കേരളം: മിത്തും യാഥാർഥ്യവും

മാധ്യമം ആഴ്ചപ്പതിപ്പിൽ 2015ലെ പുതുവർഷപ്പതിപ്പു മുതൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച, എം.ജി.എസിന്റെ ആത്മകഥയിൽനിന്ന് ഒരു അധ്യായമാണ് ഇത്. കേരളത്തിന്റെ ചരിത്രം, മിത്ത് എന്നിവയുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകൾ രൂപവത്കരിക്കപ്പെട്ടതിന്റെ സാഹചര്യങ്ങളും തെളിവുകളും അദ്ദേഹം നിരത്തുന്നു. കേരളത്തിലെ മരുമക്കത്തായത്തിന്റെ കാര്യത്തിലും ചില പുതിയ ഉൾക്കാഴ്ചകൾ എനിക്ക് ലഭിച്ചു. പ്രഫസർ ഇളംകുളം ചേരമാൻ പെരുമാക്കൾ മക്കത്തായികളാണെന്ന ഒരു നിഗമനത്തിലാണ് എത്തിയിരുന്നത്. എന്നാൽ, പിൽക്കാലത്ത് കേരളത്തിലെ നാടുവാഴികളും ജന്മികളും പ്രഭുക്കളും നായന്മാരും എന്നല്ല മറ്റു ചില സമുദായക്കാരും സാർവത്രികമായി...
Your Subscription Supports Independent Journalism
View Plansമാധ്യമം ആഴ്ചപ്പതിപ്പിൽ 2015ലെ പുതുവർഷപ്പതിപ്പു മുതൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച, എം.ജി.എസിന്റെ ആത്മകഥയിൽനിന്ന് ഒരു അധ്യായമാണ് ഇത്. കേരളത്തിന്റെ ചരിത്രം, മിത്ത് എന്നിവയുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകൾ രൂപവത്കരിക്കപ്പെട്ടതിന്റെ സാഹചര്യങ്ങളും തെളിവുകളും അദ്ദേഹം നിരത്തുന്നു.
കേരളത്തിലെ മരുമക്കത്തായത്തിന്റെ കാര്യത്തിലും ചില പുതിയ ഉൾക്കാഴ്ചകൾ എനിക്ക് ലഭിച്ചു. പ്രഫസർ ഇളംകുളം ചേരമാൻ പെരുമാക്കൾ മക്കത്തായികളാണെന്ന ഒരു നിഗമനത്തിലാണ് എത്തിയിരുന്നത്. എന്നാൽ, പിൽക്കാലത്ത് കേരളത്തിലെ നാടുവാഴികളും ജന്മികളും പ്രഭുക്കളും നായന്മാരും എന്നല്ല മറ്റു ചില സമുദായക്കാരും സാർവത്രികമായി മരുമക്കത്തായം പിന്തുടർന്നതായി കാണപ്പെട്ടു. പ്രാകൃതരായ ആദിവാസി വർഗക്കാർ മരുമക്കത്തായത്തിൽനിന്ന് മക്കത്തായത്തിലേക്ക് മാറുന്നതല്ലാതെ മറിച്ചൊരു പ്രതിഭാസം ലോകചരിത്രത്തിൽ അറിയപ്പെടുന്നില്ല. ഇതെങ്ങനെ കേരളത്തിൽ സംഭവിച്ചു എന്ന ചോദ്യത്തിന് ഇളംകുളം ഒരു മറുപടി കണ്ടെത്തിയിരുന്നു.
പ്രബലമായ ചോളസാമ്രാജ്യവും താരതമ്യേന ദുർബലമായ കേരള ‘സാമ്രാജ്യ’വും തമ്മിൽ നൂറ്റാണ്ടുയുദ്ധം എന്ന് വിളിക്കാവുന്ന ഒരു ജീവന്മരണപ്പോരാട്ടം നടന്നുവെന്നും പക്ഷേ, കേരളം അജയ്യമായി തുടർന്നുവെന്നും ഇളംകുളം കൽപിച്ചു. എങ്കിലും കേരളം ആ വിജയത്തിന് വലിയ ഒരു വില കൊടുക്കേണ്ടിവന്നുവത്രേ! ആ നൂറ്റാണ്ടു യുദ്ധത്തിൽ ചുറുചുറുക്കുള്ള പുരുഷന്മാർ എല്ലാം വീരമൃത്യുവടഞ്ഞതുകൊണ്ട് സ്ത്രീകൾ സ്വത്തിന്റെയും സമൂഹത്തിന്റെയും നേതൃത്വം ഏറ്റെടുക്കാൻ നിർബന്ധിതരായത്രെ! ഇതെല്ലാം സാങ്കൽപികമായിരുന്നു എന്ന് ഞാൻ കണ്ടെത്തി. ഇടക്കിടെ ഉണ്ടായ ചില കടലാക്രമണങ്ങളല്ലാതെ ചോളചക്രവർത്തിമാരും ചേരമാൻ പെരുമാക്കളും തമ്മിൽ ഒരു നിരന്തരയുദ്ധം നടന്നതിന്റെ ഒരു തെളിവും കണ്ടെത്താൻ എനിക്ക് സാധിച്ചില്ല. രണ്ടാം ചേരസാമ്രാജ്യം എന്നാണ് ഇളംകുളം പ്രയോഗിച്ചത്. എന്നാൽ, ചേരസാമ്രാജ്യം എന്നൊരു സംഭവംതന്നെയില്ല. ചോളന്മാർ ഏതാണ്ട് ദക്ഷിണേന്ത്യ മുഴുവനും പുറത്ത് ശ്രീലങ്കയടക്കം ചില ഭാഗങ്ങളും കീഴടക്കിയപ്പോൾ കൊടുങ്ങല്ലൂരിലെ ചേരന്മാർ ഒരു ചെറിയ രാജ്യം മാത്രമാണ് ഭരിച്ചത്. മാത്രമല്ല, ഭാസ്‌കരരവിക്കുശേഷം (962 -1026) രണ്ടു പെരുമാക്കളെങ്കിലും –രാജസിംഹൻ, രാജരാജൻ– ചോള ചക്രവർത്തിയുടെ സാമന്തരായി വാണതിന്റെയും തെളിവുകളുണ്ട്. രാജേന്ദ്രചോളനും രാജാധിരാജ ചോളനും കേരളം ആക്രമിച്ചു കീഴട ക്കിയതായും അവകാശപ്പെടുന്നുണ്ട്.
