Begin typing your search above and press return to search.
proflie-avatar
Login

നിലമ്പൂരിലെ ആദിവാസികളെ ഇനിയും മഴയത്ത് നിർത്തണോ?

നിലമ്പൂരിലെ ആദിവാസികളെ ഇനിയും മഴയത്ത് നിർത്തണോ?
cancel

നിലമ്പൂരിലെ തെരഞ്ഞെടുപ്പ്​ കഴിഞ്ഞ്​, ആരവ​ങ്ങളെല്ലാം ഒതുങ്ങി. എന്നാൽ, നിലമ്പൂരിലെ അടിസ്​ഥാന വിഷയങ്ങളിലൊന്നായ, ഭൂമിക്കുവേണ്ടിയുള്ള ആദിവാസി സമൂഹത്തി​ന്റെ സമരം തുടരുകയാണ്. നിലമ്പൂർ ഭൂസമരത്തി​ന്റെ രണ്ടാം ഘട്ടം മലപ്പുറം കലക്​ടറേറ്റിന്​ മുന്നിൽ നടന്നുകൊണ്ടിരിക്കുകയാണ്​. ഇനിയും മഴയത്ത്​ അവരെ നിർത്തണോയെന്ന്​ ചോദിക്കുകയാണ്​ കവി കൂടിയായ ലേഖകൻ. ഭൂരഹിതരായ ആദിവാസികളുടെ പ്രശ്നങ്ങളോട് ഭരണകൂടങ്ങളും പൊതുസമൂഹവും പുലർത്തുന്ന നിസ്സംഗ നിലപാടുകൾക്കെതിരെ, അടിച്ചമർത്തപ്പെട്ട ആ കീഴാള വിഭാഗത്തിൽനിന്നുയരുന്ന പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും കണ്ടില്ലെന്നു...

Your Subscription Supports Independent Journalism

View Plans
നിലമ്പൂരിലെ തെരഞ്ഞെടുപ്പ്​ കഴിഞ്ഞ്​, ആരവ​ങ്ങളെല്ലാം ഒതുങ്ങി. എന്നാൽ, നിലമ്പൂരിലെ അടിസ്​ഥാന വിഷയങ്ങളിലൊന്നായ, ഭൂമിക്കുവേണ്ടിയുള്ള ആദിവാസി സമൂഹത്തി​ന്റെ സമരം തുടരുകയാണ്. നിലമ്പൂർ ഭൂസമരത്തി​ന്റെ രണ്ടാം ഘട്ടം മലപ്പുറം കലക്​ടറേറ്റിന്​ മുന്നിൽ നടന്നുകൊണ്ടിരിക്കുകയാണ്​. ഇനിയും മഴയത്ത്​ അവരെ നിർത്തണോയെന്ന്​ ചോദിക്കുകയാണ്​ കവി കൂടിയായ ലേഖകൻ.

ഭൂരഹിതരായ ആദിവാസികളുടെ പ്രശ്നങ്ങളോട് ഭരണകൂടങ്ങളും പൊതുസമൂഹവും പുലർത്തുന്ന നിസ്സംഗ നിലപാടുകൾക്കെതിരെ, അടിച്ചമർത്തപ്പെട്ട ആ കീഴാള വിഭാഗത്തിൽനിന്നുയരുന്ന പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും കണ്ടില്ലെന്നു നടിക്കാനാകാത്തവിധം കരുത്താർജിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്​ വാസ്​തവം. 2009ലെ സുപ്രീംകോടതി വിധിപ്രകാരം ഭൂരഹിതരായ ആദിവാസികൾക്ക് അർഹതപ്പെട്ട മുഴുവൻ ഭൂമിയും ലഭ്യമാക്കുക എന്ന ആവശ്യമുന്നയിച്ച് ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ നിലമ്പൂർ ആദിവാസി ഭൂസമര സമിതി നടത്തുന്ന പ്രക്ഷോഭം കേരളത്തിലുടനീളം ചലനങ്ങൾ സൃഷ്​ടിച്ചിട്ടുണ്ട്.

