മധുരയില്‍നിന്നുള്ള വഴി

സി.പി.എമ്മിന്റെ പാർട്ടി കോൺഗ്രസിൽ നേതൃമാറ്റമുണ്ടായി. എം.എ. ബേബി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. എന്താണ് ബേബിക്കും സി.പി.എമ്മിനും മുന്നിലെ വഴികൾ? കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ സംഘടനക്കാകുമോ? -വിശകലനം.കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരണത്തിന്റെ 100ാം വര്‍ഷത്തില്‍ നടന്ന സി.പി.എമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ സമാപിച്ചു. കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കേരളത്തിനുള്ള അപ്രമാദിത്വവും നിലനിര്‍ത്തിയാണ് കോണ്‍ഗ്രസ് സമാപിച്ചത്. ഇനി സി.പി.െഎയുടെ പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത മാസങ്ങളില്‍തന്നെ...
Your Subscription Supports Independent Journalism
View Plansസി.പി.എമ്മിന്റെ പാർട്ടി കോൺഗ്രസിൽ നേതൃമാറ്റമുണ്ടായി. എം.എ. ബേബി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. എന്താണ് ബേബിക്കും സി.പി.എമ്മിനും മുന്നിലെ വഴികൾ? കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ സംഘടനക്കാകുമോ? -വിശകലനം.
കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരണത്തിന്റെ 100ാം വര്‍ഷത്തില്‍ നടന്ന സി.പി.എമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ സമാപിച്ചു. കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കേരളത്തിനുള്ള അപ്രമാദിത്വവും നിലനിര്‍ത്തിയാണ് കോണ്‍ഗ്രസ് സമാപിച്ചത്. ഇനി സി.പി.െഎയുടെ പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത മാസങ്ങളില്‍തന്നെ നടക്കുകയുംചെയ്യും.
1925ല്‍തന്നെ രൂപവത്കരിക്കപ്പെട്ട മറ്റൊരു സംഘടനയും അതിന്റെ 100ാം വാര്‍ഷികം ആഘോഷിക്കുന്നു. രാഷ്ട്രീയ സ്വയം സേവക് സംഘ്. തീര്‍ത്തും വിരുദ്ധമായ ലക്ഷ്യങ്ങളോടെ രൂപവത്കരിക്കപ്പെട്ട രണ്ട് സംഘടനകള്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി സങ്കുചിത ദേശീയതക്ക് അപ്പുറം എല്ലാവരും തുല്യരായ, നീതിയിലധിഷ്ഠിതമായ സമൂഹത്തെ ലക്ഷ്യമിട്ടപ്പോള്‍, മനുസ്മൃതിയുടെയും മറ്റും അടിസ്ഥാനത്തില്‍ ബ്രാഹ്‌മണാധിപത്യത്തിന്റെ, പ്രാചീന സാമൂഹിക ക്രമത്തിലേക്ക് നാടിനെ കൊണ്ടുപോകാനുള്ള ലക്ഷ്യമായാണ് ആര്‍.എസ്.എസ് രൂപവത്കരിക്കപ്പെട്ടത്. ഇന്ത്യ സ്വതന്ത്രമായപ്പോള്‍, ആധുനിക ഭരണഘടനയല്ല, മനുസ്മൃതിയാവണം ഇന്ത്യന്‍ നിയമസംവിധാനത്തിന്റെ അടിസ്ഥാനമെന്ന് ആര്‍.എസ്.എസ് പ്രതിഷേധിച്ചു.
