Begin typing your search above and press return to search.
proflie-avatar
Login

റാപ്പിൽ വേടൻ തീർക്കുന്ന പ്രതിസംസ്കാര മണ്ഡലം

റാപ്പിൽ വേടൻ തീർക്കുന്ന പ്രതിസംസ്കാര മണ്ഡലം
cancel

വേട​ന്റെ റാപ്പിനെ വിശകലനംചെയ്യുകയാണ്​ സംഗീതജ്ഞനും സംഗീതനിരൂപകനുമായ ലേഖകൻ. എന്തുകൊണ്ടാണ്​ വേടന്​ ജാതിമത ഭേദങ്ങൾക്കപ്പുറത്ത്​ സ്വീകാര്യത? റാപ് അതിൽ എന്തു പങ്കാണ്​ വഹിക്കുന്നത്​? എന്തുകൊണ്ടാണ്​ വേടന്​ നേരെ എതിർപ്പുകൾ? ഈ അടുത്തു നടന്ന ഒരു അഭിമുഖത്തിൽ ‘‘പത്തു തല’’ എന്ന തന്റെ പുതിയ പാട്ടിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി വേടൻ പറഞ്ഞത് ‘‘ഈ പാട്ടിറങ്ങിയാൽ അവരെന്നെ വെടി​െവച്ചു കൊല്ലും’’ എന്നാണ്. ആ പാട്ടിലെ രാഷ്ട്രീയം കാരണം ഇത് സംഭവിക്കുമെന്നതിനെക്കാൾ വേറെ ഒരു കാര്യമാണ് അത് പ്രകടിപ്പിക്കുന്നത് എന്ന് തോന്നുന്നു. അന്തർ ദേശീയ റാപ് മണ്ഡലത്തിന്റെ ഭാഗമായി സ്വയം അടയാളപ്പെടുത്തുന്ന...

Your Subscription Supports Independent Journalism

View Plans
വേട​ന്റെ റാപ്പിനെ വിശകലനംചെയ്യുകയാണ്​ സംഗീതജ്ഞനും സംഗീതനിരൂപകനുമായ ലേഖകൻ. എന്തുകൊണ്ടാണ്​ വേടന്​ ജാതിമത ഭേദങ്ങൾക്കപ്പുറത്ത്​ സ്വീകാര്യത? റാപ് അതിൽ എന്തു പങ്കാണ്​ വഹിക്കുന്നത്​? എന്തുകൊണ്ടാണ്​ വേടന്​ നേരെ എതിർപ്പുകൾ?

ഈ അടുത്തു നടന്ന ഒരു അഭിമുഖത്തിൽ ‘‘പത്തു തല’’ എന്ന തന്റെ പുതിയ പാട്ടിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി വേടൻ പറഞ്ഞത് ‘‘ഈ പാട്ടിറങ്ങിയാൽ അവരെന്നെ വെടി​െവച്ചു കൊല്ലും’’ എന്നാണ്. ആ പാട്ടിലെ രാഷ്ട്രീയം കാരണം ഇത് സംഭവിക്കുമെന്നതിനെക്കാൾ വേറെ ഒരു കാര്യമാണ് അത് പ്രകടിപ്പിക്കുന്നത് എന്ന് തോന്നുന്നു. അന്തർ ദേശീയ റാപ് മണ്ഡലത്തിന്റെ ഭാഗമായി സ്വയം അടയാളപ്പെടുത്തുന്ന ഒട്ടേറെ കാര്യങ്ങൾക്കൊപ്പമായിരിക്കാം വേടൻ ഇത് പറയുന്നത്. അല്ലെങ്കിൽ നമ്മുടെ ചിന്തയിലേക്ക് കടന്നുവരുന്നത്. റാപ്പിന്റെ സംഗീതമണ്ഡലം അത്തരത്തിൽ ഒന്നാണ്. സംഗീതവും അഭൂതപൂർവമായ ഫാൻസും അക്രമവും ഗുണ്ടാ പക, ലൈംഗികതയും ‘അശ്ലീല’ഭാഷയും, മയക്കുമരുന്നും രാഷ്ട്രീയവും എല്ലാം അതിൽ വരുന്നുണ്ട്. ഒന്നിനും പിടികൊടുക്കാത്ത, കൂസാക്കാത്ത, തകിടംമറിക്കുന്ന ഒരു സാംസ്കാരിക സ്വഭാവം അതിനുണ്ട്. മുഖ്യധാരാ സദാചാര സങ്കൽപങ്ങളോ മാന്യതാ ബോധമോ അത് കൂസാക്കുന്നില്ല.

