക്കൾ അണികളുടെ മുന്നിൽ പഴയ സെക്ടേറിയൻ നിലപാടുകൾ ഇന്നും ആവർത്തിക്കുകയും അതേസമയം, ഭരണതലത്തിൽ ഇതിനു നേരെ ഘടകവിരുദ്ധമായ നയങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന കപട മാർക്സിസ്റ്റുകളായി അധഃപതിച്ചിരിക്കുന്ന കാഴ്ചയാണ് വർത്തമാന കേരളം കണ്ടുകൊണ്ടിരിക്കുന്നത്. പാർലമെന്ററി ജനാധിപത്യത്തിലധിഷ്ഠിതമായ സി.പി.ഐയുടെ ‘ദേശീയ ജനാധിപത്യ വിപ്ലവം’ എന്ന ആശയം ഇന്നും പ്രസക്തിയുള്ള വിപ്ലവ പദ്ധതിയായി തുടരുമ്പോൾ സി.പി.എമ്മിന്റെ സായുധ വിപ്ലവം ലക്ഷ്യമിട്ടുള്ള ‘ജനകീയ ജനാധിപത്യ വിപ്ലവ’മെന്ന ലൈനിന് ചവറ്റുകൊട്ടയിൽപോലും സ്ഥാനമില്ല എന്നതാണ് വാസ്തവം. പക്ഷേ എന്തുചെയ്യും? 1978ൽ ഭട്ടിൻഡ പാർട്ടി കോൺഗ്രസിൽ സി.പി.ഐ സ്വന്തം നയം ഉപേക്ഷിച്ചല്ലേ സി.പി.എമ്മിന്റെ മുന്നിൽ അടിയറവ് പറഞ്ഞത്!
ഇന്ത്യൻ പാർട്ടിയിലെ ഒരു വിഭാഗത്തിനെ പിടികൂടിയ മേൽവിവരിച്ച സെക്ടേറിയൻ ചിന്താഗതിയുടെ വേരുകൾ യഥാർഥത്തിൽ സ്ഥിതിചെയ്യുന്നത് 1920ലെ രണ്ടാം കമ്യൂണിസ്റ്റ് ഇന്റർനാഷനലിൽ ദേശവിമോചന സമരങ്ങൾ നടക്കുന്ന കോളനി രാജ്യങ്ങളിലെ അടവ് നയം സംബന്ധിച്ച് നടന്ന ലെനിൻ Vs എം.എൻ. റോയ് വാഗ്വാദങ്ങളിലാണ്. അതത് രാജ്യങ്ങളിൽ നിലവിലെ ദേശവിമോചന പ്രസ്ഥാനങ്ങളുമായി കൈകോർത്ത് കമ്യൂണിസ്റ്റ് പാർട്ടികൾ കോളനി വിരുദ്ധ സമരങ്ങളിൽ മുന്നോട്ടു പോകണമെന്ന് ലെനിൻ ആവശ്യപ്പെട്ടപ്പോൾ, ഉദാഹരണത്തിന്, എം.എൻ. റോയ് ആവശ്യപ്പെട്ടത് ഇന്ത്യയിൽ ആദ്യം തകർക്കപ്പെടേണ്ടത് ബൂർഷ്വാ പ്രസ്ഥാനമായ കോൺഗ്രസിനെയാണെന്നും അത് കഴിഞ്ഞു ബ്രിട്ടനെതിരെ പോരാടണമെന്നുമായിരുന്നു. ഈ സെക്ടേറിയൻ നിലപാടിന്റെ തടവറയിൽതന്നെയാണ് ചുരുങ്ങിയപക്ഷം ഇന്നും കേരളത്തിലെ വലിയ വിഭാഗം കമ്യൂണിസ്റ്റുകാരും. അന്ധമായ കോൺഗ്രസ് വിരോധം ഇത്തരക്കാരുടെ രക്തത്തിൽ അലിഞ്ഞിരിക്കുന്നു. ആധുനിക ഇന്ത്യൻ ദേശീയത ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രീയ പശ്ചാത്തലത്തെ കുറിച്ചോ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ മഹത്ത്വത്തെ കുറിച്ചോ ഒരുവിധ അവഗാഹവുമില്ലാതെ കോൺഗ്രസ് വിരോധം മാത്രം മുഖമുദ്രയായി കൊണ്ടുനടക്കുന്നവരാണ് ഇന്നും ഇക്കൂട്ടർ. 1970കളിലും ’80കളിലും ഏത് ചെകുത്താനെ പിടിച്ചും കോൺഗ്രസിനെ തകർക്കലായിരുന്നു ഇ.എം.എസിന്റെ പ്രഖ്യാപിത ലക്ഷ്യം. അതിനായി ’70കളിൽ ആർ.എസ്.എസുമായി പരസ്യമായി തന്നെ കൂട്ടുകൂടി. 1989ൽ രാജീവ് ഗാന്ധിയെ പുറത്താക്കാൻ ബി.ജെ.പി പിന്തുണയുള്ള വി.പി. സിങ്ങിനെ സർക്കാറുണ്ടാക്കാൻ പിന്തുണച്ചു. സി.പി.ഐയും ഈ രക്തത്തിൽ പങ്കാളിയായി.
