Begin typing your search above and press return to search.
proflie-avatar
Login

തനത്​ വരുമാനത്തിൽ തളിർത്ത്​ പന്തലിച്ച്​

തനത്​ വരുമാനത്തിൽ തളിർത്ത്​ പന്തലിച്ച്​
cancel

അർഹമായ ധനവിഹിതം ലഭിക്കാതിരുന്നതുമൂലമുള്ള ബുദ്ധിമുട്ടുകൾക്ക് നടുവിലും തനത്​ വരുമാനം വർധിപ്പിച്ചും പ്രതിസന്ധികളെ വകഞ്ഞുമാറ്റിയുമാണ്​ കേരളം അതിജീവനത്തിന്​ വഴിയൊരുക്കിയത്​. ചെലവുകൾക്ക്‌ മുൻഗണന നിശ്ചയിച്ചതിനൊപ്പം പദ്ധതി പ്രവർത്തനങ്ങളുടെ സമയബന്ധിതമായ നിർവഹണം ഉറപ്പാക്കിയും ​ധനസ്​ഥിതി മെച്ചപ്പെടുത്താനായത്​. കേന്ദ്ര ഗ്രാന്റുകൾ കുത്തനെ കുറഞ്ഞ കാലമായിരുന്നിട്ടുകൂടി ധനഞെരുക്കം ഏറ്റവും കൂടുതൽ ബാധിച്ച കഴിഞ്ഞ സാമ്പത്തിക വർഷവും പൊതുചെലവ്‌ റെക്കോഡിലേക്ക്‌ ഉയർത്തി എന്നതും എടുത്തുപറയേണ്ടതാണ്​. ധനഞെരുക്കമുണ്ടായിട്ടും ക്ഷേമാശ്വാസ ചെലവുകൾ വെട്ടിക്കുറക്കാൻ തയാറായില്ല. അനാവശ്യ ചെലവുകൾ...

Your Subscription Supports Independent Journalism

View Plans

അർഹമായ ധനവിഹിതം ലഭിക്കാതിരുന്നതുമൂലമുള്ള ബുദ്ധിമുട്ടുകൾക്ക് നടുവിലും തനത്​ വരുമാനം വർധിപ്പിച്ചും പ്രതിസന്ധികളെ വകഞ്ഞുമാറ്റിയുമാണ്​ കേരളം അതിജീവനത്തിന്​ വഴിയൊരുക്കിയത്​. ചെലവുകൾക്ക്‌ മുൻഗണന നിശ്ചയിച്ചതിനൊപ്പം പദ്ധതി പ്രവർത്തനങ്ങളുടെ സമയബന്ധിതമായ നിർവഹണം ഉറപ്പാക്കിയും ​ധനസ്​ഥിതി മെച്ചപ്പെടുത്താനായത്​. കേന്ദ്ര ഗ്രാന്റുകൾ കുത്തനെ കുറഞ്ഞ കാലമായിരുന്നിട്ടുകൂടി ധനഞെരുക്കം ഏറ്റവും കൂടുതൽ ബാധിച്ച കഴിഞ്ഞ സാമ്പത്തിക വർഷവും പൊതുചെലവ്‌ റെക്കോഡിലേക്ക്‌ ഉയർത്തി എന്നതും എടുത്തുപറയേണ്ടതാണ്​.

