സംവാദത്തിനുള്ളിലെ യോജിപ്പും വിയോജിപ്പും

ജൂൺ 29ന് വിടപറഞ്ഞ സാമൂഹിക ചിന്തകനും എഴുത്തുകാരനും സാമൂഹികപ്രവർത്തകനുമായ കെ.എം. സലിംകുമാറിനെ അനുസ്മരിക്കുന്നു. സംവാദത്തിന് സദാ സന്നദ്ധനായിരുന്ന സലിംകുമാർ വിയോജിപ്പുകൾ ഉള്ളവരോടുപോലും ഉൗഷ്മളബന്ധം നിലനിർത്തി. വിയോജിക്കുേമ്പാഴും വിമർശിക്കുേമ്പാഴും സഹിഷ്ണുതാത്മകമായ സംവാദരീതിയും അദ്ദേഹം വികസിപ്പിച്ചു. നിരന്തരം സംസാരിക്കുന്ന ഒപ്പം നടക്കുന്ന സൗഹൃദമൊന്നുമില്ലെങ്കിലും യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്ന സാംസ്കാരിക ബന്ധമാണ് ചിന്തകനും എഴുത്തുകാരനും പ്രക്ഷോഭകാരിയുമായിരുന്ന കെ.എം. സലിംകുമാറുമായുണ്ടായിരുന്നത്. ആശയപരമായി നിശിതമായ വിമര്‍ശനങ്ങള്‍ നടത്തുമ്പോഴും...
Your Subscription Supports Independent Journalism
View Plansജൂൺ 29ന് വിടപറഞ്ഞ സാമൂഹിക ചിന്തകനും എഴുത്തുകാരനും സാമൂഹികപ്രവർത്തകനുമായ കെ.എം. സലിംകുമാറിനെ അനുസ്മരിക്കുന്നു. സംവാദത്തിന് സദാ സന്നദ്ധനായിരുന്ന സലിംകുമാർ വിയോജിപ്പുകൾ ഉള്ളവരോടുപോലും ഉൗഷ്മളബന്ധം നിലനിർത്തി. വിയോജിക്കുേമ്പാഴും വിമർശിക്കുേമ്പാഴും സഹിഷ്ണുതാത്മകമായ സംവാദരീതിയും അദ്ദേഹം വികസിപ്പിച്ചു.
നിരന്തരം സംസാരിക്കുന്ന ഒപ്പം നടക്കുന്ന സൗഹൃദമൊന്നുമില്ലെങ്കിലും യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്ന സാംസ്കാരിക ബന്ധമാണ് ചിന്തകനും എഴുത്തുകാരനും പ്രക്ഷോഭകാരിയുമായിരുന്ന കെ.എം. സലിംകുമാറുമായുണ്ടായിരുന്നത്. ആശയപരമായി നിശിതമായ വിമര്‍ശനങ്ങള്‍ നടത്തുമ്പോഴും അത് വ്യക്തികേന്ദ്രിതമായി കാണാതെ സൗഹൃദം നിലനിര്‍ത്താന്‍ കഴിയുന്ന വിശാലമായ മനസ്സുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഡോ. കെ.കെ. മന്മഥന്‍, കല്ലറ സുകുമാരന്‍, ഡോ. എം. കുഞ്ഞാമന്‍, കെ.കെ. കൊച്ച്, കെ.കെ.എസ്. ദാസ് എന്നിവര്‍ക്കൊപ്പം കീഴാള ചിന്താമണ്ഡലത്തെയും ആക്ടിവിസത്തെയും വികസിപ്പിക്കാനാണ് സലിംകുമാറും ശ്രമിച്ചത്. ഭൂപ്രശ്നം, സംവരണം, ഭൂസമരം, സ്വത്വരാഷ്ട്രീയം, വര്‍ഗം, വര്‍ണം, ദലിത് സമുദായവത്കരണം, ദലിത് തീവ്രവാദം. ഹിന്ദുത്വ ഫാഷിസം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ സലിംകുമാര്‍ മുന്നോട്ടുവെച്ച നിലപാടുകള്‍ പലപ്പോഴും വലിയ വിവാദങ്ങള്‍ക്കും സംവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
