മിടിപ്പ്

കുടിപ്പള്ളിക്കൂടക്കാലം. വഴിക്കണക്കിന്റെ വാരിക്കുഴിയിൽ തല മരവിച്ചിരിക്കെ, വിരൽപ്പിടിയിലെ എഴുത്തുപെൻസിൽ അബോധമെന്നോണം മുട്ടിക്കൊണ്ടിരുന്നു, മരബെഞ്ചിന്മേൽ. പെട്ടെന്നാണ് മനസ്സുടക്കിയത് -ചുമ്മാതുള്ള ആ തട്ടുമുട്ടിൽ അന്നോളം ഗൗനിക്കാത്ത ഒന്നുണ്ടായിരുന്നു. കണിശമായ ഇടനേരമിട്ടുവരുന്ന എണ്ണം, കണക്ക്. ശിരസ്സിന് കെണിവെച്ച അതേ പുള്ളി! കണക്ക് വഴങ്ങാതിരിക്കുേമ്പാൾ എങ്ങനെ വരുന്നു, ഇത്ര ഗണിതസൂക്ഷ്മതയുള്ള ആവൃത്തി? ഉത്തരം രണ്ടക്ഷരമാണ് -താളം....
Your Subscription Supports Independent Journalism
View Plansകുടിപ്പള്ളിക്കൂടക്കാലം. വഴിക്കണക്കിന്റെ വാരിക്കുഴിയിൽ തല മരവിച്ചിരിക്കെ, വിരൽപ്പിടിയിലെ എഴുത്തുപെൻസിൽ അബോധമെന്നോണം മുട്ടിക്കൊണ്ടിരുന്നു, മരബെഞ്ചിന്മേൽ. പെട്ടെന്നാണ് മനസ്സുടക്കിയത് -ചുമ്മാതുള്ള ആ തട്ടുമുട്ടിൽ അന്നോളം ഗൗനിക്കാത്ത ഒന്നുണ്ടായിരുന്നു. കണിശമായ ഇടനേരമിട്ടുവരുന്ന എണ്ണം, കണക്ക്. ശിരസ്സിന് കെണിവെച്ച അതേ പുള്ളി! കണക്ക് വഴങ്ങാതിരിക്കുേമ്പാൾ എങ്ങനെ വരുന്നു, ഇത്ര ഗണിതസൂക്ഷ്മതയുള്ള ആവൃത്തി?
ഉത്തരം രണ്ടക്ഷരമാണ് -താളം. അത് എവിടെയുമുണ്ട്. എല്ലായ്പോഴും. ഗീതനൃത്തവാദ്യങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ളതല്ലത്. മുറിപ്പെൻസിൽ പ്ലാശുപലകയിൽ ഉളവാക്കിയത് മഹിതങ്ങളൊന്നിന്റെയും വിത്തുഗുണമായിരുന്നില്ല- ‘സംഗീതരത്നാകര’ത്തിന്റെയോ ‘ചിലപ്പതികാര’ത്തിന്റെയോ. ക്ഷേത്രഗണിത ക്ലാസിൽ ഉറക്കംതൂങ്ങിക്കേട്ടതിന്റെ ഗൃഹപാഠം ചെയ്യുമ്പോൾ അതാ വീണ്ടുമത്: ഗ്രാഫൈറ്റ് മുന കോറിയിടുന്ന അക്കങ്ങൾ, മധ്യേ കൃത്യം വീഴുന്ന സമചിഹ്നങ്ങൾ, വെട്ടും കുത്തും... എല്ലാം ചേർന്ന പഞ്ചാരി, നോട്ടുപുസ്തകത്തിൽ.
അക്ഷരം കൂട്ടിയെഴുതുമ്പോൾ ആദ്യമാദ്യം തിരിഞ്ഞിരുന്നില്ല, പിന്നെപ്പിന്നെ കേട്ടു തുടങ്ങി... കടലാസിൽ കറുമുറെ തെളിയുന്ന വാക്കുകൾ, അവക്കിടെ സ്വയമറിയാതിട്ടു നീങ്ങുന്ന എള്ളിടകൾ, [ഋ, ക്ഷ എന്നിങ്ങനെ ചില ദിനോസറുകൾ അവതാളമുണ്ടാക്കിയെങ്കിലും) വാക്കുകൾ വരികളാവുമ്പോൾ മുളക്കുന്ന ഇമ്പത്തിൽ മുഖംകാട്ടിത്തുടങ്ങുകയായിരുന്നു താളം, പാളിപ്പാളി. വാക്കുകൾക്ക് അഴകൊത്ത നാദം നേർന്നുകൊണ്ട്, പതുങ്ങനെ.