അതുപോലെ രാഷ്ട്രീയ ശരി എന്നതും നിർബന്ധമല്ല. വേടൻ പറഞ്ഞതിലേക്ക് വരാം. ധാരാളം റാപ്പർമാർ കൊലചെയ്യപ്പെട്ടിട്ടുണ്ട്. വെടിയേറ്റ് മരിച്ചവർ ധാരാളം. റ്റുപാക് ശുകൂർ, നോട്ടോറിയസ് ബിഗ് അതിൽ ചിലരാണ്. ഇവർ തമ്മിലുള്ള വൈരം വളരെ പ്രസിദ്ധമാണ്. നെറ്റ്ഫ്ലിക്സിൽ ഒരു സീരീസ് (Unsolved: The Murders of Tupac and the Notorious B.I.G) തന്നെയുണ്ടായിരുന്നു ഇവർ തമ്മിലുള്ള വൈരത്തെ കുറിച്ച്. അമേരിക്കയിലെ റാപ്പിലെ ഈസ്റ്റ് സൈഡ്, വെസ്റ്റ് സൈഡ് വൈരമാണ് ഇവർ തമ്മിലുള്ള വൈരത്തിനും ആക്രമണങ്ങൾക്കും കാരണം. അവർ വെടി​െവച്ച് കൊല്ലും എന്ന് പറയുമ്പോൾ റാപ് സംഗീത മണ്ഡലത്തിലെ ഈ ഒരു സ്വഭാവവിശേഷത്തെ ആവില്ലേ ധ്വനിപ്പിക്കുന്നത്?

വേടന്റെ സംഗീതത്തിലേക്ക് കടക്കുന്നതിനു മുമ്പ് ആലോചിക്കാവുന്ന ഒന്നാണ് അന്താരാഷ്ട്ര റാപ് മണ്ഡലത്തിലെ ചിഹ്നങ്ങളെ സ്വീകരിക്കുകയും അനുകരിക്കുകയുംചെയ്യുന്നത്. റാപ്പർമാർ ഫാഷന്റെ കാര്യത്തിൽ വളരെ ശ്രദ്ധിക്കുന്നവരാണ്. വേടന്റെ വേഷവും സ്റ്റേജിലെ അവതരണവും അത്തരത്തിലുള്ള ഒന്നാണ്. റാപ്പർമാർ പല നിറത്തിലുള്ള വേഷങ്ങൾ ധരിക്കാറുണ്ടെങ്കിലും വേടൻ കറുപ്പാണ് ധരിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ബാഗി പാന്റും മാലയും എല്ലാം അന്താരാഷ്ട്ര റാപ്പർമാരെ ഓർമിപ്പിക്കും. ഭാഷാപ്രയോഗം ശ്രദ്ധിച്ചാലും ഇത് കേൾക്കാം. ‘‘നീ തമ്പുരാനുമല്ല, ആണെങ്കിൽ ഒരു മയിരുമില്ല’’ എന്നു പാടുന്നത് തന്നെ റാപ്പിന്റെ ഭാഷ ഒരു ശുദ്ധമായ ‘സഭ്യമായ’ നിഷ്കർഷ പാലിക്കുന്നില്ല എന്നു വ്യക്തമാണ്. ഇദ്ദേഹത്തിനെതിരെ ഉയർന്നുവന്ന മയക്കുമരുന്ന് ആരോപണം വ്യാജമായിരുന്നെന്ന് സർക്കാറിന്റെ തന്നെ തുടർ പ്രവർത്തനങ്ങളിൽനിന്നും വ്യക്തമായിരുന്നു. അദ്ദേഹത്തിനെതിരെ പക പോക്കുന്ന പ്രവർത്തനങ്ങളായിരുന്നു തുടർന്നുണ്ടായ പുലിനഖ വിവാദവും.എന്നാൽ, ഈ സമയം വേടനെ പിന്തുണച്ചു വന്നവർ സ്വീകരിച്ച ഒരു നിലപാടാണ് പ്രശ്നമായി തോന്നിയത്. ‘‘വേടാ തിരിച്ചുവരൂ’’ എന്നതായിരുന്നു ഒരു പ്രധാന മുദ്രാവാക്യം. അതുകൊണ്ട് ഉദ്ദേശിച്ചത് മയക്കുമരുന്നിന്റെ ലോകത്തുനിന്നും സംഗീതത്തിന്റെ മേഖലയിലേക്ക് മടങ്ങിവരൂ എന്നായിരുന്നു. ‘അശുദ്ധി’യുടെയും ‘അസാന്മാർഗിക’ ലോകത്തുനിന്നും ശുദ്ധിയുടെ ലോകത്തേക്ക് മടങ്ങിവരുക എന്ന്. ഇതിൽ ശുദ്ധ സംഗീത വ്യവഹാരത്തിന്റെയും സദാചാര ആശങ്കകളുടെയും പ്രശ്നം ഉൾച്ചേർന്നിട്ടുണ്ട്. വേടനെ പിന്തുണക്കണമെങ്കിൽ മുഖ്യധാരാ സദാചാര മര്യാദകൾ അയാൾ പാലിക്കണമെന്ന ഒരു ശാഠ്യം അതിലുണ്ട്. കർണാടക സംഗീതംപോലുള്ള ‘ശാസ്ത്രീയ’സംഗീത മണ്ഡലം ഒരു ‘ശുദ്ധ’മായ ‘സഭ്യമായ’ സംസ്കാരം അവകാശപ്പെടാറുണ്ട്.