ലേഖനം എഴുതി. മറുവശത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എതിര്‍പ്പ് മറ്റൊരു രീതിയിലായിരുന്നു. എല്ലാവര്‍ക്കും നീതിയും വിഭവങ്ങളില്‍ പങ്കാളിത്തവും കിട്ടുന്നതിന് കൂടുതല്‍ വിപ്ലവകരമായ നിലപാടുകള്‍ ആവശ്യമാണെന്നായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്. അങ്ങനെ ചരിത്രത്തില്‍ രണ്ട് നേര്‍രേഖകളായി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുമ്പ് ആരംഭിച്ച രണ്ട് പ്രസ്ഥാനങ്ങളില്‍ ഒന്ന് ഇന്ത്യയുടെ ഭരണത്തെ നിയന്ത്രിക്കുകയും രാജ്യത്തിന്റെ മതേതര ഘടനയെ തകര്‍ത്ത് മതാധിഷ്ഠിത ഘടനയിലേക്ക് പരിവര്‍ത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയാകട്ടെ, തിരിച്ചടികള്‍ തുടര്‍ച്ചയായി നേരിട്ട് നിലനില്‍പ് ഭീഷണി നേരിടുകയും ചെയ്യുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നതിന് ഏതെങ്കിലും നേതാവിനെ ചൂണ്ടിയുള്ള വ്യക്തിഗത വിമര്‍ശനങ്ങള്‍ ഉത്തരമാവില്ല. ലോകത്തെമ്പാടും തീവ്ര വലതുപക്ഷം, മുതലാളിത്ത വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ പിടിമുറുക്കുമ്പോള്‍ ഇന്ത്യയും അതിലകപ്പെടുന്നുവെന്ന ലളിത വിശകലനങ്ങളും മതിയാവില്ല. ഇങ്ങനെ വലിയ വെല്ലുവിളികളുടെ സാഹചര്യത്തിലാണ് മൂന്നു വര്‍ഷം കൂടുമ്പോള്‍ ചേരുന്ന സി.പി.എമ്മിന്റെ ഉന്നതാധികാര സമിതി, പാര്‍ട്ടി കോണ്‍ഗ്രസ്, മധുരയില്‍ ചേര്‍ന്നത്. സി.പി.െഎയും അതിന്റെ സമ്മേളനങ്ങളിലേക്ക് പ്രവേശിച്ചിരിക്കുന്നു.
നേതൃതലത്തിലുള്ള വലിയ മാറ്റങ്ങളാണ് സി.പി.എമ്മിന്റെ മധുര കോണ്‍ഗ്രസിനെ ശ്രദ്ധേയമാക്കിയത്. പാര്‍ട്ടി പോളിറ്റ് ബ്യൂറോയിലെ 18 പേരില്‍ എട്ടു പേര്‍ പുതിയവരായെത്തിയപ്പോള്‍ 80 അംഗ കേന്ദ്ര കമ്മിറ്റിയില്‍ 30 പേരാണ് പുതുമുഖങ്ങള്‍. നേതൃത്വത്തിലെ ഈ മാറ്റം സംഘടനയുടെ രാഷ്ട്രീയ നിലപാടുകളെ ഏതൊക്കെ രീതിയിലാകും പുതുക്കുകയെന്നത് ഇന്ത്യയിലെ ഇടതു രാഷ്ട്രീയത്തിന്റെ പ്രസക്തിയെ സംബന്ധിച്ച് പ്രസക്തമാണ്. യാന്ത്രികമായി ആവര്‍ത്തിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ മുന്നണി പടയാളിയാണ് തങ്ങള്‍ എന്ന കാലഹരണപ്പെട്ട പരിപാടികള്‍ ഉപേക്ഷിച്ച് ഹിന്ദുത്വത്തിന്റെയും വികസന മൗലികവാദത്തിന്റെയും ഇരകളാക്കപ്പെടുന്നവരുടെ പ്രതിരോധത്തെ മുന്നില്‍നിന്ന് നയിക്കാന്‍ സി.പി.എം ഉള്‍പ്പെട്ട ഇടതു പാര്‍ട്ടികള്‍ക്ക് കഴിയുമോ എന്നതാണ് ചോദ്യം.