പറയാറുണ്ട്, കവി പുതുവാക്കിന്റെ പടച്ചോനെന്ന്, പുതുപേശിന്റെ. തത്ത്വചിന്തയുമായുള്ള ചിരന്തന ഗുസ്തിയിൽ അന്തിമജയം കവിതക്ക് തരമാക്കുന്നതിൽ കവിയുടെ ഈ പങ്ക് പങ്കിടുന്നുണ്ട് താളം. വിചാരത്തിന്റെ യുക്തിഭാഷക്കും വികാരത്തിന്റെ താളഭാഷക്കും ഇടയിലൊരു നടുവരമ്പ് കുത്തുന്നുണ്ട് ആധുനിക ലോകം. ജീവിതാനുഭവങ്ങളുടെ കാര്യത്തിൽ യുക്തിന്യായത്തിന് മേൽക്കൈയും കൽപിക്കുന്നു. പിന്നെങ്ങനെ താളഭാഷ ജയിക്കുമെന്നാണെങ്കിൽ ഒരു നിമിഷം...
എണ്ണീടുകാർക്കുമിതുതാൻ ഗതി, സാധ്യമെന്തു
കണ്ണീരിനാൽ? അവനിവാഴ്വ് കിനാവ് കഷ്ടം!
ഉൺമയുടെ മിടിപ്പെടുത്ത്, അകംപുറം മാത്രയിട്ട് ആശാൻ പകർന്നു തരുന്നതിൽ എവിടെയാണ് അയുക്തി, ഭാഷക്കും അനുഭവത്തിനും? കാവ്യഭാഷയുടെ താളം യാഥാർഥ്യത്തിന്റെ നാദത്തിന് ഇടനില വഹിക്കുന്നതിലില്ലേ ഒരു യുക്തിസഹ നേര്? അനുവാചകനിൽ ഇനിമയുള്ള ഇയക്കമേകുന്നു കവിത. അതേല്ല അർഥത്തിന്റെ മിടിപ്പ്? ലോകത്തിന്റെ ഉൺമ ആപേക്ഷികമാവാം, ഓരോരുത്തർക്കും. എങ്കിലും, അതിനൊരു യുക്തിയുക്തതയുടെ തോന്നലേകുന്നു താളം.
ഭാഷയെ പരിരംഭണംചെയ്തു കിടപ്പുണ്ട് താളം. കവിതയിലാണത് സ്പഷ്ടമെങ്കിലും അതിനപ്പുറമാണ് കഥ. ഉച്ചരിപ്പതിന്റെയൊക്കെ ചേരുമാനമാണത്. ഉരുവിടുന്ന വാക്യത്തിലെ ഏതേതു സ്വരത്തിനാണ് ഊന്നു വേണ്ടതെന്ന് ഏത് നിരക്ഷരനും അറിയാതെ അറിയുന്നു, ഓർക്കാതെ പറയുന്നു. സാക്ഷരനല്ലാത്ത ഉസ്താദ് അല്ലാരഖ പണ്ട് മക്കളോട് പേശിയത് പലപ്പോഴും തബലയിലൂടെയെന്ന് സാക്ഷ്യമുണ്ട്, മകനുസ്താദിന്റെ ^സക്കീർ ഹുസൈൻ. വിരലോരോന്നിനുമുണ്ട് തോൽപ്പുറത്ത് നിർദിഷ്ട സ്വരാങ്കങ്ങൾ. ‘ദായനും ബായനും’ ഉരിയാടുന്നത് അക്ഷരകാലമിട്ട ഈ താളോക്തി വഴിയാണ്. അതാണ് വാദ്യത്തിന്റെ നാവ്. ഏത് സംസാര ഭാഷക്കുമുണ്ട് നിഷ്കൃഷ്ടമായ ഈ താളക്രമം. നാവിന്റെ ഊന്നലേൽക്കുന്ന സ്വരങ്ങൾ ഏറക്കുറെ സ്ഥിരമായ ഇടവേളകളിലാണ് വരിക, ഒരേ വാക്യത്തിൽ. വിനിമയത്തിൽ ഉള്ളടങ്ങിയ പ്രധാന വിവരങ്ങൾ വഹിക്കുന്നതും അവതന്നെ. ഇതേ താളക്രമം ശ്രോതാവിന്റെ ഉള്ളിലുമുണ്ട്, പ്രതീക്ഷിത അനുഭവമായി. ഈ മുമ്പേറിലൂടെയാണ് വിനിമയത്തിലടങ്ങിയ വിശേഷങ്ങളിലേക്ക് അയാൾ നയിക്കപ്പെടുന്നത്, കേട്ട കാര്യം നന്നായി ഗ്രഹിക്കുന്നത്. ഓർക്കണം, വാമൊഴി വിനിമയത്തിന്റെ വഴിമുടക്കിയാണ് ഒച്ച. അത് വരുത്തിത്തീർക്കുന്ന ഇടർച്ചയുണ്ട് കേൾവിക്ക്, ഗ്രാഹ്യത്തിന്. പേശിലെ അത്തരം വിടവുകൾ നികത്തിക്കൊടുക്കുക താളമാണ് -ശബ്ദശല്യത്തിനിടെ മങ്ങുന്ന ഗ്രാഹ്യത്തെ സ്പഷ്ടമാക്കിക്കൊടുത്തുകൊണ്ട്.

