കാവാലി

മനുഷ്യന്റെ രണ്ടാം ഹൃദയമാണ് ഓർമ. ഗതകാലത്തിന്റെ മിടിപ്പ്, ഒന്നാം ഹൃദയത്തിന് ഓട്ട വീണാൽ ചോര ചോരും, പ്രാണൻ പിടയും, ആശുപത്രി ശരണം. സുഷിരം രണ്ടാം ഹൃദയത്തിനെങ്കിലോ? ജീവാപായമില്ല, ചികിത്സയും. അതാണതിന്റെ പ്രകൃതം, നൈസർഗികം. കഥയറിയാതെ നാം കണ്ണടച്ചുവിടും, ചോർച്ചയെ. വാർത്താലേഖകരുടെ വൃത്താന്തക്കുറി ആദ്യ കരടുരേഖയാണ്, ചരിത്രത്തിന്റെ. നടപ്പുയാഥാർഥ്യം മാലോകരെ അറിയിക്കുന്ന നാന്ദി. നിറം കലരാത്തപക്ഷം കരട് നേരു പേറും, പറയുന്നതത്രയും നേരാകും –അങ്ങനെയാണ് പൊതുധാരണ. സത്യത്തിന്റെ സെറോക്സല്ല പക്ഷേ, മാധ്യമവാണി. കാരണം മാധ്യമപ്രവർത്തനം കുടിപാർക്കുന്നത് നേരിന്റെ കുടീരത്തിലല്ല, പ്രവർത്തകരുടെ സ്മൃതിശേഖരത്തിലാണ്....
Your Subscription Supports Independent Journalism
View Plansമനുഷ്യന്റെ രണ്ടാം ഹൃദയമാണ് ഓർമ. ഗതകാലത്തിന്റെ മിടിപ്പ്, ഒന്നാം ഹൃദയത്തിന് ഓട്ട വീണാൽ ചോര ചോരും, പ്രാണൻ പിടയും, ആശുപത്രി ശരണം. സുഷിരം രണ്ടാം ഹൃദയത്തിനെങ്കിലോ? ജീവാപായമില്ല, ചികിത്സയും. അതാണതിന്റെ പ്രകൃതം, നൈസർഗികം. കഥയറിയാതെ നാം കണ്ണടച്ചുവിടും, ചോർച്ചയെ.
വാർത്താലേഖകരുടെ വൃത്താന്തക്കുറി ആദ്യ കരടുരേഖയാണ്, ചരിത്രത്തിന്റെ. നടപ്പുയാഥാർഥ്യം മാലോകരെ അറിയിക്കുന്ന നാന്ദി. നിറം കലരാത്തപക്ഷം കരട് നേരു പേറും, പറയുന്നതത്രയും നേരാകും –അങ്ങനെയാണ് പൊതുധാരണ.
സത്യത്തിന്റെ സെറോക്സല്ല പക്ഷേ, മാധ്യമവാണി. കാരണം മാധ്യമപ്രവർത്തനം കുടിപാർക്കുന്നത് നേരിന്റെ കുടീരത്തിലല്ല, പ്രവർത്തകരുടെ സ്മൃതിശേഖരത്തിലാണ്. ഓർമയുടെ ഹൃദയത്തിൽ.
ഉദാഹരണത്തിന്, ഒരപകടം. ദൃക്സാക്ഷികളെ കണ്ട് വിവരങ്ങളെടുക്കുന്നു. കിട്ടുന്നത് മിക്കവാറും ഏതെങ്കിലുമൊക്കെ വികാരം ഇഴയിട്ട പ്രതികരണങ്ങൾ, കണ്ടതിന്റെ മിന്നൽസ്മൃതികൾ. ഒരേ സംഭവത്തിന്റെ അഞ്ച് സാക്ഷികൾ ഓർമിക്കുക അഞ്ചുവിധത്തിൽ. ഒരേപോലെയെന്നു തോന്നിക്കുന്നതിൽ പോലുമുണ്ട് നേർത്ത വ്യതിയാനങ്ങൾ. സംഭവകഥയേതും ആഖ്യാതാവിന്റെ മനസ്സിടുന്ന അരിപ്പയിലൂടെയാണ് പുറത്തുവരിക. അവയത്രയും മാധ്യമപ്രവർത്തകർ സ്വന്തം അരിപ്പ വഴി വിവേചിച്ചെടുത്ത് മറ്റൊരാഖ്യാനമായി പുറത്തുവിടുന്നു –സത്യം എന്ന മേലങ്കിയിട്ട്. ഒരുവേള, ലേഖകൻതന്നെയാണ് സാക്ഷിയെങ്കിലോ..? അപ്പോഴും സംഭവത്തിന്റെ കാർബൺ പതിപ്പാവില്ല അയാളിലെ ഓർമ. ആവാൻ കഴിയില്ല, അവ്വിധമാണ് ഓർമയുടെ രസതന്ത്രം.
