Begin typing your search above and press return to search.
proflie-avatar
Login

പ്രാർഥന

പ്രാർഥന
cancel

പഴയൊരു പടം –എ വണ്ടർഫുൾ ലൈഫ്. ഒടുരംഗത്ത് കേന്ദ്രകഥാപാത്രം മദ്യശാലയിൽ ഇരിക്കുന്നു, ഒറ്റക്ക്. സർവം തുലഞ്ഞു പാപ്പരാകാറായി ജയിൽശിക്ഷയുടെ വക്കിലെത്തിയ ജോർജ് ബെയ്ലി. കേൾക്കുമെന്ന് ഉറപ്പില്ലാത്ത ദൈവത്തോട് അയാൾ കേഴുന്നു, കണ്ണീരോടെ: ‘‘സ്വർഗസ്ഥനായ പിതാവേ പ്രാർഥിക്കുന്നവനല്ല ഞാൻ. എങ്കിലും, നീ മുകളിൽ ഉണ്ടെങ്കിൽ എന്നെ കേൾക്കാനാവുന്നെങ്കിൽ ഒരു വഴി കാട്ടിത്തരൂ. അത്രക്കും അറ്റം പറ്റിയിരിക്കുന്നു, ജീവിതം.’’ ഒത്തിരി ഉണ്ടാവും ഇത്തരം അർഥനങ്ങൾ ഏതൊരാളിന്റെയും ജീവിതത്തിൽ. വിശ്വാസി ദൈവത്തോട്, അവിശ്വാസി മനഃസാക്ഷിയോട്, അതുമല്ലെങ്കിൽ പണ്ട് എം. ഗോവിന്ദൻ മുട്ടിയ മാതിരി. അേജ്ഞ​യതയുടെ തുടി: ‘‘ഉണ്ടെന്നും...

Your Subscription Supports Independent Journalism

View Plans

പഴയൊരു പടം –എ വണ്ടർഫുൾ ലൈഫ്. ഒടുരംഗത്ത് കേന്ദ്രകഥാപാത്രം മദ്യശാലയിൽ ഇരിക്കുന്നു, ഒറ്റക്ക്. സർവം തുലഞ്ഞു പാപ്പരാകാറായി ജയിൽശിക്ഷയുടെ വക്കിലെത്തിയ ജോർജ് ബെയ്ലി. കേൾക്കുമെന്ന് ഉറപ്പില്ലാത്ത ദൈവത്തോട് അയാൾ കേഴുന്നു, കണ്ണീരോടെ: ‘‘സ്വർഗസ്ഥനായ പിതാവേ പ്രാർഥിക്കുന്നവനല്ല ഞാൻ. എങ്കിലും, നീ മുകളിൽ ഉണ്ടെങ്കിൽ എന്നെ കേൾക്കാനാവുന്നെങ്കിൽ ഒരു വഴി കാട്ടിത്തരൂ. അത്രക്കും അറ്റം പറ്റിയിരിക്കുന്നു, ജീവിതം.’’ ഒത്തിരി ഉണ്ടാവും ഇത്തരം അർഥനങ്ങൾ ഏതൊരാളിന്റെയും ജീവിതത്തിൽ. വിശ്വാസി ദൈവത്തോട്, അവിശ്വാസി മനഃസാക്ഷിയോട്, അതുമല്ലെങ്കിൽ പണ്ട് എം. ഗോവിന്ദൻ മുട്ടിയ മാതിരി. അേജ്ഞ​യതയുടെ തുടി: ‘‘ഉണ്ടെന്നും ഇല്ലെന്നും വരാവുന്ന ദൈവമേ നീ ഉൺമയെങ്കിൽ...’’ ഉള്ളടക്കമെന്താകിലും ഉയിര് ഒന്നുതന്നെ –ബദ്ധശ്രദ്ധ, നെഞ്ചിനുൾക്കൊള്ളാവുന്ന നിബദ്ധതയുടെ പരമം.