അത് അതിന്റെ ചരിത്രത്തിൽനിന്നും കൊഴിച്ചു കളയാൻ ശ്രമിക്കുന്ന ദേവദാസി വ്യവസ്ഥയുമായുള്ള ബന്ധത്തിന്റെ ‘നാണക്കേടിൽ’നിന്നും ഉയരുന്ന ഒന്നുകൂടിയാണ്. കർണാടക സംഗീതജ്ഞരെ കുറിച്ച് ഈ ആശങ്കകൾ കാണാറില്ല. എന്നാൽ, കേരളത്തിലെ പൊതു വ്യവഹാരത്തിൽ പാശ്ചാത്യ സംഗീതജ്ഞരെ കുറിച്ച ധാരാളം മുൻധാരണകൾ നിലനിൽക്കുന്നുണ്ട്. സിനിമകളിലും സാഹിത്യത്തിലും കാർട്ടൂൺ പംക്തികളിലും പാശ്ചാത്യ സംഗീതജ്ഞരെ കഞ്ചാവടിച്ചു കിറുങ്ങി നടക്കുന്നവരായും അപഹാസ്യരായും വഴിതെറ്റിയവരായും അവതരിപ്പിക്കുന്നുണ്ട്. ടോംസിന്റെ ‘ബോബനും മോളി’യിലുമുള്ള അപ്പിഹിപ്പി എന്ന കഥാപാത്രം ഒരുദാഹരണമാണ്. 1979ൽ ഇറങ്ങിയ ‘ശങ്കരാഭരണ’ത്തിലും തെറ്റായ സ്വാധീനത്തിൽപെട്ടവരായും കോമാളികളായും അവതരിപ്പിക്കപ്പെടുന്ന പോപ് ഗായകരുണ്ട്. ഇതേപോലെ ഒരു ശുദ്ധിയുടെ മണ്ഡലത്തിലേക്കാണ് വേടനെ ചിലർ മടക്കി കൊണ്ടുവരാൻ ശ്രമിക്കുന്നത്. യുവാക്കളിലെ സാംസ്കാരികമായ സ്വാധീനങ്ങളെ കുറിച്ചുള്ള ആശങ്കകളും ‘‘മടങ്ങി വരൂ’’ എന്ന മുദ്രാവാക്യത്തിൽ മുഴങ്ങുന്നുണ്ട്.

വേടനെ മയക്കുമരുന്ന് കേസിൽ കുടുക്കുന്നതിന്റെ പിന്നിലെ ദലിത് വിരുദ്ധതക്കപ്പുറം പോപുലർ സംഗീത സംസ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇവിടെ ഉയരുന്നുണ്ട്. നേരത്തേ സൂചിപ്പിച്ചപോലെ റാപ് സംഗീതത്തിന്റെ ലോകം സഭ്യമായ, ശുദ്ധമായ ഒരു സാംസ്കാരിക വ്യവഹാരത്തിൽ ഒതുങ്ങിനിൽക്കുന്നില്ല. പാശ്ചാത്യ സംഗീതരംഗത്തെ കുറിച്ചുള്ള മുൻധാരണകളെ ‘അലമ്പാക്കുന്ന’ സമീപനമാണ് അതിനുള്ളത്. ‘‘അങ്ങനെതന്നെയാണ് എന്താ കുഴപ്പം’’ എന്നൊരു സമീപനമാണ് അത് സ്വീകരിക്കുന്നത്. സഭ്യം/ അസഭ്യം, ശുദ്ധം/അശുദ്ധം തുടങ്ങിയവ തമ്മിലുള്ള അതിരുകൾ അതിനില്ല. അന്താരാഷ്ട്ര റാപ്പിന്റെ ലോകത്ത് മയക്കുമരുന്നും അക്രമവും രാഷ്ട്രീയവും എല്ലാം ഉണ്ട്. വേടൻ ഈ പ്രശ്നങ്ങൾ നേരിടുന്നത് റാപ് എന്ന സംഗീതമേഖലയിൽ നിൽക്കുന്നതുകൊണ്ടാണ്. കർണാടക സംഗീത മേഖലയിലുള്ള വ്യക്തികളുടെ വ്യക്തിപരമായ ഇത്തരം കാര്യങ്ങൾ ചർച്ചചെയ്യപ്പെടാറില്ലല്ലോ. എസ്.പി. ബാലസുബ്രഹ്മണ്യം പറഞ്ഞ ഒരു രസകരമായ കഥയുണ്ട്. ഡൽഹിയിൽ ‘ശങ്കരാഭരണ’ത്തിന്റെ സ്ക്രീനിങ് കഴിഞ്ഞു പുറത്തേക്ക് വന്ന പ്രേക്ഷകർ കണ്ടത് വെള്ള ഷർട്ടും പാന്റും ഇട്ടു സിഗരറ്റ് വലിച്ചു നിൽക്കുന്ന ശങ്കരശാസ്ത്രികളെ ആണ്!

സിനിമയിലെ പ്രധാന കഥാപാത്രമായ ശങ്കരശാസ്ത്രികളായി വേഷമിട്ട സോമയാജുലു സർക്കാർ ജോലിയിൽനിന്നും വിരമിച്ച ആളായിരുന്നു. സിഗരറ്റ് വലിക്കുന്ന ശീലമുണ്ടായിരുന്നു. എന്നാൽ സിനിമയിലെ ശങ്കരശാസ്ത്രികൾ കർണാടക സംഗീതത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞു​െവച്ച ഒരു പരമ്പരാഗത രീതിയിൽ ജീവിക്കുന്ന വ്യക്തിയാണ്. അദ്ദേഹം സിഗരറ്റ് വലിച്ചു നിൽക്കുന്നതുപോലും ആരാധകർക്ക് സഹിക്കുന്നില്ല. സിനിമയിലെ ഒരു രംഗം തന്നെ ‘പാശ്ചാത്യ ദുഃസ്വാധീനത്തിൽ’ പെട്ടുപോയ യുവാക്കളെ ഉപദേശിക്കുന്നതാണ്. എന്നാൽ, ഇവിടെ വേടനെ മയക്കുമരുന്നിന്റെ പേരിൽ വേട്ടയാടാൻ പറ്റുന്നത് ഈ സംഗീതഗണം ആയതുകൊണ്ടാണ്. ഇദ്ദേഹത്തിന്റെ അഭൂതപൂർവമായ ആരാധകവൃന്ദം ഭരണാധികാരികളെ ആശങ്കാകുലരാക്കുന്നുണ്ട്. അതാണ് വേട്ടയാടലിനു പ്രേരിപ്പിക്കുന്നത്.