പാർട്ടി പിളർപ്പിനുശേഷം സി.പി.ഐ ഒരു പരിധിവരെയെങ്കിലും അന്ധമായ കോൺഗ്രസ് വിരുദ്ധതയിൽനിന്ന് മോചിതമായിരുന്നു. ഈ സമീപനത്തിന്റെ അനന്തരഫലമായിരുന്നു 1970കളിലെ കേരളത്തിലെ അച്യുതമേനോൻ സർക്കാർ. ഈ രാഷ്ട്രീയ പരീക്ഷണം രാജ്യത്തിനുതന്നെ മാതൃകയായിരുന്നു. സി.പി.എം ഈ സർക്കാറിനോട് എടുത്ത സമീപനം മാത്രം നോക്കിയാൽ മതി ഇന്ത്യൻ വിപ്ലവത്തോട് അവർക്കുള്ള സമീപനം എത്രത്തോളം വികലമായിരുന്നു എന്ന് തിരിച്ചറിയാൻ. ട്രാക്ടറുകളും ഇലക്ട്രിക് ട്രാൻസ്ഫോർമറുകളും കെ.എസ്.ആർ.ടി.സി ബസുകളും കത്തിക്കുക (മട്ടന്നൂരിൽ നാല് നിരപരാധികളായ യാത്രക്കാരാണ് വെന്തു മരിച്ചത്), എന്തിനധികം, നിർധനരായവർക്കുള്ള ലക്ഷംവീട് പദ്ധതിപ്രകാരമുള്ള വീടുകളുടെ തറപോലും പിഴുതെറിയപ്പെട്ടു. സർവതിനെയും എതിർക്കുക, തകർക്കുക തന്നെയായിരുന്നു അക്കാലങ്ങളിൽ സി.പി.എം സമീപനം. ഇതേ പാർട്ടി കേരളത്തിൽ ഇന്നെത്തിനിൽക്കുന്ന അവസ്ഥ കാണുമ്പോൾ പുച്ഛം തോന്നുന്നു. എന്നിട്ടും പിളർപ്പ് ഇന്നും ആവേശമാണ് ഇവർക്ക്. സി.പി.ഐയോടാകട്ടെ ഇപ്പോഴും പരമപുച്ഛവും.
’64ൽ പാർട്ടി പിളർത്താൻ സി.പി.എം പറഞ്ഞ ഒരു വാദഗതിയും ഇന്ന് നിലനിൽക്കുന്നതല്ല. ഇന്ന് രാജ്യം നേരിടുന്ന ഫാഷിസ്റ്റ് ഭീഷണിയോട് ഏറ്റുമുട്ടണമെങ്കിൽ കോൺഗ്രസ് കൂടിയേ കഴിയൂ. രാജ്യത്തിന്റെ ശത്രു സാമ്രാജ്യത്വവും വർഗീയ ഫാഷിസവുമാണ്. ഇതിനെതിരെയുള്ള പോരാട്ടത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ സഖ്യകക്ഷി കോൺഗ്രസാണ്. ഇത് തിരിച്ചറിയാത്ത കമ്യൂണിസ്റ്റ്കാർ ഇപ്പോഴും കൽക്കത്ത തീസിസിന്റെ തടവറയിൽതന്നെ എന്ന് ചുരുക്കം. അടിയന്തരാവസ്ഥ കഴിഞ്ഞുള്ള തിരിച്ചടിയിൽ പരിഭ്രാന്തരായി സി.പി.ഐ നയം മാറ്റി സി.പി.എമ്മിനോട് ചേർന്ന് കോൺഗ്രസിനും ബി.ജെ.പിക്കും എതിരെ ഇടതു ഐക്യം എന്ന നയം സ്വീകരിച്ചില്ലായിരുന്നെങ്കിൽ ഇന്ന് സി.പി.എം എന്ന പ്രസ്ഥാനത്തിന് നിലനിൽപുപോലും ഉണ്ടാകില്ലായിരുന്നു. ഇത് സി.പി.ഐ തിരിച്ചറിയാത്ത കാലത്തോളം മാത്രമാണ് സി.പി.എമ്മിന്റെ നിലനിൽപ്. സി.പി.ഐ ശരിയായ നിലപാടിലേക്ക് വന്നാൽ കേരളവും സി.പി.എമ്മിനെ കൈവിടുമെന്നുറപ്പാണ്. സി.പി.ഐയുടെ നൂറുവർഷത്തെ ചരിത്രത്തിലേറ്റ ഏറ്റവും വലിയ തിരിച്ചടി, നിസ്സംശയം പറയാം, 1964ലെ പാർട്ടി പിളർപ്പാണ്.