പേശൊരു താള നികുഞ്ജം -സ്വനിമങ്ങളുടെ, സ്വരങ്ങളുടെ, വാക്കുകളുടെ, വാക്യത്തിന്റെ. ഇവയോരോന്നും വിരിയുക അതതിന്റെ വേഗനിരക്കിൽ. പേശഴിയുക പല വലുപ്പമുള്ള മാത്രകളായി. അതിനൊരു വർണരാജിയുണ്ട്: നാദത്തിന്റെ ഒരു മാത്ര മാത്രമുള്ള സ്വനിമം ഒരറ്റത്ത്, പൊന്തിയും താണുമുള്ള ശബ്ദത്തിന്റെ ശ്രുതിഭേദങ്ങളുള്ള വാക്യം മറ്റേയറ്റത്ത്. അന്യോന്യം മാറാടുന്ന ഈ കണ്ണികളെ വേർതിരിച്ചറിയാൻ മനസ്സിനെ തുണക്കുന്ന ഈണനൂലാണ് താളം. വായനയിൽ, എഴുത്തിൽ, പാട്ടിൽ, ഉരിയാട്ടിൽ...
സമയമാത്രകളുടെ ഈ വർണരാജി സ്ഫുടംചെയ്തതാണ് സംഗീതത്തിന്റെ ഭൂമിക- സ്വരങ്ങളും ഭാവങ്ങളും സഞ്ചാരങ്ങളും മരുവുന്ന സ്ഥലരാശി. ശുദ്ധി ചെയ്യാതെയും ഇതേ മിശ്രിതമുണ്ട് പ്രകൃതിയിൽ. നിഴൽ വീണ മൺവഴിയിലൂടെ വെറുതെ നടക്കുമ്പോൾ, ചോടെ ഞെരിഞ്ഞമരുന്ന കരിയിലകളുടെ കരുകിര, ഇടക്കിടെ ഒടിഞ്ഞടരുന്ന ചുള്ളികളുടെ കടപിട, നടത്തം നിലക്കുമ്പോൾ ഉയരുന്ന കിതപ്പിന്റെ കശപിശ.
പുറത്തുനിന്ന് പല കാലത്തിൽ വരുമ്പോലെ തന്നെയുണ്ട് അകത്തും സ്പന്ദങ്ങൾ, സമാനം. മസ്തിഷ്കമാകട്ടെ, വ്യത്യസ്തങ്ങളായ ആവേഗങ്ങളിൽ താളമിടുന്നു. നിമിഷാന്തര വേഗങ്ങൾക്ക് ശേഷിയുണ്ട്, അതിന്റെ സബ് കോർട്ടിക്കൽ പ്രദേശത്തിന്. കോർട്ടക്സാവട്ടെ, ദൈർഘ്യമുള്ള മാത്രകൾക്ക് ശേമുഷിയുള്ളതും. ശബ്ദതരംഗങ്ങൾ പോലെതന്നെ സിരാതരംഗങ്ങളും ചലിക്കുന്നത് സമയരേഖയിലാണ് -മെല്ലെയോ, വേഗമോ. ശബ്ദത്തിന് മൊത്തമായുണ്ട് ഒരാകൃതി, അത് രൂപപ്പെടുകയും തിരോഭവിക്കയുംചെയ്തുകൊണ്ടിരിക്കും. കോണിരൂപമാണ് ആ ചലനത്തിന്. മുതിർന്ന മനുഷ്യനിൽ 80-250 ഹേട്സ് പരിധി, അതാണ് സംസാരത്തിന്റെ ‘ശ്രുതി’. അതിനുള്ളിൽ താളത്തിന്റെ ഒരു വിന്യാസവട്ടം പുലർത്താനാവും തലച്ചോറിന്. സംസാരത്തിലെ ശീഘ്രസ്വനിമങ്ങളുടെയും സംയുക്തങ്ങളുടെയും ശബ്ദങ്ങൾക്കൊപ്പിച്ച ദ്രുതതാളം, സ്വരങ്ങൾക്ക് നിരക്കും പ്രകാരമുള്ള മധ്യമ താളം, സ്വരക്കൂട്ടിന്റെയും വാക്യങ്ങളുടെയും മന്ദ്ര ചലനങ്ങൾക്ക് മന്ദതാളം. ഇവ്വിധം, താളം ഇഴയിട്ട സിരക്കൂടുതന്നെയാണ് ശിരസ്സിൽ ഒരുക്കിവെച്ചിരിക്കുന്നത്, പുറത്തുനിന്നുള്ള താളങ്ങൾക്ക് താദാത്മ്യപ്പെടാൻ.