പെരുമാക്കളുടെ കാലത്തുതന്നെ പല നായർകുടുംബക്കാരും മരുമക്കത്തായം പിന്തുടർന്നതായി തിരുവല്ലാ ചെപ്പേടുകളും തെളിയിക്കുന്നു. അതുമല്ല പെരുമാക്കളുടെ കൂട്ടത്തിൽ സ്ഥാണുരവിയെ പിന്തുടർന്ന വിജയരാഗൻ മകളുടെ ഭർത്താവെന്ന് രേഖയുള്ളതിനാൽ മരുമകനായിരിക്കാനാണ് വഴി, മറ്റുള്ള പെരുമാക്കളുടെ കാര്യത്തിലൊന്നും പിതൃ-പുത്ര ബന്ധം അന്യരാജവംശങ്ങളിൽ എന്നപോലെ പ്രശസ്‌തികളിൽ പരാമർശിക്കപ്പെടുന്നുമില്ല. ഈ നിലക്ക് കേരളക്കരയിലെ ഭരണാധികാരികളും ജനങ്ങളും ആദ്യം മുതൽക്കേ മരുമക്കത്തായികളാണെന്ന് കൽപിക്കുന്നതിലാണ് ഔചിത്യമുള്ളത്.
അപ്പോൾ സംഘകാലത്തെ ചേരന്മാരോ? ‘പതിറ്റുപ്പത്തി’ൽ മക്കത്തായമല്ലേ വർണിച്ചിട്ടുള്ളത്? അതു ശരിയാണ്. പക്ഷേ, ആദി ചേരന്മാർ ഇന്നത്തെ കേരളത്തിലാണെന്ന വിശ്വാസം ഉപേക്ഷിക്കണം. ഇന്നത്തെ തമിഴ്‌നാട്ടിൽ തിരുച്ചിറപ്പള്ളിക്കടുത്തുള്ള കരുവൂരിലാണ് അവരുടെ ആസ്ഥാനമെന്ന് ആദിചേരനാണയങ്ങളും കോട്ടയുടെ അവശിഷ്ടങ്ങളും അടക്കമുള്ള പുരാവസ്‌തുപ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അവർക്ക് പടിഞ്ഞാറൻ കടൽക്കരയിൽ തൊണ്ടി, മുചിരി എന്ന രണ്ടു തുറമുഖങ്ങളിൽ ആധിപത്യമുണ്ടായിരുന്നതായി മാത്രമാണ് യവനഗ്രന്ഥങ്ങൾ പ്രസ്‌താവിക്കുന്നത്, അവയും ദൂരെ കരുവൂരിലാണ് ചേരന്മാരുടെ ആസ്ഥാനമെന്ന് പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ചേർത്തുവെക്കുമ്പോൾ ഭൂമിയിലെ മറ്റുപല മലമ്പ്രദേശങ്ങളിലും എന്നപോലെ, ഹിമാലയൻ താഴ്വരയിലെ ഖാസികളിെലന്നപോലെ, മലനാട്ടിലെ ആദിവാസികൾക്കിടയിലും അവ്യവസ്ഥിതമായ ലൈംഗികബന്ധങ്ങളും മരുമക്കത്തായവും ആണ് നിലനിന്നതെന്ന് അനുമാനിക്കാം.