 

വേടന്റെ ഓറ

വേടന്റെ സംഗീതപരിപാടികളിലും പൊതു ഇടങ്ങളിലും ആരാധകർ ഇളകിമറിയുന്നത് കാണാം. ഈ ആരാധനയെ രാഷ്ട്രീയത്തിന്റെ സ്വാധീനമായി മാത്രം കാണാൻ കഴിയുമോ? വേടന്റെ രാഷ്ട്രീയത്തോടുള്ള ആരാധന മാത്രമാണോ ഇത്? വ്യത്യസ്ത ജാതികളിലും മതസമുദായങ്ങളിലുംപെട്ടവർ ഇദ്ദേഹത്തിന്റെ ആരാധകരാണ്. ഇദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ അംഗീകരിക്കാത്തവരും ഇതിൽപെടും. എങ്ങനെയാണ് ഇതിനെ വിശദീകരിക്കുക?ഇവിടെയാണ് പോപുലർ മ്യൂസിക് പ്രത്യേകിച്ച് റാപ് എന്ന സംഗീതഗണത്തിന്റെ ആസ്വാദനത്തിന്റെ തലം വരുന്നത്. ഒരു റാപ്പർ എന്നനിലയിലുള്ള ധാരാളം ആരാധകർ വേടനുണ്ട്. ഒരു സംഗീതരൂപത്തോടുള്ള താൽപര്യംകൂടിയാണത് –ഒരു ദലിത് സംഗീതജ്ഞൻ എന്നതിനപ്പുറം യുവാക്കളുടെ വിധ്വംസകമായ ഒരു കൂട്ടായ്മയുടെ ഭാഗംകൂടിയാണ്. ഒരു കളത്തിൽ ഒതുങ്ങിനിൽക്കുന്ന ദലിത് ഐഡന്റിറ്റിയല്ല അദ്ദേഹത്തിനുള്ളത്. ഒരുതരത്തിൽ സംസ്കാരത്തിന്റെ ഒരു ദലിത്​വത്കരണവും അദ്ദേഹം ചെയ്യുന്നുണ്ട്. എങ്ങനെയാണ് ഈ വൈവിധ്യം നിറഞ്ഞ ആരാധകരുടെ മുന്നിൽ അയ്യൻകാളിയെ കുറിച്ച് പാടുന്നത്. റാപ് എന്ന സംഗീതഗണത്തോടുള്ള ആരാധനയുമാവാം അത് സാധ്യമാക്കുന്നത്. ഇത് ഒരു തിരിച്ചിടലാണ്. സാധാരണ സാംസ്കാരിക മേഖല സവർണവത്കരിക്കപ്പെടുന്നു എന്നാണ് പറയാറ്. എന്നാൽ, ഇവിടെ അത് നേരെ വിപരീതമായ ഒരു പാതയാണ് വെട്ടുന്നത്. മുഖ്യധാരയുടെ ഒത്ത നടുവിൽതന്നെ ഒരു പ്രതി സംസ്കാര മണ്ഡലം അത് തുറക്കുന്നു.

റാപ് എന്ന സംഗീതഗണം

വേടനെ കുറിച്ചുള്ള അഭൂതപൂർവമായ എഴുത്തുകൾ അടുത്തകാലത്ത് കണ്ടു. ഇവയിൽ മിക്കതിന്റെയും പ്രധാനപ്രശ്നം എഴുത്തും കവിതയുമായി വേടന്റെ പാട്ടുകളെ ചുരുക്കി എന്നുള്ളതാണ്. റാപ് എന്ന സംഗീതഗണത്തിന്റെ ഉള്ളിൽനിന്നുകൊണ്ട് മനസ്സിലാക്കപ്പെട്ടില്ല. വാക്കുകളുടെ അർഥം മാത്രമാണ് ശ്രദ്ധനേടിയത്. റാപ്പിൽ പ്രധാനപ്പെട്ട ഒന്ന് സ്വരാക്ഷരം (syllable) ആണ്. സ്വരാക്ഷരങ്ങൾ സൃഷ്ടിക്കുന്ന ശബ്ദങ്ങളാണ് റാപ്പിന്റെ താളവും ഫ്ലോയും (റാപ് ചെയ്യുന്ന ഈണം) ഉണ്ടാക്കുന്നത്. ഇവിടെ റാപ്പിന്റെ പൊതുവായ ഘടനാപരമായ സവിശേഷതകൾ അറിഞ്ഞിരിക്കുന്നത് ഗുണകരമായിരിക്കും. വേഗത്തിൽ വാക്കുകൾ പറയുന്നതല്ല റാപ്. എന്നാൽ ബീറ്റ് അനുസരിച്ച് പലതരം പ്രാസരീതികൾ (rhyming schemes) ഉപയോഗിച്ച് വ്യത്യസ്ത ഫ്ലോകളിൽ പാടുന്നവയാണ്. പ്രത്യക്ഷത്തിൽ പ്രാസം തോന്നാത്തവപോലും പാടുന്നതിലൂടെയാണ് പ്രാസത്തിൽ ആക്കപ്പെടുന്നത്. എമിനെം എന്ന ആഗോള പ്രശസ്ത റാപ്പർ ഈ കാര്യത്തിൽ വിദഗ്ധനാണ്.