ഏറ്റവും ഒടുവില്‍ അടുത്ത കാലത്ത് ഉപവര്‍ഗീകരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വന്നപ്പോള്‍ അതിനെ അനുകൂലിക്കുകയും അത് നടപ്പാക്കണമെന്ന നിലപാട് അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. നാളതുവരെ സലിംകുമാര്‍ ഉയര്‍ത്തിപ്പിടിച്ച ദലിത്-ആദിവാസി വിമോചന നിലപാടുകളില്‍നിന്നും വ്യതിചലിക്കുന്നു എന്ന വാദം ഈ സമയത്ത് ഉയര്‍ന്നിരുന്നു. ഇപ്പോഴും കീഴാള ബുദ്ധിജീവികള്‍ക്കിടയില്‍ ഇരു ചേരിയായിനിന്ന് വാഗ്വാദം തുടരുന്ന ഒരു വിഷയമാണിത്. ഇന്ത്യയിലെ ഹിന്ദുത്വഫാഷിസത്തെ താത്ത്വികമായി വിശകലനം ചെയ്യുന്നതിനൊപ്പം അതിനെതിരെ ജനാധിപത്യ സമൂഹത്തെ കൂട്ടി യോജിപ്പിക്കുന്നതിനുമാണ് സലിംകുമാര്‍ ശ്രമിച്ചത്. ഫാഷിസത്തിനെതിരായ നിലപാടുകളിലെ മൗലികതയാണ് സലിംകുമാര്‍ എന്ന ചിന്തകന്‍റെ പ്രത്യേകത.
മലയോര ദേശത്തു ജനിച്ചുവളര്‍ന്ന സലിംകുമാര്‍ കീഴാള സമൂഹങ്ങളുടെ സാമൂഹിക വികാസത്തിനായി തന്‍റെ ജീവിതം മാറ്റിവെക്കുകയായിരുന്നു. മഹാരാജാസ് കോളജില്‍ പഠിക്കുന്ന സമയത്താണ് നക്സലൈറ്റ് പ്രസ്ഥാനത്തിന്‍റെ ഭാഗമായി മാറുന്നത്. 1967ലെ നക്സല്‍ബാരി കാര്‍ഷിക വിപ്ലവം ഇന്ത്യന്‍ കാമ്പസുകളെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. 1969ലെ സി.പി.ഐ (എം.എല്‍) പ്രസ്ഥാനത്തിന്‍റെ രൂപവത്കരണത്തോടെ നിരവധി യുവാക്കള്‍ അതിന്‍റെ ഭാഗമായി മാറുന്നുണ്ട്. ഇതേ സമയത്താണ് സലിംകുമാര്‍ എറണാകുളം മഹാരാജാസ് കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്നത്. നക്സല്‍ബാരിയുടെ ആവേശം അദ്ദേഹത്തെയും ആ പ്രസ്ഥാനത്തിന്‍റെ ഭാഗമാക്കി മാറ്റി. തുടര്‍ന്ന് രണ്ടു പതിറ്റാണ്ട് സി.ആര്‍.സി, സി.പി.ഐ(എം.എല്‍) പ്രസ്ഥാനത്തിന്‍റെ സംഘാടകരില്‍ ഒരാളായി പ്രവര്‍ത്തിച്ചു.
