Begin typing your search above and press return to search.
proflie-avatar
Login

ഒറ്റ

ഒറ്റ
cancel

അരനൂറ്റാണ്ടു നീണ്ട അവഹേളനം, ഒറ്റപ്പെടുത്തൽ, ഉറ്റവരും പരിചയക്കാരും ഒഴിഞ്ഞ് അക്ഷരാർഥത്തിൽ ഒറ്റപ്പെട്ട ശിഷ്ടജീവിതം. ഒരിക്കൽ വഴി മുറിച്ചുകടക്കുന്നേരം എതിരെവന്ന ഒരമ്മയും കുട്ടിയും. ആളെ കണ്ടതും കുട്ടിയോട് അമ്മ അടക്കം പറഞ്ഞു: ‘‘ദാ പോണു, ബ്രസീലിനെ കരയിച്ച പാപി.’’ ഏകാകിതയുടെ അക്കരൂപമാണ് ‘1’. അക്ഷരത്തിലാക്കിയാൽ, ഒരു സ്വരവും ഒരു വ്യഞ്ജനവും ചന്ദ്രക്കലയും. അത് ഭാഷയുടെ ഒൗദാര്യം. പക്ഷേ, അർഥം പുടംചെയ്തതാണ് അക്കം. അതിന് മേദസ്സില്ല, ദയാദാക്ഷിണ്യങ്ങളും. അവിടെ ഒന്ന് ഒന്നു മാത്രം, ഒന്നര പോലുമല്ല. ഒന്നാം ചട്ടത്തിന്റെ കൊമ്പും തിടമ്പുമില്ലാത്ത ഒരൊന്നുണ്ട്, ഭൂഗോളത്ത്. കാൽപ്പന്തുകളിയിലെ ഗോളിക്കുള്ള ചാപ്പ. ഗോൾ...

Your Subscription Supports Independent Journalism

View Plans
അരനൂറ്റാണ്ടു നീണ്ട അവഹേളനം, ഒറ്റപ്പെടുത്തൽ, ഉറ്റവരും പരിചയക്കാരും ഒഴിഞ്ഞ് അക്ഷരാർഥത്തിൽ ഒറ്റപ്പെട്ട ശിഷ്ടജീവിതം. ഒരിക്കൽ വഴി മുറിച്ചുകടക്കുന്നേരം എതിരെവന്ന ഒരമ്മയും കുട്ടിയും. ആളെ കണ്ടതും കുട്ടിയോട് അമ്മ അടക്കം പറഞ്ഞു: ‘‘ദാ പോണു, ബ്രസീലിനെ കരയിച്ച പാപി.’’

ഏകാകിതയുടെ അക്കരൂപമാണ് ‘1’. അക്ഷരത്തിലാക്കിയാൽ, ഒരു സ്വരവും ഒരു വ്യഞ്ജനവും ചന്ദ്രക്കലയും. അത് ഭാഷയുടെ ഒൗദാര്യം. പക്ഷേ, അർഥം പുടംചെയ്തതാണ് അക്കം. അതിന് മേദസ്സില്ല, ദയാദാക്ഷിണ്യങ്ങളും. അവിടെ ഒന്ന് ഒന്നു മാത്രം, ഒന്നര പോലുമല്ല.

ഒന്നാം ചട്ടത്തിന്റെ കൊമ്പും തിടമ്പുമില്ലാത്ത ഒരൊന്നുണ്ട്, ഭൂഗോളത്ത്. കാൽപ്പന്തുകളിയിലെ ഗോളിക്കുള്ള ചാപ്പ. ഗോൾ വലയുടെ കാവലാളിൽനിന്ന് കളിക്കാരെ എണ്ണിത്തുടങ്ങുന്ന ക്രമം ആരോ എന്നോ തുടങ്ങിയിട്ടതങ്ങ് അറംപറ്റി, കാവലാളിന്റെ തലവിധിക്ക്: ഒന്നാം നമ്പറുകാരൻ എന്നും ഒറ്റ.

