ഭരണക്കുതിപ്പിന് ഡിജിറ്റൽ ചിറക്

അതിവേഗം കുതിക്കുന്ന വിവരസാങ്കേതികവിദ്യയിലും പുതുതലമുറ ആശയവിനിമയ സങ്കേതങ്ങളിലും ഒരു മുഴം മുമ്പേ ചുവടുറപ്പിക്കുകയാണ് കേരളം. പുതുതലമുറ ജോലികൾക്കും സോഫ്റ്റ്വെയർ കയറ്റുമതി വഴി വരുമാനത്തിന് ഇടമൊരുക്കുന്ന ഐ.ടി പാർക്കുകൾ മുതൽ എ.ഐ സാങ്കേതിക വിദ്യയിലെ പുത്തൻ സംരംഭങ്ങളും സാധാരണക്കാരന് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന കെ-ഫോൺ ശൃംഖലയുമടക്കം സമഗ്രമാണ് ഈ മേഖലയിലെ ഇടപെടലുകൾ ഓരോന്നും. സാങ്കേതികവിദ്യ ലഭ്യമാകുന്ന കാര്യത്തിലെ ...
Your Subscription Supports Independent Journalism
View Plansഅതിവേഗം കുതിക്കുന്ന വിവരസാങ്കേതികവിദ്യയിലും പുതുതലമുറ ആശയവിനിമയ സങ്കേതങ്ങളിലും ഒരു മുഴം മുമ്പേ ചുവടുറപ്പിക്കുകയാണ് കേരളം. പുതുതലമുറ ജോലികൾക്കും സോഫ്റ്റ്വെയർ കയറ്റുമതി വഴി വരുമാനത്തിന് ഇടമൊരുക്കുന്ന ഐ.ടി പാർക്കുകൾ മുതൽ എ.ഐ സാങ്കേതിക വിദ്യയിലെ പുത്തൻ സംരംഭങ്ങളും സാധാരണക്കാരന് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന കെ-ഫോൺ ശൃംഖലയുമടക്കം സമഗ്രമാണ് ഈ മേഖലയിലെ ഇടപെടലുകൾ ഓരോന്നും. സാങ്കേതികവിദ്യ ലഭ്യമാകുന്ന കാര്യത്തിലെ ഡിജിറ്റൽ ഡിവൈഡ് ഒഴിവാക്കി സമൂഹത്തിലെ എല്ലാവർക്കും ഐ.ടി പ്രാപ്യത സ്വപ്നമല്ല, നവകേരളത്തിൽ യാഥാർഥ്യമാവുകയാണ്. സർക്കാർ സേവനങ്ങൾക്കെല്ലാം ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഒരുക്കിയും ഏകീകൃത ആപ് സജ്ജമാക്കിയും കടലാസുരഹിത സേവന സംരംഭങ്ങൾ പരിചയപ്പെടുത്തിയും ഐ.ടി വകുപ്പും പുതിയ ഡിജിറ്റൽ സേവന സംസ്കാരമാണ് സംസ്ഥാനത്ത് ഇക്കാലയളവിൽ സൃഷ്ടിച്ചത്.
സോഫ്റ്റ്വെയർ കയറ്റുമതിയിൽ വിപ്ലവം
കഴക്കൂട്ടത്തിന് സമീപത്തെ വൈദ്യൻകുന്നിന് വിസ്മയജനകമായ ഒരു കഥ പറയാനുണ്ട്. കാൽനൂറ്റാണ്ട് മുമ്പ് പറങ്കിമാവുകൾ തിങ്ങിനിറഞ്ഞ വിജനമായ ഭൂവിടമായിരുന്നു ഈ കുന്നിൻപ്രദേശം. പകൽനേരത്തുപോലും ഇവിടേക്ക് ചെല്ലാൻ ആളുകൾ ഭയന്നിരുന്നു. കാര്യവട്ടം സർവകലാശാല കാമ്പസിനോട് ചേർന്ന സ്ഥലമെന്ന നിലയിൽ ഒറ്റപ്പെട്ട ചില അനക്കങ്ങൾ മാത്രം. എന്നാൽ, കാൽനൂറ്റാണ്ടിനിപ്പുറം, കേരളത്തിന്റെ വ്യവസായ ചരിത്രം മാറ്റിയെഴുതിയ വിവരവിപ്ലവസാക്ഷ്യങ്ങളുടെ നേരടയാളമായി ഈ കുന്നുകൾക്ക് രൂപമാറ്റം സംഭവിച്ചിരിക്കുന്നു. 1990 ജൂലൈ 28ന് സംസ്ഥാന സർക്കാർ ഒരു സൊസൈറ്റി രൂപവത്കരിക്കുമ്പോൾ ആരും വിചാരിച്ചില്ല ഒരു നാടിന്റെ ഭൂമിശാസ്ത്രംതന്നെ അത് മാറ്റിക്കുറിക്കുമെന്ന്. അന്ന് ഒരു സൊസൈറ്റിയായി രൂപംകൊണ്ട ടെക്നോപാർക്ക് ഇന്ന് ലോകത്തിലെ ഒന്നാംകിട ഐ.ടി പാർക്കുകളിലൊന്നായി വളർന്നിരിക്കുന്നു. സംസ്ഥാനത്തെ ഐ.ടി പാർക്കുകളിൽനിന്നുള്ള സോഫ്റ്റ്വെയർ കയറ്റുമതിയിൽ വൻ വർധനയെന്നാണ് കണക്കുകൾ അടിവരയിടുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കേരളത്തിന്റെ ഐ.ടി പുരോഗതി 90,000 കോടി പിന്നിട്ടിരിക്കുന്നു. 2016ൽ സർക്കാർ ഐ.ടി പാർക്കുകളിലായി ആകെ 78,068 പേരാണ് ജോലിയെടുത്തിരുന്നതെങ്കിൽ ഇപ്പോഴത് 1,49,200 ആയാണ് വർധിച്ചിട്ടുള്ളത്.
തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നീ ഐ.ടി പാർക്കുകളിലായി 155.85 ലക്ഷം ചതുരശ്രയടി ബിൽഡ് അപ്പ് ഏരിയയാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 223 ലക്ഷം ചതുരശ്രയടിയാണ്. രാജ്യത്തെ ആദ്യ ഐ.ടി പാർക്ക് ആയ തിരുവനന്തപുരം ടെക്നോപാർക്കിൽ ടോറസ് ഡൗൺ ടൗൺ സംരംഭം യാഥാർഥ്യമായി എന്നതും നേട്ടങ്ങളുടെ പട്ടികയിലെ തിളക്കമേറിയ അധ്യായം. ഇതോടൊപ്പം ആഗോള ഭീമന്മാരായ ഐ.ടി കമ്പനികളുടെ കേരളത്തിലെ സാന്നിധ്യവും എടുത്തുപറയേണ്ടതാണ്. ‘100 പേർക്ക് തൊഴിൽ’ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഐ.ബി.എം രണ്ടുവർഷം പൂർത്തിയാക്കുമ്പോൾ രണ്ടായിരത്തിലേറെ പേർക്കാണ് തൊഴിൽ നൽകിയത്. യു.എസ്.ടി ഗ്ലോബൽ പുതിയ കാമ്പസ് കേരളത്തിൽ സ്ഥാപിക്കുന്നതോടെ ലോകത്താകെ പടർന്നു വ്യാപിച്ച കമ്പനിയുടെ ആകെ മനുഷ്യവിഭവ ശേഷിയുടെ 20 ശതമാനവും കേരളത്തിലാകും.
കെ-ഫോൺ: കണക്ടിങ് കേരള
ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ കണക്ഷനടക്കം സംസ്ഥാനത്തുടനീളം മികച്ച ഇന്റര്‍നെറ്റ് ശൃംഖല ഉറപ്പുവരുത്തി കേരളത്തിന്റെ സ്വന്തം ബ്രോഡ്ബാന്‍ഡ് കണക്ഷൻ കെ-ഫോൺ കുതിക്കുകയാണ്. ഒരു ലക്ഷത്തിന് മുകളില്‍ കണക്ഷനുകള്‍ ഇതിനോടകം കെ-ഫോണ്‍ സ്വന്തമാക്കിക്കഴിഞ്ഞു. വളരെയേറെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണ് സംസ്ഥാനത്ത് ഭൂരിഭാഗവും. ആനുപാതികമായ രീതിയിലാണ് കെ-ഫോണ്‍ ശൃംഖലയും. മറ്റ് ഐ.എസ്.പികളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ നെറ്റ് വര്‍ക്കാണ് കെ-ഫോണിന്റേത്. ആകെ 63,216 റീട്ടെയില്‍ എഫ്.ടി.ടി.എച്ച് കണക്ഷനുകളാണ് നിലവില്‍ കെ-ഫോണ്‍ സംസ്ഥാനത്താകെ നല്‍കിയിരിക്കുന്നത്. കെ-ഫോണിന്റെ ഇന്‍ട്രാനെറ്റ് സര്‍വിസിന് ഇതിനോടകം 3500ന് മുകളില്‍ ഉപഭോക്താക്കളുണ്ട്.