പിന്നെ ആലോചിക്കേണ്ടത് ഇന്ത്യയിൽ പലേടത്തും നാഗരികതയും സ്വകാര്യസ്വത്തും ലിഖിതനിയമങ്ങളും വളർന്നപ്പോൾ ഈ മരുമക്കത്തായം കേരളത്തിൽ മാത്രം എന്തുകൊണ്ട് ആധുനികദശവരെ നിലനിന്നു എന്ന കാര്യമാണ്. ആ ചോദ്യത്തിനുത്തരം കാണാൻ ഇരുമ്പുയുഗാരംഭത്തിലുള്ള കേരളത്തിലെ ശവക്കല്ലറകളെയാണ് ശ്രദ്ധിക്കേണ്ടത്. ഏകദേശം ക്രിസ്‌തുവർഷം എട്ടാംനൂറ്റാണ്ടിന്റെ അവസാനംവരെ പല രൂപത്തിലുള്ള കൽവലയങ്ങൾ, കൽമേശകൾ, നന്നങ്ങാടികൾ, കുടക്കല്ലുകൾ തുടങ്ങിയ മെഗാലിത്തിക് ശവക്കല്ലറകളല്ലാതെ മനുഷ്യ നിർമിതമായ മന്ദിരങ്ങളൊന്നും കാണപ്പെടുന്നില്ല എന്ന വസ്തുത നാം പരിഗണിക്കണം. അപ്പോൾ കേരളബ്രാഹ്മണരുടെ ഐതിഹ്യഗ്രന്ഥമായ ‘കേരളോൽപത്തി’യെ നാം ഗൗരവമായെടുക്കേണ്ടിവരുന്നു.
പരശുരാമൻ മഴുവെറിഞ്ഞ് കടലിൽനിന്ന് കേരളക്കര പൊക്കിയെടുത്തുവെന്ന അവിശ്വസനീയമായ കെട്ടുകഥ,–അത് പരശുരാമാവതാരം വർണിക്കുന്ന പുരാണങ്ങളിൽ ഒന്നുമില്ല– ഒഴിച്ചുനിർത്തിയാൽ വടക്ക് പെരുഞ്ചെല്ലൂർ തൊട്ട് തെക്ക് വെൺമണിവരെ ആര്യബ്രാഹ്മണരുടെ 32 മൂലഗ്രാമങ്ങൾ കുടിയേറ്റക്കാരായ ബ്രാഹ്മണർ കാലക്രമത്തിൽ കാടുവെട്ടിത്തെളിച്ച് സ്വയംഭരണസങ്കേതങ്ങളായി സ്ഥാപിച്ചുവെന്ന് വിചാരിക്കണം. ഒരുപാടു നദികളും ഫലഭൂയിഷ്‌ഠമായ മണ്ണും പെരുമഴയുമുള്ള ഈ മലങ്കരയിൽ വൻകാടുകൾ വളർന്നുവന്നിരിക്കണം. വെളിസ്ഥലങ്ങൾ കുറവായിരിക്കണം. അതുകൊണ്ടാണ് പ്രാചീനവും നവീനവുമായ ശിലായുഗത്തിന്റെ ആവാസകേന്ദ്രങ്ങൾ അധികമൊന്നും കേരളത്തിൽ കാണാതിരിക്കുന്നത്.
ഈ 32 മൂലഗ്രാമങ്ങൾ ബ്രാഹ്മണർതന്നെ ഭരിക്കുകയും അവരുടെ കലഹങ്ങൾ അസഹ്യമാവുകയുംചെയ്‌തപ്പോൾ അവർ ഒന്നി ച്ചുകൂടി ‘പരദേശത്ത്’ (തമിഴ്‌നാട്ടിൽ) ചെന്ന് ചേരവംശത്തിലെ ഒരു പുരുഷനെയും സ്ത്രീയെയും കൂട്ടിക്കൊണ്ടുവന്ന് കൊടുങ്ങല്ലൂർ ആസ്ഥാനമായി കേരളരാജ്യം സ്ഥാപിച്ച് പെരുമാക്കളായി പ്രതിഷ്ഠിച്ചുവെന്നാണ് കേരളോൽപത്തി അവകാശപ്പെടുന്നത്. ആ പുരുഷന്റെ കാലശേഷം സഹോദരിയിൽ ബ്രാഹ്മണർ സന്തത്യുൽപാദനം നടത്തിയുണ്ടായ മരുമക്കൾക്ക് പിന്തുടർച്ചാവകാശം നൽകിയെന്നും കൊടുങ്ങല്ലൂരിന് ചുറ്റുമുള്ള നാല് ആര്യബ്രാഹ്മണസങ്കേതങ്ങളിലെ നേതാക്കളെ തളി അധികാരികളായി കൽപിച്ച് പെരുമാക്കളെ അവരുടെ നിയന്ത്രണത്തിൽ നിർത്തിയെന്നുമാണ് കേരളോൽപത്തിയിലെ കഥ. ഇതെല്ലാം നാട്ടുകാരുടെ വെറും കെട്ടുകഥകളായി ബ്രിട്ടീഷുകാരുടെ കൊളോണിയൽ കാഴ്ചപ്പാടുള്ള ചരിത്രകാരന്മാർ തള്ളിക്കളയുകയാണ് ചെയ്തിരുന്നത്.