മാര്‍ക്സിസം, അംബേദ്കര്‍ ചിന്തയെക്കുറിച്ചും ഇന്ത്യയിലെ ജാതിവ്യവസ്ഥയെക്കുറിച്ചും ഹിന്ദുത്വത്തെക്കുറിച്ചുമെല്ലാം ആഴത്തില്‍ പഠിക്കുന്നത് ഈ കാലഘട്ടത്തിലാണ്. 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഒന്നരവര്‍ഷത്തിലധികം (17 മാസം) ജയില്‍വാസം അനുഷ്ഠിച്ചു. എണ്‍പതുകളുടെ അവസാനത്തോടെ വിപ്ലവ പ്രസ്ഥാനവുമായുള്ള ബന്ധം അവസാനിപ്പിക്കുകയും കീഴാള അന്വേഷണങ്ങളില്‍ കേന്ദ്രീകരിക്കുകയുംചെയ്തു. അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുമ്പോഴാണ് സംഘടനയുടെ നേതൃത്വത്തില്‍ 1989ല്‍ വൈക്കത്ത് മനുസ്മൃതി കത്തിച്ച സമരത്തിന്‍റെ ഭാഗമായത്. അധഃസ്ഥിത നവോത്ഥാന മുന്നണി, ദലിത് ഐക്യസമിതി എന്നീ സംഘടനകളുടെ സംസ്ഥാന കണ്‍വീനര്‍, കേരള ദലിത് മഹാസഭയുടെ സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ മുന്‍നിര പ്രവര്‍ത്തകനായി അദ്ദേഹം മാറുന്നുണ്ട്.
നക്സലൈറ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് ‘രക്തപതാക’ എന്ന മാസിക നടത്തുന്നത്. ദലിത് സംഘടനാ പ്രവര്‍ത്തനകാലത്ത് അധഃസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിന്‍, ദലിത് ഐക്യ ശബ്ദം ബുള്ളറ്റിന്‍, ദലിത് മാസിക എന്നിവയുടെയും എഡിറ്ററായിരുന്നു. എം.എല്‍ പ്രസ്ഥാനവുമായി ചേര്‍ന്ന് നില്‍ക്കുന്ന ഘട്ടത്തിലാണ് മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തിന് അനുസൃതമായി ജാതിയും വര്‍ഗവും ചര്‍ച്ചചെയ്യുന്ന പഠനങ്ങള്‍ പുറത്തുവരുന്നത്.
സംവരണം സംബന്ധിച്ച് സലിംകുമാര്‍ ആഴത്തില്‍ പഠനം നടത്തിയിട്ടുണ്ട്. ജാതി സംവരണം, ദലിത് ക്രൈസ്തവ സംവരണം, വനിതാ സംവരണം, എയ്ഡഡ് സ്കൂള്‍ സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മൗലികമായ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കേരളത്തിലെ ഭൂമിപ്രശ്നത്തെക്കുറിച്ച് വിശദമാക്കുമ്പോള്‍ ആദിവാസി ഭൂമി കൈമാറ്റം തടയുന്നതുമായി ബന്ധപ്പെട്ട് ആവിഷ്കരിക്കപ്പെട്ട 1975ലെ ഭൂനിയമത്തിന് എന്ത് സംഭവിച്ചു എന്ന ചോദ്യം ഉയര്‍ത്തുന്നുണ്ട്. കേരള നിയമസഭ ഏകകണ്ഠമായി ആവിഷ്കരിച്ച നിയമം 1996ല്‍ ഗൗരിയമ്മയുടെ മാത്രം വിയോജിപ്പോടെ ഭേദഗതിയെന്ന വ്യാജേന റദ്ദു ചെയ്യുകയായിരുന്നു എന്ന വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തുന്നത്. അന്യാധീനപ്പെട്ട ഭൂമി തിരികെ നല്‍കാന്‍ തയാറാകാത്ത ഭരണകൂടം പകരം ഭൂമി എന്ന ആശയം മുന്നോട്ടു വെച്ച് കൈയേറ്റക്കാരെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സലിംകുമാറിന്‍റെ വിമര്‍ശനം ശരിയാണെന്ന് ഇത് തെളിയിക്കുന്നു.
