സ്വപ്നമല്ല, നവകേരളം യാഥാർഥ്യം

കേരളത്തിന്റെ ഭരണചരിത്രത്തിൽ വികസനത്തിന്റെയും കരുതലിന്റെയും സമാനതകളില്ലാത്ത അടയാളപ്പെടുത്തലുകൾ എഴുതിച്ചേർത്താണ് ഇടതു സർക്കാർ ഒമ്പതു വർഷങ്ങൾ പൂർത്തിയാക്കുന്നത്. നാടിന്റെ സ്വപ്നങ്ങളിൽ പ്രതീക്ഷയുടെ ചിറകുമുളപ്പിക്കുകയും അതിജീവനത്തിന്റെ പുതിയ സാധ്യതകൾ തുന്നിച്ചേർക്കുകയും ചെയ്ത ‘നവകേരള’മെന്ന ആശയത്തിന്റെ ചുവടുപിടിച്ചായിരുന്നു ഒന്നും രണ്ടും പിണറായി സർക്കാറുകളുടെ പ്രയാണം. പ്രളയവും ഓഖിയും നിപയും കോവിഡുമടക്കം ...
Your Subscription Supports Independent Journalism
View Plansകേരളത്തിന്റെ ഭരണചരിത്രത്തിൽ വികസനത്തിന്റെയും കരുതലിന്റെയും സമാനതകളില്ലാത്ത അടയാളപ്പെടുത്തലുകൾ എഴുതിച്ചേർത്താണ് ഇടതു സർക്കാർ ഒമ്പതു വർഷങ്ങൾ പൂർത്തിയാക്കുന്നത്. നാടിന്റെ സ്വപ്നങ്ങളിൽ പ്രതീക്ഷയുടെ ചിറകുമുളപ്പിക്കുകയും അതിജീവനത്തിന്റെ പുതിയ സാധ്യതകൾ തുന്നിച്ചേർക്കുകയും ചെയ്ത ‘നവകേരള’മെന്ന ആശയത്തിന്റെ ചുവടുപിടിച്ചായിരുന്നു ഒന്നും രണ്ടും പിണറായി സർക്കാറുകളുടെ പ്രയാണം. പ്രളയവും ഓഖിയും നിപയും കോവിഡുമടക്കം പ്രതിസന്ധികളുടെ പേമാരിയും കേന്ദ്ര സർക്കാറിന്റെ സാമ്പത്തികമായ ഉപരോധവുമെല്ലാം പല ഘട്ടങ്ങിൽ വിലങ്ങുതടിയായെങ്കിലും ഇച്ഛാശക്തിയും ജനങ്ങളെ വേർതിരിവുകൾക്കപ്പുറം ഒന്നിച്ച് അണിനിരത്തിയുമെല്ലാം ഈ ലക്ഷ്യത്തിലേക്ക് കുതിക്കുകയായിരുന്നു സർക്കാർ.
നവകേരളമെന്നത് എന്നോ നടക്കുന്ന അതിശയോക്തിപരമായ സങ്കൽപ്പമല്ലെന്നും നിത്യജീവിതത്തിൽ അനുഭവവേദ്യമാകുന്ന യാഥാർഥ്യമാണെന്നും ജനവും തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. സുസ്ഥിര വികസനത്തിനൊപ്പം അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കൂടി ഉൾക്കൊള്ളുന്ന സാമൂഹികനീതിയിൽ ഊന്നിയുള്ള സമഗ്ര അതിജീവന സമീപനമായിരുന്നു നവകേരളമെന്നത്. പശ്ചാത്തലസൗകര്യ വികസനത്തിനും സാമൂഹിക ക്ഷേമത്തിനും തുല്യപ്രാധാന്യം നല്കിയാണ് നവകേരള സൃഷ്ടിക്കായുള്ള ചുവടുവെപ്പുകളോരോന്നും.