പക്ഷേ, സാഹചര്യത്തെളിവുകൾ പലതും ആ പ്രസ്താവനകളെ സാധൂകരിക്കുന്നതായി ഞാൻ കണ്ടെത്തി. 32 മൂലഗ്രാമങ്ങളിൽ 28 എണ്ണവും അവയുടെ ഗ്രാമക്ഷേത്രങ്ങൾവഴി തിരിച്ചറിയാൻ കഴിഞ്ഞു. അവയിൽ പലതിലും ക്രിസ്‌തു ഒമ്പതാം നൂറ്റാണ്ടു മുതൽക്കുള്ള പുരാലിഖിതങ്ങൾ അധിഷ്‌ഠാനത്തിലും തൂണുകളിലും തിരുമുറ്റത്തെ ശിലാഫലകങ്ങളിലും കണ്ടു. ബാക്കി നാലു ഗ്രാമസങ്കേതങ്ങളും എന്റെ വിദ്യാർഥികൾ കണ്ടുപിടിച്ചു. ഈ ക്ഷേത്രത്തിലെ ശിലാരേഖകളിൽക്കൂടിയും അവയോടു ബന്ധപ്പെട്ട ചെപ്പേടുകളിൽക്കൂടിയുമാണ് പന്ത്രണ്ടോളം ചേരമാൻ പെരുമാക്കളുടെ കാലക്രമവും ചരിത്രവും ആദ്യം പ്രഫ. ഇളംകുളവും പിന്നീട് അൽപാൽപ വ്യത്യാസങ്ങളോടെ ഞാനും ചുരുളഴിക്കാൻ ഇടവന്നത്. ഇതോടെ ഭാരതത്തിന്റെ മറ്റുഭാഗങ്ങളിൽ എങ്ങുമില്ലാത്തവിധം പൂർണമായ ബ്രാഹ്മണാധിപത്യവും കേരളത്തിൽ സ്ഥാപിതമായതായി ചിത്രീകരിക്കേണ്ടി വന്നു.

സിന്ധു-ഗംഗാ സമതലത്തിലെ ആര്യബ്രാഹ്മണർ കുടിയേറ്റക്കാരായി ഭൂമിയന്വേഷിച്ച്, പലപ്പോഴും രാജാക്കന്മാരോട് യാചിച്ച്, അപൂർവമായി ചിലപ്പോൾ കാടുവെട്ടിത്തെളിച്ച്, സാവധാനത്തിൽ പശ്ചിമതീരത്തിലെയും പൂർവതീരത്തിലെയും നദീതാഴ്വരകളിലൂടെ തെക്കോട്ട് നീങ്ങുകയാണുണ്ടായത്. ആ നീക്കം ഒരായിരം കൊല്ലത്തോളം കാലമെടുത്താണ് കേരളത്തിലെത്തിയത്. അതിന് ഞാൻ ഭാരതചരിത്രത്തിലെ മഹാദക്ഷിണയാനം (The Great Southward Movement in Indian History) എന്ന് ഒരു പേരും കൽപിക്കുന്നു. അതിന്റെ വിശദാംശങ്ങൾ പലതും ഇന്ന് ഭൂമിദാനപത്രങ്ങളായ (Land Grants) പുരാലേഖ്യങ്ങളിലൂടെ ശേഖരിക്കാൻ കഴിയുന്നുണ്ട്. ആ പണി ഞാനിന്നും തുടർന്നുകൊണ്ടിരിക്കുകയാണ്. മുഴുവനായിട്ടില്ല. എങ്കിലും ഒരു ബാഹ്യരേഖ (outline) വരച്ചെടുക്കാനും പ്രസിദ്ധീകരിക്കാനും സാധിച്ചു.
കേരളത്തിൽ മാത്രം രാജാക്കന്മാരുടെ ഭൂമിദാനത്തിലൂടെയല്ല ആര്യ-ബ്രാഹ്മണരുടെ നേരിട്ടുള്ള ഗ്രാമസ്ഥാപനത്തിലൂടെയാണ് അധിനിവേശം നടക്കുന്നത്. ഇവിടെ അന്ന് ഇരുമ്പുയുഗത്തിലെ പ്രാകൃതജനങ്ങളല്ലാതെ രാജ്യവും രാജാവുമൊന്നും ഉണ്ടായിരുന്നില്ല എന്നർഥം. ഇതുകൊണ്ട് ബ്രാഹ്മണപ്രഭുക്കൾക്ക് പരമാധികാരമുള്ള ‘ബ്രഹ്മക്ഷേത്ര’മായി ഭരണം നടക്കുന്ന, ഒരു പ്രദേശമായി കേരളം രൂപപ്പെട്ടു. മാത്രമല്ല, ദേവസ്വവും ബ്രഹ്മസ്വവുമായി നല്ല കൃഷിസ്ഥലങ്ങളെല്ലാം ഊരാളർ (മഹാജനം) എന്നറിയപ്പെട്ട ബ്രാഹ്മണപ്രഭുക്കളുടെ കൈവശമായപ്പോൾ കൃഷിപ്പണിയുടെ മേൽനോട്ടത്തിനുവേണ്ടി അവർ ഏർപ്പാടാക്കിയ ആദിവാസികൾ പാട്ടക്കാരായ കാരാളരായിത്തീർന്നു. പുതിയ ഒരുതരം ചാതുർവർണ്യം കേരളത്തിൽ ഉടലെടുത്തു.
