Begin typing your search above and press return to search.
proflie-avatar
Login

ഒരു വലിയ ശരി

ഒരു വലിയ ശരി
cancel

‘‘പറഞ്ഞതെല്ലാം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനായ നേതാവൊന്നുമല്ല അച്യുതാനന്ദൻ. വീഴ്​ചകൾ വരാതിരുന്നിട്ടുമില്ല. പക്ഷേ, അദ്ദേഹത്തിന്റെ പരാജയങ്ങള്‍ ഒരു ജനതയുടെ മൊത്തം പരാജയങ്ങളായിരുന്നു. അദ്ദേഹത്തിന്റെ തോൽപിക്കപ്പെട്ട സ്വപ്നങ്ങള്‍ ഒരു ജനതയുടെ മൊത്തം തോൽപിക്കപ്പെട്ട സ്വപ്നങ്ങളായിരുന്നു’’ –മാധ്യമപ്രവർത്തകൻകൂടിയായ ലേഖക​ന്റെ അനുസ്​മരണം. രാജ്യത്തെ വിഴുങ്ങുന്ന ഹിന്ദുത്വ ഫാഷിസത്തിനെതിരെ കോൺഗ്രസടക്കമുള്ള വിശാല മതേതര പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ ഇടതുപക്ഷ പാർട്ടികൾ മുൻകൈയെടുക്കണമെന്ന് ഒരു പതിറ്റാണ്ട് മുമ്പ് വിശാഖപട്ടണത്ത് നടന്ന സി.പി.എമ്മിന്റെ 21ാം പാർട്ടി കോൺഗ്രസിൽ വീറോടെ വാദിച്ചവരിൽ...

Your Subscription Supports Independent Journalism

View Plans
‘‘പറഞ്ഞതെല്ലാം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനായ നേതാവൊന്നുമല്ല അച്യുതാനന്ദൻ. വീഴ്​ചകൾ വരാതിരുന്നിട്ടുമില്ല. പക്ഷേ, അദ്ദേഹത്തിന്റെ പരാജയങ്ങള്‍ ഒരു ജനതയുടെ മൊത്തം പരാജയങ്ങളായിരുന്നു. അദ്ദേഹത്തിന്റെ തോൽപിക്കപ്പെട്ട സ്വപ്നങ്ങള്‍ ഒരു ജനതയുടെ മൊത്തം തോൽപിക്കപ്പെട്ട സ്വപ്നങ്ങളായിരുന്നു’’ –മാധ്യമപ്രവർത്തകൻകൂടിയായ ലേഖക​ന്റെ അനുസ്​മരണം.

രാജ്യത്തെ വിഴുങ്ങുന്ന ഹിന്ദുത്വ ഫാഷിസത്തിനെതിരെ കോൺഗ്രസടക്കമുള്ള വിശാല മതേതര പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ ഇടതുപക്ഷ പാർട്ടികൾ മുൻകൈയെടുക്കണമെന്ന് ഒരു പതിറ്റാണ്ട് മുമ്പ് വിശാഖപട്ടണത്ത് നടന്ന സി.പി.എമ്മിന്റെ 21ാം പാർട്ടി കോൺഗ്രസിൽ വീറോടെ വാദിച്ചവരിൽ സീതാറാം യെച്ചൂരിയോടൊപ്പം വി.എസ്. അച്യുതാനന്ദനും ഉണ്ടായിരുന്നു. 1940ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം എടുത്തതു മുതൽ കടുത്ത കോൺഗ്രസ് വിരുദ്ധനായിരുന്ന അച്യുതാനന്ദനാണ് ജീവിതസായന്തനത്തിൽ തന്റെ നിലപാടിനെ കാലികമായി നവീകരിക്കാനും രാജ്യം നേരിടുന്ന വെല്ലുവിളിയെ യാഥാർഥ്യബോധത്തോടെ നേരിടാനും തയാറായത്.