ഫീച്ചറെഴുത്തിൽ ഉസ്താദായിരുന്നു റിച്ചഡ് മെയെർ. മസ്തിഷ്‍കാഘാതത്താൽ സ്തംഭിച്ച് കിടപ്പിലായ ഒരു സ്ത്രീയുമായി അദ്ദേഹത്തിന്റെ ഒരഭിമുഖമുണ്ട്. അവർക്ക് മിണ്ടാനാവില്ല. ഓർമ നശിച്ച് മനം മരിച്ചെന്ന് മിക്കവരും കരുതി. ഒരു ലെറ്റർ ബോർഡുമായി ചെന്ന മെയെർ, അവരുടെ മനസ്സുമായി സംവദിച്ചു. സ്ത്രീയുടെ മൂകമായ ‘ആഖ്യാനം’ മുക്കാലും അവരുടെ മാനസികജീവിതത്തിൽനിന്നുള്ളത്. ഒക്കെ മസ്തിഷ്‍കാഘാതത്തിനു മുമ്പുള്ള ഒാർമകൾ. അറിഞ്ഞെടുത്തതിന്റെ വാസ്തവികത ഉറപ്പാക്കാൻ പിന്നീട് ഉറ്റവരോട് തിരക്കി. വ്യത്യസ്ത വിവരങ്ങളാണ് കിട്ടിയത്. പലതും പൊരുത്തപ്പെടുന്നില്ല. അതേ സമയം ഇപ്പറയുന്നവരുടെ ഓർമകൾ തമ്മിലുമില്ല പൊരുത്തം. ജീവച്ഛവമായ സ്ത്രീയുടെ ഓർമക്ക് പിശകുണ്ട്, അതു മനസ്സിലാക്കാം. സജീവരായ മറ്റുള്ളവരുടേതിനോ? മനുഷ്യന്റെ ഓർമയെ ആ ചോദ്യചിഹ്നത്തിൽ തറച്ച് മെെയർ വിരാമബിന്ദുവിട്ടു.
കെട്ടുകഥയല്ലാത്ത ആഖ്യാനങ്ങളിലെ സകലതും സത്യമാണെന്നതിന് യാതൊരുറപ്പുമില്ല. ആഖ്യാതാക്കൾക്ക് ശ്രമിക്കാനേ കഴിയൂ. നേരിനോട് പരമാവധി ചേർന്നുപോകാൻ –അതൊരു ധാർമിക ബാധ്യതയായി സ്വയം കരുതുന്നപക്ഷം, എത്ര മാധ്യമപ്രവർത്തകർ അങ്ങനെ കരുതുന്നു? റിപ്പോർട്ട് ചെയ്തിട്ടുള്ളവർ നിർമമം ആത്മപരിശോധനക്ക് തുനിഞ്ഞാലറിയും, റിപ്പോർട്ട് ഓരോന്നിനും ആലംബമാക്കിയ സ്വന്തം ഓർമകൾ നൂറുശതമാനമൊന്നും കൃത്യമായിരുന്നില്ല, പൂർണമായിരുന്നില്ല, പിശകുണ്ടായിരുന്നുതാനും. കാരണം, മാധ്യമപ്രവർത്തകന്റേത് ഒരു രേഖാചിത്രമാണ്, യാഥാർഥ്യത്തിന്റെ. അയാളുടെ ഗ്രാഹ്യശേഷിയുടെ വിതാനത്തിലാണ് അതിന്റെ ചിത്രശകലങ്ങൾ പതിയുക. ആ ശേഷിയുടെ ഏറ്റക്കുറച്ചിലനുസരിച്ചിരിക്കും ഏതേതു ശകലങ്ങൾ ഒപ്പും, ഒഴിവാകും എന്നത്. ഒപ്പിയതു മാത്രം ഓർമയിലാവും. അവ ഓർത്തെടുക്കുമ്പോൾ, സത്യത്തിന്റെ ആഖ്യാനമല്ല വരിക, മനസ്സിന്റെ വ്യാഖ്യാനമാണ്. വിനിമയത്തിന് അവലംബിക്കുന്ന ഭാഷതന്നെ നിർവഹിക്കുന്നുണ്ട്, വ്യാഖ്യാനത്തിന്റെ ഒരു പടി. മനസ്സിന്റെ ഗ്രാഹ്യശേഷിക്ക് അനുസൃതമാണ് ഭാഷാപ്രയോഗം. അഥവാ, ഭാഷ പരിഭാഷയാണ്, ഗ്രാഹ്യത്തിന്റെ. ജലം, അതിനെ പേറുന്ന പാത്രത്തിന്റെ രൂപത്തിലാവുമ്പോലെ. കടലു പേറാൻ കുളത്തിനാവില്ല, കുളം പേറാൻ കിണറിനും.
