ഇടതുപക്ഷ മലയാളിയുടെ ബംഗാള്‍ സ്വപ്നം

മൂന്നു പതിറ്റാണ്ടിന്റെ ഭരണം നഷ്ടപ്പെട്ടശേഷം പശ്ചിമ ബംഗാളിൽ സി.പി.എമ്മിന്റെ ദുരവസ്ഥ തുടരുകയാണ്. തിരിച്ചുവരവിന് വലിയ ശ്രമങ്ങൾ പാർട്ടി നടത്തുന്നുണ്ട്. എന്താണ് വർത്തമാന ബംഗാൾ അവസ്ഥ? സി.പി.എമ്മിന്റെ സാധ്യതകൾ എന്താണ്? ബംഗാൾ യാത്രയുടെ പശ്ചാത്തലത്തിൽ താൻ കണ്ട ‘സി.പി.എം കാഴ്ചകൾ’ എഴുതുകയാണ് മാധ്യമപ്രവർത്തകനായ ലേഖകൻ. ആറു വര്‍ഷം മുമ്പായിരുന്നു കൊല്‍ക്കത്ത നഗരത്തിലെ 31 അലിമുദ്ദീന്‍ സ്ട്രീറ്റില്‍ ആദ്യമായി പോയത്. ഒരിക്കല്‍...
Your Subscription Supports Independent Journalism
View Plansമൂന്നു പതിറ്റാണ്ടിന്റെ ഭരണം നഷ്ടപ്പെട്ടശേഷം പശ്ചിമ ബംഗാളിൽ സി.പി.എമ്മിന്റെ ദുരവസ്ഥ തുടരുകയാണ്. തിരിച്ചുവരവിന് വലിയ ശ്രമങ്ങൾ പാർട്ടി നടത്തുന്നുണ്ട്. എന്താണ് വർത്തമാന ബംഗാൾ അവസ്ഥ? സി.പി.എമ്മിന്റെ സാധ്യതകൾ എന്താണ്? ബംഗാൾ യാത്രയുടെ പശ്ചാത്തലത്തിൽ താൻ കണ്ട ‘സി.പി.എം കാഴ്ചകൾ’ എഴുതുകയാണ് മാധ്യമപ്രവർത്തകനായ ലേഖകൻ.
ആറു വര്‍ഷം മുമ്പായിരുന്നു കൊല്‍ക്കത്ത നഗരത്തിലെ 31 അലിമുദ്ദീന്‍ സ്ട്രീറ്റില്‍ ആദ്യമായി പോയത്. ഒരിക്കല്‍ ഉന്നതനേതാക്കളാലും പ്രവര്‍ത്തകരാലും ശബ്ദായമാനമായിരുന്ന, പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ഭാഗധേയം മുഴുവന്‍ നിര്‍ണയിച്ചിരുന്ന ഒരു ബഹുനില മന്ദിരം സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യം. സഹയാത്രികരായി സുഹൃത്തുക്കള്‍ ബൈജുവും കാര്‍ത്തികേയനും. കാര്ത്തികേയന് കൊല്‍ക്കത്തയിലെ പ്രമുഖ മലയാളി മാധ്യമപ്രവര്‍ത്തകനാണ്. അദ്ദേഹമാണ് ഞങ്ങളെ നയിച്ചത്. രാവിലെ 11 മണിയോടെ ഞങ്ങള്‍ എത്തുമ്പോള്‍ മുസഫര്‍ അഹമ്മദ് ഭവന് എന്ന പേരില്‍ പ്രസിദ്ധമായ ആ മന്ദിരം, പശ്ചിമ ബംഗാള്‍ സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫിസ്, ഏറക്കുറെ നിശ്ശബ്ദമായിരുന്നു. ആള്‍ത്തിരക്കോ ബഹളമോ ഒന്നുമില്ല. ഏറെക്കാലമായി അതിങ്ങനെ തന്നെയാണെന്ന് കാര്ത്തികേയന് ആത്മഗതംചെയ്തു.