ധനഞെരുക്കമുണ്ടായിട്ടും ക്ഷേമാശ്വാസ ചെലവുകൾ വെട്ടിക്കുറക്കാൻ തയാറായില്ല. അനാവശ്യ ചെലവുകൾ കർശനമായി നിയന്ത്രിച്ചും, സാമൂഹിക സുരക്ഷ, ക്ഷേമപ്രവർത്തനങ്ങൾക്കെല്ലാം ഊന്നൽ നൽകിയുമാണ്‌ സർക്കാർ മുന്നോട്ടുപോകുന്നത്‌. സമ്പദ്‌ഘടനക്ക് മികച്ച വളർച്ച ഉറപ്പാക്കാനാകുന്നുവെന്നതാണ്‌ കഴിഞ്ഞ വർഷങ്ങളിൽ പ്രകടമായ മാറ്റം. 2019-20ൽ സംസ്ഥാനത്തിന്റെ ജി.എസ്‌.ഡി.പി വളർച്ച 3.13 ശതമാനമായിരുന്നു. ഇന്ത്യയുടേത്‌ 6.3 ശതമാനവും. 2020-21ൽ കോവിഡ്‌ സാഹചര്യത്തിൽ രാജ്യത്തും സംസ്ഥാനത്തും വളർച്ചയല്ല, മറിച്ച്‌ സാമ്പത്തിക തളർച്ചയാണ്‌ നേരിട്ടത്‌. പിന്നീട്‌ സമ്പദ്‌ഘടനയിൽ വളർച്ച മാത്രമാണുള്ളത്‌. 2023-24ൽ കേരളത്തിന്റെ ആഭ്യന്തര വളർച്ച നിരക്ക്‌ 11.97 ശതമാനമായിരുന്നു. എന്നാൽ, രാജ്യത്തിന്റേത്‌ 9.6 ശതമാനവും. രാജ്യത്തിന്റെ വളർച്ച നിരക്കിനേക്കാൾ മികച്ച ആഭ്യന്തര വളർച്ച നിരക്ക്‌ നേടാൻ കേരളത്തിന്‌ കഴിയുന്നുവെന്നതാണ്​ ഈ കണക്കുകൾ സൂചിപ്പിക്കുന്നത്​.

ബജറ്റ്​ അവതരണ വേളയിൽ ധനസ്ഥിതിയെ കുറിച്ചുള്ള ‘ടേക്ക്​ ഓഫ്’ പരാമർശ​ം വിമർശനാത്മകമായെങ്കിലും കണക്കുകൾ പരിശോധിക്കുമ്പോൾ അക്ഷരാർഥത്തിലുള്ള ടേക്ക്​ ഓഫ്​തന്നെയാണ്​ സംഭവിക്കുന്നതെന്ന്​ വ്യക്തം. വരുമാനം വലിയ തോതിൽ ഉയർന്നുവെന്നതാണ്​ ഇതിനുള്ള പ്രധാന കാരണം. ഒന്നാം പിണറായി സർക്കാറിന്റെ അവസാനവർഷം 2020-21ൽ തനത്‌ നികുതി വരുമാനം 47,661 കോടി രൂപയായിരുന്നു. ഈ വർഷം പ്രാഥമിക കണക്കിൽതന്നെ 76,656 കോടി രൂപയായി ഉയർന്നിട്ടുണ്ട്‌. അടുത്തവർഷം ലക്ഷ്യമിടുന്നത്‌ 91,515 കോടി രൂപയും. നികുതി സമാഹരണ പ്രവർത്തനങ്ങൾ ശക്തമാക്കിയും, ജി.എസ്‌.ടി വകുപ്പിന്റെ ശാസ്‌ത്രീയമായ പുനഃസംഘടന സാധ്യമാക്കിയുമാണ്‌ ഈ വരുമാന വളർച്ച ഉറപ്പാക്കിയത്‌.

നികുതിയേതര വരുമാനവും ഇരട്ടിയോളം വർധിപ്പിക്കാനായി എന്നതും ശ്രദ്ധേയം. ഒന്നാം പിണറായി സർക്കാറിന്റെ അവസാനവർഷം 2020-21ൽ നികുതിയിതര വരുമാനം 7327 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം 2024-25ൽ 16,568 കോടിയിലേക്ക് ഉയർത്താനായി. ഈ സാമ്പത്തിക വർഷം 19,145 കോടി രൂപയാണ്‌ ലക്ഷ്യമിടുന്നത്‌. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത്‌ 2016 മുതൽ 2021 വരെ ശരാശരി പൊതുചെലവ്‌ 1.15 ലക്ഷം കോടി രൂപയും. മഹാപ്രളയവും കോവിഡുമൊക്കെ നേരിട്ട കാലത്ത്‌ സർക്കാറിന്‌ കൂടുതൽ ബാധ്യതകൾ ഏറ്റെടുക്കേണ്ടിവന്നു. എന്നാൽ, ഈ സർക്കാറിന്റെ കാലത്തും പൊതുചെലവ്‌ വലിയതോതിൽ ഉയർത്തുകയായിരുന്നു.