കളിയിലെ ഏകാകിയാണ് ഗോളി. മനുഷ്യസ്ഥായിയായ ഒറ്റപ്പാടിന്റെ പ്രതീകംപോലെ. നേരാണ്, ചുറ്റിലും ആളേറെയുണ്ട് –ഉടപ്പക്കാർ പത്താള്​, കാഴ്ചപ്പന്തിയിൽ പതിനായിരങ്ങൾ, തൽക്ഷണ ദൂരദർശനത്തിന് ലക്ഷങ്ങൾ. ഈ കൂട്ടത്രയും പ്രതീതി, അയാളുടെ യഥാർഥ്യം ഒറ്റപ്പാടുതന്നെ. ആ നിൽപൊന്നു നോക്കൂ. രണ്ടു തൂണുകൾക്കിടയിലെ ഒറ്റാന്തടി. മറ്റുള്ളോർക്കില്ലാത്ത വിലങ്ങുകൾ, വിലക്കുകൾ-കാൽപ്പന്തിൽ കൈ തൊടാ​മെന്ന ഏക സൗജന്യത്തിന് പകരം. സ്വന്തക്കാർ ഗോളടിച്ചാൽ സംബന്ധമൊന്നുമില്ല, ഏറ്റാളി അടിച്ചാൽ പഴിയത്രയും സ്വന്തം. തൊണ്ണൂറു മൈലിൽ പായുന്ന പന്തും ആയുസ്സറുതിയോളം മേയുന്ന പഴിയും നെഞ്ചേറ്റാൻ വിധിക്കപ്പെട്ടവൻ. ശപ്തമായ ഈ ഏകാകിത തിളനിലയാളുക പെനൽറ്റി കിക്കിനു മുന്നിലാണ്.

‘...എല്ലാവരാലും ഒറ്റു​കൊടുക്കപ്പെട്ട്​ രണ്ടു കൈകളും വിടർത്തി ഗോളി പെനൽറ്റികിക്ക് കാത്തുനിൽക്കുന്നു. ഗാലറികളിൽ അമ്പതിനായിരം തുപ്പൽ വറ്റിയ തൊണ്ടകൾ അപ്പോൾ നിശ്ശബ്ദമായിരിക്കും...’ (ഹിഗ്വിറ്റ/എൻ.എസ്. മാധവൻ). ജബ്ബാറിനും ലൂസിക്കുമിടയിൽ ‘ഗോളി’യായ ഗീവർഗീസച്ചൻ ഹാഫ്ടൈം പിന്നിട്ടതും കഥാകൃത്ത് ചൊറിച്ചു മല്ലുന്നുണ്ട്. പൊരുളിനെ: ‘‘പെനൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളി ഏകാന്തനല്ല... ആളുകൾ കൂട്ടംകൂടി തന്റെ ഏകാന്തത നഷ്ടപ്പെടുത്തുന്നതാണ് ഗോളിയെ കൂടുതൽ വിഷമിപ്പിക്കുന്നത്.’’

കിക്ക് തടുത്താൽ ഹീറോ, ഇല്ലെങ്കിൽ നീറോ. അതെങ്ങനെ ശരിയാവും– വെറും പന്ത്രണ്ടടി മുന്നിൽനിന്ന് എട്ടടി വീതിയുള്ള വലയിലേക്ക് വെടിഗുണ്ടുപോലെ പന്തുതിർക്കാൻ വ്യവസ്ഥ ചെയ്യുന്നതു​തന്നെ പക്ഷപാതപരമായ പച്ചക്കൊടിയല്ലേ ​ഗോളിന്? പച്ചയായ ഈ മുൻവിധിക്ക് മുന്നിൽ ഗോളി വെറും നോക്കുകുത്തി. അസാധ്യമായത് വല്ലപ്പോഴുമൊന്നു സാധ്യമാക്കിയാൽ (ഗോൾ തടഞ്ഞാൽ) അയാളെ അഭിനന്ദിക്കാം. സാധിച്ചില്ലെങ്കിൽ വ്യവസ്ഥാപിതമാക്കിവെച്ച അസാധ്യത്തിന്റെ വകുപ്പിൽപ്പെടുത്തി വെറുതെ വിട്ടൂടേ, സാധുവിനെ?

