അതിജീവനത്തിന്റെ വയനാട് മാതൃക- ഒഴുകിയത് മനുഷ്യസ്നേഹം

സമാനതകളില്ലാത്ത പ്രകൃതിദുരന്തങ്ങളിലൂടെയാണ് നാട് കടന്നുപോയത്. മുണ്ടക്കൈ, ചൂരൽമല മലമേഖലയെ ചൂഴ്ന്നെടുത്ത ഉരുൾ ദുരന്തമായിരുന്നു ഇതിൽ ഏറ്റവും തീവ്രം. എന്ത് ചെയ്യണമെന്നറിയാതെ നാട് നിശ്ചലമായിപ്പോയ ദിവസങ്ങൾ. ഒരു ഭൂപ്രദേശമാകെ താറുമാറാവുകയും അനവധി ജീവനുകൾ നഷ്ടമാവുകയുംചെയ്തു. അതോടൊപ്പം നൂറുകണക്കിനു ജീവിതങ്ങൾ വലിയ പ്രതിസന്ധികളിലേക്ക് വലിച്ചെറിയപ്പെടുന്ന അവസ്ഥയും സംജാതമായി. അറച്ചുനിൽക്കാതെയും നെഞ്ചത്തടിച്ച് നിലവിളിച്ച് നിസ്സഹായമാകാതെയും സംവിധാനങ്ങൾ ഒത്തുചേർന്ന് എണ്ണയിട്ട യന്ത്രംപോലെ രക്ഷാദൗത്യത്തിനായി എഴുന്നേറ്റുനിന്നു. വിറങ്ങലിച്ച് നിന്ന വയനാടിനെ കേരളം ചേർത്തുപിടിച്ചു....
Your Subscription Supports Independent Journalism
View Plansസമാനതകളില്ലാത്ത പ്രകൃതിദുരന്തങ്ങളിലൂടെയാണ് നാട് കടന്നുപോയത്. മുണ്ടക്കൈ, ചൂരൽമല മലമേഖലയെ ചൂഴ്ന്നെടുത്ത ഉരുൾ ദുരന്തമായിരുന്നു ഇതിൽ ഏറ്റവും തീവ്രം. എന്ത് ചെയ്യണമെന്നറിയാതെ നാട് നിശ്ചലമായിപ്പോയ ദിവസങ്ങൾ. ഒരു ഭൂപ്രദേശമാകെ താറുമാറാവുകയും അനവധി ജീവനുകൾ നഷ്ടമാവുകയുംചെയ്തു. അതോടൊപ്പം നൂറുകണക്കിനു ജീവിതങ്ങൾ വലിയ പ്രതിസന്ധികളിലേക്ക് വലിച്ചെറിയപ്പെടുന്ന അവസ്ഥയും സംജാതമായി.
അറച്ചുനിൽക്കാതെയും നെഞ്ചത്തടിച്ച് നിലവിളിച്ച് നിസ്സഹായമാകാതെയും സംവിധാനങ്ങൾ ഒത്തുചേർന്ന് എണ്ണയിട്ട യന്ത്രംപോലെ രക്ഷാദൗത്യത്തിനായി എഴുന്നേറ്റുനിന്നു. വിറങ്ങലിച്ച് നിന്ന വയനാടിനെ കേരളം ചേർത്തുപിടിച്ചു. ഒരു നിമിഷംപോലും വൈകാതെ രക്ഷപ്രവർത്തനം ആരംഭിക്കാനായി. ആഘാതത്തിൽ മുക്തമാകാത്ത നാളുകളിലും പ്രതീക്ഷയുടെ നാമ്പുകളായി ദുരന്തഭൂമിയിൽ ഹൃദയം നിറക്കുന്ന കാഴ്ചകൾ വിരിഞ്ഞത് അങ്ങനെയാണ്. രക്ഷാദൗത്യം മുതൽ പുനരധിവാസം വരെ കേരളത്തിന്റെ തനത് അതിജീവനമായി ചരിത്രം രേഖപ്പെടുത്തുന്ന അനുഭവങ്ങൾക്ക് പിന്നീട് കേരളം സാക്ഷിയായി. കേരളത്തിന്റെ ഒരുമയുടെ കരുത്തായിരുന്നു ഈ നീക്കങ്ങൾക്കെല്ലാം ഇന്ധനമായത്. അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിൽ നടത്തിയ ഇടപെടലുകൾ മാതൃകാപരമായി എല്ലാവരും അംഗീകരിക്കുന്നു.
