സംവാദ മൂർത്തി

ഏപ്രിൽ 26ന് വിടവാങ്ങിയ, ചരിത്രകാരനും എഴുത്തുകാരനുമായ എം.ജി.എസ്. നാരായണനെ ഒാർമിക്കുകയാണ് ചരിത്രകാരൻകൂടിയായ ലേഖകൻ. എന്തായിരുന്നു എം.ജി.എസിന്റെ സംഭാവനയെന്ന് വ്യക്തി അനുഭവങ്ങളുടെ പശ്ചാത്തലത്തിൽകൂടി എഴുതുന്നു. എം.ജി.എസിന്റെ വിയോഗവാർത്ത ചാനലുകളിൽ അടിക്കുറിപ്പായും തലക്കുറിപ്പായും മിന്നിമായുന്നത് കണ്ടപ്പോൾ ശാന്തമായി അതുൾക്കൊള്ളാൻ ശ്രമിച്ചു. വരാൻപോവുന്ന കോളിളക്കങ്ങൾക്ക് മുൻകരുതലെന്നപോലെ. തീർച്ചയായും ആ വിയോഗം അപ്രതീക്ഷിതമായിരുന്നില്ല. എങ്കിലും എല്ലാ നിര്യാണങ്ങളെയും പോലെ ആകസ്മികവും, സംഭവാത്മകവുമായ സമാപനം. ശരീരത്തിൽനിന്ന് എന്തൊക്കെയോ അടർന്നുവീഴുന്ന പോലെ തോന്നി. ഒരു മഹാകാലത്തിന്റെ,...
Your Subscription Supports Independent Journalism
View Plansഏപ്രിൽ 26ന് വിടവാങ്ങിയ, ചരിത്രകാരനും എഴുത്തുകാരനുമായ എം.ജി.എസ്. നാരായണനെ ഒാർമിക്കുകയാണ് ചരിത്രകാരൻകൂടിയായ ലേഖകൻ. എന്തായിരുന്നു എം.ജി.എസിന്റെ സംഭാവനയെന്ന് വ്യക്തി അനുഭവങ്ങളുടെ പശ്ചാത്തലത്തിൽകൂടി എഴുതുന്നു.
എം.ജി.എസിന്റെ വിയോഗവാർത്ത ചാനലുകളിൽ അടിക്കുറിപ്പായും തലക്കുറിപ്പായും മിന്നിമായുന്നത് കണ്ടപ്പോൾ ശാന്തമായി അതുൾക്കൊള്ളാൻ ശ്രമിച്ചു. വരാൻപോവുന്ന കോളിളക്കങ്ങൾക്ക് മുൻകരുതലെന്നപോലെ. തീർച്ചയായും ആ വിയോഗം അപ്രതീക്ഷിതമായിരുന്നില്ല. എങ്കിലും എല്ലാ നിര്യാണങ്ങളെയും പോലെ ആകസ്മികവും, സംഭവാത്മകവുമായ സമാപനം. ശരീരത്തിൽനിന്ന് എന്തൊക്കെയോ അടർന്നുവീഴുന്ന പോലെ തോന്നി. ഒരു മഹാകാലത്തിന്റെ, ലോകത്തിന്റെ, നിശ്ശബ്ദമായ തിരോധാനം. ഗുരുനേരങ്ങളുടെ അസ്തമനം.
കേരളത്തിൽ ആധുനിക ചരിത്രരചനക്ക് സങ്കൽപനപരവും രീതിശാസ്ത്രപരവുമായ ഉന്മുഖത്വം നൽകിയത്, ചരിത്രപഠനത്തിന്റെ ഇന്ത്യൻ ഭൂപടത്തിലേക്ക്, ലോകനിലവാരങ്ങളിലേക്ക്, കേരള ചരിത്രത്തെ അടയാളപ്പെടുത്തിയത്, ദക്ഷിണേന്ത്യൻ ചരിത്രരചനക്ക് സാമൂഹികവും സൈദ്ധാന്തികവുമായ ദിശാബോധം നൽകിയത്... ഇങ്ങനെ എം.ജി.എസിന്റെ സംഭാവനകൾ എന്നെന്നും ഓർക്കപ്പെടും. എങ്കിലും ഒരു ചരിത്രകാരൻ എന്ന അഭിധാനത്തിൽ ഒതുങ്ങുന്നില്ല എം.ജി.എസിന്റെ പ്രതിഭയും ജീവിതവും.
