നാടകസാനുക്കൾ

പ്രഫ. എം.കെ. സാനുവുമായുള്ള അടുപ്പം ഒാർമിക്കുകയാണ് നാടക സംവിധായകനും നടനുമായ ലേഖകൻ. സാനു മാഷ് എങ്ങനെയാണ് നാടകത്തെ കണ്ടിരുന്നത്? നാടകവുമായി അദ്ദേഹം പുലർത്തിയ ബന്ധം എത്തരത്തിലുള്ളതായിരുന്നു? ‘സന്ധ്യ’, അതായിരുന്നു എറണാകുളത്തെ കാരക്കാമുറിയിലെ എം.കെ. സാനു മാഷിന്റെ വീടിന്റെ പേര്. ആ വീട്ടിൽ ഞാൻ ആദ്യം പോയത് എൺപതുകളുടെ ആരംഭകാലത്താണ്. 1967ൽ ശാസ്താംകോട്ടയിൽ സി.എൻ. ശ്രീകണ്ഠൻനായർ, എം. ഗോവിന്ദൻ, ജി. ശങ്കരപ്പിള്ള, എം.വി. ദേവൻ, കെ.എസ്. നാരായണപിള്ള, കെ. അയ്യപ്പപ്പണിക്കർ, ജി. അരവിന്ദൻ, പി.കെ. വേണുക്കുട്ടൻനായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആരംഭിച്ച നാടകക്കളരി പ്രസ്ഥാനത്തിന്റെ പ്രവർത്തനം കേരളത്തിൽ നവീനമായ...
Your Subscription Supports Independent Journalism
View Plansപ്രഫ. എം.കെ. സാനുവുമായുള്ള അടുപ്പം ഒാർമിക്കുകയാണ് നാടക സംവിധായകനും നടനുമായ ലേഖകൻ. സാനു മാഷ് എങ്ങനെയാണ് നാടകത്തെ കണ്ടിരുന്നത്? നാടകവുമായി അദ്ദേഹം പുലർത്തിയ ബന്ധം എത്തരത്തിലുള്ളതായിരുന്നു?
‘സന്ധ്യ’, അതായിരുന്നു എറണാകുളത്തെ കാരക്കാമുറിയിലെ എം.കെ. സാനു മാഷിന്റെ വീടിന്റെ പേര്. ആ വീട്ടിൽ ഞാൻ ആദ്യം പോയത് എൺപതുകളുടെ ആരംഭകാലത്താണ്. 1967ൽ ശാസ്താംകോട്ടയിൽ സി.എൻ. ശ്രീകണ്ഠൻനായർ, എം. ഗോവിന്ദൻ, ജി. ശങ്കരപ്പിള്ള, എം.വി. ദേവൻ, കെ.എസ്. നാരായണപിള്ള, കെ. അയ്യപ്പപ്പണിക്കർ, ജി. അരവിന്ദൻ, പി.കെ. വേണുക്കുട്ടൻനായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആരംഭിച്ച നാടകക്കളരി പ്രസ്ഥാനത്തിന്റെ പ്രവർത്തനം കേരളത്തിൽ നവീനമായ ഒരു നാടകസംസ്കാരത്തിന് നാന്ദികുറിച്ചു. നാടകക്കളരി പ്രസ്ഥാനത്തിന്റെ ആശയങ്ങളും പ്രവർത്തനങ്ങളും ഉൾക്കൊണ്ട, കോഴിക്കോട് സർവകലാശാലാ വൈസ് ചാൻസലറായിരുന്ന ഡോ. ഗാനിയുടെ പ്രത്യേക താൽപര്യത്തിലും ഉത്സാഹത്തിലുമാണ് തൃശൂർ അരണാട്ടുകരയിലെ ജോൺ മത്തായി സെന്ററിൽ കേരളത്തിലെ ആദ്യത്തെ നാടകപഠനശാലയായ സ്കൂൾ ഓഫ് ഡ്രാമ സ്ഥാപിതമായത്. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിൽ മലയാളം പ്രഫസറായിരുന്ന ജി. ശങ്കരപ്പിള്ളയെയാണ് നാടക വകുപ്പിന്റെ ഡയറക്ടറായി നിയമിച്ചത്.