സി.പി.െഎയുടെ ആദ്യകാല നേതാക്കളായ ജി.എസ്. അധികാരി, ബി.ടി. രണദിവെ, പി.സി. ജോഷി എന്നിവർ
‘ഭട്ടിൻഡ’യും സി.പി.ഐയുടെ തകർച്ചയും
’42ലെ ‘ക്വിറ്റ് ഇന്ത്യ’ നിലപാടും ’48ലെ കൽക്കത്ത തീസിസും സി.പി.ഐക്ക് ഉണ്ടാക്കിയ ആഘാതത്തിൽനിന്നും കഷ്ടിച്ച് കരകയറി, പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും തെറ്റില്ലാത്ത സാന്നിധ്യം ഉറപ്പിച്ചുകൊണ്ടിരുന്ന വേളയിലാണ് ’64ലെ പാർട്ടി പിളർപ്പ് സംഭവിക്കുന്നത്. 1957ൽ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ ഏറുകയും ചെയ്തിരുന്നു. കോൺഗ്രസ് കഴിഞ്ഞാൽ രാജ്യത്ത് അഖിലേന്ത്യാ സാന്നിധ്യം സി.പി.ഐക്ക് തന്നെ ആയിരുന്നു. ജനസംഘം അന്ന് സി.പി.ഐക്ക് ഏറെ പിന്നിലായിരുന്നു എന്ന് ഓർക്കണം!
’64ലെ പിളർപ്പിനു ശേഷം സി.പി.എം പ്രധാനമായും കേരളം, ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ഒതുങ്ങിയപ്പോൾ, സി.പി.ഐ തുടർന്നും ദേശീയതലത്തിൽ സ്വാധീനമറിയിച്ചു. തമിഴ്നാട്, ആന്ധ്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും സി.പി.എമ്മിന് സ്വാധീനം ഉണ്ടായിരുന്നെങ്കിലും സി.പി.ഐ തന്നെയായിരുന്നു മുന്നിൽ. സി.പി.എം പാർലമെന്റിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ നോക്കിയതല്ലാതെ അവർ സ്വപ്നം കണ്ട ‘ഉടൻ വിപ്ലവ’ പദ്ധതികളൊന്നും നടപ്പായില്ല. കേരളത്തിൽ അച്യുതമേനോൻ സർക്കാറിനെ താഴെയിറക്കാൻ നടത്തിയ പ്രാകൃത സമരാഭാസങ്ങളല്ലാതെ മറ്റൊരു ‘വിപ്ലവ’വും സാധ്യമായില്ല. സി.പി.എമ്മിന്റേത് തനി ആത്മവഞ്ചനയായിരുന്നു എന്ന തിരിച്ചറിവിൽനിന്നാണ് ഒരു വിഭാഗം 1968ൽ ചാരു മജുംദാറുടെ നേതൃത്വത്തിൽ നക്സലിസത്തിനു ജന്മം നൽകിയത്. നൂറുകണക്കിന് സഖാക്കളാണ് ഇതുമൂലം ബലികഴിക്കപ്പെട്ടത്. എന്നാൽ, ഇതിലൊന്നും ഒരു കുറ്റബോധവും സി.പി.എമ്മിന് അന്നും ഇന്നും ഇല്ല എന്നതാണ് യാഥാർഥ്യം.
’42ലെ തിരിച്ചടികൾക്കുശേഷം 1948 വരെ പി.സി. ജോഷിയുടെ നേതൃത്വം സി.പി.ഐയെ എല്ലാ രീതിയിലും വളർത്തിയിരുന്നു. ’48ലെ കൽക്കത്ത തീസിസിനും ’64ലെ പാർട്ടി പിളർപ്പിനും ശേഷം സി.പി.ഐ ഏറ്റവും വളർച്ച പ്രാപിച്ച കാലഘട്ടം 1969 മുതൽ 1977 വരെ കോൺഗ്രസുമായി ദേശീയതലത്തിൽ ഐക്യമുണ്ടായിരുന്ന കാലഘട്ടത്തിലായിരുന്നു. സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും മെച്ചപ്പെട്ട ഭരണ സംവിധാനത്തിന്, സി.പി.ഐയുടെ നേതൃത്വത്തിൽ, അന്ന് കേരളം സാക്ഷിയായി. പാർലമെന്റിലും നിയമസഭകളിലും സി.പി.ഐക്ക് മികച്ച പ്രാതിനിധ്യം ഉണ്ടായി. ദേശീയ ശ്രദ്ധ ആകർഷിച്ച ജനകീയ പ്രക്ഷോഭങ്ങൾ സി.പി.ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു. സി.പി.ഐയുടെ യുവജന-വിദ്യാർഥി പ്രസ്ഥാനങ്ങൾ രാജ്യത്തെ മുൻനിര സർവകലാശാലകളിൽ സാന്നിധ്യം പ്രകടമാക്കി. എന്നാൽ, സി.പി.എമ്മിനാകട്ടെ ബംഗാളിലും കേരളത്തിലും മറ്റുമായി ഒതുങ്ങി കഴിയേണ്ടി വന്നു. ആ പാർട്ടിക്ക് ഡൽഹിയിൽ ഒരു ആസ്ഥാനമന്ദിരം ഉണ്ടാകുന്നത് തന്നെ 1980കളുടെ തുടക്കത്തിൽ മാത്രമാണ്. ഡൽഹിയിൽ തങ്ങൾക്ക് വലിയ കാര്യമൊന്നും ഇല്ലെന്ന തിരിച്ചറിവ് അക്കാലത്തെ സി.പി.എമ്മിന് ഉണ്ടായിരുന്നു.