പ്രക്ഷോഭത്തി​ന്റെ രണ്ടാം ഘട്ടമായ രാപ്പകൽ സമരം മലപ്പുറം കലക്ടറേറ്റ് പടിക്കൽ ഒന്നരമാസം പിന്നിട്ടുകഴിഞ്ഞു. രണ്ടുവർഷം മുമ്പാണ് ഭൂസമരത്തി​ന്റെ ഒന്നാം ഘട്ടത്തിന് നിലമ്പൂരിൽ തുടക്കമിട്ടത്. തലമുറ തലമുറകളായി സമൂഹത്തിൽ കടുത്ത നീതിനിഷേധത്തിന് ഇരകളായിത്തീർന്ന് പുറമ്പോക്കുകളിലെയും വനാതിർത്തികളിലെയും ചോർന്നൊലിക്കുന്ന ചാളകളിൽ ദുരിതങ്ങളും യാതനകളുമായി കഴിയുന്ന എസ്​.സി, എസ്​.ടി വിഭാഗങ്ങൾക്ക് അവകാശപ്പെട്ട ഭൂമി പതിച്ചുനൽകുന്ന കാര്യത്തിൽ ഭരണകൂടങ്ങളെല്ലാം സ്വീകരിച്ചുപോരുന്ന നിഷേധാത്മകമായ നിലപാടിൽ പ്രതിഷേധിച്ച് 2023 മേയ് 10നാണ് ബിന്ദുവും കൂട്ടരും ആദിവാസി ഭൂസമര സമിതിയുടെ കുടക്കീഴിൽ നിലമ്പൂർ ഐ.ടി.ഡി.പി ഓഫിസിനു മുന്നിൽ ടെന്റ് കെട്ടി ഭൂസമരം ആരംഭിക്കുന്നത്. നിലമ്പൂരിലെയും സമീപ പ്രദേശങ്ങളിലെയും 200 ആദിവാസി കുടുംബങ്ങളിലെ സ്​ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് പേർ സമരത്തിൽ അണിനിരന്നു.

ഭൂരഹിതരായ ആദിവാസികൾക്ക് ചുരുങ്ങിയത് ഒരേക്കർ ഭൂമി വീതമെങ്കിലും ലഭ്യമാകണമെന്ന ആവശ്യവുമായി സമരം തുടർന്നപ്പോൾ, 10-20-40 സെന്റ് വീതം നൽകാമെന്ന് വാഗ്ദാനംചെയ്ത് ചിലരെ സമരത്തിൽനിന്ന് അടർത്തിമാറ്റി, സമരം പൊളിക്കാനുള്ള ശ്രമവും ഇടക്ക് നടന്നതായി സമരസമിതി പ്രവർത്തകനായ മജീദ് ചാലിയാർ പറയുന്നു. അത്തരം ശ്രമങ്ങളെയെല്ലാം മറികടന്ന്, കഠിനമായ യാതനകളും വേദനകളും സഹിച്ച് നീണ്ട 314 ദിവസം തുടർന്ന ആ ഉപവാസ സമരത്തെ അവഗണിക്കാനാകാതെ വന്നപ്പോൾ കലക്ടർ വി.ആർ. വിനോദ് നേരിട്ടെത്തി അർഹതപ്പെട്ടവർക്കെല്ലാം ഭൂമി പതിച്ചുനൽകുന്ന കാര്യത്തിൽ ചർച്ചക്ക് സന്നദ്ധമാണെന്ന് അറിയിക്കുകയായിരുന്നു. അതേത്തുടർന്ന് 18/03/24ന് കലക്ടറുടെ ചേംബറിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ ഭൂരഹിതരായ ആദിവാസികൾക്കെല്ലാം 50 സെന്റ് വീതം ഭൂമി പതിച്ചുനൽകാനാവശ്യമായ നടപടി സ്വീകരിക്കാമെന്ന് കലക്ടർ രേഖാമൂലം ഉറപ്പ് നൽകിയതോടെ, ബഹുജന ശ്രദ്ധ നേടിയ നിലമ്പൂർ ഭൂസമരത്തിന് താൽക്കാലിക വിരാമമായി. ആറുമാസത്തിനുള്ളിൽ ഭൂമി വിതരണം പൂർത്തിയാക്കുന്നതാണെന്നും കലക്ടർ അറിയിച്ചിരുന്നു. എന്നാൽ, ഈ ഉറപ്പുകളൊന്നും പാലിക്കാതെ വന്നപ്പോൾ സമരസമിതി നേതാക്കൾ വീണ്ടും കലക്ടറെ കാണുകയും 2024 ഡിസംബർ 31ന്​ മുമ്പായി പട്ടയവിതരണം പൂർത്തിയാക്കാൻ സാധിക്കുമെന്ന് കലക്ടർ ഭൂസമര സമിതി നേതാക്കൾക്ക് വീണ്ടും എഴുതി നൽകുകയുംചെയ്തു.