അന്ധമായ കോൺഗ്രസ് വിരോധത്തിനപ്പുറം പോകാനും ഭൂരിപക്ഷ വർഗീയതക്കെതിരെ ഒരു വിശാല സമീപനം സ്വീകരിക്കാനും അദ്ദേഹത്തിന്റെ പാർട്ടിയുടെ സംസ്ഥാന ഘടകത്തിന് ഇന്നും കഴിയുന്നില്ല എന്നിടത്താണ് മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള അച്യുതാനന്ദന്റെ കഴിവ് വിലയിരുത്തപ്പെടേണ്ടത്. പ്രത്യയശാസ്ത്രപരമായ കണിശതകൾക്കിടയിലും ദൈനംദിന രാഷ്ട്രീയത്തിലെ യാഥാർഥ്യങ്ങളോട് സത്യസന്ധമായും പ്രായോഗികമായും പ്രതികരിക്കണം എന്നതിൽ അദ്ദേഹത്തിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. ശക്തമായും കൃത്യമായും കാലികമായും നിലപാടുകൾ എടുക്കാനും അവയിൽ ഉറച്ചുനിൽക്കാനുമുള്ള കഴിവിനെയാണ് അച്യുതാനന്ദൻ എന്ന് വിളിക്കേണ്ടത്.

അച്യുതാനന്ദൻ എന്നും പ്രായോഗികവാദിയായ കമ്യൂണിസ്റ്റുകാരൻ ആയിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ പ്രായോഗികത വിശാല പൊതുതാൽപര്യം എന്ന ഉന്നതമായ രാഷ്ട്രീയമൂല്യത്തിൽ ഉറച്ചതുമായിരുന്നു. അതുകൊണ്ടുതന്നെയാണ് ജീവിതസായന്തനത്തിൽ അദ്ദേഹം മണ്ണിന്റെയും വെള്ളത്തിന്റെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷകനായതും ആണവവൈദ്യുതിനിലയംപോലുള്ള ജനവിരുദ്ധ പദ്ധതികൾക്കെതിരെ ആശയസമരം നടത്തിയതും.

അനീതിക്കും അസമത്വങ്ങൾക്കുമെതിരായ പോരാട്ടങ്ങളിൽ നിന്നും അദ്ദേഹത്തിന്റെ പാർട്ടി പുറത്തുവന്നിട്ടും വർഗ സഹകരണത്തിന്റെ പുതിയ സാധ്യതകൾ അവർ സമഗ്രമായി തിരയുകയുംചെയ്തിട്ടും അദ്ദേഹം കൃത്യമായും വ്യക്തമായും കാര്യങ്ങളെ കണ്ടു. അവയെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അവരെ ഒന്നിച്ചു ചേർത്തുള്ള സമരങ്ങളുമായി മുന്നോട്ടു പോയി.

അച്യുതാനന്ദൻ എന്നത് ഒരു വ്യക്തിയല്ല മറിച്ചൊരു പ്രസ്ഥാനമായിരുന്നു എന്നതിന്റെ തിരുശേഷിപ്പുകൾ ഇന്നും കേരളീയ സമൂഹത്തിൽ ബാക്കിയുണ്ട്. സംസ്ഥാനത്തെ ഒടുവിലത്തെ കമ്യൂണിസ്റ്റ് താനായിരുന്നു എന്ന് ബോധ്യപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം കടന്നുപോയത്.

താൻ സ്ഥാപക നേതാവായിരുന്ന പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്തവർ സ്ഥാപിത താൽപര്യക്കാരും അധികാരമോഹികളും മൂലധനശക്തികളുടെ പിന്തുണക്കാരും വിപ്ലവവുമായി പുലബന്ധംപോലും ഇല്ലാത്തവരുമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ടു കൂടിയാണ് അദ്ദേഹം യാത്രയായിരിക്കുന്നത്.

പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട ഗാഡ്ഗിൽ റിപ്പോർട്ടിന്റെ കാര്യത്തിലും വിഴിഞ്ഞത്തെ അദാനിയുടെ കാര്യത്തിലും മൂന്നാറിലെ ഭൂമാഫിയയുടെ കാര്യത്തിലും എല്ലാം തന്റെ പാർട്ടിക്കാരെ കൃത്യമായി അദ്ദേഹം എക്സ്പോസ് ചെയ്യുകയും അവർ എവിടെ നിൽക്കുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. അഴിമതിയും സ്വജനപക്ഷപാതവും മൂലധനശക്തികൾക്ക് കീഴടങ്ങലുമെല്ലാമായി ത​ന്റെ പിൻഗാമികൾ പരിഹാസ്യരാകുമ്പോൾ കമ്യൂണിസ്റ്റുകാർക്ക് അവശേഷിക്കപ്പെട്ടിരുന്ന സമൂഹത്തിന്റെ മൊത്തം ഗുഡ് വില്ലും കൈയിലെടുത്താണ് അദ്ദേഹം മടങ്ങുന്നത്.

രണ്ടു കാര്യങ്ങളിലാണ് അച്യുതാനന്ദൻ പ്രധാനമായും അംഗീകരിക്കപ്പെടേണ്ടത്. നീണ്ടകാലം സ്റ്റാലിനിസം പ്രവർത്തന പദ്ധതിയാക്കിയ ഒരു സംവിധാനത്തിന്റെ അച്ചടക്കവും ഏകാധിപത്യവും സംരക്ഷിച്ചിരുന്ന ഒരാൾ അതി​ന്റെ വളർന്നുവരുന്ന പുതിയ നേതൃത്വങ്ങളുടെ ഇടയിൽ തനിക്ക് അധികം സ്വീകാര്യത ഇല്ല എന്ന് മനസ്സിലാക്കുമ്പോൾ ജനാധിപത്യത്തിന്റെയും വിശാലമായ ഉൾക്കൊള്ളലിന്റെയും ഭാഷ സംസാരിച്ചുകൊണ്ട് പൊതുമണ്ഡലത്തിൽ ഇറങ്ങുന്നു. പാർട്ടിയിൽ തനിക്ക് നഷ്ടപ്പെട്ട സ്വീകാര്യതയുടെ അനേകം മടങ്ങ് പൊതുസമൂഹത്തിൽ നിന്നും നേടിയെടുക്കുന്നു. അതുവരെ മുരടൻ എന്നും വരട്ടുതത്ത്വക്കാരാണെന്നും പരിഹസിച്ചിരുന്നവർ അദ്ദേഹത്തെ തങ്ങളുടെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു.

രണ്ടാമതായി അദ്ദേഹം ഒരുകാലത്ത് തന്നെ ഏറ്റവും അപഹസിച്ചിരുന്ന മുഖ്യധാരാ മാധ്യമങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. അച്ചടിമാധ്യമങ്ങളുമായി ഉള്ള സമീപനം ഉടച്ചുവാർത്ത അദ്ദേഹം അതേസമയംതന്നെ ടെലിവിഷൻ യുഗത്തിന്റെ സാധ്യതകൾ മനസ്സിലാക്കുകയും അതിനായി തന്നെത്തന്നെ പുനരാവിഷ്കരിക്കുകയുംചെയ്തു. കൃത്യവും വ്യക്തവും സൂക്ഷ്മതയുള്ളതുമായ ഈ നീക്കങ്ങളാണ് അദ്ദേഹത്തെ കേരളത്തിന്റെ മൊത്തം പൊതുസ്വത്താക്കിയതും പൊരുതി മുന്നേറാൻ കഴിവ് നൽകിയതും. പാർട്ടിയിലെ അദ്ദേഹത്തിന്റെ പ്രതിയോഗികൾക്ക് നാളിതുവരെ മാധ്യമങ്ങൾക്കിടയിലും പൊതുമണ്ഡലത്തിലും സമാനമായ ഒരു മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നിടത്താണ് അച്യുതാനന്ദൻ കൂടുതൽ വ്യത്യസ്‍തനാകുന്നത്.