മനുഷ്യന്റെ രണ്ടാം ഹൃദയമാണ് ഓർമ. ഗതകാലത്തിന്റെ മിടിപ്പ്, ഒന്നാം ഹൃദയത്തിന് ഓട്ട വീണാൽ ചോര ചോരും, പ്രാണൻ പിടയും, ആശുപത്രി ശരണം. സുഷിരം രണ്ടാം ഹൃദയത്തിനെങ്കിലോ? ജീവാപായമില്ല, ചികിത്സയും. അതാണതിന്റെ പ്രകൃതം, നൈസർഗികം. കഥയറിയാതെ നാം കണ്ണടച്ചുവിടും, ചോർച്ചയെ. ഓർമയെ അത്രകണ്ട് വിശ്വാസമാണ് ഉടമയ്ക്ക്. ‘മരിച്ചാലും മറക്കില്ല’, ‘ഏതുറക്കത്തിലും ഓർമിക്കും’, ‘ഫോട്ടോഗ്രാഫിക് മെമ്മറി’...ഇങ്ങനെ മായാത്ത കൽച്ചിത്രമാണ് സ്വന്തം ഓർമയെന്ന് ഉറപ്പിക്കുമ്പോൾത്തന്നെ പറയും, ചില ഭംഗിവാക്കുകൾ: ‘എന്റെ ഓർമ ശരിയെങ്കിൽ....’ ഇവിടെ, ഓർമയെ സംശയിക്കയല്ല, ഭംഗ്യന്തരേണ ഉറപ്പിക്കയാണ്..
ഓർമിക്കുമ്പോൾ നാം തിരിച്ചുവിളിക്കയാണ് ഉള്ളിൽ തിരുകിയതിനെ. തിരികെ വരുന്നത്, തിരുകിയതു തന്നെയാണോ- അതേ രൂപത്തിൽ, ഭാവത്തിൽ, അളവിൽ? അങ്ങനെയാരും സ്വയം നോക്കാറില്ല, കാരണം, മനസ്സിന്റെ ജീവചരിത്രമാണ് ഓർമ, സ്വന്തം ജീവിതത്തെപ്പറ്റി നാം നമ്മോടു നടത്തുന്ന കഥനം. അത് പിശകുന്നത് ആത്മവിശ്വാസം പിശക്കും. അതുകൊണ്ട് സ്വന്തം ഓർമക്കുമേൽ നാം ശാഠ്യം പിടിക്കുന്നു, ഉറപ്പുള്ള നേരെന്ന്.
നേരുപക്ഷേ, മറ്റൊന്നാണ് –കുഴമറിഞ്ഞ ഉള്ളിലേക്ക് സമയബോധമുള്ള മുങ്ങിനിവരലാണ് ഓർമ. അതിൽ മായമുണ്ട്, ചമയമുണ്ട്, മറിമായങ്ങളും. ക്ഷണികത, കണിശക്കുറവ്, ഉന്നപ്പിഴ, കൃത്രിമം, ഭാവന... വേറിട്ട അമരകോശം തന്നെയുണ്ടതിന്. ഓർമിക്കുമ്പോൾ നാം പുനഃസൃഷ്ടിക്കയാണ്, നേരത്തേ ഉള്ളിലുള്ളതിനെ. ഈ നവസൃഷ്ടി പാടേ പൊയ്യെന്നോ പൊരുളെന്നോ അർഥമില്ല. മറിച്ച്, നമ്മൾ ഒരു കഥ പറയുകയാണ് –നേരെന്നു നിനക്കുന്നതും പഥ്യമുള്ള വിശദാംശങ്ങളും കൂട്ടിത്തുന്നി. കഥനം പാടേ പിശകല്ല, തീർത്തും ശരിയുമല്ല.