ചലിക്കുന്ന ഉടലൊരു ചൊൽക്കെട്ടാണ്- സംഗീതത്തിലെ സ്വരക്രമംപോലെ, വാദ്യമേളത്തിലെ വായ്ത്താരി പോലെ, ആ ചലിത സ്വരൂപത്തെ താങ്ങിനിർത്തുന്ന ചലനോർജമാണ് താളം. എന്തേ അതു മനുഷ്യനെ വല്ലാതങ്ങ് ആവഹിക്കുന്നു? ലളിതമാണ് ഉത്തരം: താളം നമ്മെ എടുത്തെറിയുകയാണ്, അകംപുറങ്ങളുടെ സംയോഗത്തിലേക്ക്. അതിലൊരു തൂവൽസ്വസ്ഥിയുണ്ട്. കയ്യ് താളമിടുന്നതും കാല് താളം ചവിട്ടുന്നതും ആ പൊരുത്തത്തിന്റെ ആംഗ്യങ്ങളാണ്. ചേർച്ച ഒന്നിടറിയാലോ?
ക്രിക്കറ്റ് വാണിയിൽ ഇടക്കിടെ കേൾക്കാം, മികച്ച കളിക്കാരൻ ‘ഫോമി’ലല്ല. ഉദാഹരണത്തിന്, വിരാട് കോഹ്ലി. രൂപമല്ലിവിടെ ഫോം. കളിക്കാരന് രൂപമാറ്റവുമില്ല. പിന്നെയോ? ഏതു കളിക്കുമുണ്ട് അതിന്റേതായൊരു ചലനച്ചാല്. അതിൽനിന്നും വഴുതിയാൽപിന്നെ ചെയ്യുന്നതൊന്നും ചൊവ്വാവില്ല. കളി മറന്നതല്ല, പ്രതിഭ മങ്ങിയതുമല്ല. ശ്രമം നന്നേയുണ്ടുതാനും, നേർച്ചാലിലേക്ക് തിരികെക്കയറാൻ. എന്താണീ ചാല്, താളാത്മകമായ കളിചലനമല്ലാതെ? അഥവാ, കളിയുടെ ആന്തരതാളമാണ് ‘ഫോം’. അത് മടക്കിക്കിട്ടുന്നതോടെ കോഹ്ലി വീണ്ടും കോഹ്ലിയാകുന്നു.
