ഇത്രമേൽ മണമുള്ള കുടമുല്ലപ്പൂവുകൾ

അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു കെ. ജയകുമാർ ഗാനരചനാ രംഗത്തെത്തിയിട്ട്. അതിനിടയിൽ നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചു. കെ. ജയകുമാറിന്റെ പാട്ടുകളിലൂടെയും വരികളിലൂടെയും സഞ്ചരിക്കുകയാണ് പാട്ടുകളുടെ ചരിത്രകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ലേഖകൻ.കുട്ടിക്കാലത്തേ വിപ്ലവം തലക്കു പിടിച്ചയാളാണ്. നക്സലിസത്തിന്റെയും ചാരു മജൂംദാറിന്റെയും അടിയുറച്ച ആരാധകൻ. സ്വാഭാവികമായും നിരീശ്വരവാദി. കോളജ് ജീവിതകാലത്ത് അവനുമായി...
Your Subscription Supports Independent Journalism
View Plansഅരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു കെ. ജയകുമാർ ഗാനരചനാ രംഗത്തെത്തിയിട്ട്. അതിനിടയിൽ നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചു. കെ. ജയകുമാറിന്റെ പാട്ടുകളിലൂടെയും വരികളിലൂടെയും സഞ്ചരിക്കുകയാണ് പാട്ടുകളുടെ ചരിത്രകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ലേഖകൻ.
കുട്ടിക്കാലത്തേ വിപ്ലവം തലക്കു പിടിച്ചയാളാണ്. നക്സലിസത്തിന്റെയും ചാരു മജൂംദാറിന്റെയും അടിയുറച്ച ആരാധകൻ. സ്വാഭാവികമായും നിരീശ്വരവാദി. കോളജ് ജീവിതകാലത്ത് അവനുമായി വെറുതെ തർക്കിക്കുകയായിരുന്നു ഹോസ്റ്റലിലെ മറ്റു കുട്ടികളുടെ നേരംപോക്ക്; വാദപ്രതിവാദത്തിൽ അവനെ തോൽപിക്കാൻ പറ്റില്ലെന്നറിഞ്ഞുകൊണ്ടുതന്നെ.
കോളജിനോട് വിടവാങ്ങിയ ശേഷം അപൂർവമായേ കണ്ടുമുട്ടിയിട്ടുള്ളൂ ഞങ്ങൾ. ഏതോ സഹകരണ ബാങ്കിൽ ഉദ്യോഗമുണ്ട് എന്നറിയാം. വിവാഹിതനല്ല. രാവും പകലും സ്വന്തം വിശ്വാസപ്രമാണങ്ങളിൽ മുഴുകി ജീവിക്കുന്നവർക്ക് പ്രണയവും വിവാഹവുംപോലുള്ള കാൽപനിക ലഹരികളിൽ അഭിരമിക്കാനെവിടെ സമയം? വസന്തത്തിന്റെ ഇടിമുഴക്കം മിക്കവാറും നിശ്ശബ്ദമായിക്കഴിഞ്ഞിട്ടും പഴയ വിപ്ലവകാരിയെയും യുക്തിവാദിയെയും ഉള്ളിൽനിന്നിറക്കിവിട്ടില്ല അവൻ. അപൂർവമായ കൂടിക്കാഴ്ചകളിലെല്ലാം നക്സലിസത്തിന്റെ സുവർണ നാളുകളെ കുറിച്ച് ഗൃഹാതുരത്വത്തോടെ വാചാലനാകാനായിരുന്നു അവനിഷ്ടം. ദീർഘകാലത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ വർഷം ഫോൺ വിളിച്ചപ്പോൾ മൂകാംബികയിൽ നിൽക്കുകയാണ് കക്ഷി; ക്ഷേത്രപരിസരത്ത്. കൗതുകം തോന്നി. ‘‘വിപ്ലവകാരിയായ നിനക്കെന്താ മൂകാംബികയിൽ കാര്യം? വഴിതെറ്റി വന്നുപെട്ടതാവും, അല്ലേ?’’ എന്റെ ചോദ്യം.
നിമിഷങ്ങൾ നീണ്ട നിശ്ശബ്ദതക്കൊടുവിൽ അവൻ പറഞ്ഞു: ‘‘അല്ല, രവീന്ദ്രൻ മാഷിന്റെ ഒരു പാട്ട് കൊണ്ടുവന്ന മാറ്റമാണ്. എന്തോ, ആ പാട്ട് ആവർത്തിച്ചു കേട്ടപ്പോൾ ഇങ്ങോട്ട് വരണമെന്ന് തോന്നി. കുറച്ചുകാലം മുമ്പ് വെറുതെ ഒരു രസത്തിന് തുടങ്ങിയ യാത്ര. ഇപ്പോൾ എല്ലാ കൊല്ലവും മുടങ്ങാതെ എത്തും. കുടജാദ്രി വരെ ചെന്ന് മടങ്ങും...’’
‘‘അപ്പോൾ നീ വിശ്വാസിയും ഭക്തനുമായി എന്നർഥം – ഞാൻ.