സ്വത്വ രാഷ്ട്രീയ സംവാദങ്ങളിലും തന്‍റെ നിലപാട് പ്രഖ്യാപിക്കുന്നുണ്ട്. ഇങ്ങനെ പറയുന്നു: ദലിത് സ്വത്വം വംശീയമായൊരു സ്മൃതി മണ്ഡലമല്ല. ഗോത്രപ്പകയുടെ പുനരുൽപാദന കേന്ദ്രവുമല്ല. സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ചിന്തകള്‍ക്ക് അപ്രാപ്യമാണെങ്കില്‍ ഈ സ്വത്വവാദം ഉപേക്ഷിക്കപ്പെടേണ്ടതാണ്. ഗോത്രസ്വത്വത്തിന്‍റെയും ജാതി സ്വത്വത്തിന്‍റെയും നിരാകരണത്തിലൂടെയാണ് ദലിതര്‍ സാമുദായിക സ്വത്വം ആര്‍ജിക്കുന്നത്. വ്യക്തി സ്വത്വത്തിന്‍റെ വികാസത്തിലൂടെ ഈ സാമുദായിക സ്വത്വവും നിരാകരിക്കപ്പെടുമെന്നത് തര്‍ക്കമറ്റ കാര്യമാണ്. ദലിത് സ്വത്വം സംബന്ധിച്ച മൗലികവാദ/ വംശീയവാദ, പഴഞ്ചന്‍ മാര്‍ക്സിയന്‍ ചിന്തകള്‍ക്കുള്ള കൃത്യമായ മറുപടിയായി ഈ വിശകലനത്തെ കാണാവുന്നതാണ്.

തൊണ്ണൂറുകളില്‍ എഴുതുന്ന ‘വര്‍ഗസമരവും വര്‍ണസമരവും’ എന്ന ലേഖനത്തില്‍, വര്‍ഗവും നിറവും ചര്‍ച്ചചെയ്യുന്നു. ‘നിര്‍ണായകപ്രശ്നം, ജാതിവ്യവസ്ഥക്കെതിരെ അതിന്‍റെ സവിശേഷത തിരിച്ചറിഞ്ഞുകൊണ്ട് ശരിയായ ഒരു താത്ത്വിക നിലപാടില്‍നിന്ന് നിരന്തരവും വിട്ടുവീഴ്ചയില്ലാത്തതുമായ പോരാട്ടത്തിന് കമ്യൂണിസ്റ്റുകാര്‍ തയാറുണ്ടോയെന്നതാണ്. വര്‍ഗാധിപത്യം ഇല്ലാതാക്കുന്നതിനുവേണ്ടി തൊഴിലാളി വര്‍ഗ നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടത്തോടൊപ്പം, ജാത്യാധിപത്യവും ജാതിവ്യവസ്ഥയും ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടിയുള്ള അധഃസ്ഥിത പോരാട്ടത്തെ മുന്നോട്ടുനയിക്കുക എന്നതാണ് ഇതിനർഥം’ എന്നാണ് രേഖപ്പെടുത്തുന്നത്. 2025ല്‍ എഴുതുമ്പോഴും ഈ വിമര്‍ശനം അദ്ദേഹം തുടരുന്നുണ്ട്. ജാതിഘടനക്ക് മാറ്റമില്ലാതെ എല്ലാക്കാലത്തും ഒരേപോലെ നില്‍ക്കുന്നതാണ് എന്ന നിലപാടില്‍നിന്നും അദ്ദേഹം മാറാന്‍ തയാറാകുന്നുമില്ല. ജാതി ഉന്മൂലനത്തെ ഊന്നിപ്പറയുന്നുമുണ്ട്. സാധാരണ ദലിത് ബുദ്ധിജീവികളില്‍നിന്നും വ്യത്യസ്തമായ നിലപാട് അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ വിയോജിക്കേണ്ടതില്ല.