പ്രവൃത്തികളുടെ വേഗമാണ് സമയം. ഒരു ഹ്രസ്വാക്ഷരം ഉച്ചരിക്കാൻ വേണ്ടുന്ന സമയമാണതിന്റെ ഏറ്റവും ചെറിയ രൂപം. ചെണ്ടമേളക്കാർ പറയും ‘അക്ഷരകാല’മെന്ന്. മറ്റൊന്നുമല്ലത്, ഘടികാരത്തിന്റെ ടിക്-ടിക്കിലെ ഒരു ടിക്. അതുച്ചരിക്കുക പതിഞ്ഞ മട്ടിലാവാം, മിതവേഗത്തിലാവാം, അതിവേഗത്തിലാവാം. വേഗമാറ്റംകൊണ്ട് പക്ഷേ, അക്ഷരസംഖ്യക്കില്ല മാറ്റം, സമയത്തോതിലേയുള്ളൂ. മില്ലി സെക്കൻഡിൽനിന്ന് മൈക്രോ സെക്കൻഡിലേക്ക്, അവിടന്ന് മുഴു സെക്കൻഡിലേക്ക്. അപ്രകാരം ഒരു പ്രവൃത്തി പൂർത്തിയാക്കാൻ വേണ്ടുന്ന അക്ഷരകാലമാണ് ‘താളവട്ടം’. മേളകലയിൽ ഒരു താളവട്ടത്തിലെ അക്ഷരകാലങ്ങളെ നാലിരട്ടിച്ച്, അവയെ തുല്യഭാഗങ്ങളാക്കി, ഭാഗമൊന്നിന് ഒരു കൊട്ടെന്ന കണക്കിലാണ് മേളമേതും ഒരുക്കിയിട്ടുള്ളത്. ഉദാഹരണത്തിന് പഞ്ചാരി പതികാലത്തിൽ താളവട്ടത്തിന് അക്ഷരകാലം 96. അതിന്റെ നാലിരട്ടി 384. അത്രയും സ്ഥാനങ്ങളിൽ കൊട്ടുവരും. കാലമിടൽ, നേർക്കോല്, തക്കിട്ട, കുഴമറിയൽ അതങ്ങനെ ആർത്തുപൊലിക്കും, സമയത്തിന്റെ സൂക്ഷ്മരേണുക്കളിലേക്ക് നൂഴ്ന്നുനൂഴ്ന്ന്. താളം ഇവിടെ കാലത്തിന്റെ ഉള്ളകത്തേക്കുള്ള പര്യവേക്ഷണമാകുന്നു.
‘കാലപ്രമാണ’ത്തിന്റെ ഇത്ര ഗഹനമായൊരു അന്വേഷണവും ഇത്ര ഗംഭീരമായൊരു സിംഫണിയും ഭൂഗോളത്തില്ല വേറെ. സത്യത്തിൽ, ലോകത്തിന് കേരളം കാഴ്ചവെച്ച തീർത്തും സ്വകീയമെന്ന് പറയാവുന്ന ഒരേയൊരു മൗലികദർശനം. അതും, വെറും അഞ്ചു വിരലും ഒരു കോലും മാത്രംകൊണ്ട് തോൽപ്പുറത്ത് വിളയിച്ച സമയശാസ്ത്രം, അതിന്റെ പ്രയോഗകല. കാലത്തിന്റെ ക്വാണ്ടം പ്രപഞ്ചത്തിലേക്കുള്ള ഈ യാത്രയിൽ അടിയും വീച്ചുമായി താളമിട്ട് മേളക്കാരും കാണികളും സർവം മറന്ന് തിമിർക്കുമ്പോൾ, വാസ്തവത്തിൽ എന്താണ് നടക്കുന്നത്? ശാസ്ത്രീയമാവുമ്പോൾ കഥ നാളികേരപ്പാകമാകും, തുരക്കാൻ ഇമ്മിണി കഷ്ടം. വാഴപ്പഴപ്പാളം മുഖേന ഉദാഹരിക്കാം. പഴയ രണ്ട് പാട്ടുകൾ, അതിപ്രശസ്തം - ബീറ്റിൽസിന്റെ ‘ബാക് ഇൻ ദ യു.എസ്.എസ്.ആർ’, റോളിങ് സ്റ്റോണിന്റെ (ഐ കാണ്ട് ഗെറ്റ് നോ) സാറ്റിസ്ഫാക്ഷൻ. അതിദ്രുതമായ ‘അലേഗ്രോ’ നിരക്കിലാണ് രണ്ടും. സാങ്കേതിക പദാവലി വിട്ട് സാധാരണ മട്ടിലാവാം നോക്ക്- രണ്ട് കൊട്ടുകൾക്കിടെ ഏതാണ്ട് അര സെക്കൻഡാണ് രണ്ടിലും.