‘‘അങ്ങനെ പറയാമോ എന്നറിയില്ല. ചിലപ്പോൾ ആയിരിക്കാം; ഞാൻ പോലുമറിയാതെ. എന്തായാലും അന്ധവിശ്വാസിയൊന്നുമല്ല. ഒരു സത്യം പറഞ്ഞേ പറ്റൂ. ഇവിടെ വരുമ്പോൾ മനസ്സിന് ഒരു സമാധാനവും ശാന്തിയുമൊക്കെ കിട്ടുന്നുണ്ട്. നമുക്കൊക്കെ പ്രായമാകുകയല്ലേ?’’ ഒരു നിമിഷം നിർത്തി ആത്മഗതംപോലെ ഇത്രകൂടി: ‘‘വിപ്ലവവും വിശ്വാസവും ഒരുമിച്ചു കൊണ്ടുപോകരുതെന്ന് ആരും എവിടേയും എഴുതിവെച്ചിട്ടില്ലല്ലോ...’’
അപ്പോൾ അതാണ് കാര്യം. സംഗീതത്തിന് ഇങ്ങനെയുമുണ്ടല്ലോ ചില കഴിവുകൾ. അത്ഭുതത്തോടെ ഓർത്തു; അവന്റെ മൊബൈൽ ഫോണിന്റെ ഹലോ ട്യൂണും അതേ പാട്ടാണല്ലോ എന്ന്:
‘‘കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരീ,
ഗുണദായിനീ സർവ ശുഭകാരിണീ
കാതരഹൃദയ സരോവര നിറുകയിൽ
ഉദയാംഗുലിയാകൂ, മംഗള മന്ദസ്മിതം തൂകൂ...’’
കൗതുകമുണർത്തിയ ആ അനുഭവം വിവരിച്ചപ്പോൾ ഒരു നിമിഷം മൗനിയായി, ഗാനമെഴുതിയ കെ. ജയകുമാർ. കൈകൂപ്പിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ‘‘നമ്മളെക്കൊണ്ട് ആ പാട്ടെഴുതിച്ച ശക്തിക്ക്, മൂകാംബികാ ദേവിക്ക്, നന്ദി പറയാം. അല്ലാതെന്ത് ചെയ്യാൻ. സിനിമയിലെ ഏതോ സന്ദർഭത്തിനുവേണ്ടി പലവിധ പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് ക്ലിപ്തസമയത്തിനുള്ളിൽ എഴുതിക്കൊടുക്കുന്ന ഒരു പാട്ട് അകലെയെങ്ങോ ഏതൊക്കെയോ അജ്ഞാത മനുഷ്യരുടെ മനസ്സുകളെ ചെന്നു തൊടുന്നു എന്ന അറിവ് ഏത് എഴുത്തുകാരനെയാണ് സന്തോഷിപ്പിക്കാത്തത്. ഒരുപക്ഷേ ഒരു സിനിമാപ്പാട്ടിന് മാത്രം കഴിയുന്ന ഇന്ദ്രജാലം.’’
മാതൃഭൂമി ന്യൂസിന് വേണ്ടി വർഷങ്ങൾക്കു മുമ്പ് ‘ചക്കരപ്പന്തൽ’ എന്ന സംഗീതപരിപാടി ചിത്രീകരിക്കുന്നതിനിടെ ജയകുമാർ വികാരാധീനനായി പറഞ്ഞ വാക്കുകളായിരുന്നു ഓർമയിൽ: ‘‘ഇത്രയും കാലത്തെ ജീവിതത്തിനിടെ ഔദ്യോഗിക തലത്തിൽ പ്രധാനപ്പെട്ട പല പദവികളും വഹിച്ചിട്ടുണ്ട്. കലക്ടറായിരുന്നു, ചീഫ് സെക്രട്ടറിയും ചലച്ചിത്ര വികസന കോർപറേഷന്റെ എം. ഡിയും മലയാളം സർവകലാശാലയുടെ വൈസ് ചാൻസലറുമൊക്കെ ആയി. വൈവിധ്യമാർന്ന ചുമതലകൾ. എന്നാൽ ഇനിയൊരു തലമുറ എന്നെ ഓർക്കുമെങ്കിൽ അത് ഈ പദവികളുടെയൊന്നും പേരിലാവില്ല എന്ന് തോന്നാറുണ്ട്. കൊള്ളാമെന്ന് പലരും വിശ്വസിക്കുന്ന കുറെ ചലച്ചിത്ര ഗാനങ്ങളുടെ രചയിതാവ് എന്ന നിലക്കാകും...’’
മലയാളികളുടെ രണ്ടുമൂന്ന് തലമുറകൾ ഏറ്റുപാടിയ പാട്ടുകളുണ്ട് ‘കൊള്ളാവുന്ന’ ആ സൃഷ്ടികളിൽ. ചിലതൊക്കെ സൂപ്പർഹിറ്റുകൾ, ചിലതൊക്കെ അർഹിച്ച പരിഗണന നേടാതെ പോയവ: ചന്ദനലേപ സുഗന്ധം, കളരിവിളക്ക് തെളിഞ്ഞതാണോ (ഒരു വടക്കൻ വീരഗാഥ), കുടജാദ്രിയിൽ, നീലക്കുറിഞ്ഞികൾ, ദീപം കയ്യിൽ സന്ധ്യാദീപം (നീലക്കടമ്പ്), സായന്തനം നിഴൽ വീശിയില്ല (ഒഴിവുകാലം), ഒരേ സ്വരം (എന്റെ കാണാക്കുയിൽ), പ്രഭാതം വിടർന്നു പരാഗങ്ങൾ ചൂടി, ആകാശഗംഗാ തീരത്തിനപ്പുറം (കുഞ്ഞാറ്റക്കിളികൾ), സാരംഗി മാറിലണിയും, കാമിനീമുല്ലകൾ (പാവക്കൂത്ത്), സൂര്യാംശുവോരോ വയൽപ്പൂവിലും, മൂവന്തിയായ് (പക്ഷേ), എത്രനാൾ എത്രനാളും (മെയ് ദിനം), സൗപർണികാമൃത വീചികൾ, ഹേ കൃഷ്ണ (കിഴക്കുണരും പക്ഷി), പാൽ നിലാവിലെ (ബട്ടർൈഫ്ലസ്), നക്ഷത്രനാളങ്ങളോ (ശശിനാസ്), ഒരു പോക്കുവെയിലേറ്റ (സ്വർണചാമരം), ആഷാഢം പാടുമ്പോൾ, ഇത്രമേൽ മണമുള്ള (മഴ), ശാരികേ നിന്നെക്കാണാൻ (രാക്കിളിപ്പാട്ട്)...

