ബ്രഹ്മൈവമഹം ട്രോൾ യുഗത്തിലെ ഉൾക്കാഴ്ചകൾ

‘‘എനിക്കറിയില്ല എന്ന ചിന്തയാണ് ശാസ്ത്രത്തിന്റെ അടിസ്ഥാനംതന്നെ. ഇതേത്തുടർന്ന് അറിയാനുള്ള ആഗ്രഹത്തിലൂടെ നടത്തുന്ന അന്വേഷണങ്ങളാണ് ശാസ്ത്രത്തിന്റെ ദിശാസൂചികകൾ. എന്നാൽ, അറിവ് തികഞ്ഞവരെന്നു സ്വയം ഭാവിക്കുന്ന വിദ്യാസമ്പന്നരായ ജനതയും ഇതിന്റെ അപകടകരമായ പരിണാമവുമാണ് സോഷ്യൽ മീഡിയയുടെ ‘വെർച്വൽ പേഴ്സോണ’ അനുവദിച്ചു നൽകിയ സർവ-ദുഃസ്വാതന്ത്ര്യം’’ –ചിന്തകളുടെയും അന്വേഷണങ്ങളുടെയും സാധ്യതകളെയും പരിമിതികളെയും അതിനൊപ്പം ‘സർവം തികഞ്ഞവർ’ എന്ന ബോധവും നയിക്കുന്ന പ്രശ്നങ്ങളെയും കുറിച്ച് എഴുതുകയാണ് കഥാകൃത്തുകൂടിയായ ലേഖിക. 1907ൽ ഐൻൈസ്റ്റന്റെ ആപേക്ഷികതാ സിദ്ധാന്തം പുറത്തുവന്നു....
Your Subscription Supports Independent Journalism
View Plans‘‘എനിക്കറിയില്ല എന്ന ചിന്തയാണ് ശാസ്ത്രത്തിന്റെ അടിസ്ഥാനംതന്നെ. ഇതേത്തുടർന്ന് അറിയാനുള്ള ആഗ്രഹത്തിലൂടെ നടത്തുന്ന അന്വേഷണങ്ങളാണ് ശാസ്ത്രത്തിന്റെ ദിശാസൂചികകൾ. എന്നാൽ, അറിവ് തികഞ്ഞവരെന്നു സ്വയം ഭാവിക്കുന്ന വിദ്യാസമ്പന്നരായ ജനതയും ഇതിന്റെ അപകടകരമായ പരിണാമവുമാണ് സോഷ്യൽ മീഡിയയുടെ ‘വെർച്വൽ പേഴ്സോണ’ അനുവദിച്ചു നൽകിയ സർവ-ദുഃസ്വാതന്ത്ര്യം’’ –ചിന്തകളുടെയും അന്വേഷണങ്ങളുടെയും സാധ്യതകളെയും പരിമിതികളെയും അതിനൊപ്പം ‘സർവം തികഞ്ഞവർ’ എന്ന ബോധവും നയിക്കുന്ന പ്രശ്നങ്ങളെയും കുറിച്ച് എഴുതുകയാണ് കഥാകൃത്തുകൂടിയായ ലേഖിക.
1907ൽ ഐൻൈസ്റ്റന്റെ ആപേക്ഷികതാ സിദ്ധാന്തം പുറത്തുവന്നു. തുടർദിവസങ്ങളിൽ ശാസ്ത്രലോകത്തിന്റെ അഭിനന്ദനപ്രവാഹമായിരുന്നു. ഒട്ടും താമസിയാതെ നൊേബൽ പ്രൈസും മറ്റനേകം അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ഇങ്ങനെയൊക്കെയാണ് സംഭവിച്ചതെന്ന് 21ാം നൂറ്റാണ്ടിലെ ജനതയോട് പറെഞ്ഞന്നിരിക്കട്ടെ, അതിശയിക്കാൻ എന്തിരിക്കുന്നുവെന്ന് കരുതുന്ന മഹാഭൂരിപക്ഷം തീർച്ചയായുമുണ്ടാകും. എന്നാൽ, സംഭവിച്ചത് ഇതൊന്നുമായിരുന്നില്ല.
1915ൽ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം (Theory of General Relativity) പുറത്തുവരുമ്പോൾപോലും അക്കാലത്തെ ശാസ്ത്രസമൂഹമുൾെപ്പടെ എങ്ങനെയാണ് സമീപിച്ചതെന്ന് വിസ്മരിക്കാനാവില്ല. ആ കാലഘട്ടത്തെ ഇന്നുമായി തട്ടിച്ചുനോക്കിയാൽ ലോകജനതയുടെ സാംസ്കാരിക പരിഷ്കരണത്തിനും വിവര സാങ്കേതികവിദ്യക്കും കടന്നു ചെല്ലാനാവാത്ത മനുഷ്യമനസ്സിന്റെ ഇരുണ്ട കോണുകളിലക്ക് ഒരു വാതായനംതന്നെ വെളിപ്പെട്ടുവരും.
മനസ്സും ബോധതലങ്ങളും
സമൂഹമാധ്യമങ്ങൾ അരങ്ങുവാഴുന്ന ഈ കാലഘട്ടത്തിൽ മനുഷ്യമനസ്സിനെ മൂന്നായി തരംതിരിക്കാം:
സ്വകാര്യമനസ്സ്: ഒരാൾ തനിച്ചായിരിക്കുമ്പോൾ അയാളുടെ ചിന്തകളും വികാരങ്ങളും ഉൾക്കൊള്ളുന്ന മനസ്സ്. വിദ്യാഭ്യാസം, ലോകപരിജ്ഞാനം, കുടുംബപരമായും സാംസ്കാരികപരമായുമുള്ള ചുറ്റുപാടുകൾ, വളർച്ചയുടെ ഘട്ടങ്ങളിൽ ആളുകളുടെ ഇടപെടലുകൾ, മതപഠനങ്ങൾ, സ്വാധീനിച്ച വ്യക്തികൾ എന്നിവയാണ് സ്വകാര്യ/വ്യക്തിഗതമായ മനസ്സിന് രൂപംകൊടുക്കുന്നത്.
സമൂഹമനസ്സ്: സമൂഹമധ്യത്തിലോ സമൂഹത്തിന്റെ സാന്നിധ്യത്തിലോ രൂപംകൊള്ളുന്ന താൽക്കാലികമായ ചിന്തകൾ കുടികൊള്ളുന്നയിടം. തനിച്ച് ഒരുറുമ്പിനെപ്പോലും ഉപദ്രവിക്കാത്തവർ ആൾക്കൂട്ട കൊലപാതകങ്ങളിൽ പങ്കെടുക്കുന്ന അവസ്ഥകൾ മുതൽ തികച്ചും അക്രമാസക്തരായ ആളുകൾ ആൾക്കൂട്ടത്തിനിടയിൽ ശാന്തരാകുന്നതും ഈ മനസ്സിന്റെ പ്രവർത്തനഫലമാണ്. ഇത് പലപ്പോഴും മുമ്പ് പറഞ്ഞ വ്യക്തിഗത മനസ്സിനെ സ്വാധീനിക്കുന്നതായും കാണാം.