ക്ഷമിക്കണം, അത്തരം ഒാശാരം കളിയുടെ ഡി.എൻ.എയിലേ ഇല്ല. ഗോളിയുടെ ആട്ടവേഷം നിർവചിക്കപ്പെട്ടിരിക്കുന്നതു തന്നെ പിഴവിന്മേലാണ്, അടിയറവിൽ. ഫുട്ബാൾ പ്രത്യയശാസ്ത്രത്തിന്റെ ആചരണ മർമം. നോക്കൂ–പന്തുതട്ടുക, വലയിലാക്കുക. എന്നിരിക്കെ ഗോളി ആചാരവിരുദ്ധനാകുന്നു. കളി എന്താണോ വിവക്ഷിക്കുന്നത് അതിന് വിഘാതം. മറ്റു കളിക്കാർ കളി നിയമത്തിന്റെ അതിരിനുള്ളിൽനിന്ന് കൽപിത ലക്ഷ്യത്തിനായ് കാലുകൊണ്ടു മടയ്​ക്കുമ്പോൾ ഈ ഒരാൾ ഉടലാകെകൊണ്ട് ആ യത്നം തടയുന്നു. അഥവാ ഫുട്ബാൾ വിരുദ്ധമാണ് ഗോളി.

മറിച്ചുമൊന്നു നോക്കൂ– ഇങ്ങനൊരു വിമതമില്ലാതെ സാഫല്യമുണ്ടോ, ഇക്കളിക്ക്? ആളില്ലാവലയിലേക്ക് പന്തടിച്ചു കേറ്റുന്നതിൽ കാര്യമില്ല, കളിയുമില്ല. തടുക്കാൻ ഗോളിയുള്ളതുകൊണ്ടാണ് മിന്നുംഗോളുകൾക്ക് മിന്നൽത്തിളക്കമുണ്ടാവുന്നത്. കവച്ചുവെക്കാൻ കടമ്പയില്ലെങ്കിൽ കളിയില്ല. മറികടക്കാനുള്ളതാണ് കാവൽ. കാവലാളന്റെ പരാജയത്തിലൂടെയേ പന്തുകളിക്ക് അർഥപൂർത്തി കൈവരൂ. ആ ബിന്ദുവിൽ, ഗോളിക്ക് മറ്റു കളിക്കാരേക്കാൾ അർഥമാനം ​ൈകവരുന്നു.

പന്തുകളിയുടെ പറുദീസയിൽ –ബ്രസീലിൽ–പഴയൊരു നാട്ടുമൊഴിയുണ്ട്: ‘ഗോളിയാകാൻ ഒന്നുകിൽ കിറുക്കനാവണം. അല്ലെങ്കിൽ പെഴച്ചവൻ.’ എന്നുവെച്ചാൽ കൂട്ടം തെറ്റിയവൻ, ചേരാക്കരു. അ​ത്ര വസ്തുനിഷ്ഠമല്ലെങ്കിലും ചൊല്ലിലൊരു ചൊരുക്കുണ്ട്: മുഖ്യധാരാ സമൂഹത്തിന് വിമതനെന്തോ അതാണ് ഫുട്ബാളിന് ഗോളി. പ്രകടമായിത്തന്നെ വേറിന്റെ രാഷ്ട്രീയം പേറുന്നത് അയാളുടെ കുറ്റമല്ല. കളിയുടെ തത്ത്വശാസ്ത്രവും ഭരണഘടനയും പതിച്ചുവെച്ച പങ്കാണത്. ആ വിമതക്കരുവിന്​ പറഞ്ഞിട്ടുള്ളത് പഴിയാണ്, സാധാരണ നിലക്ക്. പഴിയെ അതിജീവിക്കുന്ന പ്രകടനം നടത്തിയാൽ ആളെ സിംഹവത്കരിക്കും. മറിച്ചായാൽ സിംഹവാലനാക്കും.