കോണിപ്പടി കയറി മുകള്‍നിലയിലെത്തിയപ്പോള്‍ മുന്നില്‍ ഒരു ഓഫിസ് ജീവനക്കാരന്. നേതാക്കള്‍ ആരെങ്കിലുമുണ്ടാകുമോ എന്ന് കാര്ത്തികേയന് തിരക്കിയപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘‘അകത്ത് കാര്യമായൊരു ആലോചനാ യോഗം നടക്കുകയാണ്. ബിമന്‍ബോസും മുഹമ്മദ് സലിമും ഉള്‍പ്പെടെ ഉണ്ട്. ഇന്നലെ കൊല്‍ക്കത്തയില്‍ ഇടതു മുന്നണി റാലിക്കു നേരെ മമതയുടെ പൊലീസ് വലിയ അതിക്രമം കാണിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാളെ വലിയൊരു പ്രതിഷേധറാലി നടത്തുന്നുണ്ട്. അതിന്റെ കൂടിയാലോചനയാണെന്നു തോന്നുന്നു. നേതാക്കളെ കാണാനാണെങ്കില്‍ കാത്തുനില്‍ക്കേണ്ടിവരും.’’
കാത്തുനില്ക്കാമെന്ന് ഞങ്ങള്‍ അറിയിച്ചു. ‘‘എങ്കില്‍ ദാ അവിടെ ഇരുന്നോളൂ’’ എന്ന് ജീവനക്കാരന് അല്പമകലേക്ക് വിരല്‍ ചൂണ്ടിപ്പറഞ്ഞു. നന്ദി പറഞ്ഞശേഷം അദ്ദേഹം ചൂണ്ടിക്കാട്ടിയ ഭാഗത്തെ വാതിലിലേക്ക് ഞങ്ങള്‍ നീങ്ങി. ചെന്നു കയറിയത് അതിവിശാലമായ ലൈബ്രറിയിലേക്കായിരുന്നു. പാർട്ടിയുടെ ആശയ-ബൗദ്ധിക അടിത്തറയുടെ കലവറയെന്നു പറയാവുന്നവിധം ഗംഭീരമായ ഗ്രന്ഥപ്പുര. അതിന്റെ കാര്യദര്‍ശി ഞങ്ങളെ വരവേറ്റു. കൊല്‍ക്കത്ത സർവകലാശാലയില്‍നിന്നും വിരമിച്ച ഒരു പ്രഫസറാണെന്ന് അദ്ദേഹം സ്വയം പരിചയപ്പെടുത്തി. കേരളത്തില്‍നിന്നുള്ള സഖാവാണെന്നും പാർട്ടി ഓഫിസ് കാണാന്‍ വന്നതാണെന്നും ഞാന്‍ സൂചിപ്പിച്ചപ്പോൾതന്നെ പ്രഫസറുടെ ആതിഥ്യം കൂടുതല്‍ ഹൃദ്യമായി. പാർട്ടിയുടെ ബംഗാള്‍ സംസ്ഥാന കമ്മിറ്റി ഓഫിസ് കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ക്ക് എക്കാലത്തും വലിയ കൗതുകമാണെന്ന് ഞാനൊന്ന് പുകഴ്ത്തിയപ്പോള്‍ പ്രഫസര്‍ എന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചു. പുസ്തകപ്പുര ഒന്നു ചുറ്റിനടന്നു കണ്ടോട്ടെ എന്ന് ചോദിച്ചപ്പോള്‍ ‘‘തീര്‍ച്ചയായും’’ എന്ന് ഉദാരമായി പ്രതികരിച്ചു. ഞങ്ങള്‍ ആ വിപുലമായ ഗ്രന്ഥാലയത്തിനകത്ത് ഒന്നു ചുറ്റിനടന്ന ശേഷം പ്രഫസറുടെ ഇരിപ്പിടത്തിനടുത്തേക്കു തിരിച്ചുവന്നു.