സമകാലിക റാപ്പിൽ വളരെ സങ്കീർണമായ തരത്തിലുള്ള പ്രാസരീതികളുണ്ട്. end rhyme scheme, multi syllable rhyming, internal rhyming ,slant rhyming എന്നിങ്ങനെ വിവിധ പ്രാസ പദ്ധതികളുണ്ട്. അന്ത്യപ്രാസം, ആന്തരിക പ്രാസം, ബഹു സ്വരാക്ഷര പ്രാസം എന്നിങ്ങനെ. വരികളുടെ അവസാനം വരുന്ന പ്രാസത്തെ അന്ത്യപ്രാസം എന്നു പറയുമ്പോൾ വരികൾക്കിടയിൽ പലയിടത്തായി പ്രാസം വരുന്നതിനെ ആന്തരികപ്രാസം എന്നു പറയുന്നു. വാക്കുകളുടെ സ്വരാക്ഷരങ്ങളെ പല ഭാഗങ്ങളായി മുറിച്ച് അതിനനുസരിച്ച് വിവിധ ഇടങ്ങളിൽ പ്രാസം സൃഷ്ടിക്കുന്ന ഒരു രീതിയുണ്ട്. ശബ്ദമാണ് ഇവിടെ പ്രധാനമായി വരുന്നത്. വേടന്റെ വരികൾ കുറെയൊക്കെ ലളിതമായ പ്രാസ പദ്ധതികളാണ് ഉപയോഗിക്കുന്നത്. അദ്ദേഹത്തിന്റെ ‘മോന ലോവ’യിൽ ആന്തരിക പ്രയാസം ഉണ്ട്. ‘കള്ളി’ക്കാട്ടിലെ ‘മുള്ളു’പോലെ ഉരുത്തി പോലെ. ഇവിടെ ഓർക്കേണ്ട ഒരു കാര്യം ലോകത്തെ ഏത് സംഗീതഗണം പോലെ റാപ്പിനും ഉപഗണങ്ങൾ (sub genres) ഉണ്ട്. ഗ്യാൻസ്റ്റർ റാപ്,...ബൂം ബാപ്, ഡ്രിൽ, ഓൾഡ് സ്കൂൾ ഹീപ് ഹോപ്, ഈസ്റ്റ് സൈഡ് റാപ്, പോപ് റാപ്, ജാസ് റാപ് ഇങ്ങനെ പതിനഞ്ചിലധികം റാപ് ഉപഗണങ്ങൾ നിലവിലുണ്ട്.

വേടൻ കറതീർന്ന റാപ് സൃഷ്ടിക്കാനല്ല ശ്രമിക്കുന്നത്. മറിച്ച് ഒരു പ്രാദേശിക വകഭേദംകൂടി സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. വേടൻ അത്തരത്തിൽ ഒരു മലയാളീകരിച്ച ഒരു റാപ് ശൈലിയാണ് ഉപയോഗിക്കുന്നത് എന്നു തോന്നുന്നു. സങ്കീർണമായ പ്രാസ പദ്ധതികളോ ഫ്ലോകളോ സൃഷ്ടിക്കാതെ ഇവിടത്തെ സംഗീത ജനപ്രിയശൈലികളോട് നേരിട്ട് ഇടയാത്ത ഒരു രീതിയാണ് സ്വീകരിക്കുന്നത്. സിനിമയിൽ ഇദ്ദേഹത്തിന്റെ പാട്ടുകൾ സ്വീകാര്യമാവുന്നതും ഗാനമേളകളിൽ ‘‘കടലമ്മ കരഞ്ഞല്ലേ പെറ്റതു’’ എന്ന പാട്ട് മറ്റു ഗായകർ പാടുന്നതും അതുകൊണ്ടാവാം. കോറസിലും മറ്റും സ്വീകരിക്കുന്ന മെലഡിക് പാറ്റേൺ സിനിമ പാട്ടുകൾക്ക് സമാനമായതാണ്. ‘‘കടലമ്മ കരഞ്ഞല്ലേ പെറ്റതു’’ എന്ന പാട്ട് ഉദാഹരണമാണ്. അതിന്റെ റാപ് ഭാഗമാണ് വേറിട്ടുനിൽക്കുന്നത്.