കൊട്ടുവൻ (ഡ്രമർ) ഇതേ നിരക്കിൽ പെരുക്കുമ്പോൾ കേൾവിക്കാരുടെ ശിരോവൃത്തിയും അരസെക്കൻഡുവെച്ച് ആവർത്തിക്കുന്നത് കാണാം. പാട്ടുപെട്ടിയുടെ സോണോമീറ്ററിൽ കൊട്ടിന്റെ തരംഗമാതൃക നോക്കുക. അവിടെ വ്യക്തമായ ശിഖരങ്ങളും കുഴികളും വന്നുപൊയ്ക്കൊണ്ടിരിക്കും. ഇതേ നേരത്തെടുക്കുന്ന സിരാചിത്രങ്ങളും അതേ നിമ്നോന്നതികൾ കാട്ടിത്തരുന്നു. എന്നാൽ, കൊട്ടിനൊപ്പം വായ്പാട്ടുകൂടി കേൾക്കുമ്പോൾ സിരാചിത്രത്തിലെ തരംഗമാതൃകയിൽ ഇപ്പറഞ്ഞ ശിഖരങ്ങൾക്കും കുഴികൾക്കുമിടയിലായി പുതിയ ചില ‘ശിഖര’ങ്ങൾകൂടി കണ്ടുതുടങ്ങുന്നു. അഥവാ മസ്തിഷ്കം മറ്റൊരു താളം കൂടിയുണ്ടാക്കുന്നെന്നർഥം. എന്നുവെച്ചാൽ, കൊട്ടിന്റെ താളത്തിനും പാട്ടിന്റേതിനും വെവ്വേറെ സിരാതാളങ്ങളിടുന്നു മസ്തിഷ്കം. സിരകൾ മുമ്പേറായി പ്രതീക്ഷിക്കുന്ന താളതരംഗത്തിൽനിന്ന് വ്യത്യസ്തമായി വല്ലതുമുണ്ടായാൽ, മസ്തിഷ്കം വ്യത്യസ്ത രീതിയിൽ പ്രതികരിച്ചുകളയും. ചിലപ്പോൾ ഒരധികതാളം സൃഷ്ടിച്ചെന്നിരിക്കും. മെഴുകു സ്വരൂപത്തിന്റെ ഓരോരോ ലീലാവിലാസം!
മറ്റൊരാളെക്കുറിച്ച മനുഷ്യധാരണയിൽ സവിശേഷ പങ്കുണ്ട് ശിരസ്സിന്റെ ഈ താളലീലക്ക്. ഉദാഹരണത്തിന്, ഒരുമിച്ച് നടക്കുമ്പോൾ വിനിമയം മെച്ചമാക്കാൻ നാം ചോടുകൾ സമരസപ്പെടുത്താറില്ലേ? താളപ്പൊരുത്തമുള്ള സാമൂഹിക ഇടപഴകുകൾ നമ്മുടെ മനോഭാവങ്ങളെ സ്വാധീനിക്കുന്നു. ഐക്യപ്പെടലിന്റെ ഭൗതിക പരിസരങ്ങളിലുണ്ട് ഈ താളരഹസ്യം. പ്രത്യക്ഷതെളിവ്: സംഘഗാനം. വെറി കത്തുന്ന നവ്ഖാലിയിൽ ഗാന്ധി എന്തിന് പാടി, പാടിച്ചു? സൈഗാളോ റഫിയോ തലത്തോ ഒന്നുമല്ലാഞ്ഞും? മുറിഞ്ഞകന്ന മനസ്സുകൾ ചേർക്കാൻ സംഗീതത്തിന്റെ വൈഭവങ്ങൾ വേണ്ട, താളപ്പൊരുത്തം ധാരാളം മതി. ‘വേടന്റെ’ റാപ്പിന് ആളുകൂടുന്നത് പ്രാഥമികമായി, ആ താളത്തോട് ഈണപ്പെടാനാണ്. പിന്നീടേ വരുന്നുള്ളൂ വരികളിലെ രാഷ്ട്രീയത്തോടുള്ള ഐക്യപ്പെടൽ. ആഗോള ഉച്ചകോടികളിലെ കീറാമുട്ടികളുടെ ചൂടാറ്റാൻ ഇതേ പ്രയോഗമല്ലേ നടത്തുന്നത് MWB (മ്യൂസിക് സാൻസ് ബോർഡേഴ്സ്)?
മരണശയ്യയിൽ പൈതാഗറസ് ഒന്നേ ആവശ്യപ്പെട്ടുള്ളൂ. ഏക്താര വായിക്കാൻ. താളക്രമത്തിലൂടെ പ്രാതലോകത്തേക്കുള്ള യാത്ര സ്വച്ഛന്ദമാക്കാൻ. സിരാവ്യൂഹത്തിൽ പ്രസരിക്കുന്നത് വൈദ്യുതി. ശബ്ദംപോലെ താളത്തിന്റെ കുന്നുംകുഴിയുമുള്ള തരംഗരൂപി. ഒടുക്കത്തെ കുന്നിറങ്ങി കുഴിയിലാഴുമ്പോൾ താളം നിലക്കുന്നു, ജീവനും.