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ പലപ്പോഴും വലിയ ചര്‍ച്ചകളിലേക്കും തര്‍ക്കങ്ങളിലേക്കും തള്ളിയിട്ടത് ഭരണ പാര്‍ട്ടിയോട് സ്വീകരിക്കേണ്ട സമീപനമായിരുന്നു. അതിന്റെ സ്വഭാവത്തെക്കുറിച്ചുള്ളതായിരുന്നു. പ്രത്യേകിച്ചും കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോഴാണ് അത് രൂക്ഷമായത്. ഒരു ഘട്ടത്തില്‍ പാര്‍ട്ടിയുടെ പിളര്‍പ്പിന് ഒരു കാരണമായി അതു മാറുകയുംചെയ്തു. അന്ന് കോണ്‍ഗ്രസുമായി ബന്ധപ്പെട്ടായിരുന്നു പാര്‍ട്ടിയിലെ ചര്‍ച്ചയെങ്കില്‍, ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ സ്വഭാവമെന്തായിരിക്കണമെന്നതാണ് പ്രധാന വിഷയമാകുന്നത്. മധുര പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സി.പി.എം പുറത്തുവിട്ട കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഇന്ത്യയില്‍ നവ ഫാഷിസ്റ്റ് പ്രവണതകള്‍ കാണിക്കുന്ന ഭരണകൂടമാണെന്ന വിലയിരുത്തലാണ് ഏറെ ചര്‍ച്ചചെയ്യപ്പെട്ടത്.
അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസിനെതിരായ വിശാല രാഷ്ട്രീയ ഐക്യത്തില്‍ ജനസംഘവുമായി എന്ത് സമീപനമെന്നത് സി.പി.എമ്മില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. അവരുമായുള്ള രാഷ്ട്രീയമായ ബന്ധപ്പെടല്‍ സാധ്യമല്ലെന്ന നിലപാട് നടപ്പിലാക്കപ്പെടുന്നില്ലെന്ന ആക്ഷേപം ജനറല്‍ സെക്രട്ടറിയായിരുന്ന പി. സുന്ദരയ്യക്കു തന്നെയുണ്ടായിരുന്നു. പാര്‍ട്ടിയുടെ മേല്‍ കമ്മിറ്റികള്‍ എങ്ങനെ ജനസംഘവുമായുള്ള രാഷ്ട്രീയബന്ധം പാടില്ലെന്ന നിലപാടിനെ മയപ്പെടുത്തിയെന്നും അത് ഭാവിയില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും പറഞ്ഞ് സി.പി.എം ജനറല്‍ സെക്രട്ടറി സ്ഥാനം പി. സുന്ദരയ്യ രാജിവെക്കുന്ന സാഹചര്യം പോലുമുണ്ടായി. അദ്ദേഹം വിശദമായി എഴുതിയ രാജിക്കത്ത് മാര്‍ക്‌സിസ്റ്റ് ഇന്റര്‍നെറ്റ് ആര്‍ക്കൈവ്‌സില്‍ ലഭ്യമാണ്.
സി.പി.എം, ജനസംഘവുമായുള്ള സമീപനത്തെ അടിയന്തരാവസ്ഥക്കാലത്ത് മയപ്പെടുത്തിയെന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വസ്തുതകള്‍ എത്രത്തോളമായിരുന്നാലും, സംഘ്പരിവാരം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിന്നീട് പിടിമുറുക്കുന്നതാണ് കണ്ടത്. അതിന് ഒാരോ കാലത്തും ഒാരോ തന്ത്രങ്ങള്‍ അവര്‍ സ്വീകരിച്ചു. ജനസംഘത്തിനു ശേഷം ബി.ജെ.പി രൂപവത്കരിച്ചു. ആര്‍.എസ്.എസ് തങ്ങളുടെ ആശയങ്ങള്‍ നടപ്പാക്കുന്നതിന് ഒാരോ കാലത്ത് ബി.ജെ.പിക്ക് ഒാരോരോ മുഖങ്ങള്‍ നല്‍കി. ആദ്യം വാജ്‌പേയ് ആയിരുന്നു. പിന്നീട് അദ്വാനി വന്നു. പിന്നെ മോദി വന്നതിനുശേഷം വളച്ചുകെട്ടില്ലാതെ ആർ.എസ്.എസ് ആശയങ്ങള്‍ നടപ്പാക്കാനുള്ള രാഷ്ട്രീയ കരുത്തിലേക്ക് അവര്‍ വളര്‍ന്നു.
ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങള്‍ ആര്‍.എസ്.എസ് ആശയങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കി. ഇന്ത്യന്‍ രാഷ്ട്രീയ സംവിധാനത്തിന്റെ മുഴുവന്‍ മേഖലകളിലും പിടിമുറുക്കി സംഘ്പരിവാര്‍ തങ്ങളുടെ ലക്ഷ്യത്തിലേക്ക് അടുക്കാനുള്ള ചുവടുകള്‍ വെച്ച് മുന്നേറിക്കൊണ്ടിരിക്കുന്നു. പൗരത്വ നിയമ ഭേദഗതി മുതല്‍ വഖഫ് ഭേദഗതി വരെ വളരെ സ്വാഭാവികമെന്ന മട്ടില്‍ അവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അതായത് തുടക്കത്തില്‍ സൂചിപ്പിച്ച, 1925ല്‍ രൂപവത്കരിച്ച ആർ.എസ്.എസ്, വ്യത്യസ്ത സംഘടനകളിലൂടെ അവരുടെ ലക്ഷ്യപ്രാപ്തിയിലേക്ക് രാജ്യത്തെ വലിച്ചിഴക്കുന്നു.
അത്തരമൊരു ഘട്ടത്തില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികള്‍ വലിയ പ്രതിസന്ധിയിലാണെന്നത് സ്വാഭാവികം മാത്രമാണ്. ആര്‍.എസ്.എസിന്റെ അതിദേശീയ തീവ്ര വര്‍ഗീയ നിലപാടുകള്‍ക്ക് പരുവപ്പെടുന്ന രീതിയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ മാനേജ് ചെയ്യാന്‍ അവര്‍ക്ക് ആദ്യം ജനസംഘവും പിന്നീട് ബി.ജെ.പിയുമുണ്ടായി. എല്ലാം പരുവപ്പെടുത്തിയതിനുശേഷം ആർ.എസ്.എസിന്റെ ആശയങ്ങള്‍ തീവ്രമായി നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാറിനെയാണ് നാം ഇപ്പോള്‍ കണ്ടുവരുന്നത്. എന്നാല്‍, ഇതൊന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാധ്യമായിരുന്നില്ല. അവര്‍ ഭരണം കിട്ടിയപ്പോള്‍, വ്യവസ്ഥിതിയുടെ നടത്തിപ്പുകാരാകാന്‍ ശ്രമിച്ചു. അല്ലാത്തപ്പോള്‍ സാമൂഹികമാറ്റത്തെ കുറിച്ചും പറഞ്ഞു. അതാണ് ബംഗാളിലും ഇപ്പോള്‍ കേരളത്തിലും കണ്ടത്. അതിലേക്ക് വരാം.