വീട് നഷ്ടപ്പെട്ടവർക്ക് ഒന്നിച്ചു താമസിക്കാൻ സൗകര്യം ഒരുക്കണമെന്ന ദുരന്തബാധിതരുടെ ആവശ്യം അംഗീകരിച്ചാണ് ടൗൺഷിപ് പദ്ധതി പ്രഖ്യാപിച്ചത്. കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത 64 ഹെക്ടറിലാണ് ടൗൺഷിപ് ഒരുങ്ങുന്നത്. നിർമാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. മാതൃകാവീടിന്റെ വാർപ്പ് മേയ് 17ന് പൂർത്തിയായി. ആദ്യ സോണിൽ ഉൾപ്പെട്ട 27 വീടുകളുടെ ഫൗണ്ടേഷനും പൂർത്തിയായിട്ടുണ്ട്. ആകെ 410 വീടുകളാണ് മാതൃക പുനരധിവാസ ടൗൺഷിപ്പിൽ ഉയരുക. പദ്ധതിക്ക് 351 കോടി രൂപയാണ് ചെലവിടുന്നത്. ആറു മാസത്തിനകം ടൗൺഷിപ് പൂർത്തിയാക്കലാണ് ലക്ഷ്യം.
ഓരോ കുടുംബത്തിനും ഏഴു സെന്റിൽ ആയിരം ചതുരശ്രയടി വിസ്തീർണമുള്ള വീടാണ് നിർമിക്കുന്നത്. ആരോഗ്യ കേന്ദ്രം, അംഗൻവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടിപർപ്പസ് ഹാൾ, ലൈബ്രറി എന്നിവ ടൗൺഷിപ്പിലുണ്ടാകും. ദുരന്തം സംഭവിച്ച് ഒമ്പതു മാസത്തിനുള്ളിൽ ടൗൺഷിപ്പിന്റെ നിർമാണം ആരംഭിക്കാനായി എന്നത് ചെറുതല്ലാത്ത നിശ്ചയദാർഢ്യത്തിന്റെ പ്രതിഫലനമാണ്. ഉരുൾപൊട്ടൽ വിഴുങ്ങിയ ഗ്രാമങ്ങൾ സർക്കാറും ജനങ്ങളും ഒത്തുചേർന്ന് പുനർജനിപ്പിക്കുന്നുവെന്നതും വലിയ പ്രത്യാശ പകരുന്നു. ഇതിന് പുറമെ, ടൗൺഷിപ്പിൽ നിർമിക്കുന്ന റോഡ് പ്രവൃത്തികൾക്ക് 87 കോടിയും പുന്നപ്പുഴയിൽ അടിഞ്ഞ ദുരന്താവശിഷ്ടങ്ങൾ നീക്കാൻ ആദ്യഘട്ടത്തിൽ 65 കോടിയും ദുരന്തത്തിൽ തകർന്ന ചൂരൽമല അട്ടമല റോഡ് നിർമാണത്തിന് 38 കോടിയും അനുവദിച്ചിട്ടുണ്ട്.

വയനാട് മാതൃക ടൗൺഷിപ് ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
വീടുവെക്കലിൽ പുനരധിവാസം പരിമിതപ്പെട്ടില്ല
വീടുവെച്ച് നല്‍കുക മാത്രമല്ല, പുനരധിവാസംകൊണ്ട് അർഥമാക്കുന്നത്. എല്ലാരീതിയിലും ദുരന്തത്തെ അതിജീവിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള ഉപജീവനമാര്‍ഗങ്ങള്‍ ഉൾപ്പെടെയുള്ള പുനരധിവാസം യാഥാർഥ്യമാക്കുകയാണ് ഉദ്ദേശ്യം. ഈ നിലയിലെ ക്രിയാത്മക ഇടപെടലുകളും സാമ്പത്തിക പിന്തുണയും സർക്കാറിൽനിന്നുണ്ടായി എന്നതും എടുത്തുപറയേണ്ടതാണ്. 1032 കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 5000 രൂപ വീതം അടിയന്തര സഹായം നൽകി. ഇതിനു പുറമേ എസ്.ഡി.ആർ.എഫിൽ ഈ 1032 കുടുംബങ്ങൾൾക്ക് വീണ്ടും 5000 രൂപ വീതം അനുവദിച്ചു. കിടപ്പുരോഗികൾക്ക് 300 രൂപ വീതം 30 ദിവസത്തേക്ക് സഹായം നൽകി.
