ഭാസ്കരൻ ഉസ്താദ് !

ഒരുപക്ഷേ, മലയാള സിനിമയിൽ മുസ്‍ലിം പശ്ചാത്തലത്തിലുള്ള പാട്ടുകൾ പി. ഭാസ്കരനെപ്പോലെ എഴുതിയ മെറ്റാരാളുണ്ടാകില്ല. ‘നീലക്കുയിലി’ലെ ‘‘കായലരികത്ത് വലയെറിഞ്ഞപ്പോൾ’’ എന്ന ഗാനത്തിൽനിന്നാണ് മാപ്പിളപ്പാട്ടിലെ ഭാസ്കരയുഗത്തിന്റെ തുടക്കം. ആ സംഗീതധാരയെക്കുറിച്ച് എഴുതുകയാണ് പാട്ടുകളുടെ ചരിത്രകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ ലേഖകൻ. പൊൻവളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും... അലിയും സാറയും. തല മൊട്ടയടിച്ചാണ് എപ്പോഴും അലിയെ കാണുക; സാറയെ തോളറ്റം മുടിയോടെയും. ഇത്രയും നിഷ്കളങ്കമായി പരസ്പരം സ്നേഹിക്കുന്ന കൂടപ്പിറപ്പുകളെ വേറെ കണ്ടിട്ടുണ്ടോ എന്നുതന്നെ സംശയം. സാറക്ക് ജലദോഷം വന്നാൽ അലി കരയും;...
Your Subscription Supports Independent Journalism
View Plansഒരുപക്ഷേ, മലയാള സിനിമയിൽ മുസ്‍ലിം പശ്ചാത്തലത്തിലുള്ള പാട്ടുകൾ പി. ഭാസ്കരനെപ്പോലെ എഴുതിയ മെറ്റാരാളുണ്ടാകില്ല. ‘നീലക്കുയിലി’ലെ ‘‘കായലരികത്ത് വലയെറിഞ്ഞപ്പോൾ’’ എന്ന ഗാനത്തിൽനിന്നാണ് മാപ്പിളപ്പാട്ടിലെ ഭാസ്കരയുഗത്തിന്റെ തുടക്കം. ആ സംഗീതധാരയെക്കുറിച്ച് എഴുതുകയാണ് പാട്ടുകളുടെ ചരിത്രകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ ലേഖകൻ.
പൊൻവളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും...
അലിയും സാറയും. തല മൊട്ടയടിച്ചാണ് എപ്പോഴും അലിയെ കാണുക; സാറയെ തോളറ്റം മുടിയോടെയും. ഇത്രയും നിഷ്കളങ്കമായി പരസ്പരം സ്നേഹിക്കുന്ന കൂടപ്പിറപ്പുകളെ വേറെ കണ്ടിട്ടുണ്ടോ എന്നുതന്നെ സംശയം. സാറക്ക് ജലദോഷം വന്നാൽ അലി കരയും; അലിക്ക് ചെറിയൊരു മുറിവേറ്റാൽപോലും സാറയും. കുട്ടിക്കാലം ഓർമയിൽ അവശേഷിപ്പിക്കുന്ന സ്നേഹമുഖങ്ങൾ.
എന്നെ ഏട്ടാ എന്നാണ് വിളിക്കുക രണ്ടുപേരും. ജീവനാണ്. കുഴിമടിയനായ ഏട്ടനുവേണ്ടി എന്തും ചെയ്യും അവർ. പേരമരത്തിൽ കൊത്തിപ്പിടിച്ചു കയറും. മധുരനാരങ്ങ എറിഞ്ഞു വീഴ്ത്തും. വീട്ടിൽ ഉമ്മയുണ്ടാക്കുന്ന പഴംപൊരി ആരും കാണാതെ പൊതിഞ്ഞുകെട്ടി കൊണ്ടുത്തരും. അച്ഛനുമമ്മയും വീട്ടിലെത്താൻ വൈകുന്ന രാത്രികളിൽ കൂട്ടിരിക്കാൻ വരും.
അച്ഛൻ മാനേജരായ വയനാട്ടിലെ കാപ്പിത്തോട്ടത്തിൽ തൊഴിലാളികളായിരുന്നു അലി-സാറമാരുടെ ഉപ്പയും ഉമ്മയും. താമസം എസ്റ്റേറ്റ് ‘പാടി’യിൽ. പക്ഷേ ഒരേ വീട്ടിലെ അംഗങ്ങളെപ്പോലെയാണ് ഞങ്ങളുടെ ജീവിതം. വീട്ടിൽ അമ്മയുണ്ടാക്കുന്ന കുമ്പളപ്പം (ചക്ക കൊണ്ടുള്ള പലഹാരം) കഴിക്കാൻ അവരെത്തും. പെരുന്നാളിന് ഉമ്മയുണ്ടാക്കുന്ന അപ്പവും ഇറച്ചിക്കൂട്ടാനും റാന്തൽ വെളിച്ചത്തിൽ എനിക്കൊപ്പമിരുന്ന് കഴിക്കും.
നന്നായി മൂളിപ്പാട്ട് പാടും അലിയുടെയും സാറയുടെയും ഉമ്മ. ഭക്ഷണം വിളമ്പിത്തരുമ്പോഴും തോട്ടത്തിൽ ‘കച്ചറ വെട്ടി’ക്കൊണ്ടിരിക്കുമ്പോഴും വീട്ടിനടുത്തുള്ള തോട്ടിൽ തുണി അലക്കിക്കൊണ്ടിരിക്കുമ്പോഴുമെല്ലാം ഒരു പാട്ടിന്റെ തുണ്ടുണ്ടാകും സുന്ദരിയായ ഹാജിറയുമ്മയുടെ ചുണ്ടിൽ: ‘‘പൊന്നാരം ചൊല്ലാതെ മന്ദാരത്തണലത്ത് കണ്ണാരം പൊത്തിക്കളിക്കാൻ വാ...’’