ഒരു സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് അവര്‍ക്കിടയില്‍തന്നെ ആശയവിനിമയം നടത്താനും വിവരങ്ങള്‍ ആക്സസ് ചെയ്യാനും അനുവദിക്കുന്ന സ്വകാര്യ നെറ്റ് വര്‍ക്കാണ് ഇന്‍ട്രാനെറ്റ്. നിരവധി സ്ഥാപനങ്ങളാണ് കെ-ഫോണിന്റെ ഈ സൗകര്യം ഉപയോഗപ്പെടുത്തി ഇന്റേണല്‍ കണക്ഷനിലൂടെ വിവിധ സര്‍വിസുകള്‍ ഉപയോഗിക്കുന്നത്. ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ ഇത്തരത്തില്‍ പ്രധാന ഓഫിസും ശാഖകളും തമ്മില്‍, ശാഖകള്‍ തമ്മില്‍, പ്രധാന ഓഫിസുകള്‍ തമ്മില്‍, എന്നിങ്ങനെ ഡേറ്റ കൈമാറ്റവും മറ്റും നടത്താനാകും. ഇന്റേണല്‍ ആപ്ലിക്കേഷനുകള്‍ ഇത്തരത്തില്‍ മാത്രം ലഭ്യമാകുന്നതോടെ കൂടുതല്‍ സ്വകാര്യതയും ഡേറ്റ സ്പീഡും ലഭ്യമാകും.
31,153 കിലോമീറ്ററുകള്‍ ഫൈബര്‍ ഒപ്റ്റിക് കേബിള്‍ പൂര്‍ത്തീകരിച്ച് കെ-ഫോണ്‍ നിലവില്‍ പൂര്‍ണസജ്ജമാണ്. ഐ.എസ്.പി ലൈസന്‍സും ഒപ്പം ഐ.പി ഇന്‍ഫ്രാസ്ട്രെക്ചർ ലൈസന്‍സും എൻ.എൽ.ഡി (നാഷനല്‍ ലോങ് ഡിസ്റ്റൻസ്) ലൈസന്‍സും കെ-ഫോൺ ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സജ്ജമാക്കിയ നെറ്റ് വര്‍ക്ക് ഓപറേറ്റിങ് സെന്ററാണ് കെ-ഫോണിന്റെ തലച്ചോര്‍. ഇവിടെനിന്നും 375 കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളിലായുള്ള പോയന്റ് ഓഫ് പ്രസന്‍സ് കേന്ദ്രങ്ങള്‍ വഴിയാണ് കേരളത്തിലുടനീളമുള്ള വിവിധ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും ഇന്റര്‍നെറ്റ് ലഭ്യമാകുന്നത്.
ഇതിനകം 23,163 സര്‍ക്കാര്‍ ഓഫിസുകളില്‍ കെ-ഫോണ്‍ കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. ഫൈബര്‍ ടു ഓഫിസ് കണക്ഷനുകള്‍ 2729 എണ്ണമാണ്. കമേഴ്സ്യല്‍ എഫ്.ടി.ടി.എച്ച് കണക്ഷനുകള്‍ 63,217 എണ്ണവും. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 11,907 കുടുംബങ്ങളില്‍ സൗജന്യ കണക്ഷനുകളും ലൈവാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി സെക്രട്ടേറിയറ്റിലെ എല്ലാ ഓഫിസുകളിലും, 2024 ജൂണ്‍ മുതല്‍ നിയമസഭയിലും കെ-ഫോണ്‍ കണക്ഷനാണ് ഉപയോഗിക്കുന്നത്.
ഡാര്‍ക് ഫൈബര്‍, ഫൈബര്‍ ടു ദ ഹോം, ഇന്റര്‍നെറ്റ് ലീസ് ലൈന്‍ എന്നിങ്ങനെയുള്ള മോണിറ്റൈസേഷന് പ്രവര്‍ത്തനങ്ങളും കെ-ഫോണ്‍ പദ്ധതിയിൽ ഉള്‍പ്പെടുന്നു. ഏകദേശം 7000 കിലോമീറ്റര്‍ ഇപ്പോള്‍ത്തന്നെ ഡാര്‍ക്ക് ഫൈറര്‍ ലീസിന് നല്‍കിക്കഴിഞ്ഞു. വിവിധ മുന്‍നിര ഇന്റര്‍നെറ്റ് സേവനദാതാക്കളും ഇക്കാര്യത്തില്‍ കെ-ഫോണിനെ സമീപിക്കുന്നുണ്ട്. ഏഴായിരത്തോളം കിലോമീറ്റര്‍ ഡാര്‍ക്ക് ഫൈബര്‍ വാണിജ്യ അടിസ്ഥാനത്തില്‍ ഒമ്പത് ഉപഭോക്താക്കൾക്ക് നൽകാനായി.