നാടിന്റെ സമസ്ത മേഖലകളെയും പുരോഗതിയിലേക്ക് കൈപിടിച്ചുയർത്തുകയാണ് സംസ്ഥാന സർക്കാർ. പൊതുജീവിതരംഗത്തെ സുരക്ഷിതത്വം, ദീർഘകാലാടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ സാമൂഹിക രംഗത്തെ സാഹോദര്യം, ക്രമസമാധാന രംഗത്തെ ഭദ്രത, സമഗ്ര ക്ഷേമ-ആശ്വാസ നടപടികൾ എന്നിങ്ങനെ ഭരണത്തിന്റെ സമൃദ്ധമായ അടയാളങ്ങളുടെ തണലിലാണ് ജനജീവിതം.
പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവൽപ്രശ്നങ്ങളും പരിസ്ഥിതി ആശങ്കകളും സംരംഭക സമൃദ്ധിയും മുതൽ ഗ്രാഫീൻ ടെക്നോളജിയും നിർമിതബുദ്ധിയിലെ നവീന സാധ്യതകളെയുമടക്കം ഉൾക്കൊള്ളുന്ന സർവതലസ്പർശിയായിരുന്നു ഇടപെടൽ. സാധ്യമല്ലെന്ന് കരുതി എഴുതിത്തള്ളിയവയെല്ലാം കൺമുന്നിൽ യാഥാർഥ്യമായി. പ്രളയകാലത്ത് സർവവും നഷ്ടപ്പെട്ട ജനതക്ക് ആത്മവിശ്വാസം നൽകിയ ‘‘നമ്മളങ്ങ് ഇറങ്ങുകയല്ലേ’’ എന്ന പ്രഖ്യാപനം മുതൽ കെ-ഫോണിന്റെയും വിഴിഞ്ഞം പദ്ധതിയുടെയും ഉദ്ഘാടനച്ചടങ്ങിൽ ഉയർന്നുകേട്ട ‘‘അങ്ങനെ നമ്മൾ അതും നേടിയെന്ന’’ മുഖ്യമന്ത്രിയുടെ ആമുഖ വാചകത്തിൽ വരെ കൃത്യമായി സ്പന്ദിക്കുന്നത് അതിജീവനത്തിന്റെയും വികസനമികവിെന്റയും തിളക്കമേറിയ അധ്യായങ്ങളുടെ പ്രഖ്യാപനങ്ങളാണ്.
വികസനം പ്രസംഗങ്ങളിലല്ല
2016ൽ അധികാരത്തിൽ വന്ന സർക്കാറിെന്റ തുടർച്ചയെന്ന നിലയിൽ അക്ഷരാർഥത്തിൽ വികസനത്തുടർച്ചയുടേതുകൂടിയായിരുന്നു പിന്നിട്ട ഒമ്പത് വർഷങ്ങൾ. വികസനമെന്നത് പ്രബന്ധങ്ങളിലും പ്രസംഗങ്ങളിലും മാത്രമല്ല, സാധാരണക്കാരന് അനുഭവവേദ്യമായി എന്നതാണ് ഇടതുഭരണത്തെ വ്യതിരിക്തമാക്കുന്നത്. നടക്കില്ലെന്ന് കട്ടായം പറഞ്ഞ് മൊഴിചൊല്ലിയ പദ്ധതികൾ പലതും കൺമുന്നിൽ യാഥാർഥ്യമാകുന്നതിന് ഗെയിൽ പൈപ്പ് ലൈനും ഇടമണ്-കൊച്ചി പവർ ഹൈവേയും മുതൽ ദേശീയപാത വികസനം വരെ ഉദാഹരണങ്ങൾ നീണ്ടുനിവർന്നു കിടക്കുന്നു.