 

തീർച്ചയായും അച്യുതാനന്ദൻ വിമർശനങ്ങൾക്ക് അതീതനല്ല. മറ്റേതൊരു വ്യക്തിയെയും നേതാവിനെയുംപോലെ അദ്ദേഹത്തിനും വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, ആ വീഴ്ചകൾ അദ്ദേഹത്തിന്റെ സംഭാഷണങ്ങളിലെ സന്ദർഭങ്ങളിൽനിന്നടർത്തിയെടുത്ത് യോഗി ആദിത്യനാഥ് മുതൽ വെള്ളാപ്പള്ളി നടേശൻവരെ ചമച്ച ദുർവ്യാഖ്യാനങ്ങൾ അല്ല. അടിസ്ഥാനപരമായി അച്യുതാനന്ദൻ ഒരു കമ്യൂണിസ്റ്റ് ആയിരുന്നു. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും എതിർക്കുക എന്ന കമ്യൂണിസ്റ്റ് സമീപന രീതിയിൽ അഭിപ്രായങ്ങൾ പറഞ്ഞപ്പോൾ അവയിൽ ചിലത് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടുപോയതാകാം. എന്തുതന്നെയായാലും അച്യുതാനന്ദനിൽ ഇസ്‍ലാമോഫോബിയ അശേഷം ഉണ്ടായിരുന്നില്ല എന്ന് ഉറപ്പിച്ചുതന്നെ പറയാനാകും. ന്യൂനപക്ഷ വർഗീയതയെക്കാൾ എതിർക്ക​െപ്പടേണ്ടതും ചെറുത്തുതോൽപിക്കപ്പെടേണ്ടതും ഭൂരിപക്ഷ വർഗീയതയാണ് എന്ന നിലയിലേക്ക് അദ്ദേഹത്തിന്റെ സമീപനം എത്തിയതാണ് വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ കണ്ടതും.

സി.പി.എമ്മിന്റെ മാറിയ വികസന പരിപ്രേക്ഷ്യങ്ങളെ അദ്ദേഹം അങ്ങേയറ്റം ചെറുത്തെങ്കിലും മൂലമ്പിള്ളിയിലും ചെങ്ങറയിലും നഷ്ടപ്പെട്ട ഭൂമിക്കായി സമരംചെയ്ത മനുഷ്യരെ മനസ്സിലാക്കാനോ അവർക്ക് നീതി നടപ്പാക്കി കൊടുക്കാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല.

വനിതകള്‍ ഉള്‍പ്പെടെ തന്റെ എതിര്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ചിലരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അപലപിക്കപ്പെടേണ്ട ചില മോശം പരാമര്‍ശങ്ങളും ഉണ്ടായിട്ടുണ്ട്. നെല്‍വയലുകള്‍ സംരക്ഷിക്കുക എന്ന സദുദ്ദേശ്യത്തോടെ അദ്ദേഹം നേതൃത്വം കൊടുത്ത വെട്ടിനിരത്തല്‍ സമരം പാളിപ്പോവുകയും കര്‍ഷകവിരുദ്ധമായിത്തീരുകയുംചെയ്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വിദ്യാർഥികള്‍ പഠിച്ചു കൂടുതല്‍ മാര്‍ക്ക് നേടുന്നതില്‍ ദുരൂഹത കണ്ടെത്തുന്നതുപോലുള്ള വീഴ്ചകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍, 97 വയസ്സുവരെ കേരളത്തിലെ പൊതുജീവിതത്തിലെ തിളങ്ങുന്ന താരമായി നിലനിന്ന ആ മനുഷ്യനിലെ ന്യൂനതകളും വീഴ്ചകളും അദ്ദേഹം നല്‍കിയ സംഭാവനകള്‍ ​െവച്ചുനോക്കുമ്പോള്‍ തുലോം തുച്ഛമാണ്. മനുഷ്യര്‍ എന്നനിലയില്‍ എല്ലാവര്‍ക്കും ഉണ്ടാകുന്ന വീഴ്ചകള്‍. അധികാര രാഷ്ട്രീയത്തിനെ മുന്നില്‍നിന്ന് നയിക്കുമ്പോള്‍ വന്നുപെടുന്ന പാളിച്ചകള്‍.