സൗജന്യ കണക്ഷനുകൾക്ക് പുറമേ സി.എസ്.ആർ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി ട്രൈബല്‍ മേഖലയിലെ കുടുംബങ്ങള്‍ക്കായി സൗജന്യ ഇന്റര്‍നെറ്റ് നല്കുന്ന ‘കണക്ടിങ് ദി അണ്‍കണക്ടഡ്’ എന്ന പദ്ധതിയും കെ-ഫോണിന്റെ ഭാഗമാണ്. നിലവില്‍ ഈ പദ്ധതി മുഖേന കോട്ടൂരില്‍ 103 കുടുംബങ്ങൾക്കും അട്ടപ്പാടിയില്‍ 300 കുടുംബങ്ങൾക്കും ഇതിനകം കണക്ടിവിറ്റി നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്തെ മറ്റ് ആദിവാസി മേഖലകളിലും ഇത്തരത്തില്‍ കണക്ഷനുകള്‍ ലഭ്യമാക്കി എല്ലാവര്ക്കും ഇന്റര്‍നെറ്റ് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനു പുറമേ വാഹന ഗതാഗതംപോലും വെല്ലുവിളി നേരിടുന്ന എറണാകുളം ജില്ലയിലെ വളന്തക്കാട് ദ്വീപിലും കെ-ഫോണ്‍ ബി.പി.എല്‍ കണക്ഷനുകള്‍ നല്‍കുന്നുണ്ട്.

സംരംഭകത്വത്തിൽ പുത്തൻ ഭാവുകത്വം
നൂതന സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റാർട്ടപ് നയമടക്കം തയാറാക്കിയുള്ള ഇടപെടലുകൾ ഗുണംചെയ്തു. 2016ൽ 300 സ്റ്റാർട്ടപ്പുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഇപ്പോഴത് 6400 ആയി ഉയർന്നു. 64,000 തൊഴിലവസരങ്ങളാണ് ഇതുവഴി ലഭ്യമാക്കാനായത്. നിക്ഷേപമാകട്ടെ ഏതാണ്ട് 6000 കോടിയുടേയും. 2026ഓടെ 15,000 സ്റ്റാർട്ടപ്പുകളും ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുക ലക്ഷ്യം മുൻനിർത്തിയാണ് സർക്കാറിന്റെ മുന്നോട്ടുപോക്ക്. സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന വായ്പാ പിന്തുണയാണ് മറ്റൊരു പ്രധാന ഘടകം. സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന വായ്പയുടെ പലിശയിൽ കേരള ഫിനാൻഷ്യൽ കോർപറേഷൻ നൽകുന്ന രണ്ടു ശതമാനം പലിശയിളവ് ചെറുതല്ലാത്ത ആശ്വാസമാണ് സംരംഭകർക്ക് നൽകുന്നത്. ഇതുവരെ ഈ ഇനത്തിൽ 27.87 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. 2019-2021 കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 2021 മുതൽ 23 വരെയുള്ള കാലയളവിൽ സ്റ്റാർട്ടപ് ആവാസവ്യവസ്ഥയുടെ മൂല്യത്തിൽ 254 ശതമാനം വർധന കൈവരിച്ചു എന്നാണ് സ്റ്റാർട്ടപ് ജീനോം റിപ്പോർട്ട്. അഫോർഡബിൾ ടാലന്റിന്റെ ഗണത്തിലും കേരളം ഒന്നാമതാണെന്ന് ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഐ.ടി രംഗത്ത് കേരളത്തിന്റെ കൈമുദ്ര പതിപ്പിച്ച നിരവധി ചുവടുവെപ്പുകൾക്ക് ഇക്കാലയളവ് സാക്ഷിയായി. ഇതിലൊന്നാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി വികസിപ്പിച്ച കൈരളി എ.ഐ ചിപ്പ്. സംസ്ഥാനത്തെ ആദ്യത്തെ സിലിക്കൺ പ്രൂവ്ഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പ് എന്നതാണ് സവിശേഷത. യു.എസ് ആസ്ഥാനമായുള്ള മുൻനിര എ.ഐ, എഡ്ജ് കമ്പ്യൂട്ടിങ് സ്ഥാപനമായ ‘അർമാഡ’ ഇന്ത്യയിലെ ആദ്യത്തെ ഓഫിസ് ആരംഭിക്കാൻ കേരളത്തെ തെരഞ്ഞെടുത്തു എന്നതും അഭിമാനകരമായ കാര്യം. നൂതന സാമഗ്രികളുടെ വികസന കേന്ദ്രമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ സർവകലാശാല, സെന്റർ ഫോർ മെറ്റീരിയൽസ് ഇൻ ഇലക്ട്രോണിക് ടെക്നോളജിയുമായി സഹകരിച്ച് ഗ്രഫീനിനായി ‘ഇന്ത്യ ഇന്നവേഷൻസ് ഓഫ് സെന്റർ’ കൊച്ചിയിൽ സ്ഥാപിച്ചത്.