അത്യന്തം ജാഗ്രത്തായ ഒരു ബൗദ്ധിക ജീവിതത്തിനോടൊപ്പം സർഗാത്മകമായ ആഭിമുഖ്യവും ഇണക്കിക്കൊണ്ടുവന്ന അസാമന്യവ്യക്തിത്വമായിരുന്നു എം.ജി.എസിന്റേത്. തന്നിലെ ചരിത്രകാരനോട് ഇണങ്ങിയും മല്ലടിച്ചും നിൽക്കുന്ന, ചിത്രകാരൻ, കവി, നിരൂപകൻ, സംഭാഷകൻ എന്നിങ്ങനെ നിരവധി അവതാരങ്ങൾ എം.ജി.എസിനുണ്ടായിരുന്നു. നവോത്ഥാന നായകന്മാർക്ക് സഹജമായ ഈ ബഹുമുഖപ്രതിഭാവിലാസം മറ്റു ചരിത്രകാരന്മാരിൽനിന്ന് എം.ജി.എസിനെ വ്യത്യസ്തനാക്കുന്നു.
ചരിത്രകാരൻ എന്ന നിലയിൽ ലബ്ധപ്രതിഷ്ഠനാവുന്നതിനു മുമ്പുതന്നെ സർഗാത്മകനായ എം.ജി.എസിനെ വളരെച്ചെറുപ്പത്തിലേ ഞാൻ കണ്ടുമുട്ടിയിരുന്നു. 70ന്റെ തുടക്കത്തിലാവണം പട്ടാമ്പിയിൽ നടന്ന സാഹിത്യ സമിതി ക്യാമ്പിൽ പത്താം ക്ലാസുകാരനായ ഞാനും പങ്കെടുത്തിരുന്നു. മൂന്നുകൊല്ലം തുടർച്ചയായി വിഷുപ്പതിപ്പിലെ കവിതാമത്സരത്തിൽ സമ്മാനം നേടിയ എനിക്ക് മഹാസാഹിത്യകാരന്മാരുടെ വാത്സല്യവും സ്നേഹവും നിർലോപം ലഭ്യമായി. അവിടെെവച്ചാണ് ഇ.എം.എസ്, ചെറുകാട്, എൻ.എൻ. കക്കാട്, കുഞ്ഞുണ്ണി മാഷ്, എസ്. ഗുപ്തൻ നായർ, എം.എൻ. വിജയൻ തുടങ്ങിയ മഹാരഥന്മാരൊപ്പം എം.ജി.എസുമായും പരിചയപ്പെടാൻ എനിക്ക് കഴിഞ്ഞത്. അറിവിന്റെ കളരികൂടിയായ ആ ക്യാമ്പിലെ മഹദ് പ്രതിഭകളുമായുള്ള സാമീപ്യം ജ്ഞാനഗ്രന്ഥികളെ വികസ്വരമാക്കിയെങ്കിലും എഴുതാനുള്ള ആവേശത്തെ മന്ദീഭവിപ്പിക്കുകയാണ് ചെയ്തത് എന്നത് മറ്റൊരു കാര്യം.
യു.സി കോളജിൽ എം.എക്ക് പഠിക്കുന്ന കാലത്താണ് എം.ജി.എസ് എന്റെ ജീവിതത്തിലേക്ക് വീണ്ടും കടന്നുവരുന്നത്. അപ്പോഴേക്കും ചരിത്രരചനാരംഗത്ത് ഉന്നതമായ ഒരു സ്ഥാനം അദ്ദേഹം കൈവരിച്ചിരുന്നു. അക്കാലങ്ങളിൽ എന്റെ അധ്യാപകനായിരുന്ന രാജൻ ഗുരുക്കളിന്റെ ഉത്സാഹത്തിൽ ആധുനിക ചരിത്ര സംബന്ധിയായ നിരവധി സെമിനാറുകൾ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇന്ത്യൻ ചരിത്രരചനയിൽ ഡി.ഡി കൊസാമ്പിയുടെ നേതൃത്വത്തിൽ നടന്ന സങ്കൽപനപരമായ വിപ്ലവത്തിന്റെ തരംഗങ്ങൾ യു.സി കോളജിലുമലയടിച്ചു. റൊമീലാ ഥാപ്പർ, ആർ.എസ്. ശർമ, ബിപൻ ചന്ദ്ര തുടങ്ങിയ ചരിത്രകോവിദന്മാരെയും അവരുടെ രചനകളെയും മനസ്സിലാക്കാനുള്ള വേദികൾ അവിടെ സജ്ജമാക്കപ്പെട്ടു. ഈ നവചരിത്ര പഠന സംരംഭങ്ങളിൽ ചരിത്രവിദ്യാർഥി എന്ന നിലയിൽ സജീവമായി പങ്കെടുക്കാനും നവീനാശയങ്ങളെ പിന്തുടരുവാനും എനിക്ക് സാധിച്ചു.