ജി. ശങ്കരപ്പിള്ള സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറായി നിയമിതനായശേഷം നാടകക്കളരി പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ വൈക്കം കേന്ദ്രമാക്കി എന്റെ നാടകസുഹൃത്തുക്കളുടെ സഹകരണത്തോടെ മുന്നോട്ടുകൊണ്ടുപോയി. നാടകക്കളരിയിൽ പരിശീലനം പൂർത്തിയാക്കിയ കലാകാരന്മാർക്ക് നാടകാവതരണത്തിനുവേണ്ടി 1978ൽ ‘വൈക്കം തിരുനാൾ നാടകവേദി’ എന്ന പേരിൽ ഒരു Repertoryയും (നാടകസംഘം) പ്രവർത്തനം ആരംഭിച്ചിരുന്നു. നാടകക്കളരി പ്രസ്ഥാനത്തിന്റെ പ്രവർത്തന ചുമതല ഏറ്റെടുത്തശേഷമാണ് സാനു മാഷുമായി എന്റെ ബന്ധം ആരംഭിക്കുന്നത്. ഡോ. അയ്യപ്പപ്പണിക്കർ എഡിറ്ററായി വർഷത്തിൽ ഒരിക്കൽ പ്രസിദ്ധീകരിച്ചിരുന്ന ‘കേരള കവിത’യുടെ പുതിയ ലക്കത്തിന്റ പ്രകാശനവേളകളിൽ സാനു മാഷ് സ്ഥിരമായി വരുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുള്ളപ്പോഴും സാനു മാഷുമായി അടുപ്പമുണ്ടായിരുന്നു.
വൈക്കം കേന്ദ്രമാക്കി നാടകക്കളരി ആരംഭിച്ചപ്പോൾ സി.എൻ. ശ്രീകണ്ഠൻ നായരുടെയും ജി. ശങ്കരപ്പിള്ള സാറിന്റെയും കാലത്തെ ‘നാടകക്കളരി’കളിൽ ക്ലാസുകളെടുത്തിരുന്ന പരമാവധി വ്യക്തിത്വങ്ങളെ വൈക്കത്തും ക്ലാസുകൾ എടുക്കാൻ ഞാൻ ക്ഷണിച്ചു. അങ്ങനെ എൺപതുകളിൽ പുതിയ ബാച്ചിന്റെ കളരി തുടങ്ങുന്ന വേളയിൽ ക്ലാസെടുക്കാൻ സാനു മാഷിനെ ക്ഷണിക്കാൻ എറണാകുളത്ത് വീട്ടിൽ ചെന്നു. മാഷിന്റെ ഭാര്യയാണ് കതകുതുറന്നു വന്നത്. എന്നോട് ഇരിക്കാൻ പറഞ്ഞു. വൈകാതെ മാഷ് വന്നു. വൈക്കത്തുനിന്നാണ് വരുന്നതെന്ന് പറഞ്ഞപ്പോൾ, മാഷിന്റെ ഭാര്യക്ക് സന്തോഷം. കാരണം, മാഷിന്റെ ഭാര്യയുടെ നാട് വൈക്കമാണ്. വൈക്കത്തെ മാധവൻ വക്കീലിന്റെ മകളാണ് മാഷിന്റെ ഭാര്യ. എനിക്കും സന്തോഷമായി. കാരണം, മാഷിന്റെ ഭാര്യയുടെ സഹോദരി ശ്യാമള ടീച്ചറായിരുന്നു വൈക്കം ഗവൺമെന്റ് ബോയ്സ് സ്കൂളിൽ ഹൈസ്കൂൾ ക്ലാസുകളിൽ എന്റെ ബയോളജി ടീച്ചർ.