മരണപ്പെട്ടവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതം നൽകിയാണ് മറ്റൊരു ഇടപെടൽ. 157 പേർക്കാണ് ഇത്തരത്തിൽ ധനസഹായം നൽകിയത്. ഇതിന് പുറമേ മരണപ്പെട്ടവരുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 1.9 ലക്ഷം രൂപ വീതവും നൽകി. ഒരാഴ്ചയിൽ താഴെ ആശുപത്രിയിൽ കഴിഞ്ഞവർക്കുള്ള സർക്കാർ സഹായം 5400 രൂപയായിരുന്നു. ഒരാഴ്ചയിൽ കൂടുതൽ ആശുപത്രിയിൽ കഴിഞ്ഞവർക്കുള്ള ചികിത്സാസഹായം പതിനാറായിരം രൂപ വീതവും. ഇതിനു പുറമേ ഗുരുതരമായി പരിക്കേറ്റ 34 പേർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 17 ലക്ഷം രൂപയും അനുവദിച്ചു. താൽക്കാലിക വീടുകളിൽ കഴിയുന്നവരുടെ വാടകയും സർക്കാറാണ് നൽകുന്നത്.

സ്മാർട്ട് വില്ലേജ് ഓഫിസുകളിലൊന്ന്
ഭൂരേഖകൾക്ക് ഡിജിറ്റൽ ഭാഷ്യം
‘എല്ലാവർക്കും ഭൂമി; എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന മുദ്രാവാക്യം യാഥാർഥ്യമാക്കും വിധത്തിലാണ് റവന്യൂ വകുപ്പിന്റെ നാലു വർഷത്തെ പ്രയാണം. ഓഫിസുകളിലേക്ക് നടന്ന് ചെരിപ്പു തേഞ്ഞുവെന്ന പതിവ് പ്രയോഗങ്ങൾ അപ്രസക്തമാകുന്ന ഓഫിസ് അനുഭവങ്ങളാണ് റവന്യു വകുപ്പിലേത്. ഓഫിസിലെത്താതെ സേവനങ്ങൾക്ക് അപേക്ഷിക്കാനും സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാനും കഴിയും വിധം ഡിജിറ്റൽ സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തിയാണ് കാലമറിഞ്ഞുള്ള ചുവടുവെപ്പുകൾ. ‘എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന പ്രഖ്യാപിത ലക്ഷ്യ സാക്ഷാത്കാരത്തിനായി ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പ്രയോജനം എല്ലാ മേഖലകളിലും വ്യാപിപ്പിച്ചുവെന്നതിന് തെളിവുകൾ നിരവധി. റവന്യൂ വകുപ്പ് മുഖേന നൽകിവരുന്ന സർട്ടിഫിക്കറ്റുകൾക്ക് പുറമേ റവന്യൂ വകുപ്പിലേക്ക് സ്വീകരിക്കപ്പെടുന്ന എല്ലാ പണമിടപാടുകളും ഡിജിറ്റലാണിപ്പോൾ. 23 തരം സര്‍ട്ടിഫിക്കറ്റുകളാണ് ഇന്ന് റവന്യൂ വകുപ്പ് ഓണ്‍ലൈനായി നല്‍കിവരുന്നത്. റവന്യൂ വകുപ്പ് മുഖേന ഓണ്‍ലൈനായി വിതരണംചെയ്ത സർട്ടിഫിക്കറ്റുകളുടെ എണ്ണം 10 കോടി കടന്നുവെന്നതും ഇതിനോട് ചേർത്തുവായിക്കണം. സംസ്ഥാനത്ത് ഇതിനകം 600 വില്ലേജുകള്‍ സ്മാര്‍ട്ട് ആയി. 830 വില്ലേജുകൾ സ്മാർട്ട് ആക്കാനും ഭരണാനുമതിയായി. 91 വില്ലേജുകളിൽ നിർമാണവും 199 ഇടങ്ങളില്‍ നടപടികളും പുരോഗമിക്കുകയാണ്.
യാഥാർഥ്യമായി, പട്ടയമെന്ന സ്വപ്നം
ഈ സർക്കാർ അധികാരമേറ്റശേഷം 2,23,945 കുടുംബങ്ങൾക്ക് പട്ടയം നല്കി എന്ന ചരിത്രനേട്ടത്തിനും ഇക്കാലയളവ് സാക്ഷിയായി. മഞ്ചേരിയിലെ സത്രം ഭൂമി, കണ്ണൂര്‍ ജില്ലയിലെ മൊറാഴ, മലപ്പുറം ജില്ലയിലെ കൊടയ്ക്കല്‍ ടൈല്‍സ് ഫാക്ടറി, തൃശൂര്‍ ജില്ലയിലെ തെലുങ്കര്‍ നഗര്‍, തൃശൂരിലെ തന്നെ ഒളകര ആദിവാസി ഉന്നതി എന്നിങ്ങനെ വിവിധ ഇടങ്ങളിലെ അനേകര്‍ പതിറ്റാണ്ടുകളായി കണ്ട പട്ടയം എന്ന സ്വപ്നമാണ് ഇതിലൂടെ യാഥാർഥ്യമായത്. പട്ടയ മിഷന്, പട്ടയ അസംബ്ലി, പട്ടയ ഡാഷ് ബോര്‍ഡ്, അദാലത്തുകള്‍ എന്നിവയിലൂടെയാണ് ഈ ജനകീയമായ മുന്നേറ്റങ്ങൾ. രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കും മുമ്പ് മൂന്ന് ലക്ഷം പട്ടയങ്ങള്‍ വിതരണംചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 2016 മുതൽ വിതരണംചെയ്ത 1,77,011 പട്ടയങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ എട്ടു വര്‍ഷംകൊണ്ട് 4,00,956 പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.