ഡിജിറ്റൽ അല്ലെങ്കിൽ വെർച്വൽ മനസ്സ്: സമൂഹമാധ്യമങ്ങളിൽ മാത്രം പുറത്തെടുക്കുന്ന വ്യക്തിത്വം മനസ്സിന്റെ ഈ ഭാഗമാണ് ഉപയോഗിക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. ഒരാൾ സാധാരണ ജീവിതത്തിൽ ഉപയോഗിക്കുന്ന ഭാഷയോ വ്യക്തിത്വമോ ആവണമെന്നില്ല അയാളുടെ ഓൺലൈൻ അല്ലെങ്കിൽ വെർച്വൽ വ്യക്തിത്വത്തിന്. ആളുകൾ ഫേസ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ ടിക് ടോക്കിലോ വളരെപ്പെെട്ടന്ന് വികാരങ്ങൾക്ക് അടിമപ്പെടുകയും അപ്പോൾതന്നെ പ്രതികരിക്കുകയുംചെയ്യുന്നത് കാണാം. സാധാരണ ഗതിയിൽ പരസ്പരം സൗഹാർദത്തോടെ ജീവിക്കുന്ന അയൽക്കാരും ബന്ധുക്കളും മറ്റും സമൂഹമാധ്യമങ്ങളുടെ ഉപോൽപന്നമായ തർക്കങ്ങൾ നിമിത്തം പരസ്പരം അൺഫ്രൻഡ് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും അതിനെ യഥാർഥ ജീവിതത്തിലേക്ക് പകർത്തി തമ്മിൽ പിണക്കത്തിലാവുകയുംചെയ്യുന്നത് ഇന്ന് സാധാരണമാണ്!
മേൽപറഞ്ഞവ മൂന്നും തികച്ചും പരസ്പരം പിരിഞ്ഞു പ്രവർത്തിക്കുന്ന മൂന്നു ബോധതലങ്ങളാണ്. എന്നിരുന്നാലും ഓരോന്നിന്റെയും സ്വാധീനം മറ്റുള്ളവയിൽ അടിക്കടി പ്രകടമാകാറുണ്ട്. ഇവയിൽ മൂന്നാമത്തേതും അപകടകാരിയുമായ ഡിജിറ്റൽ മനസ്സ് അതീവ വിചിത്ര സ്വഭാവിയാണ്. ഉദാഹരണത്തിന് ചില പ്രത്യേക സന്ദർഭങ്ങൾ ശ്രദ്ധിക്കുക: ഉഗ്രവിഷമുള്ള പാമ്പുകടിയേറ്റ വ്യക്തിയുടെ ബന്ധു സമൂഹമാധ്യമങ്ങളിൽ ഒരു ചോദ്യം ചോദിക്കുകയാണ് എന്നിരിക്കട്ടെ. “പാമ്പുകടിയേറ്റ ആളെ ചികിത്സിക്കാൻ എങ്ങോട്ടാണ് കൊണ്ടുപോകേണ്ടത്” എന്നാണ് ആ ചോദ്യം. ചോദ്യത്തിന്റെ പ്രാധാന്യവും സന്ദർഭവും കൃത്യമായി മനസ്സിലാക്കി ഏതൊക്കെ തരത്തിൽ പെരുമാറാം? ഒന്ന്, ഉറപ്പുള്ള കൃത്യമായ വിവരങ്ങൾ നൽകി സഹായിക്കുക. രണ്ട്, കൃത്യമായ വിവരം അറിയാവുന്ന ആളുകളിലേക്ക് ചോദ്യം എത്തിക്കുക.
മൂന്ന്, ഇതിന് രണ്ടിനും സാധിക്കില്ല എന്ന അവസ്ഥയിൽ മൗനം പാലിക്കുക. എന്നാൽ, ഇതാണോ സംഭവിക്കുക? എവിടെയാണ് ചോദിക്കുന്നത് എന്നതനുസരിച്ച് വിവിധതരം ഉത്തരങ്ങളും മുറിവൈദ്യവും ആയുർവേദത്തെപ്പറ്റിയും അലോപ്പതിയെപ്പറ്റിയും സിദ്ധവൈദ്യത്തെപ്പറ്റിയും വിവരണങ്ങളും പരസ്പരമുള്ള തർക്കങ്ങളും അങ്ങനെയങ്ങനെ ഈ ചോദ്യം ഏതെല്ലാം വഴിയിലൂടെ സഞ്ചരിക്കുകയും പടർന്നു വളർന്ന് വഴിതിരിഞ്ഞ് ഉദ്ദേശ്യശുദ്ധി നഷ്ടപ്പെടുകയുംചെയ്യും! എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ മോശമല്ലേ എന്ന ചിന്തയും വിജ്ഞാനപ്രദർശനവും ശത്രുത തീർക്കാനുള്ള ശ്രമവും എവിടെയോ കേട്ട ഓർമകൾ പങ്കുവെക്കാനും പുതുക്കാനും ഉള്ള വ്യഗ്രതയും അങ്ങനെ നൂറുവിധത്തിൽ ഈ ചോദ്യത്തെ ആളുകൾ സമീപിച്ചേക്കാം. ഒരുപക്ഷേ, അനേകം പ്രതികരണങ്ങളിൽ ഒന്നുപോലും ഉപയോഗമില്ലാത്തവയാണെന്നും വരാം.
മനുഷ്യമനസ്സിന്റെ ഇത്തരം പെരുമാറ്റവും അതേത്തുടർന്നുള്ള ചിന്തകളും മാനസിക വൈകല്യങ്ങളോളം എത്തിക്കുന്നതിലെ സമൂഹമാധ്യമങ്ങളുടെ പങ്ക് അനേകം സർവകലാശാലകൾ പഠനവിഷയമാക്കിക്കൊണ്ടിരിക്കുകയാണ്. തമാശകളും നുറുങ്ങു നർമങ്ങളും തികച്ചും നിർദോഷകരമായ രീതിയിൽ ആസ്വദിക്കുന്നതിൽ തെറ്റില്ല. പക്ഷേ, അത് വ്യക്തിഹത്യയിലേക്കും തികഞ്ഞ വെറുപ്പും വിദ്വേഷവും പടർത്തുന്ന നിലയിലേക്കും മാറുന്ന കാഴ്ച സാർവത്രികമായിരിക്കുന്ന ഈ കാലഘട്ടത്തിൽ അനുവദനീയമായതെന്ത് എന്ന പുനർചിന്തനം ആവശ്യമായി വരുന്നു. അനേകം നിരാശകളും മോഹഭംഗങ്ങളും നിരാസങ്ങളും അഗ്നിപർവതംപോലെ പുകഞ്ഞുകൊണ്ടിരിക്കുന്ന മനസ്സുകൾ താൽക്കാലികമായ ശ്രദ്ധക്ഷണിക്കലിനോ ക്ഷണികമായ മനോവൈകൃതത്തിനോവേണ്ടി ഉപയോഗിക്കാവുന്ന ക്രൂരമായ, യുക്തിരഹിതമായ മാർഗമായി ട്രോളുകളെ ഉപയോഗിക്കുമ്പോഴാണ് ഇതിന്റെ അപകടകരമായ മറ്റൊരു വശം അനാവൃതമാകുന്നത്.