25 വർഷം മുമ്പ് 2000ൽ വൈക്കം തിരുനാൾ നാടകവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയിലെ ആദ്യത്തെ സ്ഥിരം നാടകവേദി എറണാകുളത്ത് ആരംഭിച്ചപ്പോൾ ആദ്യ നാടകമായി അവതരിപ്പിക്കാൻ തിരഞ്ഞെടുത്തത് വൈക്കം മുഹമ്മദ് ബഷീറിന്റെ ‘കഥാബീജം’ എന്ന നാടകമായിരുന്നു. അറുപതുപേർക്ക് ഇരിക്കാവുന്ന ഒരു ഓഡിറ്റോറിയത്തിൽ Intimate theatre ശൈലിയിലായിരുന്നു വൈക്കം തിരുനാൾ നാടകസംഘം സ്ഥിരം നാടകവേദി നടത്തിയിരുന്നത്. എല്ലാ ശനിയാഴ്ചയും വൈകീട്ട് 6.30ന് നാടകാവതരണം. പ്രവേശനത്തിന് 20 രൂപാ ടിക്കറ്റായിരുന്നു. പ്രേക്ഷകരുടെയും നിരൂപകന്മാരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധനേടിയിരുന്നു സ്ഥിരം നാടകവേദിയും ‘കഥാബീജം’ നാടകവും. എം.വി. ദേവൻ, കെ.എസ്. നാരായണപിള്ള, അടൂർ ഗോപാലകൃഷ്ണൻ, ശ്രീനിവാസൻ, സത്യൻ അന്തിക്കാട്, എം. തോമസ് മാത്യു, കെ.എൽ. മോഹനവർമ, എസ്. ഗോപാലകൃഷ്ണൻ തുടങ്ങി നിരവധി വ്യക്തികളും പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിലെ തിയറ്റർ ഡിപ്പാർട്മെന്റിലെ വിദ്യാർഥികളും പലപ്പോഴായി നാടകം കാണാൻ എറണാകുളത്ത് എത്തിയിരുന്നു.
ഒരു ശനിയാഴ്ച ‘കഥാബീജം’ കാണാൻ മാഷ് വന്നു. നാടകം കണ്ട് ചുവന്നുകലങ്ങിയ കണ്ണുമായി സാനു മാഷ്, പ്രേക്ഷകർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള Audience opinion diaryയിൽ ഇങ്ങനെയാണ് രേഖപ്പെടുത്തിയത്, ‘‘ ‘കഥാബീജം’ നാടകത്തിന്റെ ആത്മാവ് അരങ്ങിൽ സ്പന്ദിക്കുന്നതായി അനുഭവപ്പെട്ടു.’’ യാത്ര പറഞ്ഞിറങ്ങും മുമ്പ് മാഷ് എന്നോട് പറഞ്ഞു, ‘‘വേക്കന്റെ ഒരു ഫോട്ടോയും നാടകത്തിന്റെ ഏതാനും ഫോട്ടോകളും എനിക്കെത്തിച്ചു തരണം.’’ ഞാനത് ചെയ്തു. 2001 ഫെബ്രുവരി 11ലെ കുങ്കുമം വാരികയിൽ സാനു മാഷ് എഴുതിക്കൊണ്ടിരുന്ന ‘വഴിയമ്പലത്തിലെ പകൽക്കിനാവുകൾ’ എന്ന പംക്തിയിൽ ‘നാടകപ്രേമികൾക്ക് ഒരു നല്ല വാർത്ത’ എന്ന തലക്കെട്ടിൽ സ്ഥിരം നാടകവേദിയെക്കുറിച്ചും ‘കഥാബീജം’ നാടകത്തെക്കുറിച്ചും മാഷ് എഴുതി... ‘‘നാടകവേദി ഇരുളിലാവാൻ തുടങ്ങുന്ന ഈ സന്ദർഭത്തിലാണ് ചെറിയൊരു കൈത്തിരിയുമായി ഇതാ, ജോൺ ടി. വേക്കൻ കടന്നുവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ‘വൈക്കം തിരുനാൾ തിയറ്റർ’ എറണാകുളത്ത് ഒരു സ്ഥിരം നാടകവേദി തുടങ്ങിയിരിക്കുന്നു.