മറ്റു ചില പ്രത്യേകതകളുമുണ്ടായി. ഇനി ആര്യബ്രാഹ്മണ സംഘങ്ങൾക്ക് അധിനിവേശത്തിനായി കേരളത്തിൽനിന്ന് തെക്കോട്ട് നീങ്ങാൻ മാർഗമില്ലല്ലോ. അപ്പോൾ ബ്രാഹ്മണ കുടുംബങ്ങൾ പെറ്റുപെരുകിയാൽ കൃഷിഭൂമി ഒരു പ്രശ്‌നമാവും. അതിനൊരു പരിഹാരവും അവർ കണ്ടുപിടിച്ചു. കേരള ബ്രാഹ്മണഗൃഹങ്ങളിൽ മൂത്ത പുത്രൻമാർക്കു മാത്രം അവകാശപ്പെട്ടതാണ് സ്വന്തം സമുദായത്തിൽ വിവാഹവും കുടുംബസ്വത്തും എന്നൊരു നിയമം സൃഷ്ടിച്ചിരിക്കണം. താഴെയുള്ള സന്തതികൾ –അപ്‌ഫന്മാർ എന്നു പറയും– എല്ലാം സാങ്കേതികമായി ബ്രഹ്മചാരികളാണ്. സ്വന്തം സമുദായത്തിൽ വിവാഹം കഴിക്കാൻ അവർക്കനുവാദമില്ല. പക്ഷേ, അന്യസമുദായങ്ങളിൽ താൽക്കാലികമായ വിവാഹബന്ധങ്ങൾ സ്ഥാപിക്കാം. മരുമക്കത്തായികളായ കാരാളരുടെയും നാടുവാഴികളുടെയും തറവാടുകളിൽ സംബന്ധക്കാരായി കൂടാം. പുരുഷന്മാർക്കും സ്ത്രീകൾക്കും ഇത് സൗകര്യമായി.
അപ്ഫന്മാർക്ക് മക്കളെ നോക്കേണ്ട ഉത്തരവാദിത്തമില്ല. ബ്രാഹ്മണരുടെ മക്കളാണെങ്കിലും അവർ കേവലം ശൂദ്രന്മാരാണല്ലോ. നാടുവാഴികളായ ചില കുടുംബക്കാർക്ക് ഈ ബ്രാഹ്മണപ്രഭുക്കൾ ക്ഷത്രിയ സ്ഥാനവും നൽകിയിരുന്നു. ആ മക്കളെല്ലാം അമ്മയുടെ തറവാട്ടിലെ തായ്‌വഴി സ്വത്തുകൊണ്ടു കഴിഞ്ഞുകൂടും. ബ്രാഹ്മണസന്തതികളെന്ന മാന്യസ്ഥാനവുമുണ്ട്. ഈ സംബന്ധപ്രസ്ഥാനത്തിലൂടെ കേരളത്തിലെ ഭരണാധികാരികളെല്ലാം ബ്രാഹ്മണസന്തതികളായിത്തീർന്നു. അവരിൽ പലരും കളരിയഭ്യാസം കഴിച്ച് നായന്മാർ (നായകന്മാർ, പടനായകന്മാർ) ആയി ജീവിച്ചു. ഈ വിധത്തിൽ ബ്രാഹ്മണസംബന്ധത്തിന് തയാറായ കാരാളരാണ് കാലക്രമത്തിൽ, ബ്രാഹ്മണരുടെ നേതൃത്വത്തിൽ കേരളത്തിലെ ഭരണവർഗമായി മാറിയത്.
അവർ ബ്രാഹ്മണദാസരായി, പറയരും പുലയരും ചെറുമക്കളുമായി അവശേഷിച്ച അടിയാളന്മാരെക്കൊണ്ട് കൃഷിപ്പണിയെല്ലാം ചെയ്യിച്ച്, അവരുടെ അധ്വാനം ചൂഷണം ചെയ്ത്, മധ്യകാലശതകങ്ങളിൽ ആർഭാടമായി ജീവിച്ചു. യൂറോപ്യൻ സാമ്രാജ്യകാ ലത്തും അവർ പുതിയ മേലധികാരികളുടെ പ്രീതി സമ്പാദിച്ച്, ഇംഗ്ലീഷ് വിദ്യാഭ്യാസവും ഉദ്യോഗങ്ങളും നേടി, സമൂഹത്തിന്റെ മേൽത്തട്ടിൽ പരിലസിച്ചു. അവർതന്നെയാണ് മുതലാളിത്തവും യന്ത്രസംസ്കാരവും കടന്നുവന്നപ്പോൾ ആദ്യകാലത്തെ ബൂർഷാവർഗമായി പരിണമിച്ചത്. കൂട്ടത്തിൽ വ്യാപാരികളായി പണ്ട് തുറമുഖനഗരങ്ങളിൽ സ്ഥാനംപിടിച്ച നസ്രാണികളും മാപ്പിളമാരുംകൂടി ഉണ്ടായിരുന്നു. ബ്രാഹ്മണാധിപത്യത്തിന്റെ അടയാളങ്ങൾ (സവർണമുദ്രകൾ) ഇന്നും അവശേഷിക്കുന്നു. കേരളത്തിന്റെ സ്വന്തമായ ബഹുമത-ബഹു ഭാഷ-ബഹുസ്വര സംസ്‌കാരം ഇങ്ങനെയൊക്കെയാണ് വളർന്നുവന്നത്.