പക്ഷേ, പിശകിനെ പാപത്തോട് ബന്ധിപ്പിക്കുന്ന പ്രവണത മിക്ക സംസ്കാരങ്ങളിലുമുണ്ട്, പണ്ടുതൊട്ടേ. തത്ത്വശാസ്ത്രങ്ങൾ അതിന് താങ്ങും കൊടുത്തുവന്നു. പിശക് പാപം, പിശകില്ലായ്മ പുണ്യം. ഈ ദ്വന്ദ്വം ധ്വനിപ്പിക്കുന്നത് എല്ലാ ശരിയും നേരെന്നും എല്ലാ തെറ്റും നുണയെന്നുമല്ലേ? ഒരു സങ്കൽപമെന്ന നിലക്ക് അതിണങ്ങും, കോടതിക്കും ദേവാലയത്തിനും. പിശകിന്റെ പ്രകൃതം തിരിച്ചറിയുന്നതിൽ അത് പരാജയമാണ്, കാരണം, പിശക് സംഭവിക്കുന്ന നേരത്ത് നാം അതേപ്പറ്റി അന്ധരാണ്. അതുകൊണ്ടുതന്നെ, പിശകാനുള്ള സാധ്യത തിരിച്ചറിയില്ല. പറയുന്നത് ശരിയെന്നങ്ങ് വിചാരിച്ചുപോകയാണ്. ഇതല്ലേ വാസ്തവം, ബോധപൂർവം നുണ പറയുകയല്ലെങ്കിൽ?
ശരിയാണ്, പിശകുമ്പോൾ സ്വയം ശരിയെന്നു കരുതിപ്പോവുന്നത് ആൾക്കൊരു വിഡ്ഡിക്കോലമേകും. മറ്റുള്ളവർക്ക് ഈ കോലം അലോസരമാവും. എന്നാൽ, ഒരളവ് മൗഢ്യം അനിവാര്യമാണ്, പലപ്പോഴും. നമുക്ക് ചുറ്റിലെ മായികതയുടെ മുഖവുറ ചിന്താൻ, അപഗ്രഥിക്കാൻ, അറിഞ്ഞെടുക്കാൻ. അതിനുവേണ്ട ഒരു മനോനിലയുണ്ട് –ലോകത്തെ അതായിമാത്രം കാണാൻ, ഉറപ്പുകളെ അതേപടി പേറാൻ വിസമ്മതിക്കുന്ന ഒന്ന്. ഈ വിസമ്മതമാണ് സത്ത്, പ്രതീക്ഷയുടെ, കണ്ടെത്തലിന്റെ. ചരിത്രത്തിലെ ഏത് ചിന്താവിപ്ലവവും ശാസ്ത്രനേട്ടവും നോക്കൂ. കാതലായ ഈ വിസമ്മതം കാണാം, അവയോരോന്നിനും പിന്നിലെ ശിരസ്സുകളിൽ. നിലവിലെ ശരികൾ നിരാകരിച്ച്, സന്ദേഹത്തോട് മല്ലിട്ട്, പിശകിപ്പിശകി, വിഡ്ഡിപ്പട്ടമണിഞ്ഞ്, അവഹേളിതരായി, എന്നാലും തളരാതെ... ഈ പിശകും പൈത്യവുമാണ് മുന്നേറ്റത്തിന്റെ മുന്നോടി.
പിശകിൽനിന്ന് പിരിച്ചകറ്റാനാവില്ല ഓർമയെ. മനം ചമയ്ക്കുന്ന ആഖ്യാനങ്ങളോട് അത് നമ്മെ കൊരുത്തിടുന്നു. അങ്ങനെയാണ് നിഷ്‍കളങ്ക നുണകൾ ഭവിക്കാറ്. അങ്ങനെയാണ് നിസ്തുല കലകൾ പിറക്കാറ്. സത്യധാരണകളെ അവയുടെ ഇറുകിയുറച്ച അസ്തിവാരങ്ങളിൽനിന്ന് അയച്ചെടുത്ത് പുതിയ ക്രമങ്ങളിൽ കോർക്കുകയാണ് കഥയും കലയും. ഇത് ചമയ്ക്കലിനപ്പുറം ചമയമാണ്, യാഥാർഥ്യത്തിന്റെ. അതുകൊണ്ടാണ് പച്ചയായ നേരിനെക്കാൾ മനസ്സിലൊട്ടുന്നത്, കെട്ടുകഥ.