തികച്ചും സാഹസികമായ ഒരു സംരംഭം. ‘സ്ഥിരം നാടകവേദി’ എന്നു കേൾക്കുമ്പോൾ പഴയ കലാനിലയം സ്ഥിരം നാടകവേദിയെപ്പറ്റി പഴമക്കാർ ഓർത്തുപോകും. സ്ഥിരമായി കളിക്കുന്നു എന്നതൊഴിച്ചാൽ ഇവക്കു തമ്മിൽ സാമ്യമൊന്നുമില്ല. കലാനിലയം നാടകങ്ങൾ സ്റ്റേജ് ടെക്നിക്കിലും അവതരണരീതിയിലും അത്യധികം ജനപ്രീതികരമായിരുന്നു. ‘സാഹിത്യ നിലവാരം’ എന്ന പ്രയോഗത്തിന് അവിടെ സ്ഥാനമില്ല. നാടകത്തിനും സിനിമക്കുമിടയിലാണ് ഇവയുടെ സ്ഥാനം. എന്നാൽ, ജോൺ ടി. വേക്കൻ ജനപ്രീതിക്ക് പ്രാധാന്യം നൽകുന്നതായി കാണുന്നില്ല. അദ്ദേഹം ഇപ്പോൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ ‘കഥാബീജം’ എന്ന നാടകമാണെന്ന് കേൾക്കുമ്പോൾതന്നെ അക്കാര്യം ബോധ്യമാകുമെന്ന് ഞാൻ വിചാരിക്കുന്നു. അമച്വർ നാടകത്തിന്റെയും പ്രഫഷനൽ നാടകത്തിന്റെയും നല്ല അംശങ്ങൾ സംയോജിപ്പിച്ചുകൊണ്ട് ഒരു പുതിയ പ്രസ്ഥാനം തുടങ്ങുന്നതിനുള്ള പരിശ്രമത്തിലാണ് ജോൺ ടി. വേക്കൻ ഏർപ്പെട്ടത്. തികച്ചും സാധാരണമായ ഒരു നാടകം മാത്രം. അത് അരങ്ങിൽ ആകർഷകമാക്കി മാറ്റുന്നു എന്നതാണ് ജോൺ ടി. വേക്കന്റെ കഴിവ്. കഥാകൃത്തായി അഭിനയിക്കുന്ന അദ്ദേഹത്തിന്റെ അഭിനയവും ശ്ലാഘനീയമാണ്.’’ മാഷ് നാടകത്തെക്കുറിച്ചും എന്നെക്കുറിച്ചുമെഴുതിയ വാക്കുകൾ എന്നെ സംബന്ധിച്ച് വലിയ അംഗീകാരമായിരുന്നു.

സി.എൻ. അനുഭവം’ സിമ്പോസിയം വേദിയിൽ സാനു മാഷും ഭരത് ഗോപിയും
2001 ജൂലൈ 7ന് വൈക്കം തിരുനാൾ സ്ഥിരം നാടകവേദി സംഘടിപ്പിച്ച ബഷീർ അനുസ്മരണത്തിൽ ബഷീറിന്റെ ഭാര്യ ഫാബി ബഷീർ, മകൻ അനീസ്, ബഷീറിന്റെ സഹോദരങ്ങളായ ഹനീഫ, അബൂബക്കർ, മറ്റു കുടുംബാംഗങ്ങൾ, ബഷീറിന്റെ ആത്മമിത്രങ്ങളായ സാനു മാഷ്, എം.വി. ദേവൻ മാഷ്, ബഷീറിന്റെ പൂർവകാല സുഹൃത്തുക്കൾ തുടങ്ങിയവരും പങ്കെടുത്തു. ബഷീറിന്റെ കുടുംബാംഗങ്ങളെല്ലാവരും ഒരു വേദിയിൽ ഇതുപോലെ കൂടിച്ചേർന്ന അനുഭവം അതിനു മുമ്പൊരിക്കലും നടന്നിട്ടില്ലെന്നും അത് വലിയ സന്തോഷം തരുന്നുവെന്നും മീറ്റിങ്ങിൽ മാഷ് പറഞ്ഞു. ഡി.സി ബുക്സും അനുസ്മരണത്തിൽ ഞങ്ങളോടൊപ്പം പങ്കുചേർന്നു.