പിന്നീട് കോളജ് അധ്യാപകനായി കീഴൂർ വിവേകാനന്ദ കോളജിൽ ചേർന്ന കാലങ്ങളിൽ ഗവേഷണപരിശ്രമങ്ങൾ മന്ദീഭവിച്ചു. എന്നാൽ, അധികം താമസിയാതെ ചരിത്രഗവേഷണത്തിനു പരിശീലനവും പ്രചോദനവും നൽകുന്ന നിരവധി സെമിനാറുകളും വർക്ക് ഷോപ്പുകളും കോഴിക്കോട് സർവകലാശാലയിൽ സംഘടിപ്പിക്കപ്പെട്ടപ്പോൾ എം.ജി.എസിന്റെ നിഷ്കർഷയാൽ എനിക്കും ക്ഷണം കിട്ടി. ഇന്ത്യയിലെ പ്രമുഖ ചരിത്രകാരന്മാരുമായി ബന്ധപ്പെടാനും സംവദിക്കാനുമുള്ള സന്ദർഭങ്ങളായി അവ.
ഗവേഷണത്തിന്റെ പാതയിലേക്ക് തിരിയാൻ എനിക്ക് പ്രേരണയായി ഈ വർക്ക്ഷോപ്പുകൾ. ആധുനിക മാർക്സിയൻ ചരിത്രരചനാ പ്രസ്ഥാനം ഇതിനകം ഇന്ത്യയിലെ പ്രധാന സർവകലാശാലകളിലും ജ്ഞാനകേന്ദ്രങ്ങളിലും അക്കാദമികമായ മികവിന്റെ മാതൃകയായി അംഗീകരിക്കപ്പെട്ടിരുന്നു. ദക്ഷിണേന്ത്യയിൽ, കോഴിക്കോട് യൂനിവേഴ്സിറ്റിയിലെ ചരിത്രവിഭാഗവും അതിന്റെ അധ്യക്ഷനായിരുന്ന എം.ജി.എസുമായിരുന്നു ഈ ചരിത്രരചനാ നവോത്ഥാനത്തിന് സാരഥ്യം വഹിച്ചത്. എം.ജി.എസിന്റെ ശിഷ്യന്മാരായ വെളുത്താട്ട് കേശവനും രാജൻ ഗുരുക്കളുമൊക്കെ തങ്ങളുടെ ഗവേഷണപരിശ്രമങ്ങളിലൂടെ ഈ പ്രസ്ഥാനത്തിന്റെ ദീപവാഹകരായി. കെ. മുരളീധരനെപ്പോലുള്ള പ്രതിഭാശാലികളായ ഗവേഷകർ ഉത്തരേന്ത്യയിൽനിന്നു വരുന്ന പ്രഗല്ഭ ചരിത്രകാരന്മാരെപ്പോലും തങ്ങളുടെ ജ്ഞാനവൈപുല്യത്താലും രചനാവൈഭവത്താലും അത്ഭുതപ്പെടുത്തി. അന്ന് സെമിനാറുകളിൽ ഗ്ലാമർ താരമായി മിന്നിയ മുരളീധരൻ കാലിക്കറ്റ് യൂനിവേഴിസിറ്റിയെ കളിയായെങ്കിലും അഭിമാനപൂർവം വിശേഷിപ്പിച്ചതിങ്ങനെ: Poorman’s JNU. ഈ മുന്നേറ്റത്തിനു പിന്നിലെ ചൈതന്യകേന്ദ്രം എം.ജി.എസായിരുന്നു. കേരളത്തിൽ അക്കാദമിക് രംഗത്തിലെ ഏറ്റവും സക്രിയമായ, നിർണായകമായ പഠനമേഖലയായി ചരിത്രം അംഗീകരിക്കപ്പെട്ടു.