എന്നാൽ, 1978ലെ ഭട്ടിൻഡ പാർട്ടി കോൺഗ്രസ് തീരുമാനം സി.പി.ഐയുടെയും അതുവഴി ഇന്ത്യൻ ഇടതുപക്ഷത്തിന്റെയും സാധ്യതകൾക്ക് കാര്യമായ പ്രഹരമേൽപിച്ചു. അടിയന്തരാവസ്ഥയെ തുടർന്നുണ്ടായ താൽക്കാലിക തിരിച്ചടിയിൽ പതറിയ സി.പി.ഐ അതുവരെ പാർട്ടിയെ വളർച്ച നേടാൻ പ്രാപ്തമാക്കിയ ‘ദേശീയ ജനാധിപത്യ വിപ്ലവം’ എന്ന ലൈൻ ഫലത്തിൽ ഉപേക്ഷിച്ച് സി.പി.എമ്മിനോടൊപ്പം ചേർന്ന് കോൺഗ്രസിനും ബി.ജെ.പിക്കും ബദലായി ഇടത്-ജനാധിപത്യ മുന്നണിയെന്ന നയം സ്വീകരിച്ചു. തീവ്ര വലതുപക്ഷവും സാമ്രാജ്യത്വവും ഉയർത്തുന്ന യഥാർഥ ഭീഷണിക്ക് മേലെ സി.പി.എമ്മിന്റെ കോൺഗ്രസ് വിരുദ്ധ ലൈൻ സ്വീകരിക്കുന്നതിന് തുല്യമായിരുന്നു സി.പി.ഐയുടെ ഈ നയംമാറ്റം.
’78ലെ ഭട്ടിൻഡ കോൺഗ്രസ് തീരുമാനത്തിന്റെ ഏറ്റവും തിക്തഫലം 1981ൽ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് തിരിച്ച് അധികാരത്തിൽ വന്നപ്പോൾ സഖ്യകക്ഷിയായി സി.പി.ഐ തുടർന്നിരുന്നെങ്കിൽ ഉണ്ടാക്കാമായിരുന്ന നേട്ടങ്ങളുടെ നഷ്ടമായിരുന്നു. വെറും സീറ്റുകൾ നേടുന്നതിലല്ല, മറിച്ച് ദേശീയ മുഖ്യധാരയിൽ സാന്നിധ്യമറിയിക്കാൻ കഴിയുമായിരുന്നു എന്നുള്ളതും ഹൈന്ദവ ഫാഷിസത്തിനെതിരെ ഫലപ്രദമായ ചെറുത്തുനിൽപിന് കോൺഗ്രസിനെ തന്നെ പ്രാപ്തമാക്കാൻ സി.പി.ഐക്ക് കഴിയുമായിരുന്നു എന്നതുമാണ്. അതിനു പറ്റുന്ന തലയെടുപ്പുള്ള നേതാക്കളും അന്ന് സി.പി.ഐക്ക് ഉണ്ടായിരുന്നു. ഇന്ദ്രജിത് ഗുപ്ത, ഭൂപേഷ് ഗുപ്ത തുടങ്ങി സി.കെ. ചന്ദ്രപ്പനെപ്പോലുള്ള നേതാക്കൾ അതുവരെ പാർലമെന്റിൽ തിളങ്ങിനിന്നിരുന്ന കാലമായിരുന്നു അത്.
1978ൽ എല്ലാം ഒറ്റയടിക്ക് ഭട്ടിൻഡയിൽ സി.പി.ഐ കളഞ്ഞുകുളിച്ചു എന്ന് ചുരുക്കം. സി.പി.എം ആകട്ടെ സി.പി.ഐയുടെ നയംമാറ്റം ആഘോഷിക്കുകയും തങ്ങളാണ് ശരിയെന്ന് സ്വയംഭാവിച്ചു ലോകത്തു നടക്കുന്ന മാറ്റങ്ങളൊന്നും ശ്രദ്ധിക്കാതെ പഴയ സെക്ടേറിയൻ-സ്റ്റാലിനിസ്റ്റ് നയങ്ങൾ അതേപടി തുടരുകയും ഫലത്തിൽ ഇടതുപക്ഷം മൊത്തമായി രാജ്യത്തുടനീളം ക്രമേണ ക്ഷീണിച്ചു വരുകയും ചെയ്തു. സി.പി.എം കാലക്രമത്തിൽ അനിവാര്യമായും സ്വയം ഏറ്റുവാങ്ങേണ്ടിയിരുന്ന തിരിച്ചടിയിൽ പങ്ക് പറ്റാൻ സി.പി.ഐയും വിധിക്കപ്പെട്ടു എന്നുള്ളതാണ് ഭട്ടിൻഡ പാർട്ടി കോൺഗ്രസ് തീരുമാനംകൊണ്ട് സി.പി.ഐക്ക് ലഭിച്ച ഏക നേട്ടം! 1979ൽ കേരളത്തിൽ പി.കെ.വി മന്ത്രിസഭ സി.പി.എം ആവശ്യപ്പെട്ടതനുസരിച്ചു രാജിെവച്ചതോടെ സി.പി.എമ്മിനു മുന്നിൽ സി.പി.ഐയുടെ അടിയറവ് പൂർണമായി. സഹോദരസ്നേഹത്തിന്റെ ആധിക്യം മൂത്ത് സി.പി.ഐ കമ്യൂണിസ്റ്റ് പുനരേകീകരണം എന്ന ആശയം സി.പി.എമ്മിന് മുന്നിൽ വീണ്ടും വീണ്ടും വെച്ചെങ്കിലും കേട്ടപാടെ സി.പി.എം അതെടുത്ത് അട്ടത്ത് വെക്കുകയാണ് പതിവ്.