അടുത്ത വരി പാടുമ്പോൾ പാട്ടിന്റെ താളത്തിൽ തുണി ആഞ്ഞുവീശിക്കൊണ്ട് ഞങ്ങളെ നോക്കി ചിരിക്കും അവർ. ഇടക്ക് സാറയെ അടിക്കാൻ കൈയോങ്ങും: ‘‘അള്ളള്ളോ ഞാനില്ലേ അമ്മായി തല്ലൂലെ, പൊള്ളുന്ന തീയൊത്ത വെയിലല്ലേ...’’
‘സുബൈദ’യിൽ പി. ഭാസ്കരനും എം.എസ്. ബാബുരാജും ചേർന്നൊരുക്കിയ ആ പാട്ട് കേൾക്കുമ്പോൾ ആ കാലം ഓർമവരും; ഇനിയൊരിക്കലും തിരിച്ചുവരാത്ത നന്മയുടെ, നിഷ്കളങ്ക സ്നേഹത്തിന്റെ കാലം. എൽ.പിയിൽനിന്ന് എനിക്ക് യു.പിയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ വർഷമാണ് ഹാജിറയുമ്മയും കുടുംബവും എസ്റ്റേറ്റ് വിട്ടതും വയനാടൻ ചുരമിറങ്ങി ജന്മനാടായ പാലക്കാട്ടേക്ക് യാത്രയായതും. പിന്നെ ഒരിക്കലും കണ്ടിട്ടില്ല അവരാരെയും. പക്ഷേ ഹാജിറയുമ്മ തന്നുപോയ പാട്ട് ഇന്നുമുണ്ട് ചുണ്ടിലും മനസ്സിലും. എനിക്കേറ്റവും പ്രിയപ്പെട്ട, കേട്ടിട്ടും കേട്ടിട്ടും കൊതിതീരാത്ത വരികളുള്ള പാട്ടുകളിലൊന്ന്. ഭാസ്കരൻ മാഷിന് നന്ദി; ബാബുരാജിനും.
ആ പാട്ട് പാടിയവരിലൊരാളെ പിന്നീട് കണ്ടുമുട്ടുമെന്നും സൗഹൃദം സ്ഥാപിക്കുമെന്നും സങ്കൽപിച്ചിട്ടില്ല അന്ന്. ലതാ രാജു. മലയാള സിനിമാസംഗീതത്തിൽ ശൈശവ നിഷ്കളങ്കതയുടെ പ്രതീകമായിരുന്ന ശബ്ദം. ഒപ്പം പാടിയ എൽ.ആർ. അഞ്ജലി ഇന്നില്ല. വിഖ്യാത ഗായിക എൽ.ആർ. ഈശ്വരിയുടെ അനിയത്തി. അഞ്ജലി പാടിയ മലയാളം പാട്ടുകളിൽ എനിക്കേറ്റവും പ്രിയപ്പെട്ടത് ഇതുതന്നെ. എഴുതിയ ഭാസ്കരൻ മാഷും അതീവ ഹൃദ്യമായി ആ വരികൾ ചിട്ടപ്പെടുത്തിയ ബാബുരാജും ഇന്ന് ഓർമ. പക്ഷേ പാട്ടിന് എന്നും ചെറുപ്പം. ഇന്നും കണ്ണ് നിറയും അത് കേൾക്കുമ്പോൾ. ഓർമകളുടെ മാജിക്.
ചോദ്യോത്തര ശൈലിയിലാണ് ഭാസ്കരൻ മാഷിന്റെ രചന. കളിക്കൂട്ടുകാരായ ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും കുഞ്ഞുമനസ്സുകളിൽ കടന്നിരുന്നുകൊണ്ട് എത്ര ഭംഗിയായി വരച്ചിട്ടിരിക്കുന്നു മാഷ് ആ കാലം. കാട്ടാറിൻ കടവത്ത് കാണാത്ത മറയത്ത് കളിവഞ്ചിയിറക്കാൻ കൂട്ടുകാരൻ ക്ഷണിക്കുമ്പോൾ നിഷ്കളങ്കമായി കൂട്ടുകാരിയുടെ മറുപടി: ‘‘നിലയില്ലാ കടവല്ലേ നീർക്കോലിപ്പാമ്പില്ലേ, നീന്താനറിയില്ല, ഞാനില്ലേ...’’
‘‘തെക്കേലെ കുന്നത്ത് തേന്മാവിൻ തണലത്ത് ചക്കരമാങ്ങ പെറുക്കാൻ വാ’’ എന്ന് അടുത്ത ക്ഷണം. ‘‘തെക്കേലെ ഉമ്മുമ്മ കണ്ടെങ്കിൽ സമ്മാനം ചൂരപ്പഴം മാത്രം’’ എന്ന് കൂട്ടുകാരി.