പക്ഷേ, നീണ്ടകാലം സുഹൃത്തും അഭ്യുദയകാംക്ഷിയുമൊക്കെയായിരുന്ന വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ പ്രസ്ഥാനത്തെ സംഘ്പരിവാറിന്റെ തൊഴുത്തിലേക്ക് ആനയിച്ചപ്പോൾ അതിശക്തമായി അതിനെ പ്രതിരോധിക്കാനും നടേശനെ ശത്രുവാക്കാനുമുള്ള ധീരത അദ്ദേഹത്തിന് ഉണ്ടായി എന്നത് അവഗണിക്കപ്പടേണ്ടതല്ല. സംഘ്പരിവാറുമായി എന്തെങ്കിലും രഹസ്യധാരണ അദ്ദേഹത്തിന് ഉണ്ടാക്കേണ്ടിയിരുന്നുമില്ല.

അനിതരസാധാരണമായ ധീരതയും ഇച്ഛാശക്തിയുമാണ് അച്യുതാനന്ദന്‍ എന്ന വ്യത്യസ്തനായ ഇടത് നേതാവില്‍ എക്കാലത്തും കാണാനായിട്ടുള്ളത്. പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്നതിലും അതിജീവിക്കുന്നതിലും മാത്രമല്ല പരാജയങ്ങളെ വിജയങ്ങളാക്കി പരിവര്‍ത്തനപ്പെടുത്തുന്നതിലും പഴയതിലും ശക്തമായി തിരിച്ചുവരവ് നടത്തുന്നതിലുമെല്ലാം അദ്ദേഹം എന്നും ഒരു മാതൃകയാണ്. എഴുതിത്തള്ളിയപ്പോഴെല്ലാം അദ്ദേഹം കൊടുങ്കാറ്റായി തിരിച്ചുവന്നു. പ്രതിസന്ധികളെയും പ്രതികൂലതകളെയും സാധ്യതകളാക്കി.

അദ്ദേഹത്തെപ്പോലെ ഒരേസമയം തീവ്രമായി ആദരിക്കപ്പെടുകയും അതേയളവില്‍ വെറുക്കപ്പെടുകയുംചെയ്ത മറ്റൊരു നേതാവ് കേരളത്തില്‍ ഉണ്ടായിട്ടില്ല. ഒരിക്കലെങ്കിലും അദ്ദേഹത്തെ പ്രകീര്‍ത്തിച്ചോ എതിര്‍ത്തോ പറയാത്ത അനുയായികളും എതിരാളികളും ഉണ്ടാകില്ല. ആ പേര് ഉച്ചരിക്കാതെയോ അവഗണിച്ചോ അരികിലേക്ക് മാറ്റിനിര്‍ത്തിയോ ആര്‍ക്കും സമകാലിക കേരള ചരിത്രം പറയാനാകില്ല. വിമര്‍ശനാത്മകമായി തന്നെ വിലയിരുത്തപ്പെടേണ്ടതാണ് അദ്ദേഹത്തിന്റെ സംഭാവനകള്‍. പ്രതികൂല ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് പൊരുതി കയറിവന്ന ഒരു മനുഷ്യന്‍. ഇല്ലായ്മകളെയും വറുതിയേയും ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുറവിനെയും ഉച്ചാരണശുദ്ധിയുള്ള ഭാഷയില്ലായ്മയെയും ഒക്കെ പൊരുതി തോല്‍പിച്ചാണ് അദ്ദേഹം രാജ്യം കണ്ട ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയിലെത്തി വിടപറയുന്നത്.