‘നീലക്കടമ്പി’ന്റെ റെക്കോഡിങ്: യേശുദാസ്, ചിത്ര, ജയകുമാർ, രവീന്ദ്രൻ, അംബി എന്നിവർ
വിദ്യാർഥിയുടെ പാട്ട്
അരനൂറ്റാണ്ട് പിന്നിട്ടു ജയകുമാർ ഗാനരചനാ രംഗത്തെത്തിയിട്ട്. പിതാവായ എം. കൃഷ്ണൻ നായർ സംവിധാനംചെയ്ത ‘ഭദ്രദീപ’ത്തിൽ ആദ്യത്തെ പാട്ടെഴുതുമ്പോൾ മാർ ഇവാനിയോസ് കോളജിൽ ബി.എസ് സി വിദ്യാർഥിയാണദ്ദേഹം. പടത്തിലെ മറ്റു പാട്ടുകളെഴുതുന്നത് വയലാർ രാമവർമ. സംഗീതം ബാബുരാജ്. മകന്റെ ഉള്ളിലെ കവിയെ അച്ഛൻ നേരത്തേ തിരിച്ചറിഞ്ഞിരുന്നെങ്കിലും ഒരു ഉപാധിയോടെയാണ് അദ്ദേഹം കൗമാരക്കാരനായ ഗാനരചയിതാവിനെ സിനിമയിൽ അവതരിപ്പിച്ചത്: ‘‘വയലാറിന് ഇഷ്ടപ്പെടുകയാണെങ്കിലേ നിന്റെ പാട്ട് സിനിമയിൽ ഉപയോഗിക്കൂ...’’ വയലാർ ഗാനങ്ങളുടെ അലൗകിക സൗന്ദര്യത്തിൽ മുഴുകി ബാല്യം ചെലവഴിച്ച മകന് പൂർണസമ്മതം.
സിവിൽ സർവിസിൽ കടന്നുചെന്നതോടെ ജീവിതം മറ്റൊരു വഴിയിലൂടെ ഒഴുകിത്തുടങ്ങിയെങ്കിലും പാട്ടെഴുതാനുള്ള അടങ്ങാത്ത അഭിനിവേശം അപ്പോഴുമുണ്ട് ഉള്ളിൽ. അടുത്ത സുഹൃത്ത് കൂടിയായ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ പി.വി. ഗംഗാധരനാണ് മോഹം സഫലമാക്കാൻ ഒപ്പം നിന്നത്. പി.വി.ജി നിർമിച്ച പത്മരാജൻ-ഭരതൻ കൂട്ടുകെട്ടിന്റെ ‘ഒഴിവുകാല’ത്തിൽ ജോൺസന്റെ ഈണത്തിൽ രണ്ടു പാട്ടുകളെഴുതിക്കൊണ്ട് ഗാനരചനാപർവത്തിലെ രണ്ടാമത്തെ ഘട്ടത്തിന് തുടക്കമിടുന്നു ജയകുമാർ. ആദ്യമെഴുതിയത് ‘‘ചൂളം കുത്തും കാറ്റേ’’ എന്ന സംഘഗാനം. ജോൺസന്റെ ട്യൂണിനനുസരിച്ചെഴുതിയ ഗാനമായിരുന്നു അത്. എന്നാൽ ജയകുമാറിന്റെ ഹൃദയത്തോട് കൂടുതൽ ചേർന്നുനിന്നത് ആദ്യമെഴുതി ട്യൂൺ ചെയ്ത ‘‘സായന്തനം നിഴൽ വീശിയില്ല’’ എന്ന പാട്ട്. സ്വന്തം രചനകളിൽ ഏറ്റവും പ്രിയപ്പെട്ടവയിലൊന്നാണത്. പ്രണയം സഫലമാക്കാൻ കഴിയാതെ പരസ്പരം വഴിപിരിഞ്ഞുപോയ രണ്ടുപേർ ജീവിതസായാഹ്നത്തിൽ കണ്ടുമുട്ടുന്നതാണ് ഗാനസന്ദർഭം. ‘‘പൊയ്പ്പോയ നാളിൻ മയിൽപ്പീലിമിഴികളിൽ നീലാഞ്ജനദ്യുതി മങ്ങിയില്ല’’ എന്ന ഒറ്റ വരിയിലുണ്ട് കഥയുടെ ആത്മാവ് മുഴുവൻ.