കോൺഗ്രസുമായി ‘ഐക്യവും സമരവും’ എന്ന നയം സി.പി.ഐ പിന്തുടർന്ന 1969-77 കാലത്ത് രാജ്യത്തെ പ്രമുഖ ഇടതുപക്ഷ പാർട്ടിയെന്ന നിലയിലേക്കുള്ള സി.പി.ഐയുടെ വളർച്ചയെ കുറിച്ച് ഡേവിഡ് ലോക്ക്വുഡ് എന്ന ആസ്ട്രേലിയൻ ഗവേഷകൻ എഴുതിയ വസ്തുതകൾ സി.പി.ഐ സഖാക്കൾ ഒന്ന് വായിക്കണം. ഐക്യത്തേക്കാൾ സമരത്തിന് മുൻഗണന നൽകിയ കാലഘട്ടം കൂടിയായിരുന്നു അത്. 1972ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങളും അക്കാലത്ത് ഡൽഹിയിൽ നടന്ന വൻ റാലിയും 1973ലും ’74ലും പൂഴ്ത്തിവെപ്പിനും കരിഞ്ചന്തക്കും എതിരെയുള്ള ദേശവ്യാപക പ്രക്ഷോഭങ്ങളുമെല്ലാം വൻ വിജയമായിരുന്നു. ’74ലെ െറയിൽവേ തൊഴിലാളികളുടെയും ബോംബെ ടെക്സ്റ്റൈൽ മിൽ തൊഴിലാളികളുടെയും ബംഗാളിലെ ജൂട്ട്മിൽ തൊഴിലാളികളുടെയും എല്ലാം സമരങ്ങൾക്ക് നേതൃത്വം നൽകിയത് മുഖ്യമായും എ.ഐ.ടി.യു.സി ആയിരുന്നു. ഇതേ കാലയളവിൽ ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും അവരുടെ കൂട്ടാളികളായി വർത്തിച്ച രാജ്യത്തിനകത്തെ തീവ്ര വലതുപക്ഷത്തിന്റെയും നീക്കങ്ങൾക്കെതിരെ സി.പി.ഐ പട്നയിൽ നടത്തിയ ഫാഷിസ്റ്റ് വിരുദ്ധ സമ്മേളനം സോഷ്യലിസ്റ്റ് ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. കൽക്കരി ഖനി തൊഴിലാളികളുടെയും കർഷക തൊഴിലാളികളുടെയും വൻ പ്രക്ഷോഭങ്ങൾക്കും ഇതേ കാലയളവിൽ സി.പി.ഐ നേതൃത്വം നൽകി എന്ന് ഡേവിഡ് ലോക്ക്വുഡ് വിസ്തരിച്ചു പറയുന്നുണ്ട്.
മേൽ വിവരിച്ച പ്രക്ഷോഭങ്ങളുടെ എല്ലാം ഫലമായി 1978 ആകുമ്പോഴേക്കും 1975ലെ 3,55,525ൽനിന്നും 5,46,343 ആയി സി.പി.ഐയുടെ അംഗസംഖ്യ വർധിച്ചുവെന്ന് ലോക്ക്വുഡ് കണക്കുകൾ സഹിതം വിവരിക്കുന്നു. ’78ലെ ഭട്ടിൻഡ പാർട്ടി കോൺഗ്രസിൽ െവച്ചാണ് സി.പി.ഐ കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ചത്. അടിയന്തരാവസ്ഥയെ തുടർന്നുണ്ടായ തിരിച്ചടിക്ക് ശേഷമാണല്ലോ ഈ തീരുമാനം. സ്ഥലപരിമിതി മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുണ്ടായ സാഹചര്യവും സി.പി.ഐയുടെ പിന്തുണയെയും കുറിച്ച് ഇവിടെ എഴുതുന്നില്ല. പക്ഷേ, 1975-77 കാലഘട്ടം അടിയന്തരാവസ്ഥയെ പിന്താങ്ങിപ്പോയതുകൊണ്ട് ശപിക്കപ്പെട്ട കാലമായി ഭട്ടിൻഡ പാർട്ടി കോൺഗ്രസ് വിലയിരുത്തിയപ്പോൾ 1975-78 വരെയുള്ള മൂന്ന് വർഷങ്ങളിലാണ് സി.പി.ഐയുടെ അംഗസംഖ്യ വർധനയുടെ കാര്യത്തിൽ വമ്പിച്ച മുന്നേറ്റം (രണ്ട് ലക്ഷത്തിനടുത്ത്) ഉണ്ടാക്കിയെന്നാണ് ഡേവിഡ് ലോക്ക്വുഡിന്റെ പഠനം തെളിയിക്കുന്നത്. 1978ലെ ഭട്ടിൻഡ പാർട്ടി കോൺഗ്രസിനു ശേഷം കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചതിനെ തുടർന്ന് 2025 വരെയുള്ള കാലഘട്ടത്തിൽ സി.പി.ഐയുടെ വളർച്ചക്ക് എന്തുപറ്റിയെന്ന ഒരന്വേഷണം ഡേവിഡ് ലോക്ക്വുഡിന്റെ കണ്ടെത്തലുകൾ ആവശ്യപ്പെടുന്നുണ്ട്. ശതാബ്ദി വർഷത്തിൽ എന്തേ പ്രസ്ഥാനം ഊർധശ്വാസം വലിക്കുന്നു എന്നുള്ളതിന് ഒരു വിശദീകരണം ആവശ്യമല്ലേ? ഇക്കാര്യത്തിൽ എന്തെങ്കിലും ഒരു ചുവടുവെപ്പ്, ദേശീയ പാർട്ടി അംഗീകാരംപോലും നഷ്ടപ്പെട്ട സാഹചര്യത്തിലെങ്കിലും, സി.പി.ഐ നേതൃത്വം നടത്തിയിട്ടുണ്ടോ?