പറഞ്ഞതെല്ലാം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനായ നേതാവൊന്നുമല്ല അച്യുതാനന്ദൻ. പക്ഷേ, അദ്ദേഹത്തിന്റെ പരാജയങ്ങള്‍ ഒരു ജനതയുടെ മൊത്തം പരാജയങ്ങളായിരുന്നു. അദ്ദേഹത്തിന്റെ തോൽപിക്കപ്പെട്ട സ്വപ്നങ്ങള്‍ ഒരു ജനതയുടെ മൊത്തം തോൽപിക്കപ്പെട്ട സ്വപ്നങ്ങളായിരുന്നു.

അച്യുതാനന്ദൻ അദ്ദേഹം നടന്ന വഴിയായിരുന്നു. ചുറ്റുമുള്ള മനുഷ്യരും അവരുടെ ജീവിത സാഹചര്യങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ പാഠപുസ്തകങ്ങള്‍. മണ്ണിന്റെയും കാടിന്റെയും പുഴകളുടെയും ആവാസവ്യവസ്ഥകളുടെയും രാഷ്ട്രീയം മനുഷ്യരുടെ രാഷ്ട്രീയത്തിന് പുറത്ത് വേറിട്ട് മാറ്റിവെ​േക്കണ്ട ഒന്നല്ലെന്ന് അദ്ദേഹം നമ്മളെ ബോധ്യപ്പെടുത്തി.

 

ജീവിതസായാഹ്നത്തിലും അദ്ദേഹം ഹരിത രാഷ്ട്രീയം പറഞ്ഞു. സാങ്കേതിക വിദ്യയുടെയും ഐ.ടിയുടെയും മേഖലകളിലെ കുത്തകവത്കരണങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന ധീരമായ ശബ്ദങ്ങളില്‍ ഒന്നായി. ജനപക്ഷ രാഷ്ട്രീയം നിലപാടുകളുടെയും പ്രത്യയശാസ്ത്ര ദൃഢതകളുടെയും അടിത്തറയില്‍ ശക്തിപ്പെടുത്തേണ്ട ഒന്നാണെന്ന് പഠിപ്പിച്ചു. പകരംവെക്കാനില്ലാത്ത, സമാനതകളില്ലാത്ത നേതാവാണ് അച്യുതാനന്ദൻ. മനുഷ്യ സാധ്യതകളുടെ ഒരു അപാരതയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കാലവും ചരിത്രവും ആ പേര് എന്നും ഉച്ചരിച്ചുകൊണ്ടേയിരിക്കും.

വ്യക്തിഗതമായി പറഞ്ഞാൽ അച്യുതാനന്ദൻ സ്വാധീനിച്ചതുപോലെ മറ്റൊരു നേതാവും സ്വാധീനിച്ചിട്ടില്ല. മറ്റൊരാളോടും ഇത്രയും ആദരവ് തോന്നിയിട്ടുമില്ല. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിന്നു എന്നത് തന്നെയാണ് അതിലെ പ്രധാന കാരണം. പാർട്ടിയും അദ്ദേഹവും രണ്ടു ധ്രുവങ്ങളിലാകുന്ന സന്ദർഭങ്ങളിൽ അദ്ദേഹമായിരുന്നു ശരി എന്ന് ഇവിടത്തെ കൊച്ചുകുട്ടികൾക്ക് പോലും ബോധ്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകൾക്കൊപ്പം നിന്നതിന് ഏറ്റവും പരിഹസിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ പാർട്ടിക്കാർ തന്നെയാണ്. അവിടെയും ശരിയുടെ കൂടെ നിന്നു എന്ന അചഞ്ചല ബോധ്യമാണ് അന്നും ഇന്നുമുള്ളത്. അച്യുതാനന്ദൻ എന്നത് ഒരു വലിയ ശരിയായിരുന്നു. അദ്ദേഹത്തിനൊപ്പം നിൽക്കാനാകുക എന്നത് വലിയൊരു സ്വകാര്യ അഹങ്കാരവും.

News Summary - VS Achuthanandan memorial