കേന്ദ്രം ഉപേക്ഷിക്കാനൊരുങ്ങിയ ദേശീയപാത പദ്ധതി യാഥാര്ഥ്യമാക്കിയത് ഇടതു സർക്കാറിന്റെ ഇടപെടൽ മൂലമെന്നത് തർക്കരഹിതമായ വസ്തുത. 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ ദേശീയപാത വികസനമെന്നത് ചോദ്യചിഹ്നമായി അവശേഷിക്കുകയായിരുന്നു. സർക്കാറിന്റെ ഇച്ഛാശക്തികൊണ്ടാണ് പദ്ധതിക്ക് ജീവൻവെച്ചത്. സമയബന്ധിതമായി ഭൂമി ഏറ്റെടുത്ത് നൽകാത്തതിനെ തുടർന്ന് കേരളത്തിൽ ദേശീയപാത വികസനം അവസാനിപ്പിച്ചുവെന്ന് ദേശീയപാത അതോറിറ്റി ആവർത്തിച്ചു വ്യക്തമാക്കിയ ഘട്ടം കൂടിയായിരുന്നു അത്. മാത്രല്ല, ഓഫിസ് അടച്ച് ദേശീയപാത അതോറിറ്റി കേരളം വിടുന്ന സ്ഥിതിയുമുണ്ടായിരുന്നു. അധികാരമേറ്റ പിണറായി സർക്കാർ പ്രധാനലക്ഷ്യങ്ങളിലൊന്നായി ഹൈവേ വികസനം ഏറ്റെടുത്തു. ഇതേ തുടർന്നാണ് സ്ഥലമേറ്റെടുപ്പിനായുള്ള തുകയുടെ 25 ശതമാനം നൽകാൻ സംസ്ഥാന സർക്കാർ സന്നദ്ധമായത്. ദേശീയപാത വികസനത്തിന് രാജ്യത്ത് ആദ്യമായാണ് ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനം ഒരു സംസ്ഥാനം ഏറ്റെടുത്തത്. ഇതിനായി സംസ്ഥാന സർക്കാർ ദേശീയപാത അതോറിറ്റിക്ക് കൈമാറിയത് 5580.73 കോടി രൂപയാണ്. ഹൈവേ വികസനത്തിന് ഏറ്റവും കൂടുതൽ ചെലവഴിച്ചത് കേരളമാണെന്ന് രാജ്യസഭയിൽ സമ്മതിക്കുന്നതിലേക്കും കാര്യങ്ങളെത്തി എന്നത് മറ്റൊരു വസ്തുത.
രണ്ടാം പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ഘട്ടത്തിൽ സംസ്ഥാനത്തിന്റെ ഗതാഗതക്കുതിപ്പിന് കളമൊരുക്കുന്ന കാസർകോട്-തിരുവനന്തപുരം ദേശീയപാത 66ന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. 2025 അവസാനം പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. 701. 451 കിലോമീറ്റർ ദേശീയപാതയിൽ 600 കിലോമീറ്ററോളം നിർമാണം പൂർത്തിയായി. ആറുവരിപ്പാത വഴി തിരുവനന്തപുരം മുതൽ കൊച്ചിവരെ മൂന്നു മണിക്കൂറിനുള്ളിൽ എത്താം. തിരുവനന്തപുരം മുതൽ കാസർകോട് വരെ യാത്രക്ക് ഒമ്പതു മണിക്കൂർ മതിയെന്നും ദേശീയപാത അധികൃതർ പറയുന്നു.
ലോക ഭൂപടത്തിലെ കേരളം
ലോക ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമായി എന്നത് ചരിത്രമാണ്. പദ്ധതി നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് ഒന്നാം പിണറായി സർക്കാർ കാലയളവ് മുതലാണ്. ഇഴഞ്ഞു നീങ്ങിയ കൊച്ചി മെട്രോ റെയിലും കണ്ണൂർ വിമാനത്താവളവും പൂർത്തിയാക്കി നാടിന് സമർപ്പിച്ചതും വികസന ശൃംഖലയിലെ തിളക്കമാർന്ന മാതൃക. കേരളത്തിന്റെ വൈദ്യുതി പ്രസരണ വിതരണ രംഗത്തും കാർഷിക, വ്യാവസായിക രംഗത്തും വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ ഇടമൺ-കൊച്ചി പവർഹൈവേയും സർക്കാർ പൂർത്തീകരിച്ചു.
അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം, കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി, സിറ്റി ഗ്യാസ് വിതരണ പദ്ധതി, ഐ.ടി കോറിഡോർ, പുതുവൈപ്പിൻ എൽ.പി.ജി ടെർമിനൽ, മലയോര ഹൈവേ, കോസ്റ്റൽ ഹൈവേ, വയനാട് തുരങ്കപാത, കെ-ഫോൺ, കൊച്ചി വാട്ടർ മെട്രോ, പശ്ചിമതീര കനാൽ വികസന പദ്ധതി, തിരുവനന്തപുരം ഔട്ടർ റിങ് റോഡ്, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങി കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികൾ ഇക്കാലയളവിലെ വികസന ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുകയാണ്. രാജ്യത്തെ ആദ്യ സൂപ്പർ ഫാബ് ലാബ്, രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാല, രാജ്യത്തെ ആദ്യ ഗ്രഫീൻ സെന്റർ, രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക്, രാജ്യത്തെ ആദ്യ വാട്ടർ മെട്രോ ഇതെല്ലാം കേരളം കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ സ്വായത്തമാക്കിയ നേട്ടങ്ങൾ. സമ്പൂർണ ഭവന വൈദ്യുതീകരണം നടത്തിയ, ഇന്റർനെറ്റ് സൗകര്യം ജനങ്ങളുടെ അവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനവും കേരളമെന്നതും അഭിമാനത്തിന് വക നൽകുന്നതാണ്.
അതിദരിദ്രരില്ലാത്ത കേരളം; അതിജീവനത്തിന്റെ പുത്തൻ മാതൃക
‘അതിദരിദ്രരില്ലാത്ത കേരളം’ എന്ന വിപ്ലവകരമായ സ്ഥിതിവിശേഷത്തിലേക്ക് ആവേശത്തോടെ നടന്നടുക്കുകയാണ് കേരളം. 2025 നവംബർ ഒന്നിന് മുമ്പ് സംസ്ഥാനം പൂർണമായും അതിദാരിദ്ര്യത്തിൽനിന്ന് മുക്തമാകും. 2021ൽ സര്ക്കാര് അധികാരത്തിലെത്തുമ്പോള് ആദ്യ മന്ത്രിസഭ യോഗത്തില് തന്നെ എടുത്ത തീരുമാനമായിരുന്നു അതിദാരിദ്ര്യ നിർമാർജനം നടപ്പാക്കുക എന്നത്. ദാരിദ്ര്യവും അതിദാരിദ്ര്യവും തമ്മിൽ വ്യത്യാസമുണ്ട്. നേരത്തേ ഭക്ഷണത്തെയും അതിൽനിന്നും കിട്ടുന്ന ഊർജത്തെയും മാനദണ്ഡമായെടുത്താണ് ദാരിദ്ര്യം കണക്കാക്കിയിരുന്നത്. ആഹാരലഭ്യത എന്ന ഒറ്റ മാനദണ്ഡത്തിൽനിന്നും സമഗ്ര സമീപനത്തിലേക്കാണ് സർക്കാർ കടന്നത്. അതായത് മനുഷ്യനായി ജീവിക്കാൻ വിഘാതം സൃഷ്ടിക്കുന്ന എല്ലാ തടസ്സങ്ങളെയും സാമൂഹിക സുരക്ഷ കവചം ഒരുക്കുക എന്നതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു.