മാഷിന്റെ സജീവമായ പങ്കാളിത്തമുണ്ടായ മറ്റൊരു സന്ദർഭം, സി.എൻ. ശ്രീകണ്ഠൻ നായരുടെ 25ാം ചരമവാർഷികവും നാടകക്കളരി പ്രസ്ഥാനത്തിന്റെ 35ാം വാർഷികവും സംയുക്തമായി 2003 ഫെബ്രുവരി 14, 15 തീയതികളിൽ ‘സി.എൻ. അനുഭവം’ എന്ന പേരിൽ എറണാകുളം ഫൈനാർട്സ് സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ചപ്പോഴാണ്. പതിറ്റാണ്ടുകളായി അരങ്ങ് കാണാതിരുന്ന ‘കാഞ്ചനസീത’യാണ് വൈക്കം തിരുനാൾ നാടകവേദിക്കുവേണ്ടി ഞാൻ സംവിധാനം ചെയ്തത്. ആദ്യ ദിവസം നാടകാവതരണം. രണ്ടാം ദിവസം സി.എൻ. ശ്രീകണ്ഠൻനായരുടെ നാടകസംഭാവനകളെക്കുറിച്ചുള്ള സിമ്പോസിയം. ഭരത് ഗോപിയായിരുന്നു വിശിഷ്ടാതിഥി. സാനു മാഷ്, എം.വി. ദേവൻ മാഷ്, കെ.എസ്. നാരായണപിള്ള, എം. തോമസ് മാത്യു, ടി.എം. എബ്രഹാം എന്നിവരായിരുന്നു പ്രബന്ധങ്ങൾ അവതരിപ്പിച്ചത്. നാടകാവതരണം കഴിഞ്ഞ് സാനു മാഷ് എന്നോട് പറഞ്ഞു, ‘‘ശ്രീകണ്ഠൻ നായരുടെ നാടകങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ‘കാഞ്ചനസീത’യാണ്. ആ നാടകംതന്നെ വേക്കൻ അവതരണത്തിന് തിരഞ്ഞെടുത്തത് എന്തുകൊണ്ടും ഉചിതമായി. രാമന്റെ ദൈവിക പരിവേഷം മുഴുവൻ എഡിറ്റു ചെയ്ത് മനുഷ്യനായ രാമനെ ചിത്രീകരിച്ചത് എനിക്ക് പുതിയ അനുഭവമായിരുന്നു.’’ വീണ്ടും എനിക്ക് ലഭിച്ച അംഗീകാരമായാണ് ആ വാക്കുകളെ ഞാൻ കാണുന്നത്...
എറണാകുളം മഹാരാജാസ് കോളജിൽ സാനു മാഷിന്റെ ശിഷ്യനായി പഠിച്ച് പിൽക്കാലത്ത് ആ കോളജിൽ തന്നെ അധ്യാപകനാവുകയും മാഷിനെപ്പോലെ പ്രമുഖ സാഹിത്യനിരൂപകനായി മാറുകയും ചെയ്ത പ്രഫ. എം. തോമസ് മാത്യു ഏഴു പതിറ്റാണ്ടുകാലത്തിനിടയിൽ എഴുതി പ്രസിദ്ധീകരിച്ച നാടകപഠനങ്ങളും ലേഖനങ്ങളും സമാഹരിച്ച് 2018ൽ പുസ്തകമാക്കിയത് ഞാനായിരുന്നു. ‘‘അന്തസ്സംഘർഷത്തിന്റെ വരമൊഴി സാക്ഷ്യം’’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ആ പുസ്തകം പ്രകാശനം ചെയ്തത് സാനു മാഷായിരുന്നു.
എം.വി. ദേവൻ മാഷിന്റെ കലാസൃഷ്ടികൾ ഡോക്യുമെന്റ് ചെയ്യാൻ അഞ്ചു വർഷം എന്റെ എല്ലാ നാടക പ്രവർത്തനങ്ങളും മാറ്റിവെച്ച് യാത്ര ചെയ്യുമ്പോഴാണ് എം. ഗോവിന്ദൻ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചിരുന്ന കേരളത്തിലെ ആദ്യ കാലത്തെ ലിറ്റിൽ പബ്ലിക്കേഷൻ ‘ഗോപുരം’ എന്ന പ്രസിദ്ധീകരണത്തിൽ ദേവൻ മാഷ് ചിത്രങ്ങൾ വരച്ചിട്ടുള്ളതറിഞ്ഞത്. എന്നാൽ, എവിടെനിന്നും അത് കിട്ടിയില്ല. ഒടുവിൽ, അത് സാനു മാഷിന്റെ കൈയിലുണ്ടെന്നറിഞ്ഞു. മാഷിനോട് ചോദിച്ചപ്പോൾ, മാഷിന്റെ പ്രിയ ശിഷ്യനും സാഹിത്യ വിമർശകനുമായ പ്രഫ. എം. തോമസ് മാത്യുവിന് അത് കൈമാറി എന്ന് പറഞ്ഞു. ബൈൻഡ് ചെയ്ത് സാനു മാഷ് വളരെക്കാലം സൂക്ഷിച്ച ‘ഗോപുരം’ തോമസ് മാത്യു എനിക്ക് തന്നു. എന്റെ ആവശ്യം കഴിഞ്ഞ് ഞാനത് തോമസ് മാത്യുവിന് തിരികെ കൊടുക്കാൻ ചെന്നപ്പോൾ എന്നോട് പറഞ്ഞു, ‘ഇത് സാനു മാഷ് സമ്മാനമായി എനിക്ക് തന്നതാണ്. ഞാനത് വേക്കന് നൽകുന്നു.’’ അങ്ങനെ സാനു മാഷ് ദീർഘകാലം സൂക്ഷിച്ചുവെച്ച എം. ഗോവിന്ദൻ എഡിറ്റ് ചെയ്ത ‘ഗോപുരം’ എനിക്ക് ലഭിച്ചു.