ഉത്തരേന്ത്യൻ യൂനിവേഴിസിറ്റികളിൽ െവച്ചു നടന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസ് സമ്മേളനങ്ങളാണ് എം.ജി.എസിന്റെ വ്യക്തി മാഹാത്മ്യവും വാഗ് വൈഭവവും സംവാദനൈപുണ്യവും നേതൃശേഷിയും കൂടുതൽ വ്യക്തമാക്കിത്തന്നത്. ട്രെയിൻയാത്രകളിൽ കിട്ടിയ ഒഴിവുസമയങ്ങളിലാണ് അദ്ദേഹം തന്റെ പേപ്പറുകൾ എഴുതിപ്പൂർത്തിയാക്കിയിരുന്നത്. ഇടവേളകളിൽ അദ്ദേഹം സഹയാത്രികരുമായും യുവഗവേഷകരോടും ഉല്ലാസകരമായ സംഭാഷണങ്ങളിലേർപ്പെട്ടു.
എം.ജി.എസിനെ പിന്നീട് ഞാൻ കാണുന്നത് ഡൽഹിയിൽ െവച്ചാണ്. കേരളവർമ കോളജിൽനിന്ന് ലീവെടുത്ത് ജെ.എൻ.യുവിൽ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിൽ ഗവേഷണംചെയ്യുന്ന കാലം. 1991ലോ അല്ലെങ്കിൽ ’92 ലോ ആവും ICHRൽ മെംബർ സെക്രട്ടറിയായി എം.ജി.എസ് ജോയിൻചെയ്തത്. വളരെ പെെട്ടന്നുതന്നെ ഡൽഹിയിലെ ബൗദ്ധിക മണ്ഡലത്തിൽ അസൂയാവഹമായ സ്ഥാനം നേടാൻ എം.ജി.എസിനു കഴിഞ്ഞു. വൈകുന്നേരങ്ങളിൽ എം.ജി.എസിനെ ഓഫിസിൽ കണ്ടുമുട്ടും. ഡൽഹിയിലെ ചരിത്ര പണ്ഡിതന്മാരും സുഹൃത്തുക്കളുമായുള്ള സല്ലാപത്തിൽ എന്നെയും ഉൾപ്പെടുത്തും. സംഭാഷണങ്ങൾ വസന്ത് വിഹാറിലെ വീട്ടിലേക്ക് നീളും. പ്രേമേച്ചി സ്നേഹപുരസ്സരം വിളമ്പിത്തന്ന, നാട്ടുവിഭവങ്ങളാൽ സമൃദ്ധമായ അത്താഴം, കഴിച്ച് അവസാന ബസിൽ ജെ.എൻ.യു ഹോസ്റ്റലിലേക്ക് മടങ്ങും.
ജെ.എൻ.യുവിലെ ചരിത്ര ഡിപ്പാർട്മെന്റ് തലയെടുപ്പുള്ള ചരിത്രകാരന്മാരാൽ സമൃദ്ധമായിരുന്നു. റൊമീല ഥാപ്പർ, ബിപൻ ചന്ദ്ര, ചമ്പകലക്ഷ്മി, കെ.എൻ. പണിക്കർ, ഹർബൻസ് മുഖിയ, മാധവൻ പാലാട്ട് തുടങ്ങിയ പ്രഗല്ഭരുടെ നിര. ആരവല്ലിയുടെ സമ്മോഹനമായ പശ്ചാത്തലം. സംവാദ-സൗഹാർദ-നിർഭരമായ കാമ്പസ്. യുവഗവേഷകന്മാരുടെ പറുദീസ. യൂറോപ്പിൽ അലയടിച്ച ഒരു ജ്ഞാനകലാപത്തിന്റെ തരംഗങ്ങൾ കാമ്പസിലും അലയടിച്ചിരുന്നു: പോസ്റ്റ് സ്ട്രക്ചറലിസ്റ്റ് ചിന്തയുടെ കൊടുങ്കാറ്റ്. പഠനമേഖലകളുടെയും ഡിസിപ്ലിനുകളുടെയും ജ്ഞാനാധികാരഭദ്രതയെ നിർദാക്ഷിണ്യം ചോദ്യംചെയ്ത ഫ്രാൻസിസ് ലിയോത്താർ, ഴിൽ ദെല്യൂസ്, ഴാക്ക് ദെറീദ, മിഷൽ ഫൂക്കോ തുടങ്ങിയ പ്രഗല്ഭ ചിന്തകന്മാരുടെ ആശയങ്ങളിൽ ആകൃഷ്ടരായി ധിഷണാശാലികളായ യുവഗവേഷകർ. പണിക്കരുടെ നേതൃത്വത്തിൽ സാംസ്കാരിക ചരിത്രത്തിൽ ഗവേഷണംചെയ്ത ഞാനും എസ്. രാജുവും ഈ ആശയകലാപത്തിന്റെ അനുധാവകരായി. കോൺഫറൻസുകളിലും ചർച്ചകളിലും പ്രമുഖ ചരിത്രകാരന്മാരെ ഞങ്ങൾ ചോദ്യംചെയ്തു. വിദ്യാർഥികളിൽ ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് പല പ്രഫസർമാരും ആശങ്കപ്പെട്ടു. അങ്ങനെ ചരിത്ര ഡിപ്പാർട്മെന്റുകളിൽ പ്രശസ്തരായ പ്രഫസർമാരോട് വിയോജിപ്പുകൾ പ്രകടിപ്പിച്ച് പലരിലും അസ്വസ്ഥത സൃഷ്ടിച്ച്, ഹിസ്റ്ററി ഡിപ്പാർട്മെന്റിൽ അനഭിമതരായി ഞങ്ങൾ.
എന്നാൽ, എം.ജി.എസിന് ഞങ്ങളുടെ ചോദ്യംചെയ്യലുകൾ ഒരുതരം പരിഭ്രമവും സൃഷ്ടിച്ചില്ല. വിയോജിക്കുമ്പോഴും ഞങ്ങളുടെ ആശയാഭിനിവേശങ്ങളെയും ചോദ്യംചെയ്യാനുള്ള ത്വരയെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. എത്ര കലാപകാരികളായ ഗവേഷകരെയും ഉൾക്കൊള്ളാനുള്ള ഉദാരതയും ആത്മവിശ്വാസവും എം.ജി.എസിനുണ്ടായിരുന്നു. ജെ.എൻ.യുവിലെ കോൺഫറൻസുകളിൽ ചർച്ചകളെ ഉദ്ദീപിപ്പിച്ചുകൊണ്ട് പലപ്പോഴും അദ്ദേഹം സന്നിഹിതനായി.
1994ൽ ഞാൻ കേരളവർമ കോളജിൽ തിരിച്ചെത്തി. ഇതിനിടയിൽ രാജ്യത്തെ നടുക്കിയ സംഭവങ്ങൾ ഉണ്ടായി. മണ്ഡൽ കമീഷനുമായി ബന്ധപ്പെട്ട കലാപങ്ങൾ. ബാബരി മസ്ജിദ് തകർക്കൽ. അതിന്റെ പൊള്ളുന്ന പ്രത്യാഘാതങ്ങൾ. അതിലേക്ക് ഞാൻ കടക്കുന്നില്ല. എന്തായാലും ഇർഫാൻ ഹബീബുമായുള്ള അഭിപ്രായവ്യത്യാസത്തിൽ എം.ജി.എസ് രാജിവെക്കുന്നു. കേരളത്തിൽ തിരിച്ചെത്തിയ എം.ജി.എസ് കമ്യൂണിസ്റ്റുകാർക്ക് അനഭിമതനാവുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഡോഗ്മകളെയും മൗലികവാദത്തെയും നേതാക്കളുടെ കാപട്യത്തെയും അദ്ദേഹം തുറന്ന് വിമർശിച്ചു. കമ്യൂണിസ്റ്റ് പാർട്ടി വ്യവഹാരങ്ങൾ സാംസ്കാരിക രംഗത്തെ ൈകയടക്കിെവച്ച കേരള സമൂഹത്തിൽ ഇ.എം.എസിനെയും കമ്യൂണിസത്തിന്റെ വീഴ്ചകളെയും ചോദ്യംചെയ്യുക എന്നത് ആപൽക്കരമായ ഒരു സംരംഭമായിരുന്നു.