സി.പി.െഎ നേതാവ് പി.കെ. വാസുദേവൻ നായർ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു
കാലഘട്ടം സി.പി.ഐയോട് ആവശ്യപ്പെടുന്നതെന്ത്?
ഇന്ത്യ ഏകഭാഷ സമൂഹമോ, ഏകമത-സാംസ്കാരിക വിഭാഗമോ ഉള്ള രാജ്യമല്ല. എന്നിട്ടും ആധുനിക ഇന്ത്യൻ ദേശീയത ശക്തമാണ്. കാരണം നമ്മുടെ ദേശീയത കോളനിവിരുദ്ധ വിമോചന സമരത്തിന്റെ ഉൽപന്നമാണ്. ഈ പ്രസ്ഥാനമാണ് ഇന്ത്യയെ ഒരു ഏകീകൃത ജനത അല്ലെങ്കിൽ ഏകീകൃത ദേശമാക്കി തീർത്തത്. എന്നാൽ, ഇന്ന് ഇന്ത്യ ഭരിക്കുന്ന സംഘ്പരിവാർ ശക്തികളുടെ പ്രത്യയശാസ്ത്രം അടിസ്ഥാനപരമായി ഹിന്ദുരാഷ്ട്ര വാദമാണ്. അത് ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ മൂല്യങ്ങളുടെ കടയ്ക്കൽ കത്തിവെക്കുന്നതാണ്. അതുകൊണ്ട് തന്നെ സംഘ്പരിവാർ ശക്തിയെന്നാൽ പ്രതിവിപ്ലവ ശക്തിയാണ്. രാജ്യത്ത് ഇന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്നത് പ്രതിവിപ്ലവമാണ് എന്ന് ചുരുക്കം. ഈ ഭീഷണി ഒരുകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വം ഉയർത്തിയ ഭീഷണിക്ക് തുല്യമോ ചിലപ്പോൾ അതിനും മുകളിലോ ആണ്. ഭരണഘടനയിൽ അധിഷ്ഠിതമായ മതേതര-ജനാധിപത്യ സംവിധാനത്തിന് ഒരിക്കലും സ്വീകാര്യമല്ലാത്തതുമാണ്.
ബ്രിട്ടീഷ് വിരുദ്ധ സമരകാലത്ത് ഗാന്ധിയൻ പ്രസ്ഥാനത്തോടും സ്വാതന്ത്ര്യലബ്ധിയെ തുടർന്ന് നെഹ്റു സർക്കാറിനോടും സി.പി.ഐ കൈക്കൊണ്ട നയസമീപനങ്ങളിലെ പാളിച്ചകൾ വർത്തമാനകാല ഇന്ത്യയിൽ സംഘ്പരിവാറിനോട് പോരാടുമ്പോൾ ഇടതുപക്ഷം ആവർത്തിക്കാതിരിക്കണമെന്നാണ് കാലഘട്ടം സി.പി.ഐയോട് ആവശ്യപ്പെടുന്ന ഒന്നാമത്തെ കാര്യം. പഴയകാല തെറ്റുകൾ തിരുത്താനുള്ള അവസരമാണ് ഫലത്തിൽ സി.പി.ഐക്ക് മുന്നിൽ വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ യാഥാർഥ്യം മുന്നോട്ടുവെക്കുന്നത്. സംഘ്പരിവാറിനെ എതിർത്ത് തോൽപിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് സി.പി.ഐയെ സംബന്ധിച്ചിടത്തോളം, ലോക ഫാഷിസത്തിനെതിരെ ദിമിത്രോവ് തീസിസ് ആവശ്യപ്പെട്ടതുപോലെ, വിശാല ഫാഷിസ്റ്റ് വിരുദ്ധ മുന്നണി ഇന്ത്യയിലും രൂപവത്കരിക്കാൻ മുൻകൈ എടുക്കുക എന്നതാണ്.