സാധാരണ ഗതിയിൽ സമൂഹത്തിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തികളെ ഇത്തരം മനസ്സിന് ഉടമയായവർ തരംകിട്ടുമ്പോൾ ആക്രമിക്കുന്നത് കാണാം. ശ്രദ്ധിക്കപ്പെട്ട വ്യക്തികൾ എന്നുപറഞ്ഞാൽ കുപ്രസിദ്ധിയോ സുപ്രസിദ്ധിയോ ആകാം. അതിലേതായാലും ഈ വ്യക്തികളുടെ പ്രശസ്തിയുടെ ഒരു പങ്ക്, അല്ലെങ്കിൽ താൽക്കാലിക പ്രഭാവം, തങ്ങളിലേക്ക് പ്രതിഫലിക്കുന്നു എന്ന വികലമായ ചിന്തയിൽനിന്നാണ് ഈ പെരുമാറ്റം ഉത്ഭവിക്കുന്നതെന്ന് പഠനങ്ങൾ പറയുന്നു. സൂക്ഷ്മമായി വിശകലനംചെയ്താൽ അത്തരത്തിൽ പ്രശസ്തരുടെ കമന്റ് ബോക്സിലും ട്രോളുകളിലും മറ്റൊരു രീതിയിൽ സമൂഹത്തിൽ യാതൊന്നും നേടിയെടുക്കാൻ സാധിക്കാത്ത, അഥവാ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിക്കാത്തവരെയാണ് കാണുക. മേൽപറഞ്ഞ നേട്ടങ്ങൾ നൈമിഷികമായെങ്കിലും വെർച്വലായി നേടിയെടുക്കാൻ അവർ പരിശ്രമിക്കുന്നതാണ് ഈ സ്വഭാവത്തിലൂടെ നമ്മൾ കാണുന്നത്: ഇത്തരം ട്രോളുകൾക്കോ കമന്റുകൾക്കോ ആളുകൾ ശ്രദ്ധ കൊടുക്കുന്നത് ഇവരെ ആനന്ദഭരിതരാക്കുന്നു.
ആ കമന്റിന്റെയോ ട്രോളിന്റെയോ ആയുസ്സ് അവസാനിക്കുന്നതോടുകൂടി ആളുകൾ അത് മറക്കുകയും ചെയ്യുന്നു. രസകരമായ കാര്യമെന്താണെന്നാൽ ഇത്തരം പ്രതികരണംകൊണ്ട് ആ നിമിഷത്തിനപ്പുറം പ്രശസ്തരായ ഒരാളെപ്പോലും ചൂണ്ടിക്കാണിക്കാൻ നമുക്കാവില്ല. ഈയാംപാറ്റകളുടെ ആയുസ്സുള്ള അയഥാർഥമായ ശ്രദ്ധക്കുവേണ്ടി ആരുടെ വേണമെങ്കിലും ജീവിതംപോലും നശിപ്പിക്കുന്ന വിധത്തിൽ ഇങ്ങനെ പെരുമാറുന്നവരെ ശ്രദ്ധിച്ചാൽ ചില കാര്യങ്ങൾ വ്യക്തമാകും. സാംസ്കാരികമായോ വിദ്യാഭ്യാസപരമായോ ഉയർന്ന കുടുംബപശ്ചാത്തലം സാധാരണ ഇവർക്കുണ്ടാവില്ല. അവരുടെ ചിന്തകൾക്കും പ്രവൃത്തികൾക്കും അതിനപ്പുറം വളരാൻ സാധ്യതകളില്ല. അഥവാ അവരുടെ വ്യക്തിഗത മനസ്സും സമൂഹ മനസ്സും ഏതെങ്കിലും തരത്തിൽ വൈകല്യമുള്ളവ തന്നെയാണ്. ഒരിക്കൽ ശ്രദ്ധ ലഭിച്ചാലാകട്ടെ ഇതേയളവിൽ വീണ്ടും വീണ്ടും ശ്രദ്ധ കിട്ടാനായി ഇവർ ഈ വിധത്തിലുള്ള പ്രവൃത്തികൾ തുടർന്നുകൊണ്ടിരിക്കുന്നു.
പലപ്പോഴും ഇത്തരത്തിൽ സ്വന്തം മനോനിർമിത ലോകത്തിലെ ഏറ്റവും ഉയർന്ന ചിന്തകനും എല്ലാവരുടെയും ആരാധനാപാത്രവുമായി സ്വയം അവരോധിക്കുന്ന നിലയിൽ ഇവർ ഈ സന്തോഷം വീണ്ടും വീണ്ടും അനുഭവിക്കാനായി ഒന്നിലധികം വ്യാജ പ്രൊഫൈലുകളിലും മറ്റും കടന്നുകൂടി പെരുമാറ്റച്ചട്ടങ്ങളുടെ അതിർവരമ്പുകൾ ലംഘിക്കുന്നതും സമൂഹമാധ്യമങ്ങളിലെ സ്ഥിരം കാഴ്ചയാണ്. പരസ്പരമുള്ള ശത്രുതകൾ തീർക്കാനും പലരും ഇത്തരം ട്രോളുകളും കമന്റുകളും മാർഗമായി സ്വീകരിക്കുന്നതും പതിവാണ്.
തിയറികളും സമൂഹവും
സാമാന്യ ആപേക്ഷികതാ സിദ്ധാന്തം പുറത്തുവന്ന സമയത്ത് ഐൻസ്റ്റൈൻ സമൂഹത്തിന്റെ പരിഹാസവും അവിശ്വാസവുമാണ് നേരിട്ടതെന്ന് മുമ്പ് സൂചിപ്പിച്ചല്ലോ, അതിന് കാരണം മറ്റൊന്നുമല്ല. അന്ന് പ്രചാരത്തിലിരുന്ന ശാസ്ത്രീയവും സാമൂഹികവുമായ അറിവുകൾകൊണ്ട് എളുപ്പത്തിൽ അളക്കാവുന്നതായിരുന്നില്ല ‘സ്ഥൂലകാലത’ (spacetime) എന്ന ചിന്ത. ഭൂമി ഉരുണ്ടതാണെന്ന് പ്രഖ്യാപിച്ച ഗലീലിയോയുടെയോ ജനിതക ശാസ്ത്രത്തെപ്പറ്റി ഡാർവിെനക്കാൾ മുമ്പേ പഠിച്ച ഗ്രിഗർ മെൻഡലിന്റെയോ ക്വാർക്കുകളേപ്പറ്റി പഠിച്ച ജോർജ് സ്വീഗിന്റെയോ അവസ്ഥ മറിച്ചായിരുന്നില്ല. സർ ആർതർ എഡിറ്റിങ്ടണും സംഘവും നാലു വർഷങ്ങൾക്കുശേഷം ഒരു പൂർണഗ്രഹണ സമയത്ത് സൂര്യന് ആപേക്ഷികമായി മറ്റു ചില നക്ഷത്രങ്ങളുടെ സ്ഥാനം നിർണയിക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടായ ചില പൊരുത്തക്കേടുകൾ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഉപയോഗത്തിലൂടെ മറികടക്കുന്നതുവരെ ഐൻസ്റ്റൈൻ എന്ന ശാസ്ത്രജ്ഞൻ ശാസ്ത്രലോകത്തിനുപോലും അഭിമതനായിരുന്നില്ല. സമൂഹ മനസ്സാക്ഷി ഏതു വിധത്തിലാണ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കാൻ ഇതിലും വലിയൊരു ഉദാഹരണമുണ്ടാവാനിടയില്ല.