ഉത്തരവാദപ്പെട്ട ജില്ല ഭരണാധികാരിയായ കലക്ടർ രേഖാമൂലം നൽകിയ ഈ ഉറപ്പുകളുടെ അടിസ്​ഥാനത്തിൽ പ്രതീക്ഷയോടെ കാത്തിരുന്നവർക്ക് പക്ഷേ, നിരാശയായിരുന്നു ഫലം. ഭൂമി പതിച്ചുനൽകി പട്ടയവിതരണം പൂർത്തിയാക്കുമെന്ന് കലക്ടർ ഉറപ്പുനൽകിയ തീയതി കഴിഞ്ഞ് അഞ്ചുമാസം പിന്നിട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാതെ അധികൃതർ പതിവുപോലെ അനങ്ങാപ്പാറ നയംതന്നെ തുടർന്നു. ഇതിൽ പ്രതിഷേധിച്ച് 2025 മേയ് 20ന് സമരസമിതി നേതാക്കളായ ബിന്ദു വൈലാശ്ശേരി, േഗ്രാ വാസു, ഗിരിദാസ്​, മജീദ് ചാലിയാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഭൂസമര സമിതി പ്രവർത്തകർ ഒന്നടങ്കം കലക്ടറെ കാണാൻ മലപ്പുറം കലക്ടറേറ്റിലെത്തിയപ്പോൾ ശക്തമായ പൊലീസ്​ സന്നാഹം ഇവരെ ഗേറ്റിൽ തടഞ്ഞത് വലിയ വാർത്താപ്രാധാന്യം നേടി.

 

കലക്ടറെ കാണാതെ പിരിഞ്ഞുപോകില്ലെന്ന ദൃഢനിശ്ചയത്തോടെ ഭൂസമരസമിതി പ്രവർത്തകർ സമാധാനപരമായി പ്രതിഷേധം തുടർന്നു. ഒടുവിൽ സമരസമിതി നേതാക്കൾക്ക് കലക്ടറെ കാണാൻ അനുമതി ലഭിച്ചു. ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥരുടെ സാന്നിധ്യത്തിൽ കലക്ടർ വി.ആർ. വിനോദ് നേതാക്കളുമായി ചർച്ച നടത്തുകയുംചെയ്തു. ചർച്ചയിൽ, ഭൂമിവിതരണത്തിന് മൂന്നുമാസത്തെ സാവകാശം കൂടി വേണമെന്ന് കലക്ടർ അറിയിച്ചപ്പോൾ, അതിൽ പ്രതീക്ഷയില്ലാതിരുന്ന ഭൂസമര സമിതി പ്രവർത്തകർ, കലക്ടറേറ്റ് പടിക്കൽ ടെന്റ് കെട്ടി രണ്ടാംഘട്ട രാപ്പകൽ സമരത്തിന് തുടക്കം കുറിച്ചു. ഭൂമി അളന്നുതിരിച്ച് പതിച്ചുനൽകിയതി​ന്റെ പട്ടയം കിട്ടിയാലേ, സമരം നിർത്തി കുടിലുകളിലേക്ക് തിരിച്ചുപോകൂ എന്ന ഉറച്ച തീരുമാനത്തിലാണ് ഭൂസമര സമിതി പ്രവർത്തകർ.

ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ട് നരകജീവിതം സഹിച്ചുകൊണ്ടിരിക്കുന്ന ആദിവാസി വിഭാഗത്തി​ന്റെ നിയമാനുസൃതമായ അവകാശങ്ങൾക്കുവേണ്ടി, ഇതാദ്യമായല്ല ബിന്ദുവി​ന്റെ നേതൃത്വത്തിൽ ആദിവാസികൾ മലപ്പുറം കലക്ടറേറ്റ് പരിസരത്ത് സമരംചെയ്യുന്നത്. ആദിവാസികൾക്കിടയിലെ അഭ്യസ്​തവിദ്യരായ യുവതീയുവാക്കളുടെ തൊഴിലില്ലായ്മ പ്രശ്നത്തിന് പരിഹാരം തേടി 2019ലും ബിന്ദുവും കൂട്ടരും മലപ്പുറം കലക്ടറേറ്റിനു മുന്നിൽ ഉപവസിച്ചിട്ടുണ്ട്. ആദിവാസികൾക്ക് അർഹതപ്പെട്ട സംവരണപ്രകാരമുള്ള നിയമനത്തിന് സ്​പെഷൽ റിക്രൂട്ട്മെന്റ് നടത്തണമെന്നതായിരുന്നു അന്നത്തെ ആവശ്യം. നാലുദിവസം നീണ്ട ആ ഉപവാസ സമരത്തി​ന്റെ ഫലമായി വനം, പൊലീസ്​, എക്സൈസ്​ വകുപ്പുകളിലെല്ലാം ആദിവാസികൾക്ക് സ്​പെഷൽ റിക്രൂട്ട്മെന്റിന് ഉത്തരവായതോടെ, ലക്ഷ്യം കണ്ടതി​ന്റെ വിജയനിറവിലായിരുന്നു അന്ന് സമരം അവസാനിപ്പിച്ചത്.

 

ആദിവാസി കുടുംബങ്ങൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത 50 സെന്റ് വീതം ഭൂമി നൽകാത്തതിൽ പ്രതിഷേധിച്ച് ഗ്രോ വാസു, ബിന്ദു വൈലാശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം കലക്ടറേറ്റിന് മുന്നിൽ നടത്തിയ സമരം

നിലമ്പൂർ ആദിവാസി ഭൂസമര സമിതിക്കു പുറമെ ഗോത്ര മഹാസഭ, ദലിത് ആദിവാസി കൂട്ടായ്മ, ആദിവാസി ഐക്യവേദി, കള്ളാടി സമുദായ സാംസ്​കാരിക സംഘടന, പെമ്പിളൈ ഒരുമ എന്നീ സംഘടനകളും ഭൂരഹിതരായ ആദിവാസികളുടെ പ്രശ്നങ്ങളുയർത്തി സമരരംഗത്തുണ്ട്. ഒരേക്കറെന്നോ 50 സെന്റ് എന്നോ നിബന്ധന വെക്കാതെ 20 സെന്റ് ആയാലും കിട്ടുന്ന ഭൂമി സ്വീകരിക്കുക എന്ന നിലപാടാണ് ഇതിൽ പലർക്കുമുള്ളത്. ഗീതാനന്ദൻ, ചിത്ര നിലമ്പൂർ, അനിൽ നിലമ്പൂർ, മണിക്കുട്ടൻ, ഗോമതി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഈ സംഘടനകൾ ഐ.ടി.ഡി.പി, റവന്യൂ, വനം വകുപ്പുകളുമായും മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുമായും നിരന്തരമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്നു.