1952 മാർച്ചിൽ എം.ജി.എസ് മാതൃഭൂമിയിൽ എഴുതിയ കവിത
ഇത്തരം കണ്ടെത്തലുകൾ കേരളം സാമൂഹികമായും സാംസ്കാരികമായും ഭാരതത്തിന്റെ അവിഭാജ്യഘടകമാണെങ്കിലും പലതരത്തിലും സവിശേഷമായ ഒരു സ്വത്വം നേടിയ ഭൂവിഭാഗമാണ് എന്ന കാഴ്ചപ്പാടിലേക്കാണ് എന്നെ നയിച്ചത്. പുരാവസ്‌തു ശാസ്ത്രത്തിന്റെയും പുരാലിഖിതപഠനത്തിന്റെയും സാഹിത്യപഠനത്തിന്റെയും സഹായത്തോടെ ധാരാളം വിശദാംശങ്ങൾ എഴുതിച്ചേർക്കാനുണ്ടായിരുന്നു. ഒരു ജീവിതകാലം മുഴുവൻ ഏകാഗ്രതയോടെ പ്രയത്നിച്ചാലും ഒറ്റക്ക് ഈ പദ്ധതി മുഴുമിക്കാനാവില്ല. സർവകലാശാലയിലെ ചരിത്രവിഭാഗം അതിനനുസൃതമായി രൂപപ്പെടുത്തി വളർത്തിയെടു ക്കാൻ കേരളത്തിലെ സാമൂഹിക–രാഷ്ട്രീയ അന്തരീക്ഷവും സർവകലാശാലകളുടെ സ്വഭാവവും അനുവദിക്കില്ല. പിന്നെന്താണ് പരിഹാരം? ഒരുപക്ഷേ പല ഡിസിപ്ലിനുകളും ചേർന്ന് കേരളപഠനത്തിനുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ട് ദീർഘകാലാടിസ്ഥാനത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ ഇടവന്നാൽ എന്റെ സ്വപ്‌നത്തിലുള്ള കേരള ഗവേഷണം പല തലമുറകൾക്കുള്ളിൽ സാക്ഷാത്കരിക്കാൻ പറ്റിയെന്ന് വരാം. കേരള പഠനത്തിലൂടെ ഭാരതപഠനത്തിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞേക്കും.
എന്നെ സംബന്ധിച്ചിടത്തോളം ഇതിനെല്ലാം തടസ്സമായി നിൽക്കുന്ന ചില ഘടകങ്ങളുമുണ്ട്. ഒന്നാമത് എനിക്ക് ദീർഘായുസ്സും സാമാന്യം പൂർണമായ ആരോഗ്യവുമുണ്ടാകണം. ഗാർഹികജീവിതത്തിലും സാമൂഹികജീവിതത്തിലും അപ്രതീക്ഷിതവും അനിവാര്യവുമായ ഏടാകൂടങ്ങൾ ചാടിവീഴാതിരിക്കണം. കേരളത്തിലെയും ഭാരതത്തിലെയും ചരിത്രകാരന്മാർക്കിടയിൽ പെരുമാറിയപ്പോൾ ഞാൻ മനസ്സിലാക്കിയതനുസരിച്ച് സർവകലാശാല, സർക്കാർ, ഗവേഷണ പ്രസിദ്ധീകരണക്കാർ എന്നിവയുടെ സ്വഭാവം നിരാശജനകമായിരുന്നു. ബുദ്ധിശൂന്യമായ വിധത്തിൽ പണ്ട് കേട്ടോ വായിച്ചോ പഠിച്ചതെല്ലാം ദിവ്യമായ ചരിത്രജ്ഞാനമായി സൂക്ഷിച്ചുവെച്ച് വിദ്യാർഥികൾക്കും ജനങ്ങൾക്കും പകർന്നുകൊടുക്കുന്ന ഒരു കൂട്ടരുണ്ട്; യാഥാസ്ഥിതിക ചരിത്രകാരന്മാർ. അവരെ അവഗണിക്കാം.