വൈദ്യശാസ്ത്ര വിദഗ്ധനും അധ്യാപകനുമായിരുന്ന എഡ്വിൻ ആബോട്ട് വിക്ടോറിയൻ കാലഘട്ടത്തിൽ അന്നത്തെ സമൂഹത്തിന്റെ ഇടുങ്ങിയ ചിന്താഗതികളെ ആസ്പദമാക്കി പുറത്തിറക്കിയ നോവല്ലയാണ് ‘ഫ്ലാറ്റ് ലാൻഡ്’ (Flat land). വെറും രണ്ടു മാനങ്ങൾ (dimensions) മാത്രമുള്ള ‘ഫ്ലാറ്റ് ലാൻഡി’ൽ സ്ത്രീകൾ വരകളും പുരുഷന്മാർ ബഹുഭുജങ്ങളുമാണ്. ബഹുഭുജങ്ങളിൽ ഒന്നായ ചതുരം, ഒരു പുതുവത്സരത്തിനു മുമ്പുള്ള രാത്രിയിൽ, തന്റെ സ്വപ്നത്തിൽ, ഒറ്റ മാനം മാത്രമുള്ള ലോകത്തിൽ (Line land) എത്തിച്ചേരാൻ ഇടയാകുന്നു. അവിടെയാകട്ടെ പുരുഷന്മാർ രേഖകളും സ്ത്രീകൾ ബിന്ദുരൂപങ്ങളും ആണ്. അവിടെ അനേകം ബിന്ദുക്കൾ ചേർന്ന് രൂപപ്പെടുന്ന നേർരേഖക്കപ്പുറം ചതുരത്തിന് മറ്റൊരു മാനമുണ്ടെന്ന് അംഗീകരിക്കാൻ ലൈൻലാൻഡുകാർക്ക് സാധിക്കുന്നില്ല. എന്നാൽ, താനൊരു ദ്വിമാന ചതുർഭുജമാണെന്ന് ആ നാട്ടുകാരെ ധരിപ്പിക്കാനുള്ള ചതുരത്തിന്റെ ഉദ്യമം അങ്ങേയറ്റം ദയനീയമായി പരാജയപ്പെടുന്നു. ആ വിചിത്രമായ സ്വപ്നത്തിനുശേഷം ചതുരത്തെത്തേടി ഒരു വിരുന്നുകാരനെത്തുന്നു. ത്രിമാന ലോകത്തുനിന്നും ഒരു ഗോളം! എന്നാൽ ഈ ഗോളത്തിനെ ദ്വിമാന രൂപത്തിൽ വട്ടമായി മാത്രമേ ചതുരത്തിനും അന്നാട്ടുകാർക്കും കാണാൻ സാധിക്കുന്നുള്ളൂ. ചതുരത്തെ ഗോളം തങ്ങളുടെ ‘സ്പേസ് ലാൻഡ്’ (Space land) എന്ന നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
ഓരോ സഹസ്രാബ്ദത്തിലും സ്പേസ് ലാൻഡിൽനിന്നും പ്രവാചകർ ഫ്ലാറ്റ് ലാൻഡിൽ എത്തുന്നു. ദ്വിമാനങ്ങൾ മാത്രമറിയുന്ന ജനതയെ മൂന്നാമതൊരു മാനത്തെപ്പറ്റി ബോധവാന്മാരാക്കുക എന്നതാണ് ഈ പ്രവാചകരുടെ ദൗത്യം. എന്നാൽ, ഫ്ലാറ്റ്ലാൻഡിലെ ഭരണകർത്താക്കളും ജനങ്ങളും ഈ പ്രവാചകരെ പീഡിപ്പിക്കുകയും തടവിലാക്കുകയും പലപ്പോഴും കൊന്നുകളയുകയും ചെയ്യുന്നു. ഇതേസമയം തങ്ങളുടെ അറിവിനെക്കാൾ ഉയർന്ന മാനങ്ങളുണ്ടെന്ന തിരിച്ചറിവിലേക്ക് ഉയർന്ന ചതുർഭുജമാകട്ടെ, മൂന്നിനപ്പുറവും മാനങ്ങളുണ്ടാകാം എന്ന ജ്ഞാനത്തിലേക്ക് എത്തിച്ചേരുകയും സ്പേസ് ലാൻഡിൽ ആ ചിന്ത പങ്കുവെക്കുകയുംചെയ്യുന്നു. എന്നാൽ, ഇതംഗീകരിക്കാനാവാത്ത സ്പേസ് ലാൻഡുകാർ ചതുർഭുജത്തെ അപമാനിച്ച് ഫ്ലാറ്റ് ലാൻഡിലേക്ക് തിരിച്ചയക്കുന്നു.
മാനങ്ങളേയില്ലാത്ത ‘പോയന്റ് ലാൻഡ്’ എന്നൊന്നുണ്ടെന്ന് മറ്റൊരു സ്വപ്നദർശനത്തിലൂടെ തിരിച്ചറിയുന്ന ചതുർഭുജം സ്വന്തം നാട്ടിൽ മാനങ്ങളെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ ദ്വിമാനത്തിനപ്പുറത്തേക്കുള്ള ‘തെളിവുകളുടെ അഭാവം’ മൂലം തികച്ചും തിരസ്കൃതനാവുകയും കാരാഗൃഹവാസം അനുഭവിക്കുകയുംചെയ്യുന്നു. ആ തടവറയിൽ കിടന്ന് ഇനിവരുന്ന തലമുറക്കായി ചതുർഭുജം രചിക്കുന്നത് എന്ന നിലയിലാണ് Flat land അവതരിപ്പിച്ചിരിക്കുന്നത്. ‘ദ്വിമാനങ്ങൾക്കപ്പുറത്തേക്ക് കാഴ്ച വളരുന്ന നാളെയുടെ സമൂഹത്തിനായി സമർപ്പിച്ചിരിക്കുന്ന കൃതി’ എന്ന ചിന്ത എത്ര പ്രസക്തവും കാലാതിവർത്തിയുമാണ്! വിക്ടോറിയൻ കാലഘട്ടത്തെക്കാൾ സമൂഹമാധ്യമങ്ങളിൽ നിയന്ത്രണമില്ലാത്ത നിറഞ്ഞാടുന്ന ജനതയുടെ ഈ കാലഘട്ടത്തിലാണ് ഫ്ലാറ്റ്ലാൻഡ് കൂടുതൽ പ്രസക്തമെന്ന് തോന്നിപ്പോകും.
സാമാന്യ ആപേക്ഷികതാ സിദ്ധാന്തം പുറത്തുവരും വരെ ആബോട്ടിന്റെ ‘ഫ്ലാറ്റ് ലാൻഡ്’ അത്രയധികം വായിക്കപ്പെട്ടില്ല. എന്നാലതിനുശേഷം, കാണപ്പെടാത്ത മാനങ്ങളെപ്പറ്റി, സമൂഹത്തിന്റെ പരിമിതമായ ചിന്താതലങ്ങളെപ്പറ്റി ദാർശനിക സ്വഭാവത്തോടെ രചിക്കപ്പെട്ട ഈ നോവലെറ്റ് ഒരുപാട് വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തു. ഇന്ന് കാലഘട്ടം മാറി, സാമൂഹിക ചുറ്റുപാടുകൾ മാറി. മാറാത്തത് നമ്മുടെയൊക്കെ സാമൂഹിക സ്വഭാവമാണ്. അറിയാത്തതിനെ, മനസ്സിലാകാത്തതിനെ, ഉൾക്കൊള്ളാനാകാത്തതിനെ ഇന്നും നമ്മൾ പരിഹസിക്കുന്നു. ശരിതെറ്റുകൾ വിശകലനംചെയ്യുകയോ പഠനവിഷയമാക്കുകയോ ചെയ്യാതെ കല്ലെറിയുന്നു. ‘‘എനിക്ക് മനസ്സിലായില്ല’’ എന്നോ ‘‘എനിക്കിതിനോട് യോജിക്കാനാകുന്നില്ല’’ എന്നോ പറേയണ്ട അവസരങ്ങളിൽ വ്യക്തിഹത്യയും അവഹേളനങ്ങളും നടത്തുന്നു. സാമൂഹിക സ്വഭാവത്തിന്റെ അതിരുകൾക്കപ്പുറത്ത് നമ്മളിന്നും പ്രാകൃതരായ ആദിമ മനുഷ്യരാണെന്ന് ഓർമപ്പെടുത്തുന്നു.