2023ൽ ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ നിലമ്പൂർ ഭൂസമര സമിതി സമരരംഗത്തിറങ്ങുന്നതിനും മുമ്പ്, ഭൂരഹിതരായ ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമി പതിച്ചുകിട്ടുന്നതിനായി 2017 മുതലേ ആദിവാസി ഐക്യവേദി ഭരണ ഉദ്യോഗസ്​ഥവകുപ്പ് തലങ്ങളിൽ സജീവമായ ഇടപെടൽ നടത്തിവരികയാണെന്ന് ആദിവാസി ഐക്യവേദി സംസ്​ഥാന പ്രസിഡന്റ് ചിത്ര നിലമ്പൂർ അറിയിച്ചു. ഈ ആദിവാസി ദലിത് കീഴാള കൂട്ടായ്മകളെല്ലാം ഉന്നയിക്കുന്ന ആവശ്യങ്ങളുടെ വിശദാംശങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും സാരാംശത്തിൽ എല്ലാം ഒരേ കാര്യത്തിൽ കേന്ദ്രീകരിക്കുന്നു. ഭൂരഹിതരായ ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമി പതിച്ചുനൽകുക എന്നതാണത്. കേരളത്തിലെ ഭൂരഹിതരായ എല്ലാ എസ്​.സി-എസ്​.ടി വിഭാഗങ്ങൾക്കും നിയമാനുസൃതമായി അവകാശപ്പെട്ട ഭൂമി ലഭ്യമാകുന്നതുവരെ നിസ്വാർഥമായ ത​ന്റെ പോരാട്ടം തുടരുമെന്ന ഉറച്ച നിലപാടിലാണ് ഭൂസമര നായിക ബിന്ദു വൈലശ്ശേരി. സ്വന്തം കാര്യസാധ്യത്തിന്റേതായ ഒരു ലക്ഷ്യവും തനിക്കില്ലെന്നും ബിന്ദു കൂട്ടിച്ചേർത്തു. ഭൂമി വിതരണത്തിനായി അംഗീകരിക്കപ്പെട്ട ഗുണഭോക്തൃ ലിസ്റ്റിൽ ബിന്ദുവി​ന്റെ പേരുമില്ല.

മിഥുനമഴ കോരിച്ചൊരിയുന്ന ഒരു പകലിൽ, ബിന്ദുവും കൂട്ടരും സമരം നടത്തുന്ന മലപ്പുറം സിവിൽ സ്റ്റേഷൻ പടിക്കലുള്ള ടെന്റിലെത്തിയപ്പോൾ, എത്ര വിഷമകരമായ അവസ്​ഥയിലാണ് അനിശ്ചിതകാല സമരവുമായി ആദിവാസികൾ ദിവസങ്ങൾ തള്ളിനീക്കുന്നതെന്ന് ശരിക്കും മനസ്സിലാക്കാനായി. സ്​ഥലപരിമിതികൊണ്ട് വലയുന്ന താൽക്കാലിക ഷെഡിൽ, സ്​ത്രീകളടക്കമുള്ള സമരസമിതി പ്രവർത്തകർ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻപോലും ഏറെ പ്രയാസപ്പെടുന്നു. അടുക്കളയും അരങ്ങും എല്ലാം ചോർന്നൊലിക്കുന്ന ഈ ഷെഡിൽതന്നെ. സ്​ത്രീകളായ സമരസമിതി പ്രവർത്തകർ സമരപ്പന്തലിൽ അന്തിയുറങ്ങുമ്പോൾ പുരുഷന്മാർ തൊട്ടടുത്തുള്ള മധ്യനിരോധന സമിതി പ്രവർത്തകരുടെ സമരപ്പന്തലിലും കിടന്ന് നേരം വെളുപ്പിക്കും.

 

നിലമ്പൂർ ഭൂസമരത്തിന് ഉയിരും ഊർജവുമേകി ഐക്യദാർഢ്യം പ്രകടിപ്പിച്ച്​ ​േഗ്രാ വാസു എന്ന മനുഷ്യസ്​നേഹിയായ ധീരസമര പോരാളി എപ്പോഴും കൂടെയുണ്ട്.