ആ ചൂരപ്പഴത്തിന് എന്തൊരു സ്വാദ്. കുട്ടിക്കാലത്ത് ഇടക്കിടെ കേട്ടിരുന്നു ആ വാക്ക്. ‘‘വികൃതി കാട്ട്ണ കുട്ട്യോൾക്ക് ചൂരപ്പഴം ണ്ട് ട്ടോ ഇബടെ.’’ അച്ഛന്റെ ജ്യേഷ്ഠത്തി ചിന്നമ്മു വല്യമ്മയുടെ ശബ്ദം കാതുകളിൽ മുഴങ്ങുന്നു... ബാല്യം സമ്മാനിച്ച കൊച്ചുകൊച്ചു വേദനകളിൽനിന്നും നിരാശകളിൽനിന്നും ഏകാന്തതയിൽനിന്നും ഒളിച്ചോടാൻ എന്നെ സഹായിച്ച പാട്ടുകളിലൊന്ന്. ഇന്നും അത് കേൾക്കുമ്പോൾ ആ പഴയ വയനാടൻ കുട്ടി വീണ്ടും മനസ്സിൽ ഓടിയണയുന്നു. എല്ലാ കുതൂഹലങ്ങളോടെയും കുസൃതികളോടെയും എന്നെ പിന്തുടരുന്നു അവൻ.

പി. ഭാസ്കരനൊപ്പം രവി മേനോൻ
കമ്പൊടിഞ്ഞൊരു ശീലക്കുട
മുസ്‍ലിം പശ്ചാത്തലമുള്ള ഗാനങ്ങൾ ആയിരക്കണക്കിന് പിറന്നിട്ടുണ്ടാകും മലയാള സിനിമയിൽ. നല്ലൊരു ശതമാനവും ജനപ്രിയ ഗാനങ്ങൾ. അക്കൂട്ടത്തിൽ ജാതിമതഭേദമന്യേ മലയാളികൾ ഹൃദയത്തോട് ചേർത്ത നൂറു നൂറു രചനകളുണ്ട് ഭാസ്കരൻ മാഷിന്റെ വകയായി. ഭക്തി മാത്രമല്ല പ്രണയവും വിരഹവും വേദാന്തവും വാത്സല്യവുമെല്ലാം അനായാസം ഒഴുകിനിറയുന്നു അവയിൽ. ‘നീലക്കുയിലി’ലെ ‘‘കായലരികത്ത് വലയെറിഞ്ഞപ്പോൾ’’ എന്ന ഗാനത്തിൽനിന്നാണ് മാപ്പിളപ്പാട്ടിലെ ഭാസ്കരയുഗത്തിന്റെ തുടക്കം. ഗ്രാമീണ ബിംബങ്ങളും മാപ്പിളത്തനിമയാർന്ന പദപ്രയോഗങ്ങളും നാടോടിത്തമുള്ള ഈണവുംകൊണ്ട് 70 വർഷം മുമ്പ് ഭാസ്കരൻ മാഷും രാഘവൻ മാഷും ചേർന്ന് സൃഷ്ടിച്ച ആ ഗാനശിൽപത്തിന് പകരം വെക്കാൻ ഇന്നുമൊരു പാട്ടില്ല:
‘‘ചേറിൽനിന്നു ബളർന്നു പൊന്തിയ
ഹൂറി നിന്നുടെ കയ്യിനാൽ നെയ് -
ച്ചോറു വെച്ചതു തിന്നുവാൻ
കൊതിയേറെയുണ്ടെൻ നെഞ്ചിലായ്
വമ്പെഴും നിന്റെ പുരികക്കൊടിയുടെ
അമ്പുകൊണ്ടു ഞരമ്പുകൾ
കമ്പൊടിഞ്ഞൊരു ശീലക്കുടയുടെ
കമ്പിപോലെ വലിഞ്ഞുപോയ്...’’
‘കഴുത്തും കമ്പി’യുമുൾപ്പെടെ മാപ്പിളപ്പാട്ടിലെ പ്രാസനിബന്ധനകളെല്ലാം പാലിക്കുന്ന പാട്ടുകൾ സിനിമക്കുവേണ്ടി പിന്നെയും രചിച്ചു മാഷ്. പലതും യഥാർഥ മാപ്പിളപ്പാട്ടുകളോളം ഖ്യാതി നേടുകയും ചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്തവ. അറബി-മലയാള ലിപിയിൽ പ്രസിദ്ധീകരിച്ച ഹാജി എം.എം. മൗലവിയുടെ ബദർ ഖിസ്സപ്പാട്ടിലെ ആറാമത്തെ ഇശലിന് മുകളിൽ ‘രീതി- കായലരികത്ത്’ എന്ന് കാണാം. മഹാകവി മോയിൻകുട്ടി വൈദ്യരുടെ രചനകൾ കഴിഞ്ഞാൽ മലയാളികൾ ഏറ്റവുമധികം ഏറ്റുപാടിയിരിക്കുക ഭാസ്കരൻ മാഷിന്റെ ഇശലുകളാവണം. കാലദേശങ്ങളുടെയും ജാതിമതങ്ങളുടെയും വേലിക്കെട്ടുകൾ തകർത്തുകളഞ്ഞ രചനകൾ. രാഘവൻ മാസ്റ്ററുടെയും ബാബുരാജിെന്റയും എ.ടി. ഉമ്മറിന്റെയുമൊക്കെ അനുപമമായ സംഗീതസ്പർശം കൂടിയുണ്ടായിരുന്നു അവയുടെ ജനപ്രീതിക്ക് പിന്നിൽ.