സാഹിത്യ വിമർശകൻ, ജീവചരിത്രകാരൻ, പ്രഭാഷകൻ, അധ്യാപകൻ ഇതെല്ലാം മാഷിന്റെ പേരിന്റെ പര്യായങ്ങളാണ്. എന്നാൽ, ഇതിനെല്ലാമുപരി മാഷിന് ഏറ്റവും ഇഷ്ടപ്പെട്ട സാഹിത്യ ശാഖയായിരുന്നു, നാടകം. മാഷ് അങ്ങനെ പറയുന്നില്ലെങ്കിലും എന്റെ നിരീക്ഷണം അങ്ങനെയാണ്. അതിൽ പൗരസ്ത്യമെന്നോ പാശ്ചാത്യമെന്നോ ഉള്ള വ്യത്യാസമില്ലായിരുന്നു. സാഹിത്യരൂപംപോലെ തന്നെ രംഗരൂപവും മാഷിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. അതറിയണമെങ്കിൽ മാഷിനോടൊപ്പമിരുന്ന് നാടകം കാണണം. അതൊരനുഭവമാണ്. അതിനുള്ള അവസരവും ഭാഗ്യവും പലതവണ എനിക്ക് ലഭിച്ചു. മാഷിന്റെ ഈ നാടകസാഹിത്യ രംഗകലാ താൽപര്യവും അതിനുവേണ്ടി മാഷ് നടത്തിയിട്ടുള്ള പ്രയത്നവും നമ്മുടെ സാഹിത്യകലാ ലോകം അർഹമാംവിധം രേഖപ്പെടുത്തിക്കണ്ടിട്ടില്ല.
ഗ്രീക്ക് നാടകങ്ങൾ, യൂറോപ്യൻ നാടകങ്ങൾ തുടങ്ങി മലയാളിക്ക് അപരിചിതമായ നിരവധി നാടകങ്ങളെയും രചനാ രീതികളെയും നാടകകൃത്തുക്കളെയും പഠനങ്ങളിലൂടെ സാനു മാഷ് പരിചയപ്പെടുത്തി. മാഷിന് ഏറ്റവും പ്രിയപ്പെട്ടത് ഗ്രീക്ക് നാടകങ്ങളായിരുന്നു. അതിനുള്ള കാരണം, അവ ട്രാജഡികളായിരുന്നു എന്നതാണ്. വ്യക്തിപരമായ എന്റെ ഈ നിരീക്ഷണത്തെ സാധൂകരിക്കും വിധം മാഷുതന്നെ അത് രേഖപ്പെടുത്തിയിട്ടുണ്ട്. ‘‘ആലോചനാശീലമുണരാൻ തുടങ്ങുന്ന കാലം മുതൽ പലതരം ബുദ്ധിമുട്ടുകളിലകപ്പെട്ടാണ് ഞാൻ ജീവിച്ചുപോന്നത്. ആ ബുദ്ധിമുട്ടുകൾ എന്നെ സങ്കടങ്ങളിലാഴ്ത്തിയിരുന്നു.