നിർഭയനായി, ഒറ്റയാനായി, കമ്യൂണിസ്റ്റുകാരുടെ അധിക്ഷേപങ്ങളെയും എതിർപ്പുകളെയും അദ്ദേഹം നേരിട്ടു. താൻ വളർത്തിക്കൊണ്ടുവന്ന ഗവേഷക ശിഷ്യന്മാരും, പ്രഫസർമാരും ഒളിഞ്ഞുനിന്നാക്രമിച്ചു. അക്ഷോഭ്യനായി പുഞ്ചിരിയോടെ ഇതെല്ലാം അദ്ദേഹം നേരിട്ടു. കേരളത്തിലെ ചരിത്രരചനാ രംഗത്തിൽ, എം.ജി.എസ് ഏതാണ്ട് ഒറ്റപ്പെട്ടതുപോലെയായി. വാജ്പേയിയുടെ ഭരണകാലത്ത് ICHR ചെയർമാനായി സ്ഥാനമേറ്റെടുത്തപ്പോൾ അദ്ദേഹത്തെ ബി.ജെ.പിക്കാരനെന്ന്, അവസരവാദിയെന്ന്, എതിരാളികൾ താറടിച്ചു. എന്നാൽ, സ്വന്തം അഭിപ്രായം നിർഭയമായും സ്വതന്ത്രമായും പ്രകടിപ്പിക്കാൻ മടിയില്ലാത്ത എം.ജി.എസ് മന്ത്രിയായ മുരളീ മനോഹർ ജോഷിയുമായി ഇടഞ്ഞ് ചെയർമാൻ സ്ഥാനം രാജിെവച്ചപ്പോൾ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യബോധവും വ്യക്തിപ്രഭാവവും ഒരിക്കൽകൂടി പൊതു പ്രത്യക്ഷമായി.
കാലിക്കറ്റ് സർവകലാശാലയിലെ ചരിത്രവിഭാഗവും അതിനെ കേന്ദ്രീകരിച്ച് ഉയർന്നുവന്ന നവ കേരള ചരിത്രപഠനവും അതിന്റെ നവരീതിശാസ്ത്രവും എല്ലാം എം.ജി.എസ് സ്കൂൾ എന്ന് വിളിക്കപ്പെടുംവിധം എം.ജി.എസിന്റെ വ്യക്തിപ്രഭാവത്താൽ, രചനാസവിശേഷതയാൽ മുദ്രിതമാക്കപ്പെട്ടു. കെട്ടുകഥകളെ ചരിത്രത്തിൽനിന്ന് വെട്ടിമാറ്റുകയും കേരളചരിത്രത്തിന് കാലഗണനാപരമായ ഒരു ചട്ടക്കൂട് നിർമിക്കുകയുംചെയ്തു. നവീനമായ സങ്കൽപനോപാധികളിലൂടെ ഉപാദാനങ്ങളെ സംശോധനചെയ്ത്, വൈരുധ്യാത്മക ചരിത്രഭൗതികവാദത്തിന്റെ രീതിശാസ്ത്രത്തിൽ ചരിത്രവസ്തുതകളെ വിശകലനംചെയ്ത്, ആധുനിക ചരിത്രനിർമിതിയുടെ കുറ്റമറ്റ മാതൃകകൾ സൃഷ്ടിച്ചു അദ്ദേഹം. എപ്പിഗ്രഫിയിലും ആർക്കിയോളജിയിലും അദ്ദേഹത്തിന്റെ സംഭാവനകൾ നിസ്തുലമാണ്.