ദരിദ്ര കുടുംബങ്ങളെ ജനകീയ പങ്കാളിത്ത പ്രക്രിയയിലൂടെ കണ്ടെത്തി ഓരോ കുടുംബത്തിന്റെയും പ്രശ്നങ്ങളും ആവശ്യങ്ങളും പഠിച്ച് അവ പരിഹരിക്കാനാണ് അതിദാരിദ്ര്യ നിർമാർജന പരിപാടി സർക്കാർ തയാറാക്കിയത്. തദ്ദേശസ്ഥാപനങ്ങൾ വഴിയായിരുന്നു പദ്ധതി നടത്തിപ്പ്. ഭക്ഷണം, ആരോഗ്യം, വരുമാനം, പാർപ്പിടം എന്നീ നാല് ഇല്ലായ്മ ഘടകങ്ങളെ ആസ്പദമാക്കി 64006 കുടുംബങ്ങളെയാണ് (1,03,099 വ്യക്തികൾ) അതിദരിദ്രരെന്ന് വിവിധ സർവേകളിലൂടെ കണ്ടെത്തിയത്. ഇവരുടെ മോചനത്തിനായി 56697 മൈക്രോ പ്ലാനുകൾ തയാറാക്കി. അടിസ്ഥാന രേഖകൾ പോലുമില്ലാതെ ബുദ്ധിമുട്ടിയ ഈ കുടുംബങ്ങൾക്ക് ‘അവകാശം അതിവേഗം’ പദ്ധതിയുടെ ഭാഗമായി 21,263 ആധാർ കാർഡ്, റേഷൻ കാർഡ്, ഇലക്ഷൻ തിരിച്ചറിയൽ കാർഡ് എന്നീ അവകാശ രേഖകളും ആരോഗ്യ ഇൻഷുറൻസ്, സാമൂഹിക സുരക്ഷ പെൻഷൻ എന്നീ അടിയന്തര സേവനങ്ങളും ലഭ്യമാക്കി. സർവേ പ്രകാരം 81 ശതമാനം അതിദരിദ്രർ ഗ്രാമ പഞ്ചായത്തുകളിലും, 15 ശതമാനം മുനിസിപ്പാലിറ്റികളിലും, നാല് ശതമാനം കോർപറേഷനുകളിലുമായിരുന്നു. റേഷനും ആരോഗ്യപരിരക്ഷയും വാതില്പ്പടിയിൽ ലഭ്യമാക്കാനും പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്.
ഭക്ഷണം പാകംചെയ്ത് കഴിക്കാൻ കഴിയാത്തവർക്ക് ഭക്ഷണവും അല്ലാത്തവര്ക്ക് ഭക്ഷ്യകിറ്റുമാണ് നൽകുന്നത്. 64,006 കുടുംബങ്ങളിൽ 59,707 കുടുംബങ്ങളെ (79.22 ശതമാനം) അതിദാരിദ്ര്യത്തിൽനിന്ന് മുക്തമാക്കാനും കഴിഞ്ഞു. നീതി ആയോഗിന്റെ കണക്കുകൾ പ്രകാരം അഖിലേന്ത്യാതലത്തിൽ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം ജനസംഖ്യയുടെ 11.28 ശതമാനം ദാരിദ്ര്യബാധിതരാണെങ്കിൽ കേരളത്തിൽ ഈ സംഖ്യ 0.48 ശതമാനം മാത്രമാണ്.
കാലമറിഞ്ഞുള്ള തൊഴിൽ നൈപുണ്യം
പുതുതലമുറ തൊഴിലുകൾക്ക് അനുയോജ്യമാകും വിധത്തിലെ കേരളത്തിന്റെ വിഭവശേഷി പ്രയോജനപ്പെടുത്താൻ വിപുലമായ തയാറെടുപ്പുകളാണ് സർക്കാർ നടത്തുന്നത്. അത്യാധുനിക ഡിജിറ്റൽ നൈപുണ്യ പരിശീലനം യുദ്ധകാലാടിസ്ഥാനത്തിൽ നൽകാനായുള്ള സ്കിൽ മിഷനുവേണ്ടി പദ്ധതി തയാറായിക്കഴിഞ്ഞു.
തൊഴിൽ അന്വേഷകരായ നൈപുണ്യ പരിശീലനം ലഭിച്ച അഭ്യസ്തവിദ്യരെ കുറിച്ചുള്ള വിവരങ്ങൾ എ.ഐ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും എന്നായിരുന്നു സർക്കാർ പ്രഖ്യാപനം. ഇതിനോടകം തൊഴിൽ അന്വേഷകരായ 18 ലക്ഷം പേരുടെ വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ ലഭ്യമാക്കിക്കഴിഞ്ഞു. ലിങ്ക്ഡ് ഇൻ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് എന്നിവ മുഖേന വിവിധ കമ്പനികളുമായി ഇവ ബന്ധപ്പെടുത്തിയിട്ടുമുണ്ട്. 50 ലക്ഷം അഭ്യസ്തവിദ്യർക്ക് നൈപുണ്യ പരിശീലനം നൽകാനുള്ള പദ്ധതിയാണ് മറ്റൊന്ന്.