പല എഴുത്തുകളും ഊന്നുന്ന റാപ്പിന്റെ ഉത്ഭവവും വളർച്ചയെക്കാളും ഇവിടെ പ്രധാനം വേടൻ എങ്ങനെയാണ് ഈ അന്തർദേശീയ സംഗീതഗണത്തിന്റെ ലോകത്തോട് ഇടപെടുന്നത് എന്നതാണ്. അതിലൂടെ എങ്ങനെയാണ് ഇവിടെ ഒരു പുതിയ സംഗീത/ സാംസ്കാരിക ആന്തരീക്ഷം സൃഷ്ടിക്കുന്നത് എന്നതാണ് ശ്രദ്ധ അർഹിക്കുന്നത്. കേരളത്തിൽ റാപ് തരംഗം ഉയർന്നുവരുന്നത് ഒട്ടേറെ റാപ്പർമാരുടെ ഇടപെടലിൽകൂടിയാണ്. ഫെജോ, തിരുമാലി, ഡാബ്സി, ബേബി ജീൻ തുടങ്ങി ഒട്ടേറെ പേരുണ്ട്. ഇതിൽ അന്താരാഷ്ട്ര തലത്തിൽ പെ​െട്ടന്ന് ശ്രദ്ധ നേടിയത് ഹനുമാൻ കൈൻഡ് ആണ്. ഹനുമാൻ കൈൻഡിന്റെ ബിഗ് ഡാഗ്സ് ബിൽബോർഡ് ചാർട്ടിൽ ഒമ്പതാം സ്ഥാനത്ത് എത്തി സംഗീതലോകത്തെ ഞെട്ടിച്ചു. അദ്ദേഹത്തിന്റെ വൈവിധ്യമായ ഫ്ലോകൾ, പ്രാസ ശൈലികൾ ചർച്ച ചെയ്യപ്പെട്ടു. ഈ ഒരു അന്തരീക്ഷത്തിലാണ് വേടൻ തന്റെ വ്യത്യസ്തമായ ശൈലികൊണ്ടും രാഷ്ട്രീയത്തിന്റെ സവിശേഷതകൊണ്ടും ശ്രദ്ധേയമായത്. എങ്ങനെയാണ് ഈ ഒരു റാപ് തരംഗം കേരളത്തിൽ സൃഷ്ടിക്കപ്പെട്ടത്?

 

ടെക്നോളജിയും റാപ്പും

ടെക്നോളജി അതിൽ ഒരു നിർണായക പങ്ക് വഹിക്കുന്നുണ്ട്. ചരിത്രപരമായി പാശ്ചാത്യസംഗീതത്തിന് കേരളത്തിൽ ഉണ്ടായിരുന്ന സ്വാധീനം വിലയിരുത്തുമ്പോൾ വേടന്റെ കാലത്ത് അതിനുണ്ടായ ഒരു വ്യത്യാസം മനസ്സിലാക്കാൻ കഴിയും. പാശ്ചാത്യ സംഗീതത്തിന് കേരളത്തിൽ വളരെ സ്വാധീനമുണ്ടായിരുന്നു. റോക് ആയിരുന്നു പ്രാധാന്യം. പോപ് മ്യൂസിക്കും വളരെ സ്വാധീനം നേടിയിരുന്നു. വേടന്റെ കാലത്തെ സംഗീത സ്വാധീനത്തെ വേറെ രീതിയിലാണ് കാണേണ്ടത്. പണ്ട് കാസറ്റും എം.ടി.വിയും ആയിരുന്നെങ്കിൽ ഇന്ന് ഇന്റർനെറ്റ് ആണ്. എൺപതുകളിലും തൊണ്ണൂറുകളിലും കേരളത്തിൽ നിലനിന്നിരുന്ന റോക് ബാൻഡ് സംസ്കാരത്തെ കുറിച്ച് മുന്പ് എഴുതിയിട്ടുണ്ട് (ജിപ്സികളും നൊമാടുകളും: അടിപൊളി സംഗീതത്തിന്റെ ഭൂതകാലങ്ങൾ, –കേൾക്കാത്ത ശബ്ദങ്ങൾ 2018). അക്കാലത്തെ പാശ്ചാത്യ സംഗീത സ്വാധീനത്തിൽനിന്നും വളരെ വ്യത്യസ്തമാണ് ഇന്നത്തെ റാപ് തരംഗം.

എഴുപതുകളുടെ അവസാനവും എൺപതുകളും കാസറ്റ് വിപ്ലവം (പീറ്റർ മാന്വൽ കാസറ്റ് കൾചർ: പോപുലർ മ്യൂസിക് ആൻഡ് ടെക്നോളജി ഇൻ നോർത്ത് ഇന്ത്യ എന്ന പുസ്തകത്തിൽ കാസറ്റ് സംസ്കാരത്തെ വിശദമായി പഠനവിധേയമാക്കിയിട്ടുണ്ട്). പോർട്ടബിൾ ടേപ് റെക്കോഡറുകൾ പ്രചാരത്തിലായതാണ് സംഗീതത്തിന്റെ പ്രചാരത്തെ അന്ന് വേഗത്തിലാക്കിയത്. എല്ലാ കാലത്തും ഇതേപോലെ സാങ്കേതികവിദ്യ പങ്കുവഹിക്കുന്നുണ്ട്. തൊണ്ണൂറുകളിൽ എം.ടി.വി ആയിരുന്നു പാശ്ചാത്യ സംഗീതബോധത്തെ മുന്നോട്ടു കൊണ്ടുപോയത്. ആദ്യം ദൂരദർശനിൽ എം.ടി.വി പ്രക്ഷേപണംചെയ്യപ്പെടുകയും പിന്നീട് സ്വകാര്യ ചാനലുകൾ സജീവമായപ്പോൾ ലോക സംഗീതത്തിന് ആരാധകരേറി. വേടന്റെ കാലത്തെ റാപ് ഉയർന്നുവരുന്നത് ഇന്റർനെറ്റിന്റെ സ്വാധീനത്തിലാണ്. അതിന് ഒരു വ്യത്യാസമുള്ളത് ഒരു ആഗോള സംഗീത അഭിരുചിയുടെ വികാസത്തിന്റെ ഭാഗമാണത്​.