വിശ്വോത്തര ചരിത്രകാരനും പിഎച്ച്.ഡി പ്രബന്ധത്തിന്റെ പരിശോധകനുമായ എ.എൽ. ബാഷാമിനെപ്പോലും അത്ഭുതപ്പെടുത്തി എം.ജി.എസിന്റെ ഗവേഷണവൈഭവവും രചനാസൗഷ്ഠവവും. Cultural Symbiosis in Kerala, Aspects of Aryanisation in Kerala, Reinterpretations in South Indian History, Perumals of Kerala, Calicut: the city of Truth, ‘കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകൾ’ തുടങ്ങിയ ഗ്രന്ഥങ്ങൾ കേരള ചരിത്രരചനയിലെ ക്ലാസിക്കുകളായി നിലകൊള്ളുന്നു. എം.ജി.എസിന്റെ ശിഷ്യന്മാരായ പ്രമുഖ ചരിത്രകാരന്മാർ എം.ജി.എസിന്റെ പാതയിൽനിന്ന് വിട്ടുമാറി ചരിത്രരചനയിൽ മുന്നോട്ടു പോയെങ്കിലും എം.ജി.എസ് സ്കൂളിന്റെ ആഖ്യാന മാതൃകകളെ അടിസ്ഥാനപരമായി ഉല്ലംഘിക്കുവാനോ പുത്തൻ രീതികളെ അവതരിപ്പിക്കാനോ അവർക്ക് കഴിഞ്ഞതായി തോന്നുന്നില്ല. അതേസമയം, കക്ഷിരാഷ്ട്രീയമായ പരിഗണനകൾ കേരള ചരിത്രരചനകളെ നിരുന്മുഖമാക്കുകയും വികലീകരിക്കുകയും ചെയ്യുന്നതാണ് പിന്നീട് നാം കാണുന്നത്.
ചരിത്രരചനയുടെ അക്കാദമിക, ഔദ്യോഗിക ധാരകളിൽനിന്നും വിട്ടുമാറിയതിനുശേഷം എം.ജി.എസ് എഴുതിയ ചരിത്ര, രാഷ്ട്രീയ, സംസ്കാര സംബന്ധിയായ ലേഖനങ്ങളും പഠനങ്ങളും, അവയുടെ സ്വാച്ഛന്ദ്യത്താലും മൗലികതയാലും വേറിട്ടുനിൽക്കുന്നു. ചരിത്ര ഭൗതികവാദ നിയമങ്ങളുടെ, അക്കാദമിക് ഡിസിപ്ലിന്റെ, കാർക്കശ്യങ്ങളിൽനിന്നയഞ്ഞും ഒഴിഞ്ഞും അവ പുതിയ തുറസ്സുകളിലേക്ക് സ്വതന്ത്രമാകുന്നു. ആധുനികതയുടെ ബൃഹദാഖ്യാനങ്ങളിൽനിന്ന് മുക്തമായ ഒരുതരം സൂക്ഷ്മ ചരിത്രങ്ങളാണവ. ‘സാമൂഹിക ചരിത്ര’ത്തിന്റെയും ഉൽപാദനകേന്ദ്രിത ചരിത്രത്തിന്റെയും ഏകമാനതയെ ഭേദിച്ചുകൊണ്ട് സംസ്കാരത്തെയും രാഷ്ട്രീയത്തെയും ജീവിതത്തിന്റെ സമഗ്രതലങ്ങളെയും സ്പർശിക്കുന്ന, ഒരു കള്ളിയിലുംപെടുത്താനാവാത്ത സൂക്ഷ്മ സമഗ്ര ചരിത്രങ്ങൾ. ‘കോഴിക്കോടിന്റെ കഥ’, ‘സാഹിത്യാപരാധങ്ങൾ’, ‘ജനാധിപത്യവും കമ്യൂണിസവും’ തുടങ്ങിയ ഗ്രന്ഥങ്ങൾ ഉദാഹരണം. സമകാലിക ചരിത്രത്തിലെ, രാഷ്ട്രീയത്തിലെ, സംസ്കാരത്തിലെ, ചിന്തയിലെ ധീരവും സത്യസന്ധവുമായ ഇടപെടലുകളായിരുന്നു അവ.
അന്തർവിജ്ഞാനീയവും സംവാദാധിഷ്ഠിതവും അനൗപചാരികവുമായ നവീനമായ ഒരു ഗുരുകുലമായി സർവകലാശാലാന്തരീക്ഷത്തെ മാറ്റിയെടുത്തു എം.ജി.എസ്. അധികാരബന്ധങ്ങളോ ഉദ്യോഗസ്ഥസ്വഭാവമോ ഉച്ചനീചത്വഘടനയോ തീണ്ടാത്ത, ഗുരുശിഷ്യ സമത്വത്തിൽ ഊന്നിയ, മൈത്രീഭാവത്താൽ പുഷ്കലമായ ഒരു സംവാദകുലം. നിർഭയമായ സത്യാന്വേഷണവും സത്യാവിഷ്കാരവുമായിരുന്നു അതിന്റെ കാതൽ. മതജാതി ദേശഭേദങ്ങളോ പ്രായ-പദവി വ്യത്യാസങ്ങളോ പരിഗണിക്കപ്പെട്ടില്ല. ചരിത്രകാരൻ എന്നതിനുപരി അന്തർവിജ്ഞാനീയ സംവാദകൻ, ധീരനായ സത്യവാദകൻ, വിട്ടുവീഴ്ചയില്ലാത്ത സമൂഹ, രാഷ്ട്രീയ, മത, വിമർശകൻ എന്ന നിലയിൽ കേരളീയ ജീവിതത്തിൽ എം.ജി.എസ് നിറഞ്ഞുനിന്നു.