ഇത്ര വിസ്തരിച്ചിട്ടും വിമ്മിട്ടം മിച്ചമുണ്ടാവും, സ്വന്തം ഓർമയെ അവിശ്വസിക്കാൻ. എങ്കിൽപ്പിന്നെ എലിസബത്ത് ലോഫ്റ്റസിനെ ഇറക്കേണ്ടിവരും, ‘ക്വട്ടേഷനെ’ന്നു കൂട്ടിക്കോളൂ. ദൃക്സാക്ഷി മൊഴിക്ക് പ്രപഞ്ചസത്യത്തിന്റെ തൂക്കം കൽപിക്കുന്ന നീതിന്യായ കോടതിയുടെ നട്ടുച്ചിക്ക് ചുട്ടടി കൊടുത്ത ശാസ്ത്രകാരി. രണ്ട് പതിറ്റാണ്ട് ആയമ്മ ശിരസ്സുരുക്കിയത് ഒറ്റക്കാര്യത്തിൽ –ഓർമയുടെ ശരിപ്രകൃതം. ഒടുവിൽ തെളിവുനിരത്തി അവർ സമർഥിച്ചു, മനുഷ്യന്റെ ഓർമ, പുതിയതായാലും പഴയതായാലും, പതിരു നിറഞ്ഞതാണെന്ന്. അന്തിമ നിഗമനം ചുരുക്കിപ്പറയാം.
1) വാസ്തവത്തിലില്ലാത്തത് ഓർമയിൽ തിരുകിക്കയറ്റാനാവും, കൃത്രിമമായി. ഒരു യഥാർഥ സംഭവശേഷം അതേക്കുറിച്ച തെറ്റായ വിവരങ്ങൾ ചുറ്റിലും നിരന്നാൽ അതിന്റെ ഇരയാവും ഓർമ (സമൂഹമാധ്യമ ചങ്ങാതികൾക്ക് ചിരിക്കാം, ഊറിയൂറി).
2) ഓർമ പിറന്ന ഗതകാലത്തെപ്പറ്റി ദ്വയാർഥമുള്ള ചോദ്യങ്ങളുയർന്നാൽ പാളം തെറ്റാം, ഓർമക്ക്.
3) കിറുകൃത്യമെന്ന് തോന്നിക്കുന്ന സ്മൃതികളെ ഉപജാപത്താൽ വക്രീകരിക്കാം. അവതന്നെ മറ്റേതെങ്കിലും ഉപജാപങ്ങളുടെ ഫലമായി പിറന്നതുമാകാം.
(എലിസബത്തിന്റെ കണ്ടെത്തൽ തെല്ലൊന്നുമല്ല ന്യായാസനങ്ങൾ പലതിനെയും വട്ടംചുറ്റിച്ചത്. പ്രതിഭാഗം വക്കീലൻമാർക്ക് പലേടത്തും കോളടിച്ചു. കൊല നേരിൽക്കണ്ട സാക്ഷികളെ അവർ ഈ കെണിവച്ച് നിലംപരിശാക്കി, കൊലക്കേസ് പലതും ആവിയായി. നമ്മുടെ സ്വന്തം ക്രിമിനൽ വക്കീലൻമാർക്ക് ശാസ്ത്രജ്ഞാനം കമ്മിയായത് സ്വദേശി കുറ്റവാളികളുടെ ജാതകദോഷം).