സ്പേസ്ടൈമും അനേക മാനങ്ങളും
മൂന്നു മാനങ്ങളുള്ള സ്പേസും നാലാം മാനമായി കാലവും ചേർന്നതാണ് സ്പേസ്ടൈം കണ്ടിന്യുവം (spacetime continuum) അഥവാ ‘സ്ഥൂലകാല തുടർമാനം’. തമോഗർത്തങ്ങളുടെ ബഹിർഭാഗത്തിനടുത്ത് സമയം വളരെ പതുക്കെയാണ് ചലിക്കുന്നതെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. അതായത് അവിടെ ഒരാൾ നിൽക്കുന്നു എന്ന് കരുതുക. അയാൾക്ക് നമ്മുടെ ഓരോ നിമിഷങ്ങളും പൂവിരിയുന്നതുപോലെ വളരെപ്പതിയെ കാണാനായെന്നുവരാം. അതേപോലെ അനേക ലക്ഷം പ്രകാശവർഷങ്ങൾക്കപ്പുറമുള്ള ആൻഡ്രോമെഡാ ഗാലക്സി മനുഷ്യനേത്രങ്ങൾക്ക് ഗോചരമാണെന്നിരുന്നാലും നമ്മൾ കാണുന്നത് ആൻഡ്രോമെഡയുടെ പ്രാചീന രൂപമാണല്ലോ.
അങ്ങനെയങ്ങനെ സ്പേസ്ടൈം പ്രപഞ്ചത്തിന്റെ ഏത് ഇടത്തുനിന്നും ഏതെല്ലാം വിധത്തിൽ എപ്പോൾ എന്തിനെക്കാണുന്നു എന്ന വിധത്തിൽ ഭൂതഭാവിവർത്തമാനങ്ങളെ മാറ്റിമറിക്കുന്നു. ഇന്ന് ശാസ്ത്രലോകത്തിനിത് ഏറെ പരിചിതമാണ്. ജിയോ ലൊക്കേഷൻ, ദൂരങ്ങളും സമയങ്ങളുമായുള്ള ബന്ധം കറക്ട് ചെയ്യൽ, സ്പേസ് റിസർച്ച്, റോക്കറ്റ് സയൻസ്, അങ്ങനെ ഈ തത്ത്വം ശാസ്ത്രത്തിലെ ഒട്ടുമിക്ക മേഖലകളിലും ഇഴചേർന്ന് പുതിയ സമവാക്യങ്ങൾ രൂപപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

െഎൻസ്റ്റൈൻ,ലെന
ദൈവത്തിന്റെ ആത്മകഥ
ഈയടുത്ത് ചലച്ചിത്ര താരം ലെന തന്റെ പുസ്തകത്തെപ്പറ്റി ചില ഇന്റർവ്യൂകളിൽ ചർച്ച ചെയ്തിരുന്നു. പുസ്തകത്തിന്റെ തുടക്കത്തിൽ, ഒരിക്കൽ ട്രക്കിങ് യാത്രക്കിടെ മാജിക് മഷ്റൂം അഥവാ സൈലോസൈബ് (Psylocybe) ഗണത്തിൽപ്പെട്ട ചില കൂൺവർഗങ്ങൾ കാണാനിടയാകുന്നതും അവ കഴിക്കുന്നതും ലെന തുറന്നു പറഞ്ഞിട്ടുണ്ട്. തുടർന്നുണ്ടായ ചില അനുഭവങ്ങളിൽനിന്നാണ് ലെനയുടെ അനുഭവക്കുറിപ്പുകളുടെ പ്രയാണം. നിശ്ചിത അളവിന് മുകളിൽ ഉള്ളിൽ ചെന്നാൽ മരണംപോലും സംഭവിച്ചേക്കാവുന്ന കൂൺ വർഗങ്ങൾ ഇവക്കിടയിലുണ്ട്. എന്നിരുന്നാലും നിയന്ത്രിതമായ അളവിൽ വിഷാദരോഗ ചികിത്സകളിലും മറ്റും ഉപയോഗിക്കപ്പെടുന്ന രാസവസ്തുവായ സൈലോസൈബിൻ ഈ കൂണുകളിൽനിന്നാണ് നിർമിക്കുന്നത്. ഈ അനുഭവം തുറന്നു പറഞ്ഞതോടുകൂടി ലെന പിന്നീടു പറയുന്നതെല്ലാം ചിരിച്ചു തള്ളിക്കളയുന്നതാണെന്ന മട്ടിൽ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറഞ്ഞു.
ലെനയുടെ ജീവിതത്തിൽ പക്ഷേ, ആ യാത്ര ഒരു പുതിയ അധ്യായം തുറക്കുകയായിരുന്നു. അവിടെനിന്നും മടങ്ങിവന്നത് പഴയ ആളായിരുന്നില്ല. കോസ്മിക് പ്രാപഞ്ചിക ശക്തി അല്ലെങ്കിൽ ഐൻസ്റ്റൈൻ പറയുന്നതുപോലെ സ്പിസോവൻ ദൈവികതയിലേക്ക് ലെനയുടെ ഉൾക്കാഴ്ചകൾ അവരെ നടത്തിച്ചു എന്ന് വേണമെങ്കിൽ ഈ അനുഭവത്തെ വിശേഷിപ്പിക്കാം. 11 ഡയമെൻഷനുകളും അവക്ക് 11 വ്യത്യസ്ത ഫ്രീക്ക്വൻസി റേഞ്ചുകളും (ആവൃത്തി പരിധികൾ) ഉണ്ടെന്ന് സമർഥിക്കുന്ന മിഷിയോ കാക്കു മുതലായ സൈദ്ധാന്തിക ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളിൽനിന്നും വിഭിന്നമല്ല ലെനയുടെ വീക്ഷണങ്ങൾ എന്നറിയുമ്പോഴാണ് അവയുടെ ശാസ്ത്രത്തിലൂന്നിയ തിരിച്ചറിവുകളിലേക്ക് നമ്മുടെ ശ്രദ്ധ തിരിയുക.
‘ഞാൻ’ ആരാണ് എന്ന് ഋഷിവര്യന്മാർ താണ്ടിയ ചിന്താപഥങ്ങളുടെയും അറിവിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആഴങ്ങളിലേക്ക് ലെനയുടെ മനസ്സും പതിയെ രൂപപ്പെടുന്നത് പുസ്തകത്തിൽ കാണാം. എന്നാൽ, അതിലേക്കുള്ള യാത്രയുടെ കഷ്ടതകളും കാഠിന്യവും ഭയപ്പെടുത്തുന്ന സാധാരണ മനുഷ്യന്റെ ആത്മനൊമ്പരങ്ങൾ ഉടനീളം വിവരിക്കുന്നുമുണ്ട്. ഈ യാത്രയുടെ അവസാനം പഴയ കാഴ്ചകളിലേക്ക് തിരികെത്തുറക്കുന്ന മറ്റൊരു വാതിൽ അതുവരെ അദൃശ്യമായിരുന്ന തികച്ചും നൂതനമായ വീക്ഷണകോണിൽനിന്നും രൂപപ്പെടുകയാണെന്ന് ലെനയുടെ അനുഭവക്കുറിപ്പ് വ്യക്തമാക്കുന്നു.