വെറുതെയല്ല സംവിധായകൻ എ. വിൻെസന്റ് ഒരിക്കൽ പറഞ്ഞത്: ‘‘പാട്ടെഴുതുമ്പോൾ മാഷാവും പി. ഭാസ്കരൻ. മാപ്പിളപ്പാട്ടെഴുതുമ്പോൾ ഉസ്താദും.’’ ദാർശനിക മാനങ്ങളുള്ള പാട്ടുകളിൽപോലും മനുഷ്യജീവിതത്തിന്റെ സമസ്തഭാവങ്ങളും ലളിതസുന്ദരമായി, ചിലപ്പോഴൊക്കെ അസാധാരണമായ നർമബോധത്തോടെ നിറച്ചുവെച്ചു ആ ‘ഉസ്താദ്’. പണ്ഡിത-പാമര ഭേദമന്യേ, ധനികനെന്നോ ദരിദ്രനെന്നോ ഉള്ള വ്യത്യാസമില്ലാതെ മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ചു ആ രചനകൾ.
പാടിയ ഗാനങ്ങളിൽനിന്ന് ഏറ്റവും പ്രിയപ്പെട്ട വരികൾ തിരഞ്ഞെടുക്കാമോ എന്ന് ചോദിച്ചിട്ടുണ്ട് ഒരിക്കൽ ഗായകൻ കെ.പി. ഉദയഭാനുവിനോട്. അനുരാഗനാടകവും കാനനച്ഛായയും വെള്ളിനക്ഷത്രവും പോലുള്ള സൂപ്പർഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള ഭാനുച്ചേട്ടൻ മൂളിക്കേൾപ്പിച്ചത് അവയൊന്നുമല്ല; ഭാസ്കരൻ മാഷെഴുതിയ മറ്റൊരു പാട്ടിന്റെ ഈരടികൾ:
‘‘അള്ളാഹു വെച്ചതാം അല്ലലൊന്നില്ലെങ്കിൽ
അള്ളാഹുവെത്തന്നെ മറക്കില്ലേ
നമ്മൾ അള്ളാഹുവെത്തന്നെ മറക്കില്ലേ,
എല്ലാർക്കുമെപ്പോഴും എല്ലാം തികഞ്ഞാൽ
സ്വർലോകത്തിനെ വെറുക്കില്ലേ നമ്മൾ
സ്വർലോകത്തിനെ വെറുക്കില്ലേ...’’
ആറു പതിറ്റാണ്ടുമുമ്പ് പുറത്തിറങ്ങിയ ‘കുട്ടിക്കുപ്പായ’ത്തിൽ ഭാസ്കരൻ-ബാബുരാജ് കൂട്ടുകെട്ടിനുവേണ്ടി ഉദയഭാനു പാടിയ ‘‘പൊൻവളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും’’ എന്ന പാട്ടിന്റെ ചരണം ‘‘എനിക്ക് മാത്രമല്ല ഭാസ്കരൻ മാഷിനും ബാബുവിനും ഇഷ്ടപ്പെട്ട വരികളായിരുന്നു’’ –ഉദയഭാനു പറഞ്ഞു. ‘‘മലബാർ ഭാഗത്ത് അക്കാലത്ത് ഒരുമിച്ചു പങ്കെടുത്തിട്ടുള്ള മെഹ്ഫിലുകളിലെല്ലാം എന്നെക്കൊണ്ട് ആവർത്തിച്ച് ഈ വരികൾ പാടിക്കും ബാബു. എത്ര മഹത്തായ ജീവിതപാഠമാണ് ആ വരികളിൽ ഭാസ്കരൻ മാഷ് ലളിതമായി ഒതുക്കിവെച്ചിട്ടുള്ളത്. എല്ലാ മതക്കാരുമുണ്ട് ആ പാട്ടിന്റെ ആരാധകരിൽ.’’

പി. ഭാസ്കരനൊപ്പം യേശുദാസ്, ജയചന്ദ്രൻ
ഇന്നത്തെ സമ്പന്നൻ നാളെ വെറും യത്തീം
തീർന്നില്ല. വേറെയുമുണ്ട് ആ ജനുസ്സിൽപെടുത്താവുന്ന അനശ്വരഗാനങ്ങൾ. ‘യത്തീമി’ലെ ‘‘അള്ളാവിൻ കാരുണ്യമില്ലെങ്കിൽ ഭൂമിയിൽ എല്ലാരുമെല്ലാരും യത്തീമുകൾ...’’ ഓർക്കുക. വെറുമൊരു ഭക്തിഗാനമല്ല അത്. എത്ര ആഴമുള്ള ജീവിതദർശനമാണ് ലളിതമായ ഭാഷയിൽ ആ പാട്ടിന്റെ വരികളിൽ മാഷ് ഒതുക്കിവെച്ചിരിക്കുന്നത്; ചിമിഴിലെന്നോണം.
‘‘ഇന്നത്തെ മന്നവൻ നാളത്തെ യാചകൻ
ഇന്നത്തെ സമ്പന്നൻ നാളെ വെറും യത്തീം,
ഇന്നത്തെ പൂമേട നാളത്തെ പുൽക്കുടിൽ
ഇന്നത്തെ മർദിതൻ നാളത്തെ സുൽത്താൻ...’’
ബാബുരാജിന്റെ സംഗീതജീവിതത്തിലെ അവസാനത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നുകൂടിയാണ് ‘യത്തീമി’ലെ (1977) ഈ ഗാനം. പടം റിലീസായി ഒരു വർഷം കൂടിയേ ബാബുരാജ് ജീവിച്ചിരുന്നുള്ളൂ. പാട്ട് ചിട്ടപ്പെടുത്താനിരിക്കേ ‘‘പാരിതിൽ ജീവിതത്തിൻ നാരായ വേരറ്റ പാവങ്ങളെയാര് സംരക്ഷിക്കും’’ എന്ന വരി വായിച്ചു വികാരാധീനനായിപ്പോയ ബാബുരാജിനെ കുറിച്ച് ഭാസ്കരൻ മാഷ് പറഞ്ഞുകേട്ടതോർക്കുന്നു. ചെറിയൊരു ഇടവേളക്കുശേഷം ഇരുവരും ഒരുമിച്ച പാട്ട് എന്ന പ്രത്യേകത കൂടിയുണ്ട് ‘‘അള്ളാവിൻ കാരുണ്യ’’ത്തിന്.