എലിസബത്തിന്റെ മൂന്നാം നിഗമനം വിശേഷാൽ നടമാടുന്ന ചരിത്രകാലമാണിത്. ‘നേര്’ നിർമിക്കുന്ന ശക്തികൾ നമ്മുടെ സംഘടിത സ്മൃതിയെ വക്രീകരിക്കുന്നു. ഉപജാപത്തിലൂടെ ചുട്ടെടുത്ത പ്രമേയങ്ങളും പ്രതീകങ്ങളും സ്മൃതിമണ്ഡലത്തിലേക്ക് അനുസ്യൂതം തള്ളിവിടുകയാണ്. നല്ലതോ, കെട്ടതോ –സംഘടിതസ്മൃതി കൂടാതെ സാമൂഹിക ജീവിതം സാധ്യമല്ല. കാരണം, പങ്കിടുന്ന ഓർമകളില്ലെങ്കിൽ സ്നേഹമില്ല, വെറുപ്പില്ല, പ്രതിബദ്ധതയില്ല, പ്രതിഷേധമില്ല. പങ്കിടുന്ന ഓർമകൾ, സമർഥമായി ചമച്ച കഥാഖ്യാനങ്ങളിലൂടെ നമ്മെ നയിക്കുന്നു.
വസ്തുനിഷ്ഠതയേക്കാൾ വശ്യത ഈ ആഖ്യാനവൃഷ്ടിക്കാണ്. അതൊരു ഇഴയിറുക്കമേകുന്നു –ബന്ധങ്ങൾക്ക്, ദേശങ്ങൾക്ക്, പന്തുകളിക്കുപോലും. നീച്ച പറഞ്ഞപോലെ, ‘‘അത് നമ്മെ ഭാവികൃത്യങ്ങളിലേക്ക് കൊരുത്തിടുന്നു. ഭൂതത്തോടു കൂറു പണിഞ്ഞുകൊണ്ട്.’’ ഇന്നിപ്പോൾ പാതിനേരും പ്രച്ഛന്നനുണയും സംഘടിതസ്മൃതിയെ അപനിർമിക്കുമ്പോൾ മനുഷ്യരിൽനിന്നും പുറത്താവുകയാണ് ചരിത്രം. അപ്പോളിനി എന്താവും നമ്മുടെ ‘ഭാവികൃത്യം’?
നേരാണ്, ഒരൊറ്റ ചരിത്രസത്യം എന്നൊന്നില്ല. ഓർമകളുടെ ഒരുപാട് ആഖ്യാനങ്ങൾക്ക് നടുവിലാണ് ഏത് ചരിത്രകാരനും. തനിക്ക് യുക്തമെന്ന് തോന്നുന്ന വിശദാംശങ്ങളിലേക്ക് അയാൾ പോകുമ്പോൾ, തിരഞ്ഞെടുപ്പ് പ്രശ്നഭരിതമാകുന്നു. വ്യക്തിഗത ഓർമകൾ കലർപ്പില്ലാതെ പുനരാവിഷ്കരിക്കാൻ കഴിയാത്തപോലെതന്നെ ചരിത്രസ്മൃതിയും. നാം സംഘടിതമായി നിർമിക്കുന്ന ആഖ്യാനങ്ങളെ സത്യമാക്കാനല്ല, പരമാവധി സത്യാത്മകമാക്കാനാണ് ചരിത്രകാരയത്നം. സാധ്യതകളുടെ വിപുലചിത്രം ചമച്ച് അതിൽനിന്ന് ഉൾക്കാഴ്ച ചുരത്താൻ. ഇതൊക്കെത്തന്നെയല്ലേ മാധ്യമധർമവും? അതിനപ്പുറം വല്ലതിനും മാധ്യമങ്ങൾക്കാവില്ല. ആവുമെന്ന് പറയുന്നത് അസംബന്ധം, അധികപ്രസംഗം.
അനുഭവം ആലേഖനം ചെയ്യുകയും ആവശ്യാനുസരണം പുറത്തെടുക്കുകയും മാത്രമല്ല ഓർമ ചെയ്യുക, അവക്ക് ധ്വനിപകരുകയും പഴുതടയ്ക്കയും ചമയങ്ങളിടുകയും കൂടിയാണ്. ഈ കൃത്രിമങ്ങൾ വാസ്തവത്തിൽ ഓർമ എന്ന സിരാപ്രതിഭാസത്തിന്റെ ദോഷമല്ല. അനുകൂലനത്തിനായി പരിണാമം നടത്തിയ രൂപകൽപനയാണ്. അർഥസത്തയെ ആകൃതിപ്പെടുത്തുകയാണ് ഏതാഖ്യാനവും ചെയ്യുക. ക്രമരാഹിത്യത്തിൽനിന്ന് ക്രമമുണ്ടാക്കൽ. ഓർമ അങ്ങനെയൊരു സ്വരൈക്യമുണ്ടാക്കുകയാണ്. തിക്കും തിരക്കുമുള്ള മനസ്സിൽ. ഓർമ ഇടറുേമ്പാൾ വേണ്ടത് ആശങ്കയല്ല. എന്തും ശേഖരിച്ചുകൂട്ടുന്ന വിവരപ്പുരയിൽ ചോർച്ചകളില്ലെങ്കിൽ പുര നിറയും, മാലിന്യം കുമിയും.