ഏറെ വര്‍ഷങ്ങളായി നമ്മള് കേരളീയര്‍ അനന്തമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന നിര്‍ണായകമായൊരു ചോദ്യം എന്റെ മനസ്സിലിരുന്ന് കൈയും കാലുമിട്ടടിച്ചുകൊണ്ടിരുന്നു. മൂന്നരപ്പതിറ്റാണ്ടുകാലം വംഗദേശത്ത് എതിരാളികളില്ലാതെ അധികാരമാളിയ കമ്യൂണിസ്റ്റ് പാർട്ടി എങ്ങനെ ഈ വിധത്തിലായി –എത്ര വിശദീകരിച്ചാലും വരുതിയിലാകാതെ പോകുന്ന സമസ്യ. അത് നേരെ ചൊവ്വേ ചോദിക്കാന്‍ വിമര്‍ശനത്തിന്റെ ‘മാപ്രഭാഷ’ മാറ്റിവെച്ച്, ഒരു കേരളീയ ഇടതുപക്ഷക്കാരന്റെ സംശയം എന്ന വിനീതമായ മുഖവുരയോടെ ഞാനീ ചോദ്യം പ്രഫസര്‍ക്കു നേരെ തൊടുക്കുകതന്നെ ചെയ്തു. ഒരു നിമിഷം അദ്ദേഹം മൗനം പാലിച്ചു. എന്നിട്ട് പാർട്ടിയുടെ അഭ്യുദയകാംക്ഷികളോട് എന്തിന് മറച്ചുവെക്കണം എന്നൊരു ഭാവത്തോടെ പറഞ്ഞു. ‘‘ആക്ച്വലി, ഞങ്ങള്‍ക്ക് വലിയ ചില തെറ്റുകള്‍ പറ്റി. അതെല്ലാം ഇപ്പോള്‍ ബോധ്യപ്പെട്ടു. തിരുത്താന്‍ ആത്മാര്‍ഥമായി ശ്രമിക്കുകയാണ്.’’
എല്ലാ നേതാക്കളും പറയാറുള്ള സ്ഥിരം ഉത്തരം. അതല്ല എനിക്കറിയേണ്ടിയിരുന്നത്. എന്തായിരുന്നു ആ വലിയ തെറ്റുകള്‍. അതേക്കുറിച്ച് പ്രഫസര്‍ എന്തെങ്കിലും പറയുമോ –ഞാന്‍ പതുക്കെ തുടര്ചോദ്യങ്ങളിലേക്ക് കടന്നു. ‘‘തിരുത്തിയാല്‍ ഉടനെ എന്തെങ്കിലും മാറ്റമുണ്ടാകുമോ’’ –ഞാന്‍ പ്രഫസര്‍ക്ക് തുടർ സംസാരത്തിന് താല്പര്യം ഉണര്‍ത്തുംവിധം ആരാഞ്ഞു. ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. ജനകീയ അടിത്തറയില്‍ വലിയ ശൂന്യത ഉണ്ടായി. ഇപ്പോള്‍ ഞങ്ങള്‍ക്ക് ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ സാധിക്കുന്നുണ്ട്.

സി.പി.എം നേതാക്കളായ സീതാറാം െയച്ചൂരി, ബുദ്ധദേവ് ഭട്ടാചാര്യ, പ്രകാശ് കാരാട്ട്, മണിക് സർക്കാർ എന്നിവർ പൊതുവേദിയിൽ
പ്രഫസര്‍ ഉത്സാഹത്തോടെയാണിത് പറഞ്ഞത്. അപ്പോഴും എനിക്ക് വേണ്ട ശരിയായ ഉത്തരം കിട്ടിയില്ല. അതിലേക്ക് എത്തിക്കാന്‍ ഞാന്‍ തുടരെ സംശയങ്ങള്‍ ചോദിച്ചു. ബംഗാള്പാർട്ടിയെക്കുറിച്ച് അറിയാന്‍ അതീവ താല്പര്യമുള്ള അഭ്യുദയകാംക്ഷി എന്നൊരു തലം ഞാന്‍ ഉണ്ടാക്കിയെടുത്തു. പ്രഫസറുടെ ഓരോ വാക്കും ഞാന്‍ അതീവ ശ്രദ്ധയോടെ, പുതിയ അറിവുകളാണല്ലോ ഇതൊക്കെ എന്ന ഭാവത്തോടെ കേട്ടിരുന്നു. അതിനിടയില്‍ അതാ ഞാന്‍ കാത്തിരുന്ന ഒരു ഉത്തരത്തിലേക്ക് ആ നിഷ്കളങ്കനായ അധ്യാപകന് ആത്മാര്‍ഥമായി കടക്കുക തന്നെ ചെയ്തു.