ഇത് കേവലം പാർട്ടികളുടെ മീറ്റിങ്ങുകൾ ചേരലല്ല. പകരം ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ മുഖ്യമായും കോൺഗ്രസ്-കമ്യൂണിസ്റ്റ് ഐക്യത്തിന്റെ പ്രാധാന്യം തിരിച്ചറിയുക എന്നുള്ളതാണ്. കാരണം ഇന്ത്യൻ ഇടതുപക്ഷത്തിന് വർഗീയ ഫാഷിസത്തെ നേരിടാൻ ഏറ്റവും ഫലപ്രദമായ ആയുധം ഗാന്ധിസത്തെയും മാർക്സിസത്തെയും സമന്വയിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന പ്രത്യയശാസ്ത്ര പിൻബലമാണ്. ക്രമാനുഗതമായി ഉരുത്തിരിഞ്ഞു വരേണ്ടുന്ന ഐക്യമാണിത്. ഇതിനായി കോൺഗ്രസ് അതിന്റെ സമ്പന്നമായ പൈതൃകം വീണ്ടെടുക്കുകയും കമ്യൂണിസ്റ്റുകാർ തങ്ങളുടെ നയസമീപനങ്ങളിൽ മൗലികമായ മാറ്റങ്ങൾ വരുത്തുകയും വേണം. ഇത്തരമൊരു സന്ദർഭത്തിൽ സി.പി.ഐ എന്ത് നിലപാടെടുക്കും എന്നതാണ് ചോദ്യം.
വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ ഗാന്ധിസത്തിന്റെയും മാർക്സിസത്തിന്റെയും സഹകരണത്തിനുള്ള സാധ്യതകൾ കോൺഗ്രസും സി.പി.ഐയും കാണാതെ പോകരുത്. സി.പി.എമ്മിന് അവരുടെ പരമ്പരാഗത കോൺഗ്രസ് വിരുദ്ധ നിലപാടുെവച്ച് ഒന്നും ചെയ്യാനില്ല. അല്ലെങ്കിൽ ഒരു പൊളിച്ചെഴുത്തിന് അവർ തയാറാകണം. ഫാഷിസം പിടിമുറുക്കിക്കഴിഞ്ഞ വർത്തമാനകാല ഇന്ത്യയിൽ കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിൽ പിറന്നുവീണ സി.പി.എമ്മിനെ പോലുള്ള ഒരു പ്രസ്ഥാനം പ്രത്യയശാസ്ത്രപരമായി ഒരു സ്തംഭനാവസ്ഥയിൽ എത്തിനിൽക്കുന്നു എന്ന വസ്തുത സി.പി.ഐ തിരിച്ചറിയാത്തിടത്തോളം മാത്രമാണ് കേരളത്തിൽ സി.പി.എമ്മിന്റെ നിലനിൽപ്. പക്ഷേ, സി.പി.ഐക്ക് ഒരു വിശാല ഇടതുപക്ഷ പ്രസ്ഥാനമായി സ്വയം രൂപാന്തരപ്പെടാനുള്ള സാധ്യതയും അവസരവും ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യം പ്രദാനംചെയ്യുന്നുണ്ട്. ആ ദൗത്യം സി.പി.ഐ ഏറ്റെടുത്താൽ സ്റ്റാലിനിസ്റ്റ് ചട്ടക്കൂട്ടിൽ അമർന്ന് കിടക്കുന്ന കേരള സി.പി.എമ്മിനെ പിന്നെ കാത്തുനിൽക്കുന്നത് ബംഗാൾ മോഡൽ തകർച്ചയാണ്.
1964ൽ പണ്ഡിറ്റ് നെഹ്റു അന്തരിച്ചതിന് ശേഷം തലശ്ശേരി ടൗൺഹാളിൽ ചേർന്ന വിദ്യാർഥി ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിൽ നെഹ്റുവിന്റെ മരണത്തിൽ അനുശോചന പ്രമേയം അവതരിപ്പിക്കാൻ അനുവദിക്കാതിരുന്നവരാണ് ഇന്നത്തെ എസ്.എഫ്.ഐക്കാരുടെ പൂർവികർ. അവരാണ് പാർട്ടി പിളർപ്പിന്റെ തുടർച്ചയെന്നോണം എ.ഐ.എസ്.എഫിനെ പിളർത്തി എസ്.എഫ്.ഐ സ്ഥാപിച്ചവർ. നെഹ്റു ’48ൽ മാത്രമല്ല ’64ലും ഇക്കൂട്ടർക്ക് പിന്തിരിപ്പനായിരുന്നു. ഇന്ന് കേരളത്തിൽ സി.പി.എമ്മിനെ നയിക്കുന്നവർ ഈ രാഷ്ട്രീയ ജനുസ്സിൽപെട്ടവരാണ്. അവർക്ക് അന്ന് നെഹ്റുവിനോട് കാണിച്ച അനാദരവിൽ എന്തെങ്കിലും കുറ്റബോധമുണ്ടാകുമെന്ന് തോന്നുന്നില്ല. കോൺഗ്രസ് വിരുദ്ധ വികാരം അത്രക്ക് രൂഢമൂലമാണ് അവരുടെ രാഷ്ട്രീയ ബോധ്യത്തിൽ. മേൽ വിവരിച്ച തലശ്ശേരിയിൽ നടന്ന വിദ്യാർഥി സമ്മേളനത്തിൽ നടന്ന സംഭവം ഈ ലേഖകനോട് പറഞ്ഞത് അന്ന് എ.ഐ.എസ്.എഫിനെ നയിച്ചിരുന്ന സി.കെ. ചന്ദ്രപ്പനും സമ്മേളന പ്രതിനിധിയായിരുന്ന കണ്ണൂരിലെ എൻ.സി. മമ്മൂട്ടി മാസ്റ്ററുമാണ്. ’64ന് ശേഷം കേരളത്തിൽ സി.പി.എമ്മിന് രാഷ്ട്രീയ ബോധ്യത്തിന്റെ കാര്യത്തിൽ എന്തെങ്കിലും പുതിയ തിരിച്ചറിവ് ഉണ്ടായതായി കരുതാൻ ഒരു ന്യായവും കാണുന്നില്ല.