‘‘എവിടെ മനുഷ്യനു ചങ്ങല കൈകളി?,

ലങ്ങെൻ കൈയുകൾ നൊന്തീടുകയാ

ണെങ്ങോ മർദന,മവിടെ പ്രഹരം

വീഴുവതെന്റെ പുറത്താകുന്നു’’ –എൻ.വി. കൃഷ്ണവാര്യർ

എന്ന കാവ്യശകലത്തിലുൾച്ചേർന്ന ഉദാത്ത മാനവികതയുടെ പൊരുളത്രയും ഉൾക്കൊണ്ട അനുകമ്പാർദ്രമായ ഹൃദയമുള്ളതിനാലും തിളച്ചുമറിയുന്ന സമരത്തീവെയിലിലൂടെ കടന്നുപോയതിനാലുമാവും ജീവിത സായന്തനത്തിലും േഗ്രാ വാസു കർമരംഗത്തെ സജീവസാന്നിധ്യമാകുന്നത്. േഗ്രാ വാസുവിന് വയസ്സ് 96. ഹൃേദ്രാഗം, ആസ്​ത്മ, ചുമ, നടുവേദന... വ്യാധികളങ്ങനെ പലതുമുണ്ടെങ്കിലും അതി​ന്റെ ആധികളൊന്നും പ്രകടമാക്കാതെ സുസ്​മേരവദനനായി വാസുവേട്ടൻ സമരപ്പന്തലിലുണ്ട്​. േഗ്രാ വാസുവുമായി സംസാരിച്ച് സമരപ്പന്തലിലിരിക്കുമ്പോൾ മുന്നിലെ റോഡിലൂടെ, കലക്ടറേറ്റിലേക്ക് കടന്നുപോകുന്ന ഒരു പ്രതിഷേധ പ്രകടനത്തിൽ അണിനിരന്ന പലരും േഗ്രാ വാസുവിനെ നോക്കി സ്​നേഹാദരങ്ങളോടെ കൈവീശി പരിചയം പുതുക്കുന്നത് കാണാമായിരുന്നു. എഴുന്നേറ്റുനിന്ന് പ്രത്യഭിവാദ്യം ചെയ്യുമ്പോഴും മുഖത്തെ പുഞ്ചിരി മായാതെ നിന്നു.

കഠിനമായ ജീവിതാനുഭവങ്ങളുടെ ഉലയിൽ ഉരുകി മെലിഞ്ഞ ആ ധന്യവ്യക്തിത്വത്തി​ന്റെ സ്​നേഹോദാരമായ സാമീപ്യംപോലും സമരസമിതി പ്രവർത്തകർക്ക് ആവേശം പകരുന്നതാണ്. ഒന്നരമാസം പിന്നിടുന്ന രണ്ടാംഘട്ട സമരത്തിനിടെ ഒരു ദിവസംപോലും പുറത്തുപോകാതെ സമരക്കാരോടൊപ്പംതന്നെ കഴിയുന്ന േഗ്രാ വാസുവിനോട് സ്​ഥിരചിത്തതയാർന്ന ഈ ഐക്യദാർഢ്യത്തി​ന്റെ പ്രചോദനമെന്തെന്നാരാഞ്ഞപ്പോൾ, മറുപടി ഇങ്ങനെ: ‘‘കലക്ടറുമായുള്ള കരാറിനെത്തുടർന്ന് ഞാൻ മധ്യസ്​ഥത നിന്ന്, എ​ന്റെ കൂടി നിർബന്ധത്തിന് വഴങ്ങിയാണ് ബിന്ദു വൈലാശ്ശേരി ആദ്യഘട്ട ഉപവാസ സമരം അവസാനിപ്പിച്ചത്. അതുകൊണ്ട് ആ കരാർ നടപ്പായിക്കിട്ടാതെ എനിക്ക് വിശ്രമിക്കാനാവില്ല.’’