‘‘നിങ്ങളോട് തുറന്നു പറയാമല്ലോ...’’ തെല്ലിട നിര്‍ത്തി അദ്ദേഹം പറഞ്ഞുതുടങ്ങി: ‘‘ദീര്‍ഘകാലം പാർട്ടി ഇവിടെ ഭരിച്ചു. ഭരണത്തെ ജനസേവനത്തിനുള്ള പലതിലൊരു ഉപകരണം എന്നതാണ് കമ്യൂണിസ്റ്റുകാരുടെ തത്ത്വം. പാർട്ടിയാണ് സര്‍ക്കാറിന് നയപരമായ മാർഗനിർദേശം നല്‍കുക. സര്‍ക്കാര്‍ അത് നടപ്പാക്കും. ഇതായിരുന്നു രീതി. എന്നാല്‍ പതുക്കെ പാർട്ടി തന്നെ സര്‍ക്കാര്‍ ആയി മാറുന്ന അവസ്ഥ വന്നു. പാർട്ടിനയം സര്‍ക്കാര്‍ നടപ്പാക്കുക എന്നതില്‍നിന്നും സര്‍ക്കാര്‍ തലപ്പത്തുള്ള ഉന്നത നേതൃത്വം തീരുമാനിക്കുന്നതും പ്രഖ്യാപിക്കുന്നതും പാർട്ടിയുടെ നയമായി വന്നുതുടങ്ങി. ഇത് വലിയ അപകടംചെയ്തു.’’ ‘‘എന്തപകടം?’’ ഞാന്‍ ഒന്നുമറിയാത്തതുപോലെ, ആകാംക്ഷ തിരിച്ചു നല്കി സംഭാഷണം തുടരാന്‍ പ്രേരിപ്പിച്ചു.
‘‘വ്യവസായവത്കരണം എന്നത് സത്യത്തില്‍ പാർട്ടിയുടെ നയം തന്നെയായിരുന്നു. പക്ഷേ അത് പാർട്ടിയുടെ അടിത്തറയില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് തിരിച്ചറിയാന്‍ സാധിക്കാതെ പോയി. സര്‍ക്കാര്‍ ഒരു തീരുമാനം എടുത്തപ്പോള്‍ അത് പാർട്ടി നയമായി മാറി. പാർട്ടി അതിനായി വാദിച്ചു. പക്ഷേ ജനങ്ങള്‍ സ്വീകരിച്ചില്ല. തിരിച്ച് പാർട്ടി അതിന്റെ അടിസ്ഥാനതലത്തില്വരെ ചര്‍ച്ചചെയ്ത ശേഷം ജനത്തിന് സ്വീകാര്യമാകുംവിധം നടപ്പാക്കാന്‍ സര്‍ക്കാറിനോട് നിർദേശിച്ചിരുന്നെങ്കില്‍ അന്തരീക്ഷം മാറുമായിരുന്നു. പാർട്ടിയില്‍നിന്നും സര്‍ക്കാറിലേക്ക് എന്നതിനു പകരം സര്‍ക്കാറിന്റെ നയം പാർട്ടിയിലേക്ക് എന്ന രീതി നേതാക്കളില്‍ വളര്‍ന്നു. പാർട്ടി അതെല്ലാം ഏറ്റെടുത്തു. ജനം അംഗീകരിക്കാതിരുന്നപ്പോള്‍ പാർട്ടി ബലം പ്രയോഗിച്ചു. അത് ജനരോഷത്തിനിടയാക്കി. ഈ അന്തരീക്ഷം മുതലെടുക്കാന്‍ എതിരാളികള്‍ക്ക് സാധിച്ചു’’ –പ്രഫസര്‍ ഇത്രയും സംസാരിച്ചതില്‍ പാതിയും ആത്മഗതംപോലെയായിരുന്നു. കുമ്പസാരത്തിനൊടുവിലെ നിതാന്തമായ ശാന്തഭാവം അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു.
ആ തുറന്നുപറച്ചിലില്‍ എല്ലാമുണ്ടായിരുന്നു. അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് പാർട്ടികളെല്ലാം ആഗോളമായി നേരിട്ട പ്രതിസന്ധിയുടെ രേഖാചിത്രമുണ്ടായിരുന്നു. പ്രത്യയശാസ്ത്രത്തില്‍നിന്നും അധികാരത്തിലേക്കുള്ള പാലം പണിതവര്‍ പ്രത്യയശാസ്ത്രത്തിലേക്കു തിരിച്ചുനടക്കാന്‍ മറന്നുപോയതിലെ ദുരന്തം ആ വിശാലവും പ്രബുദ്ധവുമായ പാർട്ടി ഗ്രന്ഥപ്പുരയുടെ ചുമരുകളില്‍ തട്ടി പ്രതിഫലിക്കാനൊന്നും തക്ക ഊർജമുള്ളതായിരുന്നില്ല. അത്ര മന്ത്രണസ്വരമായിരുന്നു ആ അധ്യാപകന്റെ വാക്കുകള്‍ക്ക്. പ്രസ്ഥാനത്തിന്റെ മഹാശക്തിയെ പ്രയോഗശോഷണത്തിലേക്ക് നയിച്ച വഴികളില്‍ സാക്ഷിയായ നിസ്സഹായനായൊരു മനുഷ്യന്റെ നെടുവീര്‍പ്പു നിറഞ്ഞ ഭാഷണമായി അതനുഭവപ്പെട്ടു.