ഇന്ത്യയിലെ ഇപ്പോഴത്തെ രാഷ്ട്രീയ ഘടന ക്ലാസിക്കല്‍ ഫാഷിസത്തിന്റേതായാലും നവ ഫാഷിസത്തിന്റേതായാലും അതിനെ സാമ്പത്തിക നയങ്ങളുമായി ചേര്‍ത്തുനിര്‍ത്തി കാണുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നത്. അതിന് ചരിത്രപരമായ കാരണങ്ങള്‍ പോലുമുണ്ട്. ഇന്ത്യയില്‍ സാമ്പത്തിക മേഖലയില്‍ ’80കളില്‍ ഉദാരവത്കരണ നയങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയതു മുതല്‍തന്നെയാണ് സംഘ്പരിവാര്‍ ശക്തിപ്പെട്ടതെന്നതും വസ്തുതയാണ്. ഈ ശക്തിപ്പെടലിന് കാരണങ്ങള്‍ പലതുമുണ്ടാകാം. കോണ്‍ഗ്രസിലെ വലതുപക്ഷം ശക്തിപ്പെട്ടതും ജയപ്രകാശ് നാരായണിന്റെ അടക്കമുള്ള സമീപനങ്ങളിലെ മാറ്റവുമെല്ലാം ആർ.എസ്.എസിനെ സഹായിച്ചിട്ടുണ്ടാകാം. ഏറ്റവും കൂടുതല്‍ സഹായകരമായത് അടിയന്തരാവസ്ഥയോടുകൂടി ആർ.എസ്.എസിന് പൊതു സ്വീകാര്യത കിട്ടിയെന്നതുതന്നെയാണ്. ആ പൊതു സ്വീകാര്യത വിഷയമാണ് നേരത്തേ സൂചിപ്പിച്ച രാജിക്കത്തില്‍ പി. സുന്ദരയ്യ മറ്റൊരുതരത്തില്‍ ഉന്നയിച്ചതും.
എന്തായാലും ബാബരി പള്ളിയുടെയും ഉദാരവത്കരണത്തിന്റെയും കവാടങ്ങള്‍ ഒന്നിച്ചു തുറക്കപ്പെട്ടു. ഫാഷിസം ചരിത്രപരമായി തന്നെ മുതലാളിത്തത്തിന്റെ സഖ്യകക്ഷിയുമാണ്. ആർ.എസ്.എസിന്റെ ഹിന്ദുരാഷ്ട്ര ലക്ഷ്യത്തിലേക്ക് ബി.ജെ.പി മുന്നേറുമ്പോഴും കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ ഒരു രാഷ്ട്രീയ സഖ്യത്തില്‍നിന്ന് സി.പി.എമ്മിനെ തടയുന്നത് ഉദാരവത്കരണ നയത്തോടുള്ള ആ പാര്‍ട്ടിയുടെ ആഭിമുഖ്യമാണെന്ന് നേതാക്കള്‍ ആവര്‍ത്തിച്ചു പറയുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുഖ്യശത്രുവെന്നത് ബി.ജെ.പിതന്നെ എന്ന് അടയാളപ്പെടുത്തിക്കൊണ്ടുതന്നെയാണ് പൂര്‍ണതോതിലുള്ള മുന്നണി സംവിധാനം കോണ്‍ഗ്രസുമായി സാധ്യമല്ലെന്ന് സി.പി.എം വിലയിരുത്തുന്നത്. അടിയന്തരാവസ്ഥക്കെതിരെ ഐക്യമുന്നണിയെന്നതിലേക്ക് സി.പി.എം പ്രായോഗികമായി എത്തുകയും ജനസംഘവുമായി പോലും ചേരുകയും ചെയ്തതില്‍നിന്ന് വ്യത്യസ്തമാണ് ഈ സമീപനമെന്ന് പറയാം.
ഇന്ദിര ഗാന്ധിയുടെ കാലത്തെ ഏകാധിപത്യത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തവും വ്യാപകവുമായ ഒരു സമഗ്രാധിപത്യ സംവിധാനത്തെ, ഇക്കാലത്തെ ഫാഷിസത്തിന്റെ സവിശേഷതകള്‍ പേറുന്നതെന്ന് വിലയിരുത്തുമ്പോഴും അതിനെതിരായ രാഷ്ട്രീയ മുന്നണിയുടെ കാര്യത്തില്‍ സി.പി.എം ചില നിബന്ധനകള്‍ വെക്കുന്നതിന് പ്രായോഗികവും സൈദ്ധാന്തികവുമായ കാരണങ്ങള്‍ കാണും. അതില്‍ പ്രധാനമായി പാര്‍ട്ടിതന്നെ പറയുന്നത് ബി.ജെ.പിക്കും കോണ്‍ഗ്രസിനും നവ ഉദാരവത്കരണ നയങ്ങളുടെ കാര്യത്തിലുള്ള യോജിപ്പാണ്.