‘ഫ്യൂനെസ് ദ മെമ്മോറിയസ്’ എന്ന കഥയിൽ ബോർഹെസ് പരിചയപ്പെടുത്തുന്നുണ്ട്, മറവിയേയില്ലാത്ത ഒരുവനെ –ഇറിനിയോ ഫ്യൂനെസ്. ജീവിതത്തിലെ ഓരോ നാളും സംഭവങ്ങളും അവൻ കൃത്യമായി ഓർമിക്കുന്നു. എത്ര വലിയ പുസ്തകം കൊടുത്താലും വാക്കും വരിയും വിടാതെ ഓർത്തുപറയും. ചെറിയൊരു പ്രശ്നം മാത്രം– പ്രധാനവും അപ്രധാനവുമെന്ന വകതിരിവില്ല. മുൻഗണനാക്രമം മാത്രമല്ല, സാമാന്യവത്കരണവും സാധിക്കുന്നില്ല. എന്തിന്റെയും വിശദാംശങ്ങൾ മാത്രം നിറഞ്ഞ ഒാർമ. കഥാകാരൻ ഉപസംഹരിക്കുന്നു: ‘‘ഒാർമിക്കലല്ല, മറക്കലാണ് നമ്മെ മനുഷ്യരാക്കുന്നത്. ചിന്തിക്കുകയെന്നാൽ മറക്കുകയെന്നാണ്.’’
പ്രിയ ബോർഹെസ്, മറവിയെപ്പുൽകി അങ്ങേക്ക് മനുഷ്യനാവാം. ഞങ്ങൾക്ക് മനസ്സില്ല, തൽക്കാലം ഒാർമശക്തി കൂട്ടിയെടുക്കാനുള്ള തിരക്കിലാണ്. തദ്ദേശീയ വൈദ്യഗണം പണ്ടേ തന്നിട്ടുണ്ട് ആയതിന്റെ കുറിപ്പടി: ബ്രഹ്മീഘൃതം, ഗിേങ്കാബിലോബ... മിക്ക സംസ്കാരങ്ങളിലുമുണ്ട് ഇമ്മാതിരി ഡിേങ്കാലാഫികൾ. ഒന്നിനുമില്ല പരിശോധിച്ചുറപ്പിച്ച ശാസ്ത്രീയ തെളിവ്. ഒാർമയുടെ തന്മാത്രാരഹസ്യം ശാസ്ത്രം വെളിവാക്കിയേതാടെ ആഗോള ഒൗഷധഭീമൻമാർ പൊരിഞ്ഞ മത്സരത്തിലാണ്. ഒരു വള്ളപ്പാട് മുന്നിലെത്തിക്കഴിഞ്ഞു, കോർെടക്സ് ഫാർമ. ഒാർമക്ക് അവരുടെ ഒറ്റമൂലി ‘ആംപേക്കിൻസ്’. നാഡീേകാശങ്ങൾക്കിടയിലെ ഉദ്ദീപനരസങ്ങളാണ് ഗ്ലൂട്ടാമേറ്റുകൾ. സിരാതല സേന്ദശവാഹികളായ അവയുടെ ത്വരണവേഗം കൂട്ടിയാൽ ഒാർമശേഷി ഗണ്യമായി മെച്ചപ്പെടും. ആംപേക്കിൻസ് അത് സാധിച്ചുതരുമെന്ന് സാക്ഷ്യമുണ്ട്, പരീക്ഷണത്തിന് ഇരയായ എലികളുടെ. വൈകാതെ നമ്മുടെ അങ്ങാടിയിലുമെത്തും വടകം. വാങ്ങിവിഴുങ്ങി, ഒാർമമിനുക്കിയാൽ ജന്മം കേമമാവുമെന്നാണ് മനുഷ്യന്റെ ശുഭപ്രതീക്ഷ. നിഘണ്ടു മിനുക്കിയാൽ നോവലാകുമോ? അറിയില്ല. ഒന്നറിയാം –ഒടുവിലേതായാലും നമ്മൾ ഒാർമയാവും.