സവിശേഷമായ ഈ ഒറ്റത്തം പക്ഷേ ഒരട്ടിമറിയാണ്, ജീവിതത്തിന്റെ–കളിയനുഭവത്തെ അസ്തിത്വപരമായെടുത്താൽ. കളിയേതിലും അതു സംഭവിക്കുന്നുണ്ട്. ഫിഫയുടെ ലോകകപ്പാവട്ടെ, നാട്ടിൻപുറത്തെ സെവൻസാവട്ടെ. എവിടെയും മികച്ച ഗോളല്ല കളിയുടെ മാസ്മരപ്രഭ, മികച്ച ‘സേവാ’ണ് –ഗോളി​നോടുള്ള പ്രിയംമാറ്റിവെച്ച് നിർമമം നോക്കിയാൽ.

ഗോൾക്കാവൽ ഒരു പ്രതികരണമാണ് –കളിയുടെ ഒഴുക്കിനോടുള്ളത്, വലയിലേക്കുള്ള പന്തിന്റെ കുതിപ്പിനോടുള്ളത്. ആ ചലനത്തിന്റെ മേന്മ പോലിരിക്കും പ്രതികരണത്തിന്റെ ........നിൽപ്. നല്ല ‘സേവ്’ നടത്തിയാൽ പറയും, പ്രതികരണം നന്നായെന്ന്. അതു സാധ്യമാവുക, എതിരാളികൾ നന്നായി കളിച്ച് ഗോൾമുഖം ആക്രമിക്കുന്നെങ്കിൽ മാത്രമാണ്. ഇതിനർഥം ഗോളിയുടെ സ്വന്തം തണ്ടിയിലെ പ്രതിരോധകർ നന്നായില്ലെന്നു കൂടിയല്ലേ? മറിച്ചായിരുന്നേൽ ഇപ്പറഞ്ഞ ‘സേവി’ന്റെ ആവശ്യമുദിക്കുന്നില്ല. അപ്പോൾ, പ്രതിരോധകർക്കുള്ള പഴികൂടി തടുക്കയാണ് ഗോളി. അതല്ല, ഗോൾ വ​ഴങ്ങുകയാണ് ചെയ്​തതെങ്കിലോ? പഴിയത്രയും ഗോളിക്കാവും. മറ്റു കളിക്കാർക്ക് പിന്നെയുമുണ്ട് അവസരം, അന്ത്യ വിസിലോളം. ഗോളിക്കു മാത്രമില്ല പരിത്രാണം. പിഴയൊന്ന്, ഗോളൊന്ന്, പഴിയെത്ര?

അലിസോൺ ബക്കർ,  മാന്വൽ നോയെർ,   ഇകർ കാസിയെസ്

 കേമനൊരു ഗോളി ആത്മഗതം പോലെ പറഞ്ഞിരുന്നു, കളിയിലെ ഈ ജീവിതനേര്, ജിയാ ബു​ഫോൺ: ‘‘ഗോളിയായിരിക്കാൻ ആത്യന്തികമായി ഒരൽപം ആത്മ പീഡകനാവേണ്ടതുണ്ട്. കാരണം, ഉറപ്പുള്ള ഏകകാര്യം ഗോൾ വഴങ്ങേണ്ടി വരും എന്നതാണ്. ആ വിധി അത്ര സന്തോഷകരമൊന്നുമല്ലല്ലോ.’’ ഈ അസ്​തിത്വ നോവിനപ്പുറം മറ്റൊരുറപ്പും കൂടിയുണ്ട് –ഭൗതികമായ അപകടങ്ങളുടെ. ഏതുനിരയിൽ എത്ര കരുതലോടെ കളിച്ചാലും അപായമുഖത്തേക്ക് തുറന്നുവെച്ച ഉരുപ്പടിയാണ് കളിക്കാരന്റെ ഉടൽ. തട്ടിവീഴൽ, കൂട്ടിയിടി, ഒടിവ്, ചതവ്, തൊട്ട് കുതികാൽവെട്ടും ചവിട്ടിവീഴ്ത്തലും വരെ. ഈ ദേഹഭീഷണികൾ കലശലാവുക ഗോളിക്കാണ്. ഇതര കളിക്കാർ മാത്രമല്ല അപായനിമിത്തം, പോസ്റ്റും ക്രോസ്ബാറും ഗ്രൗണ്ടും കൂടിയാണ്. അതിലും കഠിനമാണ് പെനൽറ്റിക്കളത്തിലെ സംഘർഷവേള. അടങ്കം കമിഴ്ന്നുവീഴുന്നത് പന്തി​ലേക്കെങ്കിലും ഫലത്തിലത് കാൽമുട്ടുകൾക്കും തോൽബൂട്ടുകൾക്കും കഴുത്തർപ്പിക്കലാണ്. നാടൻ ബ്രസീലി പറയുന്നത് നേരുതന്നെ –സ്വയം മറന്ന് ബലിയാകുന്നവൻ കിറുക്കൻ അല്ലെങ്കിൽ പെഴ.