രണ്ടാം ഭൂപരിഷ്കരണമാണ് ഡിജിറ്റൽ റീസർവേ
അക്ഷരാർഥത്തിൽ ഒരു രണ്ടാം ഭൂപരിഷ്കരണമാണ് ഡിജിറ്റൽ റീസർവേയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. ഐക്യകേരളത്തില്‍ 1966ല്‍ റീസര്‍വേ നടപടികള്‍ ആരംഭിച്ചെങ്കിലും 57 വര്‍ഷം പിന്നിട്ടിട്ടും 911 വില്ലേജുകളില്‍ മാത്രമാണ് ഈ പ്രവർത്തനങ്ങൾ പൂര്‍ത്തീകരിക്കാനായത്. എല്ലാ ഭൂരേഖകളും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ റീസർവേ ചെയ്യാനായി റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 858.42 കോടി രൂപയുടെ ബൃഹത് പദ്ധതി തയാറാക്കിയതാണ് ഇതിലേക്കുള്ള ആദ്യ ചുവടുവെപ്പ്.
ആദ്യഘട്ടത്തിലെ 200 വില്ലേജുകളുടെയും, രണ്ടാംഘട്ടത്തിലെ 91 വില്ലേജുകളുടെയും മൂന്നാം ഘട്ടത്തിലെ ആറ് വില്ലേജുകളുടെയും (ആകെ -297) ഡിജിറ്റല്‍ റീസര്‍വേ പൂർത്തിയായിക്കഴിഞ്ഞു. മാത്രമല്ല, ഈ വില്ലേജുകളില്‍ സർവേ വകുപ്പിന്റെ ഇ-മാപ്, റവന്യൂ വകുപ്പിന്റെ റെലിസ്, രജിസ്ട്രേഷന് വകുപ്പിന്റെ പേള്‍ എന്നീ സോഫ്റ്റ് വെയറുകള്‍ സംയോജിപ്പിച്ച് ഒരു ഇന്റഗ്രേറ്റഡ് പോര്‍ട്ടലും (ഐ.എൽ.ഐ.എം.എസ്) നിലവില്‍വന്നു. മൂന്ന് ഘട്ടങ്ങളിലെയും കൂട്ടി ഇതുവരെ 51.43 പാഴ്സലുകളിലായി 6.9 ലക്ഷം ഹെക്ടർ ഭൂമിയിലാണ് റീസർവേ നടന്നത്. 176 വില്ലേജുകളിൽ സർവേ നടപടികൾ പുരോഗമിക്കുകയാണ്.

ഭൂമി സംബന്ധമായ വിവരങ്ങൾ എ.ടി.എം കാർഡ് മാതൃകയിൽ ഡിജിറ്റലായി നൽകുന്ന പ്രോപ്പർട്ടി കാർഡിനും നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഒരു വ്യക്തിയെ സംബന്ധിക്കുന്ന ഭൂമി ഉള്‍പ്പെടെയുള്ള എല്ലാ ആസ്തിവിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി കാര്‍ഡ്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭം. ഡിജിറ്റൽ റീ സർവേ പൂർത്തിയായ വില്ലേജുകളിൽ 2025 നവംബർ മുതൽ കാർഡ് വിതരണം ആരംഭിക്കാനാണ് ആലോചന.
2026 ജനുവരിയോടെ മുഴുവൻ ഭൂവുടമകൾക്കും കാർഡ് ഉറപ്പാക്കാനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി സംസ്ഥാന ബജറ്റില്‍ രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഒരു പൗരന് ഒരു തണ്ടപ്പേര് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന യുണീക് തണ്ടപ്പേര് സംവിധാനം 2022 മേയ് 16ന് നിലവില്‍ വന്നു. ഭൂപരിഷ്കരണം കഴിഞ്ഞാല്‍ കേരള ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന മഹത്തായ പദ്ധതിയാണ് യുണീക് തണ്ടപ്പേര് സംവിധാനം.