സമകാലിക അളവുകോലുകൾകൊണ്ട് അളന്നെടുക്കാനാവാത്ത എല്ലാ ചിന്തകളും ഇന്നും സമൂഹത്തിന് വർജ്യമാണ്. ലെന പറയുന്നതിന്റെ ശരിതെറ്റുകൾക്കപ്പുറം ആളുകൾ അവരുടേതുമായി ചേർന്നു പോകാത്ത ചിന്തകളെ സമീപിക്കുന്ന വിധമാണ് വിചിത്രം. നാലാം മാനത്തിന്റെ വിഭാവിത രൂപത്തിന് ഉദാഹരണമായി ടെസറാക്ട് (Tesseract) ഡിജിറ്റലി സൃഷ്ടിക്കപ്പെടുന്നതുവരെ അത്തരമൊരു ഡയമെൻഷൻ നമുക്ക് സങ്കൽപിക്കാൻപോലുമായിരുന്നില്ല. അതിനുമപ്പുറം മാനങ്ങളുെണ്ടന്ന് ഒരാൾ പറയുകയാണെന്നിരിക്കിലും സൈദ്ധാന്തികമായി അങ്ങനെയൊന്നുണ്ടാകാനുള്ള സാധ്യതപോലും തള്ളിക്കളയുമ്പോൾ നമ്മൾ ആബോട്ടിന്റെ ഫ്ലാറ്റ്ലാൻഡിലെ ജനസമൂഹംതന്നെയെന്ന് പറയാതെ വയ്യ.
E= mc2
ശാസ്ത്രത്തിനതീതമായതെന്ത് എന്ന ചിന്തകളാണ് എന്നും ശാസ്ത്ര പുരോഗതിക്ക് അടിസ്ഥാനമെന്നത് തികഞ്ഞ വൈരുധ്യമാണ്. ശാസ്ത്രം ക്വാണ്ടം ഫിസിക്സിൽ എത്തിനിൽക്കുമ്പോൾ നിരീക്ഷിക്കപ്പെടുന്ന രീതിക്കനുസരിച്ച് സ്വഭാവവ്യതിയാനം കാണിക്കുന്ന കണികകളിൽ അടങ്ങിയിരിക്കുന്ന പ്രപഞ്ചസത്യങ്ങൾക്ക് ലെന തന്റേതായ ഭാഷ്യം നൽകുന്നുണ്ട് – “Energy is mass vibrating with consciousness.” അത്തരമൊരു ചിന്തയിലേക്ക് ഒരുപക്ഷേ ഇനിയും എത്തിപ്പെട്ടിട്ടില്ലാത്തവർ ഇങ്ങനെയൊന്ന് ആദ്യമായി കേൾക്കുമ്പോൾ പ്രതികരിക്കുന്ന രീതിയാണ് പഠനവിഷയമാക്കേണ്ടത് എന്ന് തോന്നിപ്പോകും.
അനേകം ജന്മങ്ങൾ ‘ഇന്നലെ ഇന്ന് നാളെ’ എന്ന കണക്കിനല്ലാതെ ഒരേസമയം സ്ഥിതിചെയ്യുന്നു എന്നു ലെന പറയുമ്പോൾ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം പഠിച്ച ശാസ്ത്ര വിദ്യാർഥിയുടെ കൗതുകത്തോടെ അതിനെ സമീപിച്ചാൽ അതിനെ മറ്റൊരു വീക്ഷണകോണിലൂടെ കാണാൻ സാധിക്കും. അപ്പോഴും വ്യവസ്ഥാപിത ചിന്തകൾക്ക് പുറത്ത് നിലകൊള്ളുന്നവരെ ‘ഭ്രാന്ത്’ എന്ന ചട്ടക്കൂട് തീർത്ത് അതിനുള്ളിൽ കിടത്തി മെരുക്കാൻ ശ്രമിക്കുന്ന സമൂഹത്തിനു മുന്നിലേക്ക് ലെന ദാർശനിക സ്വഭാവമുള്ള മറ്റൊരു ചിന്ത എറിഞ്ഞുകൊടുക്കുന്നുണ്ട്. “ഈ ലോകത്ത് രണ്ടുതരം ആളുകളാണുള്ളത്. രോഗനിർണയം നടത്തപ്പെട്ടവരും രോഗനിർണയം നടത്തപ്പെടാത്തവരും.” മുമ്പ് പറഞ്ഞ വിധത്തിൽ ഒറ്റക്ക് വ്യക്തിഗത സ്വഭാവവും സമൂഹത്തിൽ മറ്റൊരു സ്വഭാവവുമായി ജീവിക്കുന്ന മനുഷ്യരെ ‘സാമാന്യ മനുഷ്യർ’ എന്ന സ്വാഭാവിക പട്ടികയിൽ ചേർക്കാൻ ശ്രമിച്ചു എന്നിരിക്കട്ടെ, ആ സ്വാഭാവികതയുടെ അളവുകോലെന്താണ്? അങ്ങനെയൊന്ന് വ്യതിരിക്തമായി നിർണയിക്കാൻ സാധിക്കുമോ?
അപ്പോൾ സ്വാഭാവികത എന്നൊന്നില്ല തന്നെ. അങ്ങനെ വരുമ്പോൾ, വ്യത്യസ്തതയുടെ പേരിൽ മാത്രം ചെറുത് മുതൽ വളരെയധികമായി വരെ അസ്വാഭാവികതയുള്ള മനുഷ്യരിൽ ആരാണ് ഭ്രാന്തുള്ളവർ ആരാണ് ഭ്രാന്തില്ലാത്തവർ എന്ന് എങ്ങനെ ഉറപ്പിക്കും? ഇനി പുതിയതായ എന്തിനെയും സമൂലം തള്ളിക്കളയുന്നവർക്ക് വേണ്ടി, ‘അനേകം ജന്മങ്ങൾ’ എന്ന സംജ്ഞയെ ശാസ്ത്രത്തോടു കൂടുതൽ ചേർത്തുെവച്ച് വംശപരമ്പരകളിലൂടെ കൈമാറിയ ജനറ്റിക് മെമ്മറി എന്ന വിധത്തിലും ലെന പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ളത് ശാസ്ത്രാധിഷ്ഠിതമായി ചിന്തിക്കുന്ന സമൂഹത്തിന് ആ വിധത്തിൽ അവരുടെ ചിന്തകളെ സമീപിക്കാനുള്ള ക്ഷണംകൂടിയാണെന്ന് കരുതേണ്ടിയിരിക്കുന്നു.
മാജിക് മഷ്റൂം കഴിച്ചശേഷം അവർ പറയുന്നതെല്ലാം വിഡ്ഢിത്തമാണ് എന്ന് വിലയിരുത്തുന്ന വിഭാഗം മനസ്സിലാക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, നിശ്ചിതമായ അളവിൽ ചില മനോരോഗങ്ങൾക്ക് ചികിത്സയായി ഉപയോഗിക്കപ്പെടുന്ന മരുന്ന് ഇത്തരം കൂണുകളിൽനിന്നും ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. രണ്ട്, അവയുടെ പ്രഭാവം കുറച്ചു മണിക്കൂറുകൾക്കപ്പുറം നിലനിൽക്കുന്നതല്ല. ഇതു രണ്ടും ചേർത്തു വായിക്കുമ്പോൾ ലെന തന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് അക്കാരണം പറഞ്ഞ് തള്ളിക്കളയേണ്ട സംഗതിയല്ല എന്ന് വ്യക്തമാകും. 1970ൽ പുറത്തുവന്ന ‘ദി സേക്രഡ് മഷ്റൂം ആൻഡ് ദി ക്രോസ്’ എന്ന പുസ്തകം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ജൂൺ മാർക്ക് ലെഗ്രോ എന്ന പുരാവസ്തു ഗവേഷകനാണത് രചിച്ചത്. ‘ക്രൈസ്റ്റ്’ എന്ന വാക്ക് പുരാതന സുമേറിയനിൽ കൂണുകൾക്ക് പറയുന്ന പേരാണെന്നും ഈ കൂണുകൾ ഭക്ഷിച്ചവർക്ക് ലഭിച്ച അനിർവചനീയമായ ചില അലൗകിക ദർശനങ്ങളാണ് ലോകത്തെ രണ്ടായി പകുത്ത ക്രൈസ്തവ വിശ്വാസത്തിന്റെ വേരുകൾ എന്നും ലെഗ്രോ പുസ്തകത്തിൽ പറയുന്നു.