വൈപരീത്യമാണ് –എത്ര പ്രതിഭയും പെരുമയും പേരിലു​ണ്ടെങ്കിലും ഗോളി ഓർമിക്കപ്പെടുക മിക്കവാറും പിഴവുകളുടെ പേരിലാവും. മാസ്മരമായ ‘സ്കോർപിയൺ കിക്കും’ ലക്ഷ്മണരേഖക്കപ്പുറത്തെ കയറിക്കളിയുമായി മനുഷ്യരാശിയുടെ മനംകവർന്ന കലയാളൻ, റെനെ ഹിഗ്വിറ്റ. ആ പ്രതിഭാസം ഓർമിക്കപ്പെടുന്ന വാങ്മയ​ശൈലി കാണൂ:

‘‘...താണ്ഡവത്തിനുമുമ്പ് സശ്രദ്ധം ജടയഴിച്ചിട്ട ശിവനെപ്പോലെ നീണ്ട ചുരുൾമുടിയും കരിങ്കൽമുഖവും നേരിയ മീശയുമായി ഹിഗ്വിറ്റ ഗോളികൾക്കൊരു അപവാദമായിരുന്നു. ഗോളിയുടെ സ്ഥായിയായ ധർമം ദൃക്സാക്ഷിത്വമാണ്. പെനൽറ്റികിക്ക് നേരിടുമ്പോൾ അത് അയാൾക്ക് നഷ്ടപ്പെടുന്നു. പകരം കിട്ടുന്നതോ, അൽപം സഭാകമ്പം. പക്ഷേ, ഹിഗ്വിറ്റ സംഭവങ്ങളിലേക്ക് നടന്നുകയറുന്നു. ഗോളികൾ ഇതുവരെ കാണാത്ത മൈതാനത്തിന്റെ മധ്യത്തിലേക്ക് പന്ത് ഇടംവലം പാളിച്ച് അയാൾ മുന്നോട്ടുനീങ്ങും... അവസാനം ഒരുനാൾ അത് സംഭവിച്ചു. മുന്നോട്ടുകയറിയ ഹിഗ്വിറ്റയുടെ കാലിൽനിന്ന് എതിരാളി പന്ത് തട്ടിയെടുത്ത് ഒഴിഞ്ഞ പോസ്റ്റിൽ ഗോളടിച്ച് കൊളംബിയയെ ലോകകപ്പിൽനിന്ന് പുറത്താക്കി...’ (ഹിഗ്വിറ്റ/എൻ.എസ്. മാധവൻ).

–അടരിലും അഴകു വിരിയച്ചവൻ ഒടുവിൽ തറക്കപ്പെടുന്ന ഓർമക്കുരിശ്! ഇങ്ങനെയാണ് സ്വന്തം ലീലാവൈഭവത്തിന്റെ പേരിൽ ജയിക്കാനാവാത്തൊരു അങ്കവേഷത്തിൽ അടരാടുന്നതിന്റെ യുക്തിസഹ പരിണതി. ഫുട്ബാളിന് ജയിക്കണമെങ്കിൽ ഗോൾവല ചലിക്കണം, ഗോളി തോൽക്കണം. തോന്നി​പ്പോവുകയാണ്, ഗോളിയെ തോൽപ്പിക്കാൻ വേണ്ടി ചമച്ചതാണോ ഇക്കളി? അതിനുള്ള കെണിയല്ലേ കളിയാകെ നിറച്ചു​െവച്ചിരിക്കുന്നത്?