പിന്നീടൊന്നും ചോദിക്കാതെ അല്പനേരം ഞാന്‍ മൗനം പാലിച്ചു. ഇതില്‍ക്കൂടുതലായി ഒന്നും അറിയാനുണ്ടായിരുന്നില്ല, അഥവാ അറിഞ്ഞിട്ട് കാര്യവുമുണ്ടായിരുന്നില്ല. മൗനം മുറിച്ചുകൊണ്ട് പുറത്താരുടെയോ ശബ്ദം കേട്ട് ഞങ്ങളെഴുന്നേറ്റു. പ്രഫസര്‍ക്ക് ഉപചാരം നല്കി പുറത്തു കടന്നു. പെട്ടെന്നൊരാള്‍ അവിടെയുണ്ടായിരുന്ന അടച്ചിട്ടൊരു മുറി തുറന്ന് വരാന്തയില്‍ പ്രത്യക്ഷപ്പെട്ടു. അത് മുഹമ്മദ് സലിം ആയിരുന്നു. പാർട്ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാള്‍. പഴയ യുവജന നേതാവ്. ഇപ്പോള്‍ പാർട്ടിയുടെ എടുത്തുകാണിക്കാവുന്ന സൗമ്യമുഖം. യോഗത്തില്‍നിന്നും പുറത്തിറങ്ങിയതായിരുന്നു അദ്ദേഹം. കാര്ത്തികേയന് ഉടനെ അദ്ദേഹത്തിനടുത്തേക്ക് നീങ്ങി സ്വയം പരിചയപ്പെടുകയും ഞങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു. ഹ്രസ്വമായൊരു കുശലത്തിനൊടുവില്‍ സ്നേഹത്തോടെ ഒരുമിച്ച് ഫോട്ടോക്കു നിന്നുതരാനും മാന്യനായ ആ പോളിറ്റ് ബ്യൂറോ അംഗം പിശുക്കേതും കാണിച്ചില്ല. ബിമന്‍ബസു വരാന്‍ വൈകുമെന്ന് പറഞ്ഞശേഷം മുഹമ്മദ് സലിം ഞങ്ങള്‍ക്ക് ഹസ്തദാനംചെയ്തു. ഞങ്ങളും യാത്രപറഞ്ഞു. കോണിപ്പടവുകളിറങ്ങി താഴെയെത്തി അലിമുദ്ദീന്‍ തെരുവിലൂടെ തിരിച്ചു നടക്കുമ്പോഴും പിറകില്‍ മുസഫര്‍ അഹമ്മദ് ഭവന് തിരക്കൊഴിഞ്ഞൊരു ധ്യാനകേന്ദ്രംപോലെ ശാന്തഭാവത്തില്‍ നിന്നിരുന്നു.
ഒരു കാലത്ത് പശ്ചിമ ബംഗാള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരുടെ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ പാര്‍ലമെന്ററി സങ്കല്പങ്ങള്ക്ക് നല്കിയ പ്രതീക്ഷകള്‍ ഏറെ വലുതായിരുന്നു. ഒരിക്കല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിപദംപോലും വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന നേതാവുണ്ടായിരുന്ന ഒരു പാർട്ടിയായിരുന്നു ബംഗാളിലേത്. നൃപന് ചക്രവര്‍ത്തിയുടെ ത്രിപുരയും കമ്യൂണിസത്തിന്റെ സ്വപ്നത്തുരുത്തായിരുന്നു. പൊലിഞ്ഞുപോയ ആ സ്വപ്നങ്ങള്‍ക്കപ്പുറത്ത് ഇന്ന് അധികാരമുള്ള ഏക ഭൂമിയായ കൊച്ചുകേരളത്തില്‍ തുടര്‍ഭരണത്തിന്റെ തുടരന് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞിട്ടും പ്രമോദ് ദാസ് ഗുപ്തയുടെയും ജ്യോതിബസുവിന്റെയും ബുദ്ധദേവിന്റെയും പശ്ചിമ ബംഗാളിലും നൃപന്റെയും ദശരഥ്ദേബിന്റെയും മണിക് സര്‍ക്കാറിന്റെയും ത്രിപുരയിലും സി.പി.എമ്മിന് എന്തു സംഭവിച്ചതാണെന്ന ഏറെ പഴക്കമുള്ള സന്ദേഹത്തിന് നമ്മള് കേരളീയര്‍ ഇപ്പോഴും ശരിയായ ഉത്തരം തേടിക്കൊണ്ടിരിക്കുന്നേയുള്ളൂ. കേരളം ബംഗാളാകുമോ എന്ന് ഇവിടെ ഇടതുപക്ഷക്കാര്‍ തന്നെയായ നിരവധിപേര്‍ സന്ദേഹിക്കുന്നുണ്ടുതാനും!