കഴിഞ്ഞ നാലുവർഷത്തെ ശരാശരി പൊതുചെലവ്‌ 1.65 ലക്ഷം കോടി രൂപയാണ്‌. കഴിഞ്ഞ വർഷത്തെ ആകെ ചെലവ്‌ 1.70 ലക്ഷം കോടി രൂപ കവിയുമെന്നാണ്‌ എ.ജിയുടെ പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്‌. അന്തിമകണക്കിൽ ഇത്‌ 1.73 ലക്ഷം മുതൽ 1.75 ലക്ഷം വരെയെത്താം. ഈ സാമ്പത്തിക വർഷം 2,00,354 കോടി രൂപയാണ്‌ പ്രതീക്ഷിക്കുന്ന ആകെ ചെലവ്‌. അതായത്​ രണ്ടു ട്രില്യനിലേക്ക്‌ കേരള ബജറ്റിന്റെ പൊതുചെലവ്‌ ഉയരുകയാണ്‌. സംസ്ഥാനത്തിന്റെ മൂലധന ചെലവ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 16,788 കോടി രൂപയായിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 16,880 കോടി രൂപയായി വർധിച്ചു. മാത്രമല്ല, 2024-25ലെ അന്തിമ കണക്കുകളിലും സ്ഥിതി വ്യത്യസ്‌തമാകില്ല. മൂലധനച്ചെലവ്‌ ഉയർന്നുതന്നെ നിൽക്കുമെന്നാണ്​ നിലവിലെ ട്രെന്‍റ്​ സൂചിപ്പിക്കുന്നത്​.

കൈത്താങ്ങായി ക്ഷേമപെൻഷൻ

പാർ​ശ്വവത്​കരിക്കപ്പെട്ട ജനവിഭാഗങ്ങളെ കൈപിടിച്ചുയർത്തുക എന്ന ഇടതു സർക്കാറിന്‍റെ പ്രഖ്യാപിത നയത്തിന്‍റെ പ്രതിഫലനമാണ്​ സാമൂഹികസുരക്ഷ ക്ഷേമ പെൻഷനുകൾ. രാജ്യത്തെ ഏറ്റവും സമഗ്രമായ സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതി നിലവിലുള്ളത്‌ കേരളത്തിലാണ്. ഈ സർക്കാർ ഇതുവരെ 37,582 കോടി രൂപ ക്ഷേമ പെൻഷനായി നൽകി. നിലവിൽ 62 ലക്ഷത്തിൽപരം ഗുണഭോക്താക്കൾക്ക് പ്രതിമാസം 1600 രൂപ വീതം നൽകുന്നു എന്നത് ചെറിയ കാര്യമല്ല. 2024 മാർച്ചു മുതൽ അതതുമാസം പെൻഷൻ വിതരണം ചെയ്‌തുവരുന്നു. പത്തുവർഷം മുമ്പ്‌ പ്രതിമാസം 600 രൂപയായിരുന്ന പെൻഷൻ 1600 രൂപയായി ഉയർത്തിയത് ഈ സർക്കാറിന്റെ ശക്തമായ ഇച്ഛാശക്തിയുടെ ഫലമാണ്. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ 18 മാസത്തെ പെൻഷൻ കുടിശ്ശികയുണ്ടായിരുന്നു. അത്‌ പൂർണമായും കൊടുത്തുതീർത്താണ് ആ സർക്കാർ മുന്നോട്ടുപോയത്. പിന്നീട് ഘട്ടംഘട്ടമായി പെൻഷൻ തുക വർധിപ്പിച്ചു.