‘കാഞ്ചനസീത’ നാടകം കാണാനെത്തിയപ്പോൾ സാനു മാഷും ജോൺ ടി. വേക്കനും
സങ്കടങ്ങൾക്ക് പല സ്വഭാവങ്ങളാണ്. പല സങ്കടങ്ങളും എന്നെ തളർത്തുകതന്നെ ചെയ്തു. സാഹസിക ചിന്തകളിലെത്തിക്കുവോളം തളർത്തി എന്നു പറയുകയാണു ശരി. എങ്കിലും, ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുവേണ്ടി, പ്രായോഗികബുദ്ധിയോടുകൂടി, പരിശ്രമിക്കാൻ എനിക്ക് ഒരിക്കലും സാധിച്ചില്ല. എന്റെ മനസ്സ് ആ വഴിക്കു തിരിഞ്ഞില്ലെന്നതാണു വാസ്തവം. ഞാനാരാണെന്ന ചോദ്യത്തിനു ലഭിക്കാവുന്ന ഉത്തരങ്ങളിലൊന്ന് ഈ വാസ്തവത്തിലടങ്ങിയിരിക്കുന്നു.’’ ദുരന്തനാടകങ്ങൾ മാത്രമല്ല, ദുരന്തകഥാപാത്രങ്ങളും മാഷിനെ സ്വാധീനിച്ചിരുന്നു. അക്കാര്യവും മാഷ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ‘‘ദുഃഖത്തിന്റെ നേർക്കുള്ള ആഭിമുഖ്യം എന്റെ സ്വഭാവത്തിലെ പ്രബലഘടകങ്ങളിലൊന്നാണ്. പരാജിതരുടെയും പീഡിതരുടെയും ദുഃഖിതരുടെയും നേർക്കാണ്, നിർഹേതുകമായ അനുഭാവം എനിക്ക് തോന്നാറുള്ളത്. ആ അനുഭാവത്തിന് ആലോചനയുമായി ബന്ധമൊന്നുമില്ല.
അത് സ്വാഭാവികമാണ്. അതുകൊണ്ടായിരിക്കാം, ദുരന്തനാടകങ്ങളിലെ മുഖ്യകഥാപാത്രങ്ങളൊക്കെയും എന്റെ ആത്മാവിൽ സ്ഥാനമുറപ്പിച്ചത്.’’ സാനു മാഷിന്റെ ആത്മാംശമുള്ള മേൽ സൂചിപ്പിച്ചപോലെയുള്ള പല കാര്യങ്ങളും മാഷിന്റെ നാടകലേഖനങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ നമുക്കു വായിച്ചെടുക്കാൻ കഴിയും. അത് മറ്റെവിടെയും കാണാൻ കഴിയുന്നില്ല. അത്രമേൽ തുറന്നുപറച്ചിലുകൾ മാഷ് നാടകലേഖനങ്ങളുമായി ചേർത്ത് നടത്തിയിട്ടുണ്ട്. ഏതു ദുരന്തത്തിന്റെയും ക്ലൈമാക്സ് മരണമാണല്ലോ. സാനു മാഷിനോട് ഏറ്റവും അടുപ്പമുള്ളവരുടെ മരണവാർത്ത കേൾക്കുമ്പോഴെല്ലാം മാഷ് മൗനത്തിലൊതുങ്ങും. ആ മൗനം അത്യധികം സങ്കീർണവുമാണ്. മാഷു തന്നെ അത് പറഞ്ഞിട്ടുണ്ട്.
സാനു മാഷിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്ന നാടകകൃത്തുക്കൾ സി.ജെ. തോമസ്, സി.എൻ. ശ്രീകണ്ഠൻ നായർ, ജി. ശങ്കരപ്പിള്ള എന്നിവരോടുള്ള അടുപ്പം മാത്രമല്ല, നാടകത്തോട് താൽപര്യമുണ്ടാവാൻ കാരണം. മാഷിന്റെ കുട്ടിക്കാലത്തെ നാടകക്കാഴ്ചയുടെ അനുഭവങ്ങൾതന്നെയാണ്. അത് ആധികാരികമായി പറയുന്നത്, മാഷ് തന്നെ രേഖപ്പെടുത്തിയിട്ടുള്ളതുകൊണ്ടാണ്. ‘‘കാര്യങ്ങളിലെ പ്രത്യക്ഷതാപ്രതീതിയാണ് എന്നെ സ്ഥലജലഭ്രമത്തിനു വിധേയമാക്കുന്നത് എന്ന് പറയുന്നതിൽ തെറ്റില്ല. ഇതര കാവ്യശാഖകളെ അപേക്ഷിച്ച് പ്രത്യക്ഷതക്ക് പ്രസക്തിയുള്ളത് നാടകത്തിലാണ്. വായിക്കുന്നതിനുമുമ്പ് ഹരിശ്ചന്ദ്രനാടകം ഞാൻ അരങ്ങിൽ കാണുകയാണുണ്ടായത്. ചന്ദ്രമതി ദീനമായി വിലപിക്കുന്നതുകണ്ട് തേങ്ങിക്കരഞ്ഞ എന്നെ കെട്ടിപ്പിടിച്ച് അമ്മ ആശ്വസിപ്പിച്ചതിനെപ്പറ്റി, ഫലിതബോധത്തോടുകൂടി, ഇപ്പോഴും ഞാൻ ഓർക്കാറുണ്ട്. അതിൽ ഹരിശ്ചന്ദ്ര മഹാരാജാവിന്റെ വേഷം കെട്ടിയ വ്യക്തിയെ കുറച്ചുകാലം സാക്ഷാൽ ഹരിശ്ചന്ദ്രനായി കണ്ടുപോന്നു. നാടകവുമായി ആത്മബന്ധം സ്ഥാപിതമാകുന്നതിന് ഈ സ്വഭാവമായിരിക്കുമോ കാരണം?’’