േഗ്രാ വാസുവിനെ പോലെ ഒട്ടനവധി മനുഷ്യസ്​നേഹികളുടെയും സന്നദ്ധ പ്രവർത്തകരുടെയും അടിയുറച്ച പിന്തുണയും സഹായ സഹകരണവുമുള്ളതുകൊണ്ടാണ് ബിന്ദുവിനും സഹപ്രവർത്തകർക്കും സമരരംഗത്ത് പിടിച്ചുനിൽക്കാനാവുന്നത്. ഭക്ഷണത്തി​ന്റെയും ഷെഡ് വാടകയുടെയും കാര്യത്തിലും തദ്ദേശീയരായ വ്യാപാരികളും പ്രവാസി സുഹൃത്തുക്കളുമൊക്കെ ഉദാരമായി സഹായിക്കുന്നുണ്ട്. വി.ഡി. സതീശൻ, എം.കെ. േപ്രമചന്ദ്രൻ, ഫ്രാൻസിസ്​ ജോർജ്, രമേശ് ചെന്നിത്തല തുടങ്ങിയ പ്രതിപക്ഷ നേതാക്കളും പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിലമ്പൂർ എം.എൽ.എ ആര്യാടൻ ഷൗക്കത്തുമൊക്കെ സമരപ്പന്തൽ സന്ദർശിച്ച് ഐക്യദാർഢ്യമറിയിച്ചു.

മലപ്പുറത്തെ സമര പന്തലിൽ ഗ്രോ വാസു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ

 

ഭൂസമര പന്തലിലേക്ക് കയറിച്ചെല്ലു

മ്പോൾ, ബിന്ദു വൈലാശ്ശേരി പനിച്ചുവിറച്ച് ഏറെ അവശയായിരുന്നു. മാസങ്ങൾ പിന്നിടുന്ന രണ്ടാംഘട്ട സമരപ്പന്തലിലെ ദുരിതജീവിതംമൂലം ശരീരത്തിൽ രക്തത്തി​ന്റെ അളവ് ക്രമാതീതമായി കുറഞ്ഞതായി ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഒന്നാം ഘട്ട സമരത്തിലെ നീണ്ട ഉപവാസത്തി​ന്റെ ക്ഷീണം പൂർണമായും വിട്ടുമാറുന്നതിനു മുമ്പാണ് രണ്ടാം ഘട്ട സമരത്തിന് ഇറങ്ങേണ്ടിവന്നത് എന്നതും പ്രശ്നംതന്നെ. ഷെഡിലെ ഈർപ്പമുള്ള മൺനിലത്ത് വെറും പായ വിരിച്ച്, മിണ്ടാൻപോലും പ്രയാസപ്പെട്ട് കിടന്നിരുന്ന ബിന്ദുവിനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

എന്തിനാണ് സർക്കാർ ഈ പാവങ്ങളെ ഇങ്ങനെ കഠിന പരീക്ഷണങ്ങളുടെ തോരാമഴയത്ത് നിർത്തിയിരിക്കുന്നത് എന്നറിയില്ല. ചാലിയാർ പഞ്ചായത്തിലെ കണ്ണൻകുണ്ടിലും അത്തിക്കാടും ചുങ്കത്തറ പഞ്ചായത്തിലെ കൊടീരി നെല്ലിപ്പൊയിൽ ബീറ്റിലും മറ്റുമായി ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ചുനൽകാൻ റവന്യൂ വകുപ്പ് സർവേ ചെയ്ത് വേർതിരിച്ച ഭൂമി, അർഹതപ്പെട്ടവർക്ക് വിതരണംചെയ്യുന്നതിന് തടസ്സമാകുന്ന സാങ്കേതിക ചുവപ്പുനാടകൾ നീക്കുക എന്നത് അത്രമേൽ പ്രയാസകരമാണോ?

News Summary - Should the tribals of Nilambur be kept in the rain for longer?