 

സാമൂഹിക സുരക്ഷ പെൻഷൻ വിതരണത്തിനു മാത്രം മാസം ഏതാണ്ട്‌ 900 കോടിയാണ് സർക്കാർ നീക്കിവെക്കുന്നത്‌. നാലു വർഷത്തിനുള്ളിൽ രണ്ടാം പിണറായി സർക്കാർ 37,852 കോടി രൂപയാണ്‌ പെൻഷൻ ഇനത്തിൽ നൽകിയത്‌. സാമൂഹിക സുരക്ഷ പെൻഷനുകളുടെ ഭൂരിഭാഗം വിഹിതവും (98 ശതമാനം) വഹിക്കുന്നത് സംസ്ഥാന സർക്കാർതന്നെയാണ്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെൻഷനുകളിൽ വാർധക്യകാല പെൻഷൻ, ദേശീയ വിധവ പെൻഷൻ, ദേശീയ വികലാംഗ പെൻഷൻ എന്നിവക്ക് മാത്രമാണ് കേന്ദ്ര വിഹിതമുള്ളത്. അതും കേവലം 6.8 ലക്ഷം പേർക്ക് ശരാശരി 300 രൂപ വീതം മാത്രം. എന്നാൽ, ഈ തുച്ഛമായ കേന്ദ്ര വിഹിതംപോലും ക്യത്യമായി കേന്ദ്ര സർക്കാറിൽനിന്ന്‌ ലഭിക്കാറില്ല. അതും സംസ്ഥാന സർക്കാർതന്നെയാണ്‌ മുൻകൂറായി വിതരണം ചെയ്യുന്നത്‌.

കേന്ദ്ര നയങ്ങളും നിലപാടുകളും കാരണം രൂക്ഷമായ സാമ്പത്തിക ഞെരുക്കം നേരിട്ടപ്പോൾ ക്ഷേമ പെൻഷൻ വിതരണത്തിലും പ്രയാസമുണ്ടായി. എന്നാൽ, കഴിഞ്ഞവർഷം മാർച്ചു മുതൽ അതത്‌ മാസംതന്നെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നു. ക്ഷേമ പെൻഷനിൽ കുടിശ്ശിക വന്നതിൽ ഭൂരിഭാഗവും ഇതിനോടകം നൽകിത്തീർത്തു. അഞ്ച് ഗഡു കുടിശ്ശിക വന്നതിൽ മൂന്നു ഗഡുക്കളാണ്​ഇതിനകം വിതരണംചെയ്തത്. ബാക്കി രണ്ടു ഗഡുവും ഈ വർഷം തന്നെ വിതരണം ചെയ്യുമെന്നാണ്​ സർക്കാർ പ്രഖ്യാപനം. കുടിശ്ശിക അനിശ്ചിതമായി നീട്ടുകയല്ല, കൃത്യമായ സമയപരിധി നിശ്ചയിച്ചാണ്​ വിതരണം. സാമ്പത്തിക വെല്ലുവിളികൾക്കിടയിലും ക്ഷേമപെൻഷൻ പദ്ധതിയെ ഇത്രയും വിപുലമായി നടപ്പാക്കാൻ കഴിഞ്ഞത് സംസ്ഥാന സർക്കാറിന്റെ നിശ്ചയദാർഢ്യത്തിന്റെയും കാര്യക്ഷമമായ സാമ്പത്തിക മാനേജ്‌മെന്റിന്റെയും ഫലമാണ്. ഇത് സാധാരണക്കാരുടെ ജീവിതത്തിൽ വലിയൊരളവിൽ ആശ്വാസം പകരുന്നുണ്ട്.  

News Summary - Kerala Government Welfare