യത്തീമിന്റെ മനസ്സറിഞ്ഞ് ഭാസ്കരൻ മാഷ് എഴുതിയതാണ് ‘ലൈലാമജ്‌നു’വിലെ (1962) ‘‘അന്നത്തിനും പഞ്ഞമില്ല സ്വർണത്തിനും പഞ്ഞമില്ല മന്നിതിൽ കരുണയ്ക്കാണ് പഞ്ഞം’’ (സംഗീതം: ബാബുരാജ്) എന്ന പാട്ടും. ‘‘യത്തീമിൻ കൈപിടിച്ച് അത്താഴമൂട്ടുന്നവൻ ഉത്തമൻ അള്ളാഹുവിൻ കണ്ണിൽ സഹോദരരേ’’ എന്ന വരി മെഹബൂബും കെ.എസ്. ജോർജും ചേർന്ന് പാടിക്കേൾക്കുമ്പോഴത്തെ അനുഭൂതി ഒന്നുവേറെ. ഈ കൂട്ടുകെട്ടിൽ അധികം പാട്ടുകൾ പിറന്നില്ല എന്നത് നമ്മൾ മലയാളികളുടെ നഷ്ടം.
അതേ ചിത്രത്തിൽ മെഹബൂബും ജോർജും ചേർന്നു ഹൃദയം നൽകി പാടിയ മറ്റൊരു പാട്ട് കൂടിയുണ്ട്. വിശുദ്ധനഗരമായ മക്കയെ കുറിച്ച് മലയാളത്തിൽ വന്ന ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്. ഇരു ഗായകരും സ്വയം മറന്ന് ഒഴുകുകയാണ് ആ പാട്ടിന്റെ ഹൃദയത്തിലൂടെ.
‘‘കണ്ണിനകത്തൊരു കണ്ണുണ്ട് -അതു
കണ്ടുപിടിച്ചു തുറക്കുക നീ,
എന്നാല്‍ സോദര വിശ്വാസികളുടെ
സുന്ദരനഗരം മെക്കാ കാണാം
കണ്ണിന്‍ കണിയായ് കരളിന്നമൃതായ്
മണ്ണിലെ വിണ്ണാം മെക്കാ കാണാം
പാവനനായ മുഹമ്മദ് മുസ്തഫ
പള്ളിയുറങ്ങും മഖ്ബറ കാണാം
കോമളമായ മദീനാപുരിയില്‍
പാമരനെ പണ്ഡിതനെ കാണാം
ഇബ്രാഹിം നബി രക്ഷകനാകും
റബ്ബിന്‍ കൽപന കേള്‍ക്കുകയാലേ
പുത്രബലിയ്ക്കായ് കത്തിയുയര്‍ത്തിയ
വിശ്വാസത്തിന്‍ പെരുനാള്‍ കാണാം...’’
ഒപ്പനയുടെ സൗന്ദര്യം
ഭക്തിഭാവവും ദാർശനിക സ്വഭാവവുമുള്ള പാട്ടുകൾ അങ്ങനെ നിരവധി. എന്നാൽ, ജനപ്രീതിയിൽ ഇവയെയൊക്കെ കവച്ചുവെക്കും സിനിമക്കു വേണ്ടി ഭാസ്കരൻ മാഷ് രചിച്ച ഒപ്പനപ്പാട്ടുകളും കെസ്സുപാട്ടുകളും ഹാസ്യഗാനങ്ങളും. ‘കുട്ടിക്കുപ്പായ’ത്തിലെ ‘‘ഒരു കൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ’’, ‘‘പുള്ളിമാനല്ല മയിലല്ല മധുരക്കരിമ്പല്ല മാരിവിലൊത്ത പെണ്ണാണ്’’ എന്നീ പാട്ടുകളിൽ അന്നത്തെ തലമുറ കണ്ടുമുട്ടിയ പുതുമണവാട്ടിമാർ ആറു പതിറ്റാണ്ടിനിപ്പുറവും ചിരിതൂകി നിൽക്കുന്നു മലയാളിമനസ്സിൽ. ‘കുപ്പിവള’യിലെ ‘‘മധുരപ്പൂവന പുതുമലർക്കൊടി കണക്കു നിക്കണ പെണ്ണ്, കഴുത്തിലൊക്കെയും പൊന്ന് മധുമൊഴികൾ തൻ കളിചിരി കണ്ട് തളർന്ന താമരക്കണ്ണ്’’ എന്ന പാട്ട് കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്ന നവവധുവിന്റെ ചിത്രത്തിനുമുണ്ട് കാലത്തിനതീതമായ ആ ലാവണ്യം.