കവിയുടെ പ്രാർഥന
കുടജാദ്രി ജനിച്ചുവീണ രാത്രി ഇന്നുമുണ്ട് ‘നീലക്കടമ്പി’ന്റെ സംവിധായകൻ അംബി എന്ന അംബികുമാറിന്റെ ഓർമയിൽ. എങ്ങനെ മറക്കാൻ കഴിയും? സ്റ്റിൽ ഫോട്ടോഗ്രാഫറും സഹസംവിധായകനുമൊക്കെയായിരുന്ന അംബിയുടെ സിനിമാജീവിതത്തിന്റെ ബാലൻസ് ഷീറ്റിൽ ഇന്നും തിളങ്ങിനിൽക്കുന്നത് ആ പാട്ടു തന്നെയല്ലേ? ‘‘തിരുവനന്തപുരത്ത് ഹെഡ് പോസ്റ്റ് ഓഫിസിന്റെ എതിർവശത്ത് റോഡരികിലായി ഉയരമുള്ള ഒരു സിമന്റ് തറയുണ്ടായിരുന്നു അക്കാലത്ത്. പകൽസമയത്ത് ട്രാഫിക് പൊലീസുകാരാണ് സാധാരണ അവിടെ ഇരിക്കുക. നഗരം മിക്കവാറും ഉറക്കത്തിലേക്ക് വഴുതിവീണുകഴിഞ്ഞ ഒരു രാത്രി, ആ തിണ്ണയിലിരുന്നാണ് ജയകുമാറിനും രവീന്ദ്രൻ മാഷിനും പാട്ടിന്റെ സിറ്റുവേഷൻ ഞാൻ വിവരിച്ചുകൊടുത്തത്. സുഹൃത്തും സന്തതസഹചാരിയുമായ നിയതി ശ്രീകുമാറുമുണ്ട് എല്ലാറ്റിനും സാക്ഷിയായി.
കുടജാദ്രിയുടെ അന്തരീക്ഷത്തിൽനിന്നുകൊണ്ട് എന്റെ സിനിമയിലെ നായിക പ്രാർഥനയായി പാടേണ്ട പാട്ട്. സന്ധ്യാനാമത്തിന്റെ വിശുദ്ധിയുള്ള ഒരു ഗാനമാണ് വേണ്ടത്. ഏതാനും നിമിഷങ്ങൾകൊണ്ട് ജയകുമാർ പാട്ടെഴുതിത്തീർക്കുന്നു. രവീന്ദ്രൻ അവിടെയിരുന്നുതന്നെ മനസ്സിൽ തോന്നിയ ഈണങ്ങൾ ഞങ്ങളെ പാടിക്കേൾപ്പിക്കുന്നു... സിനിമക്കു വേണ്ട ട്യൂൺ നിശ്ചയിച്ചു തീർന്നപ്പോഴേക്കും നേരം പുലരാനായി. എങ്കിലും അന്ന് യാത്രപറഞ്ഞു പിരിയുമ്പോൾ ഞങ്ങൾ മൂന്ന് പേരുടെയും ചുണ്ടിൽ ആ ഈണമുണ്ടായിരുന്നു. കേരളം മുഴുവൻ ഏറ്റുപാടാൻ പോകുന്ന ഈണമാണതെന്ന് അന്ന് ചിന്തിച്ചിരുന്നില്ലല്ലോ...’’ അസമയത്ത് റോഡരികിൽ പതുങ്ങിയിരുന്ന നാൽവർ സംഘത്തെ സംശയത്തോടെ നോക്കി കടന്നുപോയ ബീറ്റ് പൊലീസുകാരന്റെ ചിത്രമാണ് ആ രാവിന്റെ ഓർമകൾക്കൊപ്പം അംബിയുടെ മനസ്സിൽ ഇന്നും തെളിയുക.
‘‘അഴലിന്റെ ഇരുൾ വന്നു മൂടുന്ന മിഴികളിൽ നിറകതിർ നീ ചൊരിയൂ ജീവനിൽ സൂര്യോദയം തീർക്കൂ’’ എന്ന വരി ഒരർഥത്തിൽ കവിയുടെ കൂടി പ്രാർഥനയായിരുന്നു. ‘‘ജീവിതത്തിന്റെ ഏതെങ്കിലുമൊരു ദശാസന്ധിയിൽ മനസ്സുകൊണ്ടെങ്കിലും അങ്ങനെ പ്രാർഥിക്കാത്തവരുണ്ടാകുമോ?’’ –ജയകുമാറിന്റെ ചോദ്യം. പടത്തിന്റെ ചിത്രീകരണം തുടങ്ങുംമുമ്പേ പാട്ടുകൾ പുറത്തിറങ്ങുകയും ഹിറ്റാകുകയുംചെയ്തു –പ്രത്യേകിച്ച് കുടജാദ്രിയിൽ. പ്രഭാതവേളകളിൽ കേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ ആ ഗാനം മുഴങ്ങിത്തുടങ്ങിയതും അതേ നാളുകളിൽതന്നെ. പക്ഷേ, പടം മാത്രം വെളിച്ചം കണ്ടില്ല. സാമ്പത്തിക പ്രശ്നങ്ങൾതന്നെ കാരണം. നിർമാണ പങ്കാളികളാകാൻ സമ്മതിച്ചവർ അവസാന നിമിഷം പിന്മാറിയതും തിരിച്ചടിയായി. മൂകാംബികാ ക്ഷേത്രസന്നിധിയിൽ വെച്ച് പടത്തിന്റെ സ്വിച്ചോൺ നിർവഹിച്ചത് ലീഡർ കെ. കരുണാകരനും മക്കളായ മുരളിയും പത്മജയും ചേർന്നായിരുന്നു. മുഖ്യറോളുകളിൽ ശങ്കറും മോനിഷയും. ‘‘മോനിഷയെ വെച്ച് മൂകാംബിക ക്ഷേത്രപരിസരത്ത് കുടജാദ്രിയിൽ എന്ന ഗാനം ചിത്രീകരിക്കുകവരെ ചെയ്തു. പക്ഷേ പിന്നീടങ്ങോട്ട് കാര്യങ്ങൾ വിചാരിച്ചപോലെ നീങ്ങിയില്ല...’’ –അംബി പറയുന്നു.