പൂർവജന്മങ്ങളെ പറ്റിയും മറ്റും പഠനം നടത്തുകയും അനേകം പുസ്തകങ്ങൾ രചിക്കുകയും ചെയ്തിട്ടുള്ള ഡോളോറിസ് കാനൻ തന്റെ പുസ്തകങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങളിൽ ഒന്നാണ് പ്രവാചകനായ നൊസ്റ്റർഡാമസുമായുള്ള സമ്പർക്കം. തന്റെ കൗൺസലിങ്ങിനിടയിൽ കണ്ടുമുട്ടിയ ആളുകളുടെ അനുഭവങ്ങൾ കേന്ദ്രീകരിച്ചുള്ള പഠനങ്ങളെ ആസ്പദമാക്കി അവർ രൂപവത്കരിച്ച ‘ക്വാണ്ടം ഹീലിങ് ഹിപ്നോസിസ്’ പ്രക്രിയക്കിടക്ക് ഒരു ക്ലയന്റിലൂടെ അവർ നൊസ്റ്റർഡാമസിലേക്ക് എത്തുകയും അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തെന്നും എന്നാൽ, അദ്ദേഹത്തിന്റെ ആത്മാവുമായല്ല, ജീവിച്ചിരിക്കുന്ന നൊസ്റ്റർഡാമസിനോടാണ് താൻ സംസാരിക്കുന്നതെന്ന് തിരിച്ചറിഞ്ഞെന്നുമാണ് ഡോളോറിസ് പറഞ്ഞിട്ടുള്ളത്.
മറ്റൊരു കാലം എന്ന് നമ്മൾ മനസ്സിലാക്കുന്നത് ഇന്ന് ഇതേ സമയം നടക്കുന്ന മറ്റൊരു ഡയമെൻഷനിലെ ഒരു ഫ്രെയിം മാത്രമാണെന്നും അവർ ഇതിലൂടെ സമർഥിക്കുന്നുണ്ട്. അതായത് ലെന സംസാരിച്ചത് മുമ്പ് ഇതേ അനുഭവങ്ങളിൽക്കൂടി കടന്നുപോയ അനേകം പേരുടെ ഭാഷ്യമാണ്. ഇത്തരം അനുഭവങ്ങൾ ലോകമെമ്പാടും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാഹചര്യങ്ങളും കാലഘട്ടവും പലതാണ്, പക്ഷേ ഇതിലൊക്കെയും അടങ്ങിയിരിക്കുന്ന അടിസ്ഥാന തത്ത്വങ്ങളിലുള്ള സാമ്യം അതിശയിപ്പിക്കുന്നതാണ്. ഉയർന്ന വിദ്യാഭ്യാസവും പഠനത്തിലുടനീളം മികച്ച വിജയവും നേടിയ ലെന എന്ന വ്യക്തിയെയോ സൈക്കോളജി ബിരുദം നേടിയ ലെന എന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെയോ അവരുടെ ഉയർന്ന ഐക്യുവോ കണക്കിലെടുക്കാതെയാണ് പ്രതികരണങ്ങൾ എന്നിരുന്നാലും ആ ചിന്തകൾ വിശകലനം നടത്താതെ പരിഹസിക്കപ്പെടേണ്ടവയാണ് എന്ന് കരുതുന്നയിടത്ത് ശാസ്ത്രം തല കുനിക്കുകയാണ്.

ഈശ്വരനും ശാസ്ത്രവും: ബ്രഹ്മൈവമഹം
‘എനിക്കറിയില്ല’ എന്ന ചിന്തയാണ് ശാസ്ത്രത്തിന്റെ അടിസ്ഥാനം തന്നെ. ഇതേത്തുടർന്ന് അറിയാനുള്ള ആഗ്രഹത്തിലൂടെ നടത്തുന്ന അന്വേഷണങ്ങളാണ് ശാസ്ത്രത്തിന്റെ ദിശാസൂചികകൾ. എന്നാൽ, അറിവ് തികഞ്ഞവരെന്നു സ്വയം ഭാവിക്കുന്ന വിദ്യാസമ്പന്നരായ ജനതയും ഇതിന്റെ അപകടകരമായ പരിണാമവുമാണ് സോഷ്യൽ മീഡിയയുടെ ‘വെർച്വൽ പേഴ്സോണ’ അനുവദിച്ചു നൽകിയ സർവ-ദുഃസ്വാതന്ത്ര്യം. വ്യക്തിത്വവികാസത്തിന്റെ ഭാഗമായി നമ്മൾ ആർജിച്ചിരുന്ന സാംസ്കാരിക നിയന്ത്രണങ്ങളത്രയും വലിച്ചെറിഞ്ഞുകൊണ്ട് യഥാർഥ ജീവിതത്തിൽ ഒരിക്കലും ഒരുമ്പെടാത്തത്ര ക്രൂരമായി ഒരാളോട് സംസാരിക്കാനും അയാളുടെ ചിന്തകളെ അടിച്ചമർത്താനും ഏറ്റവും സ്വാതന്ത്ര്യമുള്ള ഇടമായി സോഷ്യൽ മീഡിയ മാറിക്കഴിഞ്ഞു. മോഹഭംഗങ്ങളും നിരാശയും പിരിമുറുക്കങ്ങളും ഇറക്കിവെക്കാനിടമില്ലാതെ ശ്വാസംമുട്ടി ജീവിക്കുന്ന മനുഷ്യർ കെട്ടുപൊട്ടിച്ചു കുതറിയോടുന്ന പേപിടിച്ച നായ്ക്കളെപ്പോലെ ആൾക്കൂട്ട വിചാരണയും വിധിക്കലും നടത്തുകയും അർഹിക്കാത്ത ശിക്ഷകളുടെ ആഴിയിലൂടെ ആരെയും യഥേഷ്ടം നടത്തുകയും ചെയ്യുന്നു.