അന്നത്തെയാ കൊല്‍ക്കത്ത സന്ദര്‍ശനത്തിന്റെ ബാക്കിപത്രമെന്നോണം, ആറു വര്‍ഷത്തിനു ശേഷം ഇപ്പോള്‍ വീണ്ടുമൊരു ബംഗാള്‍ യാത്രയില്‍ ഹൗറ നഗരത്തില്‍ ചേക്കേറിയ ഒരു ദിനം. സന്ധ്യാസമയത്ത് പട്ടണത്തിന്റെ പുരാതനമായ തെരുവുകളിലൂടെ നടക്കവേ പെട്ടെന്നൊരു കടമുറിക്കു മുന്നില്‍ ചെറിയൊരാള്‍ക്കൂട്ടവും പാട്ടും. ചുവന്ന തോരണവും ബാനറും ദൂരെനിന്നേ കണ്ടു. അടുത്തെത്തിയപ്പോള്‍ ചെറിയൊരൊറ്റ മുറിയില്‍ ഒരു സ്റ്റേജ്, അതില്‍ കലാപരിപാടികള്‍ നടക്കുകയാണ്. മുറിക്കകത്തും പുറത്ത് റോഡരികിലുമായി പത്തുമുപ്പതുപേര് ഇരുന്നും നിന്നും പരിപാടികള്‍ ആസ്വദിക്കുന്നു. പുരുഷന്മാരില് മിക്കവരും പ്രായാധിക്യമുള്ളവര്‍. കുറച്ച് സ്ത്രീകളുള്ളതില്‍ ചിലര്‍ മാത്രമാണ് ചെറുപ്പക്കാര്‍. കൗതുകത്തോടെ അന്വേഷിച്ചപ്പോള്‍ ഇടതു കലാസംഘടനയായ ‘ഇപ്റ്റ’യുടെ പരിപാടിയാണ്. അന്ന് മാതൃഭാഷാദിനമായിരുന്നു. ദിനാചരണത്തിന്റെ ഭാഗമായി പാട്ടും ഡാന്‍സും ഉള്‍പ്പെടെയുള്ള അവതരണങ്ങളാണ് ആ കൊച്ചു മുറിയിലൊരുക്കിയ വേദിയില്‍. ഞാനും സഹയാത്രികരായ സുഹൃത്തുക്കള്‍ വിഷ്ണുവും ജയലാലും കൗതുകപൂർവം അവിടെ തങ്ങിനിന്നു.
വഴിപോക്കര്ക്കിവിടെന്തു കാര്യം എന്നമട്ടില്‍ പ്രായമായൊരാള്‍ ഞങ്ങളോട് കുശലം ചോദിച്ചു. ‘‘വീ ആര് കോമ്രേഡ്സ് ഫ്രം കേരള’’ –ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അതോടെ രംഗമാകെ മാറി. ഞങ്ങളെ പരിചയപ്പെടാന്‍ തിരക്കോട് തിരക്ക്. നീളന്‍ ഖദര്‍ കുര്‍ത്തയിട്ട, തുണിസഞ്ചി തോളത്തിട്ട മധ്യവയസ്കരായ ബുജി ലുക്കുള്ളവര്‍, തല നരച്ചവരും തലമുടി പഞ്ചസാര-ചായപ്പൊടി മിശ്രിതനിറപ്പരുവമുള്ളവരുമായവര്, പലരും ഇഷ്ടത്തോടെ ഞങ്ങളെ കടാക്ഷിക്കുകയും പലരും കുശലം പറയുകയുംചെയ്തു. പിന്നെയങ്ങോട്ട് സല്ക്കാരമായി. ‘ലാല്ചാ’ എന്ന് അവര്‍ പറയുന്ന കട്ടന്‍ചായ, ബിസ്കറ്റ്... പാട്ടും ഡാന്‍സും ചെറിയ വേദിയില്‍ തുടര്‍ന്നുകൊണ്ടിരുന്നു. സദസ്സില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ടാബ്ലോയിഡ് സൈസിലുള്ള ബംഗാളിവാര്ത്താ പത്രം വായിക്കാനൊന്നുമല്ലെങ്കിലും സ്നേഹപൂർവം ഞങ്ങള്‍ വില കൊടുത്തു തന്നെ വാങ്ങി.