മിക്കവരും കരുതുക പക്ഷേ, അതീതശക്തിയോടുള്ള അർഥന മാ​ത്രമാണ് പ്രാർഥന എന്നാവും –ജീവനസംത്രാസങ്ങൾക്ക് നടുവിലെ പിടിവള്ളിയായി പ്രാർഥനയെ കാണുന്നതിന്റെ ഫലം. അത്ഭുതമില്ല, തന്നാലും തൻകൂട്ടരാലും രക്ഷയറ്റവർ അത്തരം ഇടപെടലുകൾ കൊതിക്കും, ജീവിതത്തിൽ മാന്ത്രികം പ്രതീക്ഷിക്കും. ലളിത സാധാരണമായ ഈ പടുതിക്കപ്പുറവുമില്ലേ പ്രാർഥനക്ക് രൂപങ്ങൾ, ഭാവങ്ങൾ?

പലതരത്തിലുണ്ട് അതിന്റെ പെയ്ത്ത്. ജീവിതത്തിന്റെ നിത്യസാധാരണങ്ങളിൽനിന്നുതിർന്ന് പരന്നൊഴുകുന്ന മേഘയാചനകൾ ഉണ്ട് –ആശകളുടെ, ആവശ്യങ്ങളുടെ, ദുരയുടെ, ദുഷ്കിന്റെ ആവലാതികൾ. അടരടരായി പെരുകി വന്നുയരുന്ന കൂമ്പാര പ്രാർഥനയുണ്ട് –അടരുകൾ വിശ്വാസത്തിന്റെയാവാം, സന്ദേഹത്തിന്റെയാവാം രണ്ടിന്റെയും സങ്കരവുമാവാം. മായിക ധ്വനിയോടെ പഞ്ഞി മേഘ ഛായയുള്ള പ്രാർഥനയുണ്ട്, അപ്പൂപ്പൻ താടിപോലെ സ്ഥാവരങ്ങളില്ലാണ്ട് പാറിപ്പാറിയങ്ങനെ... സ്വരസ്ഥായി ഉറച്ച പ്രാർഥനകൾക്ക് കൃഷ്ണപ്പരുന്തിന്റെ നിരീക്ഷണ കൂർമതയാണ്. ഹൃദയനോവിന്റെ കണ്ണീർനൂലിൽ കോർത്ത പ്രാർഥനക്കൊരു പ്രഭാവലയമുണ്ട് ശിരസ്സിൽ. ഈ മേഘരാശിയിലെ ഏതിനത്തിനും ലസാഗു ഒന്നേയൊന്ന് –മനുഷ്യൻ ഉയിരടങ്കം നീട്ടുന്നു, നോക്കുന്നു, കാക്കുന്നു. അർപ്പിതത്തിൽ ജാഗ്രത പിശകാത്ത മനസ്സർപ്പണം.

നാം പ്രാർഥിക്കുന്നത് സത്യത്തിൽ നമ്മോട് തന്നെയല്ലേ? ദൈവങ്ങൾ ഇവിടെ ഒരു ഉപാധിയാണ്. നമുക്ക് നമ്മിലേക്കുള്ള പാലം. കാരണം ജീവിതാർഥത്തെക്കുറിച്ച സ്ഥായി സന്ദേഹമാണ്, സകലമാന ബുദ്ധിസൂത്രങ്ങൾക്കും ധിഷണാ വൈഭവങ്ങൾക്കും മനോവിരുതുകൾക്കുമിപ്പുറം. അത് സദാ ധ്വനിപ്പിക്കുന്നത് അർഥത്തിന്റെ അഭാവം. മാത്രമല്ല, അഭാവത്താൽ തന്നെയുള്ള ആധിയുമാണ്. ഇരുണ്ടു തുടങ്ങുന്ന സന്ധ്യക്ക് ചാറ്റമഴ പോലെ അത് നാരിട്ട് വരയും, നെഞ്ചിൽ. അർഥിച്ചുപോവും മനുഷ്യൻ, ഒരിറ്റു ശാന്തിക്ക്.

ശാന്തി തേടുന്ന ഭ്രാന്താവാം പ്രാർഥന. അന്നേരം പുറംലോകത്തെ തിരയിളക്കങ്ങൾ അപസ്മാരത്തിന്റെ മർമരങ്ങളാവും. മനസ്സാ നിരാകരിച്ച ആ അപശബ്ദങ്ങൾ ഉദ്വേഗമേറ്റുകയൂള്ളൂ ഉള്ളിന്. കൊതിയേറ്റുകയേയുള്ളൂ നിശ്ശബ്ദതക്കായി. കാരണം അത്തരം ഒച്ചകളിൽ വാക്കുകൾക്ക് ജീവൻ നഷ്ടമാവുന്നു. അർഥധ്വനികളൊഴിഞ്ഞ മരുമണ്ണാവുന്നു പ്രാർഥനാശീലുപോലും. നരകയാതന ഞെരിപിരികൊള്ളുന്ന അത്തരമൊരു കരാളരാത്രിയുടെ ഉമ്മറത്തുനിന്ന് ഇടറിവീണ ഒരോർമക്കുറിയുണ്ട് –നാസി ഹോമകുണ്ഡത്തിലേക്കുള്ള ഊഴം കാത്തുനിന്ന പഴയൊരു ബാലന്റെ, എലീ വീസേൽ:

...ഞാനെന്തിന് പ്രാർഥിച്ചു?

വിചിത്രമായ ചോദ്യം –ഞാനെന്തിനു ജീവിച്ചു, എന്തിന് ശ്വസിച്ചു?

‘‘എനിക്കറിയില്ല എന്തുകൊണ്ടെന്ന്.’’ ഞാൻ പറഞ്ഞു,

കൂടുതൽ അസ്വസ്ഥനായിക്കൊണ്ട്.

ആ ദിവസത്തിനുശേഷം ഞാൻ അയാളെ ഇടക്കിടെ കണ്ടു. അയാളെന്നോട് വിശദീകരിച്ചു, വല്ലാത്ത ഉറപ്പോടെ, ഉത്തരമില്ലാത്ത ഒരു കരുത്തുണ്ട് ഏതു ചോദ്യത്തിലുമെന്ന്.

‘‘മനുഷ്യൻ ദൈവത്തിലേക്ക് സ്വയം ഉയർത്തുന്നത് അവനോടുന്നയിക്കുന്ന ചോദ്യങ്ങളാലാണ്’’ –അതാവർത്തിക്കുന്നത് അയാൾക്ക് ഇഷ്ടമായിരുന്നു. ‘‘അതാണ് യഥാർഥ സംഭാഷണം. മനുഷ്യൻ ദൈവത്തെ ചോദ്യംചെയ്യുന്നു. ദൈവം ഉത്തരം പറയുന്നു. പക്ഷേ, ആ ഉത്തരങ്ങൾ നമുക്ക് മനസ്സിലാവുന്നില്ല. മനസ്സിലാക്കാനാവുന്നില്ല. കാരണം, അവ വരുന്നത് ആത്മാവിന്റെ ആഴങ്ങളിൽനിന്നാണ്. മരണം വരെ അവ അവിടെ കിടക്കുന്നു. എലീസെർ, നീ യഥാർഥ ഉത്തരങ്ങൾ കണ്ടെത്തുക നിനക്കുള്ളിൽനിന്ന് മാത്രമാണ്.’’

‘‘അപ്പോൾ പിന്നെ നിങ്ങളെന്തിനാണ് മോഷ്, പ്രാർഥിക്കുന്നത്?’’ ഞാൻ ചോദിച്ചു.

‘‘എന്റെ ഉള്ളിലെ ദൈവത്തോടാണ് എന്റെ പ്രാർഥന. ശരിയായ ചോദ്യങ്ങൾ അവനോട് ചോദിക്കാനുള്ള കരുത്ത് അവൻ തരും.’’

(നൈറ്റ് /എലീ വീസേൽ)

പങ്കിടാനാവാത്ത തീവ്ര സ്വകാര്യതയാണ് പ്രാർഥന. വേദന പോലെ ഏകാകിത നിറവാർന്ന സ്വകാര്യം. തികഞ്ഞ ഏകാന്തതയിലാണ് മനസ്സ് ഏറ്റവും സാഹസികമാവുക. അല്ലാത്തപ്പോൾ അറച്ചുനിൽക്കുന്നിടങ്ങളിലേക്ക് കൂസലേശാതെ കടന്നു ചെല്ലുക. അവ്വിധമാണ് ഒറ്റപ്പാട് പകരുന്ന ഉശിര്, ആത്മധൈര്യം. അപായകരമായ സാഹസങ്ങളിൽ ഏർപ്പെടുമ്പോൾ മനസ്സ് തുറസ്സുകളറിയും. അല്ലാത്തപ്പോൾ വിലങ്ങിനിന്ന ചുമരുകൾ അടർന്നുവീഴും. കിർക്കഗാഡ് കൃത്യമാക്കിയിരുന്നു, പൊരുൾ: ‘‘ദൈവത്തെ സ്വാധീനിക്കയല്ല പ്രാർഥനയുടെ ഉദ്ദേശ്യം. പ്രാർഥിക്കുന്നയാളിന്റെ പ്രകൃതം മാറ്റുകയാണ്.’’