ഇതോടൊപ്പം കോണ്‍ഗ്രസ് പുലര്‍ത്തുന്ന മൃദു ഹിന്ദുത്വ സമീപനവും യോജിച്ചുള്ള രാഷ്ട്രീയ മുന്നണിയെ അസാധ്യമാക്കുന്നുവെന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നു. ഇടതു കേന്ദ്രങ്ങളില്‍നിന്നുപോലും എതിര്‍പ്പ് നേരിടുന്ന നിലപാടെങ്കിലും സി.പി.എമ്മിന്റെ ഈ നിലപാടുകള്‍ അപ്രസക്തമാണെന്ന് പറയുക വയ്യ. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളാണോ ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നത് രാഷ്ട്രീയ നയവുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ പ്രസക്തമല്ല. ഈ സമീപനങ്ങള്‍തന്നെയാണ് സി.പി.എം ഏറിയും കുറഞ്ഞും സമീപ വര്‍ഷങ്ങളില്‍ സ്വീകരിച്ചിട്ടുള്ളത്. പ്രസക്തമായ കാര്യം സി.പി.എം അധികാരമുള്ള ഘട്ടങ്ങളില്‍, അതുതന്നെ സൈദ്ധാന്തികമായി എതിര്‍ക്കുന്ന, നവ ഉദാരവത്കരണത്തെയും അതിന്റെ വികസന സങ്കല്‍പങ്ങളെയും എങ്ങനെയാണ് നേരിട്ടതെന്നതാണ്.
ഇക്കാര്യങ്ങളില്‍ ബംഗാളിലെ അനുഭവങ്ങള്‍ ചരിത്രമായി ഉണ്ട്. കേരളത്തില്‍ ഒരു ബദല്‍ വികസന സങ്കല്‍പത്തെ കുറിച്ച് ചര്‍ച്ചപോലും അസാധ്യമാക്കുന്ന തരത്തില്‍ മുഖ്യധാര വികസനത്തിന്റെ വക്താക്കളായി സി.പി.എം മാറിയിരിക്കുന്നു. കിഫ്ബി മുതല്‍ ഈസ് ഓഫ് ഡൂയിങ് ബിസിനിസ് സൂചികയിലുള്ള ഭ്രമം വരെ എത്രയോ ഉദാഹരണമായി കാണക്കാക്കാം. സ്വകാര്യ വിദേശ സര്‍വകലാശാലകളോട് ഭരണത്തിലെത്തുമ്പോഴുള്ള സമീപനത്തില്‍നിന്നും ഇതൊക്കെ മനസ്സിക്കാന്‍ കഴിയും. അടിസ്ഥാന തൊഴിലാളി സമരങ്ങളോടുള്ള നിലപാട് എന്താണെന്നത് ആശ സമരത്തില്‍ കണ്ടുകൊണ്ടിരിക്കുന്നു. ഒരു തൊഴിലാളി വര്‍ഗ പാര്‍ട്ടിയായി നിലനില്‍ക്കുമ്പോഴും ജീവിക്കാനുള്ള ജോലി ചെയ്യുന്നവര്‍ നടത്തുന്ന സമരത്തില്‍ കുപ്രസിദ്ധ വിമോചന സമരത്തിന്റെ സൂചനകള്‍ കാണേണ്ടി വരുന്നത് വിപ്ലവ പാര്‍ട്ടിയുടെ സംഘടന രൂപത്തിനുള്ളില്‍നിന്നുകൊണ്ടുതന്നെ, ഭരണം കിട്ടുമ്പോഴൊക്കെ വ്യവസ്ഥിതിയുടെ നടത്തിപ്പുകാരായി മാറുന്നതുകൊണ്ടാണ്. ഇതൊരു വൈരുധ്യമാണ്. ഇതാണ് നേരത്തേ സൂചിപ്പിച്ച ഭരണവും സമരവുമെന്ന ലളിതവത്കരിച്ച രാഷ്ട്രീയ പ്രയോഗത്തിന്റെ വൈരുധ്യം.