പിന്നെ പുതിയ കാര്യങ്ങൾ വായിച്ച് പഠിച്ച്, യൂറോപ്പിൽനിന്നു വന്ന പുതിയ ചരിത്രാഖ്യാനങ്ങൾ, തത്ത്വശാസ്ത്രങ്ങൾ, വിമർശാത്മകമായി സ്വീകരിക്കുന്ന ബുദ്ധിമാന്മാരായ, പലപ്പോഴും ചെറുപ്പക്കാരും ഉൽപതിഷ്ണുക്കളുമായ ചരിത്രകാരന്മാരാണ് മറ്റൊരു കൂട്ടർ. തീർച്ചയായും അവരെ കൂടുതൽ ആകർഷിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ച കാൾ മാർക്‌സിന്റെ വാദങ്ങളായിരുന്നു. യുക്തിയും പ്രതിഭയും നിരന്തരാധ്വാനവും വിശാലമായ പഠനവും അതിന്റെ പിന്നിലുണ്ടായിരുന്നു. എന്നാൽ അതിശയോക്തി കലർന്ന ജൂതപ്രവാചകശൈലിയും യൂറോപ്പിൽ അടുത്തകാലത്തുണ്ടായ ശാസ്ത്രവികാസത്തിന്റെ അഹങ്കാരവും അപക്വതയും പുരാതന യവനർക്കിടയിലും ചില നവോത്ഥാന ചിന്തകർക്കിടയിലും ഉണ്ടായിരുന്ന മാനവികത, അതിരില്ലാത്ത സ്വാതന്ത്ര്യബോധം എന്നിവയുടെ അഭാവവും മാർക്‌സിന്റെ ഇസത്തെ വികലമാക്കി. പക്ഷേ, ഒന്നു സമ്മതിക്കണം. മാർക്‌സിൽ ഒരു യാന്ത്രിക ചിന്തകനൊപ്പം എത്രമാത്രം അടിച്ചമർത്തിയാലും അടങ്ങാത്ത ഒരു സ്വതന്ത്ര മാനവികനും ഉണ്ടായിരുന്നു. അങ്ങനെ രണ്ട് മാർക്‌സുകൾ ഉണ്ട്. ചിലർ വ്യാഖ്യാനിക്കുന്നതുപോലെ അതു യുവാവായ മാർക്സും പ്രൗഢനായ മാർക്സും അല്ല. ഒരു വ്യക്തിയിൽതന്നെ ജീവിച്ച് ഇടക്കിടെ മാറിമാറി പുറത്തിറങ്ങിയിരുന്ന രണ്ട് വ്യക്തിത്വങ്ങളായിരുന്നു.
മാത്രമല്ല, ക്രിസ്ത്യൻ പള്ളിച്ചട്ടങ്ങളെ ക്രിസ്ത്യൻ മൂല്യങ്ങളാണെന്ന് തെറ്റിദ്ധരിച്ച് അതിനെ പ്രതിഷേധപൂർവം തള്ളിക്കളഞ്ഞിരുന്നതുകൊണ്ട് മനുഷ്യമനസ്സിന്റെ ദയാദാക്ഷിണ്യങ്ങളും കാരുണ്യവും അടങ്ങിയ മൃദുലഭാവങ്ങളെ ബോധപൂർവം തന്റെ തത്ത്വശാസ്ത്രത്തിൽനിന്ന് അകറ്റിനിർത്തുകയാണ് മാർക്‌സ് ചെയ്തത്. സ്നേഹംകൊണ്ടും സംവാദംകൊണ്ടും വൈരുധ്യങ്ങളെ മയപ്പെടുത്തി സാമൂഹികപ്രശ്നങ്ങൾ പരിഹരിക്കുക എന്ന ചിന്തയെ മാർക്സ് പരിഹസിച്ചുതള്ളി. ഏതൊരനുരഞ്ജനവും ദൗർബല്യമായി, വർഗവഞ്ചനയായി, പുരോഗതിക്ക് തടസ്സമായി വ്യാഖ്യാനിക്കപ്പെട്ടു. പകരം വ്യത്യസ്തതകളെ വൈരുധ്യങ്ങളായിക്കണ്ട്, പെരുപ്പിച്ച്, വിദ്വേഷമായി ഊതിക്കത്തിച്ച് അക്രമാസക്തമായ, രക്തരൂഷിതമായ സംഘർഷങ്ങളിലൂടെ മുന്നോട്ടുപോകുന്നതാണ് ശരിയെന്ന് മാർക്‌സ് വിശ്വസിച്ചു. അങ്ങനെയാണ് വർഗസമരത്തിലൂടെ അദ്ദേഹം വിപ്ലവത്തിലെത്തുന്നത്. അന്ന് പാർലമെന്ററി ജനാധിപത്യം വികസിച്ചിട്ടില്ലാത്തതിനാൽ വിപ്ലവം മാത്രമേ മാറ്റത്തിനുള്ള വഴിയായി മാർക്‌സ് കണ്ടുള്ളൂ. ഇതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആപൽക്കരമായ വിധത്തിൽ അക്രമപാതയിലേക്ക് നയിച്ചത്.
മാത്രമല്ല, മാർക്സിനെ പരിഷ്കരിക്കുന്ന ഭാവത്തിൽ റഷ്യക്കാരനായ ലെനിൻ വരുത്തിയ മാറ്റങ്ങൾ മാർക്‌സിസത്തെ ആകെ തകർത്തു. അതിലെ അൽപമായ ജനാധിപത്യ സ്വാതന്ത്ര്യവുംകൂടി കെടുത്തിക്കളഞ്ഞു. മധ്യവർഗനേതൃത്വം, പാർട്ടി ആധിപത്യം, പഴുതില്ലാത്ത സർവാധിപത്യഭരണം എന്നിവ ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി. ലെനിന്റെ പാത തന്നെയാണ് സ്റ്റാലിനും പിന്തുടർന്നത്. സ്വേച്ഛാധിപത്യസ്വഭാവം മൂർച്ഛിച്ചുവെന്നു മാത്രം. ആ സ്റ്റാലിനിസമാണ് ഭാരതത്തിലും കേരളത്തിലുമെത്തിയത്. അനീതിക്കെതിരായി ധാർമികപ്രതിഷേധം മാത്രമേ നമ്മൾ കണ്ടുള്ളൂ. ഇരുണ്ട വശങ്ങളെല്ലാം പ്രചാരവേലയുടെ ശക്തികൊണ്ട് മൂടപ്പെട്ടിരുന്നു. കേരളത്തിലെ ചെറുപ്പക്കാരായ ചരിത്രകാരന്മാർ, ഏതാണ്ട് ബുദ്ധിജീവികളെല്ലാംതന്നെ ഈ പ്രചാരവേലയുടെ വലയിലകപ്പെട്ടുപോയി. അതിനെതിരായി കമ്യൂണിസ്റ്റ് ലോകത്തിൽനിന്നുതന്നെ ഉയർന്നുവന്ന പ്രതിഷേധങ്ങളൊന്നും പഠിക്കാൻ അവർക്കായില്ല.