കേരള നോളജ് ഇക്കോണമി മിഷൻ ആണ് ഇക്കാര്യങ്ങൾക്കെല്ലാം മുൻകൈയെടുക്കുന്നത്. തൊഴിൽ നൈപുണ്യ വികസനം, ജോബ് സ്റ്റേഷനുകൾ സ്ഥാപിക്കൽ, പ്രാദേശിക തൊഴിൽമേളകൾ എന്നിവയും തൊഴിലില്ലായ്മ നിർമാർജനം ചെയ്യാനുള്ള ദൗത്യത്തിനുള്ള പ്രധാന ഇടപെടലുകളാണ്. ഇതിനെല്ലാം പുറമേ പബ്ലിക് സർവിസ് കമീഷൻ വഴിയുള്ള രാജ്യത്തെ ആകെ നിയമനങ്ങളിൽ 42 ശതമാനവും കേരളത്തിൽ നിന്നാണെന്ന് യു.പി.എസ്.സി റിപ്പോർട്ടും അടിവരയിടുന്നു. 2016 മുതൽ 2025 ഫെബ്രുവരി വരെ കേരളത്തിൽ 34,363 ഉദ്യോഗാർഥികൾക്ക് പി.എസ്.സി വഴി നിയമന ശിപാർശ നൽകി.

അടച്ചുറപ്പുള്ള വീടുകളുടെ കേരള മോഡൽ
സംസ്ഥാനത്തെ എല്ലാ ഭവനരഹിതർക്കും അടച്ചുറപ്പുള്ള വീടുകൾ ലഭ്യമാക്കുന്ന ലൈഫ് മിഷൻ കരുതലിന്റെ കൂരയൊരുക്കുകയാണ്. മുമ്പ് ഭവനനിർമാണ ധനസഹായം ലഭിക്കാനായി കരാറിൽ ഏർപ്പെട്ട് നിർമാണം പൂർത്തീകരിക്കാത്ത 54116 കുടുംബങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് ലൈഫ് പദ്ധതി വിഭാവനംചെയ്തത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 5,47,553 പേർക്ക് വീട് അനുവദിച്ചതിൽ 4,51,631 പേർക്ക് വീട് പൂർത്തിയാക്കി താക്കോൽ കൈമാറുകയും ചെയ്തു.
ലൈഫ് മിഷന്റെ അടുത്ത ഘട്ടമായ ഭൂരഹിതരായ ഭവനരഹിതർക്കുള്ള വീട് നിർമാണവും സജീവമാണ്. പുനലൂർ (കൊല്ലം), വിജയപുരം (കോട്ടയം), അടിമാലി, കരിമണ്ണൂർ (ഇടുക്കി), കടമ്പൂർ (കണ്ണൂർ) എന്നിവിടങ്ങളിൽ ലൈഫ് മിഷൻ നേരിട്ട് വീടുകളൊരുക്കി. മണ്ണന്തലയിൽ തിരുവനന്തപുരം നഗരസഭ സ്പോൺസർഷിപ്പിലൂടെയായിരുന്നു ഭവനനിർമാണം. എറണാകുളം ജില്ലയിൽ കീഴ്മാട് ഗ്രാമപഞ്ചായത്ത്, അങ്കമാലി നഗരസഭ, ജി.സി.ഡി.എ, കൊച്ചിൻ കോർപറേഷൻ, ലൈഫ് മിഷൻ എന്നിവർ ചേർന്നാണ് ഭവനദൗത്യം. മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ നഗരസഭയും ലൈഫ് മിഷനും ചേർന്നും. തൃശൂർ ജില്ലയിൽ പഴയന്നൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്തിലുമാണ് വീടുകളൊരുങ്ങിയത്. ഇത്തരത്തിൽ ആകെ 960 പേർക്ക് പുനരധിവാസം നൽകി. ഇതോടൊപ്പം 21 ഭവന സമുച്ചയങ്ങളുടെ നിർമാണം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുകയാണ്.