ദലിത് ഐക്യക്കുറിച്ച് കെ.കെ. കൊച്ചിന്‍റെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിക്കുന്ന സലിംകുമാര്‍ ഇത്തരമൊരു ഐക്യത്തിന് എന്ത് മാര്‍ഗമാണ് സ്വീകരിക്കേണ്ടത് എന്ന് കൃത്യമായി പറയുന്നില്ല. ദലിത് ബുദ്ധിജീവികള്‍ ഉയര്‍ത്തുന്ന പല വിഷയങ്ങളോടും വിയോജിക്കുകയും രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുകയുംചെയ്യുന്ന നിലപാടാണ് സലിംകുമാര്‍ തുടര്‍ന്നിട്ടുള്ളത്. ഒരുകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത് ബി.എസ്.പിക്കെതിരായ വിമര്‍ശനമാണ്. ബി.എസ്.പി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രതീക്ഷയാണ് എന്ന വാദം ഉയരുന്ന സമയത്താണ് അതിന് വിപരീതമായ കാഴ്ചപ്പാട് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. ഇന്ത്യന്‍ സമൂഹത്തിലെ സാമൂഹിക വൈജാത്യങ്ങളെയും വികാസ പരിണാമങ്ങളെയും മനസ്സിലാക്കുന്നതിലെ പരാജയമാണ് ആ പാര്‍ട്ടി പരാജയപ്പെടാനുണ്ടായ കാരണമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. അത് ശരിയായിരുന്നുവെന്ന് പിന്നീട് തെളിയിക്കപ്പെട്ടു.
രണ്ടായിരത്തില്‍ എത്തുമ്പോള്‍ സമകാലിക വിഷയങ്ങളില്‍ പുരോഗമനപരമായ നിലപാടാണ് സലിംകുമാര്‍ സ്വീകരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനവിഷയത്തിലും ചുംബനസമരം മുന്‍നിര്‍ത്തിയുള്ള എഴുത്തുകളിലും അത് കാണാനാകും. ചുംബനസമരത്തെ മതയാഥാസ്ഥികരും ദലിത് ബുദ്ധിജീവികളും പുരോഗമനകാരികളെന്നു സ്വയം വിശേഷിപ്പിക്കുന്ന ചിലരും എതിര്‍ത്തപ്പോള്‍ സലിംകുമാര്‍ അനുകൂലിക്കുകയായിരുന്നു. ‘‘തുല്യതയുള്ള ഒരു സമൂഹത്തില്‍ മാത്രമേ സാഹോദര്യവും സ്നേഹവുംപോലുള്ള മൂല്യങ്ങളും വൈകാരിക ഭാവങ്ങളും വികസിക്കുകയുള്ളൂ. സമത്വ പ്രഖ്യാപനങ്ങള്‍ നടത്തുവാനും ഹീനമായ അവസ്ഥയില്‍ തളച്ചിടുന്ന വിലക്കുകള്‍ ഇല്ലാതാക്കുവാനും ഭരണകൂടത്തിന് കഴിയുമെങ്കിലും നിയമ നിർമാണത്തിലൂടെ മനുഷ്യനെ സ്നേഹിക്കുവാൻ ഒരു സമൂഹത്തിനുമാവില്ല. കീഴ്ജാതികള്‍ ജാതി വിവേചനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും വിധേയമാകുന്നതുപോലെയാണ് സ്ത്രീകള്‍ ലിംഗവിവേചനവുമായി ബന്ധപ്പെട്ടിരിക്കുന്നത്. അതിനാൽ, ഏതൊരു ചര്‍ച്ചയും ജാതി വിവേചനവുമായി ബന്ധപ്പെട്ടത് കൂടിയാണ്.’’ ലിംഗസമത്വം സംബന്ധിച്ച് ദലിത് സ്ത്രീകള്‍ ഉയര്‍ത്തിയ വാദങ്ങളോട് ഐക്യപ്പെടുന്നതായിരുന്നു സലിംകുമാറിന്‍റെ വിലയിരുത്തലുകള്‍.