ഈ സ്ഥിതിയിൽ മാർക്‌സിന്റെ അടിസ്ഥാനപരമായ സിദ്ധാന്തം–വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളല്ല ഉൽപാദനരംഗത്തെ മനുഷ്യപ്രയത്നമാണ് ചരിത്രഗതിയെ നിയന്ത്രിക്കുന്നത് എന്ന തത്ത്വം –അംഗീകരിക്കുമ്പോൾതന്നെ കാപട്യം നിറഞ്ഞ മാർക്സിസ്റ്റ് പാർട്ടി നയതന്ത്രങ്ങളെ തിരസ്കരിക്കുന്ന എന്റെ സമീപനം പലർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല. മാർക്സിസത്തെയും മാർക്‌സിസ്റ്റ് പാർട്ടിയെയും ഒന്നായി പലരും കണ്ടു. അവ തമ്മിൽ കടലും കടലാടിയുംപോലുള്ള ബന്ധമേ ഉള്ളൂ എന്ന ചിന്താഗതി പലർക്കും മനസ്സിലായില്ല. അവർ കേരളത്തിലെ സ്റ്റാലിനിസ്റ്റ് പാർട്ടി ഗ്രന്ഥങ്ങളിലൂടെയാണ് മാർക്‌സിസത്തെ മനസ്സിലാക്കിയത്. യൂറോപ്യൻ ചരിത്രവും വിമർശനപരമായ പുതിയ ചിന്തകളും ഒന്നും അവർക്കറിഞ്ഞുകൂടായിരുന്നു. യൂറോപ്പിലെ നവോത്ഥാന മാനവികതയും സ്വാതന്ത്ര്യമൂല്യങ്ങളും അവർക്കജ്ഞാതമായിരുന്നു. അതുകൊണ്ട് ഞാൻ മിക്കവാറും ഒറ്റപ്പെട്ടുപോയി. മാർക്‌സിസ്റ്റ് പാർട്ടി നയങ്ങളെക്കുറിച്ചുള്ള എന്റെ വിമർശനം മറ്റുള്ള ‘പുരോഗമന’ക്കാർക്ക് ദഹിച്ചില്ല.
ഈ പരിമിതികൾക്കുള്ളിലാണ് മിക്കവാറും ‘വലതുപക്ഷത്തിന്റെയോ’ ഇടതുപക്ഷത്തിന്റെയോ സഹായമില്ലാതെ എനിക്ക് ചരിത്രാന്വേഷണ പാതയിൽ മുന്നേറേണ്ടിവന്നത്. എങ്കിലും സർവകലാശാലാ ചരിത്രവിഭാഗത്തിൽ ചില നല്ല, കഴിവുള്ള സഹപ്രവർത്തകരും കുറെ ബുദ്ധിമാന്മാരായ വിദ്യാർഥികളും ഉണ്ടായത് എനിക്കനുഗ്രഹമായി. അന്നത്തെ മാതൃഭൂമി, മനോരമ, ഇന്ത്യൻ എക്‌സ്പ്രസ്, ചന്ദ്രിക മുതലായ പത്രങ്ങളിൽ പ്രവർത്തിക്കുന്ന കുറെ സ്നേഹിതരുടെ കാര്യമായ പിന്തുണയുമുണ്ടായി. അതുകാരണം സർവകലാശാലാ നേതൃത്വത്തിന്റെ ബുദ്ധിശൂന്യതയും സ്വാർഥപരമായ പക്ഷപാതങ്ങളും ഉണ്ടായിട്ടുപോലും അവയോടെതിർത്തുകൊണ്ട് സിലബസും അധ്യാപനരീതികളും പരിഷ്‌കരിക്കാനും ഒരു നല്ല റഫറൻസ് ലൈബ്രറിയും പ്രഫസർ ഇളംകുളത്തിന്റെ പേരിൽ ഒരു ചെറിയ കേരളചരിത്ര മ്യൂസിയവും ചരിത്രവിഭാഗത്തിൽ സംഘടിപ്പിക്കാനും കേരള ഹിസ്റ്ററി സീരീസ് എന്ന പേരിൽ ഒരു ഗവേഷണ പ്രസിദ്ധീകരണം ആരംഭിച്ച് മൂന്ന് പുസ്‌തകങ്ങൾ പുറത്തുകൊണ്ടുവരാനും സാധ്യമായി. എന്റെ ദൗത്യം പരാജയപ്പെട്ടില്ല.