ബദല്‍ രാഷ്ട്രീയത്തെയും വികസനത്തെയും കുറിച്ചു പറയുകയും മുഖ്യധാര വികസന സങ്കല്‍പത്തിന്റെ നടത്തിപ്പുകാരാവുകയും ചെയ്യുകയെന്നത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികാരമുള്ളിടങ്ങളില്‍ പ്രവര്‍ത്തിച്ചു കാണിച്ച ചരിത്രവസ്തുതകളാണ്. അടവുപരമായി നിലനില്‍ക്കുന്ന സംവിധാനത്തിന്റെ, വ്യവസ്ഥയുടെ ഭാഗമായി മാറുക, ആശയപരമായി സംവിധാനത്തെ മാറ്റിത്തീര്‍ക്കാന്‍ ലക്ഷ്യമിടുക എന്ന സങ്കീര്‍ണമായ രാഷ്ട്രീയ ലൈനാണ് സി.പി.എം സ്വീകരിച്ചത്. പ്രതീക്ഷയുടെയും വിമര്‍ശനത്തിന്റെയും അമിതഭാരം ഈ പാര്‍ട്ടിക്ക് ചുമക്കേണ്ടി വരുന്നത് ഈ ഒരു ‘വിപ്ലവ’ വ്യക്തിത്വം കൊണ്ടുകൂടിയാണ്.
നവ ഉദാരവത്കരണത്തെ എതിര്‍ക്കുക, അധികാരമുള്ളിടത്ത് അതിന്റെ നടത്തിപ്പുകാരാവുക എന്ന അവസ്ഥ. അത് രാഷ്ട്രീയ കാപട്യമൊന്നുമല്ല, മറിച്ച് ഒരു പ്രായോഗിക പ്രതിസന്ധിയുടെ ഉൽപന്നമാണ്. എന്നാല്‍, ഇതിനെ ആശയപരമായ പൊരുത്തക്കേടായി കണ്ടുള്ള വിമര്‍ശനമാണ് പലരീതിയില്‍ സി.പി.എം ഓഡിറ്റ് ചെയ്യപ്പെടാനുള്ള പ്രധാന കാരണം. ഇത്തരം അധിക ബാധ്യതകള്‍ കോണ്‍ഗ്രസുപോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കില്ല. രൂപത്തില്‍ വിപ്ലവ പാര്‍ട്ടിയും നടപ്പില്‍ വ്യവസ്ഥയുടെ സംരക്ഷകരാകുകയും ചെയ്യേണ്ടിവരുന്ന അവസ്ഥ, അങ്ങനെ ഇരട്ട ജീവിതം തുടരുന്നതിന്റെ പ്രതിസന്ധികളാണ് മറ്റൊരർഥത്തില്‍ സി.പി.എം പോലുള്ള മുഖ്യധാര കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേരിടുന്നത്.

സി.പി.എമ്മില്‍ പുതിയ നേതൃത്വം വന്നാല്‍ വലിയ നയം മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. പതിറ്റാണ്ടുകളായി ഒരേ മട്ടില്‍ ആവര്‍ത്തിക്കുന്ന രാഷ്ട്രീയ വിശകലനങ്ങള്‍ക്ക് ശേഷവും നിരന്തരമായ തിരിച്ചടികള്‍ സി.പി.എം നേരിട്ടുകൊണ്ടിരിക്കുന്നു. തെറ്റുതിരുത്തല്‍ പ്രഖ്യാപനങ്ങള്‍ ഇടവിട്ട് സമയങ്ങളില്‍ ആവര്‍ത്തിച്ചിട്ടും ‘തെറ്റു’കള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഈ തനിയാവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്താനുള്ള തുറന്ന സമീപനങ്ങള്‍ ഉണ്ടാകുമോ എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. അതിനുള്ള രാഷ്ട്രീയ സത്യസന്ധതയിലേക്ക് പാര്‍ട്ടിയെ നയിക്കാന്‍ പുതിയ നേതൃത്വത്തിന് കഴിയുമോ എന്നതാണ് പ്രധാനം. അവിടെയാണ് നേരത്തേ സൂചിപ്പിച്ച ‘വിപ്ലവ വ്യക്തിത്വം’ ഒരു പ്രശ്‌നമായി വരുന്നത്.
ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ മുന്നണി പോരാളിയെന്നും തൊഴിലാളി വര്‍ഗ സര്‍വാധിപത്യ സ്ഥാപനത്തിലൂടെ സോഷ്യലിസം നടപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സി.പി.എമ്മിന്റെ പാര്‍ട്ടി ഭരണഘടന പറയുന്നു. പാര്‍ട്ടി പരിപാടിയില്‍ സോവിയറ്റ് യൂനിയനടക്കം തകര്‍ന്നതിനെ കുറിച്ച് പറയുന്ന കാര്യങ്ങളും പ്രസക്തമാണ്. സാമ്പത്തിക നയങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയാത്തത്, പാര്‍ട്ടിയെയും ഭരണകൂടത്തെയും കുറിച്ചുള്ള തെറ്റായ സങ്കല്‍പങ്ങള്‍, പാര്‍ട്ടിയില്‍ ജനാധിപത്യം നടപ്പിലാക്കാത്തത്, ഉദ്യോഗസ്ഥ മേധാവിത്വ സമീപനം, പ്രത്യയശാസ്ത്ര ബോധമില്ലായ്മ എന്നിവ തകര്‍ച്ചയുടെ കാരണങ്ങളായി കണ്ടെത്തുകയും ചെയ്യുന്നുണ്ട്. പ്രത്യയശാസ്ത്ര അവബോധം ആവശ്യത്തിനില്ലാത്തതിനെക്കുറിച്ചും ഉദ്യോഗസ്ഥ മേധാവിത്വ സമീപനത്തെക്കുറിച്ചുമെല്ലാം സി.പി.എംതന്നെ സ്വയംവിമര്‍ശനവും നടത്തിയിട്ടുണ്ട്.
നവ ഫാഷിസ്റ്റ് പ്രവണതകള്‍ കാണിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ രൂക്ഷമായ രാഷ്ട്രീയ പ്രതിരോധം പണിയുന്നതിന് സി.പി.എം അതിന്റെ പരിപാടിയിലെ കാല്‍പനികത ഉപേക്ഷിക്കുകയാണ് വേണ്ടത്. സ്വയം ഏറ്റെടുത്ത മുന്നണി പോരാളി പദവിയും തൊഴിലാളിവര്‍ഗ സര്‍വാധിപത്യ സങ്കല്‍പവും സമകാലിക യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള സുതാര്യമായ ചര്‍ച്ചകളിലേക്ക് പാര്‍ട്ടിയെ നയിക്കാന്‍ പുതിയ നേതൃത്വത്തിന് സാധിക്കുമോ എന്നതാണ് പ്രധാനം. ആ ചര്‍ച്ചകളിലൂടെ, ഒരേസമയം വിപ്ലവ പരിപാടി കൈയില്‍ പിടിച്ച് വ്യവസ്ഥിതി സംരക്ഷകരായി നടക്കേണ്ടിവരുന്ന പ്രതിസന്ധി മറികടക്കാന്‍ അതുവഴി സി.പി.എമ്മിന് കഴിഞ്ഞേക്കും. മുന്നില്‍ വാ പിളര്‍ന്നുനില്‍ക്കുന്ന ഭീഷണിയെ കുറച്ചുകൂടി യഥാർഥമായി കാണാനും, പ്രായോഗികമായ പ്രതിരോധത്തെക്കുറിച്ച് ആലോചിക്കാനുമുള്ള രാഷ്ട്രീയ വഴിയും അത്തരം അന്വേഷണത്തിലൂടെയാവും ചിലപ്പോള്‍ തെളിഞ്ഞുവരുക.