സംഗീത സംവിധായകൻ രവീന്ദ്രനും ഏറെ പ്രിയപ്പെട്ട പാട്ടായിരുന്നു കുടജാദ്രിയിൽ. സിനിമയിൽ തന്റെ രാശി തെളിഞ്ഞത് ആ പാട്ടോടെയാണെന്നു വിശ്വസിച്ചു അദ്ദേഹം. ‘‘മൂകാംബികയിൽ ചെന്ന് ദേവിയെ തൊഴണം എന്നത് രവിയേട്ടന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. പരിചയപ്പെട്ട കാലം മുതലേ പലതവണ ഈ ആഗ്രഹം പങ്കുവെച്ചിട്ടുണ്ട് അദ്ദേഹം. നീണ്ട കാത്തിരിപ്പിനു ശേഷം മൂകാംബികായാത്ര എന്ന സ്വപ്നം സഫലമാക്കി ചെന്നൈയിൽ തിരിച്ചെത്തിയ ദിവസമാണ് എന്റെ സിനിമയിലെ പാട്ടുകളുടെ സിറ്റുവേഷൻ വിവരിക്കാൻ ഞാൻ കെ.കെ നഗറിലെ വീട്ടിൽ അദ്ദേഹത്തെ കാണാൻ ചെല്ലുന്നത്. എന്തൊരു യാദൃച്ഛികത എന്നോർക്കണം. ഒരു പാട്ട് മൂകാംബികയെ കുറിച്ചാണ് എന്നറിഞ്ഞ നിമിഷം മറ്റൊന്നും ചിന്തിക്കാതെ സന്തോഷപൂർവം അദ്ദേഹം ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ദേവിയുടെ അനുഗ്രഹം തന്നെയാകണം ഞങ്ങളെ ഒരുമിപ്പിച്ചത്.’’ –അംബിയുടെ വാക്കുകൾ.
ഒരർഥത്തിൽ ‘‘കുടജാദ്രിയിൽ’’ എന്ന പാട്ടിന്റെ തുടർച്ച തന്നെയായിരുന്നു ‘‘സൗപർണികാമൃത വീചികൾ’’. ആറു വർഷത്തെ ഇടവേളക്കുശേഷം മൂകാംബികയെ കുറിച്ച് മറ്റൊരു പാട്ടെഴുതാനിരിക്കുമ്പോഴേക്കും ഗാനരചയിതാവ് എന്ന നിലയിൽ ശ്രദ്ധേയനായിക്കഴിഞ്ഞു ജയകുമാർ. ‘‘എന്നെ സംബന്ധിച്ച് ‘കിഴക്കുണരും പക്ഷി’യിലെ പാട്ട് ഒരു വെല്ലുവിളിയായിരുന്നു. കുടജാദ്രിയുടെ അഭൂതപൂർവമായ സ്വീകാര്യതയോട് കിടപിടിക്കുന്നതാവണം പുതിയ രചന. അതേസമയം, പഴയ പാട്ടിന്റെ അനുകരണവുമാകരുത്. ധ്യാനസാന്ദ്രതയുള്ള ഗാനം വേണമെന്നായിരുന്നു സംവിധായകൻ വേണു നാഗവള്ളിയുടെ ആവശ്യം. ചിന്തിച്ചുനോക്കിയപ്പോൾ സൗപർണികയിൽനിന്ന് തുടങ്ങുന്നതാവും നല്ലത് എന്നു തോന്നി. ട്യൂണിട്ട് എഴുതിക്കുന്നതാണ് രവീന്ദ്രൻ മാഷിന്റെ ശൈലിയെങ്കിലും, ഈ പാട്ട് എഴുതി ട്യൂൺ ചെയ്യാമെന്ന് നിർദേശിച്ചപ്പോൾ സംശയമൊന്നും കൂടാതെ അത് സ്വീകരിച്ചു മാഷ്. ഒരു രാത്രി പന്ത്രണ്ടു മണിക്കാണ് പാട്ടെഴുതാനിരുന്നത്. വെളുപ്പിന് നാലുമണിയായി എഴുതിത്തീർന്നപ്പോൾ. അന്നുച്ചയോടെ രവീന്ദ്രൻ ആ ഗാനം ചിട്ടപ്പെടുത്തുകയുംചെയ്തു.’’