അരക്ഷിതത്വമാണ് ഏത് പ്രാർഥനയുടെയും നാഭി, തർക്കമില്ല. അരക്ഷിതത്വത്തിന് അർഥം രണ്ടുണ്ട്, വിശാലാർഥത്തിൽ. ഒന്ന്, അവനവനെക്കുറിച്ച ധാരണക്കുറവ്. ഞാൻ എന്നിലത്ര സുരക്ഷിതനല്ലെന്ന തോന്നൽ. കാരണം എന്നിൽനിന്ന് ഒളിയുന്ന പലതുണ്ട്. രണ്ട്, അവനവനെക്കുറിച്ച അതൃപ്തി. ഞാൻ എങ്ങനെ പെരുമാറുന്നു, പ്രവർത്തിക്കുന്നു, ജീവിക്കുന്നു –അതെനിക്കറിയാം, പക്ഷേ അതത്ര പോരാ. എനിക്കത്ര മതിപ്പില്ല. ഈ രണ്ട് മനോഭാവങ്ങളുടെ ഫലമാണ് അരക്ഷിതത്വം. പ്രാർഥനയുടെ പ്രേരണ ഈ അരക്ഷിതത്വമാണ്. ഇംഗിതം അത് മറികടക്കയും. എങ്ങനെ?

ഒരുപാടുണ്ട് മുറകൾ, മനുഷ്യചരിത്രത്തിലുടനീളം. ഔപചാരികതയുടെ ഇറുക്കമുള്ള നിഷ്ഠകൾ തൊട്ട് അയവിന്റെ തൂവൽഭാരമുള്ള അനിഷ്ഠകൾ വരെ. ജപമുറകളും കൂട്ടപ്പാട്ടും കോമരം തുള്ളലും വരെ. സംഘടിത മതങ്ങൾക്ക് അതിന് വ്യവസ്ഥാപിത രൂപങ്ങളുണ്ട്. അബ്രഹാമികർ കൽപിക്കും, ചില ചേരുവകളുടെ മിശ്രിതം –ഭയഭക്തി, കുമ്പസാരം, ഉപകാര സ്മരണ, യാചന. ശ്രമണർക്ക് നിശ്ചലതയും നിശ്ശബ്ദതയും നിർബന്ധം, ഉപാസനയായാലും വിപാസനയായാലും. മന്ത്രോച്ചാരണവും നാമാർച്ചനയും ബ്രാഹ്മണ മതത്തിന്. അങ്ങനെയിങ്ങനെ പ്രാക്തനരിലും നവീനരിലുമെല്ലാം കാലാതീതം പുലരുകയാണ് പ്രാർഥനയുടെ ഇൗഷൽ ഭേദങ്ങൾ –രൂപാന്തരങ്ങളിൽ ഒടുങ്ങാത്ത കടങ്കഥയായി. ശിലായുഗത്തിലേ പ്രാർഥിച്ചിരുന്നു മനുഷ്യൻ. തെളിവുണ്ട്– ഫ്രാൻസിലെ ലോജൂറി ബാസിൽ കുഴിച്ചു കിട്ടിയ എല്ലിൻ മുട്ടികളിൽ. അന്നത്തിന്, മഴക്ക്, വൃദ്ധിക്ക്, നോവിന്, ആനന്ദത്തിന്... എന്തിനും വേണ്ടിയുള്ള പ്രാർഥനകൾ. വിശ്വസിക്കുന്ന അതീതശക്തിയോടുള്ള സംയോഗത്തിനുവേണ്ടി വരെ. എങ്ങനെയും സ്വസ്ഥി ‘കിട്ടുക’യായിരുന്നു ലക്ഷ്യം, നിർമിക്കുകയായിരുന്നില്ല. വന്നുവന്നിപ്പോ അതുമുണ്ട് –നിർമിത സ്വസ്ഥിയുടെ പ്രാർഥനാവിദ്യകൾ. യൂട്യൂബ് ഗുരുക്കളുടെ ഡിജിറ്റൽ കടകങ്ങൾ, ഇൻസ്റ്റഗ്രാംയോഗികളുടെ ‘ഇൻസ്റ്റന്റ്’ സാധനകൾ, ‘ഏഷ്യൻ എഫിഷ്യൻസി’, ‘അലർജിക് പാഗൻ’... ഒക്കെയും സ്വാഭാവികം–കതിരുള്ളിടത്ത് കളയും പെരുകും.