ചോദ്യോത്തര മാതൃകയിലുള്ള ‘സുബൈദ’യിലെ കുസൃതി നിറഞ്ഞ ഒപ്പനപ്പാട്ട് ഓർമവരുന്നു. അതെഴുതിയതും ഭാസ്കരൻ മാഷ് തന്നെ. എൽ.ആർ. ഈശ്വരിയും സഹോദരി അഞ്ജലിയും ചേർന്ന് പാടിയത്: ‘‘ഒരു കുടുക്ക പൊന്നുതരാം പൊന്നാലുള്ളൊരു മിന്നുതരാം ആയിരം മിസ്കാല് വേറെത്തരാം അന്നപ്പിടക്കൊത്ത പെണ്ണുണ്ടോ’’ എന്ന് ആൺപക്ഷത്തുള്ളവരുടെ ചോദ്യം. ‘‘ഒരു കുടുക്ക പൊന്നും വേണ്ട പൊന്നാലുള്ളൊരു മിന്നും വേണ്ട കാണാൻ മൊഞ്ചുള്ള മാപ്പിളയാണെങ്കിൽ കാനോത്ത് ചെയ്‌താൽ പെണ്ണ് തരാം’’ എന്ന് പെണ്ണിന്റെ തോഴിമാർ. എത്ര ആവർത്തിച്ച് കേട്ടാലും മടുക്കാത്ത പാട്ടുകളാണിവയൊക്കെ.
നർമമധുരമായ പാട്ടുകൾ രചിക്കുന്നതിൽ സവിശേഷമായ പ്രാഗല്ഭ്യമുണ്ട് ഭാസ്കരൻ മാഷിന്. ഉചിതമായ നാടൻ പദപ്രയോഗങ്ങളുടെ തിരഞ്ഞെടുപ്പിൽപോലും കാണാം ഈ പ്രതിഭാവിലാസം: ‘‘വെളിക്ക് കാണുമ്പോ നിനക്ക് ഞാനൊരു പരുക്കൻ മുള്ളുള്ള മുരിക്ക്’’ (ഉമ്മ), ‘‘കണ്ടം ബെച്ചൊരു കോട്ടാണ് ഇത് പണ്ടേ കിട്ടിയ കോട്ടാണ്’’, ‘‘സിന്ദാബാദ് സിന്ദാബാദ് സ്വന്തം കാര്യം സിന്ദാബാദ്’’ (കണ്ടം ബെച്ച കോട്ട്), ‘‘കൊല്ലാൻ നടക്കണ കൊമ്പുള്ള ബാപ്പ കൊല്ലാതെ കൊല്ലണ വമ്പത്തി മോള്’’ (സുബൈദ), ‘‘പേരാറ്റിൻ കരയിൽ വെച്ച് പേരെന്തെന്നു ചോദിച്ചപ്പോൾ’’ (കുപ്പിവള), ‘‘കോഴിക്കോട്ടങ്ങാടീലെ കോയാക്കാന്റെ കടയിലെ’’ (തങ്കക്കുടം).... വെറും തമാശപ്പാട്ടുകളല്ല. പോയി മറഞ്ഞ ഒരു കാലത്തിന്റെ നന്മ നിറഞ്ഞ മുദ്രകൾകൂടി നിറഞ്ഞുനിൽക്കുന്നു അവയിൽ പലതിലും.
‘‘കടക്കണ്ണിൻ മുനകൊണ്ട് കത്തെഴുതി പോസ്റ്റ് ചെയ്യാൻ ഇടക്കിടെ വേലിക്കൽ വരുന്ന ബീവീ, നടക്കുമ്പോൾ എന്തിനാണൊരു തിരിഞ്ഞുനോട്ടം നിന്റെ പടിഞ്ഞാറേ വീട്ടിലേക്കൊരു പരൽമീൻ ചാട്ടം’’ (തുറക്കാത്ത വാതിൽ) എന്നെഴുതാൻ ഭാസ്കര കവിക്കല്ലാതെ മറ്റാർക്ക് കഴിയും? അതുപോലെ ‘‘വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന വഴിവക്കിൽ വേലിക്കൽ നിന്നവനേ... കൊച്ചു കിളിച്ചുണ്ടൻ മാമ്പഴം കടിച്ചുംകൊണ്ടെന്നോട് കിന്നാരം പറഞ്ഞവനേ’’ (കുട്ടിക്കുപ്പായം) എന്നും. നാട്ടിൻപുറത്തെ വേലികളും വേലിക്കൽ മാങ്ങ കടിച്ചുനിൽക്കുന്ന പൂവാലന്മാരും കണ്ണഞ്ചിരട്ടയിൽ ബിരിയാണി വെക്കുന്ന കളിത്തോഴൻമാരുമെല്ലാം ഓർമയായിട്ടും ഈ ഡിജിറ്റൽ കാലത്തും നമ്മെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്നു ആ വാങ്മയ ചിത്രങ്ങൾ.
വിഷാദാംശമുള്ള ഭാസ്കര രചനകളിൽ ‘കുപ്പിവള’യിലെ ‘‘കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ’’ എന്ന പാട്ടിന്റെ വശ്യത ഒന്നുവേറെ. ചരണത്തിൽ ‘‘ഉമ്മാടെ കണ്ണാണ് ഉപ്പാടെ കരളാണ് ഉള്ളിലെ മിഴികളാൽ കാണുന്നു ഞാൻ’’ എന്ന് ബാബുരാജിന്റെ ഈണത്തിൽ എ.എം. രാജ പാടിക്കേൾക്കുമ്പോൾ ആരുടെ ഹൃദയമാണ് ആർദ്രമാകാത്തത്? രാജക്കു വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട പാട്ടാണതെന്ന് തോന്നും. ‘ഓളവും തീരവും’ എന്ന ചിത്രത്തിലെ ‘‘ഇടക്കൊന്നു ചിരിച്ചും ഇടക്കൊന്നു കരഞ്ഞും’’ എന്ന പാട്ടിലുമുണ്ട് രചനയും ഈണവും ആലാപനവും ചേർന്ന് സൃഷ്ടിക്കുന്ന സമാനമായ ഒരു മാജിക്. സംശയമുണ്ടെങ്കിൽ ‘‘മനുഷ്യനായ് ജനിപ്പിച്ചു മോഹിക്കാൻ പഠിപ്പിച്ചു മധുരിക്കുമാശ കാട്ടി കൊതിപ്പിച്ചു, മനസ്സിന്റെ ശോകങ്ങൾ മറക്കുവാൻ കൂടിയൊന്ന് പഠിപ്പിച്ചതില്ലല്ലോ പടച്ചവൻ’’ എന്ന വരിയൊന്ന് കേട്ടുനോക്കുക. ഇപ്പോഴും, ഈ പ്രായത്തിലും കണ്ണുകൾ നനയാറുണ്ട് ആ വരി എസ്. ജാനകി പാടിക്കേൾക്കുമ്പോൾ.