ശുദ്ധ ധന്യാസി രാഗത്തിൽ മാസ്റ്റർ സൃഷ്ടിച്ച ആ ഗാനം യേശുദാസിന്റെയും മിന്മിനിയുടെയും ശബ്ദങ്ങളിലാണ് റെക്കോഡ് ചെയ്യപ്പെട്ടത്. ആശയപരമായി കുറച്ചുകൂടി മുന്നിൽ നിന്ന പാട്ടാണ് ‘‘സൗപർണികാമൃത വീചികൾ’’ എന്ന് പറയും ജയകുമാർ. ‘‘ഒ.എൻ.വിയെ പോലുള്ള മഹാകവികൾപോലും രചനയെ കുറിച്ച് നല്ലതു പറഞ്ഞുകേട്ടപ്പോൾ സന്തോഷം തോന്നി. ‘കരിമഷി പടരുമീ കൽവിളക്കിൽ കനകാങ്കുരമായ് വിരിയേണം, നീ അന്തർനാളമായ് തെളിയേണം’ എന്ന വരി ഏറെ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. പാട്ടിന്റെ ആത്മാവിനെ തെല്ലും നോവിക്കാതെ രവീന്ദ്രൻ പകർന്ന സംഗീതവും എടുത്തുപറയണം. പിന്നെ യേശുദാസിന്റെ സ്വർഗീയ നാദലാവണ്യവും.’’

കെ. ജയകുമാർ, രവി മേനോൻ
ചന്ദനലേപ സുഗന്ധം
‘വടക്കൻ വീരഗാഥ’യുടെ തിരക്കഥയും സംഭാഷണവും എഴുതിക്കൊടുക്കുമ്പോൾ ഒരു നിബന്ധനയുണ്ടായിരുന്നു എം.ടി. വാസുദേവൻ നായർക്ക്: പടത്തിൽ പാട്ട് വേണ്ട. ഇടക്കിടെയുള്ള ഗാനരംഗങ്ങൾ കഥയുടെ ഒഴുക്കിനെ ബാധിക്കും. ഉദയാ നിർമിച്ച വടക്കൻപാട്ട് ചിത്രങ്ങളുടെ ഫോർമുല പിന്തുടരുന്നതിനോട് വിയോജിപ്പായിരുന്നു നായകൻ മമ്മൂട്ടിക്കും. എന്നാൽ, പാട്ടുകളുടെ നിത്യകാമുകനായ സംവിധായകനുണ്ടോ കുലുങ്ങുന്നു? പാട്ടില്ലാത്ത ‘വടക്കൻ വീരഗാഥ’യെക്കുറിച്ച് സങ്കൽപിക്കാനേ വയ്യ ഹരിഹരന്. പടം ഹരന്റേതാകുമ്പോൾ ജനം ഹരമുള്ള ഗാനങ്ങളും പ്രതീക്ഷിക്കും എന്ന് ഉറപ്പ്. കഥയിൽ പൂർണമായും അലിഞ്ഞുചേരുന്ന പാട്ടുകൾ. ‘ലേഡീസ് ഹോസ്റ്റൽ’ മുതലിങ്ങോട്ടുള്ള ഹരിഹരൻ സിനിമകളുടെ ചരിത്രം അതാണല്ലോ. പോരാത്തതിന് ഇതൊരു വടക്കൻ പാട്ട് ചിത്രവും. പാട്ടില്ലാതെ എന്ത് വടക്കൻപാട്ട്?
തിരക്കഥ പലയാവർത്തി ശ്രദ്ധയോടെ വായിച്ചപ്പോൾ സിനിമയിലെ രണ്ടോ മൂന്നോ സന്ദർഭങ്ങളിൽ ഗാനങ്ങൾ ഉണ്ടാവുന്നത് അഭംഗിയാവിെല്ലന്ന് തോന്നി ഹരിഹരന്. കഥയുമായി ഇണങ്ങിച്ചേർന്നു പോകുന്നില്ലെങ്കിൽ ഒഴിവാക്കാം എന്ന ഉപാധിയോടെ ഒടുവിൽ ഗാനങ്ങൾ ചിത്രീകരിക്കാൻ എം.ടിയിൽനിന്ന് അനുമതി വാങ്ങുന്നു സംവിധായകൻ. മനസ്സില്ലാമനസ്സോടെ ആ ‘പരീക്ഷണ’ത്തിന് സമ്മതംമൂളൂകയായിരുന്നു എം.ടി. ഇനിയുള്ള കഥ ഹരിഹരന്റെ വാക്കുകളിൽ: ‘‘പടം റിലീസായ ദിവസം എനിക്ക് ലഭിച്ച ആദ്യത്തെ ഫോണ്കോളുകളിൽ ഒന്ന് മമ്മൂട്ടിയുടേതായിരുന്നു. വികാരാവേശം മറച്ചുവെക്കാതെ മമ്മൂട്ടി പറഞ്ഞു: ‘പാട്ടുകളാണ് സിനിമയുടെ ഹൈലൈറ്റുകളിൽ ഒന്ന് എന്ന് ആളുകൾ പറയുന്നു. എന്റെ പഴയ അഭിപ്രായം ഞാൻ പിൻവലിക്കുകയാണ്.’ എം.ടിയും അതേ അഭിപ്രായം പങ്കുെവച്ചപ്പോൾ ആശ്വാസത്തോടൊപ്പം സന്തോഷവും തോന്നി’’യെന്ന് ഹരിഹരൻ. ‘‘മലയാളി പ്രേക്ഷകരെ കുറിച്ചുള്ള നമ്മുടെ വിലയിരുത്തൽ തെറ്റിയില്ലല്ലോ. ഇന്ന് കാണുമ്പോഴും ജയകുമാറിന്റെ ചന്ദനലേപസുഗന്ധം, കളരിവിളക്ക് തെളിഞ്ഞതാണോ, കൈതപ്രത്തിന്റെ ഇന്ദുലേഖ കൺതുറന്നു എന്നീ പാട്ടുകൾ ഇല്ലായിരുന്നെങ്കിൽ വടക്കൻ വീരഗാഥ അപൂർണമായേനെ എന്ന് തോന്നാറുണ്ട്.’’