ഏഴരപ്പതിറ്റാണ്ടു കാലത്തിനിടയിൽ മാഷ് രചിച്ച നൂറോളം നാടകപഠനങ്ങളും ലേഖനങ്ങളും നാടകകൃത്ത് ടി.എം. എബ്രഹാം സമാഹരിച്ച് അവയിൽനിന്ന് 43 ലേഖനങ്ങൾ തിരഞ്ഞെടുത്ത് ‘നാടകവിചാരം’ എന്ന പേരിൽ കേരള സാഹിത്യ അക്കാദമി 2016ൽ പ്രസിദ്ധീകരിച്ചു. 526 താളുകളുള്ള ഈ ഗ്രന്ഥത്തെ നാടകം ജീവിതം, പാശ്ചാത്യ നാടകപഠനങ്ങൾ, പൗരസ്ത്യ നാടകപഠനങ്ങൾ, രചയിതാക്കൾ, കാഴ്ചപ്പാടുകൾ എന്നിങ്ങനെ നാലു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പ്രസ്തുത ഗ്രന്ഥം മലയാളത്തിൽ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ളതിൽ ഏറ്റവും ബൃഹത്തായ ഗ്രന്ഥമാണ്.

നാടക രചയിതാക്കൾ, സംവിധായകർ, അഭിനേതാക്കൾ, നാടകഗവേഷകർ, ആസ്വാദകർ തുടങ്ങി നാടകത്തിന്റെ സാഹിത്യ മേഖലയിലും രംഗാവതരണ മേഖലയിലും പ്രവർത്തിക്കുന്ന സകലർക്കും കാലാകാലം ഈ ഗ്രന്ഥം മാർഗദർശനമായിരിക്കും. ഈ സന്ദർഭത്തിൽ ഒരുകാര്യം കൂടി പറയേണ്ടതുണ്ട്. ‘നാടകവിചാര’ത്തിൽ സമാഹരിക്കപ്പെട്ടിട്ടുള്ളതും എഴുതെപ്പട്ടിട്ടുള്ളതുമായ ലേഖനങ്ങളേക്കാൾ എത്രയോ അധികം നാടകപ്രഭാഷണങ്ങൾ മാഷ് നടത്തിയിട്ടുണ്ട്. വിടപറയും മുമ്പുവരെ മാഷ് പ്രഭാഷണം നടത്തിയിരുന്നു. അതിന് കണക്കില്ല. ആ പ്രഭാഷണങ്ങളൊന്നും ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടുമില്ല. മലയാള നാടകശാഖക്ക് അതൊരു വലിയ നഷ്ടംതന്നെയാണ്...എന്റെ തലമുറയിലുള്ള ഒരു നാടകസംവിധായകനെക്കുറിച്ചോ, സംവിധായകന്റെ രംഗാവതരണത്തെക്കുറിച്ചോ മാഷ് ഒരു ലേഖനം എഴുതിയിട്ടുള്ളതായി എനിക്കറിവില്ല. ആ ഭാഗ്യം ലഭിച്ചത് എനിക്കാണ്. അതെനിക്കൊരു വീട്ടാക്കടമായിരുന്നു.