അൽപനേരം കഴിഞ്ഞപ്പോള്‍ അവര്‍ പൊടുന്നനെ കലാപരിപാടി നിര്‍ത്തിവെച്ചു. എന്നിട്ട് റോഡരികില്‍ സദസ്യരായി നിന്നിരുന്ന ഞങ്ങള്‍ മൂവരെയും വേദിയിലേക്ക് നിര്‍ബന്ധിച്ച് ക്ഷണിച്ചുവരുത്തി. കേരളത്തില്‍നിന്നും വന്ന സഖാക്കളായ സഞ്ചാരികളാണെന്ന് ആഹ്ലാദത്തോടെ സദസ്സിന് പരിചയപ്പെടുത്തി. ഒരു ബംഗാളിപ്പെണ്‍കുട്ടി ഞങ്ങള്‍ക്കെല്ലാം ചുവന്ന റോസാപ്പൂ സമ്മാനിച്ചു. അപ്രതീക്ഷിതമായി ഇത്രമാത്രം ആദരിക്കപ്പെട്ട ഞങ്ങള്‍ സത്യത്തില്‍ അന്തംവിട്ടു നിന്നു. സദസ്സിന് നന്ദി പറഞ്ഞ് പോകാന്‍ തുടങ്ങുംനേരം ഓരോരുത്തര്‍ക്കും അത്യാവശ്യം വലുപ്പമുള്ള ഓരോ പലഹാരപ്പൊതി കവറിലാക്കി സമ്മാനിച്ചു. ഹൊ... തീര്‍ച്ചയായും അതൊരു ഹൃദ്യമായ, അതിലേറെ അപൂർവമായ തെരുവോര സ്വീകരണം തന്നെയായിരുന്നു.
അവര്‍ ഞങ്ങളോട് ഞങ്ങളുടെ ജാതിയോ മതമോ ചോദിച്ചില്ല, ഞങ്ങളുടെ വേഷമോ ഭാഷയോ അവര്‍ക്ക് സൗഹൃദം പകരാന്‍ വിലങ്ങുതടിയായില്ല. ഏതേതോ സരണികളില്‍ മനമൊന്നായ് ചേര്‍ന്നു നടക്കാവുന്നവരാണെന്ന ബോധ്യത്തിനു മുന്നില്‍ അവര്‍ കേവലം ‘മൊനേര്‍ മാനുഷ്’ ആയി മാറുകയായിരുന്നു. ബാവുലുകളുടെ ജീവിതത്തിലെയും സംഗീതത്തിലെയും പ്രധാന ആദര്‍ശമാണ് മൊനേര്‍ മാനുഷ്. അതായത് ‘ഹൃദയമുള്ള മനുഷ്യന്...’
പക്ഷേ... അവരില്‍ മുക്കാല്‍ഭാഗവും വൃദ്ധരായിരുന്നു, ജീവിതസായാഹ്നത്തിലെ യാത്രികരായിരുന്നു. അതോര്‍ത്ത് ഞാന്‍ എന്തിനോ വെറുതേ സങ്കടപ്പെടുകയുംചെയ്തു.
ദിവസങ്ങള്‍ക്കുശേഷം, പണ്ടത്തെ ‘കമ്യൂണിസ്റ്റു കോട്ട’യായ 24 പര്‍ഗാനാസിലെ പ്രശസ്തമായ സുന്ദര്‍ബന്‍ ‘കാടു’കളിലേക്കുള്ള യാത്രക്കിടയില്‍ ഝാര്ക്കോളി എന്ന കൊച്ചു ടൗണില്‍ ഒരു കൊച്ചുകടയില്‍ ചായ കുടിക്കാന്‍ കയറി. ചെറുപ്പക്കാരനായ കടയുടമ ഞങ്ങളോട് മലയാളത്തില്‍ ചോദിച്ചു –കേരളത്തില്‍ എവിടെയാ എന്ന്!