ജയകുമാറിനെയാണ് ഹരിഹരൻ പാട്ടെഴുതാനുള്ള ചുമതല ഏൽപ്പിച്ചത്; സിനിമയിലെ ഗുരുവായ എം. കൃഷ്ണൻ നായരുടെ മകൻ. കോഴിക്കോട് കലക്ടറാണ് അന്ന് ജയകുമാർ. ഔദ്യോഗിക ചുമതലകളുമായി ശ്വാസംവിടാൻപോലും സമയമില്ലാത്ത അവസ്ഥയിലാണ് അദ്ദേഹം. നിമിഷങ്ങൾക്ക് പൊന്നുവിലയുള്ള കാലം. തിരക്കുകളുടെ നടുവിൽനിന്ന് ഒരു നാൾ ജയകുമാറിനെ ‘വടക്കൻ വീരഗാഥ’യുടെ നിർമാതാവ് പി.വി. ഗംഗാധരൻ അളകാപുരിയിലേക്ക് ‘റാഞ്ചി’ക്കൊണ്ട് വരുന്നു. കഥാ സന്ദർഭം വിവരിച്ചു കേട്ടശേഷം അളകാപുരിയിലെ ഒരു കോട്ടേജിൽ കയറി വാതിലടക്കുന്നു അദ്ദേഹം. ഏതാനും മിനിറ്റുകളേ വേണ്ടിവന്നുള്ളൂ പല്ലവി എഴുതിത്തീർക്കാൻ. ‘‘ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ’’ എന്ന തുടക്കം എം.ടിക്ക് ഇഷ്ടപ്പെട്ടെങ്കിലും ചരണത്തിൽ പൂർണ തൃപ്തനായിരുന്നില്ല അദ്ദേഹം എന്ന് ജയകുമാർ. ‘‘ശ്രമിച്ചാൽ ഒന്നുകൂടി നന്നാകും’’ എന്നേ പറഞ്ഞുള്ളൂ എം.ടി. അതിലുണ്ടായിരുന്നു എല്ലാം. എഴുതിത്തീർത്ത ‘മുറിപ്പാട്ടു’മായി ജോലിത്തിരക്കിലേക്ക് മടങ്ങിപ്പോകുന്നു കലക്ടർ. ദിവസങ്ങളുടെ ഇടവേളക്കുശേഷം പിന്നീട് ചെന്നൈയിൽ വെച്ചാണ് ‘‘മല്ലീസായകൻ തന്നയച്ചോ നിന്റെ അംഗോപാംഗ വിഭൂഷണങ്ങൾ’’ എന്ന് തുടങ്ങുന്ന ചരണമെഴുതിയത്. ആദ്യ കേൾവിയിൽതന്നെ എം.ടിയും ഹരിഹരനും ഒരുപോലെ സന്തുഷ്ടർ.

വാക്കുകളാൽ വരച്ച ചിത്രങ്ങൾ
‘‘സൂര്യാംശു ഓരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ’’ എന്ന് പാടിക്കേൾക്കുമ്പോൾ ഇന്നും എന്റെ മനസ്സിൽ തെളിയുന്ന ഒരു ചിത്രമുണ്ട്. കാലത്തിന് പോറൽപോലുമേൽപ്പിക്കാൻ കഴിയാത്ത, മിഴിവാർന്ന ചിത്രം. രണ്ടു കിലോമീറ്റർ അകലെയുള്ള സ്കൂളിലേക്ക്, മഞ്ഞുമൂടിയ വയലേലകൾക്കിടയിലെ മൺപാതയിലൂടെ ഒറ്റക്ക് നടന്നുപോകുന്ന ഒരു വയനാടൻ കുട്ടി. എല്ലാ കാഴ്ചകളും വിസ്മയമായിരുന്നു അവന്. പാടവും തോടും താണ്ടി മുന്നോട്ട് പോയാൽ വഴിയരികിൽ പൂത്തുനിൽക്കുന്ന കാപ്പിച്ചെടികൾ കാണാം; അതു കഴിഞ്ഞു തേയിലക്കാടുകളും.
വയൽപ്പൂക്കളിലെന്നപോലെ കാപ്പിപ്പൂക്കളിലും തേയിലക്കൊളുന്തുകളിലുമെല്ലാം വൈരം പതിക്കുന്നുണ്ടാകും പ്രഭാതരശ്മികൾ. വജ്രംപോലെ തിളങ്ങുന്ന ആ ഹിമകണങ്ങൾ കൗതുകത്തോടെ നോക്കിനിൽക്കും അവൻ. മൃദുവായി അവയെ ഒന്ന് തൊടാൻ വെമ്പും കുഞ്ഞുവിരലുകൾ. സ്കൂൾ വിട്ട് തിരികെ വരുമ്പോഴേക്കും അപ്രത്യക്ഷമായിരിക്കും ആ പളുങ്കുമണികൾ. പിറ്റേന്ന് കാലത്ത് ‘‘മണ്ണിന്റെ പ്രാർഥനാ ലാവണ്യമായ്, വിണ്ണിന്റെ ആശംസയായ്’’ അവ വീണ്ടും പൂത്തുകാണാനുള്ള കാത്തിരിപ്പാണ് പിന്നെ.