കാലം മാറുന്നു. അഭിരുചികളും പ്രവണതകളും മാറുന്നു. കുടുംബബന്ധങ്ങളുടെ സമവാക്യങ്ങൾ തിരുത്തിക്കുറിക്കപ്പെടുന്നു. മനുഷ്യജീവിതം ഒരു കൊച്ചു മൊബൈൽ ഫോണിന്റെ സ്ക്രീനിലേക്ക് ചുരുങ്ങുന്നു. അനുനിമിഷം മാറുകയാണ് ലോകം. എല്ലാ മാറ്റങ്ങൾക്കും സാക്ഷിയായി ഈ പാട്ടുകൾ ഇവിടെയുണ്ടാകും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ‘‘കല്ലടിക്കോടൻ മലകേറി, കള്ളവണ്ടി കേറാതെ കര നാലും കടന്ന്, പുളയുന്ന പൂനിലാവിൽ പുഴ നീന്തിക്കടന്ന്’’ വീണ്ടും വീണ്ടും നമ്മെ തേടിയെത്തട്ടെ നന്മ നിറഞ്ഞ ആ ഓർമകൾ.

പി. ഭാസ്കരനൊപ്പം ദേവരാജൻ മാസ്റ്ററും നൗഷാദും
മുസ്‍ലിം പശ്ചാത്തലത്തിലുള്ള ഭാസ്കര ഗാനങ്ങളിൽനിന്ന് തിരഞ്ഞെടുത്ത കുറെ വരികളിതാ. ഭക്തിയും പ്രണയവും തത്ത്വചിന്തയും മാറിമാറി നിഴലിക്കുന്ന രചനകൾ:
‘‘മനിസന്റെ നെഞ്ചിൽ പടച്ചോൻ കുയിച്ചിട്ട മധുരക്കനിയാണനുരാഗം.’’ (നീലിസാലി)
‘‘ഞാൻ വളർത്തിയ കൽബിലെ മോഹം പോത്തുപോലെ വളർന്നല്ലോ ഞാൻ കാത്തുകാത്ത് കുഴഞ്ഞല്ലോ.’’ (നീയല്ലാതാരുണ്ടെന്നുടെ -നീലിസാലി)
‘‘ഏതൊരു കൂരിരുൾ തന്നിലും ഒരു ചെറുപാത തെളിച്ചിടും അള്ളാഹു, കണ്ണീർക്കടലിൽ നീന്തും കരളിന് കരയായ് തീർന്നിടും അള്ളാഹു...’’ (അള്ളാവിൻ തിരുവുള്ളം –കണ്ടംബെച്ച കോട്ട്)
‘‘ദൂരത്തെ പാദുഷ നട്ടുവളർത്തുന്ന കാരയ്ക്കാത്തോട്ടത്തിൽ പോവില്ലേ, കാരയ്ക്കയും വേണ്ട മുന്തിരിയും വേണ്ട കുഞ്ഞാറ്റക്കിളി പോവില്ല.’’ (കൂട്ടിലിളംകിളി -ലൈലാമജ്‌നു)
‘‘എൻ കണ്ണിന്റെ കടവിലടുത്താൽ കാണുന്ന കൊട്ടാരത്തില് പ്രാണന്റെ നാട് ഭരിക്കണ സുൽത്താനുണ്ട്... പാടിയാടി നാടു വാഴണ സുൽത്താനുണ്ട്.’’ (ഉമ്മ)
‘‘കാടെല്ലാം പൂത്തു പൂത്തു കൈലി ചുറ്റണ കാലത്ത് കാണാമെന്നോതിയില്ലേ സൈനബാ, തമ്മിൽ കാണാമെന്നോതിയില്ലേ സൈനബാ, പൊയ്കകൾ താമരയാൽ പൊട്ടു കുത്തണ നേരത്ത് പോരാമെന്നോതിയില്ലേ സൈനബാ, വന്നു ചേരാമെന്നോതിയില്ലേ സൈനബാ, നിന്നെ കിനാവ് കണ്ട് നിന്നെയും കാത്തുകൊണ്ട് എന്നുള്ളിലിരിപ്പാണെൻ പൈങ്കിളി നിത്യം എന്നുള്ളിലിരിപ്പാണെൻ പൈങ്കിളി...’’ (പാലാണ് തേനാണെൻ -ഉമ്മ)
‘‘അരളിപ്പൂമരച്ചോട്ടിൽ ആറ്റിലെ മണലിനാൽ കളിപ്പുര വെച്ചില്ലേ, പണ്ട് കരിഞ്ചീരയരിഞ്ഞിട്ട് കണ്ണഞ്ചിരട്ടയിൽ ബിരിയാണി വെച്ചില്ലേ’’ (വെളുക്കുമ്പോൾ കുളിക്കുവാൻ -കുട്ടിക്കുപ്പായം)
‘‘മുത്തഴകുള്ളൊരു മേനിയിലെല്ലാം മുത്തിമണക്കാൻ അത്തറ് വേണം തേന്മഴ ചൊരിയും ചിരി കേട്ടീടാൻ മാന്മിഴിയിങ്കല് മയ്യെഴുതേണം.’’ (ഒരു കൊട്ട പൊന്നുണ്ടല്ലോ -കുട്ടിക്കുപ്പായം)