ഇന്റർനെറ്റ് സംഗീത അഭിരുചികളെ മാത്രമല്ല സംഗീത സൃഷ്ടിയെയും സ്വാധീനിക്കുന്നുണ്ട്. പാശ്ചാത്യം എന്ന് അടയാളപ്പെടുത്തപ്പെട്ട സംഗീതം മാത്രമല്ല ഇന്ന് ആഗോളപ്രചാരം നേടിയത്. കിഴക്കനേഷ്യയിലെയും ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും പാട്ടുകൾ യുവാക്കൾക്ക് ഹരമായി മാറിയിട്ടുണ്ട്. ഫോൻക് (phonk), ഇ.ഡി.എം (ഇലക്ട്രോണിക് ഡാൻസ് മ്യൂസിക്) പോലുള്ള ഗണങ്ങൾ ഇവിടെ ആരാധകരെ നേടിയെടുത്തിട്ടുണ്ട്. അതേപോലെ ഈ അടുത്തകാലത്ത് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യപ്പെട്ട ‘Squid Games’ എന്ന വെബ് സീരീസിലെ ഗാനങ്ങൾ വൻ പ്രചാരം നേടി. അതേപോലെ കുട്ടികൾക്ക് വളരെ പ്രിയങ്കരമാണ് ഗെയിമുകളിലെ പാട്ടുകൾ. സംഗീത അഭിരുചികൾ മാറുന്നതിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പുതിയ ഗണങ്ങൾ ഉണ്ടായിവരുന്നുണ്ട്. ഈ ഒരു ആഗോള സംഗീത പരിസരത്തിലാണ് വേടൻ വരുന്നത്.

ഇവിടെ ടെക്നോളജിയുടെ വേറെയൊരു തലംകൂടി കാണേണ്ടതുണ്ട്. മ്യൂസിക് ടെക്നോളജിയുടെ വികാസമാണത്​. വി.എസ്. ടിയുടെ (വെർച്വൽ സ്റ്റുഡിയോ ടെക്നോളജി) വികാസം സംഗീത രചനയെ (മ്യൂസിക് പ്രൊഡക്ഷൻ) കൂടുതൽ സൃഷ്ടിപരവും ഒപ്പം കൈപ്പിടിയിലൊതുങ്ങുന്നതും ആക്കി. യുവ സംഗീതജ്ഞർക്ക് സാധ്യതകൾ അത് തുറന്നിട്ടു. ഹോം സ്റ്റുഡിയോ സംവിധാനങ്ങളും സംഗീതരചന ചെലവ് കുറഞ്ഞതാക്കി. അതുകൊണ്ടുതന്നെ സ്വതന്ത്ര സംഗീതമേഖല വികസിച്ചു. അതിൽ പ്രധാന പങ്കുവഹിച്ച ഒന്നു സ്പോട്ടിഫൈ പോലുള്ള സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും റെക്കോഡ് ലേബലുകളുമാണ്.

വേടന്റെ സമകാലിക സംഗീതം

വേടനെ കുറിച്ചുള്ള എഴുത്തുകൾ ധാരാളം ഉണ്ടായി. അവയിൽ ഏറ്റവും പ്രശ്നമുള്ളതായി തോന്നിയ രണ്ടു നിലപാടുകൾ ഇവിടെ സൂചിപ്പിക്കാം. അതിനെ ബോബ് മാർലിയുടെയും മറ്റും സംഗീത ചരിത്രത്തോടു ബന്ധപ്പെടുത്തിയുള്ള ഒന്നാണത്. രണ്ടാമത് സിനിമാപ്പാട്ടുകളുടെ ‘ലോല’വികാരങ്ങളുടെ വിപരീതമായും അതിനെ വ്യാഖ്യാനിക്കുന്നത് കണ്ടു. ഈ നിലപാടുകളുടെ പ്രശ്നം അവ സമകാലികമായ ഒരു പ്രതിഭാസമായി വേടന്റെ സംഗീതത്തെ കാണുന്നില്ല എന്നതാണ്. ഇദ്ദേഹത്തിന്റെ സംഗീതം ഒരു ആഗോള സംഗീത അഭിരുചിയോടാണ് ഇടപെടുന്നത്. നിലനിന്നിരുന്ന ഒരു സംഗീത സംസ്കാരത്തിന്റെ തുടർച്ചയല്ല മറിച്ച് ഒരു സ്ഫോടനംപോലെ ഒന്നാണ്. അതിന് ഒരു പൂർവ മാതൃകയില്ല. സമകാലിക റാപ് സംഗീതത്തോടാണ് അതിടപെടുന്നത്. രണ്ടാമത് സിനിമാ പാട്ടുകളെ കുറിച്ചുള്ള ആശങ്ക ‘പൈങ്കിളി’ വാരികകളോടുള്ള ഇടതുപക്ഷ ആശങ്ക പോലെയാണ് തോന്നുന്നത്. സിനിമാ പാട്ടുകൾക്ക് എതിരെ വേടന്റെ പാട്ടുകളെ പ്രതിഷ്ഠിക്കേണ്ട ആവശ്യം വരുന്നില്ല. അത് മറ്റൊരു ഇടപാടാണ്. സിനിമാ പാട്ടുകളെ പൂർണമായും തള്ളിക്കൊണ്ടല്ലല്ലോ ആസ്വാദകർ റാപ് സ്വീകരിക്കുന്നത്. ‘മഞ്ഞുമ്മൽ ബോയ്സ്’, ‘നരിവേട്ട’ എന്നീ സിനിമകളിലെ പാട്ടുകൾ എങ്ങനെയാണ് ഹിറ്റുകളായത്?