കേരളീയ സമൂഹത്തില്‍ അയ്യന്‍കാളി ഉയര്‍ത്തിയ ചിന്തകള്‍ ജാതിക്കെതിരായ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം നല്‍കിയെന്ന് അയ്യന്‍കാളിയെക്കുറിച്ച് എഴുതുമ്പോള്‍ അദ്ദേഹം സൂചിപ്പിക്കുന്നു: തങ്ങളുടെ സാമൂഹികജീവിതം ആരാലും ഒരിക്കലും മാറ്റിത്തീര്‍ക്കുവാനോ മെച്ചപ്പെടുത്തുവാനോ കഴിയുകയില്ലെന്നു വിശ്വസിച്ച ദലിതരെ ഈ വിശ്വാസത്തില്‍നിന്നും മോചിപ്പിക്കുവാനും സാമൂഹികമാറ്റത്തിനായി പ്രവര്‍ത്തനരംഗത്തിറക്കുവാനും കഴിഞ്ഞുവെന്നതായിരുന്ന അയ്യന്‍കാളി നടത്തിയ സാമൂഹികപ്രവര്‍ത്തനങ്ങളുടെ മുഖ്യമായൊരു വശം. അതുപോലെ തന്നെ ദലിതരുടെ സാമൂഹികജീവിതം മെച്ചപ്പെടുത്തുന്നതടക്കം യാതൊരു സാമൂഹികമാറ്റങ്ങളും അനുവദിക്കുകയില്ലെന്നു ശഠിച്ച സവർണ മേധാവിത്വശക്തികള്‍ക്കും നിലപാടുകള്‍ മാറ്റേണ്ടിവന്നു. സ്വയം മാറിത്തരുകയും സാമൂഹിക ചുറ്റുപാടുകളെ മാറ്റിത്തീര്‍ക്കുകയും ചെയ്യുന്നൊരു സാമൂഹിക ചിന്തക്ക് ഇത് രൂപം കൊടുത്തു (അയ്യന്‍കാളിയുടെ ലോകവീക്ഷണം). അയ്യന്‍കാളിയെ കായികാഭ്യാസി മാത്രമായി വിലയിരുത്തുന്ന എഴുത്തുകള്‍ക്ക് പ്രതിരോധം തീര്‍ക്കുന്ന നിലപാടാണ് സലിംകുമാറിന്‍റേത്.
ഇന്ത്യന്‍ ദര്‍ശനങ്ങളെക്കുറിച്ച് ആഴത്തില്‍ വിശകലനംചെയ്തുകൊണ്ട് ഫാഷിസത്തിന്‍റെ താത്ത്വിക അടിത്തറ രൂപപ്പെട്ടതെങ്ങനെയെന്ന് അദ്ദേഹം പറയുന്നുണ്ട്. ഗോള്‍വൾക്കറുടെ സാമൂഹിദര്‍ശനത്തെക്കുറിച്ചുള്ള നിരീക്ഷണം ഇങ്ങനെയാണ്: ‘‘ഹിന്ദുരാഷ്ട്രത്തിന്‍റെ സർവതോമുഖമായ വൈഭവവും മഹത്ത്വവും പുനരുജ്ജീവിപ്പിക്കുകയാണ് പരമമായ ലക്ഷ്യമെന്ന പ്രഖ്യാപനത്തില്‍ ഗോള്‍വൾക്കറുടെ സാമൂഹികദര്‍ശനത്തിന്‍റെ ഉള്ളടക്കം ദൃശ്യമാണ്. ഈ ഹിന്ദുരാഷ്ട്ര സങ്കല്‍പം വെറും സാമ്പത്തികവും രാഷ്ട്രീയവുമായ അവകാശങ്ങളുടെ സമാഹാരമല്ലെന്നും അതു തികച്ചും സാംസ്കാരികമാണെന്നും അദ്ദേഹം പറയുന്നു. ധർമത്തെ പുനരുജ്ജീവിപ്പിച്ചു സംരക്ഷിക്കുകയെന്നതാണ് ഇതിനർഥം. ലോകത്തിലെ മറ്റ് സംസ്കാരങ്ങളില്‍നിന്ന് ഇന്ത്യന്‍ സംസ്കാരത്തെ വേര്‍തിരിക്കുന്നത് ചതുര്‍വിധ പുരുഷാർഥമെന്ന ജീവിത സങ്കല്‍പമാണ്.