‘‘ജയകുമാറിന്റെ ഏറ്റവും മികച്ച രചനയാണ് സൂര്യാംശു എന്ന് പറയും ഞാൻ. എന്റെ സിനിമയുടെ ആശയം മുഴുവനുണ്ട് ആ വരികളിൽ’’ –‘പക്ഷേ’ എന്ന ചിത്രത്തിന്റെ സംവിധായകൻ മോഹന്റെ വാക്കുകൾ ഓർമവരുന്നു. സ്വന്തം സിനിമകളിൽ മോഹന് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നും അതുതന്നെ.
ഐ.എ.എസ് എന്ന സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് വിജയകരമായി പിന്നിട്ട മോഹൻലാൽ കഥാപാത്രത്തിന്റെ ആത്മഗതമായി സിനിമയിൽ വരുന്ന പാട്ട്. എഴുതി ഈണമിട്ട പാട്ടാണതെന്ന പ്രത്യേകതയുണ്ട്. ‘‘ആദ്യം കേൾക്കുമ്പോഴേ തന്നെ മനസ്സിൽ തങ്ങുന്നതാവണം ഗാനത്തിന്റെ തുടക്കം എന്ന പാഠം പഠിച്ചത് വയലാറിൽനിന്നാണ്’’ –ജയകുമാറിന്റെ വാക്കുകൾ. ‘‘വയലാർ ഗാനങ്ങൾ ശ്രദ്ധിച്ചാലറിയാം പല്ലവി എപ്പോഴും ആകർഷകമായിരിക്കും. ഇമേജറികൾകൊണ്ട് മാത്രമല്ല പദസൗന്ദര്യംകൊണ്ടും.’’ സൂര്യാംശുവോരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ എന്ന തുടക്കത്തിന് കടപ്പാട് പ്രകൃതിയോടാണ്. കുട്ടിക്കാലം മുതലേ മനസ്സിൽ പതിഞ്ഞ ദൃശ്യമാണല്ലോ അത്. മാത്രമല്ല, ലാലിന്റെ നായക കഥാപാത്രം എന്തിലും സൗന്ദര്യം കണ്ടെത്തുന്ന മാനസികാവസ്ഥയിലുമാണ്.’’
വിജയം കൈപ്പിടിയിലൊതുക്കാൻ ചുറ്റുമുള്ളവരുടെ സ്നേഹവാത്സല്യങ്ങളും പ്രാർഥനകളും മാത്രം പോരാ, ഈശ്വരാനുഗ്രഹംകൂടി വേണം. ‘‘മണ്ണിന്റെ പ്രാർഥനാ ലാവണ്യമായ്, വിണ്ണിന്റെ ആശംസയായ്’’ എന്നെഴുതുമ്പോൾ ആ ചിന്തയായിരുന്നു മനസ്സിൽ. വരികളുടെ ആത്മാവ് തൊട്ടറിഞ്ഞു ജോൺസൺ ഈണമിടുക കൂടി ചെയ്തതോടെ മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നായി മാറി ‘‘സൂര്യാംശു.’’
പാട്ടുകൾ അവസാനിക്കുന്നില്ല; പാട്ടുകഥകളും. ‘‘തിരിഞ്ഞുനോക്കുമ്പോൾ സന്തോഷം മാത്രം. ബാബുരാജ്, ദേവരാജൻ, രവി, രവീന്ദ്ര ജെയ്ൻ, ജോൺസൺ, രവീന്ദ്രൻ, കീരവാണി തുടങ്ങി അതിപ്രഗല്ഭരായ എത്രയോ സംഗീതശിൽപികൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു. യേശുദാസ് എന്ന മഹാഗായകൻ നമ്മുടെ പാട്ടുകൾക്ക് ശബ്ദം നൽകിക്കേൾക്കാൻ ഭാഗ്യമുണ്ടായി. സങ്കൽപങ്ങൾക്ക് അപ്പുറമുള്ള കാര്യങ്ങളാണെല്ലാം. വയലാറും ഭാസ്കരൻ മാഷുമൊക്കെ നിറഞ്ഞുനിൽക്കുന്ന കാലത്താണ് എഴുതിത്തുടങ്ങിയത്. അഭിരുചികളും പ്രവണതകളും അനുനിമിഷം മാറിമറിയുന്ന ഈ ഡിജിറ്റൽ വിപ്ലവകാലത്തും ഇടക്കൊക്കെ പാട്ടുകൾ എഴുതുന്നു. നിർഭാഗ്യവശാൽ സിനിമയിൽ പണ്ടത്തെപ്പോലെ പ്രാധാന്യമില്ല പാട്ടുകൾക്ക്. പശ്ചാത്തലത്തിൽ മിന്നിമറയുന്നേയുള്ളൂ അവ. എന്നെങ്കിലും തിരിച്ചുവരുമോ പോയി മറഞ്ഞ ആ ഗാനവസന്തം എന്ന് ചോദിച്ചാൽ അങ്ങനെയൊരു കാലത്തിനായി നമുക്ക് സ്വപ്നം കാണാം എന്നേ പറയാനാകൂ...’’ ശരിയാണ്. ‘‘ഇത്രമേൽ മണമുള്ള കുടമുല്ലപ്പൂവുകൾക്ക് എത്ര കിനാക്കളുണ്ടായിരിക്കും’’ എന്ന് വിസ്മയിച്ച കവിക്ക് അങ്ങനെയല്ലേ പ്രതീക്ഷിക്കാനാകൂ?