‘‘പൊന്നാരം ചൊല്ലാതെ മന്ദാരത്തണലത്ത് കണ്ണാരം പൊത്തി കളിക്കാൻ വാ, അള്ളള്ളോ ഞാനില്ലേ അമ്മായി തല്ലൂലേ പൊള്ളുന്ന തീയൊത്ത വെയിലല്ലേ’’ (സുബൈദ)
‘‘പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത് കെട്ടിപ്പിടിച്ചു കരയുന്ന പെണ്ണേ കെട്ടിപ്പിടിച്ചു കരയുന്ന പെണ്ണേ, കെട്ടു കഴിഞ്ഞ വിളക്കിൻ കരിന്തിരി കെട്ടിപ്പിടിച്ചു കരയുന്നതെന്തേ.’’ (സുബൈദ)
‘‘കൽബിലുള്ള സ്നേഹത്തിൻ കറുകനാമ്പ് തന്നു തന്നു ദിക്റ് പാടി എളേമ്മ നിന്നെ ഉറക്കാം പൊന്നേ’’ (ലാ ഇലാഹ ഇല്ലള്ളാ -സുബൈദ)
‘‘പടച്ചവൻ പടച്ചപ്പോൾ മനുഷ്യനെ പടച്ചു, മനുജന്മാർ മന്നിതിൽ പണക്കാരെ പടച്ചു, പണക്കാരൻ പാരിലാകെ പാവങ്ങളെ പടച്ചു, പാവങ്ങളെന്നവരെ കളിയാക്കി ചിരിച്ചു.’’ (കായംകുളം കൊച്ചുണ്ണി)
‘‘മറ്റുള്ളോരറിയാതെ മനതാരിൽ ഒളിപ്പിച്ച മലർക്കൂടയദ്ദേഹം പിടിച്ചുപറ്റി, പകരമായെനിക്കൊരു സമ്മാനം തന്നൂ മാരൻ, പണമല്ല പൊന്നല്ല മണിമുത്തല്ല.’’ (ഒരു കൂട്ടം ഞാനിന്ന് -ബാല്യകാലസഖി)
‘‘പകലവനിന്നു മറയുമ്പോൾ അകില് പുകച്ച മുറിക്കുള്ളിൽ പനിമതി ബിംബമുദിത്തപോൽ പുതുമണവാട്ടി, ഏഴാം ബഹറിനകത്തൊരു ഹൂറിയാകും മണിമറിമാൻകുട്ടീ.’’ (അസുരവിത്ത്)
‘‘മനുഷ്യനായ് ജനിപ്പിച്ചു മോഹിക്കാൻ പഠിപ്പിച്ചു മധുരിക്കുമാശ കാട്ടി കൊതിപ്പിച്ചു, മനസ്സിന്റെ ശോകങ്ങൾ മറക്കുവാൻ കൂടിയൊന്ന് പഠിപ്പിച്ചതില്ലല്ലോ പടച്ചവൻ.’’ (ഇടക്കൊന്നു ചിരിച്ചും -ഓളവും തീരവും)
‘‘മണിമാരൻ തന്നത് പണമല്ല പൊന്നല്ല മധുരക്കിനാവിന്റെ കരിമ്പിൻ തോട്ടം, കണ്ണുനീർ തേവിതേവി കരളിതിൽ വിളയിച്ച കനകക്കിനാവിന്റെ കരിമ്പിൻതോട്ടം.’’ (ഓളവും തീരവും)
‘‘കടക്കണ്ണിൻ മുനകൊണ്ട് കത്തെഴുതി പോസ്റ്റ് ചെയ്യാൻ ഇടയ്ക്കിടെ വേലിക്കൽ വരുന്ന ബീവീ, നടക്കുമ്പോൾ എന്തിനാണൊരു തിരിഞ്ഞുനോട്ടം നിന്റെ പടിഞ്ഞാറേ വീട്ടിലേക്കൊരു പരൽമീൻ ചാട്ടം.’’ (തുറക്കാത്ത വാതിൽ)
‘‘കല്ലടിക്കോടൻ മലകേറി കടന്നു, കള്ളവണ്ടി കേറാതെ കര നാലും കടന്നു പുളയുന്ന പൂനിലാവിൽ പുഴ നീന്തിക്കടന്നു പൂമാരനെ കൊണ്ടു പോരണം.’’ (മനസ്സിനുള്ളിൽ -തുറക്കാത്ത വാതിൽ)
‘‘കൽപകത്തോപ്പന്യനൊരുവനു പതിച്ചു നൽകി, നിന്റെ കൽബിലാറടി മണ്ണിലെന്റെ കബറടക്കി.’’ (ഉമ്മാച്ചു)
‘‘നീലമേഘമാളികയിൽ പാലൊളി പൂവിരിപ്പിൽ മൂടുപടം മാറ്റിയിരിക്കും മുഴുതിങ്കളേ.’’ (യത്തീം)
‘‘മിഴിയിണ ഞാൻ അടയ്ക്കുമ്പോൾ കനവുകളിൽ നീ മാത്രം, മിഴിയിണ ഞാൻ തുറന്നാലും നിനവുകളിൽ നീ മാത്രം.’’ (മണവാട്ടി)