 

റെനെ ഹിഗ്വിറ്റ,ജിയാൻ ലുഗി ബുഫോൺ

കെണി മുറുക്കുന്ന പുതിയ കുരുക്കറിഞ്ഞാലും: പെനൽറ്റികിക്ക് എടുക്കുമ്പോൾ ഗോളി ഇനിമേൽ തീർത്തും ശിലാഭൂതനായിരിക്കണം. ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് നടപ്പിലായ ഫിഫാ നിയമം. കിക്കെടുക്കുന്നവരുടെ മനസ്സ് പിശക്കുന്ന ഒരു സിരാസൂത്രവും പാടില്ല –മനസ്സാ, ‘മെയ്യാ, മർമരാ. അല്ലെങ്കിൽതന്നെ നിരാലംബനായ പാറാവുകാരന് ഒരു കൂച്ചുവിലങ്ങുകൂടി. ഫുട്ബാളിന് ജയിക്കാൻ അയാൾ അടിയറവു പറയണം, സാഷ്ടാംഗം.

വിരളമെങ്കിലും വിലങ്ങുകളെ അട്ടിമറിക്കുന്ന പ്രതിഭകൾ മിന്നിമായാറുണ്ട് –ലെവ് യാഷിൻ, ഇകർ കാസിയെസ്, ജിയാനൂയിജീ ബു​​ഫോൺ, അലിസോൺ ബക്കർ... ഒടുവിലിപ്പോൾ മാന്വൽ നോയെറും– ഹിഗ്വിറ്റ പഴിവാങ്ങിക്കൂട്ടിയ കയറിക്കളിയുടെ വിരാട് രൂപം. ‘സ്വീപ്പർ-കീപ്പർ’ എന്ന പ്രയോഗം പിറന്നതുതന്നെ ഈ ജർമന് വേണ്ടിയാണെന്ന് തോന്നും. പാറാവിന്റെ പരമ്പരാഗത നിർവചനത്തടവിൽനിന്ന് ഗോളിയെ അയാൾ മോചിപ്പിക്കുന്നു. കളിഗതി മനസ്സിൽകണ്ട്, ആക്രമണം ആസൂത്രണം ചെയ്ത്, പടപ്പടവുകൾ കെട്ടിപ്പൊക്കി... അങ്ങനെയങ്ങനെ ഗോൾവലയുടെ കാവലാൾ, കളിയുടെ നടുനായകനാവുന്നു. അയാൾ കളിക്കുന്നത് കൈയും കാലും, തലയും സിരയും കൊണ്ടാണ്. ഫുട്ബാളിന്റെ സമഷ്ടിമൂശയെന്നോണം.

നോയെർ ഒറ്റക്കല്ല. കുശാഗ്രമായ ഒരൊറ്റ പാസുകൊണ്ട് പ്രത്യാക്രമണത്തിന്റെ രാസത്വരകമാവുന്നത് കണ്ടിട്ടുണ്ട്, ബ്രസീലിന്റെ ബക്കർ. മധ്യനിരക്കാരന്റെ മട്ടിൽ യഥേഷ്ടം കയറിയിറങ്ങുന്ന പതിവുണ്ട്​ മാഞ്ചസ്​റ്റർ സിറ്റിയുടെ എഡേഴ്സണ്. പ്രതിരോധത്തിന്റെയും ആക്രമണത്തിന്റെയും കടിഞ്ഞാണായിക്കൊണ്ട് അവരെല്ലാം നിവർത്തിക്കുന്നത് പരിണാമമാണ്, ഗോളിയുടെ. ഗോൾക്കളത്തിന്റെ പതിനെട്ടടിത്തടവിൽനിന്ന് സ്വയം മോചിപ്പിച്ചുകൊണ്ട്. അതിരുലംഘനത്തിന്റെ പേരിൽ പഴിക്കാനാവി​ല്ലിനി, ഹിഗ്വിറ്റയെ.