സി.പി.എം കേരള രാഷ്ട്രീയത്തിൽ വരുംനാളുകളിൽ കളിക്കാൻ പോകുന്ന ഒരു തീക്കളിയെ കുറിച്ചുകൂടി പറയേണ്ടതുണ്ട്. അവർക്ക് മൂന്നാം തവണയും ഭരണം ഉറപ്പാക്കണം. സ്വാഭാവികമായും കിട്ടുന്ന അവസരം മുതലാക്കി കോൺഗ്രസിനെ തകർക്കാൻ സംഘ്പരിവാർ കളത്തിലിറങ്ങും. ഒരു ശരിയായ നിലപാടിലേക്ക് സി.പി.ഐ വന്നാൽ ഇടതുപക്ഷം കേരളത്തിൽ സംരക്ഷിക്കപ്പെടും എന്ന് മാത്രമല്ല ദേശീയതലത്തിൽ അത് മതേതര രാഷ്ട്രീയത്തിന് ഉത്തേജനം പകരുകയുംചെയ്യും. പക്ഷേ, ദേശീയതലത്തിലായാലും കേരളത്തിലായാലും, ഇടതുപക്ഷത്തെപ്പോലെ തന്നെ, അനിവാര്യമായും നിലനിൽക്കേണ്ടുന്ന പ്രസ്ഥാനം കോൺഗ്രസാണ്. അല്ലാതെ ഇപ്പോഴും കോൺഗ്രസ് വിരുദ്ധതയിൽ ഊന്നി തനി സ്റ്റാലിനിസ്റ്റ് ആയി തുടരുന്ന സി.പി.എമ്മിന് എന്ത് പ്രസക്തി? ഈ രാഷ്ട്രീയമാണ് സി.പി.ഐ തിരിച്ചറിയേണ്ടത്.
നൂറാം വാർഷികത്തോടനുബന്ധിച്ച് ചേരുന്ന സി.പി.ഐയുടെ പാർട്ടി കോൺഗ്രസ് സമഗ്രമായി തന്നെ തങ്ങളുടെ നിലപാടുകളിൽ വരുത്തേണ്ടുന്ന മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. പ്രത്യയശാസ്ത്രപരമായി നവീകരിക്കപ്പെടാൻ സി.പി.ഐ സ്വയം തയാറാകണം. സി.പി.എം കേരളഘടകത്തിന്റെ ഇടുങ്ങിയ നയസമീപനങ്ങൾക്ക് കീഴ്പെടാതെ ഇനിയെങ്കിലും രാജ്യത്തിന്റെ വിശാലമായ താൽപര്യത്തോട് താദാത്മ്യം പ്രാപിക്കുന്ന തരത്തിൽ സി.പി.ഐ നയസമീപനങ്ങളിൽ മാറ്റം വരുത്തണം. അതുണ്ടായില്ലെങ്കിൽ ഒരിക്കൽ സി.കെ. ചന്ദ്രപ്പൻ ഈ ലേഖകനോട് പറഞ്ഞതുപോലെ, ബംഗാളിലും ത്രിപുരയിലും പിന്നീട് സംഭവിച്ചതുപോലെ, കേരളത്തിലും സി.പി.എമ്മിനൊപ്പം മുങ്ങാനായിരിക്കും സി.പി.ഐയുടെ വിധി. അല്ലെങ്കിലും, സ്വതന്ത്ര ഇന്ത്യ കണ്ട മികച്ച മാർക്സിസ്റ്റ് ചിന്തകരിൽ ഒരാളായിരുന്ന മൊഹിത്സെൻ വർഷങ്ങൾക്കു മുമ്പ് സി.പി.ഐയോട് വിടപറയും മുമ്പ് സ്വന്തം പാർട്ടിയുടെ അവസ്ഥയിൽ പരിതപിച്ചതുപോലെ, ‘‘രണ്ട് കമ്യൂണിസ്റ്റ് പാർട്ടികൾക്കല്ലാതെ രണ്ട് സി.പി.എമ്മിന് എന്താണ് പ്രസക്തി?’’
-----------------
പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് സ്ഥാപക നേതാക്കളിലൊരാളുമായിരുന്ന കെ. മാധവന്റെ മകനാണ് ലേഖകൻ