അർപ്പണത്തിന്റെ നിറവാണ് പ്രാർഥനയെങ്കിൽ, നിത്യജീവിതവൃത്തികൾ പലതും അതാവില്ലേ? ഉദാഹരണത്തിന്, ‘ഹെൽ ഓഫ് എ ബുക്ക്’. അമേരിക്കയിലെ കറുത്തവരുടെ ജീവിതത്തിന് അന്തര്യാമിയായ വേദനയും പീഡനവും യാതനകളും വിതിർക്കുന്ന നോവൽ. എഴുത്തുകാരനായ കേന്ദ്രകഥാപാത്രം സ്വന്തം ജീവിതം പറയാൻ വിമ്മുകയാണ്:

 

‘‘...ക്ഷുഭിതനായിപ്പോവും, എന്തുകൊണ്ടെന്നറിയില്ല. ക്ഷോഭം ഒരിക്കലും വിട്ടുപോകുന്നുമില്ല. മനസ്സിന്റെ പിന്നണിയിൽ അത് തങ്ങിനിൽക്കും. സ്വന്തം ലോകത്തിന്റെ പിന്നണിയിൽ നമ്മെ വേട്ടയാടിക്കൊണ്ട്, സകല നിശ്ചയങ്ങളെയും നയിച്ചുകൊണ്ട്. ക്ഷോഭിച്ചു ക്ഷോഭിച്ച് ക്ഷീണിച്ചാലും വിട്ടൊഴിയുന്നില്ലത്. അതിലും മാരകമായ മറ്റൊന്നായി പരിണമിക്കുകയാണ്. ക്ഷോഭം നമുക്കുനേരെ തന്നെ തിരിഞ്ഞിട്ട് സ്വയം വിളിക്കും വിഷാദമെന്ന്. ക്ഷോഭത്തെപ്പോലെ തന്നെ അതും ജീവിതം കവർന്നെടുക്കുന്നു. ഓരോ നാളും നമുക്കൊപ്പം പുലർന്നുകൊണ്ട്.’’ (ഹെൽ ഓഫ് എ ബുക്ക്/ ജയ്സൺ മോട്ട്)

മൂന്നു കൊല്ലം മുമ്പ് മനസ്സെരിച്ച ഈ കനൽപദങ്ങൾ മുമ്പെവിടെയോ മുനിഞ്ഞു കത്തിയിരുന്നില്ലേ? ഓർമയിൽ തികട്ടിവന്നതൊരു കുട്ടിക്കാല സന്ധ്യ. അയൽക്കൂരയിലെ മെഴുതിരി പകർന്ന കൂപ്പുനാളി: ‘‘...നീ എന്റെ പ്രാണനെ തള്ളിക്കളയുവതെന്തിന്? നിന്റെ മുഖം എന്നിൽനിന്നു മറച്ചുവെയ് പ്പതെന്തിന്? ‘‘(സങ്കീർത്തനം -88) ജയ്സൺ മോട്ടിന്റെ നോവലും നസ്രാണി ബൈബിളും തമ്മിലെന്ത്? യാതനയുടെ നേരിനെ ഉയിരോടെ പുണരുന്ന ഏതക്ഷരിയും പ്രാർഥനയാവും, സംശയമെന്ത്?

വിപാസനയുടെ നിർലേപസ്പർശമുള്ളൊരു നിത്യപ്പതിവിനെപ്പറ്റി പറയുന്നുണ്ട്, ലിഡിയ ഡേവിസ് –വെളുപ്പിനുള്ള എഴുത്തും വായനയും. അങ്ങനെയൊരു പുലർ​െച്ച, ‘‘...എ.എൽ. സ്നൈജ്ഡേഴ്സിന്റെ കഥകൾ പരിഭാഷപ്പെടുത്താൻ ശ്രമിച്ചു, കാലത്തെയുള്ള ബെഡ്കോഫിക്കുപോലും മുമ്പ്. അപ്പോഴും പാതി ഉണർവിൽ മാത്രമാണ്, ഇരുന്നിടത്തുനിന്ന് അനങ്ങാൻ ഇഷ്ടമായിരുന്നില്ല...’’