മെല്ലെമെല്ലെ ഗോളിസങ്കൽപം കാതലിൽ മാറിത്തുടങ്ങുമ്പഴും ‘ഒറ്റ’യുടെ ഒസ്യത്തിൽ നിന്നൊരു കരിനിഴൽ മാഞ്ഞിട്ടില്ലിപ്പഴും –മൊഹാസീർ ബർബോസ.

പോയനൂറ്റാണ്ടി​െല ഏറ്റവും മികച്ച ഗോളിയെന്ന കീർത്തി, കാവൽനിന്നതോ ഏറ്റവും കരുത്തന്മാരുടെ വലക്ക്. പുകഴും നികഴും പൂത്തുനിൽക്കെ വരുന്നൂ, 1950ലെ ലോകകപ്പ് ഫൈനൽ. പ്രതിയോഗി, ദുർബലരായ ഉറുഗ്വേ. കളിക്കുമുമ്പേ കിരീടമുറപ്പിച്ചു ബ്രസീൽ. ടീമിന്റെ മുഴുചിത്രമടിച്ച് പത്രങ്ങൾ തലക്കെട്ടെഴുതി: ‘ലോകചാമ്പ്യന്മാർ’. ജയിച്ചുവരുമ്പോൾ അണിയിക്കാൻ 22 സ്വർണപ്പതക്കങ്ങൾ കൊത്തിവെച്ചു, ഭരണകൂടം. ആഘോഷലഹരിയിൽ മു​േമ്പർ മുങ്ങി, രാജ്യമാകെ.

കളിയിലുടനീളം ബ്രസീൽ കളിച്ചു, ഗോൾമാത്രം പിറന്നില്ല. ഒടുവിൽ ഖിഗിയ എന്ന ഒരപ്രധാനിയുടെ ചെറിയ ഒരടി, ബർബോസയുടെ കാൽച്ചോട്ടിലൂടെ നൂഴ്ന്നുകയറി. അത്യപൂർവമായ ഒരൊറ്റ പിഴവ്. ബ്രസീലിന് കപ്പ് പോയി, ബർബോസക്ക് ജീവിതവും. അരനൂറ്റാണ്ടു നീണ്ട അവഹേളനം, ഒറ്റപ്പെടുത്തൽ, ഉറ്റവരും പരിചയക്കാരും ഒഴിഞ്ഞ് അക്ഷരാർഥത്തിൽ ഒറ്റപ്പെട്ട ശിഷ്ടജീവിതം. ഒരിക്കൽ വഴി മുറിച്ചുകടക്കുന്നേരം എതിരെവന്ന ഒരമ്മയും കുട്ടിയും. ആളെ കണ്ടതും കുട്ടിയോട് അമ്മ അടക്കം പറഞ്ഞു: ‘‘ദാ പോണു, ബ്രസീലിനെ കരയിച്ച പാപി.’’

അത്രയും വ്യക്തിപരം. വംശീയതക്കും മുതൽക്കൂട്ടായി ആ തോൽവി. കറുത്തവരെ ഗോളിയാക്കില്ലെന്ന നിശ്ചയത്തിലുറച്ചു ബ്രസീൽ, നീണ്ട 56​ കൊല്ലം. (2006ലാണ് മനംമാറ്റമുണ്ടായത്). ഈ കരിങ്കണ്ണിലൊന്നും പെടാതെ, അറിയപ്പെടാത്തൊരു നാട്ടുകോണിൽ കഴിച്ചുകൂട്ടിയ ബർബോസയെത്തേടി യൂറോപ്പിൽനിന്നൊരു പത്രലേഖകൻ ചെന്നു. 2000ൽ മരിക്കുന്നതിന് ഏതാനും മാസം മുമ്പ്. പ്രത്യേകിച്ചൊന്നും പറയാനുണ്ടായിരുന്നില്ല, മനസ്സ് മരിച്ചുപോയ ആ വൃദ്ധന്. ആകപ്പാടെ പിറുപിറുത്തത് ഇത്രമാത്രം: ‘‘ഞാനല്ല കുറ്റക്കാരൻ, ഞങ്ങൾ 11 പേരുണ്ടായിരുന്നു.’’

News Summary - Mohazir Barbosa life