എം.ജി.എസ് -പഴയ ചിത്രം
കോട്ടയത്ത്, ഒരു ചരിത്ര സെമിനാറിൽ പങ്കെടുക്കാനായി പല പ്രമുഖ ചരിത്രകാരന്മാരുമെത്തിച്ചേർന്ന ഒരു സന്ദർഭം. ഹോട്ടലിൽ ഒരു ഗവേഷകസുഹൃത്തിന്റെ മുറിയിൽ യുവഗവേഷകരും, ചരിത്രകാരന്മാരും ഒത്തുകൂടി. അടുത്ത സുഹൃത്തുക്കളായ എസ്. രാജു, റാം മോഹൻ, ജെയിംസ് തുടങ്ങിയവരും സജീവമായുണ്ടായിരുന്നു. പ്രബുദ്ധമായ ആ സ്വകാര്യ സദസ്സിൽ, ചഷകങ്ങളും ബൗദ്ധികസല്ലാപങ്ങളും കൂട്ടിയുരുമ്മി വെയിൽ നിലാവായി വിരിഞ്ഞ നേരങ്ങളിൽ ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകൾക്ക് അവതാരികയെഴുതിയ എം.ജി.എസ്, ചിത്രകാരനും കവിയും കാവ്യനിരൂപകനുമായ എം.ജി.എസ്, പൊന്നാനിക്കാലത്തെപ്പറ്റി, പൊന്നാനിക്കളരിയെപ്പറ്റി, അതിലെ പ്രഗല്ഭമതികളെപ്പറ്റി വാചാലനായി. തുടർന്നദ്ദേഹം പറഞ്ഞ വാക്കുകളുടെ പൊരുൾ മാത്രമേ ഞാൻ ഓർക്കുന്നുള്ളൂ.
അതിതാണ്: “അതിമനോഹരവും ആനന്ദകരവുമായ ഈ ലോകത്തെ, ഭൂമിയിലെ ഈ ജീവിതത്തെ എനിക്ക് സ്നേഹിക്കാതിരിക്കാനാവില്ല. എങ്ങനെ ഒരാൾക്ക് ജീവിതത്തെ വെറുക്കാനാവും? അത്രമേൽ പ്രിയങ്കരമായ ഈ ഭൂവാസത്തെ എങ്ങനെ വിട്ടുപിരിയാൻ തോന്നും? അന്ന് അവിടെ മുഴങ്ങിനിന്ന വാചകങ്ങൾ പലതും മറവിയിലാണ്ടെങ്കിലും ആ ഗുരുനിമിഷങ്ങളുടെ ഘനസാന്ദ്രത ഉൾമനസ്സിൽ എന്നെന്നേക്കുമായി കൊത്തിവെക്കപ്പെട്ടു. വരും തലമുറയോട്, സഹഗവേഷകരോട്, സുഹൃത്തുക്കളോടുള്ള, ജീവിതസ്നേഹസന്ദേശമായി ഞാനതിനെ വായിച്ചു. ലോകജീവിതത്തെ അത്രമേൽ സ്നേഹിച്ച, സംവാദ, സഹാർദ, മൂർത്തിയായ, നിർഭയനും സത്യവാദകനുമായ എം.ജി.എസ്, ചരിത്രകാരൻ എന്ന അഭിധാനത്തെ കവിഞ്ഞുനിൽക്കുന്ന എം.ജി.എസ്, എനിക്ക് മുന്നിൽ വിരാട് രൂപിയായി വെളിപ്പെട്ട നിമിഷങ്ങളായിരുന്നു അത്.
(തൃശൂർ കേരളവർമ കോളജിൽ ചരിത്രവിഭാഗം മുൻ മേധാവിയാണ് ലേഖകൻ)