കണ്ണൂരിലാണെന്ന് പറഞ്ഞപ്പോള്‍ അവന് ചിരിച്ചുകൊണ്ട് പറഞ്ഞു –ഞാന്‍ തളിപ്പറമ്പില്‍ രണ്ടു വര്‍ഷം ജോലിചെയ്തിട്ടുണ്ട്. പിന്നെ ഞങ്ങള്‍ മലയാളത്തിലായി സംസാരം. 24കാരനായ ഗൗരവ് സന ബംഗാളിലെ തൊഴില്‍രഹിതരായ യുവത്വത്തിന്റെ എല്ലാ അസംതൃപ്തിയുടെയും പ്രതിരൂപമാണ്. ‘‘ഇവിടെ രക്ഷയൊന്നുമില്ല സര്. കേരളത്തില്‍ നല്ല കൂലി കിട്ടും. ജീവിതവും സുഖം. പക്ഷേ വീട്ടുകാരെ വിട്ട് എത്ര നാള് കഴിയും’’, ഗൗരവ് ചോദിച്ചു. ശരിയാണ്, ചിലരുടെ പരിഗണനകള്‍ ഇങ്ങനെയുമാണ്. പ്രായമായി അവശരായ മാതാപിതാക്കളെ ദീര്‍ഘകാലം വിട്ടുനില്ക്കാനാകാത്തതിനാലാണ് ഈ യുവാവ് കേരളം ഉപേക്ഷിച്ചുപോന്നത്.

24 പര്‍ഗാനാസിലെ ഝാര്ക്കാലി ടൗണില്‍ കട നടത്തുന്ന ഗൗരവ് സന,‘ഇപ്റ്റ’ വേദിയിൽ യാത്രികരെ ആദരിക്കുന്നു
രാഷ്ട്രീയം എങ്ങനെ? –ഞാന്‍ ചോദിച്ചു.
‘‘പിതാവ് കോണ്‍ഗ്രസാണ്. വീട് പാർട്ടി ഓഫിസ് പോലെയായിരുന്നു. ഇടക്ക് തൃണമൂലുകാര്‍ കേറി തകര്‍ത്തു. നേരത്തേ സി.പി.എമ്മും ഇതുതന്നെ ചെയ്തിട്ടുണ്ട്’’ -ഗൗരവ് നിസ്സംഗമായി പറഞ്ഞു.
‘‘ഇവിടൊക്കെ ഇപ്പോള്‍ സി.പി.എം ഉണ്ടോ’’ –ഞാന്‍ ചോദിച്ചു.
‘‘സര്, ഇവിടെ ഇപ്പോഴും ആളുകള്‍ സി.പി.എം ആണ്, പക്ഷേ വോട്ട് തൃണമൂലിനാകും.’’
‘‘കണ്ണൂരില്‍, തളിപ്പറമ്പില്‍ ഒക്കെ സി.പി.എമ്മുകാരാണ് ഭൂരിഭാഗവും, അറിയുമായിരുന്നുവോ’’ –ഞാന്‍ തമാശക്ക് ആരാഞ്ഞു.
‘‘ഓ... അറിയാം സാര്‍, ഞാന്‍ ഇവിടെ കോണ്‍ഗ്രസിനൊപ്പമാണ്, തൃണമൂലുകാരുടെ ഭീഷണിയുണ്ടെങ്കിലും രാഷ്ട്രീയം വിട്ടിട്ടില്ല.’’
ഗൗരവ് വളരെ സൗമ്യമായി പറഞ്ഞു. ഇനി കണ്ണൂരില്‍ എന്നെങ്കിലും വരുകയാണെങ്കില്‍ വിളിക്കാനായി എന്റെ ഫോണ്‍നമ്പര്‍ ഗൗരവ് ചോദിച്ചുവാങ്ങി. യാത്ര പറഞ്ഞിറങ്ങി അഴുക്കും പഴമയും നിറഞ്ഞ ടൗണിലൂടെ നടക്കുമ്പോള്‍ ഗൗരവ് പറഞ്ഞ ഒരു വാചകം മനസ്സില്‍ വീണ്ടും നിറഞ്ഞു: ആളുകള്‍ അടിസ്ഥാനപരമായി ഇപ്പോഴും സി.പി.എം ആണ്, തൃണമൂലിന് വോട്ട് മാത്രം നല്‍കുകയും മാനസികാവസ്ഥയില്‍ സി.പി.എം ആയി ജീവിക്കുകയും ചെയ്യുന്നവര്‍..!