വെറുമൊരു വിവർത്തനശ്രമത്തിന് വേണോ ഇത്രയൊക്കെ ചുട്ടികുത്ത്? ചുളിയാം, പല പുരികങ്ങളും, എങ്കിൽ, ബാക്കി കൂടി കേട്ടോളൂ: ‘‘...കഥ വായിക്കാൻ ശ്രമിച്ചുകൊണ്ട് തുടങ്ങി. ആദ്യവരി വായിച്ചു. അതിൽ ഒന്നിലേറെ തവണയുണ്ട്, bosrand (വനാതിര്) എന്ന വാക്ക്. തന്റെ കുശിനിജാലകത്തിലൂടെ സ്നൈജ്ഡേഴ്സ് കാണുന്നയിടം. പോകാൻ എനിക്കും കൊതിയുള്ളിടം. പിന്നെ അവിടെയുള്ള പ്രശ്നകാരികളായ കോഴികൾ, നായ്ക്കൾ. മറ്റൊരു വരി തുടങ്ങുന്നത് തെല്ലകലത്തുള്ള ഒരു സ്ത്രീയെപ്പറ്റി. അകലത്തിന് പ്രയോഗിച്ചിട്ടുള്ളത് verte എന്ന വാക്കാണ്. ഫ്രഞ്ചിൽ അത് ‘പച്ച’യാണ്. ഈ ആശയഭ്രമമൊക്കെയുണ്ടായിട്ടും പാതിമയക്കത്തിൽ ആ ഡച്ച് ഗ്രാമത്തിലേക്ക് ഞാൻ എടുത്തെറിയപ്പെട്ടു –കോഴികൾക്കും പ്രാപ്പിടിയന്മാർക്കും കുറുനരികൾക്കും ആട്ടിടയർക്കും അരയന്നങ്ങൾക്കും വല്ലപ്പോഴും കഥാകൃത്തിന്റെ വീട്ടുപടിക്കലെത്താറുള്ള സൈക്കിളുകാരനുമൊക്കെ ഇടയിലേക്ക്.’’ (Essays Two: on Proust, Translation, Foreign Languages and the City of Arles)

ഇതാണ് സമ്പൂർണ മനസ്സർപ്പണം. അർപ്പിച്ച മനസ്സിൽ പൊടിക്കുപോലുമില്ല ഇടം ബാക്കി. ഈ ശ്രദ്ധാഞ്ജലിയിൽ വായന പ്രാർഥനയാവുന്നു. കാരണം, എഴുതിയ വരികളിൽ മനംകൊരുക്കെ അതൊരു ആവഹനമാകുന്നു, എഴുതപ്പെട്ടതിന്റെ ആത്മാവിന്റെ.

ഇതേ മഹേന്ദ്രജാലത്തിന്റെ സെൽഫി ഇനിയൊന്നുണ്ട്, വിക്ടോറിയ ചാംഗിന്റെ ‘ഡിയർ മെമ്മറി’യിൽ. തന്നെ എഴുത്തിന്റെ എഴുത്തിനിരുത്തിയ മാഷുമാരിൽ ഒരാൾക്കുള്ള കത്താണ് ഒരധ്യായം: ‘‘... ഇന്നെനിക്കു തോന്നുന്നു, വാക്കുകൾ വെളിച്ചമാണ്. എങ്ങനെയാണവ വാനമ്പാടിയുടെ കുഞ്ഞുകൊക്കിനെ പ്രകാശമാനമാക്കുവത്? എഴുതുന്നയാൾക്കതിൽ കാര്യമില്ല. കാര്യമുള്ളത് വാനമ്പാടിക്കും വെളിച്ചത്തിനുമാണ്. എഴുതുന്നയാൾ ഒരതിഥി മാത്രം, പക്ഷിനോട്ടക്കാരൻ.’’

വായിക്കുന്നവരുടെ ജീവിതത്തിൽ എഴുത്ത് എങ്ങനെ വെളിച്ചമാകുന്നെന്ന് ഇതിലും വെളിച്ചപ്പെടുത്തുക ദുഷ്കരം. ഇത് പ്രാർഥനയല്ലെങ്കിൽ ഒന്നും പ്രാർഥനയല്ല.

News Summary - prayer