ഇതിന്റെ ഏറ്റവും വലിയ ഇരകൾ ഫ്രിഞ്ച് തിയറികൾ മുന്നോട്ടുവെക്കുന്ന വേറിട്ട ചിന്തകരാണ്. അത്തരം സിദ്ധാന്തങ്ങളിലെ ശരിതെറ്റുകൾക്കുമപ്പുറം ഭൂമി ഉരുണ്ടതാണെന്ന് പറയാനോ സമയമെന്നൊന്ന് യഥാർഥത്തിലില്ല എന്നു പറയാനോ ഭൂമിയിൽനിന്നും ഉയർന്നു പറക്കുന്ന വാഹനങ്ങളുണ്ടാക്കാൻ സാധിക്കുമെന്ന് പറയാനോ ഇനിയൊരു ഗലീലിയോയോ ഐൻസ്റ്റൈനോ ഡാവിഞ്ചിയോ ധൈര്യപ്പെട്ടേക്കില്ല എന്ന് തോന്നിപ്പോകും. ശാസ്ത്രം അവരിലേക്ക് വളർന്നെത്തുന്ന കാലഘട്ടത്തിൽ ഇവരിൽ പലരും വലിയ ശരികളായിരുന്നു എന്ന് തിരിച്ചറിഞ്ഞെങ്കിലും അവരും ഒരിക്കൽ കോമാളികളായി കാണപ്പെട്ടിരുന്നു എന്ന് മറന്നുകൂടാ. പുറംതിരിഞ്ഞു നിൽക്കുമ്പോഴുള്ള പരിഹാസങ്ങളും ഒറ്റപ്പെട്ട കുറ്റപ്പെടുത്തലുകളുമാണ് അന്നത്തെ കാലഘട്ടത്തിൽ ചിന്തകർ നേരിട്ടതെങ്കിൽ ഇന്ന് ആത്മവിശ്വാസവും ജീവിതവും കരിയറും തകർക്കുന്ന കാട്ടുതീയായി ട്രോളുകൾ പടരുന്ന കാലഘട്ടമാണ് എന്നുള്ളതാണ് വ്യത്യാസം.
മനുഷ്യശരീരങ്ങളുടെ അടിസ്ഥാന കണികകൾ തിരഞ്ഞു നോക്കിയാൽ കണ്ടെത്തുന്ന മൂലകങ്ങൾ നക്ഷത്രങ്ങളുടേതു തന്നെയെന്ന് തെളിയിക്കപ്പെട്ട കാലഘട്ടമാണിത്. നീൽ ഡിഗ്രാസ് ടൈസണേപ്പോലെയുള്ള ശാസ്ത്രജ്ഞന്മാർ ഇത് ശരിവെക്കുകയുംചെയ്തിട്ടുണ്ട്. നമ്മുടെ അറിവുകൾ പ്രപഞ്ചമെന്ന മഹാസത്യത്തിൽ എത്രയോ തുച്ഛമാണെന്ന് തിരിച്ചറിയുന്ന നിമിഷങ്ങളിലൊന്ന്! ലെനയോ അവർക്ക് മുമ്പുള്ള മറ്റുള്ളവരോ പറഞ്ഞ ‘ഹയർ കോൺഷ്യസ് നെസ്’ എന്ന സംജ്ഞയോ നാം തന്നെ ഈശ്വരൻ എന്ന കണ്ണാടിപ്രതിഷ്ഠയുടെ പ്രഖ്യാപനം നടത്തിയ, ‘‘അവനിവനെന്നറിയുന്നതൊക്കെയോർത്താൽ അവനിയിലാദിമമായൊരാത്മരൂപം’’ എന്ന് പറഞ്ഞ മഹാഗുരുവോ അതേ ആശയങ്ങളെ അനേകം വിധത്തിൽ പറയാൻ ശ്രമിച്ച മറ്റനേകം ഗുരുക്കന്മാരോ പറയുന്നത് തെറ്റായിരുന്നു എന്നുതന്നെയിരിക്കട്ടെ. അതിലും വലിയൊരു ശരിയുണ്ടായിരുന്നു എന്ന് തിരിച്ചറിയുന്ന കാലംവരെയെങ്കിലും അവർക്കൊക്കെയും സംശയത്തിന്റെ ആനുകൂല്യമെങ്കിലും കൊടുക്കാൻ പ്രബുദ്ധത നേടിയവരെന്നവകാശപ്പെടുന്ന ജനതക്ക് കഴിയുന്നില്ല എന്നുള്ളതാണ് നിരാശജനകമായ അവസ്ഥ.
ഐൻസ്റ്റൈനും ഗലീലിയോയും പാസ്കലും ഷ്രോഡിൻജറും ബേക്കറും തുടങ്ങി മസ്തിഷ്കത്തിന്റെ ആഴവും പരപ്പുംകൊണ്ട് നമ്മെ അമ്പരപ്പിച്ച അനേകർ ശാസ്ത്രത്തിനപ്പുറമുള്ള മറ്റൊരു ചൈതന്യത്തെ തള്ളിപ്പറയാൻ സാധിക്കില്ല എന്ന് കരുതിയിരുന്നു. അപ്പോൾ അവരോട് കലഹിക്കുന്നതിനുമപ്പുറം അത്തരമൊരു സാധ്യതയെ തള്ളിക്കളയാത്ത മനസ്സുണ്ടാകേണ്ടത് ആവശ്യമാണെന്ന് കരുതേണ്ടിയിരിക്കുന്നു. ശരിതെറ്റുകൾ അതത് കാലഘട്ടത്തിന്റെ ശാസ്ത്ര വളർച്ചക്കനുസൃതമാണ്. സമുദ്രത്തിൽനിന്ന് ഒരു കൈക്കുടന്ന വെള്ളം കോരിയെടുത്ത് അതിൽ മത്സ്യമില്ലെന്നുള്ളതുകൊണ്ട് സമുദ്രത്തിൽ മീനില്ല എന്ന് തീരുമാനിക്കുന്നതുപോലെ ഈ മഹാപ്രപഞ്ചത്തിൽ മറ്റൊരിടത്തും ജീവനുണ്ടാവാനിടയില്ല എന്ന് പ്രഖ്യാപിക്കുന്നവരാണ് പലരും. അനേക ദശലക്ഷം ക്ഷീരപഥങ്ങളും താരസമൂഹങ്ങളും തമോഗർത്തങ്ങളും അവക്കുള്ളിൽ ഉണ്ടെന്ന് കരുതപ്പെടുന്ന ഇനിയുമനേകം നക്ഷത്രലോകങ്ങളും നിലകൊള്ളുന്ന ഈ പ്രപഞ്ചത്തിൽ അബദ്ധം പറഞ്ഞുകൊണ്ടേയിരിക്കുകയാണ് നമ്മൾ. അവയിലൊരുപക്ഷേ ശരികളെക്കാൾ അധികം തെറ്റുകളാവാം.
ഇന്നത്തെ തെറ്റുകൾ നാളത്തെ ശരികളുമാകാം. പൂർണമായ സത്യത്തിലേക്കുള്ള പ്രയാണത്തിൽ അവിടവിടെയായി അരികുകൾ പറ്റി നിൽക്കുന്ന എത്രയധികം വിചാരധാരകളാണ്! അവയൊക്കെയും മുങ്ങിനിവർന്നൊരു തീർഥാടനം നടത്തുന്നത് സാധ്യമല്ല. എങ്കിലും ഉത്തരമറിയാത്ത ചോദ്യങ്ങളെ പരിഹസിച്ച് പരീക്ഷകളെ നേരിടുന്ന സമൂഹമായി മാറാതിരിക്കാൻ ശാസ്ത്രബോധം തന്നെ നമ്മെ സഹായിക്കട്ടെ. ഒരേ ദിശയിലേക്ക് എന്തിനെന്നറിയാതെ സഞ്ചരിക്കുന്ന അനേകമനേകം ജനസമൂഹങ്ങൾക്കിടയിൽ ഒഴുക്കിനെതിരെ നീന്താൻ ശക്തിയുള്ള മനസ്സുകളെ പിന്തുണച്ചില്ലെങ്കിലും അവരെ നിർദയം കശക്കിയെറിയുന്ന വൈകൃതത്തിന് ഒരറുതിയുണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
===========
*നിയമപ്രകാരമുള്ള മുന്നറിയിപ്പ്
*സൈക്കഡെലിക്കുകൾ ഒരു വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ഉപയോഗിക്കരുത്