 

ബോബ് മാർലി

വേടന്റെ സംഗീതം ഉയർത്തിയ ആശങ്കകൾ

രണ്ടു തലത്തിലാണ് ആശങ്കകൾ ഉയർന്നുവന്നത്. ഒന്ന് ഒരു ഇടത് സദാചാരബോധത്തിൽനിന്നും രണ്ടാമത് ഹിന്ദുത്വ സാംസ്കാരിക ബോധത്തിൽനിന്നും. വർഷങ്ങൾക്കുമുന്പ് കോട്ടയത്തെ ഒരു ഇടതുപക്ഷ പൊതുയോഗത്തിൽ ​െവച്ച് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായപ്പോൾ ‘‘ഉഷാ ഉതുപ്പിന്റെ ഗാനമേള ആണോ ഇവിടെ നടക്കുന്നത്’’ എന്നു പിണറായി വിജയൻ ചോദിച്ചത് ഇടതു സദാചാര ബോധത്തെ വ്യക്തമാക്കുന്ന ഒന്നാണ്. പശ്ചിമ ബംഗാളിൽ ഇടതു സർക്കാർ ഉഷാ ഉതുപ്പിന്റെ സംഗീതം നിരോധിക്കുന്നതിലേക്ക് വരെ എത്തിയ ഒന്നാണത്. പോപുലർ കലകൾ ഇടതുബോധത്തെ എന്നും ആശങ്കപ്പെടുത്തിയിട്ടുണ്ട്.

വേടനെതിരെയുള്ള ഇടതു സർക്കാറിന്റെ നടപടികളും അതിന്റെ ഒരു തുടർച്ചയായി കാണാം. പിന്നീട് ഒരു പ്രായശ്ചിത്തംപോലെ വേടനെ അവർ ഏറ്റെടുക്കുന്നതും കണ്ടു. ഈ സമയത്ത് ഹിന്ദുത്വ മണ്ഡലത്തിൽനിന്നും ഉയർന്നു വന്ന ആശങ്കകൾ ജാതി പറഞ്ഞു ഹിന്ദുക്കളെ വിഘടിക്കുന്നു എന്നാണ് -ഇത് വേടന്റെ സംഗീതം ഉണ്ടാക്കിയെടുത്ത പുതിയ ഒരു ആരാധക സമൂഹത്തെ കാണുമ്പോൾ ഉള്ള വേവലാതിയാണ്. വ്യത്യസ്ത ജാതി/മത സമുദായങ്ങൾ അടങ്ങിയ ഈ ആരാധക സമൂഹം ഹിന്ദുത്വത്തിന്റെ ഏകശിലാ ഹിന്ദു സമുദായം എന്ന സങ്കൽപത്തിന് വിള്ളൽ തീർക്കുന്നുണ്ട്. ‘ജാതി’ പ്രത്യക്ഷത്തിൽ പറഞ്ഞുകൊണ്ട് തന്നെയാണ് സവർണ വിഭാഗങ്ങളെ ഉൾ​െപ്പടെ ഈ ആരാധക സമൂഹത്തിലേക്ക് ഇദ്ദേഹം വലിച്ചടുപ്പിക്കുന്നത്. ഇതാണ് ഹിന്ദുത്വ ശക്തികളെ അലട്ടുന്നത്.

കേരളത്തിലെ സാംസ്കാരിക മണ്ഡലത്തിൽ വേടന്റെ സംഗീതവും ഇടപാടുകളും എന്തു പങ്കാണ് വഹിക്കുന്നത് എന്ന ചില ആലോചനകളാണ് ഇവിടെ പങ്കു​െവച്ചത്. ഇദ്ദേഹത്തിന്റെ സംഗീത രചനയെയും രാഷ്ട്രീയത്തെയും കൂടുതൽ ആഴത്തിൽ പഠിക്കേണ്ടതുണ്ട്. ഒപ്പം റാപ് പോലുള്ള പോപുലർ സംഗീതരൂപങ്ങൾ നടത്തുന്ന സാംസ്കാരിക ഇടപാടുകൾ കൂടുതൽ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. അവയെ കുറിച്ചുള്ള ചില ആലോചനകൾ മാത്രമാണ് ഇവിടെ പങ്കു​െവച്ചത്.

News Summary - Vedan Rap music