ഇവിടെ മനുഷ്യന് നേടുവാന്‍ കഴിഞ്ഞ പരമോത്കൃഷ്ടപദത്തിനും ചാരിത്രത്തിനും ഇതാണ് കാരണം.’’ ഇന്ത്യയുടെ ജനാധിപത്യം പൂര്‍ണമാകണമെങ്കില്‍ അംബേദ്കര്‍ ഉയര്‍ത്തിയ കാഴ്ചപ്പാടുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന തരത്തില്‍ സമൂഹത്തെ വികസിപ്പിക്കേണ്ടതുണ്ട് എന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. ദലിത് വിമോചന ചിന്തയെ താത്ത്വികമായി പഠിച്ച് അവതരിപ്പിക്കുന്നതിനൊപ്പം അത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കാനും ശ്രമിച്ച വ്യക്തിയാണ് സലിംകുമാര്‍. പുരോഗമന കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് പുതിയകാലത്ത് ഉയര്‍ന്നുവരുന്ന പോരാട്ടങ്ങളോട് ഐക്യപ്പെടാനും നിലപാട് ധൈര്യത്തോടെ പ്രഖ്യാപിക്കാനും അദ്ദേഹത്തിന് മടിയില്ലായിരുന്നു. പല വിയോജിപ്പുകള്‍ ഉള്ളപ്പോഴും സലിംകുമാറിന്‍റെ ഉറച്ച നിലപാടുകളും മൗലിക നിരീക്ഷണങ്ങളും കാലഘട്ടം ആവശ്യപ്പെടുന്നതാണ്.
---------------------
സഹായക ഗ്രന്ഥങ്ങള്‍:
കെ.എം. സലിംകുമാര്‍, സംവരണവും സമവായത്തിന്‍റെ രാഷ്ട്രീയവും, പവിത്രന്‍ സ്മാരക ദലിത് പഠനകേന്ദ്രം വടകര (2006)
...സ്വകാര്യമേഖലയും സാമൂഹ്യനീതിയും, പവിത്രന്‍ സ്മാരക ദലിത് പഠനകേന്ദ്രം വടകര (2008)
...ദലിത് പ്രത്യയശാസ്ത്രവും സമുദായവല്‍ക്കരണവും, പി.എസ്.ഡി പഠനകേന്ദ്രം (2008)
...ഭൂമിയുടെ ജാതിയും രാഷ്ട്രീയവും (എഡിറ്റര്‍), പവിത്രന്‍ സ്മാരക ദലിത് പഠനകേന്ദ്രം വടകര (2008)
...നെഗ്രിറ്റ്യൂഡ്, ഡി.സി ബുക്സ് കോട്ടയം (2012)
...സംവരണം ദലിത് വീക്ഷണത്തില്‍, പി.എസ്.ഡി പഠനകേന്ദ്രം (2018)
...ദലിത് ജനാധിപത്യ ചിന്ത, പി.എസ്.ഡി പഠനകേന്ദ്രം (2018)
...ഇതാണ് ഹിന്ദു ഫാസിസം, പി.എസ്.ഡി പഠനകേന്ദ്രം (2019)
...വംശമേധാവിത്വത്തിന്‍റെ സൂക്ഷ്മതലങ്ങള്‍, ക്യുവൈവ് ടെസ്റ്റ് മാവേലിക്കര (2021)